ബാധ കൂടിയ കാർ

ബാധ കൂടിയ കാറ്


കേട്ടീലയോ കിഞ്ചന വർത്തമാനം ?
ടീച്ചറിന്റെ കാറിന് ഭ്രാന്ത് പിടിച്ചു. വാർത്ത കാട്ടു തീ പോലെയും പിന്നെ നാട്ടു തീ പോലെയും പടർന്നു പിടിച്ചു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. മാസ്ക്കുള്ളവർ മാസ്കത്തു വിരൽ വെച്ചു.

രണ്ടാഴ്ചയായി പ്രശ്നം തുടങ്ങിയിട്ട്. അതോ അതിലും കൂടുതലോ.. എന്തായാലും നാട്ടിലിപ്പോ അങ്കലാപ്പാണ്. ചിലർക്ക് ആശങ്കയാണെങ്കിൽ മറ്റു ചിലർക്ക് ഉത്സാഹമാണ്. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാലും ആരാന്റെ വണ്ടിക്ക് ഭ്രാന്ത് പിടിച്ചാലും കാണാൻ നല്ല ചേലാണല്ലോ.

പ്രൊഫസർ നീജ ഭ്രാന്ത് പിടിച്ച വണ്ടിയെ വാത്സല്യ പൂർവ്വം തഴുകി സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഇടയ്ക്കിടെ വണ്ടിയിൽ നിന്നും ഉച്ചത്തിൽ ശബ്ദം വരും… എല്ലാ ലൈറ്റും തനിയെ ഓണാവും. പിന്നെ ഇൻഡിക്കേറ്റർ വിളക്കുകൾ പരപരാ കത്തിയണയും. വീണ്ടും ക്യും ക്യും വൂ വൂ എന്ന് അത്യുച്ചത്തിൽ നിലവിളക്കും..
അല്പം കഴിഞ്ഞ് തനിയെ ശാന്തമാവും.

ചിലപ്പോൾ നിലവിളി മിനിട്ടുകളോളം നീണ്ടു നിൽക്കും. അപ്പോൾ ആരെങ്കിലും ഓടിച്ചെന്ന് ടീച്ചറുടെ ബാഗിൽ നിന്നും ചാവി തപ്പിയെടുത്ത് ഇരുമ്പ് താക്കോൽ വാതിൽ പഴുതിൽ കയറ്റി തിരിച്ചാലേ കരച്ചിൽ നിൽക്കൂ.

ബാധ കയറിയ കാറ് കാരണം ക്യാമ്പസ് ആകെ നട്ടം ചുറ്റി. ഏറെ ബുദ്ധിമുട്ടിയത് പ്രിൻസിപ്പൽ ഗുലാം സാറാണ്. സാറിന്റെ കാബിനിന്റെ ഏറെക്കുറെ അടുത്താണ് കാർ പാർക്കിങ്. നിലവിളി ഏറ്റവും കൂടുതൽ കേൾക്കുന്നതും റിട്ടയേർഡ് മേജർ ന്റെ ചെവിയിൽ തന്നെ.

മറ്റൊരു പ്രശ്നം കൂടിയുണ്ട്. നീജ ടീച്ചറിന്റെ കാറിന് തൊട്ടടുത്താണ് മേജർ ഗുലാം സാറിന്റെ മെഴ്‌സീഡസ് ബെൻസ് കിടക്കുക. സെൻസറുകൾ കൊണ്ട് മാത്രം നിർമിച്ചവയാണ് മെഴ്‌സീഡസുകൾ. ടീച്ചറിന്റെ കാർ നിലവിളി തുടങ്ങി ഒച്ചയും ബഹളവും ലൈറ്റും കത്തലും അണയലും ഒക്കെ ക്കൂടി ആവുമ്പൊ മേജറിന്റെ കാർ മുരണ്ട് തുടങ്ങും. ആരെങ്കിലും ടീച്ചറുടെ ഇരുമ്പ് താക്കോലിട്ട് അതിനെ തളച്ചില്ലെങ്കിൽ ബെൻസ് നെലോളി തുടങ്ങും. ബെൻസങ്ങാനും പിണങ്ങിയാൽ പിന്നേ അങ്ങ് ജർമനിയിൽ നിന്ന് ആള് വന്നാലേ തളക്കാൻ പറ്റൂ. അതും സാക്ഷാൽ ഡെയിംലർ ബെൻസിൽ നിന്ന്!

ഇതാണ് റിട്ടയേർഡ് മേജർ നേ അലട്ടുന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും വണ്ടി അമറും മുന്നേ തന്നെ മേജർ അലറാൻ തുടങ്ങും.. അന്നേരം കാറിന്റെ അലർച്ചയാണ് ഭേദമെന്ന് ശ്രോതാക്കൾക്ക് തോന്നാറുണ്ടത്രേ..

ഫിസിക്സ് ക്ലാസിൽ അകൗസ്റ്റിക്സ് പഠിപ്പിക്കുമ്പോൾ അൾട്രാ സൗണ്ടിനു തൊട്ടു താഴെ നിൽക്കുന്ന frequency യെ പറ്റി ഉദാഹരണം പറയാൻ പ്രൊഫസർ കരുൺ സാർ ഉപയോഗിക്കുന്നത് മേജറിന്റെ ഈ മേഘ ഗർജ്ജനമാണ്.

പല പ്രാവശ്യം പറഞ്ഞു വണ്ടിയേ കൊണ്ടോയി ഡോക്ടറെ കാണിക്കാൻ. കാണിച്ച ഡോക്ടർമാരെല്ലാം നെഞ്ചിടിപ്പും ശ്വാസതാളവും പരിശോധിച്ച് ഒരേ സ്വരത്തിൽ പറഞ്ഞു : പെർഫെക്ട്… നോ പ്രോബ്ലെംസ്. ശരിയാണ്,, എവിടെ കൊണ്ട് പോയാലും വണ്ടി പെർഫെക്ട് ആണ്. ക്യാമ്പസ് എത്തുന്നതും വണ്ടീടെ സ്വഭാവം മാറും.

മരം കണ്ട അണ്ണാനെ പോലെ, വെള്ളം കണ്ട ചീങ്കണ്ണിയെ പോലെ , നകുലനെ കണ്ട നാഗവല്ലി യെ പോലെ, നീജാമ്മയെ കണ്ട മേജറിനെ പോലെ ..

കോളേജിലെത്തുമ്പോൾ കാറിനുണ്ടാവുന്ന ഭാവമാറ്റത്തിനു കാരണം തേടി നീജ ടീച്ചർ നിദ്രാ വിഹീനയായി. വീട്ടിലും നാട്ടിലും ശാന്തമായിരുന്നിട്ട് ക്യാമ്പസെത്തുമ്പോൾ രുദ്ര ഭാവം കൈക്കൊള്ളാൻ കാരണമെന്ത്?

പ്രകൃതിയുടെ പ്രതിഭാസങ്ങളുടെ ശാസ്ത്രീയ വിശദീകരണങ്ങൾക്ക് അവസാന വാക്കായ കരുൺ സാർ കാറിനെ അകം പുറം പഠന വിധേയമാക്കി. പരിശോധനക്കിടയിലും ഇക്കിളി കൊണ്ട പോലെ കാർ പൊട്ടിച്ചിരിച്ചു. പക്ഷേ പെട്ടെന്ന് തന്നെ ശാന്തമായി.

മലയടിവാരത്തിൽ സ്ഥിതി ചെയ്യുന്ന കോളേജ് ക്യാമ്പസ് ഒരു പരിരക്ഷിത വന ഭൂമി കൂടിയാണ്. വനങ്ങൾക്കുള്ളിൽ നിബിഢമായ അന്തർ ഭാഗങ്ങളിൽ ദുരൂഹമായ ഗഹ്വരങ്ങളിൽ നിന്നും വിനിർഗമിക്കുന്ന നേത്ര ഗോചരമല്ലാത്തതും ശ്രവ്യ പരിധിയിൽ നിൽക്കാത്തതുമായ ഏതോ ഒരു അജ്ഞാത ഊർജ വീചിയുമായി കാർ സംവദിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദ സംഘാതമാണ് ഈ കേൾക്കുന്നത് എന്ന് പ്രൊഫസർ കരുൺ പ്രസ്താവിച്ചു. ഇത് മെറ്റാഫിസിക്സ്‌ ന്റെ ഒരു ഭയാനകമായ വെർഷനാണ്.

ആർക്കും ഒന്നും മനസിലായില്ലെങ്കിലും എല്ലാവരും അത് തലകുലുക്കി സമ്മതിച്ചു. കാരണം, ശാസ്ത്രകുതുകിയായ നീജ ടീച്ചറുടെ കാറിനെ പറ്റി ശാസ്ത്ര നിപുണനായ കരുൺ സാറിന്റെ നിഗമനം തെറ്റാൻ വഴിയില്ല. അല്ലെങ്കിൽ ക്യാമ്പസ്സിൽ മാത്രം എന്തിന് ഈ വണ്ടി അപമര്യാദ യായി പെരുമാറണം !

മാത്രമല്ല, നിഗമനം നടത്തിയ കരുൺ സാറാവട്ടെ, സൂക്ഷ്മ ശാസ്ത്ര വിശാരദൻ. വിപ്രമൻ. വിരാലംഭവിഭു. വിജിഗീഷു. ലാർജ് ഹാഡ്രോൺ കൊലയ്‌ഡറിനെക്കുറിച്ചും ദൈവകണങ്ങളെ ക്കുറിച്ചും ശബ്ദ തന്മാത്രാ വിസ്‌ഫോടനങ്ങളെക്കുറിച്ചും അറിവുള്ളവർ മാത്രമേ ചോദിച്ചിട്ടും കാര്യമുള്ളൂ.

ഞാനന്നേ പറഞ്ഞതാ, അസമയത്ത് സുമതി വളവിൽ കൂടി വണ്ടിയും കൊണ്ട് പോവരുതെന്ന്. ക്യാമ്പസിന്റെ രോമാഞ്ചം ജെമിന ടീച്ചർ ആശങ്ക പങ്കു വെച്ചു. സുമതിയമ്മായിയുടെ ആത്മാവ് ഒന്നുകിൽ ഡ്രൈവിംഗ് സീറ്റിനടിയിൽ, അല്ലെങ്കിൽ ബോണ്ണറ്റിനുള്ളിൽ… അത് ഉറപ്പാണ്. അതോണ്ടാ ഇവിടെ വരുമ്പോ മാത്രം ഈ പ്രശ്നം. അവർ പരിതപിച്ചു. മേജറിന്റെ ക്രോധം ഇപ്പോൾ നീജാമ്മയെ മാത്രമല്ല, സാഹചരിയായ ജെമിനാമ്മയെയും പിടിപെട്ടിട്ടുണ്ട്. എങ്ങനേം ഇതിനൊരു പരിഹാരം കണ്ടേ അടങ്ങൂ എന്ന് ജെമിനാമ്മ നിശ്ചയിച്ചു.

പണ്ട് പണ്ട് എന്റെ ഒരു ഉപ്പാപ്പ ആത്മാക്കളെ തളച്ചിട്ടുണ്ട്. ഉള്ളം കയ്യിലെടുത്ത് അമ്മാനമാടിയിട്ടുണ്ട്. മഹാരാജാവിന്റെ പള്ളിവേട്ട സമയത്ത് ആർത്തലച്ചു വന്ന കൊലകൊമ്പനാനയെ ചൂണ്ടാണി വിരൽ മർമത്താൽ നിശ്ചലനാക്കിയിട്ടുണ്ട്. മഹാരാജാവിന്റെ തൃക്കൈകളിൽ നിന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്. ഉപ്പൂപ്പായുടെ അനന്തരാവകാശികളിലൊരാൾ.. വകയിലൊരു കൊച്ചുമ്മായുടെ കെട്ട്യോൻ എന്ന കൊച്ചാപ്പ ഇപ്പോഴും ആത്മാക്കളുമായി സംവദിക്കാറുണ്ട്. അദ്ദേഹത്തെ വിളിച്ചു വരുത്തി ഇതിനൊരു തീരുമാനമാക്കിയിട്ട് മാത്രം ബാക്കി കാര്യം.!! സ്വന്തം ജീനിയോളജിയിൽ, പെഡിഗ്രീയിൽ അവർ ഊറ്റം കൊണ്ടു. രോമാഞ്ചകഞ്ചുകത്താൽ പുളകിതയായി.
കാർ പാർക്കിങ്ങിലെ അത്തിമരച്ചില്ലയിൽ ഇരുന്നിരുന്ന കുരങ്ങച്ചിക്കുമുണ്ടായി രോമാഞ്ചം.. അത് ചുവടെ നടക്കുന്ന പുകിലെല്ലാം കണ്ട് ഉത്സാഹത്തോടെ പല്ലിളിച്ചു.

കുഞ്ഞമ്മേടേം കൊച്ചാപ്പേടേം പുണ്യ ജല തമിർപ്പണത്തിൽ പുളകം കൊണ്ട് കാർ നിർന്നിമേഷയായി നിന്നു. കൊച്ചപ്പായുടെ മന്ത്രങ്ങൾക്കുമപ്പുറം ജെമിനാമ്മയുടെ ജൽപ്പനങ്ങൾക്കുമപ്പുറം നീജാമ്മ ഏതോ വിഹായസ്സിൽ അലയടിച്ചുയരുകയായിരുന്നു. മുകളിലിരുന്ന് പല്ലിളിക്കുന്ന കുരങ്ങച്ചിക്കും തന്റെ തൊട്ടടുത്ത് മന്ത്രം വിതുമ്പുന്ന ജെമിനാമ്മക്കും തമ്മിൽ എന്തോ സാദൃശ്യങ്ങളുള്ള പോലെ നീജാമ്മക്ക് തോന്നി. ആ കണ്ണുകളിൽ, ആ കവിളുകളിൽ ആ സാദൃശ്യം തേടി അലയേ.. ഒരു ദിവാ സ്വപ്നത്തിലെന്ന പോലെ.. ഖസാക്കിലെ കൈതപ്പടർപ്പുകളിലൂടെ… തണ്ടവാളങ്ങളിലൂടെ ഇതിഹാസത്തിന്റെ കർമ പരമ്പരയുടെ ദശാ സന്ധി കളിലേക്കവർ ഊളിയിട്ടു..

പണ്ട് പണ്ട്, ഓന്തുകൾക്കും മുൻപ്, ദിനോസറുകൾക്കും മുൻപ് രണ്ടു ജീവ ബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിൽ ആറാടി നിന്ന ആ പൊന്മുടിയുടെ താഴ്‌വരയിലെത്തി. ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ച പിടിച്ച താഴ്‌വര.. ഏട്ടത്തി പറഞ്ഞു, ഞാൻ ഇവിടെ തന്നെ നിൽക്കട്ടെ. എനിക്ക് പോകണം. അനുജത്തി പറഞ്ഞു. അവളുടെ മുമ്പിൽ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.

നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല. അനുജത്തി പറഞ്ഞു.
മറക്കും. ഏട്ടത്തി പറഞ്ഞു.
ഇത് കർമ പരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളൂ. അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്‌വരയിൽ ഏട്ടത്തി തനിച്ചു നിന്നു.

പായൽകുരുന്നിൽ നിന്ന് വീണ്ടുമവൾ വളർന്നു.
അവൾ വലുതായി. കാലുകൾ പിച്ചവെച്ച് അത്തിമരക്കൊമ്പിൽ അവൾ കാത്തിരുന്നു. വാലു നീണ്ടും ദേഹം രോമമയമായും തിടം വെച്ച ചില്ലകളിലവൾ തല ചായ്ച്ചു.

കണ്ണിൽ സുറുമയും കൈവളയുമണിഞ്ഞ പെൺകുട്ടി അവിടെ കാറോടിച്ചു വന്നു. അത്തിമരചോട്ടിൽ അവൾ വണ്ടി നിറുത്തി അത്തിപ്പഴം പൊട്ടിക്കുമ്പോൾ ചില്ലകൾക്ക് മുകളിലിരുന്ന് ഏട്ടത്തി പറഞ്ഞു.. അനുജത്തീ… നീയെന്നെ മറന്നുവല്ലോ!!

ഒരു കുട്ടി ഓടി വന്നു ടീച്ചറുടെ കാതിലെന്തോ മന്ത്രിച്ചു. കർമ പരമ്പരകളിൽ നിന്ന് മുക്തയായി ടീച്ചർ കുട്ടിയെ സാകൂതം നോക്കി. പുണ്യ ജലത്താൽ അഭിഷിക്‌തയായ കാറിനെയും പിന്നെ ജെമിനാമ്മയെയും മാറി മാറി നോക്കി.

പിന്നെ കാറ് നിൽക്കുന്ന അത്തി മരച്ചോട്ടിൽ നിന്ന് മുകളിലേക്ക് മുകളിലേക്ക് നോക്കി. പലപ്പോഴും തന്റെ കാറിൽ അധികാര ഭാവത്തോടെ അതിക്രമിച്ചു കയറുന്ന, കട്ടു തിന്നുന്ന ആ കുരങ്ങമ്മ തന്നെ നോക്കി വാത്സല്യത്തോടെ പല്ലിളിക്കുന്നത് അവർ കുതൂഹലത്തോടെ നോക്കി നിന്നു.

കാറ് വീണ്ടും അലറികരഞ്ഞു.
കൊച്ചാപ്പ മലർന്നടിച്ചു വീണു. ഓടി വന്ന കുട്ടി ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നീജാമ്മ ശൂഷിച്ചു ശൂഷിച്ചു നോക്കി.
അത്തിമര ചില്ലയിൽ കുരങ്ങമ്മ ടീച്ചറമ്മയെ നോക്കി ഇരിപ്പാണ്. കൈ വെള്ളയിൽ അത്തിപ്പഴങ്ങൾക്കിടയിൽ തിളങ്ങുന്ന ഒരു വസ്തു അവരുടെ ശ്രദ്ധയെ ഹഠാദാകർഷിച്ചു.

അത് ഒരു മാസം മുന്നേ കളഞ്ഞു പോയ അവരുടെ കാറിന്റെ റിമോട്ട് കൺട്രോൾ ആയിരുന്നു. അനുജത്തിയെ സന്തോഷിപ്പിക്കാൻ കളിപ്പാട്ടം ഒരുക്കുന്ന ഏട്ടത്തി വീണ്ടും വീണ്ടും പല്ലിളിച്ചു. വാനരാംഗുലീ അഗ്രങ്ങൾ അപ്പോഴും റിമോട്ടിന്റെ പാനിക് ബട്ടണിൽ അമർന്നു കളിക്കുന്നു. ആ ചുണ്ടുകൾ പറയാതെ പറഞ്ഞു : അനുജത്തീ നീയെന്നെ മറന്നുവല്ലോ സലിൽ അഹമ്മദ്

One comment

Leave a Reply to binance Empfehlungscode Cancel reply

Your email address will not be published. Required fields are marked *