
“എനിക്കൊരു യാത്ര പോകണം…”പെട്ടെന്ന് തൊട്ടടുത്തു നിന്ന് ശബ്ദം കേട്ടപ്പോൾ ഞാൻ നടുങ്ങിപ്പോയി. മുന്നിൽ അഭിരാമിറ്റീച്ചർ. മുഖത്ത് എപ്പോഴുമുള്ള നിസ്സംഗഭാവത്തിനപ്പുറം ഒന്നുമില്ല. കുട്ടികളില്ലാത്ത ഒരു ക്ലാസ്സ് മുറിയിൽ ടേബിളിനോട് ഇണ ചേർന്ന് താഴ്ന്നു കിടന്നിരുന്ന തടി ബെഞ്ചിൽ വെറുതെ കിടന്നതാണ്, അറിയാതെ മയങ്ങിപ്പോയി. ഒരു ഞെട്ടലോടെ കയ്യിൽക്കിടക്കുന്ന വാച്ചിലേക്കു നോക്കി. “ബെല്ലടിക്കാൻ സമയമായില്ല. ഞാൻ നിങ്ങളെ കുറേ അന്വേഷിച്ചു നടന്നു. അപ്പോഴാ ഇവിടെ കിടക്കുന്നതു കണ്ടത്. ശല്യമായോ വിളിച്ചത്..?” “ഹേയ്… ഒട്ടുമില്ല ടീച്ചറേ… അറിയാതെ മയങ്ങിപ്പോയോ എന്നൊരു സംശയം….” “എനിക്കൊരു യാത്ര പോകണം. എന്റൊപ്പം ഒന്നുവരുമോ ….?” ടീച്ചർ ചോദ്യം ആവർത്തിച്ചു. “അയ്യോ അതിനെന്താ ടീച്ചറേ… ദാ ഇപ്പൊ പോകാം… പത്തു മിനിറ്റല്ലേയുള്ളൂ ബെല്ലടിക്കാൻ, അതു കഴിഞ്ഞാൽ അരമണിക്കൂർ നേരത്തെ പണി. പിന്നെ ഹെഡ്മാസ്റ്ററോടു ചോദിച്ചിട്ട് അല്പം നേരത്തെയിറങ്ങാം…. ടീച്ചറിന് എവിടെയാണ് പോകേണ്ടത് എന്നു പറഞ്ഞാൽ ഞാൻ കൊണ്ടു പോകാം..!!” “എനിക്ക് അല്പം ദൂരേയ്ക്കാണ് പോകേണ്ടത്….” “അയ്യോ അപ്പൊ തിരിച്ചു വരുമ്പോഴേക്കും നേരം ഇരുട്ടത്തില്ലേ… വീട്ടിൽ അച്ഛനോട് ഒന്നു പറയണം.” “ദേവാ… എനിക്ക് ഇന്നല്ല പോകേണ്ടത്, തന്നെയുമല്ല പോയി വരാൻ ഒരു ദിവസം കൊണ്ടാവില്ലെന്നു തോന്നുന്നു.” “പിന്നെ….?” എന്റെ ശബ്ദത്തിൽ ആകാംഷക്കൊപ്പം ആശ്ചര്യവും കലർന്നിരുന്നു. ഈ സ്കൂളിൽ പ്യൂൺ ആയി ജോലിക്കു കയറിയിട്ട് രണ്ടു വർഷങ്ങൾ ആകുന്നു. കുട്ടികളും ടീച്ചർമാരുമെല്ലാം ‘പ്യൂൺ’ എന്നതിനപ്പുറം പേരു വിളിച്ചു കേട്ടിട്ടില്ല. ആദ്യമൊക്കെ ഒരു വിഷമം തോന്നിയിരുന്നു, പിന്നെപ്പിന്നെ അതൊരു ശീലമായി. ഈ വർഷം ആദ്യമാണ് അഭിരാമി ടീച്ചർ സ്കൂളിൽ ചാർജടുക്കുന്നത്. ഇരുനിറത്തിൽ സുന്ദരിയായ ടീച്ചറുടെ മുഖത്ത് രണ്ടു മറുകുകളുണ്ടായിരുന്നു. അതിൽ ഒന്ന് മൂക്കിനോടു ചേർന്നിട്ടായിരുന്നു. ടീച്ചറുടെ മൂക്കിലെ മൂക്കുത്തിയുടെ കല്ലിൽ നിന്നുള്ള പ്രകാശത്തിൽ ആ മറുകു തിളങ്ങുന്നത് ഒരു ദിവസം ഞാൻ കൗതുകത്തോടെ നോക്കി നിന്നു. അന്നാണ് ടീച്ചറുടെയും എന്റെയും നോട്ടങ്ങൾ ആദ്യമായി കൂട്ടി മുട്ടിയത്. അന്ന് ക്ലാസ്സിൽ നിന്നിറങ്ങിയ ടീച്ചർ നേരെ എന്റെ മുന്നിൽ വന്നു നിന്നു. “എന്തേ….?” ടീച്ചറുടെ ചോദ്യത്തിൽ ദേഷ്യമാണെന്നു തോന്നി. പക്ഷേ മനസ്സിൽ തോന്നിയതു പറയാതിരിക്കാനായില്ല. “ടീച്ചറുടെ മൂക്കുത്തിയുടെ തിളക്കത്തിൽ ആ മറുകു കാണാൻ നല്ല ഭംഗി!” നീണ്ടു വിടർന്ന ആ കണ്ണുകളുടെ കോണിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷേ അത് അധരങ്ങളിലേക്കു പടരാതിരിക്കാൻ അവർ പെട്ടെന്നു തന്നെ മുഖം തിരിച്ചു കളഞ്ഞു. പക്ഷേ പിറ്റേന്നു മുതൽ ടീച്ചറുടെ മൂക്കുത്തിയിലെ കല്ലുകളുടെ നിറം മാറി മാറി വന്നു. ഒരു ദിവസം പച്ച, പിന്നെ ചുവപ്പ്, മഞ്ഞ അങ്ങനെ. മൂക്കുത്തിക്കല്ലിലെ നിറങ്ങൾക്കൊപ്പം എന്റെ കണ്ണുകളിലെ തിളക്കവും ഏറി വരുന്നതു കണ്ടിട്ടാവാം ഒരു വട്ടം ചോദിച്ചു. “മൂക്കുത്തി ഇഷ്ടമാണോ..?” “എനിക്കിഷ്ടമാ ടീച്ചറേ… പെൺകുട്ടികൾ കാതിൽ കമ്മലും, മൂക്കിന്മേൽ മൂക്കുത്തിയും കാലിൽ പാദസ്വരവും ഒക്കെയിട്ടു നടക്കുന്നതു കാണാൻ നല്ല ചന്തമാ…!” ഞാൻ സന്തോഷത്തോടെയാണു പറഞ്ഞതെങ്കിലും ടീച്ചറുടെ മുഖത്ത് ചിരി കണ്ടില്ല. പിന്നെയൊരു ദിവസം സ്റ്റാഫ് റൂമിലെ അലമാരയിൽ അറ്റന്റൻസ് രജിസ്റ്ററുകൾ വച്ചിട്ടു തിരിച്ചിറങ്ങുമ്പോൾ അഭിരാമി ടീച്ചർ വിളിച്ചു. “ദേവാ…. ഇത് പത്ത് എ യിലെ കുട്ടികൾക്കു കൊടുത്തേക്കുമോ..?”ചെക്കു ചെയ്തു കഴിഞ്ഞ കുറേ ബുക്കുകളുണ്ടായിരുന്നു ടീച്ചറുടെ ടേബിളിൽ. ടീച്ചറുടെ ചോദ്യം കേട്ടുകൊണ്ടാണ് ഹെഡ്മാസ്റ്റർ ശശിധരൻ ഓഫീസിലേക്കു കയറിവന്നത്. “സ്കൂളിന്റെ ഹെഡ്മാസ്റ്ററായ ഈയുള്ളവൻ വെറും ശശി… വെറുമൊരു പ്യൂണായ യെവൻ ദേവൻ…. പേരിലൊന്നും ഒരു കാര്യവുമില്ല അല്ലേ ടീച്ചറേ…?” അഭിരാമി ടീച്ചർ ഒഴികെ എല്ലാവരും ചിരിച്ചു. അതിനു ശേഷം ടീച്ചറുടെ ‘ദേവൻ’ എന്നുള്ള വിളി കേൾക്കുന്നത് ഇന്നാണെന്നു തോന്നുന്നു. “എപ്പോ പോകണമെന്ന് ടീച്ചർ പറഞ്ഞാ മതി… ഞാൻ വരാം..” ഞാൻ ക്ലാസ്സ് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. “മറ്റന്നാൾ പോയാലോ .. ശനിയാഴ്ച രാവിലെ പോയാൽ ഞായറാഴ്ച വൈകുന്നതിനു മുൻപ് തിരിച്ചെത്താം..” “പോകാം, പക്ഷേ നമ്മൾ എങ്ങനെയാ ടീച്ചറേ പോകുന്നേ…? എന്റെ കയ്യിൽ വണ്ടിയൊന്നുമില്ലല്ലോ.” “ബസിൽ പോകുന്നതിനു ദേവനു ബുദ്ധിമുട്ടുണ്ടോ….?” “അയ്യോ… എന്തു ബുദ്ധിമുട്ട്..? ഞാൻ ശനിയാഴ്ച രാവിലെ റെഡിയായി നിൽക്കാം…” “ഉം… ഒരു ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്തോളൂ… ഞാൻ നാളെ ലീവാണ്, മറ്റന്നാൾ രാവിലെ ആറുമണിക്ക് ബസ് സ്റ്റോപ്പിൽ കാണാം..” എന്നാലും ടീച്ചർക്ക് എങ്ങോട്ടാവും പോകാനുള്ളത്…? അതിന് എന്നെയെന്തിനായിരിക്കും കൂട്ടത്തിൽ കൂട്ടുന്നത്..? കുറേ ചോദ്യങ്ങളല്ലാതെ ഉത്തരങ്ങളൊന്നും എന്റെ പക്കലുണ്ടായിരുന്നില്ല.ടീച്ചർ സ്കൂളിൽ വന്ന ശേഷം ഒരിക്കൽ ഒരു ചെറുപ്പക്കാരൻ അവരെയന്വേഷിച്ചു വന്നത് ഓർക്കുന്നു. അത് ഒരു ഉച്ച നേരമായിരുന്നു. അയാളുടെ ബുള്ളറ്റിന്റെ പിന്നിൽക്കയറി ടീച്ചർ പോകുന്നത് കുട്ടികളും മറ്റുള്ളവരും ആകാംഷയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് ആരോ പറഞ്ഞു, അതാണ് ടീച്ചറെ കല്യാണം കഴിക്കാൻ പോകുന്നയാൾ എന്ന്. പിന്നെ കുറച്ചു ദിവസത്തേക്ക് ടീച്ചറുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി തങ്ങിനിൽക്കുന്നതു കണ്ടിരുന്നു. പിന്നെ കുറേശ്ശേ കുറേശ്ശേയായി അതു കുറഞ്ഞ് പഴയ നിസ്സംഗ ഭാവം കൈവന്നു. പിന്നീടൊരിക്കൽ സ്കൂളിലെ ലാൻഡ് ഫോണിലേക്ക് ടീച്ചർക്ക് ഒരു കോൾ വന്നു. ഫോണിൽ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടുകൊണ്ട് ഞാൻ വെളിയിൽ നിൽപ്പുണ്ടായിരുന്നു. പുറത്തേക്കിറങ്ങി വന്ന ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. കണ്ണുനീർ തുള്ളികളെ കയ്യിലിരുന്ന കർച്ചീഫ് മായ്ച്ചു കളഞ്ഞെങ്കിലും വിടർന്ന മിഴികളിലെ ചുവപ്പു മായാതെ നിന്നു. ശനിയാഴ്ച രാവിലെ 5.30 നു ബസ്സ്റ്റോപ്പിലെത്തി ടീച്ചർക്കു വേണ്ടി കാത്തുനിൽക്കുമ്പോൾ ജനുവരി മാസത്തിലെ കുളിരുള്ള കാറ്റ് ഷർട്ടിന്റെ ഇത്തിരി വിടവിലൂടെ ഉള്ളിൽക്കടന്ന് നെഞ്ചിൽ ചെറിയ വിറയൽ പടർത്തി. ടീച്ചർ എത്തുമ്പോഴേക്കും ആറുമണി ആയിക്കഴിഞ്ഞിരുന്നു. തമ്മിൽ എന്തെങ്കിലും സംസാരിക്കുന്നതിനു മുന്നേ ടൗണിലേക്കുള്ള ബസ് വന്നു. ടൗണിലെ ബസ് സ്റ്റേഷനിലെത്തിയപ്പോൾ ഉള്ളിലെ സംശയം മറച്ചു വയ്ക്കാനായില്ല. “നമ്മൾ എങ്ങോട്ടാണു ടീച്ചറേ പോകുന്നത്…?” “എന്തേ ദേവനു ഭയമാകുന്നുണ്ടോ..?” ഞാൻ ചിരിച്ചു പോയി. ഇളം മഞ്ഞ നിറത്തിലുള്ള ചുരിദാറിൽ ടീച്ചർ അതീവ സുന്ദരിയായിരുന്നു. നെറ്റിയിൽ ചെറിയ പൊട്ടിനു മുകളിലായി ചെറുവിരൽ കൊണ്ട് വരച്ച സിന്ദൂരരേഖ. കഴുത്തിന്റെ ഒത്ത നടുവിലും ചെറിയൊരു കുങ്കുമപ്പൊട്ട്. ഹൈറേഞ്ചിലേക്കുള്ള ദീർഘദൂര ബസുകളിലൊന്നിൽ കയറി കയ്യിലിരുന്ന ബാഗും ടീച്ചറുടെ ബാഗും ഭദ്രമായി ഉറപ്പിച്ചു വച്ച ശേഷം ഇരിക്കാൻ സീറ്റിനു വേണ്ടി ചുറ്റും നോക്കുമ്പോൾ ടീച്ചർ വിളിച്ചു. “ദേവാ…. ഇവിടെ..!” ഒരേ സീറ്റിൽ ടീച്ചർക്കൊപ്പമിരിക്കാൻ അല്പം മടി തോന്നി. സീറ്റിൽ ഞങ്ങൾക്കിടയിലെ അകലം കണ്ടിട്ടെന്നോണം ടീച്ചറുടെ ചുരിദാറിന്റെ ഇളം വെള്ള നിറമുള്ള ഷാൾ സീറ്റിൽക്കിടന്നു തലതല്ലിച്ചിരിക്കുന്നുണ്ടായിരുന്നു. “ടീച്ചറുടെ വീട് ഹൈറേഞ്ചിലാണോ…? മൗനം അസഹ്യമായപ്പോൾ ഞാൻ ടീച്ചറെ നോക്കി. “ആയിരുന്നു, ഇപ്പോൾ ഇവിടെ ടൗണിൽ സെറ്റിലാണു ദേവാ… പിന്നെ തിരിച്ചു സ്കൂളിൽ എത്തും വരെയെങ്കിലും ഈ ടീച്ചർ വിളി ഒന്നൊഴിവാക്കിക്കൂടെ… ദേവൻ അങ്ങനെ വിളിക്കുമ്പോ എനിക്കു വല്ലാതെ പ്രായമായതുപോലൊരു തോന്നൽ.” ഞാൻ ചിരിച്ചു പക്ഷേ മുഖത്തു നോക്കി അഭിരാമി എന്നു വിളിക്കാൻ തോന്നിയില്ല. “ഇതെന്തിനാ ഈ നെറ്റിയിലും പിന്നെ കഴുത്തിലും ഓരോ പൊട്ടുകൾ..?” സ്കൂളിൽ വച്ചു പലപ്പോഴും തോന്നിയ സംശയം. “ഒന്ന് മാതാപിതാക്കൾക്ക് ഇനിയൊന്ന് ഇഷ്ടദൈവത്തിന്…” അഭിരാമി ചിരിച്ചു. “അപ്പോൾ ഭർത്താവിന്…..?” “അതിനെനിക്ക് ഭർത്താവില്ലല്ലോ ദേവാ….” “അപ്പൊ അന്നു വന്ന ചെറുപ്പക്കാരൻ…?” “ആഹാ ദേവൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നോ..?” “ഞാൻ മാത്രമല്ല…. എല്ലാവരും…!!” “അതു ഹരികൃഷ്ണൻ….” അഭിരാമിയുടെ സ്വരം നന്നേ താണിരുന്നു. “അവനുമായി എന്റെ വിവാഹം നിശ്ചയിച്ചതാണ്…” “എല്ലാരും പറഞ്ഞു കേട്ടിരുന്നു… ടീച്ചർക്ക് നല്ല ചേർച്ചയുണ്ട്..!” അകലങ്ങളിലെവിടെയോ ഒരു നിമിഷം നഷ്ടപ്പെട്ട മിഴികളെ തിരിച്ചെടുത്ത് അവർ എന്നെ നോക്കി. ടീച്ചർ എന്ന് വീണ്ടും വിളിച്ചതിന്റെ ഇഷ്ടമില്ലായ്മയാണോ അതോ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാത്തതു കൊണ്ടാണോ എന്നറിയില്ല അവരുടെ മുഖം മ്ലാനമായിരുന്നു. വണ്ടി ഒരു വളവു വീശിയെടുത്തപ്പോൾ ഞങ്ങൾക്കിടയിൽ വിശ്രമിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഞെരിഞ്ഞമർന്നു. അഭിരാമിയുടെ മെടഞ്ഞിട്ടിരുന്ന നീളൻ മുടി എന്റെ കൈത്തണ്ടയോളമെത്തി ഒന്നു തൊട്ടുനോക്കി മടങ്ങിപ്പോയി. “ചേർച്ചയുള്ള കാര്യങ്ങൾ അത്രമാത്രം ശ്രദ്ധിക്കുന്നെങ്കിൽ പോസ്റ്റു ഗ്രാജുവേഷൻ കഴിഞ്ഞ ദേവൻ എങ്ങനെ ഒരു സാദാ സ്കൂൾ പ്യൂൺ ആയി…? ” “അയ്യോ…. എന്നെക്കുറിച്ച്…?” ഞാൻ അമ്പരന്നു പോയി. പ്രായമായ അച്ഛനെയും കൂട്ടി ഇന്നാട്ടിൽ വന്ന് ഒരു വാടക വീട്ടിൽ താമസിക്കുന്ന സ്കൂളിലെ പ്യൂൺ എന്നതിനപ്പുറം എന്നെക്കുറിച്ച് എന്തെങ്കിലും ആർക്കെങ്കിലും അറിയാം എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. “എന്റെ മൂക്കുത്തിക്കല്ലിനൊപ്പം തിളങ്ങുന്ന മറുകു പോലും കണ്ടെത്തിയ ആൾ ആരാണെന്നെങ്കിലും ഞാൻ അറിഞ്ഞിരിക്കണ്ടേ….?” “പക്ഷേ എങ്ങനെ…? ” അഭിരാമി ഒന്നും പറഞ്ഞില്ല, വെറുതേ ഒന്നു ചിരിച്ചു. കയറ്റിറക്കങ്ങൾക്കിടയിൽ മെയിൻ റോഡിനോട് ഒരു ചെറിയ പഞ്ചായത്തു വന്നു ചേരുന്നിടത്തു ബസിൽ നിന്നിറങ്ങുമ്പോൾ നിഴലുകൾക്ക് നീളം വച്ചു കഴിഞ്ഞിരുന്നു.”ടീച്ചർ വരുമെന്നു സേതു വിളിച്ചു പറഞ്ഞപ്പോ വിശ്വാസം വന്നില്ല കേട്ടോ..!” ചെറിയ പഞ്ചായത്തു റോഡിന്റെ ഓരം ചേർന്നു നിർത്തിയിട്ടിരുന്ന കാറിന്റെ സമീപത്തു നിന്നും ഞങ്ങൾക്കരുകിലെത്തിയ മധ്യവയസ്കൻ നിറഞ്ഞു ചിരിച്ചു. “ഹരികൃഷ്ണനല്ലേ… ഞങ്ങൾക്കറിയാം..” എന്റെ മറുചിരി ഏറ്റെടുത്തു കൊണ്ട് കൈപിടിച്ചു കുലുക്കി. “ഹേയ്…. ഞാൻ ദേവനന്ദൻ..” “അയ്യോ…. ” അബദ്ധം പിണഞ്ഞ മട്ടിൽ അയാൾ അഭിരാമിയെ നോക്കി. “എന്റെ കൂട്ടുകാരനാണ്… ദേവൻ..!!” അവർ ചിരിച്ചതേയുള്ളു. “കുട്ടികൾക്ക് ആളെ ആദ്യം പരിചയപ്പെടുത്തിക്കോളൂ ടീച്ചറേ… കാരണം ഹരികൃഷ്ണനോട് എല്ലാവർക്കും ദേഷ്യമാണ്… ” അയാൾ ചിരിച്ചു. എനിക്ക് ഒന്നും മനസ്സിലായില്ല. അയാളുടെ ഭാര്യയും രണ്ടു കുട്ടികളും ഏറെ സന്തോഷത്തോടെ ടീച്ചറെ സ്വീകരിച്ചു. നേരം സന്ധ്യയോടടുക്കുമ്പോഴേക്കും ആരൊക്കെയോ ടീച്ചറെ കാണാൻ വന്നുകൊണ്ടിരുന്നു. ഏറെയും കുട്ടികൾ! ഏറെ നാളുകൾക്കു ശേഷം ഏറ്റവും പ്രിയപ്പെട്ട ഒരാളെ കാണുന്ന സന്തോഷം എല്ലാ മുഖങ്ങളിലും. അത്താഴം കഴിഞ്ഞ് വീടിനു പുറത്തേക്കിറങ്ങി ഒന്നു നടക്കണമെന്നു തോന്നി. തണുത്ത കാറ്റു വീശുന്നുണ്ടെങ്കിലും നിറഞ്ഞ മനസ്സ് ശരീരത്തെ ചൂടുപിടിപ്പിച്ചു നിർത്തി. “ദേവാ…..” പിന്നിൽ നിന്ന് അഭിരാമിയായിരുന്നു. “എങ്ങോട്ടാ…?” “ഹേയ് വെറുതെ…” “ദേവനു ബോറടിച്ചു അല്ലേ…?” “ഞാൻ ടീച്ചറെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ആദ്യമായിട്ടാ…..!!” “ഇതാണ് എന്റെ നാട്…. ഞാൻ ജനിച്ചു വളർന്നതും പഠിച്ചതുമെല്ലാം ഇവിടെയാണ്. ടീച്ചറായി ജോലി ചെയ്തതും ഇവിടുത്തെ സ്കൂളിൽത്തന്നെ…!!” “നല്ല ആളുകൾ, നല്ല സ്ഥലം, ഇവിടെ നിന്നും ട്രാൻസ്ഫർ വേണ്ടായിരുന്നു അല്ലേ…?” “ചോദിച്ചു വാങ്ങിയതായിരുന്നു ആ ട്രാൻസ്ഫർ…” “അയ്യോ എന്തിന്…?” “ഞാനല്ല…. ” “പിന്നെ….?” ഞങ്ങൾ നടന്ന് പറമ്പിനെ പഞ്ചായത്തു റോഡുമായി അതിരിടുന്ന സ്ഥലത്തെത്തിയിരുന്നു. വഴിയുടെ ഒരു വശത്ത് അല്പം ഉയർന്നു നിൽക്കുന്ന ഒരു കല്ലിന്മേൽ അഭിരാമി ഇരുന്നു. ഞാൻ സമീപത്തു നിന്ന ചെറുമരത്തിലേക്ക് ഒരു കാൽ ഉയർത്തിക്കുത്തി അവരെത്തന്നെ നോക്കി നിന്നു. നിലാവിന്റെ നിഴലിൽ ആ മുഖത്തെ ഭാവങ്ങൾ എനിക്കന്യമായിരുന്നു. ” അവർ പറഞ്ഞതു കേട്ടിരുന്നോ ഹരികൃഷ്ണനോട് എല്ലാവർക്കും ദേഷ്യമാണെന്ന്…. അവനായിരുന്നു ആ ട്രാൻസ്ഫർ വാങ്ങിയത് … ഈ നാട്ടിൽ നിന്ന് എന്നെ അകറ്റിയത്…. രണ്ടു വർഷങ്ങൾക്കു മുൻപ് പറഞ്ഞുറപ്പിച്ചതാണ് ഞങ്ങളുടെ വിവാഹം. ഒരു ഡിമാന്റുമില്ലാതെ ഇങ്ങോട്ടു വന്ന ബന്ധം. അവൻ ഗൾഫിലാണ്. വാക്കു പറഞ്ഞുറപ്പിച്ച് അടുത്ത അവധിക്കു വരുമ്പോൾ വിവാഹം എന്നു തീരുമാനിച്ചത് ഞങ്ങൾ രണ്ടാളുടെയും ഇഷ്ടത്തിനായിരുന്നു… കുറച്ചു കാലം പ്രണയിക്കാൻ വേണ്ടി…. തമ്മിലറിയാൻ വേണ്ടി… ” “അയാൾ വന്നു അല്ലേ…. അപ്പൊ വിവാഹം ഉടനെയുണ്ടാകും ല്ലേ…?” അഭിരാമി മുഖമുയർത്തി എന്നെയൊന്നു നോക്കി. “പ്രണയം എന്നത് ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളിലേക്കു അടിച്ചേൽപ്പിക്കാനുള്ള ലൈസൻസാണെന്ന് ദേവനു തോന്നിയിട്ടുണ്ടോ….?” “അതിപ്പോ… ഞാൻ പ്രണയിച്ചിട്ടില്ലല്ലോ…!!” “ഞാൻ കാലിലിട്ടിരുന്ന വെള്ളി പാദസ്വരങ്ങൾ…. എന്റെ നീളമുള്ള തലമുടി…. ഇഷ്ടത്തോടെ ഞാൻ ഞൊറിഞ്ഞുടുക്കുന്ന സാരി… പിന്നെ ഞാൻ ഒരുപാടിഷ്ടപ്പെടുന്ന എന്റെ മൂക്കുത്തി…,. ഇതെല്ലാം ഹരിയുടെ അനിഷ്ടങ്ങളുടെ പട്ടികയിലായിരുന്നു. എനിക്കിഷ്ടമുള്ളവയിൽ നിന്ന് ഓരോന്നോരോന്നായി എടുത്തു മാറ്റാൻ അവൻ ഒരുപാടിഷ്ടത്തോടെ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അതിൽ അവസാനത്തേതായിരുന്നു എന്റെ ഈ നാട്….” “അങ്ങനെയാണോ ട്രാൻസ്ഫർ വാങ്ങി അങ്ങോട്ടു വന്നത്…?” “വന്നതല്ല, അവൻ കൊണ്ടുപോയി… അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിച്ച്…. ടൗണിൽ വീടു വാങ്ങി…” “പക്ഷേ മുടി ഇപ്പോൾ നന്നായി നീണ്ടിട്ടുണ്ടല്ലോ…. പിന്നെ മൂക്കുത്തി..” എന്റെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു. “ആറു മാസങ്ങൾക്കു മുൻപ് ഹരി വന്നിരുന്നു… ഇനിയും അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു മാറാൻ എനിക്കു കുറച്ചു കൂടി സമയം തന്ന് തിരിച്ചു പോയി…” “പക്ഷേ….” ഞാൻ പകുതിയിൽ നിർത്തി. “ദേവൻ പറയാൻ വന്നത് എന്താണെന്ന് എനിക്കറിയാം….. ഞാൻ ആരോടു മിണ്ടണം…. ഞാൻ ഏതു വസ്ത്രം ധരിക്കണം… ഞാൻ എവിടെയൊക്കെ പോകണം എന്നിങ്ങനെ എന്റെ തീരുമാനങ്ങൾ പോലും അവൻ എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ എന്റെ ഇഷ്ടങ്ങളിലേക്ക് പതിയെ തിരികെ നടക്കാൻ തുടങ്ങി….. ദാ മുടി നീണ്ടു തുടങ്ങിയിരിക്കുന്നു, മൂക്കുത്തിയിലെ കല്ലിന്റെ നിറങ്ങൾ മാറുന്നു..” മെടഞ്ഞിട്ട നീണ്ട തലമുടിയെ കയ്യിലെടുത്തു താലോലിച്ചുകൊണ്ട് അവർ ചിരിച്ചു. “ട്രാൻസ്ഫർ വാങ്ങി ഇങ്ങോട്ടു തിരികെ വരണമെന്നുണ്ടോ….?” ടീച്ചർ എന്നു വിളിക്കാൻ മടിച്ച് ഞാൻ എന്റെ ചോദ്യം പകുതിയിൽ മുറിച്ചു. “അറിയില്ല ദേവാ…. എത്രമാത്രം തിരിച്ചു പോകാനാവുമെന്ന്… ഞങ്ങളുടെ വീടും സ്ഥലവും ഇപ്പോഴും ഇവിടെത്തന്നെയുണ്ട്.., നാളെ ഞാൻ ദേവനെ കൂട്ടിക്കൊണ്ടു പോകാം…”പിറ്റേന്നു കാലത്ത് ബ്രൗൺ നിറത്തിൽ ഇടകലർന്ന വർണ്ണങ്ങളുള്ള സാരിയിൽ അഭിരാമിയെ കണ്ട് ഞാൻ ഇമവെട്ടാതെ നോക്കി നിന്നുപോയി. സ്കൂളിൽ ഒരിക്കൽ പോലും സാരിയിൽ കണ്ടതായി ഓർമ്മയില്ല. “അച്ഛൻ മാത്രമേയുള്ളോ ദേവന്…?” പിറ്റേന്ന് ചെറിയ പഞ്ചായത്തു റോഡിലൂടെ അല്പം മുന്നോട്ടു നടന്ന് നീളൻ പുല്ലുകളും കാട്ടുസൂര്യകാന്തിയും അതിർ തിരിച്ചു നിൽക്കുന്ന പുരയിടത്തിനുള്ളിലേക്ക് നടന്നു കയറുമ്പോൾ അഭിരാമി ചോദിച്ചു. “എന്നെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇതിനുള്ള ഉത്തരം കിട്ടിയില്ലേ…? ഞാൻ അവളുടെ നേരെ നോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞ കാഴ്ച്ചയിൽ മെല്ലെ മയങ്ങി ഞാൻ മുഖം തിരിച്ചു. അത്ര മനോഹരമായിരുന്നു ആ ദൃശ്യം. അവിടവിടെ ചില ഫലവൃക്ഷങ്ങൾ മാത്രം വളർന്നു നിൽക്കുന്ന മണ്ണ്. പുരയിടത്തിനു കുറുകേയൊഴുകുന്ന ചെറിയ അരുവിയുടെ രണ്ടു വശവും കല്ലുകൊണ്ടു കെട്ടിത്തിരിച്ചിരിക്കുന്നു. പുരയിടത്തിനു പിന്നിലെ ദൂരക്കാഴ്ചയിൽ നീലമലയിൽ നിന്ന് ഒഴുകിയിറങ്ങുന്ന പാലരുവി. ചെറിയ നടപ്പുവഴി എത്തി നിൽക്കുന്നത് ഒരു പഴയ വീടിന്റെ മുറ്റത്തായിരുന്നു. “ദാ… അവിടൊരു കുളമുണ്ട്.. അതിൽ നിറയെ മീനുകളും…. ” ഏതോ മായിക ലോകത്തെത്തിയതു പോലുള്ള എന്റെ നിൽപ്പു കണ്ട് അവർ നിറഞ്ഞു ചിരിച്ചു. “ഈ മണ്ണും ഈ വീടുമുപേക്ഷിച്ച് നിങ്ങൾക്കെങ്ങനെ ടൗണിലേക്കു പോകാൻ തോന്നി…..?” “ഇതിനും മുൻപേ പലതും ഉപേക്ഷിക്കാൻ തുടങ്ങിയിരുന്നു, ഹരിക്കു വേണ്ടി….. അതിന്റെ തുടക്കം എവിടെനിന്നായിരുന്നു എന്നറിയുമോ..?” വല്ലാത്തൊരാവേശത്തോടെ അഭിരാമി ആ പഴയ വീടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്കു കടന്നു. “എന്റെ മുറി…!!” പൊടി പിടിച്ചു നിറം മങ്ങിപ്പോയ ചുവരുകൾക്കിടയിലെ ഒരു വാതിൽ തള്ളിത്തുറന്ന് അവൾ അകത്തേക്ക് കയറി. പൂപ്പൽ പിടിച്ച തടിയലമാര തുറന്ന് എല്ലാം വലിച്ചു വാരിയിട്ട് അവൾ എന്തോ തിരയുന്നുണ്ടായിരുന്നു. ഒടുവിൽ പച്ചനിറത്തിൽ ക്ലാവു പിടിച്ചു തുടങ്ങിയ ഒരു വെള്ളിപ്പാദസ്വരം കയ്യിലെടുത്തു പിടിച്ച് അഭിരാമി നിറഞ്ഞു ചിരിച്ചു. “ഹരിക്കു വേണ്ടി ഞാൻ ത്യജിച്ച എന്റെ ആദ്യത്തെ ഇഷ്ടം…!!” കളഞ്ഞു പോയ യവ്വനം തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അവളുടെ വിടർന്ന മിഴികളിൽ. “ഇതു തിരിച്ചെടുക്കണമായിരുന്നു എനിക്ക്….. അതിനു സാക്ഷിയായി എന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടുന്ന ഒരാൾ എന്റൊപ്പം വേണമെന്നു തോന്നി….!!” അഭിരാമിയുടെ മിഴികളുമായി എന്റെ മിഴികൾ ഒന്നു കൂട്ടിമുട്ടി. ഹൃദയത്തിനു തൊട്ടരുകിൽ ചെറിയൊരു പിടച്ചിൽ പോലെ എനിക്കു തോന്നി. ഞൊറിയിട്ടുടുത്ത സാരി അല്പം ഉയർത്തിവച്ച് അവൾ രണ്ടു കാലിലും പാദസ്വരമണിഞ്ഞു. “വരൂ ഞാൻ കാണിച്ചു തരാം എന്റെ കൊച്ചു വീടിനു ചുറ്റും ഞാൻ ഇട്ടെറിഞ്ഞു പോന്ന എന്റെ സന്തോഷങ്ങൾ…” പാദസ്വരത്തിന്റെ കിലുക്കത്തിനൊപ്പം മുത്തു കിലുങ്ങും പോലെ അവൾ ചിരിച്ചു. തൊടിയിലെ കോവലും വെള്ളരിയും പൂവിട്ടു നിന്നിരുന്നു. പപ്പായയും വാഴയും വിളയാറായി നിൽക്കുന്നു. “ഞങ്ങൾ ഉപേക്ഷിച്ചു പോയിട്ടും തൊടിയിൽ ഉള്ളവയൊന്നും ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ടില്ല….. ” ഓരോ മരത്തോടും ചെടിയോടും കിന്നാരം പറഞ്ഞ് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കുട്ടിയെപ്പോലെ അഭിരാമി അവിടെയാകെ ഓടി നടന്നു. “മഴയെ എപ്പോഴെങ്കിലും ഓടിത്തോല്പിച്ചിട്ടുണ്ടോ…?” നിറയെ മീനുകൾ ഓടിക്കളിക്കുന്ന കുളത്തിന്റെ അരുകിൽ കാലുകൾ താഴേക്കു നീട്ടിയിട്ടിരിക്കുകയായിരുന്നു ഞങ്ങൾ. അഭിരാമി ദൂരേയ്ക്കു വിരൽ ചൂണ്ടി. അകലെ നീല മലയുടെ മുകളിലേക്ക് മേഘങ്ങൾ പറന്നിറങ്ങുന്നുണ്ടായിരുന്നു. “അതു മഴയാണ്…. അവൾ അവിടെ നിന്ന് ചിറകുകൾ വിരിച്ചു പറന്നു വരും…!!” “ഈ ജനുവരിയിൽ മഴയോ…?” “ഒരുപാടു നാളുകൾക്കു ശേഷം കൂട്ടുകാരിയെ കണ്ട സന്തോഷത്തിലല്ലേ… അവൾ വരും!” അഭിരാമി പറഞ്ഞതുപോലെ തന്നെ മഴ പതിയെ മലയിറങ്ങി വന്നു. അകലെ നിന്നും പറന്ന്, വരുന്ന വഴിയിലെ കാഴ്ചകൾ മറച്ച് അരികത്തെത്തുമ്പോഴേക്കും അഭിരാമി ചാടി എഴുന്നേറ്റിരുന്നു. “അവളുടെ ആദ്യത്തെ തുള്ളി ദേഹത്തു പതിക്കുമ്പോൾ നമുക്ക് ഓടണം, പിന്നെയൊരു തുള്ളി പോലും ദേഹത്തു വീഴാതെ വീട്ടിൽ എത്തിയാൽ നമ്മൾ ജയിച്ചു, അല്ലെങ്കിൽ അവൾ ജയിച്ചു.” അഭിരാമിയുടെ വലതു കൈ എന്റെ ഇടതു കയ്യുടെ പെരുവിരൽത്തുമ്പിനെ സ്വന്തമാക്കി. ആദ്യത്തെ മഴത്തുള്ളിക്കൊപ്പം ഇടതു കൈകൊണ്ടു സാരി ഉയർത്തിപ്പിടിച്ച് അവൾ മുന്നോട്ടോടി. ഒപ്പം ഞാനും. കുളത്തിന്റെ പടവുകൾക്കരികിലൂടെ തൊടിയിലെ പുല്ലുവളർന്ന കൊച്ചു വഴിയിലൂടെ ഓടി അരുവിക്കരുകിലെത്തുമ്പോഴേക്കും മഴ പിന്നാലെയെത്തിയിരുന്നു. അരുവിക്കു കുറുകെയിട്ടിരുന്ന പഴയ തടിപ്പാലത്തിൽ നിന്നുയർന്നു നിന്നിരുന്ന ചെറിയ ശിഖരത്തിൽ അഭിരാമിയുടെ പാദസ്വരം ഉടക്കി. അഴിഞ്ഞു വീണ പാദസ്വരം അരുവിയിലെ വെള്ളത്തിൽ മുങ്ങി. ഒരു നിമിഷം തിരിഞ്ഞു നിന്ന അവളുടെ കണ്ണിലേക്കു നോക്കിയിട്ട് ഞാൻ അരുവിയിലേക്ക് ചാടാൻ ആഞ്ഞു. “വേണ്ട….. വാ മഴ അടുത്തെത്തി… ” അവൾ എന്റെ വിരൽത്തുമ്പിൽ നിന്നും വിട്ടില്ല.പക്ഷേ മഴത്തുള്ളികൾ ഞങ്ങളെയും കടന്ന് വീടിന്റെ അരുകിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു. ചാറ്റൽ മഴയിൽ പാതി നനഞ്ഞ് വീടിന്റെ പിന്നാമ്പുറത്തെ ചെറിയ വരാന്തയിൽ നിന്നു ഞങ്ങൾ കിതച്ചു. “കണ്ടോ മഴപ്പെണ്ണു ജയിച്ചത്….!!” അഭിരാമി എന്റെ കണ്ണിലേക്കു നോക്കി. “പക്ഷേ പാദസ്വരം…..?” “അരുവി എടുത്തോട്ടെ… ഞാൻ ഇഷ്ടത്തോടെ കൊടുത്തതല്ലേ….!!” “അതിനു പകരം ഞാനൊരു സ്വർണ്ണ പാദസ്വരം വാങ്ങിത്തരട്ടെ…?” ഞാൻ പോലുമറിയാതെയായിരുന്നു എന്റെ ചോദ്യം. അവിശ്വസനീയമായതെന്തോ കേട്ടതു പോലെ അവൾ എന്റെ കണ്ണിലേക്കു നോക്കി. “എനിക്കൊരു പിങ്ക് കളർ കല്ലു വച്ച മൂക്കുത്തി കൂടി വാങ്ങിത്തരാൻ പറ്റുമോ ദേവന്…?” അവളുടെ മുടിയിഴകളിൽ നിന്നിറ്റു വീഴുന്ന മഴത്തുള്ളികൾ കവിളിലെ ചുവപ്പിലേക്കു പടർന്നു. “ഈ പഴയ വീടിന്റെ സ്ഥാനത്ത് നമുക്കു ഭംഗിയുള്ള ഒരു കൊച്ചു വീട് പണിയണം…. ഈ വശത്തുള്ള ബാൽക്കണിയിൽ നിന്ന് മഴ കുന്നിറങ്ങി വരുന്നതു കാണാൻ.” എന്റെ ശ്വാസഗതി മാറിത്തുടങ്ങിയിരുന്നു. “ഇനിയെന്നെ ടീച്ചർ എന്നു വിളിക്കുമോ..?” അവളുടെ വിറയാർന്ന കരതലം എന്റെ നെഞ്ചിടിപ്പിന്റെ താളമറിഞ്ഞു. “ആമിയെന്നു വിളിച്ചോട്ടെ….?” എന്റെ കൈ വിരലുകൾ അവളുടെ നനഞ്ഞ മുടിയിഴകൾക്കിടയിലൂടെ പരതി നടന്നു. “ഇനിയെനിക്കൊന്നും നഷ്ടപ്പെടാൻ വയ്യ… ഇഷ്ടങ്ങൾ നഷ്ടമാവാതിരിക്കാൻ വേണ്ടിയാണ് ഇഷ്ടങ്ങളെ പ്രണയിച്ചയാളെ കൂടെ കൂട്ടിയത് …!” അവളുടെ വിടർന്നു പിടയുന്ന മിഴികളും വിറയാർന്ന അധരങ്ങളും എന്തിനോ വേണ്ടി തുടിക്കുന്നുണ്ടായിരുന്നു. “നിന്റെ ഇഷ്ടങ്ങളെ ഞാൻ പ്രണയിച്ചിരുന്നുവെന്ന് നിനക്കെങ്ങനെ മനസ്സിലായി…?” “എന്റെ മൂക്കുത്തിക്കല്ലുകളുടെ തിളക്കം ഞാൻ നിന്റെ കണ്ണിലും കണ്ടിരുന്നു.” അനുവാദത്തിനു കാത്തുനിൽക്കാതെ അവളുടെ കൂമ്പിയടഞ്ഞ കണ്ണുകൾക്കരുകിലൂടെ ഒലിച്ചിറങ്ങിയ മഴത്തുള്ളിക്കൊപ്പം തിളങ്ങിനിന്ന മൂക്കുത്തിക്കരുകിലെ കുഞ്ഞു മറുകിൽ എന്റെ അധരങ്ങൾ അമർന്നു. ഞങ്ങളെ ഓടിത്തോല്പിച്ച മഴപ്പെണ്ണിനേയും തോൽപിച്ച് അകലെ നീല മലയ്ക്കു മുകളിൽ സൂര്യൻ എത്തി നോക്കി. അവന്റെ പ്രകാശം വീണു തിളങ്ങിയ മൂക്കുത്തിക്കല്ലിന്റെ തിളക്കത്തിൽ എന്റെ മിഴികളും അടഞ്ഞു പോയി. ഷിജു കല്ലുങ്കൻ
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.bh/ar-BH/register?ref=S5H7X3LP
A well calibrated piece that knew its scope and stayed inside it, and a look at firstisnotequallast maintained the same scope discipline, scope creep is one of the failure modes of long blog posts and this site has clearly invested in the editorial discipline to prevent it which shows up in tightly contained pieces.
Your point of view caught my eye and was very interesting. Thanks. I have a question for you.
Your point of view caught my eye and was very interesting. Thanks. I have a question for you.
Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.com/register-person?ref=QCGZMHR6