🌷ഒരു നനു സ്പർശമായ്……
✍️ശാലിനി ഇ എ
രാത്രി 9.30നു ആണ് ട്രെയിൻ
ദിവ്യ സ്റ്റേഷനിൽ എത്തുമ്പോഴേക്കും 9.15 കഴിഞ്ഞിരുന്നു
പെട്ടെന്ന് തന്നെ സീറ്റ് കണ്ടു പിടിച്ചു
വിൻഡോക്കരികിൽ തന്നെയാണ്
അവൾക്കു സീറ്റ് കിട്ടിയത്
ബാഗ് സീറ്റിനടിയിലേക്ക് നീക്കി വച്ചു..
അതിന് ശേഷം സീറ്റിൽ ചാരിയിരുന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു..
തന്റെ ഇടതു ഭാഗത്തെ സീറ്റ് ഒഴിച്ച് ബാക്കിയെല്ലാം ഫുള്ളായീട്ടുണ്ട്…
ബർത്തുകളിലും ഏറെക്കുറെ ആളായീട്ടുണ്ട്…
ദിവ്യ തന്റെ അടുത്തിരിക്കുന്ന ബാഗിലേക്കൊന്നു കണ്ണോടിച്ചു
ആരുടേതായിരിക്കും…..
വല്ല പുരുഷൻമാരുടേതുമാണോ……
രാത്രി ആയതോണ്ട് ചെറിയൊരു പേടിയുണ്ട് ദിവ്യക്ക്..
ആരെങ്കിലും ആവട്ടെ…
അവൾ സ്വയം മനസിന് ആശ്വാസം കൊടുത്തു..
മെല്ലെ അവളുടെ മിഴികൾ ഫ്ലാറ്റ്ഫോമിലൂടെ അരിച്ചു നീങ്ങാൻ തുടങ്ങി
പെട്ടെന്നൊരു പരിചിത രൂപം
അവളുടെ മിഴികളിൽ പതിച്ചു
രാഹുൽ !!!
ദിവ്യ കണ്ണുകൾ അടച്ചു തുറന്ന്
വീണ്ടും നോക്കി
അതെ…
രാഹുൽ തന്നെ
“രാഹുൽ………. രാഹുൽ… “
ദിവ്യ വിൻഡോയിലൂടെ കയ്യിട്ട് വിളിച്ചു
ഒരു പ്രതികരണവും ഇല്ലാതെ
അവൻ പോകുന്നതും നോക്കി
തെല്ലൊരു ജാള്യതയോടെ
അവളിരുന്നു..
‘ഇനി അതു രാഹുൽ അല്ലായിരിക്കുമോ??? ‘
അവൾ തന്നോട് തന്നെ ചോദിച്ചു
ഏയ്… എനിക്ക് തെറ്റില്ല…
അത് രാഹുൽ തന്നെ
ഏത് ഇരുട്ടിലും ആ രൂപം എനിക്ക്
തിരിച്ചറിയാൻ കഴിയും
പകൽ ആയിരുന്നെങ്കിൽ ഞാൻ
ആ പിന്നാലെ ഓടി ചെന്നേനെ…
ഈ ട്രെയിൻ മിസ്സ് ആയാൽ
ഇന്നത്തെ പോക്കും നടക്കില്ല
ട്രെയിൻ പുറപ്പെടുന്ന ചൂളം വിളിക്കൊപ്പം മെല്ലെ ഇളകി തുടങ്ങിയ
ട്രെയിനിന്റെ വിൻഡോയിലൂടെ
അവൾ വീണ്ടും പുറത്തേക്കു നോക്കി
അവിടെയെങ്ങും അവന്റെ
പൊടി പോലും കണ്ടില്ല
ദിവ്യ വിൻഡോയിലേക്ക് മുഖം ചേർത്ത് വച്ചു
ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു വിങ്ങലുണരുന്നു…
കൺകോണുകളിൽ നീർ
പൊടിയുന്ന പോലെ
ഇത്ര അടുത്ത് കണ്ടീട്ട് ഒന്നു മിണ്ടാൻ പോലും പറ്റിയില്ലല്ലോ
തൊട്ടടുത്ത സീറ്റിൽ ആരോ വന്നിരിക്കുന്നത് അവളറിയുന്നു ണ്ടായിരുന്നു
കണ്ണുകൾ നിറഞ്ഞിരിക്കുന്നതിനാൽ
തിരിഞ്ഞു നോക്കിയില്ല.
ട്രെയിൻ ഓടികൊണ്ടിരിക്കുന്ന
വഴിതാരരയിലെല്ലാം
അവളുടെ കണ്ണുകൾ
അവനെ തിരഞ്ഞു കൊണ്ടേയിരുന്നു….
“എക്സ്ക്യുസ് മി..
വിരോധം ഇല്ലെങ്കിൽ..
ആ വിൻഡോ സീറ്റ്..
എനിക്ക് തരാമോ? “
പെട്ടെന്ന് അത്ഭുതത്തോടെയും
അതിലേറെ ആഹ്ലാദത്തോടെയും
ദിവ്യ തിരിഞ്ഞു നോക്കി
അപ്പോഴാണ് അവനും അവളെ കണ്ടത്
“ദിവ്യ….
നീ.. ഇവിടെ “
അവന്റെ വാക്കുകളിൽ അത്ഭുതഭാവം
“രാഹുൽ….
ഞാൻ… നി.. പുറത്തു കൂടെ നടക്കുന്നത് കണ്ടിരുന്നു
കുറെ വിളിച്ചു
നീ.. കേട്ടില്ല…. “
ദിവ്യ തെല്ലു വിഷമത്തോടെ പറഞ്ഞു
“ആണോ…..
ഞാൻ കേട്ടില്ല ദിവ്യ
ബാഗ് ഇവിടെ വച്ച് ഒരു കുപ്പി വെള്ളം
വാങ്ങാൻ പോയതാ.. “
“സോറീ.. ട്ടോ… “
രാഹുൽ പറഞ്ഞത് കേട്ട് ദിവ്യ ചിരിച്ചു
“അതെന്തിനാ സോറി… “
“നിനക്ക് നല്ല വിഷമം ആയെന്ന്
നിന്റെ മുഖം കണ്ടാൽ അറിയാം.. “
ദിവ്യ ഒന്ന് ചിരിച്ചു
“രാഹുൽ… നിനക്ക്
ഇവിടെയാണോ ജോലി..? “
“ഏയ്…
അല്ലല്ലാ… ഞാൻ ഷാർജയിൽ… “
“പിന്നെന്താ ഇവിടെ…? “
“അതോ… ജോലി സംബന്ധമായി വന്നതാ
ഒരു എമർജൻസി മീറ്റിങ്…
ഒഴിവാക്കാൻ കുറെ നോക്കിയതാ
പറ്റിയില്ല… “
“അതെന്തിനാ ഒഴിവാക്കുന്നെ… “
ദിവ്യയുടെ സംശയം നിറഞ്ഞ മിഴികളിലേക്ക് നോക്കി
രാഹുൽ ഒന്ന് ചിരിച്ചു
“മൈ ഡിയർ ഫ്രണ്ട്….
നാളെ എന്റെ കല്ല്യാണമാടോ.. “
ദിവ്യ മനസിലാകാത്തത് പോലെ അവനെ പകച്ചു നോക്കി
“നാളത്തെ കല്യാണ ചെറുക്കൻ ഇന്നെന്താ ട്രെയിനിൽ പോകുന്നെ
എന്നല്ലേ നീ ഇപ്പോൾ ആലോചിക്കുന്നത്.. “
“ഉം.. “
നീർ വന്ന് മൂടിയ മിഴികളെ
അവൻ കാണാതിരിക്കാൻ
മറച്ചു പിടിച്ചു കൊണ്ടു
അവൾ മൂളി
.
“ഫ്ലൈറ്റ്നു മടങ്ങാം എന്ന് കരുതിയാ വന്നത്
പക്ഷെ ടിക്കറ്റ് കിട്ടിയില്ല…
ഇനിയും കാത്തിരുന്നാൽ
മുഹൂർത്തത്തിനു മുൻപ്
അവിടെത്താൻ പറ്റില്ല
മനസിലായോ എന്റെ ഫ്രണ്ടിന്…
നിറഞ്ഞ സന്തോഷത്തോടെ പറയുന്ന
അവന്റെ മുഖത്തേക്ക് നോക്കി
മറുപടി പറയാനാവാതെ
അവൾ ഇരുന്നു.
“അറേഞ്ചഡ് മാര്യേജ് ആണോ? “
ദിവ്യ പുറത്തേക്കു നോക്കി ചോദിച്ചു..
“ഏയ്…
അല്ല
രണ്ടു വർഷത്തെ പരിശുദ്ധമായ പ്രണയം…
അവളും ഷാർജയിലാണ്
അവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ്….
ഒരു പാവം കുട്ട്യാ അവൾ….
ഏറെക്കുറെ നിന്നെ പോലെ……
നീയുമായിട്ടുള്ള സാമ്യം ആവാംഎന്നെ അവളിലേക്ക് ആകർഷിച്ചത്…
ഐ ആം വെരി വെരി ഹാപ്പി……. “
കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങി
രാഹുൽ കാണാതെ ദിവ്യ
തന്റെ മുഖം തിരിച്ചു പിടിച്ചു…
“ദിവ്യ…… “
ദിവ്യ രാഹുലിന്റെ നേർക്ക്
തിരിഞ്ഞു.
“ദിവ്യ ഞാൻ വന്നപ്പോൾ തൊട്ടു
ശ്രദ്ധിക്കുന്നു
നിനക്കെന്തോ വിഷമം പോലെ
എന്നോട് പറയാൻ പറ്റുന്നതാണേൽ പറയ്.. “
“ഒന്നൂല്ല്യ രാഹുൽ…. “
ദിവ്യ മുഖം അമർത്തി തുടച്ച്
പുറത്തേക്കു നോക്കി
“അതല്ല…. ദിവ്യക്കു കാര്യമായെന്തോ
പറ്റീട്ടുണ്ട്
മനു ആണോ പ്രശ്നം… “
ദിവ്യ മറുപടി പറഞ്ഞില്ല
“ദിവ്യ…
മനുവുമായി പിണങ്ങിയോ നീ”
അതിനും ദിവ്യ മറുപടി പറഞ്ഞില്ല
“മനുവിന് ഇവിടെയാണോ ജോലി
എന്തെ.. അവൻ കൂടെ വരാതിരുന്നത്”
“ദിവ്യ…. “
ചോദിച്ചതിനൊന്നും മറുപടി ഇല്ലെന്നു വന്നപ്പോൾ
അവൻ ദേഷ്യം കൊണ്ട് വിളിച്ചു..
“മനൂന് എവിടാ ജോലിയെന്നെങ്കിലും
പറയുമോ നീ.. “
“എനിക്കറിയില്ല.. “
“അതെന്താ നിനക്കറിയാത്തെ… “
“എനിക്കറിയില്ല….
അറിയാത്ത കാര്യം ഞാൻ എങ്ങനെ പറയും…. “
ദിവ്യയുടെ ശബ്ദം ചെറുതായി ഉയർന്നു
“ദിവ്യ… “
രാഹുൽ തന്റെ ഇടതു കൈത്തലം
അവളുടെ വലതു കൈപത്തിയിൽ
ചേർത്ത് വച്ചുകൊണ്ട് മൃദുവായി വിളിച്ചു..
“നീ ഇത്രയും ക്ഷോഭിക്കാൻ
ഞാൻ നിന്നോട് എന്ത് പറഞ്ഞു
നിന്റെ ഹസ്ബന്റിന് എവിടെയാണ്
ജോലിയെന്നല്ലേ ചോദിച്ചുള്ളൂ.. “
‘മനുവിന് എവിടാ ജോലിയെന്ന്
എനിക്കറിയില്ല… രാഹുൽ…. “
ദിവ്യ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“അതെന്താ..
നിങ്ങൾ… നിങ്ങൾ….
ഡിവോഴ്സ് ആയോ… “
രാഹുൽ അത്ഭുതത്തോടെ ചോദിച്ചു
“മാര്യേജ് കഴിഞ്ഞെങ്കിലല്ലേ
ഡിവോഴ്സ് ഉണ്ടാവൂ…. “
അവൾ വീണ്ടും പതിഞ്ഞ സ്വരത്തിൽ
പറഞ്ഞു
“അതെന്താ…
കല്യാണത്തിന്റെ വക്കോള-മെത്തിയീട്ടും അത്
നടക്കാതെ പോയത്..?
“ദിവ്യ.. ടെൽ മി.. “
“എനിക്ക്.. മനൂനെ ഇഷ്ടമല്ലായിരുന്നു..”
“വൈ?
കല്യാണത്തിന്റെ ഡേറ്റ് തീരുമാനിച്ച്,
കുറി അടിച്ച്…
മണ്ഡപം ഫിക്സ് ചെയ്ത്.
സ്വന്തക്കാരെയും.. ബന്ധുക്കളെയും
ക്ഷണിച്ച് … നാട്ടുകാരെ
മൊത്തം ക്ഷണിച്ച്
ഇതിനൊക്കെ ശേഷമാണോ മനുവിനെ
നിനക്ക് ഇഷ്ടമല്ലെന്നു മനസിലായത്.. “
രാഹുലിന്റെ സ്വരം കുറച്ചുയർന്നു
“അല്ല…. എനിക്ക് മുന്നേ ഇഷ്ട്ടമല്ലായിരുന്നു… “
“എന്നീട്ട് എന്താ ദിവ്യ നീ മുന്നേ പറയാതിരുന്നത്…? “
“കല്ല്യാണം നടക്കുമായിരുന്നു…
നിന്നെ കല്യാണം ക്ഷണിക്കാൻ എനിക്ക് തോന്നിയില്ലായിരുന്നു-
വെങ്കിൽ.. “
“എനിക്ക് മനസിലാവുന്നില്ല… “
“ഞാൻ പറയാം..
ഇനി ഒന്നും ഞാൻ മറച്ചു വെക്കുന്നില്ല..
പറഞ്ഞീട്ടും പ്രയോജനം ഒന്നും ഇല്ലെന്ന് എനിക്കറിയാം
എങ്കിലും പറഞ്ഞില്ലെന്ന ഖേദം
എനിക്കും ഉണ്ടാവരുതല്ലോ… “
“ശരി പറ… കേൾക്കട്ടെ… “
“രാഹുൽ ഞാൻ ഇഷ്ട്ടപെട്ടതും
വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും
നിന്നെയായിരുന്നു
പക്ഷെ കോളേജിൽ വച്ച് ഞാൻ,
എന്റെ ഇഷ്ട്ടം പറയാൻ വന്നപ്പോഴൊക്കെ… നീ എന്നെ
അവോയ്ഡ് ചെയ്യുന്നത് പോലെ
എനിക്ക് തോന്നി
കോളേജിലെ അവസാന ദിവസം
നിന്നോട് തുറന്നു പറഞ്ഞീട്ടെ
വീട്ടിലേക്കു പോകൂ എന്ന് കരുതിയാണ്
ഞാൻ നീ ഇരിക്കുന്ന പൂമരച്ചുവട്ടിലെത്തിയത്…
പക്ഷെ നീ നമ്മുടെ ക്ലാസ്സിലെ തന്നെ
മൃദുലയുടെ കണ്ണീരൊപ്പുന്ന
കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്.”
“അയ്യേ…
അവളുടെ അച്ഛന്റെ സുഖമില്ലാത്ത കാര്യം പറഞ്ഞപ്പോൾ ഞാൻ അറിയാതെ….
എനിക്കാ കുട്ടിയോട് വേറൊരു ഇഷ്ടവും ഇല്ലാ…. “
“ഇല്ലായിരിക്കാം…. പക്ഷെ
എനിക്കന്ന് അങ്ങനെ തോന്നി…
പിന്നീട് ഞാൻ പി ജി എടുത്തു
അതിന് ശേഷം ഞാൻ ബിഎഡ് ന് ചേർന്നു
ആ സമയത്താണ് മനുവിന്റെ ആലോചന വരുന്നത്
കോളേജിൽ പഫിക്കുമ്പോഴേ
മനു പല വട്ടം പ്രണയഭ്യർത്ഥന നടത്തിയിരുന്നു..
അന്നെല്ലാം ഞാനത് നിരസിച്ചു
മനു വീട്ടുകാരെയും കൂട്ടി എന്റെ വീട്ടിൽ വന്ന് പെണ്ണ് കാണുകയും
എന്റെ അച്ഛനും ഏട്ടനും മനുവിനെയും
മനുവിന്റെ വീട്ടുകാരെയും ഇഷ്ട്ടപെട്ടതിനാലും വിവാഹം പെട്ടെന്ന് തീരുമാനമായി
നിനക്കാണെങ്കിൽ വേറെ പെണ്ണുണ്ടല്ലോ…
ഞാൻ കാത്തിരിക്കൂന്നതിൽ
അർത്ഥമില്ലെന്ന് എനിക്കും തോന്നി
അതു കൊണ്ട് ഞാനും കല്യാണത്തിന് എതിർത്തില്ല
കല്യാണകത്ത് കയ്യിൽ കിട്ടിയപ്പോൾ
എന്റെ ആഗ്രഹം ആയിരുന്നു
നിന്നോട് കല്ല്യാണം ക്ഷണിക്കണമെന്ന്
അതിന് വേണ്ടിയാണ് ഞാൻ നിന്റെ വീട്ടിൽ വന്നത്….
നിന്റെ അമ്മയോടും നിന്നോടും
കല്ല്യാണം ക്ഷണിച്ച് തിരികെ പോരുമ്പോൾ ഗേറ്റു വരെ നീ എന്റെ കൂടെ വന്നു .
അന്നേരം നീ പറഞ്ഞ വാക്കുകൾ
എത്ര ഹൃദയവേദനയോടെ ആണെന്നറിയുമോ ഞാൻ കേട്ട് നിന്നത്
നിന്റെ മനസ്സിൽ,..
നീ എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നെന്ന്
എന്ത് മാത്രം പ്രണയിച്ചിരുന്നെന്ന്..
നിന്റെ വായിൽ നിന്നും കേട്ടപ്പോൾ
ആ നിമിഷം അവിടെ വീണ് മരിക്കാനാ
എനിക്ക് തോന്നിയത്.. “
“എന്നീട്ട്… അപ്പോഴും എന്നെ പ്രണയിക്കുന്ന കാര്യം നീ..
പറയാതിരുന്നതെന്തേ..? “
അതു വരെ നിശബ്‌ദനായിരുന്ന
രാഹുൽ ചോദിച്ചു…
“അന്നേരം എനിക്ക് ഒന്നും പറയാൻ തോന്നിയില്ല
നീയാണെങ്കിൽ പിറ്റേന്ന് ഗൾഫിനു പോവുകയാണെന്നും പറഞ്ഞിരുന്നു..
രണ്ടു ദിവസം ഞാൻ ആരോടും ഒന്നും പറയാതെ റൂമിൽ അടച്ചിരുന്നു..
പിന്നീട്.. അച്ഛൻ വന്ന്,
എന്താ മോളുടെ വിഷമം..ന്ന് ചോദിച്ചപ്പോഴാണ്..
എനിക്ക് മനുവിനെ ഇഷ്ടമല്ലെന്നും
കല്യാണത്തിന് സമ്മതമല്ലെന്നും
ഞാൻ പറയുന്നത്..
അമ്മയില്ലാത്തോണ്ട് അച്ഛൻ കൊഞ്ചിച്ചു വഷളാക്കിയതാണ് എന്നെ
എന്ന് പറഞ്ഞ് ഏട്ടൻ അച്ഛന്റടുത്തു വല്ലാണ്ട് ചൂടായി
പാവം….
അച്ഛൻ വല്ലാതെ തളർന്നു പോയി
ഒരു തരത്തിലും ഞാൻ സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോൾ
അച്ഛൻ മനൂന്റെ വീട്ടുകാരോട്
വിവാഹത്തിൽ നിന്നും പിന്തിരിയുകയാണെന്നു അറിയിച്ചു
അതു വലിയ വാക്കേറ്റമായി
അച്ഛൻ കുഴഞ്ഞു വീണു
ഹോസ്പിറ്റലിൽ
എത്തിക്കുമ്പോഴേക്കും അച്ഛൻ…. “
വാക്കുകൾ മുഴുവനാക്കുന്നതിന് മുന്നേ അവൾ വിതുമ്പി പോയി
രാഹുലിന്റെ കൈ അറിയാതെ അവളെ
ചേർത്ത് പിടിച്ചു
ഒരു നിമിഷം
അവളും അവനിലേക്ക് ചേർന്നു
അല്പസമയം അങ്ങനെ ഇരുന്നതിന് ശേഷം അവനിൽ നിന്ന് അകന്ന്
വിൻഡോയിലേക്കു തല ചേർത്ത് വച്ചു
“ദിവ്യ.. നീ ..കരയുകയാണോ..?
ഇനി നാളെ പറയാം.. നീ ഒന്ന് റിലാക്സ് ആവ്.. “
“ഇല്ല രാഹുൽ…
എനിക്ക് പറയണം… ഇന്നുതന്നെ പറയണം…
അച്ഛന്റെ ചടങ്ങുകൾ കഴിയുന്ന അന്ന് മനു വീട്ടിൽ വന്നിരുന്നു..
കല്യാണത്തിൽ നിന്നും പിന്മാറിയതിന്റെ കാരണം അവന് അറിയണമെന്ന് പറഞ്ഞു
ഞാൻ കാരണം പറഞ്ഞു
ഒന്നും മിണ്ടാതെ മനു പടിയിറങ്ങിപോയി
കുഞ്ഞുനാളിൽ മരിച്ചതാ എന്റമ്മ
പിന്നീട് അച്ഛൻ ജീവിച്ചത് എനിക്കും ഏട്ടനും വേണ്ടിയായിരുന്നു
പിന്നീട് ഏട്ടൻ ഏട്ടത്തിയെ കല്ല്യാണം കഴിച്ചു കൊണ്ട് വന്നപ്പോൾ
എന്നെ പോലെ തന്നെ അച്ഛൻ
അവരെയും സ്നേഹിച്ചു…
സ്നേഹിക്കാൻ മാത്രം അറിയുന്ന
എന്റച്ഛന്റെ മരണത്തിനു
ഞാനാണല്ലോ ഉത്തരവാദി എന്ന് ആലോചിക്കുംതോറും
എന്റെ സമനില തെറ്റിപോവുമെന്ന്
ഞാൻ ഭയന്നു
വീട്ടിൽ ഏട്ടനോ ഏട്ടത്തിയോ എന്നോട് മിണ്ടാതെയായി
അവസാനം ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി
പഠിക്കാനുള്ള പണം എന്റെ അക്കൗണ്ടിലേക്ക് അയക്കുമെന്നല്ലാതെ
ഒരിയ്ക്കൽ പോലും ഫോണിൽ വിളിച്ച്ഏട്ടൻ എന്റെ വിവരങ്ങൾ തിരക്കിയില്ല
ഞാൻ പഠിച്ചു
പാസായി
ഒരു ജോലി എനിക്ക് അനിവാര്യമാണെന്ന് തോന്നി
അങ്ങനെ ഞാൻ ഇവിടെത്തി
ഈ സ്കൂളിൽ ജോലിക്ക് കേറിയീട്ടു
രണ്ടു വർഷം കഴിഞ്ഞു… “
“ഇതിനിടയിലൊന്നും നിനക്കെന്നെ
കാണണമെന്ന് തോന്നിയില്ലേ?? “
അവന്റെ മുഖത്തേക്ക് നോക്കി
അവളൊന്നു പുഞ്ചിരിച്ചു
“ഞാൻ എന്നും കാണുന്നുണ്ട്… “
“അങ്ങ് ഷാർജയിൽ കിടക്കുന്ന എന്നെ
ഈ ബാംഗ്ലൂർ കിടക്കുന്ന നീ എങ്ങിനെ കാണും ദിവ്യ.. “
“രാഹുൽ….
നീ എന്റെ കൂടെയില്ലാത്ത ഒരു നിമിഷം പോലും ഇല്ല ..
ഇരിക്കുമ്പോഴും
നടക്കുമ്പോഴും
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും
എല്ലാം നീയെന്റെ കൂടെ ഉണ്ടായിരുന്നു
നിന്നോട് ഇണങ്ങിയും പിണങ്ങിയും
കുറുമ്പ് കാട്ടിയും
നിന്നെ ദേഷ്യം പിടിപ്പിച്ചും
നിനക്ക് ചോറ് വാരിത്തന്ന്
രാത്രിയിൽ നിന്റെ നെഞ്ചിൽ
തല ചായ്ച്ചുറങ്ങി….
പറയുംതോറും അവളുടെ ശബ്ദം നേർത്തു നേർത്തു വന്നു
ഇരുട്ടിൽ പുറത്തേക്കെങ്ങാൻ ഇറങ്ങണം ന്ന് തോന്നിയാൽ
ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറയും
രാഹുൽ.. ആ ടോർച്ചു ഇങ്ങെടുത്തേ…
രണ്ടു നിമിഷം കാത്ത് നിൽക്കും
എന്നീട്ടു ഞാൻ തന്നെ പോയി
ടോർച്ചെടുക്കും
അല്ലേലും രാഹുൽ ഇങ്ങനാ
ഒരു കാര്യവും ഞാൻ പറഞ്ഞാൽ കേൾക്കില്ല
എന്നിങ്ങനെ ദേഷ്യം പിടിച്ച് പിറു പിറുക്കും
പിന്നീട് ദേഷ്യപ്പെട്ടതാലോചിച്ചു
ഞാൻ നിന്നോട് സോറി പറയും
കുറച്ചു നേരം നിന്നെ കെട്ടിപിടിച്ചു കിടക്കും
പിന്നീട് നീ നാട്ടിൽ പോയില്ലേ? “
“ഇല്ല….
വർഷങ്ങൾക്കു ശേഷം
കഴിഞ്ഞ ആഴ്ച ഏട്ടൻ വിളിച്ചു
നാട്ടിലേക്ക് വരാൻ പറഞ്ഞീട്ടു
ഒരുപാട് സന്തോഷം തോന്നി
ഏട്ടനെന്നെ വിളിച്ചല്ലോ
സംസാരിച്ചല്ലോ…
നാട്ടിൽ വരാൻ പറഞ്ഞല്ലോ
എനിക്ക് ലീവ് കിട്ടിയതും
ഞാൻ പുറപെട്ടതു ഒന്നും
ഏട്ടനറിയില്ല…….
ആരും അറിയാതെ ചെല്ലണം
എന്റെ ഏട്ടനെ കെട്ടിപിടിച്ച്
എനിക്ക് ഉറക്കെ കരയണം
പറഞ്ഞു പറഞ്ഞു അവളുടെ ഒച്ച അടഞ്ഞു പോയി
“ദിവ്യ…
നീ ഇത്രയും എന്നെ പ്രണയിക്കുന്നെന്നു
ഞാൻ….
അറിഞ്ഞില്ലല്ലോ
നിനക്കെന്നെ അറിയിക്കാമായിരുന്നു
നീ എന്നെ പ്രണയിക്കുന്നെന്നറിഞ്ഞാൽ
എനിക്കീ ലോകം പിടിച്ചടക്കിയത് പോലല്ലേ….
നീ മനുവുമൊത്തു സുഖമായി
ജീവിക്കുന്നെന്നു കരുതി ഞാൻ….
അത് കൊണ്ടല്ലേ ഞാൻ…
മറ്റൊരു കുട്ടിക്ക് ആഗ്രഹം കൊടുത്തത്
മോഹങ്ങളും സ്വപ്നങ്ങളും കൊടുത്തത്…
ഞാനിനി എന്ത് ചെയ്യും ദിവ്യ….
നീ മനുവിനോട് പറഞ്ഞത് പോലെ
എനിക്ക് പറയാൻ പറ്റില്ലല്ലോ
ഞാനുമൊത്തൊരു ജീവിതം അത്രയേറെ
സ്വപ്നം കണ്ടില്ലേ ആ പാവം..
ഞാൻ ഇപ്പോൾ ധർമ്മസങ്കടത്തിലായല്ലോ ദൈവമേ….
അവൻ സീറ്റിൽ ചാരിയിരുന്നു
“നീ ടെൻഷൻ ആവണ്ട രാഹുൽ….
ആ കുട്ടിയെ വിവാഹം കഴിച്ച്
അവളോടൊത്തു ജീവിക്ക്
ഇത്ര നാളും ഞാൻ ജീവിച്ചില്ലേ അതുപോലെ ഇനിയും ജീവിക്കും
നാം ആഗ്രഹിക്കുന്നതൊന്നും
സഫലമാകണമെന്നില്ലല്ലോ രാഹുൽ.. “
രാഹുൽ അവളെ നെഞ്ചോടു ചേർത്തു
“നാളെയല്ലേ രാഹുൽ മറ്റൊരാളുടേതാവൂ
നാളെ നേരം വെളുക്കുന്നതു വരെ
ഞാൻ ഈ നെഞ്ചിൽ
തല ചേർത്ത് ഉറങ്ങട്ടെ…. “
അവൻ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു
രാത്രിയുടെ ഏതോ യാമത്തിൽ
പരിസരം മറന്ന് അവർ ഉറക്കത്തിലേക്കു ആഴ്ന്നു പോയി
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
സ്റ്റേഷൻ എത്താറായപ്പോൾ രാഹുൽ, ദിവ്യയെ വിളിച്ചുണർത്തി
“ഇറങ്ങാറായി….
വേഗം ഫ്രഷ് ആകു.. “
“വേണ്ട.. ഇനിയെല്ലാം വീട്ടിൽ ചെന്നീട്ടു “
വണ്ടി സ്റ്റേഷനിൽ എത്തി നിന്നു
ദിവ്യയുടെ ബാഗ് രാഹുൽ എടുത്തിരുന്നു
“നമുക്കൊരോ ചായ കുടിച്ചാലോ.. “
രാഹുലിന്റെ ക്ഷണം ദിവ്യ നിരസിച്ചു
“വേണ്ട രാഹുൽ…. ഇനി എട്ടത്തീടെ കൈ കൊണ്ടുള്ള ചായ കുടിച്ചാൽ മതിയെനിക്ക്.. “
“ഓക്കേ….
നീ എങ്ങനെ പോകും..? “
“ഒരു ഓട്ടോ വിളിക്കാം… “
“ഏട്ടനെ വിളിക്കാമായിരുന്നില്ലേ… “
“വേണ്ട….
ആരെയും അറിയിക്കാതെ വേണം
കേറി ചെല്ലാൻ…. “
“എങ്കിൽ ഞാൻ കൊണ്ട് വിടാം… “
അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി
ചെറുതായി ഒന്ന് പുഞ്ചിരിച്ചു
“ഇന്ന് ഞാൻ നിന്നെ ബുദ്ധിമുട്ടിക്കരുതല്ലോ…
നീ പൊയ്ക്കോ…
മുഹൂർത്തത്തിന് മുന്നേ അവിടെത്തണ്ടേ….. “
“മുഹൂർത്തത്തിന് ഇനിയും സമയമുണ്ട്…
നീ വാ..
പുറത്തെന്റെ കാറ് കിടപ്പുണ്ട്…
നിന്നെ വീട്ടിലാക്കിയീട്ടു…
ഞാൻ പൊയ്ക്കൊള്ളാം
ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ
എനിക്കൊരു സമാധാനവും
കിട്ടില്ല.. “
രാഹുൽ ദിവ്യയുടെ കൈ പിടിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു
എന്തോ ദിവ്യക്കു ആ ക്ഷണം നിരസിക്കാൻ തോന്നിയില്ല
ബാക് ഡോർ തുറന്ന് രാഹുൽ രണ്ടുപേരുടെയും ബാഗ് വച്ച് ഡോർ അടച്ചു.
ഫ്രണ്ട് ഡോർ ദിവ്യക്കു തുറന്ന് കൊടുത്തു
അതിനു ശേഷം അവൻ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു
കാർ ഓടിക്കൊണ്ടിരുന്നു
കുറച്ചു നേരത്തേക്ക് കാറിനുള്ളിൽ മൗനം തളം കെട്ടി നിന്നു
ഇടക്കവൾ രാഹുലിനെ നോക്കി
അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ്
ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ
മരണം വരെ…
രാഹുലിനോട് ചേർന്നിരുന്ന്……
നടക്കില്ലെന്നറിയാം
എന്നാലും..
മോഹിക്കാലോ…
അതിനാരുടെയും സമ്മതത്തിന്റെ ആവശ്യമില്ലല്ലോ..
“രാഹുൽ.. “
“മ്മ് “
“ഇന്നലെ…
ഞാൻ….. എന്തൊക്കെയോ പറഞ്ഞു
അതെല്ലാം…
മറന്ന് കളയണം….. “
“സമയമെടുക്കും ദിവ്യ..
അത്തരത്തിലുള്ള കാര്യങ്ങളല്ലേ നീ പറഞ്ഞത്
നീ കേൾക്കാൻ ആഗ്രഹിച്ചപ്പോൾ ഞാൻ പറഞ്ഞില്ല
ഞാൻ ആഗ്രഹിച്ചപ്പോൾ നീയും പറഞ്ഞില്ല
നമ്മൾ രണ്ടുപേരും ഇക്കാര്യത്തിൽ ഒരുപോലെ തെറ്റുക്കാരാണ്
അതുകൊണ്ട് ഇതിന്റെ ശിക്ഷയും
നമ്മൾ തന്നെ അനുഭവിക്കണം
മരണം വരെ…..
നെഞ്ച് നീറി… നീറി….. “
ദിവ്യയുടെ വീടിന്റെ പടിക്കലെത്തി കാർ നിന്നു.
അവൾ ഒരു നിമിഷം അവനെ നോക്കി
“ഞാനിറങ്ങുവാ….
നീ.. പൊയ്ക്കോ…….
നിനക്ക്…. എന്റെ
വിവാഹമംഗളാശംസകൾ…
സുഖമായി ജീവിക്കണം…
അവളെ….. അവളെ…
ഒരിക്കലും വേദനിപ്പിക്കരുത്.. “
അവൻ ഒന്നും മിണ്ടാതെ സ്റ്റീയറിങ്ങിൽ
നോക്കിയിരുന്നു….
അല്പസമയം കഴിഞ്ഞീട്ടും അവനിൽ നിന്നും പ്രതികരണം ഇല്ലെന്നു കണ്ടപ്പോൾ അവൾ ഡോർ തുറന്നിറങ്ങി…
തിരിഞ്ഞു നോക്കാതെ വീട്ടിലേക്കു നടന്നു
പിന്നിൽ കാർ ഇളകി പോകുന്നതിന്റെ ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു..
“മോളെ.. ദിവ്യ..
നീയെത്തിയോ..? “
ഏട്ടത്തി വന്ന് അവളുടെ കൈ പിടിച്ചു
“നന്ദേട്ടാ… ദേ… ദിവ്യ വന്നൂട്ടോ.. “
അകത്തു നിന്നും ഏട്ടൻ ഇറങ്ങി വരുന്നത് കണ്ണീർ വന്നു മൂടിയ മിഴിയിലൂടെ അവൾ കണ്ടു
“ഏട്ടാ…… “
ഓടിചെന്ന് ആ മാറിൽ വീണ് പൊട്ടിക്കരഞ്ഞു..
“മാപ്പ്…….മാപ്പ്.. “
“എന്തിന്… അതൊക്കെ കഴിഞ്ഞില്ലേ….
ഇനിയിപ്പോ.. അതൊന്നും പറയണ്ട..
ഭാമേ.നീയിവളെ അകത്തേക്ക് കൂട്ടികൊണ്ട് പോ.. “
ഭാമയുടെ കൈ പിടിച്ച് ദിവ്യ അകത്തേക്ക് കയറി
അച്ഛനില്ലാത്ത ആ വീട്ടിൽ
അച്ഛന്റെ ഗന്ധം അവൾക്ക് അനുഭവപെട്ടു..
ഇവിടെ എവിടെയോ നിന്ന് അച്ഛൻ അവളെ നോക്കുന്നുണ്ടെന്നു അവൾക്ക് തോന്നി..
ദിവ്യയുടെ മുറിയിലേക്ക് ഭാമ അവളെ കൂട്ടികൊണ്ട് പോയി
“മോൾ വേഗം കുളിച്ച് റെഡിയാവ് എന്നീട്ട്..
ഈ സാരി ഉടുക്കണം…. “
ബെഡിൽ നിന്നും ഒരു പട്ടുസാരി എടുത്ത് ഭാമ അവളുടെ കയ്യിൽ കൊടുത്തു..
“ഇതെന്തിനാ…. ഞാൻ ഉടുക്കുന്നെ.. “
“ഇങ്ങോട്ട് ഒന്നും പറയണ്ടാ
ഞങ്ങൾ പറയുന്നതങ്ങു അനുസരിച്ചാൽ മതി.. “
വാതിൽക്കൽ നിന്നും നന്ദനിൽ നിന്നാണ് ആ വാക്കുകൾ വന്നത്
നന്ദന്റെ നേർക്കു നോക്കിയ ദിവ്യ
ഒരു നിമിഷം അമ്പരന്നു പോയി
നന്ദന്റെ പിന്നിലായി രാഹുൽ……
“രാഹുൽ…
നീ.. ഇവിടെ…. “
നന്ദൻ രാഹുലിന്റെ മുഖത്തു നോക്കി
ഒന്ന് ചിരിച്ചു
“എന്നാൽ… രാഹുൽ പറയട്ടെ..
നീ.. വാ.. ഭാമേ.. “
നന്ദനും ഭാമയും പുഞ്ചിരിയോടെ പുറത്തേക്കു ഇറങ്ങിപ്പോയി..
കയ്യിലുള്ള പട്ടുസാരി ബെഡിൽ വച്ച്
ദിവ്യ രാഹുലിനെ നോക്കി
“രാഹുൽ..
എനിക്കൊന്നും മനസിലാകുന്നില്ല.. “
രാഹുൽ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു..
അവളുടെ രണ്ടു തോളിലും കൈ തലം
അമർത്തി പിടിച്ചു അവളുടെ കണ്ണുകളിലേക്കു നോക്കി
പിന്നെ മൃദുവായി പറഞ്ഞു
“ദിവ്യ … ഇന്ന് നമ്മുടെ വിവാഹമാണെന്ന്
പറഞ്ഞാൽ നീ വിശ്വസിക്കുമോ..? “
അവൾ ഒന്ന് പിടഞ്ഞു
“എന്താ… എന്താ.. പറഞ്ഞത്… “
അവൾ അവിശ്വസനീയതയോടെ നോക്കി
“നീ.. ശ്വാസമെടുക്ക്…
ഞാനെല്ലാം പറയാം.. “
അവന്റെ വാക്കുകൾക്കായി അവൾ കാതോർത്തു
“കഴിഞ്ഞ വർഷം ലീവിന് വന്നപ്പോൾ
ബീച്ചിൽ വച്ച് യാദൃശ്ചികമായീട്ടാണ്
ഞാൻ മനുവിനെ കണ്ടത്
അവന്റെ കൂടെ ഒരു സ്ത്രീയും കുഞ്ഞും..
അവർ ആരെന്നു അന്വേഷിച്ചപ്പോൾ ഭാര്യയും കുഞ്ഞു മെന്നു അവൻ മറുപടി പറഞ്ഞു..
അന്നേരം ഞാൻ നിന്നെ കുറിച്ച് ചോദിച്ചു
അവൻ എന്റടുത്തു കുറെ ദേഷ്യപ്പെട്ടു
കുറെ സമയമെടുത്തു അവനൊന്നു നോർമലാവാൻ..
പിന്നീടാണ് അവൻ കാര്യങ്ങളെല്ലാം പറഞ്ഞത്
അന്നവൾ അങ്ങനെ ചെയ്തത് കൊണ്ടാണ് ഇന്ന് എന്നെ
ഇത്രയധികം സ്നേഹിക്കുന്ന എന്റെ ഭാര്യയെ കിട്ടിയത്
എന്ന് അവളെ ചേർത്ത് പിടിച്ച് അവൻ എന്നോട് പറഞ്ഞു..
പിന്നീട് ഞാൻ നിന്നെ കുറിച്ച് വിശദമായി അന്വേഷിച്ചു
പഠിപ്പെല്ലാം കഴിഞ്ഞ്.. നീ ബാംഗ്ളൂരിൽ ഒരു സ്കൂളിൽ ജോലി ചെയ്യുന്നു എന്ന് അറിയാൻ കഴിഞ്ഞു
ഞാൻ അങ്ങോട്ട് തിരിച്ചു
നിന്റെ സ്കൂൾ അന്വേഷിച്ചു കണ്ടെത്തി
നിന്റെ റൂം മേറ്റ് ആയ അശ്വതിയെ പരിചയപെട്ടു
അശ്വതിയിൽ നിന്നും നീ എന്നെ ഭ്രാന്തമായി പ്രണയിക്കുന്ന വിവരങ്ങൾ ഞാൻ അറിഞ്ഞു
എനിക്ക് കാണാൻ വേണ്ടി അശ്വതി
പല വട്ടം നിന്നെയും കൊണ്ട് റെസ്റ്റോറന്റിൽ വന്നു
നീയറിയാതെ ഞാൻ നിന്നെ കണ്ടു..
വീട്ടിൽ വന്ന് ഞാൻ എന്റെ അമ്മയോട് വിവരങ്ങൾ എല്ലാം പറഞ്ഞു
അന്നേരം അമ്മയാണ് എന്നോട് പറഞ്ഞത്
“ഇത്രത്തോളം നിന്നെ സ്നേഹിക്കുന്നവളെ
കൈ വിട്ടു കളയല്ലേ മോനേ.. ന്ന്
പിന്നീട് നിന്റെ ഏട്ടനെ കണ്ട്
എല്ലാ കാര്യങ്ങളും സംസാരിച്ചു
കേട്ടപ്പോൾ ഏട്ടനും സന്തോഷമായി
അങ്ങനെ കല്ല്യാണം തീരുമാനിച്ചു
നീ വരുന്ന വിവരം അശ്വതി അറിയിച്ചതിനെ തുടർന്ന് കൂട്ടികൊണ്ട് വരുവാനായീട്ടാ ഞാൻ വന്നത്
എല്ലാത്തിനും സപ്പോർട്ട് ആയി ഞങ്ങളുടെ കൂടെ അശ്വതിയും നിന്നു..
ഒരു സ്വപ്നത്തിലെന്നോണം ദിവ്യ അവൻ പറയുന്നത് കേട്ട് നിന്നു
പിന്നെ അവനെ ഇറുകെ പുണർന്നു
അവളുടെ മിഴിനീരാൽ അവന്റെ നെഞ്ചിടം കുതിർന്നു
“ഇത്രയും സങ്കടത്തോടെ ഞാൻ അതെല്ലാം പറഞ്ഞീട്ടും നീയെന്തിനാ അതെല്ലാം മറച്ചു പിടിച്ചത്
ഒരു വാക്ക് എന്നോട് പറയാരുന്നില്ലേ….
ഞാൻ എന്തു മാത്രം വേദനിച്ചു…. “
“നിന്റെ വേദന കണ്ടീട്ട് പലവട്ടം പറയാൻ തുനിഞ്ഞതാ..
കടിച്ച് പിടിച്ചാ ഞാനിരുന്നത്….. “
അവളുടെ നിറുകയിൽ മുഖം ചേർത്ത് വച്ച് അവൻ പറഞ്ഞു..
“എന്തിന്.. “
“ഞാൻ അറിയാതെ എന്നെ പ്രണയിച്ചവളല്ലേ നീ….
ആ നിനക്ക്….
നീ അറിയാതെ വേണം എന്നെ നൽകാൻ….. “
അവൾ പിന്നെയും അവനെ മുറുകെ പുണർന്നു….
അവന്റെ ചുണ്ടിലെ കുളിർമ ഒരു നനു സ്പർശമായി അവളിലേക്ക് പെയ്തിറങ്ങി……
ശുഭം
✍️ശാലിനി ഇ എ
Your article helped me a lot, is there any more related content? Thanks! https://www.binance.info/register?ref=IHJUI7TF
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Your point of view caught my eye and was very interesting. Thanks. I have a question for you.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/futures/ref?code=QCGZMHR6
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/sl/register?ref=GQ1JXNRE