പൊന്നുവിന്റെ സ്വന്തം …..

“ഞാൻ ഒരു കാര്യം പറയട്ടെ.
അത് കേട്ടിട്ട് ചേട്ടന് ഈ കല്യാണത്തിന് സമ്മതമാണോ എന്ന് പറഞ്ഞാൽ മതി.”

‘എന്തുപറ്റി, എന്തായാലും മടിക്കാതെ പറയ്.’

“ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം,
ആ സമയത്ത് വയറുവേദന എനിക്ക് പതിവായിരുന്നു.പല ഡോക്ടർമാരെ കാണിച്ചെങ്കിലും അവരൊക്കെ പെയിൻ
കില്ലർ തന്ന് വിടുകയെ ഉണ്ടായിരുന്നുള്ളൂ.
അവസാനം വേദനയുടെ കാരണമെന്തെന്ന് കണ്ടെത്തി.കിഡ്നി സംബന്ധമായ
ഒരു ചെറിയ സർജറിയും ചെയ്തു.
അത് കഴിഞ്ഞു വേദന പൂർണമായും മാറി. പക്ഷേ അപ്പോളാണ് വേറൊരു കാര്യം ഞങ്ങൾ അറിയുന്നത്,ജന്മനാ എന്റെ
ഒരു കിഡ്നിയുടെ സൈസ് കുറവാണെന്ന്.”

‘ഓക്കെ, അതുകൊണ്ട് ഇപ്പോൾ
എന്താണ് കുഴപ്പം.അത് വലിയൊരു പ്രശ്നമല്ലല്ലോ,അതിലിപ്പോൾ പേടിക്കാൻ എന്തിരിക്കുന്നു.’

“അതല്ല,ഇതിന് മുൻപ് എനിക്ക്
ഒരു കല്യാണാലോചന വന്നിരുന്നു.
എല്ലാം ഉറപ്പിച്ച് കഴിഞ്ഞ് ഒരു ദിവസം പുള്ളിക്കാരനോട് ഞാൻ ഈ കാര്യം പറഞ്ഞു.
അതോടെ ആ കല്യാണം മുടങ്ങി.
ചേട്ടൻ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന് എനിക്ക് അറിയില്ലല്ലോ.”

‘ഇതിലിപ്പോൾ പേടിക്കേണ്ടതായി ഒന്നുമില്ല.നമ്മൾ രണ്ടുപേരും നഴ്സുമാരാണ്.
മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന എനിക്കിത് മനസ്സിലായില്ലെങ്കിൽ,
വേറെ ആർക്കാ ഇത്‌ മനസ്സിലാവുക.
ആ പയ്യന്റെയും വീട്ടുകാരുടെയും തെറ്റിദ്ധാരണയും,അറിവില്ലായ്മയും കൊണ്ടാണ് അന്ന് ആ കല്യാണം
മുടങ്ങിയതെന്ന് വിചാരിച്ചാൽ മതി.
അതുകൊണ്ട് ഇപ്പോൾ നമുക്ക് ഒരുമിക്കാൻ ഒരു അവസരമായില്ലേ.’

“ചേട്ടൻ ഇതിപ്പോൾ വളരെ നിസ്സാരമായി പറഞ്ഞു,അന്ന് ഞാൻ എത്ര വേദനിച്ചെന്നോ.
ഇനി ഒരു കല്യാണം വേണ്ട എന്ന് തീരുമാനിച്ചിരുന്നു.മരിച്ചാലോ എന്ന് കൂടി
ഞാൻ ചിന്തിച്ചു പോയി.”

ആ കണ്ണുകൾ അപ്പോൾ നിറഞ്ഞ് കവിയുന്നുണ്ടായിരുന്നു.
ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു.
എന്നിട്ട് പറഞ്ഞു.

‘പൊന്നു ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട,
ഏതൊരു സന്തോഷത്തിലും ദുഃഖത്തിലും എന്നും ഞാൻ കൂടെ ഉണ്ടാക്കും.
ഈ കൈകൾ ഞാൻ മുറുകെ പിടിച്ചത് വെറുതെയല്ല.അത് നൽകുന്ന ആശ്വാസവും, സംരക്ഷണവും പൊന്നുവിന്റെ ജീവിതത്തിൽ എന്നും എനിക്ക് നൽകാൻ കഴിയും എന്നുള്ള
ഉറപ്പുള്ളതുകൊണ്ട് മാത്രമാണ്.’

ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതം
അന്ന് അവിടെ തുടങ്ങിയതാണ്.

ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്നപ്പോളും ഓരോ അസുഖങ്ങൾ വീണ്ടും വില്ലനായി ജീവിതത്തിലേക്ക് കടന്ന് വന്നു കൊണ്ടേയിരുന്നു.തൈറോയ്ഡ്, പി.സി.ഓ.ഡി,ഡയബറ്റിസ്,ഹൃദയ ഭിത്തിയിൽ ഉണ്ടായിരുന്ന ഒരു വിടവ്,ആ വിടവ് അടയ്ക്കൽ,അതിന് ശേഷം ഉണ്ടായ കോംപ്ലിക്കേഷൻസ് അങ്ങനെ
മാനസികമായും ശാരീരികമായും നിരവധി വേദനകൾ അനുഭവിക്കേണ്ടി വന്നതിന് ശേഷമാണ് ഒരു കുഞ്ഞ് എന്ന സ്വപ്നം ഞങ്ങളുടെ ജീവിതത്തിൽ യാഥാർഥ്യമായത്.

കല്യാണം കഴിഞ്ഞ് നാല് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് തന്നെ ഉണ്ടായിരുന്നു.
ഞാൻ പ്രവാസത്തിലേക്ക് കടന്നപ്പോളാണ് ഞങ്ങൾക്ക് ആദ്യമായി പിരിഞ്ഞു നിൽക്കേണ്ടി വന്നത്.

കല്യാണം കഴിഞ്ഞ് പൊന്നുവിന് തന്റെ ജീവിതത്തിൽ എല്ലാം ഞാൻ മാത്രമായിരുന്നു.വീട്ടുകാരെക്കാളും, കൂട്ടുകാരെക്കാളും പൊന്നു എന്നെ
കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.
ആരുടെയും ജീവിതത്തിൽ ഇതൊക്കെ സ്വാഭാവികമാണെങ്കിലും,
ഒരു ചെറിയ ആശങ്ക എന്നെ എപ്പോഴും
വല്ലാതെ അലട്ടികൊണ്ടിരുന്നു.

പൊന്നുവിന്റെ ജീവിതം എന്നിൽ മാത്രം
ഒതുങ്ങി നിൽക്കുകയാണ്.ഒരു പോയിന്റ് എത്തി കഴിയുമ്പോൾ അത് എന്നെ മാത്രം ഡിപെൻഡ് ചെയ്ത് കൊണ്ടുള്ള ജീവിതമായി മാറും. ‘സ്വന്തം ജീവിതത്തിൽ എനിക്ക് വേണ്ടി ഞാൻ എന്ത് ചെയ്തു ?’ എന്നുള്ള ചോദ്യം പൊന്നുവിന് സ്വയം ചോദിക്കേണ്ടി വരുന്ന ഒരു കാലത്ത്,
അത് വലിയ ഒരു നിരാശയ്ക്ക് കാരണമായേക്കാം.

സാമ്പത്തികമായി ഒന്ന് പച്ച പിടിക്കാനായാണ് ഞാൻ ഒരു പ്രവാസി ആയതെങ്കിലും,
അത് അന്ന് അനിവാര്യമായിരുന്നു.

പ്രെഗ്നന്റ് ആയിരുന്ന സമയത്ത് പൊന്നുവിന് ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
കുഞ്ഞ് ആയി കഴിഞ്ഞപ്പോൾ
കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി
ദിവസങ്ങൾ മുന്നോട്ട് പോയി കൊണ്ടിരുന്നു.
ഡയബറ്റിസ്,അപ്പോഴേക്കും രണ്ട് നേരം ഇൻസുലിന്റെ രൂപത്തിൽ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരുന്നു.

കുഞ്ഞിന് ഒന്നരവയസ്സ് അയപ്പോളേക്കും
വീണ്ടും ജോലിക്ക് പോകണം,സ്വന്തമായി ജീവിതത്തിൽ എന്തെങ്കിലും നേടിയെടുക്കണം എന്നുള്ള ആഗ്രഹങ്ങളൊക്കെ പൊന്നുവിന് വന്ന് തുടങ്ങി.ഒരു സർക്കാർ ജോലി ആയിരുന്നു ലക്ഷ്യം.നല്ല കാര്യങ്ങൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ അസുഖങ്ങൾ വില്ലനായി ജീവിതത്തിലേക്ക് വീണ്ടും കടന്ന് വരുന്നത് പുതുമയുള്ള ഒരു കാര്യമായിരുന്നില്ല.

ഈ പ്രാവിശ്യം പൊന്നുവിന്റെ അച്ഛന്റെ അസുഖമാണ് ഞങ്ങളെ കൂടുതൽ മാനസിക സംഘർഷത്തിലാക്കിയത്.വായിൽ ഉണ്ടായ ക്യാൻസറിന് അച്ഛന് ഒരു സർജറി കഴിഞ്ഞതാണ്, പക്ഷേ ഇപ്പോൾ രോഗം കൂടുതൽ മൂർച്ഛിച്ചിരിക്കുന്നു.
കുഞ്ഞിന്റെ കാര്യങ്ങളും,അച്ഛന്റെ കാര്യങ്ങളും,സ്വന്തം ആരോഗ്യവും എല്ലാം
കൂടി ആയപ്പോൾ പൊന്നു വല്ലാതെ തളർന്നുപോയിരുന്നു.എങ്കിലും കിട്ടുന്ന
സമയം പഠിക്കാനായി ബാക്കി വെച്ചു.

AIIMS പ്രവേശന പരീക്ഷ ആദ്യമായി അറ്റൻഡ് ചെയ്തു.ലിസ്റ്റിൽ വന്നെങ്കിലും ജോലി കിട്ടാനുള്ള റാങ്ക് ഉണ്ടായിരുന്നില്ല.
എങ്കിലും അത് നൽകിയ ആത്മവിശ്വാസം,
അത് വളരെ വലുതായിരുന്നു.അടുത്ത ലക്ഷ്യം കേരള P. S. C ആയിരുന്നു.അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സ്വന്തമായി ചെയ്തു തുടങ്ങി.എന്നാൽ അച്ഛന്റെ അസുഖം അത് മനസ്സിനെ വീണ്ടും വല്ലാതെ തളർത്തി കൊണ്ടേയിരുന്നു.

മരണം ശരീരത്തെ തേടിയെത്തുന്നതിന് മുൻപ് തന്നെ മനസ്സ് കൊണ്ട് നൂറ് തവണ മരിച്ച് ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് ‘ക്യാൻസർ’. മനുഷ്യനെ ഇത്രയേറെ വേദനിപ്പിച്ച് ബുദ്ധിമുട്ടിച്ച് കഷ്ട്ടപ്പെടുത്തി കൊല്ലുന്ന ഒരസുഖം.രോഗിയെപോലെ തന്നെ അവരുടെ ദുരിതങ്ങളിൽ, വേദനയിൽ മാനസികമായി തളർന്ന് പോകുന്നവരാണ് അവർക്ക് പരിചരണം നൽകി കൂടെ നിൽക്കുന്നവരും.DHS exam ന് ഒരു മാസം മുൻപ് ആയിരുന്നു അച്ഛന്റെ മരണം.അച്ഛന്റെ മരണം പൊന്നുവിന് വലിയൊരു ആഘാതം ആയിരുന്നെങ്കിലും എക്സാം അറ്റൻഡ് ചെയ്തു.ആ മാസം തന്നെ നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി നടത്തുന്ന പരീക്ഷ കൂടി എഴുതിയിരുന്നു.

രണ്ട് മാസം കഴിഞ്ഞപ്പോൾ ഒരു പ്രൈമറി ഹെല്ത്ത് സെന്ററിലേക്ക് ടെംപററിയായി പൊന്നുവിന് ജോലി കിട്ടി.പൊഴിക്കര,
വർക്കലയ്ക്ക് അടുത്താണ് കിട്ടിയത്.ഇത്രയും ദൂരം പൊന്നു എങ്ങനെ പോകും, ഓച്ചിറയിൽ നിന്നും പൊഴിക്കര വരെ ഏകദേശം 44km ഉണ്ട്.

പണ്ട് മുതൽ ഒറ്റയ്ക്ക് എന്ത് കാര്യങ്ങളും ചെയ്യുന്നതിന് ചെറിയ പേടിയുള്ള പ്രകൃതമായിരുന്നു പൊന്നുവിന്റേത്.
എന്റെ കൂടെ കൂടിയതിന് ശേഷം എല്ലാ കാര്യങ്ങൾക്കും ഞാൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അത് കൂടുകയാണ് ചെയ്തത്.
പക്ഷെ, ഇപ്പോൾ ഞാൻ കൂടെ ഇല്ലല്ലോ.
ജീവിതത്തിൽ എന്തെങ്കിലും നേടണം
എന്നുള്ള വാശിയുമുണ്ട്.

എനിക്ക് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു
പൊന്നു ആ ജോലിയിൽ ജോയിൻ ചെയ്യുമെന്ന്,പോയാലും ആദ്യത്തെ മാസം കൊണ്ട് അത് നിർത്തും എന്നാണ് കരുതിയത്.എന്നാൽ പൊന്നു സ്വയംപര്യാപ്തതുടെ വഴികളിലൂടെ
സഞ്ചരിച്ചു തുടങ്ങി കഴിഞ്ഞിരുന്നു.

ട്രെയിനിൽ കയറാൻ ഇഷ്ട്ടമില്ലാത്ത
ആൾ രാവിലെ പോകുമ്പോൾ ട്രെയിനിലും,
വൈകിട്ട് രണ്ട് മണിക്കൂർ ബസിലും സഞ്ചരിച്ച് ജോലിക്ക് പോയി തുടങ്ങിയത് എന്നെ വല്ലാതെ അതിശയിപ്പിച്ച ഒന്നാണ്.

തൽക്കാലികമായി ജോലിയിൽ പ്രവേശിച്ചെങ്കിലും സർക്കാർ ജോലി
എന്നുള്ള ലക്ഷ്യം പൊന്നു ഉപേക്ഷിച്ചില്ല.
മെഡിക്കൽ കോളേജ് പ്രവേശന പരീക്ഷയായ DME തയ്യാറെടുപ്പുകൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ്സിൽ ജോയിൻ ചെയ്തു.
യാത്രാ ക്ഷീണവും, കുഞ്ഞിന്റെ കാര്യങ്ങളും നോക്കി കഴിഞ്ഞ് പഠിക്കാൻ സമയം കണ്ടെത്തുക എന്നുള്ളത് വലിയ വെല്ലുവിളിയായിരുന്നു.അതിനിടയ്ക്ക്
AIIMS exam വീണ്ടും വന്നു.

ഈ ചുരുങ്ങിയ കാലയളവിൽ പൊന്നു
മൂന്ന് പരീക്ഷകൾ എഴുതി കഴിഞ്ഞു.
DHS ന്റെ ലിസ്റ്റിൽ ഉണ്ട്,ജോലി കിട്ടാനുള്ള സാധ്യത അൻപത് ശതമാനം മാത്രം.
എന്നാൽ DME ക്ക് കുറച്ച് കൂടി നന്നായി
പെർഫോം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
അതിൽ പ്രതീക്ഷയുമുണ്ട്.
റിസൾട്ടിനായി കാത്തിരിക്കുന്നു.

ഞാൻ ഒരു ദിവസം പൊന്നുവിനോട്
ചോദിച്ചു…

“പൊന്നൂ, പൊന്നു ജീവിതത്തിൽ ഒരുപാട് കഷ്ട്ടപ്പാടുകളും,വേദനകളും സഹിച്ചിട്ടുണ്ട്.
പൊന്നു കടന്ന് പോയ മാനസികാവസ്ഥ അതുപോലെ എനിക്ക് പകർത്താൻ പറ്റില്ലെങ്കിലും,അതൊക്കെ ഞാൻ ഒന്ന് എഴുതാൻ ശ്രമിക്കട്ടെ.”

‘എന്തിനാ ചേട്ടാ നമ്മുടെ ജീവിതത്തിലെ കാര്യങ്ങൾ മറ്റുള്ളവരെ കൂടി അറിയിക്കുന്നത്’
എന്നായിരുന്നു പൊന്നുവിന്റെ മറുപടി.

“അത്,അങ്ങനെയല്ല പൊന്നു.
നമ്മുടെ ജീവിതവും അനുഭവങ്ങളും
മറ്റൊരാൾക്ക് പ്രചോദനം ആവുമെങ്കിൽ.
ആ പ്രചോദനം പലർക്കും അവരുടെ ജീവിതം കൂടുതൽ പ്രതീക്ഷയോടെ മുന്നോട്ട് നയിക്കാനുള്ള ഊർജ്ജം ആയിരിക്കും.

‘അങ്ങനെയെങ്കിൽ ചേട്ടൻ ഒരു കാര്യം ചെയ്യേ,ഞാൻ ജീവിതത്തിൽ എന്തെങ്കിലും സ്വന്തമായി എന്റെ പ്രയത്നം കൊണ്ട് നേടട്ടെ.
എന്നിട്ട് ചേട്ടൻ അതിനെ കുറിച്ച് എഴുതിയാൽ മതി.’

ഇന്ന് ആ ലക്ഷത്തിന്റെ മുന്നിൽ നിൽക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം.പൊന്നുവിന് AllMS ലേക്ക്
സെക്ഷൻ ആയിട്ടുണ്ട്.AIIMS നാഗ്പൂരിലേക്ക് അഡ്വൈസ് വന്നിട്ടുണ്ട്.സർട്ടിഫിക്കറ്റ് വേരിഫിക്കേഷനും കഴിഞ്ഞു.ജോലിക്ക് കയറിയതിന് ശേഷമേ ജോലി കിട്ടി എന്ന് ഉറപ്പിച്ച് പറയാൻ കഴിയുള്ളൂ എങ്കിലും,
എനിക്കിത് സന്തോഷത്തിന്റെ നിമിഷമാണ്.

ദാമ്പത്യ ജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും പരസ്പരം സപ്പോർട്ട് വളരെ ആവശ്യമുള്ള ഒരു ഘടകമാണ്.പക്ഷെ നമ്മൾ ഓരോരുത്തരും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഓരോ വ്യക്തികളായി വളരാൻ ശ്രമിക്കുകയും,
ചിന്തിക്കുകയും,പ്രയത്നിക്കുകയും ചെയ്യുമ്പോൾ മാത്രമേ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമുക്ക് കഴിയുകയുള്ളൂ.

എല്ലാവർക്കും Advanced Women’s day
ആശംസകൾ.ലാൽ കിഷോർ

2 comments

Leave a Reply to binance registracija Cancel reply

Your email address will not be published. Required fields are marked *