
പെൺകുട്ടികളും ചേച്ചിമാരുമൊക്കെ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് വായും പൊത്തി നിൽക്കുന്നൂ. ഇതിപ്പോൾ ചിരിക്കാൻ എന്താണ് ഉണ്ടായതെന്നറിയാതെ അന്താളിച്ചു നിൽക്കുമ്പോൾ, പ്രായമായ ഒരു ചേട്ടൻ അടുത്തു വന്നിട്ട്, “ബാഗിന്റെ ബോഡീസ് തൂങ്ങി കിടക്കുന്നു മോനേ..” ന്ന്. ഒന്നും മനസ്സിലാകാതെ നിന്ന ഞാൻ, എന്റെ ബാക്ക്പാക്ക് ഓട്ടത്തിനിടയിൽ എവിടെയെങ്കിലും കുത്തി കീറിയെന്നു കരുതി, പുറത്തു നിന്നും എടുത്തു നോക്കുമ്പോൾ, ഓട്ടത്തിനിടയിൽ, ഏതോ ഒരഴയിൽ നിന്നും, ബാഗിൽ കുളത്തിപിടിച്ച് തൂങ്ങി കിടക്കുന്ന ഒരു ‘ബ്രാ’. അതാണെങ്കിൽ, അതിന്റെ മുതലാളിക്ക്, ഒഴിവാക്കാൻ പറ്റാത്ത വിധം പ്രിയപ്പെട്ടതായിരുന്നെന്ന്, അതിന്റെ പഴക്കവും അവസ്ഥയും വിളിച്ചോതുന്നുണ്ട്. നാണക്കേടിൽ നിന്നൊഴിവാകാൻ, എങ്ങനെയൊക്കെയോ അത് തട്ടി താഴെയിട്ട്, ബാഗും തോളിലിട്ട്, മുടിയിൽ നിന്നും ഓട്ടത്തിനിടയിൽ കയറി പറ്റിയ ഉണങ്ങിയ ഇലകളും ചുള്ളി കമ്പുകളും മാറാലയുമൊക്കെ പെറുക്കി കളഞ്ഞുകൊണ്ട്, സ്റ്റാൻഡിന്റെ മറു വശത്തേക് നടന്നുനീങ്ങുമ്പോൾ “ടാ മോനേ ഇതുംകൂടി എടുത്തുകൊണ്ടുപോടാ” എന്നാരോ പുറകിൽ നിന്നും വിളിച്ചുപറഞ്ഞത്, ഞാൻ കേട്ടതായി പോലും ഭാവിച്ചില്ല. അവൾ രണ്ടാമതും ആളുകളെ വിളിച്ചുകൊണ്ടുവന്നതിനുശേഷം, ഞാനും എന്റെ കൂട്ടുകാരും, അബദ്ധത്തിലായാൽ പോലും, അവളുടെ മുൻപിൽ ചെന്നുപെടാതിരിക്കാൻ പാടുപെട്ടുകൊണ്ടേയിരുന്നൂ...
അങ്ങിനെ മാസങ്ങൾ കടന്നുപോയി, തേർഡ് ഇയർ എക്സാമിന്റെ അവസാന ദിവസം. എക്സാം കഴിഞ്ഞ് ഞാനും ഫ്രണ്ട്സും വരാറുള്ള വഴിയിൽ അവളാരെയോ പ്രതീക്ഷിച്ചുനിൽക്കുന്നത് കണ്ടൂ. പക്ഷേ അവൾ ഞങ്ങളെ കണ്ടിരുന്നില്ല. ഒരടിക്കുള്ള കോളാണോ അതെന്ന് ഞങ്ങൾ സംശയിച്ചൂ. അവസാനത്തെ കണക്കുപരീക്ഷക്കുശേഷം, ഞാനായിട്ടുള്ള കണക്കുകൾ തീർക്കാൻ അവൾ കാത്തുനിൽക്കുന്നതാണെങ്കിലോ?! എന്തായാലും വെറുതെ ചെന്ന് അടിവാങ്ങിക്കേണ്ടെന്നുകരുതി, ഞാനും ഫ്രണ്ട്സും വേറെ വഴി കോളേജിന് പുറത്തിറങ്ങി. എങ്കിലും ബസ്റ്റാൻഡിൽ എത്തുന്നതുവരെ ‘യമഹ’ ബൈക്കിന്റെ ശബ്ദം കേട്ടാൽ ഉടനെ ഞങ്ങൾ എങ്ങിനെയാണ്, വയമ്പുമീൻ കൂട്ടത്തിലേക്ക് കല്ലെടുത്തെറിഞ്ഞ പോലെ, ചിന്നി ചിതറി പരസ്പരം കാണാതാകുന്നതെന്ന് എനിക്കൊരുപിടിയുമില്ലായിരുന്നൂ. വണ്ടിയുടെ ഒച്ച അകന്നുപോകുന്നതിനനുസരിച്ച് വീണ്ടും എല്ലാവരും അടുത്തുവരികയും ചെയ്യുമായിരുന്നൂ.
ബസ്റ്റാന്റിൽ കൂട്ടുകാരോടൊത്ത്, ഭാവിയിലെ സപ്ലികൾക്ക് വീണ്ടും കണ്ടുമുട്ടുന്നതിനെ കുറിച്ചുള്ള കാര്യമായ ചർച്ചയിൽ മുഴുകി, ബസ്സും കാത്ത്, സെന്റ് ജോസഫ് കോളേജിലെ തരുണീമണികളെ നോക്കി നിന്നിരുന്ന എന്നെ ആശ്ചര്യപെടുത്തിക്കൊണ്ട്, പെട്ടെന്നവരെല്ലാം നിശബ്ദരായി. ഞാൻ നോക്കുമ്പോൾ വീണ്ടുമവർ അപ്രത്യക്ഷരായിരിക്കുന്നൂ.. എന്റെ കൂട്ടുകാർ.
“പണി വരുന്നൂ മോനേ” എന്ന് ഞാൻ തന്നെ എന്നോട് പറഞ്ഞു. എവിടുന്നാണ് പണി വരുന്നതെന്നറിയാൻ ഞാൻ ചുറ്റും നോക്കിയപ്പോൾ, എനിക്കു നേരെ, അതാ.. അവൾ നടന്നു വരുന്നൂ. ഞാൻ അവളുടെ പുറകിലേക്ക് ശ്രദ്ധിച്ചു. അവളുടെ കൂടെയിനി വേറെ ആരെങ്കിലുമൊക്കെ ഉണ്ടോന്ന്. അന്നവൾ ഒറ്റക്കായിരുന്നൂ. ഇനിയിപ്പോൾ അയാളും കൂട്ടുകാരും അവളുടെ പുറകിൽ ഉണ്ടെങ്കിൽ തന്നെ, ബസ്റ്റാന്റ് അല്ലേ..?! എന്തായാലും അവിടെ വെച്ച് ആരും തന്നെ ഒന്നും ചെയ്യില്ല, എന്ന ധൈര്യത്തിൽ ഞാൻ അവിടെ തന്നെ നിന്നൂ… അവൾ എന്റെ അടുത്തുവന്നിട്ട്, "എക്സാമിനു ശേഷം സോണിയെ ഞാൻ കോളേജിൽ വെയിറ്റ് ചെയ്തു നിന്നിരുന്നൂ. എന്നെ കടന്ന് പോന്നത് ഞാൻ കണ്ടില്ലല്ലോ?!".
ഞാൻ ആദ്യമൊന്ന് പരുങ്ങി. പിന്നെ, ഉള്ളിൽ നല്ല ദേഷ്യം വെച്ചുകൊണ്ടുതന്നെ പറഞ്ഞൂ. "എന്തിനാണ്..?!ആരെക്കൊണ്ടെങ്കിലും തല്ലിക്കാൻ ആണോ?!"
അവൾ കുറ്റബോധം നിറഞ്ഞൊരു ചിരി ചിരി ചിരിച്ചുകൊണ്ട്.
“എന്നോട് നല്ല ദേഷ്യമുണ്ടല്ലേ..?!സത്യത്തിൽ ഞാനന്ന് സോണിയെ തല്ലാൻ വേണ്ടി ആളെ വിട്ടതല്ല. ആരെയും തല്ലണമെന്നൊന്നും എനിക്കുണ്ടായില്ല. എന്നെ നിരന്തരം ശല്യപെടുത്തിയിരുന്ന ഒരാളെ ഭീഷണിപെടുത്തുക. അയാളെ നിലക്കുനിർത്തുക അത്രയേ ഉണ്ടായിരുന്നുള്ളൂ..”
” ഉവ്വാ ഭീഷണി.. ഇതാണോ ഭീഷണി?! കത്തിയൊക്കെ എടുത്ത് വീശിയിട്ട് ഭീഷണി പോലും. എനിക്ക് ധൈര്യമുണ്ടായോണ്ട് രക്ഷപ്പെട്ടു. വേറെ ആരേലുമായിരുന്നെങ്കിൽ അപ്പോൾ തീർന്നേനെ.. എവിടുന്ന് കിട്ടുന്നൂ ഇമ്മാതിരി ഗുണ്ടകളെ..?! അയാളാരാ കാമുകനാണോ?!
പിന്നെ, ഞാൻ നിന്നെ എപ്പോഴാണ് നിരന്തരം ശല്ല്യപ്പെടുത്തിയത്. നിനക്ക് ഞാനൊരു ശല്ല്യമായിരുന്നെങ്കിൽ നിനക്കെന്നോട് തുറന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ..?! എന്റെയീ ചുരുങ്ങിയ വയസ്സിനുള്ളിൽ, എത്രമാത്രം പെൺകുട്ടികൾ എന്നോടങ്ങിനെ പറഞ്ഞിരിക്കുന്നൂ..?! ” എന്റെ രോഷമങ്ങോട്ട് ആളി കത്തി.
” സത്യത്തിൽ അവർ ഗുണ്ടകളൊന്നുമല്ല. അവർ ബാംഗ്ലൂരിൽ ടീച്ചറായി ജോലി ചെയ്യുന്ന, എന്റെ കസിൻ സിസ്റ്ററിന്റെ കൂടെ വർക്ക് ചെയ്യുന്ന, അവളുടെ ഫ്രണ്ട്‌സ് ആണ്. എല്ലാം ചുമ്മാ പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. അതും ശല്ല്യം സഹിക്കാൻ പറ്റാഞ്ഞിട്ട്”
” സഹിക്കാൻ പറ്റാത്ത എന്ത് ശല്ല്യം ഞാൻ ചെയ്‌തൂന്നാണ് നീ ഈ.. പറഞ്ഞുവരുന്നത് ?! “
” സോണി ചെയ്തെന്ന് ഞാൻ പറഞ്ഞില്ലല്ലോ?!”
” പിന്നെ എന്നെ എന്തിനാണവർ തല്ലിയത്…?!”
“പക്ഷേ, സോണിയെ പേടിപ്പിക്കാനോ തല്ലാനോ അല്ല, അവർ വന്നത്…”
അതുകേട്ടപ്പോൾ എന്റെ ദേഷ്യമൊന്നാറി, സംശയമായീ..
“പിന്നെ ആരെ, പേടിപ്പിക്കാനാണ് അന്നവരവിടെ വന്നത്?!”
“സിജോ”
“സിജോ?! അവനേയോ?!
“അതേ, അന്ന് ഞാൻ ആ ഇടവഴി കഴിഞ്ഞ്, മെയിൻറോഡിലേക്ക് നടക്കുന്ന സ്ഥലത്ത്, എന്റെ കസിന്റെ ഫ്രണ്ട്‌സായ ചേട്ടൻമാർ നിൽപ്പുണ്ടായിരുന്നൂ. അവരോട് ആളെ തിരിച്ചറിയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ടാണ് ഞാൻ പോയത്. എന്നിട്ടും സോണിയെ എങ്ങിനെയവർ ആളുമാറി അടിച്ചെന്ന്, എനിക്കിപ്പോഴും അറിയില്ല”
“ചുമ്മാ കഥയിറക്കല്ലേ.. ആളുമാറി അടിച്ചെന്നൊക്കെ പറഞ്ഞാൽ ഞാനെങ്ങിനെ വിശ്വസിക്കും?!
അത് പോട്ടേ, എന്ത് അടയാളമാണ് അന്ന് നീ ആളെ തിരിച്ചറിയാൻ അവർക്ക് പറഞ്ഞുകൊടുത്തിരുന്നത് ?!”
” വെള്ള ഷർട്ടും ചുവപ്പു തൊപ്പിയും”
അന്ന് സിജോയേയും തല്ലി, വിജശ്രീലാളിതനായി, അവന്റെ ചുവപ്പു തൊപ്പിയും തലയിൽ വെച്ച്, ഊറ്റം കാണിച്ച എന്നെ ഞാൻ മനസ്സിലോർത്തപ്പോൾ, എനിക്ക് തന്നെ, എന്നെയൊന്ന് തല്ലിയാൽ കൊള്ളാമെന്ന് തോന്നിപ്പോയീ…ഓരോരോ പരാജയങ്ങൾ..
“അപ്പോൾ കുറച്ചു നാൾ മുൻപ് നിന്റെ മുന്നിൽ അറിയാതെ വന്ന് വീണതിന്, അവരെ നീ വീണ്ടും വിളിച്ചു കൊണ്ടുവന്നതോ?!”
“അതോ..?! പറയാം, അന്നവർ ആളുമാറി അടിച്ചുപോയില്ലേ?! അന്നുതന്നെ വൈകീട്ട് അവർ ബാംഗ്ലൂരിലേക്ക് തിരിച്ചും പോയീ… പിന്നെയാണ് ഞാൻ എന്റെ സിസ്റ്ററിനോട് ആളുമാറിയ കാര്യം പറയുന്നത്. അവൾ അത് ആ ചേട്ടന്മാരോട് പറഞ്ഞപ്പോൾ അവർക്കും സങ്കടമായി. പിന്നെ അന്ന് മഴയുള്ള ദിവസം സോണി എന്റെ മുന്നിൽ വന്ന് വീണ അന്നാണ്, അവർ ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വരുന്നേ… അതിനടുത്ത ദിവസം സോണിയോട് സോറി പറയാൻ വേണ്ടിയാണ് അന്നവരവിടെ വന്നത്”
“എന്നാൽ പിന്നെ, ഇതൊക്കെ നേരത്തേ പറയായിരുന്നില്ലേ..?! “
“അതിന് സോണി എന്നെ കാണുമ്പോൾ ഒഴിഞ്ഞുമാറുകയല്ലായിരുന്നോ?! സത്യം പറഞ്ഞാൽ അന്നൊക്കെ ഞാൻ, യാഥാർഥ്യം തുറന്നു പറയാൻ പറ്റാത്തതിൽ ഒരുപാട് വേദനിച്ചിരുന്നൂ.. ഇന്ന് ഈ കോളേജിലെ അവസാന നാളിലെങ്കിലും, ഈ സത്യങ്ങളൊക്കെ പറഞ്ഞിട്ട് ക്ഷമ ചോദിച്ച് പോയില്ലെങ്കിൽ, എന്റെ ഇനിയുള്ള ജീവിതത്തിൽ ഒരു സമാധാനവുമുണ്ടാകില്ലായിരുന്നൂ.. ഒരുപക്ഷേ.., ക്ഷമ ചോദിക്കാൻ, ഇനിയൊരിക്കലും നമ്മൾ തമ്മിൽ കണ്ടുമുട്ടിയില്ലെങ്കിലോ?!”
“അതെന്താ നിഷേ.. ഇനി നമ്മൾ തമ്മിൽ കാണാൻ ബുദ്ധിമുട്ട്?! ഇനി ക്യാൻസർ വല്ലതും…?!” സിനിമകളിലൊക്കെ അവസാനം മരിക്കാൻ പോകുന്ന രോഗിയടിക്കുന്ന ഒരു ഡയലോഗ് കേട്ട പ്രതീതിയിൽ, "ലില്ലി പാപ്പാ ലോലീ.. ലില്ലി പാപ്പാ ലോലി" മനസ്സിൽ മുഴങ്ങിയപ്പോൾ, എന്റെ വായിൽ നിന്ന് അറിയാതെയാ ചോദ്യം വീണുപോയതാണ്.
എന്റെ ചോദ്യം കെട്ടവൾ കുടുകുടാ ചിരിക്കാൻ തുടങ്ങി. അന്നാണ്, അപ്പോഴാണ്, ആദ്യമായി അവൾ ഉള്ളുതുറന്നൊന്ന് ചിരിക്കുന്നത് ഞാൻ കാണുന്നത്. അവളെക്കാൾ സൗന്ദര്യം അവളുടെ ചിരിക്കുണ്ടെന്ന് അന്നെനിക്ക് തോന്നീ. അവൾ ചിരി നിർത്താൻ പാടുപെട്ടുകൊണ്ട് പറഞ്ഞുതുടങ്ങീ..
“നാളെ ഞാൻ ബാംഗ്ലൂർക്ക് പോകും. കസിന്റെ അടുത്തേക്ക്… എക്സാം കഴിയാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നൂ… പിന്നെ കല്ല്യാണം “
“കല്ല്യാണം…?!!! ആരുടെ…??!!”
കല്യാണമെന്ന് കേട്ടപ്പോൾ ആകെ വല്ലാത്തൊരു അവസ്ഥയിലായി ഞാൻ. അവൾ എന്നോട് മിണ്ടാൻ വന്നതിലുള്ള സന്തോഷമൊക്കെ അതോടെ പോയീ. മനസ്സിലേക്ക് പെട്ടെന്നൊരു ഭാരം എടുത്ത് വെച്ചതുപോലെ.
“എന്റെ തന്നെ.. എന്റെ വിവാഹം കുറേ നാളുകൾക്കുമുൻപേ ഉറപ്പിച്ചിരുന്നൂ.. അച്ഛന്റെ സ്നേഹിതന്റെ മകനുമായിട്ട്. ഞങ്ങൾ ചെറുതിലേതൊട്ട് അറിയുന്നവരാണ്. വിവാഹം രണ്ടുമൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും..”
“ആൾഎന്തുചെയ്യുന്നൂ…?! എന്റെ ഉള്ളിലെ സങ്കടം മറച്ചുവെച്ചുകൊണ്ട് ഞാൻ ചോദിച്ചൂ.
“ആള് യുഎസ്സിൽ ആണ്”
“ആഹാ.. അപ്പോൾ കല്ല്യാണം കഴിഞ്ഞാൽ ഉടനെ, അങ്ങോട്ട് പോകുമോ?! നിഷയുടെ കല്ല്യാണത്തിന് എന്നെ മറക്കാതെ വിളിക്കില്ലേ…?!”
ഉള്ളിലുള്ള സങ്കടം പൂർണ്ണമായി ഒളിപ്പിക്കാൻ സാധിക്കാതെവന്നപ്പോൾ, അൽപ്പമൊന്നു ഇടറിയ ശബ്ദത്തോടെ, വാടിയ മുഖത്തൊരു വിളറിയ ചിരിയും ഫിറ്റ് ചെയ്ത് ഞാൻ ചോദിച്ചൂ..
അത് കണ്ടുനിൽക്കാൻ പ്രയാസമുള്ളപോലെയെന്നോണം, അവൾ മുഖം വെട്ടിച്ച്, ബസ്സിൽ കയറാൻ കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക്, അലസമായി കണ്ണുംപായിച്ചിട്ട്, എന്റെ ചോദ്യത്തിനുത്തരമായി, ഒന്ന് മൂളുക മാത്രം ചെയ്‌തൂ…
പിന്നെ ഞാനും അവളും പരസ്പരം മുഖത്തേക്ക് നോക്കാൻ സാധിക്കാതെ സ്റ്റാൻഡിലേക്ക് വരുന്നതും പോകുന്നതുമായ ബസ്സുകളേയും ആളുകളെയുമൊക്കെ നോക്കി, മൗനമായി നിന്നൂ. എന്തൊക്കെയോ ചോദിക്കണം പറയണം എന്നൊക്കെയുണ്ടായിരുന്നൂ. പക്ഷേ തൊണ്ടക്ക് കനംവെച്ച് ഒരക്ഷരം മിണ്ടാൻ പറ്റാത്ത അവസ്ഥ. വാ തുറക്കാൻ ശ്രമിക്കുമ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞു വരുന്നതുപോലെ. എന്നെ ഇഷ്ടമായിരുന്നോ? എന്ന് വെറുതേയെങ്കിലും ഒന്ന് ചോദിക്കണം എന്നുണ്ടായിരുന്നൂ. പക്ഷെ, ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നെങ്ങാനും അവൾ പറഞ്ഞാൽ പോലും, അവളോടൊത്ത് ചിലവഴിക്കേണ്ടിയിരുന്ന സുന്ദര നിമിഷങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട്, ഞാനിത്രയും കാലം അവളിൽ നിന്നും, അകന്നുമാറി നടന്നതിന്റെ സങ്കടപെടുത്തുന്ന ഓർമ്മകൾ, എന്റെ ശിഷ്ടജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെട്ടൂ. അതുകൊണ്ട്, അങ്ങിനെ ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന്, ഞാൻ തന്നെ, എന്റെ മനസ്സിനെ പറഞ്ഞുബോദ്ധ്യ പെടുത്തി.
അല്ലെങ്കിൽ തന്നെ ഇനിയതൊക്കെ അറിഞ്ഞിട്ട് എന്തുകാര്യം?! അവളുടെ വിവാഹം നിശ്ചയിച്ചുകഴിഞ്ഞ് അവൾ മറ്റൊരാളുടേതായികഴിഞ്ഞിരിക്കുന്നൂ. ഇനി ബാക്കിയുള്ളത് ചില ചടങ്ങുകൾ മാത്രം. ഒരുപക്ഷേ ഇതൊക്കെ മുൻപേ അറിഞ്ഞിരുന്നെങ്കിൽ..?! ഞാൻ ഒരിക്കലും എന്റെ മനസ്സിൽ അവളെ കൊണ്ടുനടക്കുമായിരുന്നില്ല. യുഎസ്സിലൊക്കെയുള്ള വലിയ വലിയ ആളുകളുടെ കുടുംബത്തിലെ അംഗമാകാൻ പോകുന്ന അവളോട്, പ്രേമമെന്ന പേരിൽ, ഞാനെന്നകോമാളി കാണിച്ചുകൂട്ടിയ ഓരോ പ്രഹസനങ്ങൾ ഓർത്തപ്പോൾ, എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നീ. കല്യാണം കഴിഞ്ഞുള്ള നാളുകളിൽ ചിലപ്പോഴവൾക്ക്, അവളുടെ നല്ലപാതിയോട് പറഞ്ഞുചിരിക്കാൻ, ഞാനൊരു നല്ല തമാശയായേക്കാം. അങ്ങിനെ ഒരുപാടു ചിന്തകൾ അവളെന്റെ തൊട്ടടുത്തു നിൽക്കേ എന്റെ മനസ്സിൽ വന്നും പോയിക്കൊണ്ടുമിരുന്നൂ.
” നേരം വൈകുന്നൂ.. ഇനിയും വീട്ടിലെത്താൻ നോക്കിയില്ലെങ്കിൽ വീട്ടുകാർ പേടിക്കും” അല്പനേരം നീണ്ട ആ നിശബ്ദതയെ ഭേദിച്ചുകൊണ്ടവൾ പറഞ്ഞു.
“ങ്ങേ..?!”
ഒരു പാതിമയക്കത്തിൽ അവ്യക്തമായി എന്തോ കേട്ടപോലെ എന്റെയുള്ളിൽ നിന്നും വന്നൊരു ചോദ്യമായിരുന്നൂ അത്…
” എനിക്ക് പോകാറായി.. സമയം വൈകുന്നൂ… “
അവളാ..പറഞ്ഞതിൽ നിന്നും അവൾ എന്നിൽനിന്നുമെന്തോ, കേൾക്കാനാഗ്രഹിച്ചിരുന്നതുപോലെ തോന്നീ.
” ആ.. നിഷ..” എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി, മുരടനക്കിക്കൊണ്ട് ശബ്ദത്തിലെ ഇടർച്ച മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞൂ.
“എന്നാൽ നിഷ പൊയ്ക്കോളൂ…”
ഞാനത് പറഞ്ഞതിനു ശേഷവും, കുറച്ചു നിമിഷം അവളെന്റെ കണ്ണിലോട്ട് മാത്രം നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നൂ. ഞാനാണെങ്കിൽ ഒന്നും പറയാൻ സാധിക്കാതെ, അവളുടെ ആ നോട്ടത്തേയും താങ്ങാൻ സാധിക്കാതെ ദൃഷ്ടി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പായിച്ചുകൊണ്ടേയിരുന്നൂ…
” എങ്കിൽ ശരി ഞാൻ പോകുന്നൂ.. “
അതും പറഞ്ഞൊരു കൃത്രിമ ചിരിയും ചുണ്ടിൽ വിരിയിച്ചവൾ, എന്നേയും കടന്ന് നടക്കാൻ തുടങ്ങി.
സ്റ്റാൻഡിൽ, അവളുടെ വീടിനടുത്തേക്കുള്ള ബസ് വന്നുനിർത്തുന്നിടത്തേക്കവൾ നടന്നകലുന്നത് നോക്കി നിൽക്കുമ്പോൾ എന്തോ, എന്റെ മനസ്സാകെ ശൂന്യമാകുന്നതുപോലെ തോന്നീ. അതേ, ഇത്ര നാളും മനസ്സിൽ നിറഞ്ഞുനിന്നിരുന്നവൾ ഇപ്പോൾ പടിയിറങ്ങി പോയിക്കൊണ്ടിരിക്കുന്നൂ. ഇനിയൊരിക്കലുമവളെ കാണാൻ കഴിയില്ലല്ലോയെന്ന സങ്കടത്തിൽ നിന്നും കിട്ടിയൊരു ഊർജ്ജത്തിന്റെ തള്ളിച്ചയിൽ, ഞാൻ വാച്ചിൽ സമയം നോക്കി. അവളുടെ ബസ് വരാനിനി നിമിഷങ്ങൾ മാത്രം. ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നകന്നുകൊണ്ടിരുന്ന അവളെ ഞാനുറക്കെ വിളിച്ചൂ… "നിഷാ..."
അങ്ങിനെയൊരു വിളി കേൾക്കാനായി കുറെയേറെ കൊതിച്ചിരുന്നെന്നോണം, ആദ്യത്തെ വിളിയിൽ തന്നെ, അവൾ തന്റെ നടത്തമവാസനിപ്പിച്ച് തിരിഞ്ഞു നിന്നൂ. എനിക്കൊരു കാര്യം അവളോട് ചോദിക്കണമെന്നുണ്ടായിരുന്നൂ… ഞാനോടി അവൾക്കടുത്തെത്തി. എന്നിട്ട് ചെറിയ കിതപ്പോടെ എന്റെ ഇടതു കവിളിലൂടെ കയ്യോടിച്ചുകൊണ്ട് ചോദിച്ചൂ..
” നിന്റെ കസിൻ സിസ്റ്ററും ഫ്രണ്ട്സും, ബാംഗ്ലൂരിൽ കരാട്ടെ ആണോ പഠിപ്പിക്കുന്നേ…?!!”
ആദ്യം ആ ചോദ്യം കെട്ടവളൊന്ന് അമ്പരന്നുവെങ്കിലും. പിന്നെ മുൻപ് ചിരിച്ചപോലെ കുടുകുടാ ചിരിക്കാൻ തുടങ്ങി. പക്ഷേ ആ ചിരിക്ക് മുൻപത്തെ സൗന്ദര്യമുണ്ടായിരുന്നില്ല. ചിരിക്കിടയിലും അവളുടെ കവിളുകളിലൂടെ നിയന്ത്രണം വിട്ട കണ്ണുന്നീർ തുള്ളികൾ ഉരുണ്ടിറങ്ങിക്കൊണ്ടിരുന്നൂ..
എന്റെ കണ്ണുകളും ചെറുതായൊന്നു നനഞ്ഞു.
എങ്കിലും ഞാനും അവളുടെ കൂടെ തന്നെ ചിരിച്ചൂ. കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപേ, അവൾക്കു പോകേണ്ട ബസ് വന്ന് സ്റ്റാൻഡിൽ നിർത്തി.
“പോട്ടേ സോണീ.. എന്നോട് ക്ഷമിക്കില്ലേ നീ..?!!” ചുരിദാറിന്റെ ഷോളുകൊണ്ട് കണ്ണീരൊപ്പിയിട്ട്, ചിരിച്ചു കാണിച്ചുകൊണ്ട് അവൾ ചോദിച്ചൂ..
ഞാനും ക്ഷമിച്ചെന്ന രീതിയിൽ മനസ്സു നിറഞ്ഞ് ചിരിച്ചുകൊണ്ട് തലയാട്ടി. അവൾ ബസിന്റെ ഫ്രണ്ട് ഡോറിനടുത്തേക്ക് വേഗത്തിൽ നടന്നൂ. മുൻപേ കയറാമായിരുന്നിട്ടും, എല്ലാവരും കയറി കഴിഞ്ഞ് ഒടുവിലായാണവൾ ബസ്സിൽ കയറാൻ തുടങ്ങിയത്. അതുവരെ ഞങ്ങൾ രണ്ടുപേരും പരസ്പരം പുഞ്ചിരിച്ചുകൊണ്ട് നോക്കി നിന്നൂ. ബസ്സിന്റെ ആദ്യ പടിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ, അവൾ തലവെട്ടിച്ചുകൊണ്ടെന്നെ, ചെരിഞ്ഞു നോക്കി, കൈ വീശി കാണിച്ചൂ.. ഞാനും എന്റെ കൈ, പരമാവധിപൊക്കിതന്നെ വീശി കാണിച്ചൂ… ഒരു ബന്ധത്തിൽ ആദ്യമായും അവസാനമായും സംഭവിച്ച ഒരു കൈവീശികാണിക്കൽ ആയിരുന്നൂ അത്…
(തൽക്കാലം അവസാനിപ്പിക്കുന്നൂ)
Your article helped me a lot, is there any more related content? Thanks! https://www.binance.info/futures/ref?code=W49FLGDN
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.