വധശ്രമം

വധശ്രമം സമയം രാത്രി ഒരു പത്തര പതിനൊന്ന് ആയിക്കാണും..... ഷോക്കടിച്ചത് പോലെ ഉള്ള മുടിയിഴകളിൽ മുഷ്ടി ചുരുട്ടി പിടിച്ച് കോട്ടുവായയുമിട്ട് ഡോക്ടർ കാഷ്വാലിറ്റിയിലെ പരിശോധനമുറിയിൽ ഇരുന്ന് ചിന്താമഗ്നനായി..

” പതിവിലും കവിഞ്ഞ ഒരു നിശബ്ദതയാണല്ലോ ഇന്ന്.. എന്തിനുള്ള പുറപ്പാടാണാവോ ?? .. അൽപ്പം മയങ്ങുവാനായി എണീക്കണോ കാവിലമ്മേ “
പലതരം ചിന്തകളിൽ മുഴുകിയ ഡോക്ടർ ചുറ്റിലും ഒന്ന് കണ്ണോടിച്ചു.. ” എന്താപ്പാ കഥ … കൗരവപ്പട കണക്കെ കയറി വന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും അർജ്ജുനന്നെ പോലെ പട വെട്ടീട്ടും സൗന്ദര്യത്തിന് അൽപ്പം പോലും കോട്ടം തട്ടാൻ സമ്മതിക്കാത്ത സുന്ദരിയും സുശീലയുമായ മാലാഖ രാത്രിയാണെന്ന് പോലും ഓർക്കാതെ തന്റെ മുടിയുടെ ഭംഗി ഒന്നൂടി അങ്ങട് പൊലിപ്പിക്കുകയാണല്ലോ…….
എങ്ങോട്ടാ എന്റെ സിസ്റ്ററെ രാത്രീല് മുടിയൊക്കെ മിനുക്കീട്ട് ??
ഒന്നു പോ സാറെ …. ഇതാണ് ഇപ്പത്തെ ട്രെൻഡ്….. മുന്നിൽ കേർളീ ഹെയർ .. നെറ്റീടെ അവിടുന്ന്ഒരു അഞ്ചാറ് മുടി അങ്ങ് അടർത്തി മാറ്റി ഇങ്ങനെ ചെവിക്ക് മുന്നിലായി ഇടണം…. ഏതു സമയവും മലമൂത്രവിസർജ്ജനം ഒക്കെ നന്നായി നടക്കുന്നുണ്ടോ നോക്കി നിൽക്കുന്ന സാറിന് ഇതൊന്നും മനസ്സിലാവൂല…
കിട്ടേണ്ടത് കിട്ടിയപ്പോൾ ഡോക്ടർക്ക് തിരുപ്പതിയായി.. പുല്ല്… ചോയിക്കണ്ടായിരുന്നു .. ആത്മഗതം നടത്തി ഡോക്ടർ വീണ്ടും ചിന്തകളിലേക്ക് ഊളയിട്ടു..
ഊളിയിട്ടു ഊളിയിട്ടു കണ്ണുകൾ പാതി കൂമ്പിയ നേരത്ത് പൊടുന്നനെ സകലമാന ബൾബുകളും കത്തിച്ച് ഹോണും മുഴക്കി മാത്രമല്ല പുറത്തേക്ക് മൂന്നാല് തലകളും പത്ത് പതിനഞ്ച് കൈകാലുകളും ഒക്കെയായി “രാജകുമാരൻ ” ഓട്ടോറിക്ഷ കാഷ്വാലിറ്റി മുറ്റത്ത് ഒരു നിൽപ്പ്… ഡോക്ടർ രാജകുമാരനെ ദയനീയമായി നോക്കി.. വിളറിയ ചിരിയോടു കൂടി രാജകുമാരനും ..
” ആ…. ബെസ്റ്റ്.. ഷർട്ടിലൊക്കെ ചോരയാണല്ലോ.. രാവിലെ വരെ ഉള്ളതായി.. രാത്രീല് കഴിച്ച ബിരിയാണീന്നുള്ള ഊർജ്ജം മുഴുവൻ ഇവര് കൊണ്ടോവല്ലോ.. രാവിലെ എണീച്ച് ഒരു അധോവായു ഇടാനുള്ള സ്കോപ്പ് പോലും ഇല്ലാണ്ടാക്കിക്ണ് ” ഡോക്ടർ പിറുപിറുത്തു..
ആരാണ്ടൊക്കെ ചേർന്ന് തല്ലി തല പൊളിച്ച് റോഡിലിട്ടു പോയതാ.. കിടക്കുന്ന കിടപ്പ് കണ്ടപ്പം അവിടെ ഇട്ടേച്ച് വരാൻ തോന്നീല.. ഇനി സാറന്മാര് എന്തൊക്കെയാ വച്ചാല് ചെയ്തോളി..
” ഇതിപ്പം ശരിയാക്കിത്തരാ… ആ സ്പാനറിംഗെടുത്തേ ” എന്ന് പറയാൻ വന്ന തന്റെ നാവിനെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഡോക്ടർ വായിക്കുള്ളിലേക്ക് തന്നെ വിഴുങ്ങി… തന്റെ എല്ലാമെല്ലാമായ സ്‌റ്റെതസ്കോപ്പിനെ കഴുത്തിൽ ചുറ്റി ചോരയിൽ കുളിച്ച മനുഷ്യന്റെ അടുത്തേക്ക് നീങ്ങി… തലയിൽ നല്ല നീളത്തിലും ആഴത്തിലും കല്ലുമ്മക്കായയുടെ തോട് അടർത്തി വച്ച പോലെയുള്ള ഭംഗിയുള്ള ഒരു മുറിവ്… നാഡിപരിശോധനയും ഹൃദയമിടിപ്പും ശ്വാസോച്‌ഛ്വാസ പരിശോധനയും കഴിഞ്ഞപ്പോൾ മുറിവിന്റെ അസ്കിതയല്ലാതെ വേറൊന്നിനും ഒരു തകരാറുമില്ലെന്നും പേടിച്ചരണ്ട് ബോധരഹിതനായതാണെന്നും ഡോക്ടർക്ക് പിടികിട്ടി..
സമാധാനത്തോടെ മുറിവ് തുന്നാനുള്ള കാര്യപരിപാടകളിലേക്ക് നീങ്ങാം എന്ന് കരുതി തിരിഞ്ഞ ഡോക്ടർ അന്തം വിട്ടു.. സൗന്ദര്യമൂർത്തിയായ സിസ്റ്റർ ചന്തീമേല് പഴുപ്പിച്ച ചട്ടകം കൊണ്ട പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.. കൂടെ സഹായി അറ്റൻഡർ ചേട്ടനും .. ഡോക്ടറുടെ നോട്ടം കണ്ട സിസ്റ്റർ അടുത്തു വന്ന് മന്ത്രിച്ചു .. ” സാറെ , എന്തേലും ചെയ്തൂന്ന് വരുത്തീലേൽ ഇവന്മാര് കയറി പഞ്ഞിക്കിടും.. “
അങ്ങനെ ഓരോ പൊടികയ്കളുമായി നീങ്ങുമ്പോളാണ് കാഷ്വാലിറ്റിയിലേക്ക് അഞ്ചാറ് രാജ്യസേവകർ കയറി വന്നത്.. ഖദർധാരികളും ഖദർ അല്ലാത്ത ലുങ്കി ഇട്ടവരും ഉണ്ട്.. അന്തരീക്ഷം ബഹളത്താൽ അനുഗ്രഹീതമായി..മുന്നിലുള്ള ഖദർധാരി ആരെയും വകവെയ്ക്കാതെ രോഗീടെ അടുത്തെത്തി..
” മാധവേട്ടാ മാധവേട്ടോ .. കണ്ണ് തുറയി “
പേടിച്ച് ബോധം പോയത് ഒരു വിളീല് തിരിച്ചു വര്യോ.. നോ രക്ഷ.. പിന്നെ തിരിഞ്ഞു ഡോക്ടറുടെ അടുത്ത്..
” മാധവേട്ടനാണ് ഇത്.. പാർട്ടി ജില്ലാ കൺവീനർ.. മറ്റവൻമാര് പണിതതാ.. അത് ഞങ്ങൾ കൊടുത്തോളാം.. സാറെ .. മാധവേട്ടന് ഒന്നും പറ്റരുത്.. “
ഡോക്ടർ ഒരു നിമിഷം ആലോചിച്ചു.. അവസാനം പറഞ്ഞതിൽ ഭീഷണിയുടെ സ്വരം ഉണ്ടോ.. സിസ്റ്ററുടെ മുഖത്തേക്ക് നോക്കി.. സിസ്റ്റർ കണ്ണ് കൊണ്ട് ശരി വെച്ചു.. എന്നാൽ പിന്നെ ഒന്നും നോക്കണ്ടാ.. ”പോലീസിനെ വിളിക്കീ.. ” സിസ്റ്ററോട് വേറാരും കേൾക്കാതെ പറഞ്ഞു.. ” അത് ഞാൻ ഏറ്റു ” സിസ്റ്റർ തല കുലുക്കി..
രോഗീനേം കൊണ്ട് ഡ്രസ്സിംഗ് റൂമിലേക്ക് പെട്ടെന്ന് തന്നെ ഡോക്ടറും സിസ്റ്ററും അറ്റൻഡറും നീങ്ങി.. വാതിലടച്ചു കുറ്റിയിട്ടു.. ഹാവൂ.. ശ്വാസം മൂവരും ഒരുമിച്ച് നീട്ടിവലിച്ചു വിട്ടു.. ” സിസ്റ്ററെ പോലീസ് കേട്ടോ.. ഞങ്ങൾ തുന്നട്ടെ.. അറ്റൻഡർ ചേട്ടോ വരിൻ ” ഡോക്ടർ മന്ത്രിച്ചു..
പുറത്ത് നല്ല ബഹളം..
” സെക്രട്ടറി സാറെ.. നമ്മുടെ മാധവേട്ടനെ.. അവൻമാരാ.. അത് ഞങ്ങളേറ്റു.. ഇവിടെ ഡോക്ടറ് നോക്കുന്നുണ്ട്.. ഞങ്ങൾ പുറത്ത് തന്നെ ഉണ്ട്….
” ആ.. പഷ്ട്… ഇനീപ്പം ഇവൻമാര് പോയ് ആരുടെയൊക്കെ കയ്യും കാലും ഇൻഡാസും ഒക്കെ വെട്ടിക്കോണ്ട് വരുവാ..” ഡോക്ടർ നെടുവീർപ്പിട്ടു.
ഡോക്ടർ മുറിവ് തുന്നിക്കോണ്ട് നിന്നു.. പുറത്ത് ബഹളം കൂടിക്കോണ്ട് നിന്നു.. കുറച്ച് കഴിഞ്ഞപ്പോൾ പുറമേ നിന്ന് ഒച്ചയിട്ടവനെ ഇൻറർവ്യൂ ചെയ്യുന്നു.. അയിശ്.. മാധ്യമക്കാര് വന്നിരിക്കണ്…. ഇനിയിപ്പം അടി വന്ന വഴിയുടെ റൂട്ട് മാപ്പും അടിച്ചു കഴിഞ്ഞ് മുങ്ങി ഒളിച്ചിരിക്കുന്ന സ്ഥലത്തിന്റെയും ഒളിച്ചിരിക്കുന്ന പൊസിഷൻ വരെയും നാളെ കൺകുളിർക്കെ കാണാലോ..
നാളെ ഹർത്താൽ നടത്തിയെ പറ്റൂ എന്ന് ആരോ ആക്രോശിക്കുന്നു.. ഹോസ്പിറ്റൽ ഫോൺ നിർത്താതെ അടിക്കുവാൻ തുടങ്ങി.. തിരുന്തോരം മുതൽ കാസർകോട് വരെയുള്ള പ്രമുഖർ അങ്ങേതലയ്ക്കൽ വന്ന് വിവരം അറിയുവാൻ…
തുന്നിക്കഴിഞ്ഞ് ഡോക്ടർ ആശങ്കയോടെ വാതിലിനടുത്തേക്ക് നടന്നു.. ഈശ്വരാ.. തുറന്നാൽ ഇപ്പം എന്താവും സ്ഥിതി… വാതിലിലെ കുറ്റി ശബ്ദം ഉണ്ടാക്കാതെ ഊരി ഡോക്ടർ തല മെല്ലെ പുറത്തിട്ടു.. ഭാഗ്യം.. വാതിലിന് മുന്നിൽ തന്നെ എസ് ഐ യും കൂടെ രണ്ട് മൂന്ന് പോലീസുകാരും.. അവരുടെ മുഖവും വലിഞ്ഞു മുറുകി നിൽക്കുയ..
” എന്താ സാറെ അവസ്ഥ ” എസ് ഐ ചോദിച്ചു.. ” മുറിവ് തുന്നീട്ടുണ്ട്.. വന്ന് കണ്ടോളു .. എസ് ഐ സാറും ഡോക്ടറും മാധവേട്ടന്റെ അടുത്തേക്ക് നടന്നു.. വാതിൽക്കൽ ഹർത്താൽ ആഹ്വാനം ചെയ്തവനും കയ്യും കാലും വെട്ടാൻ ഏൽപ്പിച്ചവനും ഒക്കെ ആകാംഷയോടെ നോക്കി നിന്നു..
പേടിച്ചരണ്ട് ബോധം പോയ മാധവേട്ടൻ എസ് ഐ സാറിന്റെ ബൂട്ടിന്റെ പെരുമാറ്റം കേട്ട് ഞെട്ടി കൺമിഴിച്ചു നോക്കി.. ചെറുപ്പത്തില് അയൽവീട്ടിലെ പോലീസുകാരന്റെ പറമ്പിലെ മാവിന്മേല് കയറിയപ്പോൾ അറിയാതെ ഒരാകാംക്ഷയുടെ പുറത്ത് കുളിപ്പുരയിലേക്ക് കണ്ണോടിച്ചു പോയി എന്നും പോലീസുകാരൻ ചേട്ടൻ പിടിച്ച് വലിച്ച് സെല്ലിലിട്ട് ബൂട്ട് കൊണ്ട് ഒന്നു തിരുമ്മിന്നൊക്കെയാണ് ചരിത്രം.. ആ ഓർമ്മ ഉള്ളത് കൊണ്ടാവാം ഇത്രനേരം ബോധം കെട്ട മാധവേട്ടൻ ബൂട്ടൊച്ച കേട്ടതും കണ്ണ് തുറന്ന് ചുറ്റും നോക്കിയത്..
” ആശ്വാസായി.. ഇപ്പോ എല്ലാം പെർഫക്ട് ok… തല്ല് കിട്ടാണ്ട് കയിച്ചലായി.. ” ഡോക്ടർ ആശ്വാസം കൊണ്ടു..
എന്താണ് താങ്കളുടെ പേര് ? .. എസ് ഐ വിനയപൂർവം ചോദിച്ചു
മാധവൻ ..
ആരാ വെട്ടിയത് ?
ഞാൻ ..

എസ് ഐ ക്കും ഡോക്ടർക്കും വാതിൽക്കലുള്ളവർക്കെല്ലാം കൺഫൂഷൻ

നിങ്ങൾക്കല്ലെ വെട്ടു കൊണ്ടത് ?
അതെ..
ആരാ വെട്ടിയത് ?
ഞാൻ ..

ങേ !!! ഇയാൾക്ക് ബോധമേ വന്നുള്ളോ.. സുബോധം വന്നില്ലേ .. എസ് ഐ യും ഡോക്ടറും മുഖത്തോടു മുഖം നോക്കി

എസ് ഐ ഒന്നൂടി ചോദിക്കുവാൻ തീരുമാനിച്ചു..
” നിങ്ങൾക്ക് ആണല്ലോ വെട്ടേറ്റത്.. അന്നേരം ആരാണ് നിങ്ങളെ വെട്ടിയത് ?
ഞാൻ തന്നെ ….
പ്ഫാ.. മനുഷ്യനെ രാത്രി കുരങ്ങു കളിപ്പിക്കുന്നോടാ.. എസ് ഐ പൊട്ടിതെറിച്ചു

സാറെ…. ഒരൽപ്പം ഇളിഭ്യതയോടെ മാധവേട്ടൻ.. സാറ് ഒന്ന് ക്ഷമി.. ഞാൻ പറയാം കാര്യങ്ങൾ… കഴിഞ്ഞ പത്ത് കൊല്ലമായി എനിക്ക് ഷുഗറിന്റെ അസുഖം.. ഇതും പറഞ്ഞ് എന്റെ പെണ്ണുംപിള്ള അതിന് ശേഷം മധുരമുള്ള ഒന്നും തൊടീച്ചില്ല..അതു കൊണ്ടാ ഇന്ന് വഴിലുള്ള പ്ലാവിന്മേല് ചക്ക കണ്ടപ്പോൾ കൊതി തോന്നി പറയ്ക്കാൻ കയറിയത്.. പിടിവിട്ട് താഴെയും വീണ് കൈയിലുള്ള പേനാകത്തി തലേലും കൊണ്ട്.. വെട്ടേറ്റതും വെട്ടിയതും ഒക്കെ ഞാൻ തന്നെ സാറെ..
എസ് ഐയും ഡോക്ടറും തിരിഞ്ഞ് വാതിൽക്കലേക്ക് നോക്കി… മാധവേട്ടനേക്കാളും ഇളിഭ്യരായി നിൽക്കുകയാണ് ഹർത്താലുകാരനും കൈകാൽ വെട്ടുകാരനും.. ഒരൽപ്പം ഉളുപ്പ് ബാക്കിയുള്ളതിനാൽ അവര് വേഗം സ്ഥലം വിട്ടു..
എന്നാൽ ഉളുപ്പ് ലവലേശം തോണ്ടിയിട്ടില്ലാത്ത മാധ്യമപ്രവർത്തകർ അവരുടെ മാധ്യമധർമ്മം പുറഞ്ഞെടുത്തു.. ബ്രേക്കിംഗ് ന്യൂസ്.. സ്വയം വേട്ടേറ്റ് ബോധം നശിച്ച മധ്യവയസ്കന് ആശുപത്രിയിൽ പരിചരണകുറവ്.. ബോധം വീണ്ടുകിട്ടുവാൻ മണിക്കൂറുകൾ .. ക്യാമറാമാൻ കോമളനോടൊപ്പം ഞാൻ ….
N.B. കുളിപ്പുര മാധവൻ എന്ന് ഇരട്ടപ്പേരുള്ള പേട്ടന് ഇപ്പോൾ ചക്കമാധവൻ എന്ന പേരു കൂടി ചാർത്തി കിട്ടി…
ശുഭം
Dr. അനസ്തേഷ്യ

One comment

  1. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply to mitolyn Cancel reply

Your email address will not be published. Required fields are marked *