മഴവില്ലു സീസൺ രണ്ട് പാർട്ട് – 2

പാർട്ട്‌ -2

              2
           വേദാ ബിൽഡേഴ്സ് എന്ന ബോർഡ് വച്ച ഇരുനില കെട്ടിടത്തിന്റെ മുൻപിൽ കാർ പാർക്ക് ചെയ്ത് അഭിമന്യു പുറത്തിറങ്ങിയ ഉടനെ സെക്യൂരിറ്റി ഗാർഡ് സല്യൂട്ട് ചെയ്‌തു....

“ഗുഡ്മോർണിംഗ് സാർ…”

“ഗുഡ്മോർണിംഗ് പീറ്ററേട്ടാ… മാഡം അകത്തുണ്ടോ?”

“ഉവ്വ്‌… വന്നിട്ട് അര മണിക്കൂറായി…”

അഭിമന്യു അകത്തേക്ക് നടന്നു… ഓഫീസ് റൂമിൽ സുഭദ്ര ആരോടോ ഫോൺ ചെയ്തുകൊണ്ട് ഇരിക്കുന്നുണ്ട്….. അമ്പതിന് മുകളിൽ പ്രായമുണ്ടെങ്കിലും അവരിന്നും സുന്ദരിയാണ്… അവർക്കും സീതാലക്ഷ്മിക്കും ഒരേ മുഖമാണെന്ന് അഭിമന്യുവിന് തോന്നാറുണ്ട്……. അവനെ കണ്ടതും അവർ കാൾ കട്ട് ചെയ്ത് ഭംഗിയായി പുഞ്ചിരിച്ചു…

“അഭി ഇരിക്ക്.,.” അവൻ അനുസരിച്ചു…

“ഹോസ്പിറ്റലിൽ പോയിട്ട് എന്തായി?”

“മെഡിസിൻ ഉണ്ട് ടീച്ചറേ…. എല്ലാം ശരിയാകുമെന്നാ ഡോക്ടർ പറയുന്നത്….”

“ഞാനും പ്രാർത്ഥിക്കുന്നുണ്ട് എത്രയും പെട്ടെന്ന് നിനക്കൊരു കുഞ്ഞുണ്ടാവാൻ…എന്നാലേ നിന്റെയും ശിവാനിയുടെയും കുട്ടിക്കളി മാറൂ….”

“ടീച്ചറും തുടങ്ങിയോ…,? ഇത് തന്നെയാ എല്ലാവരും പറയുന്നേ… കേട്ട് മടുത്തു… അല്ല, ഞങ്ങള് രണ്ടും ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നത് ആർക്കും സഹിക്കുന്നില്ല അല്ലേ?”

“അതല്ല അഭീ….. ആദ്യത്തെ കുഞ്ഞ് പെട്ടെന്ന് വേണം….. പിന്നെ ഒരു ഗ്യാപ് എടുത്തോ… പ്രശ്നമില്ല…”

“ഇത് പറയാനാണോ ടീച്ചർ രാവിലെ ഇങ്ങോട്ട് വന്നേ?”

“ഏയ്‌…. അല്ല….” അവർ മുന്നോട്ട് ആഞ്ഞിരുന്നു…..

“ഒന്നര വർഷം മുൻപ് ഇനിയെന്ത് വേണമെന്ന് അറിയാതെ പകച്ചു നിന്ന സമയത്താ യദുവും നീയും എന്നെ കാണാൻ വരുന്നത്…. ബിൽഡേഴ്സിന്റെ പാർട്ണർഷിപ് അന്ന് നിങ്ങൾ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും എന്ന് ചിന്തിക്കാൻ കൂടി വയ്യ…. നിങ്ങളുടെ കഠിനധ്വാനം കൊണ്ട് മാത്രമാണ് ഇന്ന് ഈ കമ്പനി നില നിൽക്കുന്നെ….. “

“ടീച്ചറും സീതാമ്മയും ബാല്യകാലസുഹൃത്തുക്കൾ ആയിരുന്നില്ലേ?…ആ സ്നേഹബന്ധത്തിന്റെ പേരിലാ കാഷ് പലയിടത്തു നിന്നും റോൾ ചെയ്ത് ഇത് ഏറ്റെടുത്തത്….. അല്ലാതെ ഈ ഫീൽഡിൽ ഞങ്ങൾക്ക് യാതൊരു എക്സ്പീരിയൻസുമില്ല….ഇവിടുത്തെ സ്റ്റാഫ് എല്ലാവരും ഒരുമിച്ച് നിന്ന് ഞങ്ങളെ എല്ലാം പഠിപ്പിച്ചു…. ഇതൊരു കൂട്ടായ്മയുടെ വിജയം ആണ് ടീച്ചർ … “

“അറിയാം അഭീ… എനിക്കും ഇതിനെക്കുറിച്ച് വല്യ ധാരണ ഇല്ല… ഞാനൊരു സാധാരണ ഹൈസ്കൂൾ ടീച്ചറായിരുന്നു …. പക്ഷേ വേദാബിൽഡേഴ്സ് ശ്രീധരേട്ടന്റെ വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമാ…”

അവരുടെ ശബ്ദം ഇടറി….

” അത്യാവശ്യം ഭൂസ്വത്തും മറ്റ്‌ ബിസിനസുകളും ഉണ്ടായിട്ടും ബിൽഡേഴ്‌സ് എന്നും പറഞ്ഞ് നടക്കുന്നത് വിവരക്കേടാണെന്ന് എല്ലാവരും ഉപദേശിച്ചു…പക്ഷേ സ്വന്തമായി ഒരു അറിയപ്പെടുന്ന കൺസ്ട്രഷൻ കമ്പനി എന്ന ലക്ഷ്യം ഊണിലും ഉറക്കത്തിലും കൊണ്ടു നടന്ന ആൾക്ക് തോൽക്കാൻ കഴിയില്ലല്ലോ… ചെറിയ തോതിൽ ആരംഭിച്ചതാ….. പതിയെ വളർന്നു തുടങ്ങി…. എനിക്ക് അന്നും പേടി ആയിരുന്നു…..ജയരാമനെ പാർട്ണർ ആക്കിയത് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബന്ധുവും സുഹൃത്തും ഒക്കെ ആണെങ്കിലും അയാളെക്കുറിച്ച് ആരും നല്ലത് പറയുന്നത് ഞാൻ കേട്ടില്ലായിരുന്നു…..ശ്രീധരേട്ടൻ അതൊന്നും കാര്യമാക്കി എടുത്തില്ല ..” കുറച്ചു ആർത്തി ഉണ്ടേലും അവൻ ബുദ്ധിമാനാടീ .. കേരളം മുഴുവൻ വേദാബിൽഡേഴ്സിന്റെ ബോർഡുകൾ എനിക്ക് കാണണം… അതിന് അവനെ പോലൊരാൾ കൂടെ ഉണ്ടായാലേ സാധിക്കൂ… ഒന്നുമില്ലേലും എന്റെ അനിയന്റെ സ്ഥാനത് ഉള്ളവനല്ലേ… ചതിക്കില്ല….. ” എന്നായിരുന്നു ശ്രീധരേട്ടൻ പറഞ്ഞോണ്ടിരുന്നത്…. പക്ഷേ ഞാൻ ഭയന്നത് തന്നെ സംഭവിച്ചു… ഫണ്ടിലെ ക്രമക്കേട് കണ്ടുപിടിച്ചപ്പോഴാണ് അനിയനെ പോലെ സ്നേഹിച്ചിരുന്നവന്റെ തനി സ്വഭാവം ഞങ്ങൾ അറിഞ്ഞത്… മാപ്പ് കൊടുക്കാൻ കഴിഞ്ഞില്ല..അയാളെ ശ്രീധരേട്ടൻ ഒഴിവാക്കി…. അതിന് കൊടുക്കേണ്ടി വന്ന വില ശ്രീധരേട്ടന്റെ ജീവനായിരുന്നു…. “

സുഭദ്രയുടെ കണ്ണുനീർ ടേബിളിൽ വീണു….

“ആക്സിഡന്റ് ഉണ്ടാക്കിയ ലോറി ഡ്രൈവർ കീഴടങ്ങിയതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു…. അതിന്റെ പിറകിലെ ബുദ്ധി ജയരാമന്റെ ആയിരുന്നു എന്ന് അവർക്കും അറിയാം… പക്ഷേ തെളിവില്ല…. വിധവയായ എനിക്ക് ബിൽഡേഴ്സ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഞാനിത് ആർകെങ്കിലും വിൽക്കുമെന്നും ആയിരുന്നു ജയരാമന്റെ കണക്ക് കൂട്ടൽ… അപ്പോഴാണ് ദൈവം അയച്ചത് പോലെ നിങ്ങൾ വന്നത്….”

അവർ കണ്ണുകൾ തുടച്ചു…

“ഒരാളുടെ ജീവനെടുത്തതിൽ കുറ്റബോധം തോന്നാത്തത് പോട്ടെ…. വീണ്ടും വീണ്ടും ദ്രോഹിക്കാൻ ശ്രമിക്കുന്നത് കാണുമ്പോഴാ സങ്കടം…”

“ഞാൻ അന്നേ പറഞ്ഞതല്ലേ ടീച്ചറേ, അവന്മാർക്ക് നല്ല പണി കൊടുക്കാമെന്ന്..? ടീച്ചറ് സമ്മതിക്കാഞ്ഞിട്ടല്ലേ?”

“അതൊന്നും വേണ്ട അഭീ…. ഒരുപാട് അനുഭവിച്ചിട്ടുള്ളയാളല്ലേ നീ?.. ചോരയുടെ മണമുള്ള ആ ദിവസങ്ങൾ ഇനി വേണ്ട…. അവർക്കുള്ളത് ദൈവം കൊടുത്തോളും… ഇപ്പോൾ നിന്നെ വിളിപ്പിച്ചത് മറ്റൊരു കാര്യം സംസാരിക്കാനാ….”

അവർ ഒന്ന് നിർത്തി..

“എനിക്ക് തീരെ വയ്യ…. ബാക്ക് പെയിൻ കാരണം ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാ… റസ്റ്റ്‌ എടുക്കാത്തതിന് ഡോക്ടർ എന്നും വഴക്ക് പറയും…. ഇനിയും ഇതേ പോലെ തുടർന്നാൽ വീണ് പോകും.. അതുകൊണ്ട് ഞാൻ വിശ്രമിക്കാൻ തീരുമാനിച്ചു…. വേദമോള് ഇവിടുത്തെ കാര്യങ്ങൾ നോക്കി നടത്തട്ടെ…. ശ്രീധരേട്ടന്റെ മിടുക്ക് അതുപോലെ അവൾക്ക് കിട്ടിയിട്ടുണ്ട്,….. എന്നേക്കാൾ നന്നായി അവള് എല്ലാം ചെയ്യും…. നീയും യദുവും എല്ലാം സഹായത്തിന് ഉണ്ടല്ലോ…. പക്ഷേ അതല്ല പ്രശ്നം….”

അവർ അഭിമന്യുവിന്റെ മുഖത്തേക്ക് നോക്കി….

“ബാംഗ്ലൂരിൽ വച്ച് അവൾക്കു നേരെ ഒരു ആക്രമണം ഉണ്ടായെന്ന് നിനക്ക് അറിയാല്ലോ… ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്… ശ്രീധരേട്ടനെ കൊന്നവരുടെ അടുത്ത ലക്ഷ്യം അവളാണെങ്കിലോ?… സെക്യൂരിറ്റിക്ക് ആളെ വയ്ക്കാമെന്ന് വച്ചാൽ അവള് സമ്മതിക്കില്ല…അതുകൊണ്ട് നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ…”

അഭിമന്യു കുറച്ചു നേരം ആലോചിച്ചു…

“എന്തായാലും വേദ ഇങ്ങോട്ട് വരട്ടെ ടീച്ചറേ… ബോഡിഗാർഡ്‌സിന്റെ അകമ്പടിയോടെ സഞ്ചരിക്കാൻ എല്ലാരും ഇഷ്ടപ്പെടില്ല.. പ്രൈവസി പോകും… വേദയെ ഇക്കാര്യത്തിൽ ഞാൻ കുറ്റപ്പെടുത്തില്ല….പിന്നെയുള്ള വഴി അവളെറിയാതെ അവളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ്….”

“അതെങ്ങനെ?”

അഭിമന്യു മേശപ്പുറത്ത് കൈകൾ വച് ഒന്ന് ചിരിച്ചു..

“ഇച്ചിരി ചീപ്പ് ഐഡിയ ആണ്… അത്യാവശ്യം ടാലന്റഡ് ആയ കുറച്ചു പേരെ സ്റ്റാഫ് ആയി നിയമിക്കുക…. അവർ തന്റെ പ്രോട്ടക്ഷന് വേണ്ടി ആണെന്ന് വേദ അറിയരുത്… “

“എനിക്ക് മനസിലായില്ല…” സുഭദ്ര നെറ്റി ചുളിച്ചു….

“ടീച്ചറേ…. പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള നിങ്ങളുടെ വീട്ടിൽ കേറി ആരും ആക്രമിക്കില്ല….അവിടെ നിങ്ങൾ സേഫ് ആണ്… പക്ഷേ പുറത്ത് അങ്ങനെ അല്ല…. അതുകൊണ്ട് തന്നെ കഴിവുള്ള ആളുകളെ നിങ്ങളുടെ ഡ്രൈവർമാരായി നിയമിക്കുന്നു… പത്തു പേര് ഒരുമിച്ച് വന്നാൽ തല്ലി തോൽപ്പിച്ച് നിങ്ങളെ രക്ഷിക്കാനൊന്നും ആർക്കും കഴിയില്ല… എന്നാൽ മറ്റാരെങ്കിലും സഹായത്തിന് എത്തുന്നത് വരെ പിടിച്ചു നിൽക്കാൻ ചങ്കൂറ്റവും ആരോഗ്യവും ഉള്ള ആളായിരിക്കണം ഡ്രൈവർ….. വേദയ്ക്ക് ഡൗട്ട് ഉണ്ടാവില്ല….”

“അങ്ങനെ ഒരാളെ എവിടുന്ന് കിട്ടാനാ?”

“നമുക്ക് കണ്ടെത്താം…. അതെനിക്ക് വിട്ടേക്ക്…”¹

അവൻ എഴുന്നേറ്റു…

“വേദയ്ക്ക്‌ നേരെ അറ്റാക്ക്‌ ഉണ്ടായത് ഞങ്ങൾ ഈ കഥയിൽ വരുന്നതിന് മുൻപാ… അതിന് ശേഷം ഒരു ഭീഷണി ഫോൺ കാൾ പോലും ഉണ്ടായിട്ടില്ല… കാരണം അഭിമന്യു ആരാണെന്ന് ജയരാമൻ അറിഞ്ഞിട്ടുണ്ട്… നിങ്ങളെ തൊട്ടാൽ ഞാൻ പ്രതികരിക്കുമെന്ന ഭയം…. എന്നും അതുണ്ടാവണമെന്നില്ല…. ഞാൻ നിങ്ങളോടൊപ്പം ഉള്ളത് പോലെ അയാളുടെ സഹായത്തിന് ആരെങ്കിലും എത്തിയാൽ തീർച്ചയായും ടീച്ചർ പറഞ്ഞത് സംഭവിച്ചേക്കാം… അതുകൊണ്ട് ആവശ്യമായ മുൻകരുതൽ നമ്മൾ എടുക്കുന്നു…. ടീച്ചറ് പേടിക്കണ്ട….എല്ലാം ഞാൻ നോക്കിക്കോളാം…ഇപ്പൊ ഞാൻ ഇറങ്ങട്ടെ….. ആ സ്കൂളിന്റെ വർക്ക് നടക്കുന്നിടത്തേക്ക് പോണം… എഞ്ചിനീയർ വിളിച്ചിരുന്നു….”

“ഞാനിന്ന് വൈകിട്ട് വീട്ടിലേക്ക് വരുന്നുണ്ട്.. സീതയെയും നാരായണേട്ടനെയും കണ്ടിട്ട് കുറച്ചായി…”

“ആണോ?.. എന്നാൽ വൈകുന്നേരം കാണാം…..”

അവരോട് യാത്ര പറഞ്ഞ് അഭിമന്യു പുറത്തേക്ക് നടന്നു……


രാമേശ്വരം… തമിഴ്നാട്…

സമയം രാത്രി പത്തുമണി…പീസ് അയലൻഡ് എന്നു പേരുള്ള റിസോർട്ടിന്റെ മുന്നിലേക്ക് ഒരു ബിഎം ഡബ്ല്യൂ കുതിച്ചെത്തി…അതിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി…. അവനെ കണ്ടതും പാർക്കിങ്ങിൽ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്ന തമിഴൻ ഓടിവന്നു..

“വേലൂ… അപ്പാ എങ്കെ?”

“റൂഫ് ബാറിൽ ഇരുക്ക് സാർ….”

പെട്ടെന്ന് ആ ചെറുപ്പക്കാരന്റെ മൊബൈൽ ശബ്ദിച്ചു…. ഒന്നെടുത്ത് നോക്കിയ ശേഷം അവനത് കാതിൽ വച്ചു..

“യെസ്… ആര്യൻ ഹിയർ…. ഹൂ ഈസ്‌ ദിസ്‌…?”

അപ്പുറത്ത് നിന്നുള്ള മറുപടി കേട്ടപ്പോൾ അവനൊന്ന് ചിരിച്ചു..

“അയ്യോ സാർ ആയിരുന്നോ?.. നമ്പർ കണ്ടപ്പോൾ ഞാൻ വേറാരോ ആണെന്ന് കരുതി…. എന്താ കാര്യം…?”

ആര്യൻ കാർ കീ വേലുവിന്റെ കൈയിൽ കൊടുത്ത് സംസാരിച്ചു കൊണ്ട് റിസോർട്ടിനു അകത്തേക്ക് നടന്നു….

“ആണോ?.. വെരിഗുഡ്… പറ്റിയ ഒരാളെ എത്രയും പെട്ടെന്ന് കണ്ടെത്തണം…കാശ് എത്ര വേണമെങ്കിലും എറിയാം….”

അവൻ ലിഫ്റ്റിൽ കയറി…. റൂഫ് ബാറിൽ എത്തിയപ്പോഴേക്കും സംസാരം അവസാനിപ്പിച്ച് ഫോൺ പോക്കറ്റിൽ ഇട്ടു.. അവിടെ അച്ഛൻ ജയരാമൻ ഇരിക്കുന്നുണ്ടായിരുന്നു..അധികം ഉയരമില്ലാത്ത, കുറച്ചു തടിച്ച,ഒരാളാണ് ജയരാമൻ… കഷണ്ടി കയറിയ തലയും ക്ളീൻ ഷേവ് ചെയ്തമുഖവും അയാൾക്കൊരു വില്ലന്റെ പരിവേഷം നൽകിയിരുന്നു…..

“എന്താടാ…?എന്തോ കോളടിച്ച പോലെയുണ്ടല്ലോ?… വേദ ബിൽഡേഴ്സിന്റെ ഉടമ സുഭദ്ര അന്തരിച്ചോ…?”

“അവരെ കൊല്ലുന്നതിനേക്കാൾ നല്ല വഴികൾ വേറെയുമുണ്ട്.. ..”

ആര്യൻ ഒരു പെഗ് വിസ്കി ഗ്ലാസിലേക്ക് ഒഴിച്ചു…

“അഭിമന്യുവും യദുകൃഷ്ണനും കൂടെയുള്ളപ്പോൾ അവരെ എന്തെങ്കിലും ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്….. പക്ഷേ നമുക്ക് ഇപ്പോൾ ഒരു ഗോൾഡൻ ചാൻസ് കിട്ടിയിട്ടുണ്ട്….എപ്പോവേണമെങ്കിലും ചാടി വീഴാവുന്ന ശത്രുക്കളിൽ നിന്നും അവളെ രക്ഷിക്കാൻ അഭിമന്യു കണ്ടെത്തിയ വഴി…. സെക്യൂരിറ്റി ഇഷ്ടമല്ലാത്ത വേദലക്ഷ്മിയുടെ ജോലിക്കാരായി എന്തിനും പോന്ന ചിലരെ നിയമിക്കുക…. അവിടെ നടക്കുന്നത് അപ്പപ്പോ അറിയിക്കാൻ നമ്മളൊരാളെ നിർത്തിയിട്ടില്ലേ…? പുള്ളി ഇപ്പൊ വിളിച്ച് പറഞ്ഞതാ..”

ജയരാമൻ അത്ഭുതത്തോടെ അവനെ നോക്കി.. പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി..

“അവന് വട്ടാ… സെക്യൂരിറ്റിക്ക് ഇനി എത്ര പേരേ നിർത്തിയാലും ഒരുദിവസം ആ കുടുംബത്തിൽ ബാക്കിയായ രണ്ടെണ്ണത്തിനെയും വെള്ള പുതപ്പിച്ചു കിടത്തും… അതെന്റെ വാശിയാ….”

“പക്ഷേ അങ്ങനെ സംഭവിച്ചാൽ ആദ്യം സംശയിക്കുന്നത് നമ്മളെ ആയിരിക്കും….. അതാണ് ഓരോ പ്രാവശ്യവും അച്ഛൻ വിഡ്ഢിത്തരങ്ങൾ പ്ലാൻ ചെയ്യുമ്പോ ഞാൻ തടയുന്നത്……”

“എന്നാൽ പറയെടാ.. എന്താ നിന്റെ മനസ്സിൽ…” ജയരാമൻ ചോദിച്ചു…

“പുതിയ ജോലിക്കാർ തന്റെ സുരക്ഷയ്ക്ക് എത്തിയതാണെന്ന് വേദ അറിയരുത് എന്നാണ് അഭിമന്യുവിന്റെ തീരുമാനം…. നല്ലത് തന്നെ.. പക്ഷേ അവരിൽ എന്റെ ആളും ഉണ്ടാകും… അവൻ ജോലി ചെയ്യുന്നത് എനിക്ക് വേണ്ടി ആയിരിക്കും….”

“ഇപ്പോൾ മനസിലായി… അവനെ കൊണ്ട് ആ പെണ്ണിനെ തട്ടിക്കളയാൻ… അല്ലേ….?”

“ഇതാണ് അച്ഛന് വിവരമില്ലെന്ന് ഞാൻ പറയുന്നേ….”

ആര്യൻ ഒരു സിപ് മദ്യം കുടിച്ചു…

“അവളെ കൊല്ലാൻ എനിക്ക് ഉദ്ദേശമില്ല,..”

“പിന്നെ?”

“കൊല്ലുന്നതിനു പകരം അവനവളെ പ്രണയിക്കണം.. അവൾ തിരിച്ചും… ഒരിക്കലും പിരിയാനാവാത്ത വിധം….ഒടുക്കം തന്റെ ആജന്മ ശത്രുക്കളുടെ ചതി ആണെന്ന് അവളറിയുമ്പോ അനുഭവിക്കാൻ പോകുന്ന വേദന ഉണ്ട്…. ഒരു മനുഷ്യനും.. പ്രത്യേകിച്ച് ഒരു പെണ്ണിനും താൻ ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവ് താങ്ങാൻ പറ്റില്ല…. അവൾ തളരും… ആ സമയം വേണ്ട രീതിയിൽ ഉപയോഗിച്ചാൽ വേദാ ബിൽഡേഴ്സ് അതായത് അച്ഛന്റെ സ്വപ്നം നമ്മുടെ കൈയിൽ ഇരിക്കും….”

“ഒന്ന് പോയെടാ…നിന്റെ അമ്മ എന്റെ ഭാര്യ ആയിപ്പോയി… അല്ലേൽ തള്ളക്ക് വിളിച്ചേനെ…”

ജയരാമൻ എഴുന്നേറ്റ് മുണ്ട് മുറുക്കി ഉടുത്തു…

“ഒരാളെ കൊല്ലാൻ കാശ് കൊടുത്താൽ ആളെ കിട്ടും… അല്ലെങ്കിൽ ഒരു പെണ്ണിനെ പിഴപ്പിക്കാനും ആളെ കിട്ടും… പക്ഷേ ഇവിടെ അതല്ല…. ഈ ജോലി ചെയ്യുന്നവൻ എന്തിനും പോന്നവൻ ആണെന്ന് അഭിമന്യുവിന് തോന്നണം… എന്നുവച്ചാൽ അത്യാവശ്യം നിന്നെപ്പോലെ തണ്ടും തടിയും മസിലും ധൈര്യവും ഉള്ളൊരുത്തൻ…. പക്ഷേ അവൾക്ക് ഇഷ്ടപ്പെടണമെങ്കിൽ വിദ്യാഭ്യാസവും കഴിവുകളുംപിന്നെ സുന്ദരനും ആയിരിക്കണം.,.. ഇതെല്ലാം ഒത്തിണങ്ങിയ ഒരുത്തനെ നീ എവിടുന്ന് കണ്ടെത്തും?… ചുമ്മാ ഓരോ മണ്ടത്തരവുമായി വന്നോളും മനുഷ്യനെ മിനക്കെടുത്താൻ…..”

അയാൾ അവന്റെ കൈയിലെ മദ്യം വാങ്ങി ഒറ്റവലിക്ക് കുടിച്ചു തീർത്തു…

“മരിക്കുന്നതിന് മുൻപ് ബിൽഡെഴ്സ് എന്റെ സ്വന്തമാക്കണമെന്ന അടങ്ങാത്ത വാശി ഇന്നുമുണ്ട്…. ഒരത്യാവശ്യം വന്നപ്പോൾ കുറച്ചു കാശ് തിരിച്ചു… അതിനാ ശ്രീധരൻ എന്ന ചെറ്റ എന്റെ കരണത്തടിച്ചത്…. അതും അന്നുവരെ എന്നെക്കാണുമ്പോ താണ് വണങ്ങിയിരുന്ന ജോലിക്കാരുടെ മുൻപിൽ വച്ച്… ഞാനും ഒത്തിരി വിയർപ്പൊഴുക്കിയാണ് വേദാ ബിൽഡേഴ്സ് വളർന്നതെന്ന് അയാള് മറന്നു…. ആട്ടിയിറക്കി വിട്ടതും പോരാഞ്ഞ് ഞാൻ കള്ളനാണെന്ന് എല്ലായിടത്തും പറഞ്ഞു നടന്നു….. അന്ന് മനസ്സിൽ കുറിച്ചതാ അവന്റെ അന്ത്യം…. ഞാനത് സാധിച്ചു…. അവന്റെ ഭാര്യയെയും മോളെയും കൂടി തീർക്കാൻ അവസരം നോക്കി നിന്നപ്പോഴാണ് ആപൽബാന്ധവനായി അഭിമന്യു അവതരിച്ചത്… “

അയാൾ ഒരു സിഗരറ്റ് കൂടി കത്തിച്ച് ആഞ്ഞു വലിച്ചു…

“ഇനി കാത്തിരിക്കാൻ വയ്യടാ…കൊലക്കുറ്റം ഏറ്റെടുക്കാൻ നൂറു പേരേ കിട്ടും….തള്ളചത്താലും അവൾ തളരുമല്ലോ…. ആ സമയം എങ്ങനെയെങ്കിലും ബിൽഡേഴ്സ് കൈക്കലാക്കാം…”

“അവിടെ അച്ഛന് തെറ്റി,…” ആര്യൻ വീണ്ടും മദ്യഗ്ലാസ് നിറച്ചു….

“ജീവിതം അടിച്ചു പൊളിച്ചു നടന്നിരുന്ന പഴയ പെൺകുട്ടി അല്ല വേദലക്ഷ്മി ഇപ്പോൾ…. ബോൾഡ്, ആൾസോ ഇന്റലിജെന്റ്….. എല്ലാവരും നഷ്ടപ്പെട്ടാലും അവൾ തോൽക്കില്ല… പകരം കൂടുതൽ ശക്തയാകും…കാരണം അവളുടെ കൂടെയുള്ളത് അഭിമന്യു ആണ്… ദേവരാജൻ എന്ന അതിബുദ്ധിമാന്റെ സാമ്രാജ്യം ഒറ്റയ്ക്ക് നശിപ്പിച്ചവൻ… സത്യപാലനെന്ന ബോൺ ക്രിമിനലിനെയും അയാളുടെ സൈന്യത്തെയും ക്രൂരമായി തീർത്തവൻ….”

ജയരാമൻ ഒന്നും മിണ്ടിയില്ല…

ആര്യൻ ഗ്ലാസ് അയാൾക്ക് നൽകി…

“അച്ഛൻ ഇതുകൂടി അടിച്ചിട്ട് പോയി കിടന്നോ…എല്ലാം നമ്മുടെ കൈയിൽ ഒതുങ്ങാൻ അധികനാൾ വേണ്ടി വരില്ല…”

കുറച്ചു നേരം ആലോചിച്ച ശേഷം ജയരാമൻ അത് വാങ്ങിക്കുടിച്ചു… പിന്നെ അകത്തേക്ക് നടന്നു…. ആര്യൻ ചെയറിലേക്ക് ചാരി ഇരുന്നു…

“വേദാ ….. നിന്റെ മനോഹരമായ കണ്ണുകളിലൂടെ രക്തം ഒലിച്ചിറങ്ങുന്നത് എനിക്ക് കാണണം…. നമ്മുടെ ആക്ഷൻ റൊമാന്റിക് ത്രില്ലർ സ്റ്റോറി തുടങ്ങുകയാണ്…ജസ്റ്റ്‌ വെയിറ്റ് ആൻഡ് എൻജോയ്…..

വന്യമായ ഒരു ചിരിയോടെ അവൻ കണ്ണുകളടച്ചു….


കുടക്….

മഞ്ഞുമൂടികിടക്കുന്ന തോട്ടത്തിലേക്ക് നോക്കി എസ്റ്റേറ്റ് ബംഗ്ലാവിന്റെ ജനലിനടുത്ത് നിൽക്കുകയാണ് സണ്ണി…..

“ഇത്തവണ മിസ് ആവില്ല സാർ….” ഡാനിയുടെ ശബ്ദം കേട്ട് അവൻ വാക്കറിൽ പിടിച്ചു തിരിഞ്ഞു…

“അമ്മാതിരി സ്കെച്ചാ ഞാനിട്ടിരിക്കുന്നെ…. അഭിമന്യുവും ദേവരാജന്റെ മോനും മോളും ഭാര്യയും എന്തിന്, ആ കുടുംബത്തിലെ പൂച്ചക്കുട്ടിയെ വരെ തീർത്തിട്ടേ അടങ്ങൂ…. ടീമിനെ ഇറക്കിയിരിക്കുന്നത് യൂ പി യിൽ നിന്നാ…… കാശ് കുറച്ചു ചിലവാകും….”

“എത്ര കാശായാലും പ്രശ്നമില്ല ഡാനീ….” സണ്ണി പല്ല് ഞെരിച്ചു…

“കൊല്ലം കുറേ ആയി ഞാനീ പകയും കൊണ്ട് അലയുന്നു… എന്റെ സ്വത്തുക്കൾ തട്ടിയെടുത്ത, അപ്പച്ചനെ കൊന്ന, ദേവരാജനെയും സത്യപാലനെയും വകവരുത്താനാ ഞാനന്ന് ശ്രമിച്ചേ… അതിന്റിടയിൽ അഭിമന്യു കയറി വന്നു….. എനിക്ക് വേണ്ടി കളത്തിലിറങ്ങിയ ഓരോ ആളുകളെയും അവൻ വീഴ്ത്തി… ഒടുവിൽ എന്നെയും…. അന്ന് സമാധാനിച്ചത് അവൻ പ്രതികാരം ചെയ്യാനാണല്ലോ വന്നതെന്നാ…. പക്ഷേ ദേവരാജന്റെ മോളെയും കെട്ടി അവനവിടെ സുഖിക്കുകയാണെന്ന് ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല…”

സണ്ണി വാക്കറിൽ പിടിച്ച് ബെഡിന് നേരെ നടന്ന് അവിടെ ചെന്നിരുന്നു…

“സത്യപാലനും ദേവരാജനും ചത്തത് കൊണ്ടായില്ല… ആ കുടുംബത്തിൽ ആരും ബാക്കി ഉണ്ടാവരുത്…… “

“അത് ഞാൻ തരുന്ന ഉറപ്പ്…” ഡാനി എഴുന്നേറ്റു….

“എന്നെ തല്ലി ചതച്ച് ദേവരാജന്റെ മോളെ രക്ഷിച്ചതൊന്നും ഞാൻ മറന്നിട്ടില്ല സാറേ…. ഇതിനൊരു അവസാനം കണ്ടിട്ടേ ഞാൻ വേറെ ക്വട്ടേഷൻ എടുക്കുന്നുള്ളൂ…..സാറ് ധൈര്യമായി നാട്ടിലേക്ക് വാ…. “

ഡോറിൽ തട്ടുന്ന ശബ്ദം കേട്ടു….

“ഡാനീ… ആ ബംഗാളിചെക്കൻ ഫുഡും കൊണ്ട് വന്നതാ… തുറക്ക്…”

സണ്ണി പറഞ്ഞു…. ഡാനി ചെന്ന് ഡോർ തുറന്നതും ഒരു ചവിട്ടേറ്റ് തെറിച്ചു വീണു… സണ്ണി ഞെട്ടിപ്പോയി…. ഒരാൾ റൂമിലേക്ക് പ്രവേശിച്ചു…. അത്യാവശ്യം നല്ല പൊക്കമുള്ള, ഉറച്ച ശരീരമുള്ള ഒരു ചെറുപ്പക്കാരൻ…. ബ്ലാക്ക് ഷർട്ടും പാന്റും ആണ് വേഷം….

“സണ്ണിച്ചായോ…. എന്നാ ഉണ്ട്?… സുഖമല്ലേ?”

അവൻ ഒരു സിഗരറ്റ് വായിൽ വച്ച് തീ കൊളുത്തിക്കൊണ്ട് ചോദിച്ചു…

“ആരാടാ നീ..?… എങ്ങനെ ഇതിനകത്തു കയറി…?.. ബാബൂ, നജീമേ…”

സണ്ണി അലറി… ആ ചെറുപ്പക്കാരൻ പുക ഊതിവിട്ട് ചിരിച്ചു..

“ആരും വരില്ല…കാവൽ നിന്ന രണ്ടെണ്ണത്തിനെയും ഉറക്കിയിട്ടാ ഞാനിങ്ങോട്ട് വന്നത്… എനിക്ക് സണ്ണിച്ചായനോട് കുറച്ചു സംസാരിക്കാനുണ്ട്..”

ഡാനി ചാടിയെണീറ്റ് അവന്റെ നേരെ കുതിച്ച് കൈ വീശി… സിഗരറ്റ് കടിച്ചു പിടിച്ചു കൊണ്ട് തന്നെ അവൻ ആ കൈ അനായാസം ബ്ലോക്ക് ചെയ്‌തു… ഡാനിയുടെ മൂക്കിൽ ആഞ്ഞൊരിടി…. അതോടെ ഡാനി പിറകിലേക്ക് വേച്ചു പോയി..ചെറുപ്പക്കാരൻ അരയിൽ നിന്ന് എന്തോ എടുത്ത് സണ്ണിയെ നോക്കി…

“കാളക്കൊമ്പാ….. ഒരു വെറൈറ്റിക്ക്…”

അടുത്ത സെക്കന്റ് അവൻ ഡാനിയെ ചുവരിലേക്ക് ചേർത്ത് നിർത്തി കഴുത്തിൽ കാളക്കൊമ്പ് കുത്തിയിറക്കി…ഡാനി പിടഞ്ഞുകൊണ്ടിരുന്നു… അവനാ കൊമ്പ് വലിച്ചൂരിയപ്പോൾ രക്തം പുറത്തേക്ക് ചീറ്റി…. ഒരു കുത്ത് കൂടി….. ഡാനിയുടെ ശരീരം നിലം പതിച്ചു….

“തീർന്നു…. ഇത്രയേ ഉളളൂ…. ഇതിനാണ് ഇവനിങ്ങനെ മസിലു പിടിച്ചത്…”

അവൻ സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കെടുത്തി… സണ്ണി വിറങ്ങലിച്ച് ഇരിക്കുകയാണ്…അവനും ചെയർ വലിച്ചിട്ട് അടുത്തായി ഇരുന്നു…

“നല്ല ഹാപ്പിയായി പൊയ്ക്കൊണ്ടിരുന്ന സണ്ണിതോമസിന്റെ ലൈഫിലേക്ക് ചെകുത്താനെ പോലെ കയറി വന്ന ദേവരാജൻ….. സ്വാഭാവികമായും ആർക്കും ദേഷ്യം തോന്നും… ദേവരാജനെ എന്തെങ്കിലും ചെയ്യണമെങ്കിൽ സത്യപാലൻ ഇല്ലാതാവണം…. ബീഹാറികളെ വച്ച് സത്യപാലന്റെ അനിയൻ രഘുവിനെ സണ്ണി അങ്ങ് കാച്ചി… അതോടെ സത്യപാലൻ നേരിട്ടിറങ്ങി… സണ്ണിയുടെ അപ്പൻ തോമസിനെ കൊന്നു…. കാമുകി ഷീബയെ തട്ടിക്കൊണ്ടു പോയി റേപ്പ് ചെയ്‌തു…. ഒരു തെലുങ്ക് ക്ളീഷേ മൂവി പോലെ…. അല്ലേ?”

സണ്ണി മിണ്ടിയില്ല…

“ഷീബയെ രക്ഷിക്കാൻ സണ്ണി വരുമെന്നും അപ്പൊ അനിയന് വേണ്ടി പ്രതികാരം ചെയ്യാമെന്നും കരുതി സത്യപാലൻ കാത്തിരുന്നു… പക്ഷേ സണ്ണി അനങ്ങിയില്ല.. പകരം ദേവരാജന്റെ കുടുംബത്തിനിട്ട് പണിഞ്ഞു… ഒന്നും വിജയിച്ചില്ല…. അവസാനം കാമുകിക്ക്‌ പകരം ദേവരാജന്റെ മോള് ശിവാനിയെ പൊക്കി…. അഭിമന്യു വന്ന് പഞ്ഞിക്കിട്ടു…. കുറേ കാലം കോമയിൽ കിടന്നു….. ആത്മ സുഹൃത്ത്, ഈ എസ്റ്റേറ്റിന്റെ ഉടമ യോഗേഷ് മാത്രമാണ് സഹായത്തിന് ഉണ്ടായിരുന്നത്…. വർഷങ്ങളുടെ ആശുപത്രിവാസത്തിന് ശേഷം ഇപ്പൊ വാക്കർ ഉപയോഗിച്ച് നടക്കാൻ പറ്റുന്നുണ്ട്… എന്നാലും വലതു കാലിന്റെയും വലത്തേ കൈയുടെയും സ്വാധീനം കുറഞ്ഞു….. തന്നെ ഈ നിലയിൽ ആക്കിയ അഭിമന്യുവിനോടുള്ള അടങ്ങാത്ത പകയുമായി പുതിയ പദ്ധതികൾ ഒരുക്കുന്നു,….”

“നീ ആരാടാ?.. അഭിമന്യു അയച്ചതാണോ?” സണ്ണി മുരൾച്ച പോലെ ചോദിച്ചു… അവനത് ശ്രദ്ധിച്ചില്ല…

“കഥയുടെ അവസാനമാണ് ട്വിസ്റ്റ്‌… സണ്ണിയുടെ പ്രാണസഖി ഷീബയ്ക്ക് സത്യപാലനോട് പ്രണയം…. നട്ടെല്ലില്ലാത്ത കാമുകനെക്കാൾ വില്ലനെ അവൾ സ്നേഹിച്ചു…. സത്യപാലന്റെ മരണത്തിന് ഉത്തരവാദികളായവരുടെ അടുത്തേക്ക് അവൾ വരുന്നു…. ലക്ഷ്യം പ്രതികാരം…. എന്നാൽ അവരുടെ സ്നേഹത്തിന് മുന്നിൽ ഷീബ തോൽക്കുന്നു…. ഒരു കൗൺസിലിംഗ് ഒക്കെ കഴിഞ്ഞപ്പോൾ അവൾ ഓക്കേ ആയി…. ചതിക്കുഴികളിൽ പെട്ടു ജീവിതം നശിച്ചു പോയ, അശരണരായ സ്ത്രീകൾക്ക് വേണ്ടി സീതാലക്ഷ്മി നടത്തുന്ന സ്ഥാപനത്തിന്റെ മേൽനോട്ടം ഇന്ന് ഷീബയ്ക്കാണ്…. കൊല്ലാൻ വന്നവളെ ചേർത്ത് പിടിച്ച അഭിമന്യുവും യദുകൃഷ്ണനുമെല്ലാം അവിടേം സ്കോർ ചെയ്‌തു……”

അവൻ സണ്ണിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…

“ഒരിക്കൽ തോറ്റതല്ലേ സണ്ണീ…?.. ഒരു മകൻ, കാമുകൻ, അങ്ങനെ എല്ലായിടത്തും നീയൊരു തോൽവി ആയിരുന്നു. സ്വന്തം അച്ഛനെയും സ്നേഹിച്ച പെണ്ണിനേയും രക്ഷിക്കാൻ നിന്നെ കൊണ്ട് കഴിഞ്ഞില്ല… എന്നിട്ട് ഇത്രയും വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രതികാരത്തിനു ശ്രമിക്കുന്നത് കുത്തിക്കഴപ്പ് അല്ലേ…?”

അവൻ എഴുന്നേറ്റ് കസേര ചവിട്ടിയെറിഞ്ഞു.. പിന്നെ സണ്ണിയെ ബെഡിലേക്ക് പിടിച്ചു കിടത്തി… സണ്ണി കുതറാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല…

“എന്നെ കൊന്നാലും അവരെ മരണത്തിൽ നിന്നും രക്ഷിക്കാൻ നിനക്കാവില്ലെടാ…”

സണ്ണി പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു..

“സോറി ഡാർലിംഗ്… ഞാനിത് ചെയ്യുന്നത് അവരെ രക്ഷിക്കാനല്ല… അവരിൽ ഓരോരുത്തരുടെയും പ്രാണൻ പോകുന്നത് എന്റെ കൈകൊണ്ടായിരിക്കണം എന്ന് നിർബന്ധമുണ്ട്… അതിനിടയിൽ നിന്റെ കോമഡി വേണ്ട….. “

അവന്റെ കൈ അന്തരീക്ഷത്തിൽ ഉയർന്നു താണു… കാളക്കൊമ്പ് സണ്ണിയുടെ വയർ തുളച്ചു…

“റിവെഞ്ച് ചെയ്യാനുള്ള ഗഡ്സൊന്നും നിനക്കില്ല സണ്ണീ…. നിനക്ക് ആ കുടുംബം മൊത്തം നശിക്കണം എന്നല്ലേ ആഗ്രഹം?… അത് ഞാൻ ഏറ്റു…. നീ അപ്പച്ചന്റെ കൂടെ പരലോകത്തിരുന്ന് അത് കണ്ട് ആസ്വദിക്ക്… “

അഞ്ച് തവണ കൂടി അവൻ കാളക്കൊമ്പ് കൊണ്ട് സണ്ണിയുടെ ശരീരത്തിൽ കുത്തി….അഞ്ചാം തവണ കൊമ്പ് വലിച്ചപ്പോൾ കുടൽമാലയും പുറത്തേക്ക് വന്നു…ബെഡ് രക്തത്തിൽ കുളിച്ചു…. പൾസ് നോക്കി മരണം ഉറപ്പിച്ച ശേഷം അവൻ എഴുന്നേറ്റ് ബാത്‌റൂമിൽ ചെന്ന് കൈകൾ കഴുകി… കാളക്കൊമ്പ് കഴുകി തുടച്ച് അരയിൽ വച്ച് രണ്ട് മൃതദേഹങ്ങളും ഒന്ന് നോക്കി….

“നിന്റെ ശത്രുക്കളെയും തീർക്കേണ്ട ഗതികേട് എനിക്ക് വന്നല്ലോ അഭിമന്യൂ?… ഇതിനൊക്കെ സ്മരണ വേണം സ്മരണ…”

ചൂളം വിളിച്ചു കൊണ്ട് അവൻ മുറിവിട്ടിറങ്ങി…… തുറന്നിട്ട ജനലിലൂടെ വന്ന കാറ്റിൽ രക്തത്തിന്റെ രൂക്ഷഗന്ധം എങ്ങും പരന്ന് തുടങ്ങി….

(തുടരും )

3 comments

  1. ഈ സ്റ്റോറി ഇക്കയുടെ വോയ്‌സിൽ കേൾക്കണം ❤️❤️അതാണ് പൊളി 👍❤️കർണൻ ചേട്ടന്റെ എല്ലാ സ്റ്റോറിയും അടിപൊളി ആണ് ♥️👌

  2. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല…അല്ലെങ്കിലും വായനക്കാരെ നിരാശരാക്കാത്ത ആളാണ് കർണൻ 🔥🔥🔥🔥🔥

Leave a Reply to Lubaiba Cancel reply

Your email address will not be published. Required fields are marked *