രാത്രിമഴ
^^^^^^^^^^
Part 6
കാറിന്റെ ശബ്ദം കേട്ടതും അനു വീടിന്റെ മുൻവശത്തേക്ക് നടന്നടുത്തു…
കണ്മുന്നിൽ അമ്മയെ കണ്ട അവൾ ഓടിച്ചെന്ന് അവരുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…
ഒരു വർഷത്തോളമായി തനിക്ക് അന്യം നിന്ന് പോയ സ്നേഹസാമീപ്യം പ്രതീക്ഷിക്കാതെ കണ്മുന്നിൽ വന്നു പെട്ടപ്പോൾ അങ്ങനെ പ്രതികരിക്കാഅനുവിന് കഴിഞ്ഞുള്ളു…
ആ സ്നേഹവലയത്തിൽ നിന്ന് ഒന്ന് പുറത്തേക്കു വരാൻ അവൾക്ക് തോന്നിയതില്ല.. ദിവസങ്ങൾക്കു മുന്നേ തന്റെ മരണം കാണണമെന്ന് പ്രാർത്ഥിച്ച അമ്മ തന്നെയാണ് ഇപ്പോ കണ്മുന്നിൽ നിൽക്കുന്നത്.. എന്നിട്ടും ഒരല്പം പോലും വെറുപ്പ് തോന്നിയില്ല അവൾക്ക്… കാരണം,, മരണത്തിന്റെ കവാടം വരെ ചെന്നിട്ടാണ് അമ്മ എന്നെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത്.. ആ അമ്മയോട് വെറുപ്പ് കാണിക്കാൻ തനിക്ക് കഴിയില്ലെന്ന് അനുവിന് അറിയാമായിരുന്നു..
“ആഹാ,, അമ്മയും മോളും കൂടി ഇവിടെ നിൽക്കുകയാന്നോ?? എന്താ അനു ഇത്,, അമ്മ ആദ്യമായിട്ട് നമ്മുടെ വീട്ടിൽ വന്നാൽ ഇങ്ങനെയാണോ സ്വീകരിക്കേണ്ടത്..
അമ്മ ഇരിക്ക് ട്ടോ.. ഞങ്ങൾ കുടിക്കാൻ എന്തെങ്കിലും എടുക്കാം..”
അനുവിനെയും അമ്മയെയും മാറി മാറി നോക്കി കൊണ്ട് ദേവ് തികഞ്ഞ ആതിഥ്യ മര്യാദയോടെ സംസാരിച്ചു തുടങ്ങിയെങ്കിലും അവന്റെ ഉള്ളം പിടയുകയായിരുന്നു,, തനിക്കും തന്റെ അമ്മയ്ക്കുമിടയിലുള്ള ദൂരത്തിന്റെ വ്യാപ്‌തി കൂടിയതോർത്തിട്ട്….
അമ്മയിൽ നിന്നുള്ള പിടി വിട്ട് ദേവിന്റെ പിന്നാലെ അടുക്കളയിലേക്ക് നടക്കുമ്പോൾ അനു ചിന്തിക്കുകയായിരുന്നു ദേവിന്റെ മാറ്റത്തെ കുറിച്ച്.. ഇന്നലെ രാത്രി തന്നോട് രൗദ്രമായി സംസാരിച്ചയാൾ,, ഇന്ന് രാവിലെ മുതൽ തനിക്ക് മുന്നിൽ മൗനം കൊണ്ട് മറ തീർത്തയാൾ,, ഇപ്പോ ഭയങ്കര സ്നേഹത്തോടെ സംസാരിക്കുന്നു…
ചിന്തിച്ചു തീർന്നതും തന്റെ കാതിനരികിൽ ഒരു ചുടുനിശ്വാസം പതിഞ്ഞതും ഒരുമിച്ചായിരുന്നു..
“അമ്മയോട് പറയണോ നമ്മുടെ ഡിവോഴ്സ്ന്റെ കാര്യം..?? “
ദേവേട്ടൻ പതിയെ അവൾക്ക് കേൾക്കാൻ മാത്രം പാകത്തിൽ ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി..
മറുപടി കൊടുക്കാൻ തന്റെ പക്കൽ വാക്കുകളില്ല എന്ന് കണ്ടതും അവൾ അവനിൽ നിന്നൊരല്പം അകലം പാലിച്ചു മുന്നോട്ട് നിന്നു…
“ഹാ പറ പെണ്ണെ,, ഇത്രയും ദൂരത്തു നിന്ന് അമ്മ വന്ന സ്ഥിതിക്ക് നമുക്ക് നല്ലൊരു സൽക്കാരം തന്നെ കൊടുത്തു പറഞ്ഞു വിടാം… എന്നെ ഈ അവസ്ഥയിൽ ആക്കാൻ അവരും ഒരു കാരണക്കാരിയാണല്ലോ.. “
ചുണ്ടിൽ ഒളിപ്പിച്ച ചിരി അവൾ കാണാതെ ദ്വയാർത്ഥം വരുന്ന രീതിയിൽ അവളോട് സംസാരിച്ചു കൊണ്ട് ദേവ് ഒന്ന് കൂടെ അവൾക്കരികിലേക്ക് നടന്നു.. അവൾക്ക് തൊട്ട് പിന്നിലായി നിന്ന് കൊണ്ട് വീണ്ടും അവളുടെ കാതോരം പോയ് എന്തോ പറയാനൊരുങ്ങിയതും അനു അവന് അഭിമുഖമായി നിന്നു..
“ദേവേട്ടാ,, ദയവ് ചെയ്തു അമ്മയെ ഇപ്പോ വേദനിപ്പിക്കല്ലേ… പ്ലീസ്..”
ദേവിനോട് തൊട്ടടുത്തു നിന്ന് അനു പറഞ്ഞു നിർത്തിയതും ദേവിന്റെ മുഖം അവളുടെ മുഖത്തോട് ഒന്നൂടെ അടുത്തു…
“അപ്പോ നമുക്ക് രണ്ടു പേർക്കും കൂടി അഭിനയിക്കാം അല്ലെ,,, അമ്മയുടെ മുന്നിൽ നല്ല ഭാര്യ ഭർത്താവായിട്ട്.. “
ദേവ് പറഞ്ഞു തീർന്നതും അനു തല ചലിപ്പിച്ചു സമ്മതം കൊടുത്തതും ദേവ് അനുവിന്റെ കവിളിൽ അധരങ്ങൾ ചേർത്ത് വെച്ച് ഒരു ചെറു ചുംബനം നൽകിയതും ഞൊടിയിടയിൽ നടന്ന കാര്യങ്ങളായിരുന്നു…
അപ്രതീക്ഷിതമായി കിട്ടിയ ചുംബനത്തിന്റെ ഹാങ്ങോവറിൽ അനു കണ്ണ് തള്ളി നിന്നപ്പോൾ ദേവ് ഒരു ചിരിയോടെ അവളുടെ കവിളിൽ തട്ടി കൊണ്ട് വീണ്ടും കാതോരം പോയ് മൊഴിഞ്ഞു..
“അഭിനയിക്കാൻ അറിയില്ലേ നിനക്ക്?? ദേ ഇങ്ങനെ കണ്ണും തള്ളി നിൽക്കുന്നതെങ്ങാനും അമ്മ കണ്ടാൽ അമ്മയ്ക്ക് മനസ്സിലാകും ട്ടോ നമ്മുടെ ഫസ്റ്റ് കിസ്സ് ആണ് ഇതെന്ന്.. അത്കൊണ്ട് ദേവേട്ടന്റെ കുട്ടി നന്നായിട്ട് അഭിനയിക്കാൻ നോക്ക്.. അമ്മക്ക് സംശയം തോന്നാത്ത രീതിയിൽ… “
അവന്റെ ചുടുനിശ്വാസം വീണ്ടും കാതിൽ പതിയുമ്പൊ ഇതുവരെ തോന്നാത്തൊരു വികാരം അവളെ മൂടുന്നത് പോലെ തോന്നി…
മുഖമുയർത്തി അവനെ ഒന്ന് നോക്കാൻ പോലും കഴിയാതെ അവൾ നിന്നിടത്തു നിന്ന് താളം ചവിട്ടുമ്പോഴേക്കും ദേവ് അമ്മയ്ക്ക് കുടിക്കാനുള്ള ജ്യൂസ് റെഡിയാക്കി കഴിഞ്ഞിരുന്നു…
“അതേയ്,, ഒന്ന് അഭിനയിക്കാൻ പറഞ്ഞതിന് നീ എന്തിനാടി പണിയൊക്കെ എന്നെ കൊണ്ട് ചെയ്യിക്കുന്നത്?? ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം,, ഈ ജ്യൂസ് അമ്മയ്ക്ക് ഞാൻ കൊടുത്തു വരുമ്പോഴേക്കും നീ ഭക്ഷണത്തിനുള്ള ഏർപ്പാട് നോക്കിക്കൊള്ളണം… പറഞ്ഞില്ലാന്നു വേണ്ട…”
അതുവരെ സൗമ്യമായി സംസാരിച്ച ദേവിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് അനു ഒന്ന് വിരണ്ടു പോയ്… അവളുടെ പ്രതികരണം എന്താണെന്ന് നോക്കുക കൂടി ചെയ്യാതെ അവൻ അമ്മയ്ക്കരികിലേക്ക് നടന്നു..
“എനിക്ക് ജിത്തുവിനോടും അനുവിനോടും ഒരു കാര്യം പറയാനുണ്ട്..”
മുഖവുരയോട് കൂടി അനുവിന്റെ അമ്മ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ദേവ് ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി..
“അമ്മയ്ക്ക് മക്കളോട് സംസാരിക്കാൻ ഒരു മുഖവുരയുടെ ആവിശ്യമില്ല… എന്തും എപ്പഴും പറയാം.. പക്ഷെ ഇപ്പോ അമ്മ കുറച്ച് സമയം വിശ്രമിക്ക്.. അത് കഴിഞ്ഞാവാം സംസാരം… വേറൊന്നും കൊണ്ടല്ല ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ.. പിന്നെ ഞങ്ങളെ സംബന്ധിച്ചു ഈ വീട്ടിൽ വരുന്ന ആദ്യത്തെ അതിഥി,അത് അമ്മയാണ്.. ആ ഒരു സന്തോഷത്തിൽ ഞങ്ങൾ രണ്ടു പേരും കൂടി ഒന്ന് ഭക്ഷണം ഒക്കെ റെഡി ആക്കുമ്പോഴേക്കും അമ്മ കിടന്ന് എണീറ്റോ.. “
വളരെ ഭവ്യതയോടെയുള്ള അവന്റെ പെരുമാറ്റം കണ്ടപ്പോൾ ആ അമ്മയുടെ നെഞ്ച് ഒന്ന് വിങ്ങി… താൻ കാരണമാണല്ലോ ഇന്ന് എന്റെ കുട്ടിക്ക് ഈ അവസ്ഥ വന്നതെന്നോർത്തു അമ്മ പതിയെ ദേവ് കാണിച്ചു കൊടുത്ത മുറിയിലേക്ക് നടന്നു…
“ദേവേട്ടന് അറിയായിരുന്നോ,, അമ്മ ഇന്ന് വരുമെന്ന്..?? “
ചിക്കൻ ബിരിയാണി ഉണ്ടാക്കണമെന്ന് ദേവ് പറഞ്ഞതനുസരിച്ചു രണ്ടു പേരും അടുക്കളയിൽ കാര്യമായി ജോലി ചെയ്യുന്നതിനിടയിലാണ് അനുവിന്റെ ചോദ്യം ദേവിനെ തേടിയെത്തിയത്..
“ഇന്നലെ വരുമെന്ന് പറഞ്ഞിരുന്നു.. പിന്നെ എനിക്ക് ഇന്നലെ ഡിവോഴ്സ്ന്റെ കാര്യം അന്വേഷിക്കാൻ പോകാനുണ്ടായത് കൊണ്ട് ഞാനാ അമ്മയോട് ഇന്ന് വന്ന മതി എന്ന് പറഞ്ഞത്.. “
അത് പറയുമ്പോൾ ദേവ് ഒളി കണ്ണിട്ട് അനുവിനെ ഒന്ന് നോക്കി…
ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ പെണ്ണിന്റെ മുഖഭാവം മാറി മറിയുന്നുണ്ട്… അതിനേക്കാൾ ഭാവമാറ്റമാണ് ദേവ് ഒന്ന് അരികിൽ പോയ് നിന്നാൽ..
അവളിലെ പെണ്ണിനെ ഉണർത്താൻ എന്ന വണ്ണം പലവട്ടം അവൻ അവൾക്ക് പിറകിലൂടെ ചെന്ന് ഓരോ സാധനങ്ങൾ കയ്യിലെടുത്തും,, സിങ്കിലേക്ക് പാത്രം എറിഞ്ഞു കൊടുത്തുമൊക്കെ അവന്റെ ദൗത്യം ഭംഗിയായി നിർവഹിച്ചു.. ഒടുവിൽ ഒന്നുമറിയാത്തവനെ പോലെ അവൾ കാണാതെ ചുണ്ട് കടിച്ചു പിടിച്ചു അവന്റെ ചിരിയെ അവൻ തന്നെ ഒതുക്കി നിർത്തി…
“ദേവേട്ടാ,, ഇന്നലെ ഇവിടെ സിദ്ധുവേട്ടൻ വന്നിരുന്നു.. “
അവന് മുഖം കൊടുക്കാതെ ചിക്കൻ മസാല തയ്യാറാക്കുന്നതിനിടയിൽ അനു പറഞ്ഞു…
“അവൻ എന്തിനാ വന്നത്?? ഇന്നലെ വലിയ ഡയലോഗ് ഒക്കെ പറഞ്ഞു പോയതല്ലേ.. “
അതും പറഞ്ഞു കൊണ്ട് ദേവ് അനുവിന്റെ പിന്നിൽ നിന്ന് അവളുടെ കൈക്ക് മുകളിലൂടെ തയ്യാറാക്കി കൊണ്ടിരിക്കുന്ന ചിക്കൻ മസാലയിൽ ഒരു തവി ഇളക്കി അതിൽ പറ്റിപ്പിടിച്ച കൂട്ടിൽ നിന്ന് ഉപ്പ്
രുചിച്ചു നോക്കി…
അവന്റെയാ സാമീപ്യം അവളെ ഒന്ന് പരവശയാക്കി…
“ഇതിൽ ഉപ്പ് കുറവുണ്ടല്ലോ അനു.. “
അതും പറഞ്ഞു കൊണ്ട് അവൻ ഉപ്പ് എടുത്തു മസാല കൂട്ടിലേക്ക് ഇട്ടു..
“അല്ല,, എന്തിനാ സിദ്ധു വന്നതെന്ന് നീ പറഞ്ഞില്ല… “
അവൾക്കരികിൽ നിന്ന് മാറി അവൻ ചോദിച്ചു..
“അത് പിന്നെ,, ഞാൻ കാരണമല്ലേ ദേവേട്ടനും സിദ്ധുവേട്ടനും പിണങ്ങിയത്.. “
“എന്റെ പൊന്ന് അനു,, നിനക്ക് ഈ ‘ഞാൻ കാരണമല്ലേ ‘ എന്ന വാക്കിൽ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ?? എന്ത് പറയുമ്പോഴും അത് കൂടി പറയുന്നുണ്ടല്ലോ… “
അതും പറഞ്ഞു കൊണ്ട് അവൻ ദേഷ്യത്തോടെ മുറ്റത്തേക്കിറങ്ങി..
ഇടയ്ക്കിടെ തന്നോട് ഉള്ള പെരുമാറ്റം കാണുമ്പോൾ തോന്നും പണ്ടത്തെ അതേ ഇഷ്ടം ദേവേട്ടന് തന്നോട് ഉണ്ടെന്ന്… എന്നാലോ,, കുറച്ചു സമയം കഴിഞ്ഞു ഞാൻ എന്തേലും പറഞ്ഞാൽ ചാടി കടിക്കാൻ വരും.. ഈ ദേവേട്ടനെന്താ ഇങ്ങനെ??
ഓരോന്ന് ആലോചിച്ചു സ്വയം ഉത്തരം കണ്ടെത്താൻ കഴിയാതെ അനു തന്റെ പാചകം തുടർന്നു…
അമ്മയോടൊപ്പം ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അനു പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ച് ഹാളിൽ അമ്മയ്ക്കരികിൽ വന്നിരുന്നു…ദേവ് കോലായിലെ അരഭിത്തിയിൽ ഇരിക്കുന്നുണ്ട്..
അനുവിന്റെ കയ്യിൽ പിടിച്ചു അവളുടെ അമ്മ ദേവിന്റെ അരികിൽ വന്നു നിന്നു…
“ഈ അമ്മ ചെയ്ത തെറ്റിന്റെ ഫലമാണ് ഇന്നിപ്പോ നിന്റെ ജീവിതം ഇങ്ങനെയായത്… അഞ്ജുവിന്റെ കഴുത്തിൽ ചാർത്തേണ്ട താലി അവളുടെ അനിയത്തിയുടെ കഴുത്തിൽ ചാർത്തേണ്ട ഗതികേട് വന്നത് ഞാൻ കാരണമാ.. “
അമ്മയുടെ നാവിൽ നിന്നുതിർന്നു വീഴുന്ന ഓരോ വാക്കുകൾക്കൊപ്പം അനുവിന്റെ കൈയിലുള്ള അമ്മയുടെ പിടിത്തവും മുറുകി കൊണ്ടിരുന്നു..
“എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്റെ വിധി… അത് അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം?? അതിൽ അമ്മ എന്ത് പിഴച്ചു?? “
അരഭിത്തിയിൽ ചാരിയിരുന്ന ദേവ് എഴുന്നേറ്റു നിന്ന് ചോദിച്ചതും അനുവിന്റെ അമ്മ അതിനുള്ള മറുപടി കൊടുത്തു കഴിഞ്ഞിരുന്നു..
“ജന്മം നൽകിയ സ്വന്തം മകളെ കാമക്കണ്ണുകളോടെ സമീപിച്ച അച്ഛന്റെ തെറ്റിനെ നിന്റെ തലയിൽ കെട്ടി വെച്ചത് ഞാനാണ്.. എന്റെ മകളുടെ രക്ഷകനായി വന്ന നിന്നെ തെറ്റുകാരനാക്കിയതും ഞാനാണ്..
അഞ്ജുവിന്റെ മനസ്സിൽ അത് വരെ നായകനായിരുന്ന നിന്നെ വില്ലനാക്കി മാറ്റിയത് എന്റെ വാക്കുകളായിരുന്നു…
നീ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും നിന്റെ വീട്ടുകാരുടെ മുന്നിൽ പോലും നിന്നെ നിരപരാധിയാക്കി രക്ഷിക്കാൻ തുനിയാതിരുന്നതും ഞാനാണ്…
എല്ലാത്തിലുമുപരി,, ഇവളുടെ അച്ഛനെ ഈ മണ്ണിൽ നിന്ന് പറഞ്ഞു വിട്ടതും ഞാനാണ്…
മകളെ ഒരുത്തൻ ബലാൽക്കാരമായി പീഡിപ്പിക്കുന്നത് കണ്ടു ഹൃദയം പൊട്ടി മരിച്ചവനാക്കി മാറ്റിയതും ഞാനാണ്…
എല്ലാ തെറ്റും ചെയ്തത് ഞാനാണ്…
എന്റെ മകളെ രക്ഷിക്കാൻ…
എന്റെ അനു മോളോട് നീതി കാണിക്കാൻ…
ഇത് പോലും അമ്മ നിനക്ക് വേണ്ടി ചെയ്തില്ലെങ്കിൽ ദൈവം പോലും ഈ അമ്മയോട് പൊറുക്കില്ല …”
അനുവിന്റെ അമ്മയുടെ വാക്കുകൾ രണ്ടു പേരുടെ കാതിലും വിസ്ഫോടനം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു…കേട്ട വാക്കുകളുടെ ആഘാതത്തിൽ നിന്ന് പുറത്തേക്ക് വരാൻ കഴിയാതെ പിടയുകയായിരുന്നു അനുവിന്റെയും ദേവിന്റെയും മനസ്സ്….
തിരിച്ചു അമ്മയോട് എന്തെങ്കിലും ചോദിക്കാനോ അമ്മയെ ഒന്ന് നോക്കാനോ കഴിയാതെ അനു നിലത്തേക്കൂർന്നിരുന്നു…
“ജിത്തു മോനോട് മാപ്പ് ചോദിക്കാനുള്ള അർഹത പോലും ഈ അമ്മയ്ക്കില്ല… എന്നാലും എന്റെ ഒരു സമാധാനത്തിന് വേണ്ടി മാപ്പ് ചോദിക്കുകയാ ഞാൻ… പൊറുക്കണം ഈ അമ്മയോട്.. ജന്മം നൽകിയ മകളെ അവളുടെ അച്ഛൻ തന്നെ പിച്ചി ചീന്തുന്നത് കാണാനുള്ള മനക്കരുത്ത് ഇല്ലാത്തത് കൊണ്ട് മാത്രം ചെയ്തു പോയതാ… “
അതും പറഞ്ഞു കൊണ്ട് അമ്മ ദേവിന്റെ കാൽക്കലേക്ക് വീണു…
“അമ്മേ,,,,,” എന്നുള്ള വിളിയോടെ ദേവ് അവരെ പിടിച്ചെഴുന്നേല്പിച്ചു…
“ഇപ്പോ ജിത്തു മോനും അനു മോൾക്കും ഒരുപാട് സംശയം ഉണ്ടെന്ന് ഈ അമ്മയ്ക്ക് അറിയാം.. ആ സംശയങ്ങളൊക്കെ ദൂരീകരിക്കാൻ തന്നെയാ അമ്മ വന്നത്…
ഈ മണ്ണിൽ എനിക്കും എന്റെ അച്ഛനും മാത്രമറിയുന്നൊരു ഭൂതകാലമുണ്ട്… എന്റെ ജീവിതത്തിൽ നോവ് മാത്രം രുചിച്ചറിഞ്ഞ ദിനരാത്രങ്ങൾ കഴിഞ്ഞ് പോയൊരു ഭൂതകാലം…
എന്റെ അച്ഛൻ ഒരു ഡോക്ടറായത് കൊണ്ടാകണം എന്നെയും ഒരു ഡോക്ടർ ആക്കിയത്.. പക്ഷെ ഞാനാ ജോലി ഒരിക്കൽ പോലും ചെയ്തില്ല…
കാരണം എന്റെ അനന്തേട്ടനായിരുന്നു… അല്ല എന്റെ നന്ദേട്ടൻ…
അച്ഛന്റെ കളികൂട്ടുകാരന്റെ മകനായിരുന്നു നന്ദേട്ടൻ.. ആ ഒരു പരിചയത്തിന്റെ പുറത്താണ് നന്ദേട്ടനുമായുള്ള എന്റെ വിവാഹം ഉറപ്പിക്കുന്നത്..
വിവാഹം കഴിയുന്ന സമയത്ത് ഞാൻ ഹൌസ് സർജൻസി ചെയ്യുകയായിരുന്നു… അതോടെ ആ പഠനത്തിന് അവിടെ തിരശീല വീണിരുന്നു..
സ്നേഹം കൊണ്ട് എന്നെ വീർപ്പ്മുട്ടിക്കുന്ന ഒരാളായിരുന്നു എന്റെ നന്ദേട്ടൻ… ഒരിക്കൽ പോലും എന്നെ ഒന്ന് നുള്ളി നോവിക്കുക കൂടി ചെയ്തില്ല… ഞാൻ മാത്രമായിരുന്നു നന്ദേട്ടന്റെ ലോകം… അത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞയുടൻ സ്വന്തം വീട് വെച്ച് താമസം മാറിയത് ഞങ്ങളുടെ സ്വകാര്യതയ്ക്ക് വേണ്ടിയായിരുന്നു…
നന്ദേട്ടൻ ബാങ്ക് ജീവനക്കാരനായിരുന്നു…ജോലിക്കിടയിൽ പോലും എന്നെ വിളിച്ചു കൊണ്ടിരിക്കും.. എന്നോടൊപ്പം ചിലവഴിക്കാൻ പറ്റുന്ന നേരത്തൊക്കെ എനിക്ക് സന്തോഷം മാത്രം നൽകും…
നന്ദേട്ടന്റെ കൂടെയല്ലാതെ വീടിന് വെളിയിൽ ഇറങ്ങാൻ എനിക്ക് അനുവാദം ഇല്ലായിരുന്നു.. എന്തോ എന്റെ കാര്യത്തിൽ നന്ദേട്ടൻ ഭയങ്കര സ്വാർത്ഥനായിരുന്നു.. എനിക്കതിൽ പരാതിയോ പരിഭവമോ ഒന്നും തന്നെ തോന്നിയില്ല…
പക്ഷെ,, ആ സ്വാർത്ഥതയാണ് പിന്നീട് എന്റെ ജീവിതത്തെ പാടെ തകർത്തു കളഞ്ഞത്
ഞങ്ങൾക്കിടയിലേക്ക് അഞ്ജു മോള് കടന്ന് വന്നതോട് കൂടി എന്നോടുള്ള സ്നേഹവും കരുതലും ഒന്നൂടെ വർധിച്ചു… എന്നെയും അഞ്ജു മോളെയും മത്സരിച്ചു സ്നേഹിച്ചു..
ആയിടയ്ക്കാണ് നന്ദേട്ടന്റെ കൂട്ടുകാരൻ ബാലമുരളി ഞങ്ങളുടെ വീട്ടിലെ താൽക്കാലിക അഭയാർത്ഥിയായത്.. എന്തോ പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാനൊരുങ്ങിയപ്പോ താൽക്കാലിക ഷെൽട്ടർ നൽകി നന്ദേട്ടൻ ബാലുവേട്ടന് മുന്നിൽ സഹജീവി സ്നേഹം കാണിച്ചു…
നന്ദേട്ടന്റെ കൂടെ രാവിലെ ഇറങ്ങി പോയാൽ പിന്നെ നന്ദേട്ടൻ തിരിച്ചു വരുമ്പോൾ മാത്രമേ ബാലുവേട്ടനും വരാറുള്ളൂ… അത്കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ വലിയ പരിചയമൊന്നുമില്ല..
സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിൽ ഒരാൾ കൂടെ കടന്ന് വരാനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്ന് എന്റെ ശരീരം എന്നോട് വിളിച്ചു പറഞ്ഞപ്പോ ഞാൻ ആദ്യം ഓടിയടുത്തത് എന്റെ നന്ദേട്ടനെ വിളിക്കാനായിരുന്നു..
പക്ഷെ…….
ആ ഫോൺ കോൾ നന്ദേട്ടനെ തേടി പോകും മുന്നെ എന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നിരുന്നു…ഭാരമില്ലാത്ത ഒരു വസ്തുവായി ഞാൻ നിലത്തേക്ക് പതിച്ചിരുന്നു…
(തുടരും )
By Ramsi faiz
💖💖💖