KARNNAN SURIYAPUTRAN
ഭാഗം -1
" ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ട് അല്ലേ? " ഷബ്‌ന ഹമീദ് പുഞ്ചിരിയോടെ ഫൈസലിനെ നോക്കി... അവൻ വായും പൊളിച്ച് ഇരിക്കുകയാണ്.... ചെന്നൈ മറീന ബീച്ചിലെ തണുത്ത കാറ്റ് അവരെ പൊതിയുന്നുണ്ട്.....
“ഇതൊക്കെ നടന്നതാണോ… അൺബിലീവബിൾ…” ഫൈസൽ ബോട്ടിൽ തുറന്ന് കുറച്ചു വെള്ളം കുടിച്ചു…
“വയനാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ച അഭിമന്യു എന്ന കുട്ടി…. അവനെ തുണിക്കച്ചവടം നടത്താൻ വന്ന സ്വാമിനാഥൻ താരാപുരത്തേക്ക് കൊണ്ടുപോകുന്നു.. അവിടെ വച്ച് അവന് വൈശാലി എന്നൊരു ചേച്ചിയെ കിട്ടുന്നു… അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന മാധവനും അനിയത്തി ദുർഗയും…. തെലുങ്ക് പടത്തിലെ പോലെ കുറേ വില്ലന്മാർ… ദേവരാജൻ, സത്യപാലൻ, വാസവൻ, രഘു, മനോജ്, അശോകൻ… സ്വാമിനാഥന്റെ മകൾ പതിനൊന്നുകാരി അനിതയെ നശിപ്പിച്ച്, ആ കുട്ടിയെ കൊന്ന മനോജിന്റെ കഴുത്ത് അറുത്ത് ജയിലിൽ കേറുമ്പോ അഭിമന്യുവിന് പതിനഞ്ച് വയസ്സ്… ദേവരാജനും അനുയായികളും ചേർന്ന് മാധവനെയും ഏഴു മാസം ഗർഭിണിയായ വൈശാലിയേയും കൊല്ലുന്നു…… പിന്നെയും പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അഭിമന്യു പ്രതികാരത്തിന് വരുന്നു….. ദേവരാജന്റെ മകൾ ശിവാനിയുമായി പ്രണയത്തിലാകുന്നു…. മറ്റുള്ളവർക്ക് നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരൻ.. പക്ഷേ ഒരു സൈഡിൽ നിന്നും അവൻ ശത്രുവിനെ നശിപ്പിക്കുന്നുണ്ട്…. ഒടുക്കം ഷബ്‌ന ഹമീദ് ഐ പി എസിന്റെ പിസ്റ്റൾ പോയിന്റിൽ നിന്നുകൊണ്ട് തന്നെ സ്വാമിനാഥൻ സത്യപാലന്റെ തല വെട്ടുന്നു…. ദേവരാജൻ ഒരു കാലും പോയി, ഭ്രാന്ത് പിടിച്ച് ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ ഇവിടെ തന്നെ അനുഭവിക്കുന്നു…അവസാനം എല്ലാം ശുഭ പര്യവസായി….. ഇത് ശരിക്കും സിനിമ കഥ തന്നെ… “
ഫൈസൽ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ ശേഷം കുറച്ചു കൂടി വെള്ളം കുടിച്ചു…
“എന്നാലും ആ പഹയൻ ഓരോരുത്തരെയും കൊന്നത്… ഹോ…. ബ്രൂട്ടൽ….വാസവന്റെ തല കൂടം കൊണ്ട് തല്ലിപ്പൊളിച്ചു, ജോസിനെ നഖങ്ങൾ പിഴുത്, സ്‌ക്രൂഡ്രൈവർ കുത്തി കയറ്റി, എല്ലുകൾ ഒടിച്ച്, ഒടുക്കം ജീവനോടെ സെപ്റ്റിക് ടാങ്കിൽ ഇട്ട് മൂടി….അത് കേൾക്കുമ്പോ തന്നെ എന്തോ പോലെ…”
“അവന്മാരോട് അത്രയെങ്കിലും ചെയ്യണ്ടേ ഫൈസീ…? എത്ര ജീവിതങ്ങൾ ചവിട്ടിയരച്ചതാ…? താരപുരത്തെ കുറേ സ്കൂൾകുട്ടികൾ,കേശവേട്ടന്റെ പ്രതീക്ഷയായ രാഖി… അങ്ങനെ ഒരുപാട് പേർ… അവർക്കൊക്കെ നീതി കൊടുക്കാൻ നമ്മുടെ നിയമത്തിനു പറ്റിയോ?…. ഒരു പോലീസ് ഓഫീസർ ആയ ഞാനിത് പറയാൻ പാടില്ലാത്തതാണ്…. ബട്ട്, അഭിമന്യു ആയിരുന്നു ശരി…. പെൺപിള്ളേരെ ചവച്ചു തുപ്പി അതിന് ശേഷം അവരെ കൊലപ്പെടുത്തിയവർക്ക് ജയിലിൽ സുഖവാസം കൊടുക്കുന്ന നാട്ടിൽ ഇങ്ങനെയെങ്കിലും സാധാരണക്കാരന് ഇത്തിരി ആശ്വാസം കിട്ടിക്കോട്ടേ…”
“ഇപ്പോൾ അവരുടെ അവസ്ഥ എന്താ?.. താൻ കാണാൻ പോകാറുണ്ടോ?”
“ഒരുതവണ പോയി…. അവര് സീതാലക്ഷ്മിയുടെ തറവാട് വീട് പുതുക്കി പണിത് അവിടെ തന്നെയാ താമസം….അതിന് സീതാലയം എന്നു പേരുമിട്ടു…യദുകൃഷ്ണനും മീനാക്ഷിയും കുഞ്ഞുവൈശാലിയും പിന്നെ അഭിമന്യുവും ശിവാനിയും…. കളേഴ്സ് അഡ്വർടൈസിങ് കമ്പനി ഇന്ന് അത്യാവശ്യം ഫേമസ് ആണ്…… നഷ്ടത്തിലായ വേദാ ബിൽഡേഴ്‌സ് എന്നൊരു കൺസ്ട്രഷൻ കമ്പനിയുണ്ട്…സീതാലക്ഷ്മിയുടെ കൂട്ടുകാരിയുടെ…… അതിന്റെ പാർട്ണർഷിപ് വാങ്ങി…. അഭിമന്യുവിനാണ് അതിന്റെ ചുമതല.
…മാധവന്റെ അനിയത്തി ദുർഗ ഭർത്താവിന്റെ കൂടെ ഗോവയിൽ സെറ്റിൽഡ് ആണ്…. സ്വാമിനാഥൻ കാരക്കുടിയിൽ വിശ്രമജീവിതം നയിക്കുന്നു…. വർഷത്തിൽ ഒന്നോ രണ്ടോ തവണ എല്ലാവരും ഒന്നിച്ചു കൂടും…”
“അപ്പോ ദേവരാജനോ?..”
“മരിച്ചു… യദു അയാളെ തിരിച്ചു കൊണ്ടുവന്ന് ഒരു മെന്റൽ ഹോസ്പിറ്റലിൽ ആക്കിയിരുന്നു…. അവിടെ വച്ച് തൂങ്ങി മരിച്ചു… ഭ്രാന്ത് മാറിയിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം… കാരണം ഒരിക്കൽ യദുവിന്റെ കൂടെ അഭിമന്യു അയാളെ കാണാൻ പോയിരുന്നു… നിറകണ്ണുകളോടെ അവന്റെ കൈ പിടിച്ച് മാപ്പ് എന്നു മാത്രം പറഞ്ഞു… അന്ന് രാത്രിയിലാ അയാൾ ജീവനൊടുക്കിയത്…..”
“ഹോ… ഇത്രേം ട്വിസ്റ്റുകൾ….. ഇത് നമുക്കൊരു സിനിമ ആക്കിയാലോ.. ഞാൻ പ്രൊഡ്യൂസ് ചെയ്തോളാം…നായകന്മാരെ കിട്ടും… പക്ഷേ സത്യപാലൻ ആയി അഭിനയിക്കാൻ ഒരാളെ എവിടുന്ന് കിട്ടാനാ…. പ്രതികാരം തീർക്കാൻ സണ്ണിയുടെ കാമുകിയെ അടിമയാക്കി വച്ചു.. പക്ഷേ ഒടുക്കം അവളോട് പ്രേമം…. അവളെ അവസാനം വരെ പ്രോട്ടക്റ്റ് ചെയ്യുന്നു…സൂപ്പർ….”
“ആ ഒരു കാര്യം അവനെ പുണ്യാളൻ ആക്കില്ല…. അന്ന് സ്വാമിനാഥൻ അവനെ കൊന്നില്ലായിരുന്നെങ്കിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ഞാനത് ചെയ്തേനെ….. അല്ല…. എന്റെ കരിയറിലെ ഒരു സംഭവത്തെ കുറിച്ച് അറിയാനാണോ ഡോക്ടർ ഫൈസൽ ഇബ്രാഹിം ഇങ്ങോട്ട് വന്നത്…?”
ഫൈസൽ ചിരിയോടെ എഴുന്നേറ്റു.. പിന്നെ അവളെയും കൈപിടിച്ച് എഴുന്നേൽപ്പിച്ചു..
“അതല്ല…. വന്നത് നിക്കാഹിനെ കുറിച്ച് സംസാരിക്കാൻ തന്നെയാ…. എടോ കൊച്ചിയിൽ ഹോസ്പിറ്റലിന്റെ പണി ഓൾമോസ്റ്റ് തീർന്നു.. അടുത്ത മാസം ഓപ്പൺ ചെയ്യാൻ പറ്റും…. അതു കഴിഞ്ഞയുടൻ നടത്തിക്കൂടെ?.. ഞാനാദ്യം തലശ്ശേരിയിൽ പോയി തന്റെ വാപ്പയോട് സംസാരിച്ചിരുന്നു… മൂപ്പരാ പറഞ്ഞേ മോളോട് ആലോചിച്ച് തീരുമാനിക്കാൻ… നമ്മൾ രണ്ടാളുടെയും വീട്ടുകാർ എന്തിനും ഓക്കേ ആണ്….ഇനി താനാ പറയേണ്ടത്……?”
“ആദ്യം ഡോക്ടറു ഹോസ്പിറ്റൽ തുടങ്ങ്… എന്റെ ഇവിടുത്തെ ഡെപ്യൂട്ടേഷൻ തീരാൻ ഒന്നുരണ്ട് മാസം എടുക്കും… അതിന് ശേഷം തിരിച്ച് കേരളത്തിൽ എവിടെങ്കിലും പോസ്റ്റിങ്ങ് ശരിയാവട്ടെ…. എന്നിട്ട് നമുക്കത് നടത്താം…”
“എന്നാപ്പിന്നെ താൻ എന്നെയൊന്നു എയർപോർട്ടിൽ ഡ്രോപ് ചെയ്യ്…”
“ഓക്കേ…” രണ്ടുപേരും റോഡിലേക്ക് നടന്നു… അവിടെ പാർക്ക് ചെയ്ത കാറിൽ കയറി….
“എടോ… എനിക്കവരെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്…”
എയർപോർട്ടിൽ എത്തിയപ്പോൾ ഫൈസൽ പറഞ്ഞു…
“ആരെ?”
“നമ്മുടെ കഥയിലെ കഥാപാത്രങ്ങളെ.. പ്രത്യേകിച്ച് അഭിമന്യുവിനെ…”
“താനിതുവരെ അത് വിട്ടില്ലേ?.. എന്തായാലും നിക്കാഹിന് അവരെയൊക്കെ വിളിക്കാം… അപ്പോൾ കാണാല്ലോ…”
“മതി…” സന്തോഷത്തോടെ ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ഫൈസൽ എയർപോർട്ടിനകത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഷബ്‌നയുടെ മുഖത്തും ചെറു ചിരി വിരിഞ്ഞു…
“ശിവാ… എടീ ശിവാ….” അഭിമന്യു കുലുക്കി വിളിച്ചു… അവൾ എതിർവശത്തേക്ക് തിരിഞ്ഞു കിടന്ന് ബെഡ്ഷീറ്റ് തലവഴി ഇട്ടു…
“കുറച്ചു നേരം കൂടി ഉറങ്ങട്ടെ അമ്മേ…. ശല്യം ചെയ്യല്ലേ പ്ലീസ്….”
“അമ്മയോ?.. കല്യാണം കഴിഞ്ഞ് ഇത്രയും കാലമായതൊന്നും പിശ്ശാശിന് ഓർമയില്ലേ…”
അഭിമന്യു എഴുന്നേറ്റ് അവളുടെ കാലിന് അടുത്ത് ചെന്ന് നിന്ന് ബെഡ്ഷീറ്റ് ആഞ്ഞു വലിച്ചു….അവൾ കണ്ണുകൾ തിരുമ്മി…
“എന്താടാ പട്ടീ നിനക്ക്?.. ഉറങ്ങാനും സമ്മതിക്കില്ലേ?”
“ഉളുപ്പ് ഉണ്ടോന്ന് ഞാൻ ചോദിക്കില്ല… അത് നിനക്കില്ല എന്നറിയാം… എന്നാലും ഫോർ യൗവർ കൈൻഡ് ഇൻഫർമേഷൻ… ഇത് വെളുപ്പാൻകാലം അല്ല… വൈകിട്ട് ആറായി… ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് മയങ്ങാൻ കിടന്ന എന്റെ അടുത്ത് വന്നു കിടന്നതാ നീ… ആ കിടപ്പിൽ റൊമാൻസ് ഇച്ചിരി കൂടിപ്പോയി…. തളർന്ന് ഉറങ്ങിയതാ…”
അപ്പോഴാണ് ശിവാനി ബെഡിന് കീഴെ വീണു കിടക്കുന്ന വസ്ത്രങ്ങളിലേക്കും പിന്നെ തന്റെ നഗ്നമായ ശരീരത്തിലേക്കും നോക്കി…
“അയ്യേ….” ഒറ്റകുതിപ്പിന് അവൾ ഗൗൺ എടുത്ത് തലവഴി ഇട്ടു…..
“കുറച്ചു നേരത്തേ വിളിച്ചൂടായിരുന്നോ അഭീ നിനക്ക്?”
“എത്ര തവണ വിളിച്ചു… ഞാൻ കുളിക്കാൻ പോകുമ്പോ കൂടി വിളിച്ചതാ… എണീക്കണ്ടേ?…”
“അമ്മയും മീനുചേച്ചിയും ഏട്ടനുമെല്ലാം കരുതും നമുക്ക് ഇതുതന്നെയാണ് പണിയെന്ന്… നാണക്കേട്…”
ശിവാനി ടവ്വലുമെടുത്ത് ബാത്‌റൂമിലേക്ക് ഓടി….. ഫ്രഷ് ആയി തിരിച്ചു വന്നപ്പോൾ അഭിമന്യു അവിടെ ഉണ്ടായിരുന്നില്ല…. അവൾ താഴേക്ക് പടികളിറങ്ങി… വിശാലമായ ഹാളിൽ വൈശാലിമോളോടൊപ്പം കളിക്കുകയാണ് അഭിമന്യു…
“യദുവേട്ടൻ എവിടെ അഭീ?”
“ആരെയോ കാണണം എന്നു പറഞ്ഞ് ഇപ്പോൾ ഇറങ്ങിയതേയുള്ളൂ…”
“അമ്മയും ചേച്ചിയുമോ?”
“അമ്മാവന്റെ മുറിയിലുണ്ട്… വാ.. നമുക്ക് അവരോട് പറഞ്ഞിട്ട് ഇറങ്ങാം… ഏഴര മണിയാകുമ്പോ ചെല്ലാനാ ഡോക്ടർ പറഞ്ഞത്… “
അവൻ വൈശാലിയെ പൊക്കിയെടുത്തു….
“നമുക്കും ഇതുപോലെ ഒരെണ്ണം ഉടനെ ഉണ്ടാവുമെടീ… ഈ ഡോക്ടർ മിടുക്കനാ… പോരാഞ്ഞിട്ട് നമ്മൾ കഠിനമായി അധ്വാനിക്കുന്നുമുണ്ടല്ലോ….”
“പോടാ…” അവൾ അഭിമന്യുവിന്റെ കൈയിൽ നുള്ളി…. രണ്ടാളും പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലേക്ക് നടന്നു… അവിടെ കട്ടിലിൽ കിടക്കുകയാണ് നാരായണൻ…. സീതാലക്ഷ്മിയും മീനാക്ഷിയും അടുത്തു തന്നെയുണ്ട്….
“നിങ്ങള് രണ്ടാളും എന്തിനാ അമ്മാവൻ രോഗിയാണെന്ന പോലെ ഇടയ്ക്കിടെ വന്നു നോക്കുന്നെ?…”
അഭിമന്യു ചോദിച്ചു….
“ഇതൊരു റസ്റ്റ് എടുക്കലായി മാത്രം കണ്ടാൽ പോരേ?… ഇവിടുത്തെ പൂജയും ഉപാസനയുമൊക്കെ നിർത്തിയതാ പ്രശ്നം.. അതൊക്കെ ഉണ്ടായിരുന്നെങ്കിൽ അമ്മാവൻ തുള്ളിച്ചാടി നടന്നേനെ… വല്ല കാര്യവും ഉണ്ടായിരുന്നോ എല്ലാം കുടുംബ ക്ഷേത്രത്തിൽ ഏല്പിക്കാൻ…”
നാരായണൻ അറിയാതെ ചിരിച്ചു പോയി…
“കണ്ടോ… ഞാൻ പറഞ്ഞില്ലേ, യാതൊരു അസുഖവുമില്ലാത്ത ആളെയാ ഇങ്ങനെ കിടത്തിയിരിക്കുന്നെ….”
“നിങ്ങള് ഹോസ്പിറ്റലിൽ പോണില്ലേ?”
മീനാക്ഷി ചോദിച്ചു…
“ദാ ഇറങ്ങുകയാ…” അഭിമന്യു മോളെ അവളുടെ കൈയിൽ കൊടുത്തു.. പിന്നെ നാരായണന്റെ കാലിൽ തൊട്ട് വന്ദിച്ചു…
“അഭീ… ഇങ്ങ് വാ…” അയാൾ തന്റെ ശുഷ്‌കിച്ച കൈ നീട്ടി…. അവൻ പെട്ടെന്ന് തന്നെ അയാളുടെ അരികിൽ ഇരുന്ന് ആ കൈ പിടിച്ചു…
“എന്താ അമ്മാവാ?”
“നിങ്ങൾ സൂക്ഷിക്കണം…. എന്തോ സംഭവിക്കാൻ പോകുന്നത് പോലെ….”
നേർത്ത സ്വരത്തിൽ അയാൾ അത്രയും പറഞ്ഞതും ശിവാനിയും മീനാക്ഷിയും ഞെട്ടലോടെ പരസ്പരം നോക്കി… അതേ അവസ്ഥ തന്നെയായിരുന്നു സീതാലക്ഷ്മിക്കും….
“മരണക്കിടക്കയിൽ ആണെങ്കിലും ഒരുമനുഷ്യായുസ് മുഴുവൻ ഞാൻ ഉപാസിച്ച മൂർത്തികൾ എന്റെ കൂടെത്തന്നെ ഇന്നുമുണ്ട്…. തോന്നലുകൾ പിഴക്കാറില്ല… മോനേ…. അടങ്ങാത്ത പകയുമായി ആരോ നിങ്ങളെ തേടി വരുന്നുണ്ട്…. ഒരിക്കൽ നീ ഈ കുടുംബം തേടി വന്നത് പോലെ… എന്നാൽ നിന്റെയുള്ളിൽ നന്മ ഉണ്ടായിരുന്നു…. നിരപരാധികളെ ആരെയും നീ നോവിച്ചിട്ടില്ല.. പക്ഷേ ഈ വരുന്നത് അസുരനാണ്….. സർവനാശം മാത്രമാണ് ലക്ഷ്യം….”
നാരായണൻ അത്രയും പറഞ്ഞതും തുറന്നിട്ട ജാലകത്തിലൂടെ വീടിന്റെ തെക്കു ഭാഗത്തു നിന്നും പട്ടി നിർത്താതെ ഓരിയിടുന്നത് കേട്ടു…പടുകൂറ്റൻ ആഞ്ഞിലി മരത്തിനു മുകളിൽ ചേക്കേറാൻ വന്ന കാക്കകൾബഹളമുണ്ടാക്കുന്നു….വിറയലോടെ ശിവാനി മീനാക്ഷിയുടെ കൈയിൽ മുറുകെ പിടിച്ചു….
“എന്റെ മക്കൾ സൂക്ഷിക്കണം…”
അഭിമന്യു അയാളുടെ കവിളിൽ തഴുകി..
“പ്രതികാരദാഹവുമായി ഞാൻ ഇവരെയും തേടി വരുമ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല… ഇപ്പോൾ അങ്ങനെ അല്ലല്ലോ…. എന്നെ സ്നേഹിക്കുന്നവരുടെ ജീവൻ എന്റെ ഉത്തരവാദിത്തം ആണ്…… ഞാൻ വന്നത് പോലെ ആരെങ്കിലും എന്നെങ്കിലും വരുമെന്ന് എനിക്കറിയാം… കാരണം… പകയ്ക്ക് മരണമില്ല… അതിങ്ങനെ കൈമാറിക്കൊണ്ടിരിക്കും…. അമ്മാവന്റെ പ്രാർത്ഥന കൂടെ ഉണ്ടായാൽ മതി…. “
അവൻ എഴുന്നേറ്റു….
“ഞങ്ങള് ഹോസ്പിറ്റലിൽ പോയി വരാം… ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവാൻ കൂടി പ്രാർത്ഥിക്ക്…. ഇവളെനിക്കൊരു സ്വൈര്യം തരാത്തത് കൊണ്ടാ….”
ശിവാനി മോളുടെ കൈയിലിരുന്ന കളിപ്പാട്ടം വാങ്ങി അവനെ എറിഞ്ഞു…
“പോടാ… എന്നോട് മിണ്ടണ്ട….” മുഖം വീർപ്പിച്ച് അവൾ ചവിട്ടിതുള്ളി പുറത്തേക്ക് പോയി…
“നിനക്ക് സമാധാനമായോ അഭീ…?.. എന്ത് പറഞ്ഞു തുടങ്ങിയാലും അവസാനം അവളുടെ നെഞ്ചത്തേക്ക് കേറും….”
മീനാക്ഷി ശാസിച്ചു…
“ഒരു മനസുഖം….. അമ്മേ പോയി വരാം… “
മീനാക്ഷിയുടെയും വൈശാലിയുടെയും കവിളിൽ നുള്ളിയ ശേഷം അവനും പുറത്തേക്ക് നടന്നു…..
“ഏട്ടാ…. എന്തെങ്കിലും ഒരു വഴി…?” സീതാലക്ഷ്മി ദയനീയമായി നാരായണനെ നോക്കി….
“ഈ കുട്ടികൾ മനസമാധാനമായി ജീവിക്കാൻ തുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല….ഇനിയും പഴയതൊക്കെ ആവർത്തിക്കുന്നത് ഓർക്കാൻ വയ്യ…”
“വിധിയെ തടുക്കാൻ മനുഷ്യന് കഴിയില്ല സീതേ….”
നാരായണൻ ചുമച്ചു…
” സംഭവിക്കാനുള്ളത് സംഭവിക്കും… ” അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട് മീനാക്ഷി അടുത്ത് ചെന്ന് സഹായിച്ചു… ചാരിയിരുന്ന് നാരായണൻ കണ്ണുകൾ അടച്ച് ധ്യാനിച്ചു… ഭദ്രകാളി സ്തുതികൾ അവ്യക്തമായി മീനാക്ഷിക്ക് കേൾക്കാൻ സാധിക്കുമായിരുന്നു… അവളും മനമുരുകി പ്രാർത്ഥിച്ചു…പെട്ടെന്ന്… ജനൽകമ്പികൾക്കിടയിലൂടെ ഒരു വവ്വാൽ മുറിക്കുള്ളിലേക്ക് പറന്നെത്തി…. തിരിച്ച് പുറത്തേക്കിറങ്ങാൻ അത് ശ്രമിച്ചെങ്കിലും വഴി കണ്ടെത്താൻ കഴിയാത്തത് പോലെ അങ്ങോട്ടുമിങ്ങോട്ടും പറന്ന് ഒടുവിൽ ഫാനിൽ ഇടിച്ച് തറയിൽ വീണു…….അത് കണ്ട് വൈശാലിമോൾ ഉറക്കെ കരഞ്ഞു തുടങ്ങി….
“അമ്മേ… ഭഗവതീ….” നാരായണൻ കഴുത്തിലെ രുദ്രാക്ഷമാലയിൽ മുറുകെ പിടിച്ചു… പിന്നെ മീനാക്ഷിയെ നോക്കി…
“മോളേ… നരസിംഹസ്വാമി ക്ഷേത്രത്തിൽ അഭിയുടെ പേരിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം… നിമിത്തങ്ങൾ എല്ലാം അവനെതിരാണ്…”
മീനാക്ഷി തലയാട്ടി…
“ചക്രവ്യൂഹം ഭേദിച്ച് വിജയം കൈവരിക്കാൻ അതിനകത്തേക്ക് ആത്മവിശ്വാസത്തോടെ കുതിച്ചവനാണ് മഹാഭാരതത്തിലെ അഭിമന്യു…. പരമാവധി പൊരുതിയിട്ടും തോറ്റു പോയി… കാരണം കൊല്ലുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് അതിനകത്ത് കാത്തു നിന്നവർക്ക് ഉണ്ടായിരുന്നത്…..”
നാരായണൻ ദീർഘമായി നിശ്വസിച്ചു….
“സത്യപാലനെ നേരിട്ടത് പോലെ ആകില്ല ഇത്..അവനേക്കാൾ ക്രൂരനായ ആരോ…..വിജയം എളുപ്പമാകില്ല എന്നെന്റെ മനസ് പറയുന്നു….”
“ഒന്നും സംഭവിക്കില്ല…. എന്തൊക്കെ വന്നാലും നമ്മൾ ഒറ്റക്കെട്ടായി നേരിടും… ഭീഷ്മരെ പോലെ അമ്മാവൻ കൂടെയുണ്ടല്ലോ….” മീനാക്ഷി ചിരിക്കാൻ ശ്രമിച്ചു…. പിന്നെ കുഞ്ഞിനേയും കൊണ്ട് പുറത്തെക്ക് ഇറങ്ങി… പൂജാമുറിയിൽ വിളക്ക് കൊളുത്തുമ്പോഴും അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു….. നാരായണന്റെ പ്രവചനങ്ങൾ പിഴച്ചിട്ടില്ല എന്ന് നേരിട്ട് കണ്ടതാണ്…….
” ന്റെ കൃഷ്ണാ…. ഈ കുടുംബത്തെ കാത്തോളണേ….” അവൾ നിറമിഴികളോടെ അപേക്ഷിച്ചു…
“മിസ്റ്റർ യദൂ…. ഈ വർക്ക് നിങ്ങൾക്ക് തന്നെ തരാനാ എനിക്ക് ഇഷ്ടം…. ബട്ട് ഇതൊരു ഇന്റർനാഷണൽ പ്രൊഡക്ട് അല്ലേ…? അപ്പൊ അതിന് വേണ്ടി ആഡ് ചെയ്യുന്ന കമ്പനിയുടെ പേരും ഞങ്ങൾക്ക് നോക്കണമല്ലോ….”
അലൻ ജോൺ രണ്ട് ഗ്ലാസുകളിൽ വിസ്കി പകർന്ന് ഒന്ന് യദുകൃഷ്ണന്റെ മുന്നിലേക്ക് നീക്കി വച്ചു….
“നിങ്ങളുടെ പ്രീവിയസ് വർക്കൊക്കെ ഞാൻ ചെക്ക് ചെയ്‌തു… കൊള്ളാം.. നല്ല ക്രിയേറ്റിവിറ്റി ഒക്കെയുണ്ട്… ബട്ട് ഐ നീഡ് സംതിങ് ബിഗ്…. നിങ്ങൾക്കതിനു കഴിയുമോ എന്ന് സംശയമുള്ള സ്ഥിതിക്ക് എങ്ങനെ റിസ്ക് എടുക്കും…?”
“ഓ വേണ്ട.. മിസ്റ്റർ അലൻ…” യദുകൃഷ്ണൻ ചിരിച്ചു…
” എനിക്ക് വേണ്ടി നിങ്ങൾ റിസ്ക് എടുക്കണ്ട…. വിളിച്ചപ്പോൾ വന്നു.. സംസാരിച്ചു… അത്രയേ ഉളളൂ….നമ്മൾ എഗ്രിമെന്റ് ഉണ്ടാക്കുകയോ അഡ്വാൻസ് തരികയോ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് വീ കാൻ സ്റ്റോപ്പ് ഹിയർ… “
“ഹാവ് യുവർ ഡ്രിങ്ക് മാൻ…”
“നോ താങ്ക്സ്… കള്ളുകുടി ശീലമില്ല… വല്ലപ്പോഴും ഒരു ബിയർ കഴിക്കുന്നത് എന്റെ ബ്രദർ ഇൻ ലോയുടെ കൂടെയാ….”
അവൻ എഴുന്നേറ്റു…
“താങ്കളുടെ ഇന്റർനാഷണൽ പ്രൊഡക്റ്റിന്റെ പരസ്യം ചെയ്തോട്ടെ എന്ന് ചോദിച്ച് ഞാൻ ഒരിക്കലും ഓഫീസിലേക്ക് വന്നിട്ടില്ല… പകരം നിങ്ങൾ എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു അല്ലേ…?. ഒരാഴ്ച ആയപ്പോഴേക്കും എന്റെ അഡ്വർറ്റൈസിംഗ് കമ്പനി വേണ്ടത്ര ഫേമസ് അല്ല എന്ന് നിങ്ങൾക്ക് തോന്നി…. അത്രയല്ലേ ഉളളൂ…..ഞങ്ങളെക്കാൾ കുറഞ്ഞ ചിലവിൽ ആഡ് ചെയ്യാമെന്ന് വേറൊരു ടീം നിങ്ങൾക്ക് വാക്കു തന്നു… അത് ആരാണെന്നും എനിക്ക് അറിയാം… നിങ്ങൾക്കും മോശമല്ലാത്ത കമ്മീഷൻ ഓഫർ ചെയ്തിട്ടുണ്ട്… അപ്പൊ ഇതൊക്കെ സ്വാഭാവികം…”
“ഏയ്… മിസ്റ്റർ യദു തെറ്റിദ്ധരിച്ചിരിക്കുകയാണ്…”
യദുകൃഷ്ണൻ പുച്ഛത്തോടെ അയാളെ നോക്കി…
“കയ്യിലിരിപ്പ് മഹാമോശം ആയിരുന്നെങ്കിലും എന്റെ തന്ത ദേവരാജൻ ഒരു പക്കാ ബിസിനസ്മാൻ ആയിരുന്നു.. അപ്പോ ആ ഗുണത്തിന്റെ ഇച്ചിരി എങ്കിലും എനിക്ക് കിട്ടിയിട്ടുണ്ടാവുമല്ലോ…. ഞാൻ നിങ്ങളുടെ ആഡ് ചെയ്യില്ല… അതേപോലെ അവന്മാരെ കൊണ്ടും ചെയ്യിക്കില്ല…. “
അവൻ പുറത്തേക്കിറങ്ങി… പാർക്കിങ്ങിൽ എത്തി കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് ഫോൺ റിങ് ചെയ്തത്….. മീനാക്ഷി ആയിരുന്നു…
“കണ്ണേട്ടാ… കഴിഞ്ഞോ?”
“ഉവ്… ഇറങ്ങി….”
“എന്തായി?”
“വിചാരിച്ചത് പോലെ തന്നെ മീനൂ… മറ്റവന്മാർ പണിഞ്ഞതാ..അല്ലെങ്കിലും ഈ ആഡ് നമുക്ക് വേണ്ട….. മുഖം വെളുക്കാൻ ഉള്ള ക്രീം….. അതെന്താ കറുപ്പ് നിറത്തിന് ഭംഗിയില്ലേ?..നമ്മളത് വിട്ടു….”
“പണ്ടൊക്കെ ഒരു വർക്ക് മിസ് ആയാൽ ദുഖിച്ചിരിക്കുന്ന ആളാണോ ഈ പറയുന്നേ… എന്തൊരു മാറ്റം?”
“അതിന്റെ ക്രെഡിറ്റ് അഭിക്കാ….അവര് ഹോസ്പിറ്റലിൽ പോയോ മീനൂ?”
“ഉവ്… കണ്ണേട്ടൻ വേഗം വന്നേ…. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്…”
“വരാം… മോളെവിടെ?”
“അമ്മയുടെ അടുത്തുണ്ട്…”
“എന്നാൽ വച്ചോ… ” അവൻ കാർ മുൻപോട്ടെടുത്തു.,…
തഞ്ചാവൂർ… തമിഴ്നാട്….
അങ്ങിങ്ങായി കുറ്റിച്ചെടികൾ മാത്രമുള്ള തരിശ് നിലം… റോഡിൽ നിന്നും കുറച്ചു മാറി ആസ്ബസ്റ്റൊസ് ഷീറ്റ് വിരിച്ച ഒരു ചെറിയ മദ്യവില്പന ശാല… അവിടെ നിന്നും മദ്യം വാങ്ങുന്നവർക്ക് ഇരുന്നു കുടിക്കാൻ വേണ്ടി കടയുടെ പിറകിൽ പനയോല മേഞ്ഞ ഒരു പന്തൽ ഉണ്ട്… സ്നാക്സും വെള്ളവും ഡിസ്പോസിബിൾ ഗ്ളാസുകളുമെല്ലാം ഒരു പയ്യൻ വില്പന നടത്തുന്നു…ഒരു പഴയ ടാറ്റ സഫാരി കടയ്ക്ക് മുന്നിൽ വന്നു നിന്നു….. രണ്ട് ചെറുപ്പക്കാർ അതിൽ നിന്നിറങ്ങി…
“അണ്ണാ… ഒരു ഫുൾ ബോട്ടിൽ റം…” അതിലൊരുത്തൻ കാശ് നീട്ടി… കൗണ്ടറിലിരുന്ന ആൾ കുപ്പിയും ബാക്കി കാശും നൽകി… രണ്ടുപേരും കടയ്ക്ക് പിറകിലേക്ക് ചെന്നു..ഒരുപാട് ആളുകൾ മദ്യപിക്കുന്നുണ്ട്… മൂലയിലെ ടേബിളിനരികെ ഒരാൾ തനിച്ചിരിക്കുന്നത് കണ്ടപ്പോൾ അവർ അവിടേക്ക് ചെന്നു..
“അണ്ണാ… ഇങ്കെ ഉക്കാരലാമാ?”
അയാൾ കണ്ണുകൾ പണിപ്പെട്ട് തുറന്ന് അവരെ നോക്കി.. പിന്നെ ഒന്ന് മൂളി… രണ്ടാളും സന്തോഷത്തോടെ ഇരുന്നു… വെള്ളവും ഗ്ലാസും വാങ്ങി മദ്യപിച്ചു തുടങ്ങി… ഒരു ഗ്ലാസ് മദ്യം അയാൾക്ക് മുന്നിലേക്കും നീക്കി വച്ചു…
“ഇത് ഉങ്കളുക്ക്…” അയാളത് എടുത്ത് കുറച്ചു കുടിച്ചു…
“താങ്ക്സ്…. എങ്കെ നിന്ന് വരീങ്കേ?”
“കേരള….”
“ആഹാ മലയാളികളാണോ?.. കണ്ടാൽ പറയില്ലാട്ടോ… ഞാനും മലയാളിയാ…. ഇവിടെ എന്താ ജോലി…?”
കുഴഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു..
“ഒരു നിധിയും തേടിയുള്ള യാത്രയാ… തുടക്കം ഇവിടെ ആകാമെന്ന് വച്ചു…ദൈവാനുഗ്രഹം ഉള്ള മണ്ണാണല്ലോ തഞ്ചാവൂർ…”
മനോഹരമായ ഒരു ചിരിയോടെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു…..
“നിധിയോ? എന്ത് നിധി?”
“അതവിടെ നിൽക്കട്ടെ… ഞങ്ങൾക്ക് സന്തോഷിനെ കാണണം അവനെവിടാ ഇപ്പൊ?”
അയാൾ ഒന്ന് ചുമച്ചു…. പിന്നെ അവനെ നോക്കി..
“സന്തോഷിനെയോ?.. എന്തിന്?.. നിങ്ങളാരാ?”
അവന്റെ ചിരി മാഞ്ഞു…
“മധൂ….. എല്ലാരെയും ഒറ്റികൊടുത്തിട്ട് നീയും അളിയൻ സന്തോഷും ഇവിടെ സുഖിക്കുകയാണല്ലേ?… അവനെ തേടി ഒന്നരമാസമായി അലയുന്നു… എന്തായാലും നിന്റെ ബോഡി കാണാൻ അവനിവിടെ എത്തുമല്ലോ?”
ആ ചെറുപ്പക്കാരൻ എഴുന്നേറ്റു…..
“തൊഴിലാളി മുതലാളിക്ക് വിശ്വസ്തൻ ആയിരിക്കണ്ടേ മധൂ?.. സത്യപാലന്റെ കൂടെ നിന്ന് അഭിമന്യുവിന് എല്ലാം സന്തോഷ് ചോർത്തി നൽകിയപ്പോൾ നീയല്ലേ തടയേണ്ടിയിരുന്നത്…”
അവൻ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്ത് മധുവിന് നീട്ടി…
“സംസാരിക്ക്…”
വിറച്ചു കൊണ്ട് മധു അത് വാങ്ങി…
“സുഖമാണോ മധൂ?…” അപ്പുറത്ത് കനത്ത ശബ്ദത്തിൽ ആരോ ചോദിക്കുന്നു…
“നേരിൽ വരണമെന്നുണ്ടായിരുന്നു… പക്ഷേ പറ്റിയില്ല… എന്തൊക്കെയോ തിരക്കുകൾ…. അഭിമന്യു നിങ്ങളെ വിളിക്കാറൊന്നുമില്ലേ?”
“ഇല്ല…. രണ്ട് വർഷം മുൻപാ അവസാനമായി കണ്ടത്….” മധു പറഞ്ഞൊപ്പിച്ചു…
“സന്തോഷ് എവിടെയാ?”
“സൗദിയിലാ… “
“അവിടെ പോയി അവനെ കാണുന്നതൊക്കെ മിനക്കേടാ…. അഭിമന്യുവിന്റെ ചാരനായ അവനെ ഇങ്ങോട്ട് വരുത്താം… അതല്ലേ വില്ലനിസം …”
“നിങ്ങൾ ആരാ?”
“പറഞ്ഞല്ലോ… ഈ കഥയിലെ വില്ലൻ ഞാനാ….പേരും നാളുമൊക്കെ പിന്നീട് പറയാം…. അഭിമന്യു അങ്ങനെ ആയിരുന്നല്ലോ…”
ഒരു പൊട്ടിച്ചിരിയോടെ കാൾ കട്ടായി…വെള്ള ഷർട്ട് ധരിച്ച ചെറുപ്പക്കാരൻ ഫോൺ തിരികെ വാങ്ങി..മധു രക്ഷപ്പെടാനുള്ള പഴുതുകൾ തേടി…. അയാളുടെ ലഹരി മുഴുവൻ ആവിയായി കഴിഞ്ഞിരുന്നു… പെട്ടെന്ന്… സഫാരിയുടെ പിറകിലായി ഒരു അംബാസിഡർ കാർ സഡൻ ബ്രേക്കിട്ടു നിന്നു.. അതിൽ നിന്നും ആയുധധാരികളായ നാലുപേർ ചാടിയിറങ്ങി മദ്യശാലയുടെ പിറകിലേക്ക് കുതിച്ചു….. ആൾക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുൻപേ ആദ്യത്തെ വെട്ട് മധുവിന്റെ കഴുത്തിൽ വീണു…. ചോര ചിതറിതെറിച്ചു…. ആളുകൾ നിലവിളിച്ചു കൊണ്ട് പരക്കം പായുന്നതിനിടയിലൂടെ വെള്ള ഷർട്ടിട്ട ആ ചെറുപ്പക്കാരൻ നേർത്ത ചിരിയോടെ പുറത്തേക് നടന്നു…. മധുവിന്റെ ശരീരം കൊത്തി നുറുക്കാൻ ആയുധങ്ങൾ മത്സരിക്കുകയായിരുന്നു…. ചെറുപ്പക്കാരൻ സഫാരിയിൽ കയറി… മറ്റെയാൾ ഡ്രൈവിംഗ് സീറ്റിലും…. സഫാരി ഒരിരമ്പലോടെ മുന്നോട്ട് കുതിച്ചു…….
(തുടരും )
Second part എപ്പോഴാണ് ഇടുന്നേ
കൊള്ളാം പാർട്ട് 2 അടിപൊളി
💝
Super 😍
അടിപൊളി ❤️❤️🔥🔥👍