മഴവില്ലു സീസൺ രണ്ട് പാർട്ട് – 3

KARNNAN SURIYAPUTRAN

ഭാഗം -3

            പാലാട്ട് എന്ന ബോർഡ് വച്ച മതിൽക്കെട്ട് കടന്ന് ഗ്രേ കളർ  ബെൻസ്  കാർ അകത്തു പ്രവേശിച്ചു,,....കൊട്ടാരസദൃശ്യമായ ആ വലിയ വീടിന്റെ പോർച്ചിൽ കാർ നിന്നതും  ചെടികൾ നനയ്ക്കുകയായിരുന്ന ഒരാൾ ഓടിയെത്തി ഡോർ തുറന്നു.... കാറിൽ നിന്നും സത്യഭാമ പുറത്തിറങ്ങി..... വിലകൂടിയ സാരിയുടെ തുമ്പ് നിലത്ത് തട്ടാതെ ശ്രദ്ധിച്ചു കൊണ്ട് അവർ കീ അയാൾക്ക് നൽകി..

“തോമസേ…. കാറിന്റെ ഉൾഭാഗം ക്ലീൻ ചെയ്യണം…”

അയാൾ ഭവ്യതയോടെ തലയാട്ടി..

“മക്കൾ വന്നില്ലേ?”

“അച്ചുമോൻ കുറച്ചു മുൻപാ വന്നത്… വേറെയാരും എത്തിയിട്ടില്ല..”

അവർ ഇരുത്തി മൂളി അകത്തേക്ക് നടന്നു.. ജയരാമന്റെ ഭാര്യയാണ് സത്യഭാമ .അങ്ങനെ പറയുന്നതിനേക്കാൾ സത്യഭാമയുടെ ഭർത്താവ് ആണ് ജയരാമൻ എന്ന് പറയുന്നതാവും ശരി… കാരണം പാലാട്ട് തറവാട്ടിലും അവരുടെ ബിസിനസുകളിലുമെല്ലാം സത്യഭാമയുടേതാണ് അവസാനവാക്ക്,…. ജയരാമനു പോലും അവരെ പേടിയാണെന്ന് മറ്റുള്ളവർക്ക് തോന്നാറുണ്ട്. ആ നോട്ടത്തിന് മുൻപിലും മൂർച്ചയേറിയ വാക്കുകൾക്ക് മുൻപിലും ആരായാലും പതറും…മൂന്ന് മക്കളാണ്… ആര്യൻ, അശ്വിൻ..പിന്നെ ഏറ്റവും ഇളയമകൾ അനാമിക….. ആര്യനും അശ്വിനും ബിസിനസുകൾ നോക്കി നടത്തുകയാണ്.. സീഫൂഡ് എക്സ്പോർട്ടിങ്,.. അപ്പാർട്മെന്റ്സ്…റിസോർട്ട്, ഇതൊക്കെ കൂടാതെ പാലാട്ട് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമകൾ പ്രൊഡ്യൂസും ചെയ്യുന്നുണ്ട്…..അനാമിക എം ബി എ വിദ്യാർത്ഥിനിയും…….

റൂമിൽ കട്ടിലിൽ കിടക്കുകയായിരുന്ന അശ്വിൻ അമ്മയെ കണ്ടപ്പോൾ പിടഞ്ഞെഴുന്നേറ്റു…

“ഗുഡ്മോർണിംഗ് അമ്മാ…”

“നിന്നോട് ഇന്ന് രാവിലെ സീഫുഡ്‌സിലേക്ക് പോകാൻ പറഞ്ഞതല്ലേ..?”

അവർ പരുഷമായ സ്വരത്തിൽ ചോദിച്ചു..

“അത്… ഏട്ടൻ പൊയ്ക്കോളുമെന്ന് പറഞ്ഞത് കൊണ്ടാ..”

“ഏട്ടനല്ല.. ഞാനാ കാര്യങ്ങൾ തീരുമാനിക്കുന്നത്… പോകാൻ പറഞ്ഞാൽ പൊയ്ക്കോളണം….കേട്ടല്ലോ…?”

അവൻ തലയാട്ടി….

“നിന്റെ അച്ഛൻ എവിടെയാ?”

“എം എൽ എ രാഘവനെ കണ്ടിട്ട് ഉച്ചയാകുമ്പോ എത്തും…”

അവരൊന്ന് നീട്ടി മൂളി…. പിന്നെ അശ്വിനെ അടിമുടി നോക്കി…

” അച്ഛനോടും മക്കളോടുമായി ഒരു കാര്യം പറഞ്ഞേക്കാം….. കുടുംബത്തിൽ ഇത്രയും പേര് ഉണ്ടായിട്ടും ബിസിനസുകളിൽ നിന്നും വേണ്ടവിധത്തിൽ ലാഭം കിട്ടുന്നില്ല.. നിങ്ങളുടെയൊക്കെ അലസതയാ കാരണം…പാർട്ടി, ക്ലബ്‌, ഗേൾഫ്രണ്ട്‌സ്… ഇതൊക്കെ ഒഴിഞ്ഞിട്ട് പുന്നാരമോന് സമയം കിട്ടണ്ടേ? അല്ലേ?… നിന്റെ ഏട്ടനും അച്ഛനും പഴയ പകയും കൊണ്ട് നടക്കുന്നു… “

അവൻ മറുപടി പറഞ്ഞില്ല… ഒന്നവനെ തറപ്പിച്ച് നോക്കിയ ശേഷം സത്യഭാമ മുറിവിട്ടിറങ്ങി…. അശ്വിൻ ആശ്വാസത്തോടെ ബെഡിലേക്ക് വീണു….പിന്നെ ഫോണെടുത്ത് ആര്യനെ വിളിച്ചു…

“ഏട്ടൻ എവിടെയാ?”

“എന്താടാ?.. “

“അമ്മ രാവിലെ തന്നെ ചൂടിലാ.. എനിക്കുള്ളത് കിട്ടി…”

“അതെന്നും പതിവുള്ളതല്ലേ?.. നീ വച്ചോ.. ഞാൻ ഒരിടം വരെ പോകുകയാ..അമ്മ ചോദിച്ചാൽ ഞാൻ വൈകിട്ട് എത്തുമെന്ന് പറഞ്ഞേക്ക്…”

കാൾ കട്ടായി… അശ്വിൻ ബെഡിലേക്ക് ചുരുണ്ട് കൂടി…


“നിങ്ങള് വേണേൽ മെക്കാനിക്കിനെ വിളിച്ചു മൊത്തം നോക്കിച്ചോ… എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അഡ്വാൻസ് വാങ്ങിച്ചതിന്റെ കൂടെ അയ്യായിരം ഞാൻ ചേർത്തു തരും… എനിക്ക് കള്ളത്തരം ശീലമില്ല…”

സുബൈർ ഇടത് കൈ കൊണ്ട് നെഞ്ചിൽ രണ്ട് തട്ടു തട്ടി…

“ഞാനീ വണ്ടിക്കച്ചോടം നടത്താൻ തുടങ്ങിയിട്ട് കാലം കുറേ ആയി മോനേ… ഇന്നേവരെ ഒരാളും പരാതി പറഞ്ഞിട്ടില്ല..”

“അതോണ്ടല്ലേ നിങ്ങളുടെ അടുത്ത് തന്നെ വന്നത്…”

മാരുതി ആൾട്ടോയുടെ ബോണറ്റ് തുറന്ന് പരിശോധന നടത്തുകയായിരുന്ന വിഷ്ണു പുഞ്ചിരിച്ചു..

“എന്നാലും കാശ് കുറച്ചു കൂടുതലല്ലേ?”

“എടാ, നീ തന്ന കാശിനു ഇത് കിട്ടിയത് ഭാഗ്യം… കുറച്ചു കൂടി ഇറക്കാമെങ്കിൽ പുതിയ മോഡൽ വല്ലതും കിട്ടും..”

“അതൊന്നും വേണ്ട ഇക്കാ…ആഡംബരം കാണിക്കാനൊന്നുമല്ല, അനിയത്തിയെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോണമെങ്കിൽ ടാക്സി വിളിക്കണം…നമ്മുടെ സ്ഥലത്തേക്ക് വരാൻ ഓരോരുത്തനു വല്യ ഡിമാന്റാ..സ്വന്തം വണ്ടിയാകുമ്പോ ആരുടേയും കാല് പിടിക്കണ്ടല്ലോ… അല്ലാതെ ടൈൽസ് പണിക്കാരനായ എനിക്ക് എന്തിനാ കാറ്….?”

ഒരു ഓട്ടോ അവിടെ വന്നു നിന്നു.. അതിൽ നിന്നും സുമുഖനായ ഒരു യുവാവ് ഇറങ്ങി..

“നീ എവിടെയായിരുന്നെടാ..? എത്ര നേരമായി കാത്തു നിൽക്കുന്നു?” വിഷ്ണു കയർത്തു.

“ബാങ്ക് നിന്റെ അച്ഛൻ സുഗുണന്റെ ആണല്ലോ… പോയ ഉടനെ പൈസ എടുത്തു തരാൻ…”

അവനും വിട്ടുകൊടുത്തില്ല… പിന്നെ കൈയിലെ കവർ വിഷ്ണുവിന് നൽകി.

“അല്ല ആദീ, നിന്നെ ഇപ്പൊ കാണാറേയില്ലല്ലോ….? ടൗണിലൊന്നും വരാറില്ലേ?”

സുബൈർ ചോദിച്ചു…

“സമയം വേണ്ടേ ഇക്കാ… അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ഇവനെപ്പോഴും ഹോസ്പിറ്റലിൽ ആയിരിക്കും…ഏറ്റെടുത്ത പണി കുറേ ബാക്കിയാ… അതൊക്കെ തീർത്തു കൊടുക്കണ്ടേ…”

ആദി നേർത്ത ചിരിയോടെ പറഞ്ഞു…വിഷ്ണു കവർ സുബൈറിനു നേരെ നീട്ടി… ബിസ്മി ചൊല്ലിക്കൊണ്ട് സുബൈർ അത് വാങ്ങി..

“എണ്ണിനോക്ക്…”

“എനിക്ക് നിങ്ങളെ രണ്ടിനേം വിശ്വാസമാ… ഞാൻ പോട്ടെ….. വേറൊരു ഡീലിങ്ങ് ഉണ്ട്…”

സുബൈർ അവിടെ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്‌തു…

” ഗൾഫിലേക്ക് നല്ല വിസ ഒപ്പിച്ചു തരട്ടേ..? നിങ്ങൾക്ക് എക്സ്പീരിയൻസ് ഉണ്ടല്ലോ… “

“ആ പരിപാടിയും ഉണ്ടോ?? നിങ്ങള് നന്നായി സമ്പാദിക്കുന്നുണ്ടല്ലേ…?”

“നാല് പെണ്മക്കളാ മോനേ… വണ്ടിക്കച്ചോടത്തിൽ നിന്നു കിട്ടുന്നതിനെക്കൊണ്ട് എവിടെയും എത്തില്ല…ഇതൊക്കെ ഒറ്റത്തടി ആയി നടക്കുന്ന നിനക്കൊക്കെ എങ്ങനെ മനസിലാവാനാ..?”

സുബൈർ ബൈക്ക് മുന്നോട്ട് എടുത്തു…

“ഇന്നാ…. നീ ഡ്രൈവ് ചെയ്യ്…” വിഷ്ണു കാറിന്റെ കീ ആദിക്ക് നൽകി.

“ഓണർ നീയാ…. നീ ഓടിച്ചാൽ മതി…” ആദി പറഞ്ഞു..

“അതല്ല.. ഞാൻ രണ്ടെണ്ണം അടിച്ചിട്ടുണ്ട്.. ഇനി പോണ വഴിക്ക് ബാറിൽ കേറി നാലെണ്ണം കൂടി കഴിക്കണം…. കാർ വാങ്ങിയത് ആഘോഷിക്കണ്ടേ…? മദ്യപിച്ച് വാഹനം ഓടിക്കുന്നത് തെറ്റാ… നമ്മുടെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്….”

“അപ്പൊ എനിക്ക് അടിക്കണ്ടേ?”

“അത് അവിടെ ചെന്നിട്ട്…..ഇപ്പൊ മോൻ വണ്ടിയെടുക്ക്…”

ആദി ഡ്രൈവിങ് സീറ്റിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്‌തു….

“അങ്ങനെ കാർ വാങ്ങി… ജിപ്സി വാങ്ങണമെന്നായിരുന്നു ആഗ്രഹം… സാരമില്ല.. അഡ്ജസ്റ്റ് ചെയ്യാം..”

വിഷ്ണു കയറിയിരുന്നു സീറ്റ് ബെൽറ്റ്‌ ഇട്ടുകൊണ്ട് പറഞ്ഞു…

“എന്തിനാ കുറക്കുന്നെ?..റേഞ്ച് റോവർ നോക്കിക്കൂടെ?… എടാ, അവനവന്റെ കഴിവിന് അനുസരിച്ചുള്ള സ്വപ്നം കാണണം…. ജിപ്സി…എന്നെക്കൊണ്ട് പറയിക്കരുത്…….”

ആദി കാർ മുന്നോട്ടെടുത്തു…

“വിഷ്ണൂ, ആ രാജേട്ടന്റെ വീട്ടിലെ പണി പെട്ടെന്ന് തീർത്തുകൊടുക്കാൻ പറഞ്ഞു… പുള്ളീടെ മോളുടെ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാ….”

“അതിപ്പോ എങ്ങനാടാ?.. നമ്മൾ രണ്ടാളും മാത്രം വിചാരിച്ചാൽ നടക്കില്ലല്ലോ… കോളനിയിലെ പിള്ളേര് മൊത്തം ഫുട്ബോൾ ടൂർണമെന്റിന്റെ പിറകെയല്ലേ… ഒരുത്തനും പണിക്കു വരില്ല…”

“നീയാ സുമതിചേച്ചിയോട് വരാൻ പറ.. ഒരു ഹെൽപർ ഉണ്ടേൽ നമുക്ക് തുടങ്ങിക്കൂടെ…? ഞായറാഴ്ച ടൂർണമെന്റ് കഴിയും.. അതിന് ശേഷം മറ്റുള്ളവരെ കൂട്ടാം…”

“സുമതി ചേച്ചിയെ നീ വേണേൽ വിളിക്ക്… ഞാൻ മിണ്ടാറില്ല…”

“ങേ.. അതെന്ത് പറ്റി?”

“ഇന്നാള് ആ ഹാജിക്കയുടെ വീട്ടിൽ പണിക്ക്‌ അവരും ഉണ്ടായിരുന്നു… സിമന്റ് കുഴച്ച് തരാൻ പറഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും ആളെ കാണാതായി ഞാൻ പോയി നോക്കിയപ്പോൾ പുറകു വശത്തിരുന്ന് ഹാജിക്കയുടെ മോളുടെ കുഞ്ഞിനെ കുളിപ്പിക്കുന്നു….. ചോദിക്കുമ്പോ പറയുവാ ഇപ്പോഴത്തെ പെൺപിള്ളേർക്ക് കുഞ്ഞുങ്ങളെ കുളിപ്പിക്കാനൊന്നും അറിയില്ല പഠിപ്പിച്ചു കൊടുക്കുകയാണെന്ന്… എനിക്ക് കൺട്രോൾ പോയി കുറേ വഴക്ക് പറഞ്ഞു… അതിന് ശേഷം മിണ്ടാറില്ല….”

“എടാ അതൊരു പാവമാ… ആകെയുള്ള മോളെ ഉള്ളതെല്ലാം വിറ്റു പെറുക്കി കെട്ടിച്ചു വിട്ടു… അവളിപ്പോ അവരെ തിരിഞ്ഞു നോക്കാറില്ല……ഒറ്റയ്ക്ക് ഉള്ള ജീവിതത്തിൽ അവർ സന്തോഷം കണ്ടെത്തുന്നത് ഇങ്ങനൊക്കെയാ…. “

“എന്നുവച്ച് പണിക്ക് പോയ വീട്ടിലെ കൊച്ചിനെ കുളിപ്പിക്കാനും അപ്പി കോരാനും നിൽക്കണോ?”..

“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…”

“ആ പണയണ്ട…. ഒന്ന് ചവിട്ടി വിടെഡേയ്….”

ആദി കാറിന്റെ വേഗം കൂട്ടി…. ബാറിലേക്ക് പോകാനുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് കാറിന്റെ പിറകിൽ എന്തോ ഇടിച്ചത്…. ഒന്ന് പാളിപ്പോയെങ്കിലും ആദി ബ്രേക്ക് ചവിട്ടി കാർ സൈഡിലിലേക്ക് നിർത്തി പിറകിലേക്ക് നോക്കി…. ഒരു വൈറ്റ് കളർ ടോയോട്ട ഫോർച്യൂണർ……

“അവന്മാരെ ഇന്ന് ഞാൻ…” ആദിക്ക് തടയാൻ കഴിയും മുൻപ് വിഷ്ണു ഡോർ തുറന്നു പിറകിലേക്ക് ഓടി…ആൾട്ടോയുടെ ഇടതു വശത്തെ ലൈറ്റ് തകർന്നിട്ടുണ്ട്..

“എവിടെ നോക്കിയാടാ മലരേ നീ വണ്ടിയൊടിക്കുന്നേ..?”

അലറിക്കൊണ്ട് അവൻ ഫോർച്യൂണറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു….

“ഇതിന് സമാധാനം ഉണ്ടാക്കിയിട്ട് നീ പോയാൽ മതി….”

ഫോർച്യൂണറിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങുന്നത് വിഷ്ണു കണ്ടു..

“ചുമ്മാ ഷോ കാണിക്കല്ലേ…. നിന്റെ ഈ പാട്ട വണ്ടി വലത്തോട്ട് തിരിയുമെന്ന് ഞാനെങ്ങനറിയാനാ?”

“അതിനാടോ ഇന്റിക്കേറ്റർ ഇട്ടത്… തന്റെ കണ്ണിൽ കുരു ആയിരുന്നോ?… മര്യാദയ്ക്ക് ഇത് ശരിയാക്കാനുള്ള കാശ് എടുക്ക്…”

“ഇല്ലെങ്കിൽ?”

“ഇല്ലെങ്കിൽ താൻ ഇവിടുന്ന് പോകില്ല…”

“ചിരിപ്പിക്കാതെ പോടാ …” അയാൾ തിരിച്ചു ഫോർച്യൂണറിൽ കേറാൻ ഭാവിച്ചു.. അപ്പോഴാണ് തോളിൽ കൈ വീണത്… ആദി….

“നീയേതാടാ?” അയാളുടെ കണ്ണുകൾ കുറുകി…

“അങ്ങനെ പോയാലോ ?.. ഒന്നുകിൽ കാശ് തരണം… അല്ലെങ്കിൽ പോലീസ് കേസാക്കണം…”

“നിനക്ക് ഞാൻ ആരാണെന്ന് അറിയാമോ?”

“ഇല്ലല്ലോ… പക്ഷേ ഇനി ഡയലോഗ് അടിച്ചാൽ ഞാൻ ആരാണെന്ന് നീ അറിയും..”

അവന്റെ പിടിമുറുകി…ഫോർച്യൂണറിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി അവർക്ക് അരികിലെത്തി ആദിയെ പിടിച്ചു മാറ്റി..

“അനിയാ പ്ലീസ്.. പ്രശ്നം ഉണ്ടാക്കണ്ട…”

“പ്രശ്നം ഞങ്ങളല്ല ഉണ്ടാക്കിയത്… എന്തായാലും തുടങ്ങിയ സ്ഥിതിക്ക് തീർത്തിട്ട് പോയാൽ മതി….”

ആളുകൾ ചുറ്റും കൂടുന്നുണ്ടായിരുന്നു… ഹോണടിച്ചുകൊണ്ട് പോലീസിന്റെ ബൊലേറോ അവിടേക്ക് വന്നു…. അതിൽ നിന്നും സിഐ ജയകൃഷ്ണൻ ഇറങ്ങി.. അയാളെ കണ്ടതും ആദിയും വിഷ്ണുവും ബഹുമാനത്തോടെ ഒതുങ്ങി നിന്നു…

“എന്താ ആദീ പ്രശ്നം?”

“സാറേ ഞങ്ങടെ വണ്ടിയുടെ പിറകിൽ കൊണ്ടിടിച്ചിട്ട് മിണ്ടാതെ പോകാൻ നോക്കുവാ…”

ജയകൃഷ്ണൻ ഫോർച്യൂണറിൽ വന്നവരുടെ നേരെ തിരിഞ്ഞു…

“ആര്യൻ… പ്ലീസ്… കുറച്ചു നേരം കാറിൽ ഇരിക്ക്… വെറുതെ സീൻ ഉണ്ടാക്കണ്ട…ഡേവിഡേ… നീയും ചെല്ല്…”

കൂടെ വന്ന പോലീസുകാരോട് ട്രാഫിക് ക്ലിയർ ചെയ്യാൻ പറഞ്ഞ ശേഷം ജയകൃഷ്ണൻ ആദിയുടെ കൈ പിടിച്ച് മാറി നിന്നു…

“എടാ മുട്ടുമ്പോ ആളും തരവും നോക്കണം… അതാരാണെന്ന് അറിയാമോ നിനക്ക്?.. “

“ഇല്ല…”

“പാലാട്ട് ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ?… അതിന്റെ ഓണർ ജയരാമന്റെ മൂത്ത മോനാ… ആര്യൻ….”

“ഏത് പരശുരാമന്റെ മോനായാലും എനിക്കൊന്നുമില്ല…. സാറേ ഇല്ലാത്ത കാശ് കൊടുത്ത് വാങ്ങിയ വണ്ടിയാ…. അതിന്റെ കോലം നോക്ക്…. ഇതിന് പരിഹാരം ഉണ്ടാക്കിയില്ലേൽ അവന്റെ വീട്ടിൽ കേറി തല്ലും…. സാറിന് എന്നെ അറിയാല്ലോ…”

“അതൊക്കെ ഞാനേറ്റു…. നീ വണ്ടിയെടുത്ത് സതീഷിന്റെ വർക്ക് ഷോപ്പിലേക്ക് വിട്ടോ… ഞാൻ വിളിച്ചു പറഞ്ഞോളാം….വിഷ്ണൂ… ഇവനെയും കൊണ്ട് ചെല്ല്…”

“വാടാ… സാറ് പറഞ്ഞതല്ലേ…” വിഷ്ണു ആദിയെ ചേർത്ത് പിടിച്ചു… ഫോർച്യൂണറിനു അകത്തിരിക്കുന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ആദി കാറിൽ കയറി… കൂടെ വിഷ്ണുവും… ആൾട്ടോ മുന്നോട്ട് നീങ്ങി…പിറകെ വരാൻ പോലീസുകാരോട് നിർദേശിച്ചിട്ട് ജയകൃഷ്ണൻ ഫോർച്യൂണറിൽ കയറി…

“ഏതാ സാറേ ആ പിള്ളേര്?” ഡ്രൈവ് ചെയ്തുകൊണ്ട് ഡേവിഡ് ചോദിച്ചു…

“അത് പറയാം… ആര്യൻ, തെറ്റ്‌ നിന്റെ ഭാഗത്താ… പിന്നെന്തിനാ ചൊറിയാൻ നിന്നത്?.. കാശ് കൊടുത്ത് ഒഴിവാക്കിക്കൂടെ?”

“ഇവനെയൊക്കെ പേടിച്ചിട്ട് ചോദിക്കുന്നത് എടുത്തു കൊടുത്താൽ അതിനേ നേരം കാണൂ…. നമ്മൾ സ്ട്രോങ്ങ്‌ ആണെന്ന് കണ്ടാൽ കിട്ടിയതും വാങ്ങി മിണ്ടാതെ പോകും… ഇപ്പൊ എന്തുപറഞ്ഞാ ഒത്തുതീർപ്പ് ആക്കിയത്?”

“കാർ റിപ്പയർ ചെയ്ത് കൊടുക്കണം..”

“ഓക്കേ… എത്രയാണെന്ന് പറഞ്ഞാൽ മതി.. മര്യാദയ്ക്ക് സംസാരിച്ചിരുന്നെങ്കിൽ ആ കാറിന്റെ വില തന്നെ ഞാൻ കൊടുത്തേനെ… ബട്ട്‌ അവന്മാരുടെ പെരുമാറ്റം എനിക്ക് ഇഷ്ടപ്പെട്ടില്ല.. ആരാ അത്..?”

“ഇവിടെ ചോലക്കാട് കോളനിയിലെ പിള്ളേരാ…. ഇച്ചിരി പ്രശ്നക്കാരായത് കൊണ്ട് നോക്കിയും കണ്ടും ഡീൽ ചെയ്യണം… എന്നെ ഭയങ്കര കാര്യമാ…. അകത്താകുമായിരുന്ന ഒന്ന് രണ്ട് കേസിൽ നിന്നും ഞാൻ തടി ഊരികൊടുത്തിട്ടുണ്ട്… പക്ഷേ അതല്ല വിഷയം….”

ജയകൃഷ്ണൻ മുന്നോട്ട് നീങ്ങിയിരുന്നു…

“നമ്മുടെ പ്ലാനിനു പറ്റിയ ഒരാളെ വേണമെന്ന് നീ പറഞ്ഞിരുന്നില്ലേ?.. ഇവൻ കൊള്ളാമോ?”

ആര്യൻ അമ്പരപ്പോടെ ജയകൃഷ്ണനെ നോക്കി…

“ഇവനോ?”

“യെസ്… പേര് ആദി… തന്തേം തള്ളേം ഒന്നുമില്ല… അവന്റെ കൂടെയുള്ളത് വിഷ്ണു.. അവന്റെ ചങ്ക്… വിഷ്ണുവിനും അവന്റെ വീട്ടുകാർക്കും വേണ്ടി ആദി എന്തും ചെയ്യും… കാരണം അവനീ ലോകത്ത് അവർ മാത്രമേ ഉളളൂ…”

“പക്ഷേ ഇത്രയും വലിയൊരു ടാസ്ക് പിഴവ് പറ്റാതെ ചെയ്യാൻ അവന് സാധിക്കുമോ?”

ജയകൃഷ്ണൻ ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു…

“വിഷ്ണുവിന്റെ അനിയത്തി ഒരു ഹാർട്ട് പേഷ്യന്റ് ആണ്…. അവളുടെ ചികിത്സ… പഠന ചിലവുകൾ…. സാധാരണ കൂലിപ്പണിക്കാർക്ക് താങ്ങാവുന്നതിനേക്കാൾ ഭാരം ചുമക്കുന്ന അവരുടെ മുന്നിൽ നമ്മൾ വയ്ക്കുന്നത് വലിയൊരു ഓഫർ ആണല്ലോ…തീർച്ചയായും അവൻ ചെയ്യും…ആദ്യം ഞാൻ ഇത് നൈസ് ആയിട്ട് അവതരിപ്പിക്കട്ടെ…. എന്നിട്ട് നമുക്ക് ഒരുമിച്ച് ഇരിക്കാം… പക്ഷേ നിന്റെ ഈഗോ കളഞ്ഞിട്ട് വേണം സംസാരിക്കാൻ….”

ആര്യൻ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…

“എന്തേ?”

“അല്ല… സാറിന്റെ കാര്യം ചിന്തിച്ചതാ… വേദലക്ഷ്മിക്ക് പ്രൊട്ടക്ഷന് ഒരാൾ വേണമെന്ന് അഭിമന്യു തന്റെ വിശ്വസ്തനായ അഡ്വക്കറ്റ് ഹരിഹരനോട്‌ പറയുന്നു… ഹരിഹരൻ ആത്മസുഹൃത്തായ സാറിനെ ആ ജോലി ഏല്പിക്കുന്നു….. വേദലക്ഷ്മിയുടെ നാശം കാണാൻ ആഗ്രഹിക്കുന്ന എനിക്ക് സാർ ആ വിവരം ചോർത്തിത്തരികയും എനിക്ക് വേണ്ടി അഭിനയിക്കാൻ ഒരാളെ ഏർപ്പാടാക്കി തരികയും ചെയ്യുന്നു…സാറിന് കുറ്റബോധം ഒന്നുമില്ലേ?”

ജയകൃഷ്ണൻ കൗശലച്ചിരിയോടെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു… ഗൂഗിൾ പേ ഓപ്പൺ ചെയ്ത് അവന് നീട്ടി..

“ദാ… ഞാൻ ഇതിന്റെ ഭാഗത്താ…. അകൗണ്ടിൽ കാശ് കേറുമ്പോ വരുന്ന മെസ്സേജ് നോട്ടിഫിക്കേഷൻ ഇല്ലേ… അതാണ് എന്റെ ദൈവം…. അഭിമന്യു ഹരിഹരനോട് ഈ വിവരം പറഞ്ഞത് മരിച്ചുപോയ ശ്രീധരൻ.. അതായത് വേദലക്ഷ്മിയുടെ അച്ഛൻ അവന്റെ സുഹൃത്ത് ആയിരുന്നു എന്നത് കൊണ്ടാണ്…പക്ഷേ നിന്റെ അച്ഛൻ ജയരാമനോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്…. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഞാൻ വാങ്ങിയതിന് കണക്കില്ല… സോ ആ നന്ദി ഇങ്ങനൊക്കെ തീർക്കുന്നു….കാര്യം നടന്നു കഴിഞ്ഞാൽ ആദിക്ക് കൊടുക്കുന്നത് പോലെ നീ എനിക്കും തരുമെന്ന വിശ്വാസം ഉണ്ട്… ഈ ലോകത്ത് പണമാണ് എല്ലാം… റിട്ടയർ ചെയ്താലും എനിക്ക് ജീവിക്കണമല്ലോ…”

ആര്യൻ ഫോണിൽ വിരലുകൾ ചലിപ്പിച്ചു..

“എന്റെ സന്തോഷത്തിന് ഒരു ഗിഫ്റ്റ് ഞാൻ അയച്ചിട്ടുണ്ട്… ബാക്കി പിന്നെ..”

ജയകൃഷ്ണൻ മൊബൈലിലെ മെസ്സേജ് നോക്കി… ആ കണ്ണുകൾ വിടർന്നു..

“താങ്ക്സ്…. ഡേവിഡേ… എന്നെ ഇവിടെ ഇറക്കിയേക്ക്…”

ഡേവിഡ് ഫോർച്യൂണർ നിർത്തി… അയാൾ പുറത്തിറങ്ങി ആര്യന്റെ അടുത്തേക്ക് വന്നു…

“അവരുടെ കാർ റിപ്പയറിങ്ങിന്റെ കാശ് എത്രയാണെന്ന് ചോദിച്ചിട്ട് പറയാം.. കൊടുത്തേക്കണം… “

ആര്യൻ തലയാട്ടി…. ജയകൃഷ്ണൻ പിന്നാലെ വന്ന പോലീസ് ജീപ്പിൽ കയറി… അത് ദൂരേക്ക് മറഞ്ഞു…

“ഇങ്ങേരെ വിശ്വസിക്കാൻ പറ്റുമോ ?” ഡേവിഡ് ചോദിച്ചു..

“അഭിമന്യുവിന്റെ കൂടെ നിന്ന് ചതിക്കുന്നവനാ.. നാളെ നമ്മളെയും ചതിച്ചാലോ?”

“ഏയ്‌… നെവർ…” ആര്യൻ ചിരിച്ചു…

“വർഷങ്ങളായി അറിയുന്ന ആളാ… ഇനി അഥവാ ചതിച്ചാൽ അതിനുള്ള ശിക്ഷ ഞാൻ കൊടുക്കും…. എന്നെ നിനക്കറിയാലോ… നോ സെന്റിമെൻസ്…നീ വണ്ടിയെടുക്ക്…”

ഫോർച്യൂണർ മുന്നോട്ട് നീങ്ങി…


കുളി കഴിഞ്ഞ് യദുകൃഷ്ണൻ ബാത്‌റൂമിൽ നിന്നും മുറിയിലേക്ക് ഇറങ്ങിയപ്പോൾ മീനാക്ഷി മോളെ ഉറക്കുകയായിരുന്നു…

“ഇവള് ഇത്ര നേരത്തേ ഉറങ്ങിയോ?” അവൻ ചോദിച്ചു…

“ഉവ്‌… പകല് മുഴുവൻ ശിവയുടെ കൂടെ പറമ്പിൽ കളിച്ചു തിമർത്തതിന്റെ ക്ഷീണമാ… “

യദു വസ്ത്രം മാറി അവളുടെ അരികിൽ കിടന്ന് വയറിലൂടെ ചുറ്റിപ്പിടിച്ചു..

“എന്താണ് മാഷേ, റൊമാന്റിക് മൂഡിൽ ആണല്ലോ….?”

“റൊമാൻസ് അന്നും ഇന്നും ഒരുപോലെ തന്നെയാ മീനുക്കുട്ടീ….”

അവൻ മീനാക്ഷിയുടെ പിൻകഴുത്തിൽ ഉമ്മ വച്ചു…

“നിന്നെ കമ്പനിയിൽ എല്ലാരും ചോദിക്കുന്നുണ്ട്…”

“എങ്ങനെ വരാനാ കണ്ണേട്ടാ…? അമ്മാവന്റെ കാര്യം നോക്കാൻ അമ്മയെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നില്ല… തല്ക്കാലം ഇങ്ങനെ പോട്ടെ… അവിടെ ശിവ ഉണ്ടല്ലോ…”

“എനിക്ക് പഴയത് പോലെ നിന്നെ എന്റെ കൂടെ വേണം… ഓഫീസ് റൂമിലിരുന്ന് ഇടയ്ക്കിടെ വിളിക്കാനും, ചായ ഉണ്ടാക്കി തരാനുമൊക്കെ…”

“അയ്യട… കൂടുതൽ ഉത്തരവാദിത്തങ്ങൾ എടുത്ത് തലയിൽ വയ്ക്കുന്ന പരിപാടി ഞാൻ നിർത്തി മോനേ… വീട്ടുഭരണം ആണ് സുഖം….”

അവൾ യദുവിന് നേരെ തിരിഞ്ഞു കിടന്നു..

“കണ്ണേട്ടാ… അമ്മാവൻ പറഞ്ഞതോർക്കുമ്പോ നല്ല പേടിയുണ്ട്… അഭിയുടെ കാര്യം…..”

“എന്നേക്കാൾ നന്നായി നിനക്ക് അവനെ അറിയില്ലേ മീനൂ….. ഏത് കരുത്തനായ ശത്രു വന്നാലും അവനെ തോല്പിക്കാൻ പറ്റില്ല…. പോരാഞ്ഞിട്ട് അവനിപ്പോൾ പഴയ അഭിമന്യു അല്ല….. എറണാകുളം, കൊല്ലം , തൃശ്ശൂർ ഇവിടങ്ങളിലൊക്കെ ഒരുപാട് ചങ്ങാതിമാരുണ്ട്… അവന് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാൻ അവർ തയ്യാറാണ്…”

“അതൊക്കെ ശരിയായിരിക്കും… പക്ഷേ പണ്ട് നടന്നതിന്റെ ഒക്കെ ബാക്കി ആണോ, അതോ വേദാ ബിൽഡേഴ്സിന്റെ എതിരാളികൾ ആണോ വരാൻ പോകുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ….കണ്ണേട്ടാ… ഈ സുഭദ്രാമ്മ ശരിക്കും സ്കൂൾ ടീച്ചർ തന്നെ ആയിരുന്നോ?”

“ഉവ്വ്‌.. ശ്രീധരേട്ടൻ ഒരുപാട് വളർന്നിട്ടും അവരാ ജോലി വിട്ടില്ല… പണത്തിനോട് ആർത്തി ഒട്ടും ഇല്ലാത്ത പാവം…. അങ്ങനെ ഉള്ളവർക്കാണല്ലോ ഈ ലോകത്തിൽ പ്രശ്നങ്ങളും കൂടുക…… അദ്ദേഹം ഒരുപാട് വിയർപ്പൊഴുക്കി ഉണ്ടാക്കിയതാ വേദാ ബിൽഡെഴ്സ്…..സത്യഭാമയെ വേറെന്തോ വാശിപ്പുറത്താ ശേഖരക്കുറുപ്പ് ജയരാമനു കെട്ടിച്ചു കൊടുത്തത്… അയാൾക്ക് ആ കുടുംബത്തിൽ ഒരു പട്ടിയുടെ വിലപോലും ഉണ്ടായിരുന്നില്ല…. സ്വത്തുക്കൾ എല്ലാം സത്യഭാമയുടെ പേരിലും…. തന്റെ അനിയന്റെ സ്ഥാനത്തുള്ളവൻ ഇങ്ങനെ കഷ്ടപ്പെടുന്നത് കണ്ടു ദയ തോന്നി ശ്രീധരേട്ടൻ കൂടെ കൂട്ടി… ജയരാമൻ മിടുക്കനായിരുന്നു.. കഴിവ് തെളിയിക്കാനുള്ള അവസരം അയാൾ നന്നായി വിനിയോഗിച്ചു… പക്ഷേ പണത്തിനോടുള്ള അത്യാഗ്രഹം…. വേദാബിൽഡേഴ്സിൽ താൻ വെറുമൊരു പാർട്ണർ ആണെന്നും, തനിക്ക് സ്വന്തമായി എന്തെങ്കിലും വേണമെന്നുമുള്ള ചിന്ത…. ഭാര്യയുടെയും അവളുടെ വീട്ടുകാരുടെയും മുന്നിൽ തലയുയർത്തി നിൽക്കണമെന്നുള്ള ലക്ഷ്യത്തിന് വേണ്ടി അയാൾ ബിൽഡേഴ്സിലെ പൈസ ഉപയോഗിച്ചു…. ശ്രീധരേട്ടൻ അത് കണ്ടുപിടിച്ചപ്പോൾ അദ്ദേഹത്തെ കൊന്നു…. നമ്മൾ കൂടെ ഇല്ലെങ്കിൽ ഇന്ന് അതുപോലെ ടീച്ചറെയും വേദയെയും ഇല്ലാതാക്കിയേനെ….. “

“ഹോ.. എന്തൊരു ദുഷ്ടനാ…”

“ഏത് ദുഷ്ടനും വീണു പോകുന്ന ദിവസം വരും മീനൂ… എന്റെ അച്ഛന്റെ കാര്യം ഓർമയില്ലേ..? കുറേ മനുഷ്യരെ ഇല്ലാതാക്കിയിട്ട് ഒടുക്കം എന്തു നേടി? ജയരാമനും അതേ വിധി തന്നെയാവും…”

“എന്നിട്ട് അയാൾക്കിപ്പോ സ്വന്തം ബിസിനസ് ഉണ്ടോ?”

“എന്തൊക്കെയോ തരികിട പരിപാടികൾ ഉണ്ടെന്ന് തോന്നുന്നു…. പാലാട്ട് ഗ്രൂപ്പിന്റെ ഒരു ബിസിനസും അയാൾ ശ്രദ്ധിക്കാറില്ല.. അതൊക്കെ സത്യഭാമയും ആൺമക്കൾ രണ്ടുപേരുമാ നോക്കി നടത്തുന്നത്… അയാൾക്ക് രാഷ്ട്രീയത്തിലൊക്കെ അത്യാവശ്യം പിടിപാടുണ്ട്… പക്ഷേ ഇന്നും അയാളുടെ ലക്ഷ്യം ശ്രീധരേട്ടന്റെ കുടുംബത്തിന്റെ പതനമാണ്… പക്ഷേ ഒന്നും നടക്കാൻ പോണില്ല… നായകൻ അഭിമന്യു ഇപ്പുറത്ത് ഉണ്ടല്ലോ…”

“പക്ഷേ നായകന് ഒത്ത വില്ലൻ വന്നാലോ…? കണ്ണേട്ടന്റെ അച്ഛന്റെയും സത്യപാലന്റെയും പ്രതാപകാലത്ത് അഭിമന്യു അവർക്ക് വില്ലനായി വന്നത് പോലെ….”

അവളുടെ ശബ്ദം പതിഞ്ഞതാണെങ്കിലും ആ വാക്കുകൾ യദുകൃഷ്ണന്റെ മനസ്സിൽ കൊണ്ടു…

“ഒന്നും സംഭവിക്കില്ല… നീ ഉറങ്ങ് മീനൂ…”

“അഭി വന്നില്ലല്ലോ കണ്ണേട്ടാ?”

“അവൻ ആരെയോ കാണാൻ പോയതാ വന്നോളും…”

യദു അവളെ തന്റെ ദേഹത്തേക്ക് അടുപ്പിച്ച് കെട്ടിപ്പിടിച്ചു…. മീനാക്ഷി ഉറങ്ങിയിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല.. ആരോ പിറകെ ഉണ്ട്…. കുറച്ചു ദിവസങ്ങൾക്കു മുൻപ് തഞ്ചാവൂരിൽ വച്ച് മധുവിനെ ക്രൂരമായി കൊലപ്പെടുത്തിയത് യദുകൃഷ്ണൻ അറിഞ്ഞിരുന്നു… മദ്യപന്മാർ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിൽ എത്തിയതാണെന്ന് അവിടുത്തെ പോലീസുകാർ പറഞ്ഞെങ്കിലും അത് വിശ്വസിക്കാൻ കഴിയുന്നില്ല… പക്ഷേ മറ്റുള്ളവരെ വെറുതേ പേടിപ്പിക്കണ്ട എന്ന് കരുതി ഇക്കാര്യം മിണ്ടിയില്ല…. അഭിമന്യുവിനോട് പോലും ഇതെക്കുറിച്ച് സംസാരിച്ചിട്ടില്ല….. സമാധാനത്തോടെ കഴിയുന്ന തങ്ങളുടെ ജീവിതത്തിൽ അശാന്തിയുടെ കാർമേഘങ്ങൾ വീണ്ടും ഉരുണ്ട്കൂടുകയാണോ?…. നായകന് ഒത്ത വില്ലനായി ആരെങ്കിലും വരുന്നുണ്ടോ….?
അസ്വസ്ഥതയോടെ യദുകൃഷ്ണൻ എഴുന്നേറ്റ് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു….

(തുടരും ) ‎

One comment

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *