
*മാമ്പഴം
അമ്മയും ഭാര്യയുമായി ഒന്നും രണ്ടും പറഞ്ഞു
മൂന്നും നാലും എത്തും മുൻപേ വാടക വീട്ടിലേയ്ക്ക് മാറി
നല്ല സ്ഥലം,
ഒരു വശം കണ്ണെത്താത്ത വയലുകൾ
ചെറിയ വഴിയാണ്. കിണറുണ്ട്. മുറ്റത്തൊരു വലിയ മാവ്.
ഇന്നുവരെ കായ്ച്ചിട്ടില്ല ഉടമ പറഞ്ഞു.
കുശലം പറഞ്ഞെത്തിയ കേളു മൂപ്പർ പറഞ്ഞു അനക്കമൊക്കെ കിട്ടുമ്പോൾ പൂക്കുമായിരിക്കും.
വീടുകാണാൻ അമ്മയെത്തി. ഞാൻ അന്നു തന്നെ ഒരു ഊഞ്ഞാൽ കെട്ടി മക്കൾക്ക് ആടുകയും ചെയ്യാം മാവിന് അനക്കവുമാകും.
വൈകിട്ട് കളിക്കാനായി തോർത്തുടുത്ത് മുറ്റത്തിറങ്ങിയ എന്റെ മകൻ മാവിന്റെ ചുവട്ടിലെത്തി തിരിഞ്ഞു നിന്ന് തോർത്ത് പൊക്കി അവന്റെ പൃഷ്ടം കാണിച്ചു.
നീ എന്തുവാടാ കാണിച്ചെ?
അച്ചാമ്മ പറഞ്ഞു നാണം കെടുത്തിയാ മതി മാങ്ങാ പിടിക്കുമെന്ന്!
എന്തായാലും മാവ് പൂത്തു
നിറയെ മാങ്ങകൾ !
അണ്ണാറക്കണ്ണനെ എറിഞ്ഞോടിച്ചു.
ഛിൽ, ഛിൽ എന്ന് പറഞ്ഞ് അവകാശം സ്ഥാപിക്കാൻ അവൻ ശ്രമിച്ചു.
മീൻ കറി വയ്ക്കാൻ ഭാര്യ ഒരു മാങ്ങ ചോദിച്ചു ഞാൻ കൊടുത്തില്ല.
ഉപ്പും മുളകും കൂടി തിന്നാൻ ഒരെണ്ണം മക്കൾ കെഞ്ചി
ഞാൻ വടിയെടുത്തു.
പഴുക്കുമ്പം തിന്നാ മതി.താക്കീത്.
മാങ്ങകൾ പഴുക്കാറായി
ഞായറാഴ്ച പറിക്കാം
ഞാൻ ചണച്ചാക്കും വൈക്കോലും വാങ്ങി വച്ചു. എല്ലാവർക്കും സന്തോഷം രണ്ട് ദിവസത്തിനകം പഴുത്ത മാങ്ങ കഴിക്കാം.
പിറ്റേന്ന് ആനയടി അമ്പലത്തിൽ ഉത്സവം കാണാൻ പോയി. സന്ധ്യക്ക് മുമ്പ് വീട്ടിലെത്തണം’ അടുത്തെത്തിയപ്പോഴെ കേട്ടു അണ്ണാറക്കണ്ണന്റെ ഛിൽ ഛിൽ ശബ്ദം
ആരോടോ വഴക്കിട്ട പോലെ.
മുറ്റം നിറയെ പച്ച മാവിലകൾ ഞങ്ങൾ മുകളിലേയ്ക്ക് നോക്കി ഒറ്റ മാങ്ങയില്ല.ഞാൻ തലയിൽ കൈവച്ചു.
കിഴക്കേലെ രമച്ചേച്ചി വന്നു പറഞ്ഞു. വീട്ടുകാരൻ വന്ന് മാങ്ങ പറിച്ചോണ്ട് പോയി. ഇനിയുള്ളതിൽ രണ്ടെണ്ണം നിർത്തിയിട്ട് ബാക്കി നിങ്ങളെടുത്താളാൻ പറഞ്ഞു.
ഞാൻ മാവിലേയ്ക്ക് നോക്കി ഏറ്റവും മുകളിലായ് നാല് മാങ്ങകൾ !
മകൻ തോർത്തുടുത്ത് എന്റെ അടുത്ത് വന്ന് തിരിഞ്ഞു നിന്നു.
ദേഷ്യം കയറിയ ഞാൻ വെട്ടുകത്തിയെടുത്ത് മാവ് മുറിച്ചു തുടങ്ങി
അണ്ണാറക്കണ്ണൻ നിശബ്ദനായി.
ഭാര്യ എന്റെ കൈയിൽ പിടിച്ചു.
എന്തിനാ ?
സ്ഥലം ആരുടെയാ ?
വീട് ആരുടെയാ ?
മാവും മാങ്ങയും ആരുടെയാ ?
അന്നെനിക്ക് ഉറക്കം വന്നില്ല
അവൾ പതിയെ പറഞ്ഞു
നിറയെ മാവുകളുള്ള സ്ഥലം നമ്മൾ വാങ്ങിക്കും.
അതിലൊരു ചെറിയവീട് വയ്ക്കും.
നമ്മളവിടെ സുഖമായി താമസിക്കും.
അവളെന്നോട് ചേർന്നു കിടന്നു
മക്കൾ രണ്ടാളും ഞങ്ങളുടെ മുകളിലേയ്ക്ക്
ഞങ്ങളെല്ലാവരും കൂടി കെട്ടിപ്പിടിച്ചു.
അങ്ങിനെ ഞങ്ങളൊരു
വലിയ മരമായി മാറി
നിറയെ മാമ്പഴമുള്ള തേന്മാവ്.
Rc prasad
Thanks for sharing. I read many of your blog posts, cool, your blog is very good.