
രാത്രി മഴ
^^^^^^^^^^^^
Part 1
*******
“ദേവേട്ടാ “……..
ഭക്തി സാന്ദ്രമായ ദൈവസന്നിധിയിൽ വെച്ചുള്ള അവളുടെ ആർദ്രമാം വിളിയിൽ ദേവ്ജിത്തിന്റെ കാലുകൾ താനെ നിശ്ചലമായി… ആ വിളിയുടെ അലയൊലികൾ തന്റെ കാതിൽ പ്രതിധ്വനിച്ചു നിൽക്കുന്നത് പോലെ തോന്നിയത് കൊണ്ടാകണം അവന്റെ മിഴികൾ അവളിലേക്ക് ശ്രദ്ധയൂന്നിയത്…
തനിക്ക് തൊട്ട് മുന്നിൽ നിന്ന് ഇലച്ചീന്തിലെ പ്രസാദം അവളുടെ അണിവിരലാൽ തന്റെ നെറ്റിയിൽ ചാർത്തിയപ്പോ ഉച്ചി മുതൽ പാദം വരെ ഒരു തണുപ്പനുഭവപ്പെട്ടു.. ആ ചന്ദനത്തെക്കാൾ തണുപ്പ് തന്റെ കൈവിരലുകൾക്കാണ് പെണ്ണെ എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവളുടെ മിഴികളുമായി തന്റെ മിഴികൾ കൊരുത്തു നിന്നപ്പോൾ തല കുമ്പിട്ടു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി…
“ഇന്ന് ദേവേട്ടന്റെ പിറന്നാളാണെന്ന് സിദ്ധുവേട്ടൻ പറഞ്ഞറിഞ്ഞത് കൊണ്ടാ ഈ അമ്പലത്തിലേക്ക് തന്നെ വരണമെന്ന് ഞാൻ വാശി പിടിച്ചത്… എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി എന്നറിയാം..മാപ്പ് പറഞ്ഞു ദേവേട്ടനോടുള്ള അകലം കൂട്ടുന്നില്ല.. പകരം അതിനൊക്കെ കൂടി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്..
പിന്നെ,, ഇവിടെ വന്നാൽ ഒരുപക്ഷെ ദേവേട്ടന് അമ്മയെ കാണാൻ കഴിഞ്ഞാലോ എന്ന് കരുതി… “
“അനു,,, “
അതൊരു വിളിയായിരുന്നില്ല.. മറിച്ചൊരു അട്ടഹാസമായിരുന്നു…
ദേവ്ജിത്തിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം ചുറ്റുമുള്ള ആൾക്കാരുടെ കാതുകളിലും പതിഞ്ഞത് കൊണ്ടാകണം പലരുടെയും നോട്ടം അവർക്ക് നേരെ തിരിഞ്ഞത്…
ആ വിളിയുടെ ഞെട്ടലിൽ അനുവിന്റെ കണ്ണുകൾ ഭയം കൊണ്ട് വിറച്ചിരുന്നു… അത് മനസ്സിലാക്കിയ ദേവിന്റെ കണ്ണുകൾ വിനയത്തോടെ അവളെ ഒന്ന് നോക്കി…
തോളിലിട്ടിരിക്കുന്ന ഷർട്ട് എടുത്തു ദേഹത്തേക്കിട്ടു കൊണ്ട് അവൻ പതിയെ സംസാരിച്ചു തുടങ്ങി.. അപ്പോഴേക്കും മറ്റുള്ളവർ അവരുടെ കാര്യങ്ങളിലേക്ക് വ്യാപൃതരായിരുന്നു..
“അനു,, ഈ മണ്ണിൽ എനിക്ക് ഇപ്പോ ബന്ധങ്ങൾ ഒന്നും തന്നെയില്ല… ആത്മമിത്രമെന്ന് പറയാൻ സിദ്ധുവും ഭാര്യയെന്ന് പറയാൻ നീയും മാത്രമേ ഇപ്പോ ബന്ധമായിട്ടുള്ളൂ.. പിന്നെ,, അമ്മ, ജന്മം നൽകി പത്ത് ഇരുപത്തേഴ് വർഷം വളർത്തി വലുതാക്കിയിരുന്നു… ആ നന്ദിയും കടപ്പാടും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.. പക്ഷെ കഴിഞ്ഞ ഒരു വർഷമായി എന്റെ അമ്മ എന്നെ ശാപവാക്കുകൾ കൊണ്ട് കൊന്നൊടുക്കിയിട്ട്.. അന്നത്തോടെ മരിച്ചു ഈ ദേവ്ജിത്ത്… ഇപ്പോ ഉള്ളത് വെറും ജഡമാണ്…
അതുകൊണ്ട് ഇനി ബന്ധങ്ങളുടെ പേര് പറഞ്ഞു എന്റെ മുന്നിൽ ഒരു വിഡ്ഢി വേഷം കെട്ടരുത് നീ… പ്ലീസ്… അപേക്ഷയാണ്.. “
അത്രയും പറഞ്ഞു കൊണ്ട് അവളിൽ നിന്ന് മുഖം തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാണ് മുന്നിൽ പത്തറുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവന്റെ മുന്നിൽ വന്നു നിന്നത്…
“അമ്മ”…..
എന്ന ആ വാക്ക് അവന്റെ കണ്ഠനാളത്തിൽ കുടുങ്ങി കിടന്നതല്ലാതെ നാവ് ചലിപ്പിച്ചു കൊണ്ടൊരു ശബ്ദവീചി പുറത്തേക്കു വന്നില്ല… അവരെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ അമ്പലപ്പടവുകളിറങ്ങി അവൻ തന്റെ ഓട്ടോയ്ക്ക് നേരെ നടന്നു നീങ്ങി…
“ജിത്തു മോനെ,,, “
ആ വിളിയിൽ കാതുകൾ ഒന്ന് കുളിരണിഞ്ഞിരുന്നു… പക്ഷെ കാലുകൾ നിശ്ചലമായിരുന്നില്ല.. അതിനൊരു കാരണമേ അവൻ കണ്ടുള്ളു… തന്റെ ജീവിതം ഇന്ന് ഇങ്ങനെ ആക്കി തീർക്കാനുള്ള പ്രധാന പങ്ക് തന്റെ അമ്മയ്ക്കും ഉണ്ടെന്ന് അവൻ അടിയുറച്ചു വിശ്വസിക്കുന്നത് കൊണ്ടാണ്… തെറ്റ് ചെയ്യാത്ത തന്നെ സമൂഹം ശിക്ഷിക്കുമ്പോഴും ചേർത്ത് നിർത്താൻ അമ്മയെങ്കിലും കൂടെ കാണുമെന്ന് വിശ്വസിച്ചു.. ആ വിശ്വാസത്തെയാണ് അമ്മ ഒരൊറ്റ രാത്രി കൊണ്ട് ഇല്ലായ്മ ചെയ്തത്..
“ഈ ജന്മമല്ല വരും ജന്മവും നീ നരകിക്കും,, നോക്കിക്കോ.. അവന്റെ പെറ്റമ്മയുടെ ശാപമാ.. നാണമില്ലല്ലോടി സ്വന്തം ചേച്ചിയുടെ ഭർത്താവ് ആകേണ്ടവനെ കൂടെ കൊണ്ട് നടക്കാൻ… അവളുടെ കണ്ണീർ മതി,, നീയൊക്കെ ചുട്ടു ചാമ്പലാകാൻ…
ജന്മം നൽകിയ അച്ഛനെ മരണത്തിലേക്ക് തള്ളി വിട്ട് കൊണ്ട് നീയും അവനും ഈ മണ്ണിൽ സുഖമായി ജീവിക്കാന്ന് കരുതിയിട്ടുണ്ടെങ്കിൽ അതൊക്കെ നിന്റെ വ്യാമോഹം മാത്രമാണ്.. ആ വലിയ മനുഷ്യന്റെ ആത്മാവ് പോലും നിന്നോട് പൊറുക്കില്ലെടി ഒരുമ്പെട്ടോളെ… “
അനുവിന്റെ മുഖത്തേക്ക് നോക്കി ദേവ്ജിത്തിന്റെ അമ്മയുടെ ശാപവാക്കുകൾ തീമഴയായി വർഷിക്കുമ്പോഴാണ് തൊട്ടടുത്തു നിൽക്കുന്ന അവളുടെ ചേച്ചിയും അമ്മയും അവളുടെ നെറുകയിലേക്ക് ദൃഷ്ടി പതിപ്പിച്ചത്…
നിഷ്കളങ്കമായ ആ വെളുത്തു തുടുത്ത മുഖത്ത് മാറ്റ് കൂട്ടാനെന്ന വണ്ണം നെറുകയിൽ കുങ്കുമത്തിന്റെ ചുവപ്പ് രാശി പടർന്നിട്ടുണ്ട്… സ്വന്തം ചേച്ചിയുടെ കഴുത്തിൽ അണിയേണ്ടിയിരുന്ന സ്വർണ ലോഹത്തിൽ തീർത്ത താലി അവളുടെ മാറോടൊട്ടി കിടക്കുന്നുണ്ട്.. അപ്പോഴും തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ അനു മുഖം കുനിച്ചു നിൽക്കുക മാത്രമേ ചെയ്തുള്ളു…
“അമ്മയുടെ നെറുകയിലെ സിന്ദൂരം നീ മായ്ച്ചു കളഞ്ഞത് നിനക്ക് സുമംഗലി ആകാനായിരുന്നെന്ന് ഈ അമ്മ അറിഞ്ഞില്ല… അതിന് പക്ഷെ നീ നിന്റെ ചേച്ചിയുടെ ജീവിതം തച്ചുടക്കണമായിരുന്നോ??? അവളെന്ത് തെറ്റാ അനു നിന്നോട് ചെയ്തത്…
അവളുടെ പ്രണയം ആയിരുന്നില്ലേ അവൻ… അവനെ നീ മോഹിക്കാൻ പാടുണ്ടോ?? നിന്റെ ഏട്ടന്റെ സ്ഥാനത്തു കാണേണ്ട അവനെ തന്നെ വേണമായിരുന്നോ നിനക്ക്??
നിന്റെ അച്ഛന്റെ മരണത്തിനു നീ ഉത്തരവാദി ആയിരുന്നിട്ടും അതിനെ പറ്റി ഓർത്ത് വേദനിച്ചതിനെക്കാളും നോവ് ഈ അമ്മ അനുഭവിച്ചത് എന്റെ അഞ്ജു മോളെ പറ്റി ഓർത്തിട്ടാ.. ഇന്നും മറ്റൊരാൾക്ക് നേരെ കഴുത്ത് നീട്ടി കൊടുക്കാൻ സമ്മതിക്കാത്ത അവളെ കാണുമ്പോഴൊക്കെ അമ്മയുടെ നാവ് ശപിച്ചിട്ടുണ്ട്,, നീ ഒന്ന് മരിച്ചു പോയെങ്കിലെന്ന്……….. “
“അമ്മേ……….. “
അനുവിന്റെ അമ്മയുടെ വാക്കുകൾ പൂർത്തിയാകും മുന്നേ ദയനീയതയോടെ അനു അമ്മയെ വിളിച്ചെങ്കിലും ആ വിളി കേൾക്കാതെ അവര് അഞ്ജുവിന്റെ കയ്യിൽ പിടിച്ചു തിരിഞ്ഞു നടക്കാനൊരുങ്ങിയതും രൗദ്രഭാവത്തിൽ ദേവ്ജിത്ത് മുന്നിൽ വന്നു നിന്നതും ഒരുമിച്ചായിരുന്നു…
“കണ്ണിൽ കണ്ടവർക്ക് പഴി പറയാനും ശപിക്കാനും ഞാൻ എന്റെ ഭാര്യയെ വിട്ട് തന്നിട്ടില്ല…അവളിലുള്ള പൂർണ അവകാശം ഇന്ന് എനിക്ക് മാത്രമേ ഉള്ളൂ.. അതുകൊണ്ട് മേലാൽ ആരെങ്കിലും ഇവൾക്ക് നേരെ തിരിഞ്ഞാൽ ഈ ദേവന്റെ മറ്റൊരു മുഖം എല്ലാരും കാണും..”
അത്രയും പറഞ്ഞു കൊണ്ട് ദേവ്ജിത്ത് അനുവിന്റെ കയ്യും പിടിച്ചു അവളുടെ അമ്മയ്ക്കരികിൽ കൊണ്ട് പോയ് നിർത്തി…
“ഇവൾ മരിച്ചു പോയാലും ഇനി നിങ്ങളുടെ ആഗ്രഹം പോലെ ഇവളുടെ ചേച്ചിയെ ഞാൻ വിവാഹം കഴിക്കുമെന്ന് ഇവിടെ ആരും സ്വപ്നം കാണേണ്ട…
ഒരിക്കൽ ഹൃദയം പകുത്തു സ്നേഹിച്ചതാ ഞാൻ അഞ്ജുവിനെ,, എന്നിട്ടോ…..????
വെറുതെ എന്നെകൊണ്ട് ഒന്നും പറയിക്കരുത്… “
കടപ്പല്ല് ഞെരിച്ചു കൊണ്ട് അവൻ അത്രയും പറഞ്ഞു നിർത്തിയതിന് ശേഷം അനുവിനെ തോളോട് ചേർത്ത് പിടിച്ചു തന്റെ ഓട്ടോ ലക്ഷ്യമാക്കി നടന്നു തുടങ്ങി…
“ജിത്തു,, ഒരു നിമിഷം… “
പിന്നിൽ നിന്ന് അഞ്ജുവിന്റെ വിളി കേട്ടപ്പോൾ അവൻ ഒന്ന് നിന്നു… ഒരിക്കൽ തന്റെ പ്രാണനായിരുന്നവൾ,, താൻ ഏറെ കൊതിച്ചിരുന്ന വിളി.. ജിത്തു… അതും പ്രിയപ്പെട്ടവളുടെ നാവിൽ നിന്ന്…വീണ്ടുമൊരിക്കൽ കൂടി കേട്ടപ്പോൾ കാതിൽ ആരോ ഈയം ഉരുക്കിയൊഴിച്ചത് പോലെ പൊള്ളി പിടയുന്നു…
എന്തോ ഒരോർമ്മയിൽ അവൻ തലയൊന്ന് കുടഞ്ഞു…
“ഭാര്യയാക്കി കൊണ്ട് നടക്കാൻ എന്നേക്കാൾ നല്ലത് എന്റെ അനിയത്തികുട്ടിയാണെന്ന് തോന്നിയതിൽ ഒരുപാട് സന്തോഷം.. പിന്നെ ഇവൾ മരിക്കാനോ,, മരിച്ചു കഴിഞ്ഞാൽ നിന്റെ ഭാര്യയാകാനോ എനിക്കും ആഗ്രഹമില്ല… മറ്റൊരാൾക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കാൻ കഴിയാത്തത് മനസ്സിൽ ഇപ്പോഴും ജിത്തു ഉള്ളത് കൊണ്ട് മാത്രമാ… ആ ജിത്തു പതിയെ പതിയെ മാഞ്ഞു പോകുമ്പോൾ ഞാനും ശ്രമിക്കാം മറ്റൊരു വിവാഹത്തിന്…
ദാ,, നീ എന്റെ കയ്യിൽ അണിയിച്ച വിവാഹ മോതിരം… എന്നെങ്കിലും തമ്മിൽ കാണുകയാണെങ്കിൽ തിരിച്ചു ഏൽപ്പിക്കണമെന്ന് കരുതി… “
അതും പറഞ്ഞു കൊണ്ട് അഞ്ജു ദേവ്ജിത്തിന്റെ കയ്യിലേക്ക് വിവാഹമോതിരം വെച്ച് കൊടുത്തു പിന്തിരിഞ്ഞു നടന്നു…
അപ്പോഴും തന്റെ കൈവെള്ളയിൽ തിളങ്ങുന്ന സ്വർണ്ണലിപിയിൽ എഴുതിയ ‘ദേവ്ജിത്ത് ‘ എന്ന പേര് തന്നെ പരിഹസിക്കുന്നതായി തോന്നി അവന്…
മിഴികൾ ഇറുകെ അടച്ചു പെയ്യാൻ വെമ്പി നിന്ന ആ ജലകണത്തെ പുറം കയ്യാൽ ഒപ്പിയെടുക്കാൻ കൈ ഉയർത്തിയപ്പോ അതുവരെ അവൻ പിടിച്ചു വെച്ച അനുവിന്റെ കൈ ഒന്നയഞ്ഞു…
തന്റെ വാമഭാഗം… ഒരു വർഷമായി അവളുടെ ഭർത്താവ് എന്ന പദവി ഏറ്റെടുത്തിട്ട്… ഇന്ന് വരെ സ്നേഹത്തോടെ അവൾ എന്നെ ഒന്ന് നോക്കിയത് കൂടിയില്ല എന്നോർത്തപ്പോ ഹൃദയം വീണ്ടും മുറവിളി കൂട്ടി… അവളെ ചേർത്ത് പിടിക്കാൻ… പക്ഷെ,, വീണ്ടും അവളെ ചേർത്ത് നിർത്താൻ തന്റെ കൈകൾ സജ്ജമാകുമ്പോഴേക്കും അവൾ നിന്നിടം ശൂന്യമായിരുന്നു…
“ചേച്ചി…. ഒന്ന് നിൽക്കുവോ?? എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടാൽ മതി.. പ്ലീസ്… ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ചേച്ചി. … ചേച്ചിയുടെ ദേവേട്ടനെയും കൊണ്ട് ഞാൻ നാട് വിട്ടതുമല്ല.. “
അഞ്ജുവിനെ തടഞ്ഞു നിർത്തി വളരെ സൗമ്യമായി സംസാരിച്ചു തുടങ്ങിയ അനുവിനെ പുച്ഛഭാവത്തിൽ നോക്കി അഞ്ജു മറുപടി കൊടുത്തു…
“ചേച്ചി എന്ന് വിളിക്കാനുള്ള അർഹത ഇനി നിനക്കില്ല… എന്റെ അച്ഛനെ കൊന്നവളാണ് നീ,, എന്റെ പ്രാണനെ തട്ടിയെടുത്തവൾ.. ആ നിന്നെ എന്റെ കൂടെപ്പിറപ്പാണെന്ന് പറയാൻ തന്നെ വെറുപ്പാ… എന്നിട്ടല്ലേ നീ പറയുന്നതൊക്കെ കേൾക്കേണ്ടത്..
ഇനി മേലാൽ എന്റെ കണ്മുന്നിൽ കണ്ടു പോകരുത്… എവിടെയാണെന്ന് വെച്ചാൽ പോയ് ജീവിക്ക്… നെറികെട്ട ജീവിതം…
അനുഭവിക്കും നീ… ഈ കണ്ണീരിന് നീ മറുപടി പറയാതെ ഈ മണ്ണ് വിട്ട് പോവില്ല.. “
വീണ്ടുമൊരു ശാപവാക്കുകൾ കൂടി അനുവിന്റെ കാതുകളിൽ വിസ്ഫോടനം സൃഷ്ടിച്ചപ്പോൾ പാടെ തളർന്നു പോയിരുന്നു അവൾ… ഒരു തെറ്റും ചെയ്യാത്ത തന്റെ നേർക്ക് ഉതിരുന്ന വാക്കുകളെ മൗനത്തെ കൂട്ട് പിടിച്ചു കണ്ണീര് കൊണ്ട് മറുപടി കൊടുക്കുന്ന ഒരു പാവം പൊട്ടി പെണ്ണ്.. അതായിരുന്നു അനു..
“അഞ്ജു സ്റ്റോപ്പ് ഇറ്റ്… ഒരു വട്ടം ഞാൻ പറഞ്ഞു എന്റെ ഭാര്യയെ മറ്റുള്ളവർ കുറ്റപ്പെടുത്തി സംസാരിക്കേണ്ടന്ന്… വീണ്ടും അതാവർത്തിച്ചാൽ എന്റെ കയ്യിന്റെ ചൂട് നീ അറിയും ….
ഒരു കാര്യം കൂടി നീ ഓർത്തോ,, ഒരു നാൾ എല്ലാ സത്യവും മറ നീക്കി പുറത്ത് വരും,, അന്ന് ഇവളുടെ കാൽക്കൽ വീണ് നീ മാപ്പപേക്ഷിച്ചാലും പൊറുത്തു തരാൻ ഒരു ദൈവം തമ്പുരാനും തുനിയില്ല..
പിന്നെ,, ഇന്ന് വരെ എന്റെ മനസ്സിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.. നിന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയതിനെ പറ്റി ഓർത്ത്.. പക്ഷെ ഇന്നതില്ല… നിന്റെ ഓരോ വാക്കും നീ ആരാണെന്ന് തെളിയിച്ചു തരുന്നതായിരുന്നു…. ഇനി നമ്മൾ തമ്മിൽ കാണാനിട വരരുതേ എന്ന പ്രാർത്ഥനയെ ഉള്ളൂ എനിക്കിപ്പോ… “
അത്രയും പറഞ്ഞു കൊണ്ട് ദേവന്റെ വലത് കരം അനുവിന്റെ ഇടത് കൈത്തണ്ടയിൽ പിടിത്തമിട്ടു…
അഞ്ജുവിന്റെ കണ്മുന്നിലേക്ക് അനുവിന്റെ ഇടതു കയ്യിനെ ഉയർത്തി വെച്ച് കൊണ്ട് അവൻ ദേവ്ജിത്ത് എന്നെഴുതിയ മോതിരം അണിയിച്ചു കൊടുക്കുമ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു അവന്..
“എന്റെ ഹൃദയമാണ് പെണ്ണെ ഇപ്പോ ഈ വിരലിൽ കിടക്കുന്നത്…ആ ഹൃദയം മുഴുവൻ ഇപ്പോ നീ മാത്രമേയുള്ളു… മരണം വരെ അത് അങ്ങനെ തന്നെയായിരിക്കും…”
ദേവ്ജിത്തിന്റെ വാക്കുകളുടെ മൂർച്ചയിൽ അഞ്ജുവിന്റെ ഹൃദയം ഒന്ന് പോറി അവിടെ രക്തം കിനിയാൻ തുടങ്ങി ….അതിൽ നിന്ന് ഒന്ന് മുക്തി നേടാൻ ഒരുങ്ങുമ്പോഴേക്കും അടുത്ത നോവും അവൻ സമ്മാനിച്ചു കഴിഞ്ഞിരുന്നു…
അവൻ അനുവിന്റെ കയ്യിൽ അണിയിച്ച മോതിരവിരലിൽ അവന്റെ അധരങ്ങൾ പതിഞ്ഞ കാഴ്ച തന്റെ കണ്ണുകളെ ഈറനണിയിക്കുമ്പോഴും തൊട്ടടുത്തു നിൽക്കുന്ന അവന്റെ അമ്മയുടെ കണ്ണിൽ അഗ്നി ആളി പടരുകയായിരുന്നു… അനുവിനോടുള്ള വിദ്വേഷത്തിന്റെ അഗ്നി….
അപ്പോഴൊക്കെയും തീർത്തും നിർവികാരതയിലായിരുന്നു അനു… ദേവേട്ടൻ എന്ന തണൽ മരമില്ലെങ്കിൽ എന്നേ ഞാൻ ഒരു പിടി ചാരമായേനെ… ആ മനുഷ്യന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞവൾ ആയിട്ട് കൂടി എന്നെ ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ ഇന്നീ നിമിഷം വരെ… എന്നിട്ടും എന്ത് കൊണ്ടോ ദേവേട്ടനെ ഭർത്താവായി കണ്ടു സ്നേഹിക്കാൻ തനിക്ക് പറ്റുന്നില്ലല്ലോ… അതൊരുപക്ഷേ തന്റെ ചേച്ചിക്ക് അവകാശപ്പെട്ടതാണെന്ന് അറിയുന്നത് കൊണ്ടാണോ….
ഇല്ല ദേവേട്ടാ,, എനിക്കൊരിക്കലും ദേവേട്ടനെ സ്നേഹിക്കാൻ കഴിയില്ല.. എന്റെ ചേച്ചി പെണ്ണിന്റെ പ്രാണനാണ് നിങ്ങൾ… നിങ്ങൾക്ക് വേണ്ടിയല്ലേ അവൾ ഇന്നും കാത്തിരിക്കുന്നത്.. ഞാൻ മരിക്കാൻ എന്റെ അമ്മ പോലും പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് അവളും ആഗ്രഹിക്കുന്നുണ്ടാവില്ലേ ഞാൻ ഈ മണ്ണിൽ നിന്ന് എന്നെന്നേക്കുമായി വിട പറയാൻ…
ദേവേട്ടനെ വിട്ട് ഒരു നാൾ ഞാൻ പോകും.. എനിക്ക് പോയെ പറ്റൂ.. അത് പക്ഷെ ഞാൻ അറിയാതെ പോയ ആ രഹസ്യം എന്തെന്ന് കണ്ടെത്തിയതിനു ശേഷം മാത്രം… അതുവരെ ഞാനാ ഭാര്യ പദവി അലങ്കരിച്ചു ജീവനോടെ ഇരുന്നോളാം… വേറൊന്നും വേണ്ട ദേവേട്ടാ എനിക്ക്…
ഞാൻ കാരണം എന്റെ ദേവേട്ടന്റെ പ്രണയം സഫലമാകാതിരിക്കരുത്….
“അനു മോളെ,,, നീ ഉറങ്ങിയോ പെണ്ണെ?? “
ഓട്ടോയിൽ കയറി ഇരുന്നത് മുതൽ സ്വന്തം ചിന്തകളെ കീറി മുറിച്ചു പരിശോധിക്കുന്ന അനുവിന്റെ കാതുകളിൽ ദേവന്റെ ചോദ്യം വന്നെത്തിയപ്പോഴാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്…
അതോടൊപ്പം ‘അനുമോളെ’ എന്നുള്ള വിളി,, ഒരേ സമയം അവളെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തപ്പോൾ അവന്റെ ചോദ്യത്തിനൊരു മറുപടി കൊടുക്കാതെ അവൾ സീറ്റിലേക്ക് ചാരിയിരുന്നു…
എന്റെ അച്ഛയുടെ വിളി… അനുമോളെ എന്ന്…. കേൾക്കാത്ത ഭാവം നടിക്കുമ്പോൾ വീണ്ടും വീണ്ടും വിളിക്കും…
എന്തോ ആ വിളിയോട് ഒരുപാട് ഇഷ്ടം ആയിരുന്നു…
“ഒരു വാക്ക് മിണ്ടിക്കൂടെ പെണ്ണെ നിനക്ക്?? നാലഞ്ചു മണിക്കൂർ ഞാൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു നാട്ടിലെത്തുമ്പോഴേക്കും ഒരു പരുവമാകും… എന്റെ വിരസത ഒന്ന് മാറ്റാനെങ്കിലും എന്തെങ്കിലും ഒന്ന് പറയുമോ അനു??
ദേഷ്യപ്പെട്ടു രണ്ടു വാക്ക് പറഞ്ഞാലും സാരമില്ല… നീ മിണ്ടാതിരിക്കല്ലേ.. “
ദയനീയതയോടെ ദേവന്റെ വാക്കുകൾ അവളുടെ കാതുകളിൽ അലോസരം സൃഷ്ടിച്ചപ്പോൾ അവളറിയാതെ തന്നെ ആ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…
“ഞാൻ,, എനിക്ക്,,, എനിക്ക് ദേവേട്ടനെ … “
“മതി,, ബാക്കി നീ പറയണ്ട… എന്നെ ഭർത്താവായി കാണാൻ പറ്റില്ല എന്നല്ലേ… ഈ ഒരു വർഷമായി ഞാൻ ഇത് തന്നെ കേട്ടോണ്ട് നിൽക്കുന്നു… ഡയലോഗ് മാറ്റി പിടിക്കെടി… പറയുന്ന നിനക്ക് ബോറടിക്കില്ലെങ്കിലും കേൾക്കുന്ന എനിക്ക് ഭയങ്കര ബോറടിയാ.. “
ഡ്രൈവ് ചെയ്യുന്നതിനിടയിലും പിന്നിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി അവൻ അത് പറയുമ്പോഴും ആ മുഖത്തു ഒരു കുസൃതി ചിരി ഉണ്ടായിരുന്നു…
മൗനത്തെ കൂട്ടു പിടിച്ചു അവൾ തല കുമ്പിട്ടിരുന്നതല്ലാതെ അവന്റെ കുസൃതിയെ ആസ്വദിക്കാനോ അവനെ സന്തോഷിപ്പിക്കാനോ അവൾക്ക് കഴിഞ്ഞില്ല….
“എന്റെ പിറന്നാൾ ആയിട്ട് ഞാൻ വില പിടിപ്പുള്ളൊരു സമ്മാനം തരുമ്പോൾ തിരികെ നീയും എന്തെങ്കിലും തരുമെന്ന് കരുതി… “
വീണ്ടും വാക്കുകളിൽ കുസൃതി നിറച്ചു കൊണ്ട് അവൻ പറഞ്ഞു നിർത്തിയപ്പോഴാണ് അനു തന്റെ മോതിരവിരലിലേക്ക് നോട്ടമിട്ടത്..
തന്റെ ചേച്ചിയുടെ കൈവിരലോട് ചേർന്ന് നിന്ന സ്നേഹദളം ഇന്ന് എന്റെ കയ്യിലാണ്.. അന്ന് ദേവേട്ടൻ എല്ലാരുടെയും സാമീപ്യത്തിൽ ചേച്ചിക്ക് ഇതണിയിച്ചു കൊടുക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ അച്ഛയായിരുന്നു… ഇന്നിപ്പോ ആ സന്തോഷങ്ങളൊക്കെ എവിടെ?? എല്ലാരും ഈ അനുവിനെ കുറ്റക്കാരിയാക്കി..
തെറ്റ് ചെയ്തത് അനുവാണോ അച്ഛേ?? അച്ഛയെ കൊന്നത് ഈ അനു മോളാണോ??
സ്വന്തം മനസാക്ഷിയോട് ഓരോ ചോദ്യം ശരങ്ങൾ തൊടുത്തു വിടുമ്പോൾ അതിനുള്ള ഉത്തരം ഒരു വർഷം മുന്നെ നടന്ന ആ നശിച്ച രാത്രിയുടെ ദൃശ്യങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകും..
ആ ഓർമ്മകൾ അവളുടെ ഈറനണിയിച്ചപ്പോൾ അവളറിയാതെ ഒരു തുള്ളി ഇടത് കൈ വിരലിലെ മോതിരത്തിലേക്ക് വന്നു പതിച്ചു…
“ഞാൻ ഒരു സമ്മാനം ചോദിച്ചതിനാണോ പെണ്ണെ നീ ഇങ്ങനെ കണ്ണൊക്കെ നിറച്ചു വെച്ചേക്കുന്നത്… ഞാൻ അത് ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ.. “
ഓട്ടോയുടെ പിറകിലെ സീറ്റിലേക്ക് അനുവിനോട് ചേർന്നിരുന്നു കൊണ്ട് ദേവ്ജിത്ത് ഒന്ന് കണ്ണിറുക്കിയപ്പോ ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു…
“ഒരു തെറ്റും ചെയ്തിട്ടില്ല ദേവേട്ടാ ഞാൻ.. “
കണ്ണീരിന്റെ അകമ്പടിയോടെ വിതുമ്പി കൊണ്ടവൾ പറഞ്ഞു നിർത്തിയ വാക്കുകളിൽ നിന്ന് അവനൊരു യാത്ര തുടങ്ങുകയായിരുന്നു,,, തന്റെ ജീവിതം മാറ്റി മറിച്ച ആ നശിച്ച മഴയുള്ള രാത്രിയിലേക്ക്….
അപ്പോഴും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു… നിനക്ക് സംരക്ഷണം നൽകാൻ ഞാൻ കൂട്ടിനുണ്ടെന്ന് പറയാതെ പറഞ്ഞു കൊണ്ട്….
By
Ramsi faiz
(എഴുതി പൂർത്തിയാക്കിയ കഥയാണ്.. അതോണ്ട് പേടിക്കണ്ട.. ധൈര്യമായിട്ട് വായിച്ചോ… ദിവസവും വന്നു പോസ്റ്റിക്കോളാം ട്ടോ.. )
💕💕💕💕💕