ഹൃദയ സ്പന്ദനങ്ങൾ

🧡ഹൃദയ സ്പന്ദനങ്ങൾ🧡

, (ചെറുകഥ )

“ടാ.. നാളെ ഞായറാഴ്ച നിന്റെ പെങ്ങമാരും കുട്ടികളും എല്ലാം വരും .. രാവിലെ പോയി ഇറച്ചിയോ മീനോ വാങ്ങി തരണം…

. “എന്തിനാ അവരെല്ലാം കുറ്റിയും പറിച്ചു ഇങ്ങട് വരുന്നേ .. ഈ ഞായറാഴ്ച എങ്കിലും ഇത്തിരി കിടന്നു ഉറങ്ങാം എന്ന് വിചാരിച്ചതാ…

“… അതൊക്കെ ഉണ്ട്.. നിന്റെ അച്ഛൻ വിളിച്ചിട്ടാ അവര് എല്ലാം വരുന്നത്.. "എന്റെ കല്യാണകാര്യം വല്ലതും ആണേൽ എനിക്ക് സമയം വേണം ... ഒരു രണ്ടു മാസം .. "അയ്യടാ .. അത് ഒന്നും അല്ല വീതം വയ്പ്പ് ആണ് .. ഇനി എന്തിനാ ഇതും കെട്ടിപിടിച്ചു ഇരിക്കുന്നെ ഉള്ളത് അളന്നു കൊടുകാം എന്ന് അച്ഛൻ.. "നല്ലത്.. അപ്പോൾ രാവിലെ തന്നെ മുങ്ങണം .. അമ്മേ ഞാൻ വാർക്കപണി ചെയ്തിട്ട് വന്നു കിടക്കുന്നത് ആണ് അല്ലാതെ കല്യാണത്തിന് ഉണ്ടിട്ട് വന്നു ക്ഷീണം തീർക്കുന്നത് അല്ല.. "അതിന് ഞാൻ നിന്നെ ശല്യപെടുത്തിയോ.. നിന്റെ പ്രായത്തിൽ ഉള്ളവർ പെണ്ണും കെട്ടി വീടും വച്ചു നീ ഇങ്ങനെ നടന്നോ.. "ആ രമ്യയുമായി ഞാൻ കല്യാണം കഴിച്ചു ഇപ്പോൾ ജീവിച്ചെന്നെ അമ്മ അല്ലേ അതിന് തടസ്സം നിന്നത്... "ശരി തന്നെ .. എന്റെ മോൻ ഇപ്പോൾ കഷ്ടപ്പെടുന്നത് എങ്കിൽ എനിക്ക് കാണാമായിരുന്നു... "പിന്നെ ഇപ്പോൾ ഞാൻ സുഖിച്ചു മറിക്കുക അല്ലേ .. നാലു സൈഡിലും ലോൺ കടം ഇതൊക്കെ എന്ന് തീരും എന്തോ.. "പെങ്ങമ്മാരെ കെട്ടിച്ചു അയയ്ക്കേണ്ടത് ആങ്ങളമാരുടെ കടമ തന്നെ അതിന്റെ കണക്കു പറഞ്ഞൂടാ.. "ശരി പറയുന്നില്ല.. അപ്പോൾ നാളെ ഇറച്ചി വാങ്ങണം അത്ര അല്ലെ ഉള്ളു പൈസയും സഞ്ചിയും എടുത്തു വച്ചോ.. "പിന്നെ പൈസ നീ അങ്ങ് തന്നു ഞാൻ കൂട്ടി വച്ചേക്കുക അല്ലെ ചോദിക്കുമ്പോൾ എടുത്തു തരാൻ.. പോടാ ചെക്കാ.. "ഇവിടെ ഭാരം ചുമക്കാൻ ഞാൻ മാത്രം.. എന്നിട്ട് വല്ല വിലയും ഉണ്ടോ അതുമില്ല.. ഞാൻ ഒന്നു ഉറങ്ങട്ടെ..

പിറ്റേന്ന് രാവിലെ തന്നെ സഞ്ചിയും എടുത്തു വിഷ്ണു ഇറച്ചി കടയിൽ ചെന്നു.. "നിന്നെ ഈ വഴിക്ക് ഒന്നും കാണാറില്ലലോ വിഷ്ണു.. എന്തു പറ്റി.. "ഒന്നും പറ്റിയാൽ തിരിച്ചു തരാൻ ഉള്ള സാമ്പത്തികം ഇല്ല അതാണേ... "പോടാ നിന്നോട് ഞാൻ പൈസ ചോദിക്കുമോ നല്ല മട്ടൺ ഉണ്ട് എടുക്കട്ടെ രണ്ടു കിലോ.. "എടുത്തോ അത് തന്നെ ആവശ്യം.. അളിയൻ മട്ടൺ മാത്രമേ കഴിക്കു... "ആരെ ഭായ് ദോ കിലോ മട്ടൺ.... ബംഗാളിയാ ഒരു ശല്യവും ഇല്ല മറ്റേവൻ ആണേൽ വെള്ളം കുടിച്ചു നടക്കും .. ഇതാവുമ്പോൾ ആടിന്റെ തല അറക്കാൻ പറഞ്ഞാൽ ആടിന്റെ.... "മതി.. നിനക്ക് പറ്റിയത് തന്നെ .. ടാ പൈസ എഴുതി വച്ചോ കിട്ടുമ്പോൾ തരാം.. "അത് മതി.. യോ ഇപ്പോഴാ ഒരു കാര്യം ഓർത്തത് ആ സഞ്ജു രണ്ടുകിലോയ്ക്ക് ഉള്ള പൈസ തന്നിട്ട് പോയി അവന്ന് എടുത്തു വച്ചില്ല..

“ടാ ഭായ് ബസ്.. സഞ്ജു കേലിയെ മട്ടൺ നിർത്തു നിന്റെ അറപ്പ്… ടാ വിഷ്ണു നീ ഇന്ന് ചിക്കൻ കൊണ്ടു തൃപ്തിപെടു ഒന്നോ രണ്ടോ കോഴി എടുത്തോ.. വേറെ ഇല്ലടാ മട്ടൺ.. ഡിമാൻഡ് അല്ലേ.. "സഹോ.. കടം ആയത് കൊണ്ടാണല്ലേ...

“അങ്ങനെ ചോദിച്ചാൽ… നിനക്ക് എന്നോട് കടം പറയാം ഈ ആടിന്റെ പൈസയ്ക്ക് ആൾ വൈകുന്നേരം വരും അവനോട് എനിക്ക് കടം പറയാൻ പറ്റോ.. കോഴി വേണേൽ എത്ര ആണേലും നീ എടുത്തോ…

“ഞാൻ പോയിട്ട് ഒന്ന് കറങ്ങി വരാം മീൻ വല്ലതും നല്ലത് ഉണ്ടോന്ന് നോക്കട്ടെ.. "അതിന് നിന്റെ കൈയിൽ പൈസ ഉണ്ട് അല്ലെ.... ബൈക്കിൽ കയറി കുറച്ചു ദൂരം ചെന്ന വിഷ്ണു ബൈക്ക് നിർത്തി പിന്നോട്ട് നോക്കി ഇരുന്നു...

“ആട് തോമയുടെ വീട്ടിൽ ഇന്ന് എല്ലാരും ഉണ്ടല്ലേ.. അതല്ലേ രാവിലെ ഇറച്ചി വാങ്ങിക്കാൻ.. അല്ലെ ഒന്നും വാങ്ങിച്ചില്ലേ..

“ആട്തോമ ആരാടി .. നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഇരട്ടപേര് മാറ്റാൻ ഞാൻ ആരാടി രമ്യത ഇല്ലാത്ത രമ്യേ…

“വാട്സാപ്പ് പിക്ചർ ആടിന്റെ ഇട്ടിരിക്കുന്നത് കണ്ടു അതാണേ .. ചോദിച്ചത് തെറ്റായി പോയെങ്കിൽ പൊറുക്കണം..

“അത് വെറും പിക്ചർ അല്ല എന്റെ ജീവിതം ആണ് അറക്കാൻ നിർത്തിയിരിക്കുന്ന ആട്.. "മ്മ്.. ആടും.. എന്തേ ഒരു വിഷമം ഉള്ളിൽ.. പൈസ ഒന്നും ഇല്ലല്ലേ.. "ഇല്ല.. നിന്റെ കൈയിൽ ഉണ്ടോ കുറച്ചു എടുക്കാൻ.. പണി ചെയ്ത കൂലി കിട്ടിയില്ല ഇന്ന് വൈകുന്നേരം ആവും.. "എത്ര ആണ്..വേണ്ടത്.. "എത്ര ഉണ്ട് കൈയിൽ... "മ്മ്.. ഇത് അൻപതു രൂപ നോട്ട് ഇത് മീൻ മേടിക്കാൻ.. രണ്ടു മൂന്നു ദിവസത്തേക്ക് നമ്മുക്ക് ഇത് മതിയാവും.. പിന്നെ ഈ പത്തു രൂപ ഇത് മുളകും തക്കാളിയും മറ്റും.. പിന്നെ ഉള്ളത് ഈ പത്തു രൂപ മാത്രം ഇത് എന്തിനാ എന്ന് ചോദിക്കു..

“നാരങ്ങ വെള്ളം കുടിക്കാൻ.. "അല്ല.. ഇത് എന്റെ കല്യാണ നിക്ഷേപം.. ഇത് ഞാൻ കുടുകയിൽ കൊണ്ട് ഇടും.. എങ്ങനെ. "...നല്ലത് പറ്റിയ ആളിനോട് തന്നെ പൈസ ചോദിച്ചു .. അല്ലെങ്കിൽ ആ കുടുക്ക പൊട്ടിച്ചു എനിക്ക് താ .. പലിശ തരാം...

“വേണോ ശരിക്കും…. പാടാണ് അത് എടുക്കാൻ .. ഒരു വലിയ കുടം ആണ് അടുക്കളയിൽ തറയിൽ കുഴിച്ചു മൂടി വാ വട്ടം മാത്രമേ പുറത്തു ഉള്ളു അതിന്റെ മീതെ അമ്മികല്ല് വച്ചു.. അമ്മയ്ക് മാത്രമേ ഈ രഹസ്യം അറിയൂ… "നീ കൊള്ളാമല്ലോ പെണ്ണെ.. ഇതുപോലെ വല്ല ട്രിക്കും പൈസ ഉണ്ടാകാൻ ഉള്ളത് എനിക്ക് കൂടി പറഞ്ഞു താ..

“എന്റെ ട്രിക്ക് പറഞ്ഞു തരാം..കൃഷിഭവനിലെ ചേച്ചിയെ ഞാൻ സോപ്പിട്ട് വച്ചിട്ടുണ്ട് അവിടെ എന്ത് വിത്ത് വന്നാലും എനിക്ക് കിട്ടും എന്റെ മാത്രം അല്ല ഒരു ലിസ്റ്റ് ഞാൻ തന്നെ തയാറാക്കി വച്ചിട്ടുണ്ട് ആൾക്കാരുടെ എന്നിട്ട് വീട്ടിൽ വച്ചു ആ വിത്ത് മുളപ്പിച്ചു തൈ ആകും എന്നിട്ട് അത് സുമേച്ചിയുടെ കടയിൽ കൊണ്ട് വയ്ക്കും ചേച്ചിക് കാൽ ഭാഗം.
ചിലവ് കാൽഭാഗം .. എനിക്ക് ലാഭം അരഭാഗം.. "ഹി ഹി അരഭാഗം.. "കിണിക്കല്ലേ.. ഞാൻ പോകുന്നു... വൈകിട്ട് പൈസ വല്ലതും ഉണ്ടേൽ വായനശാലയിൽ വരുമ്പോൾ തരാം...

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

“ആ ചെറുക്കൻ പോയിട്ട് വന്നില്ലല്ലോ…

“അവൻ ഇറച്ചി വാങ്ങിക്കാൻ പോയതല്ലേ അവിടെ തിരക്ക് ആയിരിക്കും… "അളക്കാൻ വന്നവന്ന് പൈസ കൊടുക്കേണ്ടേ....

“അപ്പോൾ അളന്നു കഴിഞ്ഞോ.. "പിന്നില്ലാതെ .. രണ്ടായി പകുത്തു വീടും തറയും.. കല്ലും ഇട്ടു... "അപ്പോൾ അവന്ന് ഒന്നും... "അവന്ന് എന്തിന്.. പെണ്ണ് കെട്ടുമ്പോൾ കിട്ടില്ലേ... നല്ല കുടുംബത്തിൽ ഉള്ള കൊച്ചിനെ നോക്കി എടുത്താൽ മതി.. "ആഹ്.. എന്തോ.. അവന്റെ കൈയിൽ പൈസ ഉണ്ടോ എന്തോ അളക്കാൻ വന്നവന്ന് കൊടുക്കാൻ നിങ്ങൾ മരുമോന്റെ കൈയിൽ നിന്നും വാങ്ങി കൊട്..

“ഛെ.. മോശം അത് അവൻ വരട്ടെ. ഏതായാലും….

” ദേ വന്നു അവൻ .. ഒന്നും ഇല്ലല്ലോ കൈയിൽ എന്ത് പറ്റി അവന്ന്…

“അളിയോ.. എവിടെ ആയിരുന്നു .. ങേ ഒന്നും വാങ്ങിച്ചില്ലേ എന്തുപറ്റി മുഖം വാടി ഇരിക്കുന്നു…. "ഒന്നും പറയേണ്ട... നേരെ ചെന്നു ചാടിയത് പോലീസിന്റെ മുൻപിൽ.. അയ്യായിരം രൂപ പെറ്റി.. പിന്നെ കൈയിൽ ഉണ്ടായിരുന്നത് എല്ലാം കൊടുത്തു ഊരി..

“ശോ.. കഷ്ടം… അളിയന്ന് എന്നെ ഒന്നു വിളിക്കാമായിരുന്നു… "അതൊന്നും നടക്കില്ല എസ് ഐ ആരും പറഞ്ഞാൽ കേൾക്കില്ല..

“അതല്ല ഞാൻ പോയി ഇറച്ചി വാങ്ങിക്കും ആയിരുന്നു.. ഇനി ചെന്നാൽ കിട്ടുമോ..

“കിട്ടും കിട്ടും.. അല്ലെങ്കിൽ അളിയൻ പൈസ തന്നാലും മതി ഞാൻ പോകാം..

“വേണ്ടളിയാ.. ഇറച്ചി ഇല്ലെങ്കിലും സാരമില്ല.. ഒരു നേരത്തെ കാര്യം അല്ലെ..

“അളവുകാരന്നു കൊടുക്കാനും നിന്റെ കൈയിൽ പൈസ ഇല്ലേടാ.. "ഇല്ല.. മൊത്തം അവർക്ക് കൊടുത്തില്ലേ.. (എന്റെ പോലീസുകാരെ കള്ളം പറഞ്ഞതിൽ ക്ഷമിക്കണേ )

“അത് സാരമില്ല അളിയാ അത് നമ്മൾ പകുത് കൊടുത്തോളാം .. പിന്നെ പ്രമാണം കഴിഞ്ഞാൽ ഉടനെ തന്നെ വീടിന്റെ പണി എനിക്ക് തുടങ്ങണം അടുത്ത മാസം കൊള്ളില്ല കന്നി ആണ് അളിയന്ന് അറിയാമല്ലോ..

“പിന്നില്ലാതെ അതിന് കലണ്ടർ നോക്കേണ്ട കാര്യം ഇല്ല..

“അപ്പോൾ ഉടനെ തന്നെ ഈ വീട് പൊളിച്ചു തുടങ്ങണം.. അങ്ങനെ ആവുമ്പോൾ അച്ഛനും അമ്മയും അളിയനും എവിടെ താമസിക്കും എന്നതാണ് വിഷയം..

“മോനെ.. എന്തിനാണ് ഇത് പൊളിക്കുന്നത് നല്ല വീട് അല്ലെ ഞാൻ ഒരുപാട് ആഗ്രഹിച്ചു ഉണ്ടാക്കിയത് ആണ് പൊളിക്കണോ..

“അമ്മാവാ.. വർഷം എത്ര ആയി വീട് വച്ചിട്ട് പോരാത്തതിന് ചോർച്ചയും ഉണ്ട് ഇപ്പോൾ വച്ചില്ല എങ്കിൽ പിന്നെ എപ്പോഴാണ് നമ്മളെ കൊണ്ട് പറ്റുന്നത് നമ്മുക്ക് ആവുന്ന സമയതല്ലേ പറ്റു.. "ശരി നിങ്ങളുടെ ഇഷ്ടം തരാനുള്ളത് ഞാൻ തന്നു ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം... "എങ്കിൽ പിന്നെ വിഷ്ണു അളിയൻ ഒരു വാടക വീട് ഉടനെ നോക്കു.. അതല്ലേ നല്ലത്... അല്ലെങ്കിൽ ഒരു വീട് ഉള്ള പെണ്ണിനെ ആയാലും മതി.. "മ്മ്.. നോക്കട്ടെ....

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

“അബദ്ധം ആയല്ലോടി… ഇപ്പോൾ നമ്മൾ പെരുവഴിയിൽ ആയി…

“സാരമില്ല നമ്മുടെ ചെറുക്കൻ ഉണ്ടല്ലോ കൂടെ.. "അവന്ന് നല്ല ഒരു കുടുംബത്തിൽ നിന്ന് പെണ്ണെടുക്കണം...

‘നല്ല തമാശ… അച്ഛാ നമ്മുടെ നാരായണ ഹോട്ടലിൽ ലുങ്കി ഉടുത്തു ചെന്നാലും നമ്മുക്ക് വില ഉണ്ട് എന്നാൽ അതുപോലെ ഏതെങ്കിലും വലിയ ഹോട്ടലിൽ ചെന്നുകയറാൻ പറ്റുമോ.. പിന്നെ പെണ്മക്കളെ കെട്ടിച്ചു അയയ്ക്കാൻ ഉള്ള പാട് ഒന്നും അച്ഛൻ അറിഞ്ഞില്ല എന്നാൽ ഞാൻ അറിഞ്ഞു.. അതുപോലെ തന്നെ എല്ലാ കല്യാണങ്ങളും .. ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്നെ നോക്കുന്ന സ്നേഹിക്കുന്ന ഒരു പെണ്ണ് മതി എനിക്ക് അത് രമ്യ ആണ്.. ഇന്ന് അവൾക്ക് എന്നേക്കാൾ സാമ്പത്തികം ഉണ്ട് ഭൂമി ഉണ്ട്.. പിന്നെ എന്ത് കുഴപ്പം…

“നിന്റെ ഇഷ്ടം.. അത് നടക്കട്ടെ എനിക്ക് എതിർപ്പ് ഇല്ല നീ പറഞ്ഞത് കാര്യം ആണ്.. ഞാനും ഒരു ചേട്ടൻ ആയിരുന്നു ..

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വായനശാല.. "ഹോ.. നോക്കു എന്തൊരു ലോകം ആണ് ഇത് കടയിൽ ചെല്ലുമ്പോൾ ചില്ലറ ഇല്ല.. ചില്ലറ കൊടുത്തു നോട്ട് തരാൻ പറഞ്ഞാൽ ആർക്കും ചില്ലറ വേണ്ട...

“കുടുക്ക പൊട്ടിച്ചു അല്ലെ..

“മ്മ്.. എല്ലാം നോട്ട് ആക്കി നല്ല ഒരു സംഖ്യ ഉണ്ട് പലിശ തരണം കേട്ടോ.. "അപ്പോൾ മുതൽ വേണ്ടല്ലേ.. "അതും വേണം... "എങ്കിൽ താ .. എന്നിട്ട് ഇവിടെ പുസ്തകം നോക്കിയും ആരെങ്കിലും വരുമ്പോൾ കൊടുത്തും ഇരുന്നോ ഞാൻ ഇപ്പോൾ വരാം..

“പെട്ടെന്ന് വരണേ.. അമ്മ മാത്രമേ ഉള്ളു വീട്ടിൽ…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“എവിടെ പോയതാ..

“ഒരു കാര്യം വാങ്ങിക്കാൻ.. "എന്നിട്ട് എവിടെ കാണട്ടെ.. "ഇതാ.. "ഇത് ആർക്കാ.. "ഞാൻ കെട്ടാൻ പോക്കുന്ന പെണ്ണിന് കൊടുക്കാൻ.. "നല്ല കമ്മൽ.. ശരി എങ്കിൽ ഞാൻ പൊയ്ക്കോട്ടെ.. "കണ്ണിൽ ഇപ്പോൾ പൊടി വീണോ നിന്റെ..

“ആയിരിക്കും.. ആ പുസ്തകം എടുത്തപ്പോൾ വീണു കാണും..

“എങ്കിൽ ഞാൻ കണ്ണിൽ ഊതി തരാം.. "എന്തിന് കെട്ടാൻ പോക്കുന്ന പെണ്ണിന് ചെന്ന് ഊതി കൊട്... "അതല്ലേ പറഞ്ഞത്.. ഊതി തരാമെന്ന് .. പെണ്ണെ നീ അല്ലാതെ ഏത് പെണ്ണ് എനിക്ക് .. ഇത് നിന്റെ പൈസ മാറ്റി സ്വർണം ആക്കി ഞാൻ നിന്റെ മനസ്സ് പോലെ.. ഞാൻ വരുന്നുണ്ട് അച്ഛനെയും കൂട്ടി അന്നേരം ഈ കമ്മലും ഇട്ടു നിൽക്കണം നീ..

“ശരി സാറേ.. ഇങ് താ.. 🧡

ബൂട്ടോ ✒️

One comment

Leave a Reply to binance anm"alningsbonus Cancel reply

Your email address will not be published. Required fields are marked *