രാത്രിമഴ. Part 8

രാത്രിമഴ
^^^^^^^^^^

Part 8


അനുവിന്റെ അമ്മ യാത്രയായത് മുതൽ അവൾ മൗനത്തിലായിരുന്നു.. എല്ലാത്തിനും ഒരു നിസ്സംഗ ഭാവം..ദേവ്ജിത്ത്‌ ഒന്നരികിൽ ഇരുന്നാൽ പോലും അവൾ അവനെ ഗൗനിക്കാറില്ല… അനുവിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയെന്നോണം അവൻ അവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു.. പക്ഷെ,, ആ ശ്രമത്തെ അവൾ നിഷ്കുരണം തള്ളി കളഞ്ഞതേ ഉള്ളൂ.. അതോടെ ദേവും അവളിൽ നിന്ന് ഒരു അകലം പാലിച്ചു… തന്റെ സാമീപ്യം പോലും അവൾക്ക് അരോചകമാകരുതെന്ന് മോഹിച്ചു കൊണ്ടാകണം അവനും അകന്ന് നിന്നത്… അല്ലാതെ അവന്റെ പെണ്ണിനോടുള്ള ഇഷ്ടക്കുറവ് കൊണ്ടായിരിക്കില്ല…

തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു അനുവിന്റെ മനസ്സ്… അമ്മയിൽ നിന്നറിഞ്ഞ രഹസ്യം അവളെ പാടെ തളർത്തി കളഞ്ഞിരുന്നു… താൻ കാരണമാണല്ലോ അമ്മ അച്ഛനെ മരണത്തിലേക്ക് പറഞ്ഞു വിട്ടതെന്ന് ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം വന്നു നിറയുന്നു… പാവം എന്റെ അച്ഛൻ,, മാനസീക വിഭ്രാന്തി കൊണ്ട് കാട്ടി കൂട്ടിയതല്ലേ,, അല്ലാതെ എന്നോടുള്ള വെറുപ്പ് കൊണ്ടല്ലല്ലോ.. പക്ഷെ,, അപ്പോഴും അമ്മയെ എന്തിനാ അച്ഛാ അത്രത്തോളം ഉപദ്രവിച്ചത്… പാവമല്ലേ നമ്മുടെ അമ്മ.. അമ്മയുടെ ശരീരത്തിൽ അച്ഛൻ ഏൽപ്പിച്ച മുറിവിനേക്കാൾ അമ്മയെ വേദനിപ്പിച്ചത് അമ്മ ജന്മം നൽകിയ മകളെ നശിപ്പിക്കുമെന്ന് അറിഞ്ഞപ്പോഴല്ലേ… ഏത് ഒരമ്മയ്ക്കും പൊറുക്കാനാവാത്ത തെറ്റല്ലേ അച്ഛൻ ചെയ്തത്…

വെറുക്കല്ലേ അച്ഛാ,, എന്റെ അമ്മയെയും എന്നെയും….

ഞാൻ കാരണം എത്ര പേരുടെ ജീവിതമാ താളം തെറ്റിയത്…. ദേവേട്ടനും ചേച്ചിയും രണ്ടു വഴിക്കായി.. അമ്മയുടെ മനസ്സിൽ എപ്പോഴും ഒരു കുറ്റബോധമായി ആ കൊലപാതകം നിഴലിക്കും.. എല്ലാത്തിനും കൂട്ട് നിന്ന മുത്തച്ഛന്റെ മനസ്സ് എന്ത് മാത്രം വേദനിക്കുന്നുണ്ടാകും… ചിന്താഭാരം കൊണ്ട് തന്നിൽ മാത്രം ഒതുങ്ങി കൂടിയ അനുവിന്റെ മനസ്സിലെ സങ്കടങ്ങൾ ഒന്ന് കണ്ണീരായി പോലും പുറത്തേക്ക് വന്നില്ല… ദിവസങ്ങളായി അതേ അവസ്ഥ തന്നെ…

തന്നെ പ്രാണനായി കണ്ടു സ്നേഹിക്കുന്ന നല്ല പാതിയുടെ ഹൃദയം കാണാൻ പോലും അവൾക്ക് കഴിഞ്ഞില്ല,, കാരണം അവളുടെ ഹൃദയം കുറ്റബോധത്തിന്റെ തുലാസിൽ ഏറ്റക്കുറച്ചിലുകൾ നടത്തി കൊണ്ടിരിക്കുമ്പോൾ ചുറ്റുമുള്ള കാഴ്ചയൊക്കെ അവ്യക്തത തീർത്തിരുന്നു അവളിൽ..

ഇനി കേവലം ഒരാഴ്ച മാത്രമേയുള്ളൂ അഞ്ജുവിന്റെ കല്യാണത്തിന്… ഇത്രയും ദിവസങ്ങൾക്കിടയിൽ അവൾക്കൊന്ന് ക്ഷണിക്കാൻ തോന്നിയില്ല അവളുടെ അനിയത്തി കുട്ടിയെ.. പല രാത്രികളിൽ കൂട്ട് കിടന്ന തന്റെ കൂടെപ്പിറപ്പിനെ.. ആ വേദനയിൽ തന്റെ ഉള്ളമൊന്നു പിടഞ്ഞുവോ?? എന്ന് സ്വയം ചോദിച്ചു കൊണ്ട് ദേവ് മുറിയിൽ കിടന്ന് കൊണ്ട് ആലോചിക്കുകയിരുന്നു…

സന്ധ്യയ്ക്ക് തൊട്ട് മുന്നെ ഓട്ടം കഴിഞ്ഞു വീട്ടിലെത്തിയതായിരുന്നു അവൻ.. വന്നു കയറിയപ്പോ തന്നെ കണ്ടു അനു കുളിക്കാൻ വേണ്ടി വീടിന് വെളിയിലേക്കിറങ്ങുന്നത്.. അവിടെയാണ് ബാത്റൂം.. കിണറ്റിൽ നിന്ന് വെള്ളം കോരിയെടുത്തു ബക്കറ്റിൽ നിറച്ചിട്ട് വേണം അവൾക്ക് കുളിക്കാൻ കയറാൻ.. തനിക്കാണെങ്കിൽ രണ്ടു കുടം കിണറ്റിൻ കരയിൽ നിന്ന് തന്നെ കോരിയൊഴിച്ചാൽ മതി… എന്ത് സുഖസൗകര്യത്തിൽ ജീവിച്ചവളാണ്, ഇന്ന് തന്റെ കൂടെ ഇങ്ങനെ ഒരു ദുരിതം അനുഭവിക്കുന്നത്..

ചിന്തകൾ കടിഞ്ഞാണില്ലാതെ സഞ്ചരിക്കുമ്പോഴാണ് അവനെ അലോസരപ്പെടുത്തി കൊണ്ട് ഫോൺ റിങ് ചെയ്തത്… പരിചിതമല്ലാത്ത നമ്പർ ആയത് കൊണ്ട് ആദ്യം ഒന്ന് എടുക്കാൻ മടിച്ചു… വീണ്ടും റിങ് ചെയ്തു തുടങ്ങിയപ്പോൾ ആ കിടപ്പിൽ തന്നെ അവൻ ഫോൺ കാതോട് ചേർത്ത് വെച്ചു…

“ഹലോ,,, ജിത്തു… ഇത് ഞാനാ അഞ്ജു… “

എന്നെ ഒഴിവാക്കാൻ,, എന്റെ ന്യായീകരണങ്ങൾ കേൾക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് നമ്പർ മാറ്റിയ ആളാണ് ഇപ്പോ തിരഞ്ഞു പിടിച്ചു വിളിക്കുന്നത്.. എന്നിട്ട് അവളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നു… എന്തൊരു വിരോധാഭാസം..

“കേട്ട് പരിചയമുള്ള ശബ്ദം ആണ്.. അത് നീയാണെന്ന് സ്വയം പറഞ്ഞു തന്നപ്പോൾ പുച്ഛം തോന്നുന്നു അഞ്ജു… “

വാക്കുകളിൽ അവളോടുള്ള വിദ്വേഷം നിറഞ്ഞു നിന്നു.. അതിനേക്കാളുപരി അനുവിനെ വിളിക്കാൻ തോന്നാത്ത മനസ്സിനോട് ഒരു വെറുപ്പും…

“ഓഹോ,, കേട്ടും കണ്ടും പരിചയമുണ്ടായിട്ടാണോ ഒരൊറ്റ രാത്രി കൊണ്ട് എന്നെ നീ തള്ളി പറഞ്ഞത്?? എന്നേക്കാൾ മുൻഗണന എന്റെ അനിയത്തികുട്ടിക്ക് കൊടുത്തത്..?? എന്നിട്ട് ഒരു വാക്കും,, എന്റെ വിധിയെ പ്രണയിക്കാനാണ് എനിക്കിഷ്ടമെന്ന്.. ആ വിധി നീ സ്വയം വരുത്തി വെച്ചതല്ലേ..?? “

അഞ്ജുവിന്റെ വാക്കുകളിൽ നിഴലിച്ച നഷ്ടബോധത്തിന്റെ അലയൊലികൾ അവന്റെ കാതുകളെ അലോസരപ്പെടുത്തിയില്ല..

“ആ വിധി ഞാൻ ചോദിച്ചു വാങ്ങിയതല്ല.. എന്നെ തേടി വന്നതാണ്… പിന്നെ നിന്നെ മറന്നത് ഒരൊറ്റ രാത്രി കൊണ്ടാണെന്ന് നീ പറഞ്ഞല്ലോ,, അതിന് മുന്നെ നാല് വർഷം നീണ്ടു നിന്ന പ്രണയവും നമുക്കുണ്ടായിരുന്നു… ആ നാല് വർഷത്തെ പ്രണയം കേവലം ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതാകണമെങ്കിൽ അതിന് ശക്തമായ ഒരു കാരണം കാണുമെന്ന് മനസ്സിലാക്കാനുള്ള മിനിമം കോമൺസെൻസ് പോലും നിനക്കില്ലാതെ പോയല്ലോ അഞ്ജു…

എന്റെ വിധി എന്ന് ഞാൻ പഴി പറയുമ്പോഴും അനുവിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ എന്റെ മനസ്സിൽ നീയോ നമ്മുടെ പ്രണയമോ ഉണ്ടായിരുന്നില്ല.. അവൾ മാത്രമേ ഉണ്ടായുള്ളൂ… മനസ്സറിഞ്ഞാണ് അവളെ ഞാൻ സ്വന്തമാക്കിയത്..

നാല് വർഷം ഹൃദയം തുറന്ന് ഞാൻ സ്നേഹിച്ചിട്ടും ഒരൊറ്റ രാത്രി കൊണ്ട് എന്നെ തള്ളിപ്പറഞ്ഞത് നീയായിരുന്നു.. കുറ്റം പറയില്ല ഞാൻ,, കാരണം നിന്റെ മുന്നിൽ നിരത്തപ്പെട്ട തെളിവുകൾ എനിക്ക് പ്രതികൂലമായിരുന്നു… പക്ഷെ,, ഒരേ ഒരു തവണ,, നിനക്ക് എന്നോട് ഒന്ന് സംസാരിക്കാമായിരുന്നു അഞ്ജു,, എന്റെ ഭാഗത്ത്‌ നീ തെറ്റ് ഉണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ എന്നെ ഒന്ന് വഴക്ക് എങ്കിലും പറയാമായിരുന്നു.. അത് പോലും ചെയ്തില്ല..

പോട്ടെ,, കഴിഞ്ഞ കാര്യം പറഞ്ഞ് നിന്റെ നല്ല ദിവസങ്ങളെ ഞാൻ ഇല്ലാതാകുന്നില്ല.. “

ദേവിന്റെ മറുപടിയിൽ അഞ്ജുവിന്റെ ഉള്ളമൊന്ന് പിടഞ്ഞു… അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ, അത് ജിത്തുവിനെയും അനുവിനെയും കുറിച്ചായപ്പോൾ എന്തോ വെറുപ്പായിരുന്നു.. ജിത്തുവിനോട് ഒന്ന് സംസാരിക്കാൻ പോലും തോന്നിയില്ല.. എല്ലാം തന്റെ തെറ്റാണോ,, എന്നൊരു മാത്ര അവൾ നിനച്ചു പോയ്‌..

“എന്നെ നീയും അവളും കൂടി വഞ്ചിച്ചു എന്ന് തോന്നിയപ്പോൾ എനിക്ക് സംസാരിക്കാൻ തോന്നിയില്ല എന്നത് സത്യം…പക്ഷെ അന്ന് രാത്രി അനു വിളിച്ചപ്പോൾ എന്തിനാ വന്നത്?? അത് എന്നെ മറന്നത് കൊണ്ടല്ലേ.. പറ?? എന്റെ സ്നേഹം മതിയാകാതെ വന്നത് കൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.. “

ദേഷ്യവും സങ്കടവും ഇടകലർന്ന ശബ്ദത്തിൽ അഞ്ജു പറഞ്ഞു നിർത്തിയപ്പോ ദേവ് ഒന്നുറക്കെ ശബ്ദിച്ചു…

“നിന്റെ കൂടെ കിടന്നവൾ എന്നെ വിളിച്ചത് അവൾക്ക് കാമം മൂത്തിട്ടല്ല… എന്റെ കാമം തീർക്കാനുമല്ല ആ രാത്രിമഴയത്ത്‌ ഞാൻ അവിടെ വന്നത്… അവൾക്കൊരു അപകടം വന്നപ്പോൾ തൊട്ടടുത്തു കിടക്കുന്ന നിന്നെ പലയാവർത്തി വിളിച്ചു,, അവളെ ഒന്ന് രക്ഷിക്കാൻ.. പക്ഷെ നീ കേട്ടില്ല…പിന്നെ ആ സമയത്ത് അവൾക്ക് വിളിക്കാൻ തോന്നിയത് എന്നെ ആയിരുന്നു… അതിലവൾ മുന്നും പിന്നും നോക്കിയില്ല… അവളുടെ കരച്ചിൽ കേട്ട ഞാനും ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ടു.. അത്കൊണ്ട് മാത്രം എന്റെ അനു ഇന്നും കളങ്കപ്പെടാത്ത പെണ്ണായ് ജീവിക്കുന്നുണ്ട്.. എന്റെ ഭാര്യായിട്ട്.. എന്റെ മരണം വരെ അത് അങ്ങനെ തന്നെയായിരിക്കും..

കൂടെ കിടന്നുറങ്ങിയ നിന്റെ അനിയത്തിയെ ഏതോ ഒരുത്തൻ പിച്ചി ചീന്താൻ വന്നപ്പോൾ രക്ഷകനായി എത്തിയ എനിക്ക് ദൈവം തന്ന സമ്മാനമാണ് എന്റെ അനു…

ആ കാട്ടാളന്റെ കയ്യിൽ നിന്ന് അനുവിനെ രക്ഷപ്പെടുത്തി എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോഴാണ് നിന്റെ അച്ഛൻ വന്നത്… അത് കണ്ടപ്പോൾ അച്ഛൻ ഒന്ന് തെറ്റിദ്ധരിച്ചു,, ആ ഒരവസ്ഥയിൽ ഏതൊരച്ഛനും പ്രതികരിക്കുന്നതേ നിന്റെ അച്ഛനും ചെയ്തുള്ളു..

എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ഒരുങ്ങിയ എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ തലങ്ങും വിലങ്ങും കയ്യോങ്ങിയപ്പോ അനു തടുക്കാൻ ചെന്നു… അവളെ കുടഞ്ഞെറിഞ്ഞു കൊണ്ട് നിന്റെ അച്ഛൻ ദേഷ്യം തീർക്കുമ്പോൾ അവളെയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടണം എന്നേ അപ്പോ ചിന്തിച്ചുള്ളൂ… എന്റെ അമ്മയ്ക്ക് സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അനുവിനെ വീട്ടിലേക്ക് തിരിച്ചയക്കാമെന്ന് കരുതി …. പക്ഷെ നിന്റെ അച്ഛന്റെ മരണം എല്ലാം തകർത്തു കളഞ്ഞു… ഞാനും അനുവും കുറ്റക്കാരായി…

എന്റെ വീട്ടുകാരുടെ മുന്നിൽ പോലും ഞാൻ കാമഭ്രാന്തനായി.. സ്വന്തം അമ്മയ്ക്ക് പോലും എന്നെ വേണ്ടാതായി….. ഒരൊറ്റ രാത്രി കൊണ്ട് ആരുമില്ലാത്തവനായി എന്റെ വീടിന്റെ പടിയിറങ്ങുമ്പോ കൂടെ അനു മാത്രമേ ഉണ്ടായിരുന്നുള്ളു.. അവളും എന്നെ പോലെ ഒരൊറ്റ രാത്രി കൊണ്ട് അനാഥമായവൾ…

ആ മഴയത്ത് എന്റെ ചൂട് പറ്റി അവൾ തളർന്നു കിടന്നപ്പോ രക്ഷയ്ക്കെത്തിയത് എന്റെ സിദ്ധു മാത്രമാ… അതിൽ എന്നെ മനസ്സിലാക്കിയവരുടെ കൂട്ടത്തിൽ എന്റെ രണ്ട് കൂടെപ്പിറപ്പുകൾ ഉണ്ടായിരുന്നു.. അതായിരുന്നു ഏക ആശ്വാസം…

പിന്നെ എന്റെ രക്ഷയ്ക്ക് വേണ്ടി ഞാൻ വീട്ടുകാരോട് ഒരു കള്ളം പറഞ്ഞിരുന്നു… എന്റെ അമ്മയോട്.. നിന്റെ അച്ഛൻ എന്നെ തല്ലിയ ദേഷ്യത്തിൽ അയാളാണ് എല്ലാത്തിനും കാരണക്കാരൻ എന്ന്.. പക്ഷെ അതാരും വിശ്വസിച്ചില്ല.. അത് സത്യമല്ലാത്തത് കൊണ്ടാകും..

ഇപ്പോ എന്റെ മനസ്സിൽ നീയോ നിന്നോടുള്ള പ്രണയമോ ഇല്ല…അത്പോലെയാകണം നിന്റെ മനസ്സും… മറ്റൊരാളെ ഭർത്താവായി സ്വീകരിക്കാനൊരുങ്ങുന്ന നിന്റെ ഉള്ളിൽ അവനെ ഉണ്ടാകാൻ പാടുള്ളൂ… “

നിമിഷ നേരം കൊണ്ട് താൻ നെയ്തെടുത്ത കള്ളകഥ കൊണ്ട് ഒരു കുടുംബം രക്ഷപ്പെടുമെങ്കിൽ അതാണ് തന്റെ സന്തോഷം എന്ന് ദേവ് ചിന്തിച്ചു…

തന്റെ കാതുകളിൽ പതിഞ്ഞ ജിത്തുവിന്റെ വാക്കുകളിൽ അഞ്ജു തകർന്നു പോയ്‌… ഒരു തെറ്റും ചെയ്യാത്ത തന്റെ അനു മോളെ ഒരു നിമിഷത്തേക്കെങ്കിലും ഞാൻ സംശയിച്ചല്ലോ ഈശ്വരാ…

കുറ്റബോധം കൊണ്ട് നീറിപ്പുകയുന്ന മനസ്സിൽ അപ്പോ അവളുടെ അനു മോള് മാത്രമായിരുന്നു… അവളെ ഒന്ന് കാണാൻ,, അവളോട്‌ ചേർന്ന് ഒന്നുറങ്ങാൻ മനസ്സ് വല്ലാതെ കൊതിച്ചു പോയ്‌…

“ജിത്തു,, എനിക്ക്… എനിക്ക്,, എന്റെ അനു മോളോടൊന്ന് സംസാരിക്കണം.. ഒന്ന് കൊടുക്കുവോ?? “

ഇടറുന്ന വാക്കുകളിൽ അഞ്ജു തന്റെ ആവിശ്യം ഉന്നയിക്കുമ്പോൾ ദേവും മനസ്സറിഞ്ഞു പുഞ്ചിരിക്കുകയായിരുന്നു.. ആ രണ്ട് സഹോദരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞല്ലോ എന്നോർത്ത്..

“അവൾ കുളിക്കുകയാ.. അല്പ സമയം കഴിഞ്ഞു ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം… “

ജിത്തു വളരെ സൗമ്യമായി മറുപടി കൊടുത്തു…

“എന്റെ അനു മോളെയും കൂട്ടി ജിത്തു കല്യാണത്തിന് വരണം… കല്യാണം ക്ഷണിക്കാൻ കൂടിയ ഞാൻ വിളിച്ചത്.. അമ്മയോട് ഞാൻ പറഞ്ഞോളാം ട്ടോ എന്റെ അനു മോളും ജിത്തുവും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്… “

ആ പഴയ അഞ്ജുവായി അവൾ മാറിയത് കണ്ടപ്പോൾ അവൻ ഒന്ന് ആശ്വസിച്ചു….

“അമ്മയ്ക്ക് എല്ലാം അറിയാം… അമ്മ ഇവിടെ കഴിഞ്ഞ ദിവസം വന്നിരുന്നു.. അപ്പോ എല്ലാം പറഞ്ഞിരുന്നു… ഇപ്പോ ഒന്നുമറിയാത്തത് എന്റെ വീട്ടുകാർക്ക് മാത്രമാ.. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ…

പിന്നെ നിന്റെ കല്യാണത്തിന് വരുന്നോ ഇല്ലയോ എന്നുള്ളത് എന്റെ അനുവിന്റെ സമ്മതം പോലിരിക്കും ട്ടോ… എന്ന ശരി നീ വെച്ചോ… “

അഞ്ജുവിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ ഫോൺ കട്ട്‌ ചെയ്തു ആശ്വാസത്തോടെ മലർന്ന് കിടന്നു..

ഇതൊക്കെ കേട്ട് ഭിത്തിയുടെ മറവിൽ അനു ഉണ്ടായിരുന്നു എന്നുള്ള കാര്യം ദേവ് അറിയാതെ പോയ്‌….

താൻ ദൈവം ആയി കണ്ടു ആരാധിക്കേണ്ടത് ശ്രീ കോവിലിൽ വെച്ച് പൂജിക്കുന്ന ബിംബത്തെയല്ല… തന്റെ കൂടെ അന്തിയുറങ്ങുന്ന ദേവനെന്ന മനുഷ്യരൂപത്തെയാണ് എന്ന് അവൾ ഓർത്ത് പോയ്‌…

ഈശ്വരാ,, ഈ നല്ല മനുഷ്യനെയാണല്ലോ ഞാൻ കാണാതെ പോയത്… എന്റെ ഒരു സ്നേഹത്തിനായ്,, എത്ര കൊതിച്ചിട്ടുണ്ട് ആ പാവം… എന്റെ അച്ഛനെയും അമ്മയെയും ഒരുപോലെ രക്ഷിച്ച എന്റെ ദേവൻ.. എന്റെ മാത്രം ദേവൻ… അല്ല ദേവേട്ടൻ.. അങ്ങനെ വിളിക്കുന്നതാ ഇഷ്ടം എന്റെ ദേവേട്ടന്…

മരണം വരെ എന്നെ ചേർത്ത് പിടിക്കുമെന്ന് പറഞ്ഞിട്ട് പിന്നെന്തിനാ മനുഷ്യാ,, ഞാൻ ഡിവോഴ്സ്ന്റെ കാര്യം പറഞ്ഞപ്പോ അതിനെ എതിർക്കാതിരുന്നത്… എന്നെ വട്ട് കളിപ്പിക്കുകയായിരുന്നല്ലേ… കാണിച്ചു തരാം ട്ടോ ഈ അനു…

ഒരു ചിരിയോടെ അനു ഒരല്പ നേരം കൂടി ആ ഭിത്തിയിൽ ചാരി നിന്നു.. ഇനി വരാനിരിക്കുന്ന നല്ല നാളെയെ സ്വപ്നം കാണുമ്പോൾ അവൾ പ്ലാൻ ചെയ്യുകയായിരുന്നു ദേവേട്ടനെ എങ്ങനെ വട്ടം ചുറ്റിക്കാമെന്ന്..

അന്ന് അമ്മ വന്നപ്പോൾ എന്നോട് കാട്ടി കൂട്ടിയതൊക്കെ ഞാൻ മറന്നിട്ടില്ല മോനെ ദേവാ…

അതും മനസ്സിൽ കരുതി അവൾ ഉള്ളാലെ ഒരു പുഞ്ചിരിയോടെ മുറിക്കകത്തേക്ക് കയറി.. അപ്പോഴും ദേവ് അതേ കിടത്തം തന്നെയായിരുന്നു.. ഒരു കൈ അവന്റെ നെഞ്ചിനു മുകളിലും മറു കൈ കണ്ണിനു കുറുകെയും വെച്ചിട്ടുണ്ട്..

ഒരു കുസൃതി തോന്നിയ അവൾ ഈറൻ മുടിയെ കെട്ടി വെച്ച തോർത്ത്‌ അഴിച്ചെടുത്ത്‌ മുടി ഒന്ന് കുടഞ്ഞു….

മുടിയിൽ പറ്റിപ്പിടിച്ച ജലകണങ്ങൾ തെറിച്ചു വീണത് ദേവിന്റെ മുഖത്തായിരുന്നു… വെള്ളത്തുള്ളികളുടെ തണുപ്പറിഞ്ഞ അവൻ കണ്ണിന് മുകളിലുള്ള കൈ പതിയെ മാറ്റിയപ്പോഴാണ് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി തുവർത്തുന്ന അനുവിനെ കാണുന്നത്…

അവളുടെ പിൻകഴുത്തിൽ പറ്റിപ്പിടിച്ച ജലകണങ്ങൾക്ക് പോലും എന്തൊരു ഭംഗിയാ എന്ന് അവൻ ആലോചിച്ചു.. പിന്നെ എന്തോ ഓർത്തിട്ടെന്ന പോൽ അവൻ നോട്ടം പിൻവലിച്ചു..

അവന്റെ ഓരോ ചലനങ്ങളും കണ്ണാടിയിൽ കൂടി വീക്ഷിക്കുന്ന അനുവിന്റെ ചുണ്ടുകൾ ചിരിയെ കടിച്ചു പിടിക്കുകയായിരുന്നു…..

“ദേവേട്ടന് ചായ വേണ്ടേ??? “

പതിയെ അവനരികിൽ നിന്ന് കൊണ്ട് അനു ചോദിച്ചപ്പോൾ വേണ്ട എന്നൊരൊറ്റ മറുപടിയിൽ അവൻ ഉത്തരമൊതുക്കി…

വീണ്ടും ഒരു കുസൃതി ഒപ്പിക്കാനായി അവൾ ദേവിനെ മറി കടന്ന് കട്ടിലിന്റെ അറ്റത്തുള്ള തലയിണ കയ്യെത്തി പിടിക്കാൻ നോക്കിയതും അവളുടെ താലി ദേവിന്റെ നെഞ്ചിൽ തട്ടി തണുപ്പടിച്ചതും ഒരുമിച്ചായിരുന്നു…

പെട്ടെന്നെന്തോ ആവേശത്തിൽ കണ്ണിന് മുകളിലുള്ള കൈ മാറ്റി അവൻ അവളെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു… ആ ഒരു നീക്കം അനു ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു… അത് കൊണ്ട് തന്നെ അവൾ അവന്റെ ഷർട്ടിൽ ബലമായി പിടിച്ചു…

ഒരു നിമിഷം അവളുടെ ചെയ്തികളെ വീക്ഷിച്ച ദേവ് അവളെയും കൊണ്ട് ഒന്ന് തിരിഞ്ഞു…

ഇപ്പോ അവളുടെ തലയിണക്ക് മുകളിൽ തന്നെ അവളുടെ തല വന്നു പതിച്ചു.. ദേവ് അവളുടെ മുകളിലും..

“ഒരു തലയിണ കയ്യിലെടുക്കാൻ ഇത്രേം റിസ്ക് എടുക്കണോ അനു?? “

അത് ചോദിക്കുമ്പോൾ ദേവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു..

ദേവേട്ടന് ഇട്ട് പണി കൊടുക്കാൻ പോയിട്ട് എട്ടിന്റെ പണി കിട്ടി കിടക്കുന്ന അനുവിന് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല… തനിക്ക് മുകളിലായി കിടക്കുന്ന ദേവിന്റെ കണ്ണിൽ കുരുങ്ങി കിടക്കുകയായിരുന്നു അവൾ അപ്പോൾ..

“ഷർട്ടിൽ നിന്ന് പിടി വിട് മോളെ,, അല്ലേൽ ഇപ്പോ ഡിവോഴ്സ്ന്റെ സമയത്ത് നിന്റെ ഉദരത്തിൽ ഒരാൾ കൂടെ കാണും… “

വീണ്ടും ദേവ് സംസാരിച്ചു തുടങ്ങിയപ്പോൾ അനു പതിയെ അവനിലുള്ള പിടിത്തം ഒന്നയച്ചു..

“എന്താ അനുസരണ… “

എന്നും പറഞ്ഞു അവൻ യഥാസ്ഥാനത്തു കിടന്നതും അനു അതേ സ്പോട്ടിൽ അവന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നതും ഒരുമിച്ചായിരുന്നു…

(തുടരും)

By

Ramsi faiz

One comment

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *