താന്തോന്നി പാർട്ട് 1

രചന ..റോസ് സൂസൻ

പാർട്ട് 1

” മോളെ നീ ആലോചിച്ചു തന്നെയാണോ അവിടെ ജോലിക്ക് പോകുന്നത്?”

അലമാരയുടെ മങ്ങിയ,കണ്ണാടിയിൽ നോക്കി കണ്മഷി എഴുതുകയായിരുന്നു ഇഷാനി.

“പോകാതെ പിന്നെ എന്ത് ചെയ്യും? അച്ഛൻ എനിക്ക് തന്നിട്ട് പോയത് വിദ്യാഭ്യാസവും, ഇട്ടുമൂടാനുള്ള കടവുമാണ്.  അതിൽ വിദ്യാഭ്യാസം കൊണ്ട് പറ്റാവുന്നത് ചെയ്യണം. വേദയുടെ   പഠനം പൂർത്തിയാക്കണ്ടേ? വേറെ വഴിയൊന്നും കാണാനില്ല. മൂർത്തി സാറിന്റെ കാർ  നിയന്ത്രണം വിട്ട് ഇടിക്കാൻ വന്നത് ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.കയ്യിലും കാലിലും ലേശം തൊലി നീങ്ങി അൽപ്പം വേദനിച്ചു. എന്നാലും ജോലി കിട്ടിയല്ലോ. ഗവൺമെന്റ് ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ച്  ഇരുന്നിട്ട് കാര്യമില്ല. ട്യൂഷൻ ക്ലാസ്സിൽ നിന്നും  കിട്ടുന്ന വരുമാനം ആവശ്യങ്ങൾക്ക് ഒന്നും തികയുകയും ഇല്ല. സർട്ടിഫിക്കറ്റുകൾ, അടക്കി വെച്ചിട്ട്  ഒന്നും കിട്ടാനില്ല. അക്കൗണ്ടന്റ് എങ്കിൽ  അക്കൗണ്ടന്റ്.. പോവുക തന്നെ.”

അച്ഛനെ പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കണം, അമ്മയുടെ മുഖത്തെ മാറ്റം  ശ്രദ്ധിച്ചു കൊണ്ട് നീണ്ട ഇട തൂർന്ന മുടി പിന്നിയിട്ട്,കണ്ണാടിയിൽ പറ്റി പിടിച്ചിരുന്ന കുഞ്ഞു ചുവന്ന പൊട്ടെടുത്തു നെറ്റിയിൽ തൊട്ടവൾ.ഇളം റോസ് നിറത്തിലുള്ള കോട്ടൺ ചുരിദാർ ആണ്  അവളുടെ വേഷം. ഒതുങ്ങിയ ശരീരം, നീണ്ട മൂക്ക്  പീലി നിറഞ്ഞ വിടർന്ന കണ്ണുകൾ ആരു കണ്ടാലും ഒന്നുകൂടി നോക്കി പോകുന്ന  സൗന്ദര്യം.ഇഷാനി ചന്ദ്രശേഖർ. 

ചന്ദ്ര ശേഖറിന്റെയും   രാജിയുടെയും  രണ്ടു മക്കളിൽ മൂത്തവളാണ്  ഇഷാനി ചന്ദ്രശേഖർ. പിജി കഴിഞ്ഞു. മൂന്ന് വർഷമായി  ജോലിക്ക് ശ്രമിക്കുന്നു. കവലയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു ചന്ദ്രശേഖർ. അപ്രതീക്ഷിതമായാണ് മരണം അയാളെ തട്ടിയെടുത്തത്. സ്വന്തം കാര്യത്തെക്കാൾ, പാർട്ടിയെയും  നാട്ടുകാരെയും സ്നേഹിച്ച ചന്ദ്രശേഖറിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ തെല്ലൊന്നുമല്ല ബാധിച്ചത്. ചന്ദ്രശേഖറിന്റെ അമ്മയടക്കം നാലുപേരുടെ  നിത്യ ചിലവ് നടന്നു പോകുന്നത്, ഇഷാനി ട്യൂട്ടോറിയൽ ക്ലാസിൽ ക്ലാസ്സെടുക്കാൻ പോകുന്നത് കൊണ്ടാണ്. അനിയത്തി ശ്രീവേദ എൻജിനീയറിങ് ആദ്യ വർഷം  പഠിക്കുകയാണ്.

” കഴിക്കാൻ കൊണ്ടുപോകുന്നുണ്ടോ ? “

അത്ര താല്പര്യം ഇല്ലാത്തതുപോലെ  ചോദിച്ചു രാജി.

” വേണ്ട…!!!”

ഒറ്റവാക്കിൽ മറുപടി ഒതുക്കി ടേബിളിൽ ഇരിക്കുന്ന ഫയൽ എടുത്ത് ഒന്നുകൂടി മറിച്ചുനോക്കി. ഷോൾഡർ ബാഗ് എടുത്ത് തോളിലിട്ടു.

ആ റൂമിൽ നിന്നും ഇറങ്ങി  ഇടനാഴിയിലൂടെ പൂജാമുറിയിലേക്ക് നടന്നു. ബാഗും ഫയലും  കസേരയിൽ വെച്ചിട്ട്  പൂജാമുറിയിൽ കയറി  ഇഷ്ട ദൈവത്തിനു മുന്നിൽ കൈകൂപ്പി  കണ്ണുകൾ അടച്ചു.

” കൃഷ്ണാ ഗുരുവായൂരപ്പാ.. പുതിയൊരു തുടക്കമാണ്. കാലിടറാതെ  അവിടുന്ന് കാത്തുകൊള്ളണേ..!!”

പ്രാർത്ഥന പൂർത്തിയാക്കി തട്ടിലിരുന്ന ചന്ദനത്തിൽ നിന്ന് അല്പം അണിവിരലിൽ തൊട്ടെടുത്ത് നെറ്റിയിൽ വരച്ചു. ചന്ദനത്തിന്റെ കുളിർമ നെറ്റിയിലേക്കും അതുപോലെതന്നെ മനസ്സിലേക്കും പടർന്നു അവളുടെ. പൂജാമുറിയിൽ നിന്നും ഇറങ്ങി ചുവരിൽ തൂക്കിയിരിക്കുന്ന അച്ഛന്റെ  ഫോട്ടോയിൽ ഒന്ന് നോക്കി. മൗനമായി ഒരു നിമിഷം..

” ചേച്ചി ഇറങ്ങാറായോ? 10 മിനിറ്റ് നിന്നാൽ ഞാനും കൂടി ഉണ്ട്. “

എതിർവശത്തുള്ള റൂമിൽ നിന്ന് ഇറങ്ങിവന്നു  ശ്രീവേദ.

” ഇന്ന് ആദ്യത്തെ ദിവസം അല്ലേ വൈകിയാൽ ശരിയാവില്ല. ചേച്ചിക്ക് നേരത്തെ പോകണം. ശ്രീക്കുട്ടി അടുത്ത ബസ്സിൽ വന്നാൽമതി. ചേച്ചി പോയിട്ട് വരാട്ടോ.. “

അനിയത്തിയുടെ കവിളിൽ ഒന്ന്  തട്ടിയിട്ട്  പുഞ്ചിരിയോടെ പറഞ്ഞു ഇഷാനി.

ഇടനാഴിയിലൂടെ  പൂമുഖത്തേക്ക് നടക്കുന്നവളുടെ  പിന്നാലെ ചെന്നു രാജിയും ശ്രീക്കുട്ടിയും. പടിപ്പുര കടന്ന് അച്ഛമ്മ വരുന്നത് കണ്ടപ്പോൾ, ഇഷാനിയുടെ മുഖം വിടർന്നു.

” അച്ഛമ്മ കുട്ടി ഭഗവാനോട് പറഞ്ഞോ കൊച്ചുമകൾ  ജോലിക്ക് പോകുന്ന കാര്യം? ഭഗവാനോട് കടം പറഞ്ഞു കാണുമല്ലോ വഴിപാടുകൾ നടത്താനുള്ള ചാർത്ത്.”

തമാശയോടെ ചോദിച്ചു ഇഷാനി  പടിക്കെട്ടുകൾ ഇറങ്ങി.

” നിനക്ക് വേണ്ടി വഴിപാടുകൾ കഴിക്കാൻ അച്ഛമ്മ ആരോടും കടം പറയാറില്ല കുട്ട്യേ..” തികച്ചും നിർവികാരമായ മറുപടി.

” സോറി അച്ഛമ്മേ… അച്ചാച്ചൻ അവിടെനിന്ന് അച്ഛമ്മയ്ക്ക് വട്ടച്ചിലവിനുള്ള പണം അയച്ചു തരുന്നുണ്ടല്ലോ അല്ലേ..? “

പറയുന്നതിനോടൊപ്പം  വീടിന് തെക്കുഭാഗത്തെ അസ്ഥിത്തറയിലേക്ക് നീണ്ടു അവളുടെ കണ്ണുകൾ. ഒരു കുളിർക്കാറ്റ് തന്നെ വന്ന് പൊതിയുന്നതുപോലെ തോന്നി അവൾക്ക്. ആ കാറ്റിന് അച്ചാച്ചന്റെ ദേഹത്തു നിന്നും വരുന്ന തൈലത്തിന്റെയും കുഴമ്പിന്റെയും  മണമാണെന്ന് അറിഞ്ഞു അവൾ.

” ന്റെ കുട്ടി നന്നായി വരും… “

ഇലച്ചീന്തിലെ പ്രസാദം അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തുകൊണ്ട്, അച്ഛമ്മ പറഞ്ഞു.

” പോയിട്ട് വരാട്ടോ.. “

അച്ഛമ്മയുടെ നെറ്റിയിൽ ഒരു  ചുംബനം നൽകിക്കൊണ്ട് ഇഷാനി പറഞ്ഞു.

മുറ്റം കടന്ന് പടിപ്പുരയിലേക്ക് കയറുമ്പോഴേക്കും, ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടു ഇഷാനിയുടെ മുഖം മാറി.

” ഇവൻ എന്തിനുള്ള പുറപ്പാടാണ്?? “

അച്ഛമ്മ പിറുപിറുക്കുന്നത് വ്യക്തമായി കേട്ടു ഇഷാനി.

പടിപ്പുരയിൽ നിന്നും കുറച്ചു മാറി മണ്ണിട്ട് നികത്തിയ ചെറിയ റോഡ് ഉണ്ട് മുറ്റത്തേക്ക് വാഹനങ്ങൾ വരാൻ. ബുള്ളറ്റ് ഒന്നുകൂടി റയിസ് ചെയ്യിപ്പിച്ച് ഭദ്രൻ നിർത്തി. അവന്റെ നോട്ടം ഇഷാനിയിൽ തറഞ്ഞു നിന്നു. കറുത്ത ഷർട്ടും വെള്ളയിൽ കറുപ്പ് കരയുള്ള  മുണ്ടുമാണ് വേഷം. ആറടി ഉയരം ഒത്ത ശരീരം, ആജ്ഞ നിറയുന്ന കണ്ണുകൾ. വലതു കൈയിൽ സ്വർണ്ണത്തിന്റെ കട്ടിയുള്ള ഇടിവള, ഇടതു കൈത്തണ്ടയിൽ  വിലകൂടിയ വാച്ച്.. മുണ്ടും മടക്കി കുത്തി രോമാവൃതമായ  തുട കാണിച്ചു കൊണ്ടുള്ള അവന്റെ ഇരിപ്പ് തന്നെ അവളിൽ അറപ്പ് ഉളവാക്കി. കാലൊന്ന് വീശി ബുള്ളറ്റിൽ നിന്നും ഇറങ്ങി അവൻ.

” തമ്പുരാട്ടി കെട്ടിയൊരുങ്ങി  ആരെ കാണിക്കാനാ പോകുന്നത്?? “

ധാർഷ്ട്യമായ ചോദ്യം ഒട്ടും  ഇഷ്ട്ടപ്പെട്ടില്ലവൾക്ക്.

” ഭദ്രേട്ടാ  തർക്കിച്ചു നിൽക്കാനുള്ള സമയമില്ല. കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞിട്ടുണ്ടാകുമല്ലോ അല്ലേ? “

പൂമുഖത്ത് നിൽക്കുന്ന അമ്മയെ ദഹിപ്പിക്കുന്ന തരത്തിൽ  ഒന്നു നോക്കി ഇഷാനി.

” നീ എന്തിനാ അപ്പച്ചിയെ നോക്കി പേടിപ്പിക്കുന്നത്? നീ ജോലിക്ക് പോകുന്ന കാര്യം ഞാൻ അറിയില്ല എന്ന് കരുതിയോ? ഇവിടെ ഒരു ഇല ഇനങ്ങിയാൽ, വലിയ വീട്ടിൽ ഭദ്രൻ അറിയും. കണ്ട നസ്രാണികളുടെ ഓഫീസിൽ ജോലിക്ക് പോയാലേ നിനക്ക് പറ്റൂ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഫിനാൻസിൽ വന്നിരിക്കാൻ അത് പറ്റില്ല അവൾക്ക്. ഊരു തെണ്ടാൻ ഒക്കില്ലല്ലോ”

” എനിക്ക് സാധ്യമല്ല.. ഞാൻ ആദ്യമേ പറഞ്ഞു. ഭദ്രേട്ടൻ ഉദ്ദേശിക്കുന്നത് നടക്കില്ലെന്ന്. മുറ പെണ്ണാണെന്നുള്ള അധികാരം എന്റെ അടുത്ത് കാണിക്കേണ്ട. എനിക്ക് അറിവില്ലാത്ത പ്രായത്തിൽ, അമ്മ തന്ന വാക്ക് അതിനപ്പുറത്തേക്ക് ആ ബന്ധം ഒരുതരത്തിലും വളർന്നിട്ടില്ല എന്റെ മനസ്സിൽ. ഇനിയും അതും പറഞ്ഞ് എന്റെ പിന്നാലെ വരണ്ട. എനിക്ക് എന്റെ വഴി..!!”

പറഞ്ഞുകൊണ്ട് വെട്ടി  തിരിഞ്ഞ് നടക്കാൻ തുടങ്ങിയവളെ, ഇടതു കൈയിൽ പിടിച്ചു  ഭദ്രൻ.

” നീ അങ്ങനെയങ്ങ് പോയാലോ? ഭദ്രൻ നിന്നെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ടെങ്കിൽ, സ്വന്തമാക്കാനും എനിക്കറിയാം. “

അവന്റെ കൈ കുതറി എറിഞ്ഞവൾ. അവളുടെ കണ്ണുകളിൽ നിന്നും  അഗ്നി പാറി..!!

( തുടരും)

One comment

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *