രചന – ഡോ. വീനസ്
അതിരാവിലെനഗരത്തിലേക്കു പോകുന്ന പ്രൈവറ്റ് ബസ്സിൽ പുറകിൽ നിന്ന് മൂന്നാമത്തെ സീറ്റിൽ ഇരുപ്പുറപ്പിക്കുമ്പോഴും അനിരുദ്ധന് മനസ്സിൽ അമർഷം നുരയിടുകയായിരുന്നു. എത്ര വട്ടം പറഞ്ഞതാണ്. ഇന്ന് തൻ്റെ പിറന്നാളായിട്ട് പുതിയ ബ്രാൻഡഡ്ഷൂസ് വേണമെന്ന് .പക്ഷേ അമ്മയ്ക്കിന്നും പഴയ പല്ലവി തന്നെ, ‘അതിന് അച്ഛൻ്റെ കയ്യിൽ രൂപ വേണ്ടേ? ഇന്ന് വൈകിട്ടല്ലേ ജോലി സ്ഥലത്തു നിന്നു പണിക്കൂലി കിട്ടൂ. കഴിഞ്ഞ തവണ വാങ്ങിയ ഷൂസിന് വലിയ കുഴപ്പം ഒന്നുമില്ലല്ലോ?”
കഴിഞ്ഞ തവണ എന്നു പറയുമ്പോൾ അടുത്തിടെ വാങ്ങിയതാണെന്നു തോന്നും. പക്ഷേ വർഷം രണ്ടാകുന്നു. അതിനിടെ കോളേജിലെ തൻ്റെ കൂട്ടുകാർ എത്ര തവണയായി പുതിയതു വാങ്ങുന്നു.
” ഇന്നെന്താ നേരത്തേ ? സാധാരണ എട്ടു മണിയുടെ ട്രിപ്പിലാണല്ലോ കയറാറ്. ഇന്ന് ശനിയാഴ്ചയായിട്ടും ക്ലാസ്സുണ്ടോ?” – ബസ്സിലെ കണ്ടക്ടർ ചേട്ടനാണ്. താമസിക്കുന്ന കുഗ്രാമത്തിൽ നിന്ന് വിരലിലെണ്ണാവുന്ന ബസ്സുകൾ മാത്രമേയുള്ളു നഗരത്തിലേക്ക്. സ്ഥിരം കയറുന്നതു കൊണ്ട് ചിരപരിചിതരാണ് യാത്രക്കാർ എല്ലാവരും തന്നെ. അതാണീ കുശലം .
“ഇന്ന് എൻ.എസ്.എസ് ക്യാമ്പാണ്. നേരത്തേ കോളേജിലെത്തണം” അ ളന്നു മുറിച്ച വാക്കുകളിലുള്ള മറുപടിയിൽ ഗൗരവം കലർന്നതു കൊണ്ടാകാം ” എന്തു പറ്റി? മുഖത്തൊരു മ്ലാനത ?വീട്ടുകാരുമായി പിണങ്ങിയോ?”
ഉത്തരം പറയാതെ പുറത്തേക്ക് നോക്കിയിരിയ്ക്കുമ്പോഴും മനസ്സിൽ ഓർമ്മകളുടെ കുത്തൊഴുക്ക്. ഇന്ന് അവധിയായിരുന്നെങ്കിലും കുഴപ്പമില്ലായി രുന്നു. പക്ഷേ അതിനു പകരം ആദിവാസി കോളനിയിലെ ക്യാമ്പിലേയ്ക്കാണ് യാത്ര. ഫേസ്ബുക്കിൽ ജന്മദിനം കുറിച്ചു ചേർത്ത നിമിഷത്തെ മനസ്സിൽ പഴിച്ചു. അല്ലെങ്കിൽ പിറന്നാളാണെന്ന് ആരും അറിയില്ലായിരുന്നു. തമ്മിൽ കാണുമ്പോൾ ജന്മദിനാഘോഷ ത്തിൻ്റെ പേരിൽ അതിൻ്റെ ചെലവിന്നായി ബാഗ് തട്ടിപ്പറിയ്ക്കുന്ന കൂട്ടുകാരുടെ കയ്യിൽ കിട്ടുക രാവിലെ കോളേജിലേക്ക് ഭക്ഷണം കഴിക്കാതെ തിരക്കിട്ടിറങ്ങിയതിനാൽ , യാത്ര തിരിച്ചപ്പോൾ കോളേജിൽ എത്തിയിട്ടു കഴിയ്ക്കാൻ അമ്മ തന്ന പ്രഭാത ഭക്ഷണം. പതിവുപോലെ കപ്പ മുളകിട്ടു പുഴുങ്ങിയതാകും. മിഠായി കിട്ടാതെ, അതു കാണിച്ചു പരിഹാസച്ചിരി ചിരിക്കുന്ന കൂട്ടുകാരെക്കുറിച്ചോർത്തു തല പെരുക്കുന്നു. അതെടുത്ത് പുറത്തേയ്ക്ക് എറിഞ്ഞു കളഞ്ഞാലോ?
“എന്താ ഇറങ്ങണില്ലേ അനിരുദ്ധാ, കോളേജെത്തി.”
തിരക്കിട്ട് ചാടിയിറങ്ങുമ്പോൾ വീട്ടുകാരോടുള്ള ദേഷ്യംവീണ്ടും ഇരട്ടിച്ചു .ഒരു പഴഞ്ചൻ പേര് .ഇട്ടേക്കണ കണ്ടില്ലേ അനിരുദ്ധൻ!
കോളേജിനു മുന്നിൽ പുറപ്പെടാൻ പാകത്തിനു തയ്യാറായി നിൽക്കുന്ന കോളേജ് ബസ്സ്.ക്യാമ്പിന് അവശ്യമായ സാധനങ്ങൾ എടുത്തു വയ്ക്കുന്ന തിരക്കിലായതുകൊണ്ടാകാം തല്ക്കാലം രക്ഷപ്പെട്ടു. ആരും പിറന്നാളിനെക്കുറിച്ച് ചോദിച്ചില്ല.പോക്കറ്റിലെ, പണ്ടെങ്ങോ താഴെ വീണുചിന്നൽ വീണ പഴയ തരം മൊബെലിലെ ഗാനശകലം ശബ്ദമുയർത്തി.എടുത്തു നോക്കി, ആരാണ് തന്നെയിപ്പോൾ വിളിയ്ക്കാൻ! ഒട്ടും പരിചിതമല്ലാത്ത നമ്പർ .
“ഹലോ !ആരാ? “
“ചേട്ടാ, ഞാനാണ് രഞ്ജിനി. ഏട്ടൻ്റെ അനിയത്തിക്കുട്ടി “
“നിനക്കെന്തു വേണം?” – പല്ലിറുമ്മി മുരണ്ടു.
തൻ്റെ ശബ്ദം കേട്ടിട്ടാകണം” അയ്യോ ചേട്ടാ, കട്ട് ചെയ്യല്ലേ. ഒരു കാര്യം പറഞ്ഞോട്ടെ!”
” ഉം… വേഗം “
”ഞാൻ എൻ്റെ കൂട്ടുകാരി അശ്വതീടെ ഫോണിൽ നിന്നാ വിളിയ്ക്കണത്. എനിയ്ക്ക് ഫോണില്ലാന്നറിയാലോ? ഇന്ന് എനിയ്ക്ക്സ്പെഷ്യൽ ക്ലാസ്സുളളത് നന്നായി. അല്ലെങ്കിൽ എങ്ങനെ വിളിയ്ക്കാനാണ്.?ഏട്ടൻ ക്യാമ്പ് സ്ഥലത്തെത്തിയാൽ പിന്നെ റേഞ്ച് ഉണ്ടാവില്ലല്ലോ? രാവിലെ ദേഷ്യത്തിൽ ചാടിത്തുള്ളി പോകുമ്പോൾ പറയാനും പറ്റിയില്ല.അതാ അശ്വതീനെ കണ്ടയുടൻ തന്നെ ഏട്ടനെവിളിച്ചത് “
“നീ നീട്ടാതെ കാര്യം പറയ്”
” അതേയ്, അമ്മ ഏട്ടൻ്റെ ബാഗിൽ വച്ച പൊതിയിൽ കപ്പയല്ല. അത് ഞങ്ങൾ തിന്നു, രാവിലെ ചായയ്ക്ക്’. ഏട്ടന് കൂട്ടുകാരുടെ അടുത്തു വച്ചു പൊതിയഴിക്കുമ്പോൾ നാണക്കേടാകേണ്ടന്നും പറഞ്ഞ് അച്ഛൻ ഇന്നലെ പണി കഴിഞ്ഞു വന്നപ്പോൾ കൊണ്ടുവന്ന ബ്രഡും ജാമുമാണ് പൊതിയിൽ. കാദറിക്കയുടെ കടയിൽ നിന്നു വാങ്ങിയ കാഡ് ബറീസും ബാഗിൽ വച്ചിട്ടുണ്ട്. പിന്നെ എട്ടൻ തിരിച്ചു വരുമ്പോൾ ഇക്കയുടെ കടയോടു ചേർന്ന അവരുടെപുതിയ കടയിൽ നിന്ന് പുതിയ ഷൂ വാങ്ങിക്കോളാൻ പറഞ്ഞു. പണി കഴിഞ്ഞു വരുമ്പോൾ അച്ഛൻ രൂപ കൊടുത്തോളാമെന്ന്. തികയാത്ത രൂപ മണിച്ചേട്ടൻ തരാമെന്നു പറഞ്ഞിട്ടുണ്ടെന്ന്. പാവം അച്ഛൻ! ഇനി അച്ഛനോടുമമ്മയോടുംപിണങ്ങല്ലേ, ദൈവം ക്ഷമിക്കില്ല.”
തിരിച്ചൊരു വാക്കും പറയും മുൻപ് ഫോൺ കട്ടായി .ബസ്സിൽ അടിച്ചു പൊളിച്ചു പാട്ടു പാടുന്ന കൂട്ടുകാർ.പതിവുപോലെ ഇത്തവണയും ക്യാമ്പിലേയ്ക്കുള്ള യാത്ര ഉല്ലാസയാത്ര പോലെയാണ്.ഒന്നിലും കൂടാൻ തോന്നിയില്ല. അനിയത്തിയുടെ വാക്കുകൾ ചെവിയിൽ അലയടിയ്ക്കുന്നതുപോലെ. അതല്ലെങ്കിലും അവൾ അങ്ങനെയാണ്. അമ്മ പറയും പോലെ തന്നെക്കാൾ മുതിർന്നയാളെപ്പോലെ പക്വതയോടെയാണ് പെരുമാറ്റം. ഇന്നലെ രാത്രി അവൾ എന്തെല്ലാമാണ് പറഞ്ഞത്?.കഴിഞ്ഞ ഒരാഴ്ചയായി ചെറിയൊരു സമരത്തിലായിരുന്നു താൻ വീട്ടിന്നകത്ത്. വിഷയം പിറന്നാൾ തന്നെ.കോളേജിൽ പോകണമെങ്കിൽ പുതിയ ഷർട്ടും ബ്രാൻഡഡ് ഷൂവും കിട്ടണമെന്ന വാശി.പല രാത്രികളിലും പിണക്കവും വാശിയും കൂടുതൽ കൂടുതൽ ശക്തിയാർജിക്കവേ, അവസാന ശ്രമമെന്നോണം അത്താഴപ്പട്ടിണി കിടക്കാനായിരുന്നു തൻ്റെ തീരുമാനം.പലവട്ടം വീട്ടിലെ ബുദ്ധിമുട്ടുകളെപ്പറ്റി സൂചിപ്പിച്ചു കൊണ്ട് അമ്മ ഊണിനു വിളിയ്ക്കാൻ വന്നു. വാശിയുടെ മൂർദ്ധന്യത്തിൽ താനും നിന്നു , അണുവിട വിട്ടുകൊടുക്കാതെ .
“ഏട്ടന് എന്നെക്കാൾ നാലുവയസ്സു കൂടുതലുണ്ട് .പക്ഷേ പെരുമാറ്റം കണ്ടാൽ പത്തു വയസ്സ് ഇളപ്പമാണെന്നേ തോന്നൂ, അത്ര വാശിയാണ് കുട്ടികളെപ്പോലെ. വീട്ടിലെ സാഹചര്യമറിഞ്ഞു പെരുമാറാനുമറിയില്ല. ഒരു പിറന്നാളിന് സമ്മാനമില്ലെന്ന് വന്നാൽ എന്തു സംഭവിക്കാൻ! കേവലം രണ്ടു വർഷം മാത്രം പഴക്കമുള്ള ,അതും ഏറെ ഉപയോഗിച്ചിട്ടില്ലാത്ത ഷൂമാറ്റണമെന്ന് പറയുമ്പോൾ ചേട്ടൻ പാവമച്ഛനെപ്പറ്റി ഓർമ്മിച്ചോ? അച്ഛൻ്റെ പഴകിത്തേഞ്ഞു തീരാറായറബ്ബർചെരുപ്പിനെക്കുറിച്ച്. ഇതെല്ലാം ആരോടു പറയാൻ!”തൻ്റെ വാശി കണ്ട്, തൻ്റെ അടുക്കൽ നിന്ന് അടുക്കളയിലേക്ക് പോകും മുൻപ് അവൾ പറഞ്ഞതാണിത്രയും. എന്നിട്ടുംതാനെന്തേ ഇങ്ങനെ പിടിവാശിക്കാരനായത്?
ബസ്സിലെ മൈക്കിലൂടെ കരോക്കെ ഗാനങ്ങളൊഴുകുന്നു .ഗാനത്തിൻ്റെ ചുവടുപിടിച്ച് നൃത്തവും.
“നീയെന്താ സീറ്റിൽ പതുങ്ങിയിരിയ്ക്കുന്നത്. ? ഇങ്ങോട്ടു വന്നൊരു നാടൻ പാട്ടുപാട് ”
“പിന്നെയാകട്ടെ! ഒരു തലവേദന “
” അതു ഞങ്ങൾ മാറ്റിക്കൊള്ളാം, ബർത്ത് ഡേ ബേബിയുടെ കള്ളത്തല വേദന “
കേട്ടില്ലെന്നു നടിച്ചു മിണ്ടാതിരിയ്ക്കുമ്പോഴും മനസ്സിൽ ആകെ ഒരു അസ്വസ്ഥത.
” ശ്രദ്ധിക്കൂ ഒരൗൺസ്മെൻറ്. ഇനി എല്ലാവരും ചേർന്നുള്ള ആശംസ., ഇന്നത്തെ പിറന്നാളുകാർക്ക്. നമ്മുടെ ക്ലാസ്സിലെ നാടൻപാട്ടുകാരൻ അനിരുദ്ധനും,
ക്ലാസ്സിലെ പഠനത്തിൽ ഒന്നാം സ്ഥാനക്കാരനും നഗരത്തിലെ പ്രശസ്തമായ ആശുപത്രിയുടെ ഉടമകളായ ഡോക്ടർ ദമ്പതികളുടെ മകനുമായ ആദർശ്നും.”
അപ്പോൾ ഇന്നന്നെ കാര്യം ശരിയായി. ആദർശിൻ്റെപിറന്നാൾ ആഘോഷത്തിൻ്റെ പൂരം കണ്ടു തന്നെയറിയണം. സമൃദ്ധിയുടെ ,ധനത്തിൻ്റെ കൂമ്പാരത്തിനിടയിലേയ്ക്കാണ് അവൻപിറന്നു വീണതു തന്നെ. വായിൽ സ്വർണ്ണക്കരണ്ടിയുമായി. അതിനിടെ തൻ്റെ പിറന്നാളിൻ്റെ ചോക്കലേറ്റ്. അതൃപ്തിയോടെ ബാഗിൻ്റെ മൂലയിലേക്ക് നാണക്കേടോർത്ത് മിഠായി പാക്കറ്റ് തളളി വയ്ക്കുമ്പോൾ ഓർത്തു – അവർ ചോദിയ്ക്കുമ്പോൾ എടുക്കാൻ മറന്നെന്നു പറയാം.
ക്യാമ്പിനിടയ്ക്ക് ഓടി നടന്നു ക്ഷീണിച്ച് എല്ലാവരും ഉച്ചഭക്ഷണത്തിനിരിയ്ക്കുമ്പോൾ, കോളേജ് ബസ്സിൽ ക്യാമ്പിലേക്ക്കൊണ്ടുവന്ന ബിരിയാണി പ്ലേറ്റിലാക്കുന്ന തിരക്കിലായിരുന്നു കൂട്ടുകാർ. അതിൽ പങ്കു ചേരാതെ ബാഗിൽ നിന്ന് പൊതിയഴിച്ച് ഉണ്ണാനിരിയ്ക്കുന്ന ആദർശിൻ്റെ പൊതിയിലേക്ക് നോക്കി. “എന്താ സ്പെഷ്യൽ ?”
”ഒന്നും സ്പെഷ്യലില്ല. അമ്മയുടെ കയ്യ് കൊണ്ടുണ്ടാക്കിയ ചോറും, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും പിക്കിളും.സാധാരണ ഞാനുമമ്മയും ഒരുമിച്ചാണുണ്ണാറ് പിറന്നാളിന് .ഇന്നതു പറ്റില്ലല്ലോ. പക്ഷേ അമ്മയുടെ മനസ്സും സ്നേഹവും എന്നോടൊപ്പമുണ്ട്.”
ക്യാമ്പ് വീണ്ടും നീണ്ടു. അവസാനം അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ ബസ്സിൽ നിന്ന് തൻ്റെ വലിയ ട്രാവൽ ബാഗ് പുറത്തെടുക്കുന്ന ആദർശ് .ബാഗ് സാറിനെ ഏൽപ്പിയ്ക്കുമ്പോൾ അവൻ പറഞ്ഞു ” പിറന്നാളിന് പുതിയ ഫോൺ വാങ്ങിക്കൊള്ളാൻ അച്ഛൻ പറഞ്ഞതാണ്. ആവശ്യമുള്ള രൂപയും എടുത്തു കൊള്ളാൻ പറഞ്ഞു. പക്ഷേ എൻ്റെ മനസ്സു കണ്ടതമ്മയാണ്. പിറന്നാൾ സമ്മാനമായി ഇവിടെ ഇവർക്ക് നൽകാനുള്ള പുതപ്പുകളാണ് എൻ്റെ അമ്മ ഈ ബാഗിൽ തന്നയച്ചത്. അവരുടെ വറുതി നിറഞ്ഞ ജീവിതത്തിനിടെ ഒരു ചിരി പകരാൻ എനിയ്ക്കായാലോ? ഇരുപക്ഷേ ഇതായിരിയ്ക്കും എൻ്റെ ഏറ്റവും നല്ല പിറന്നാൾ;പിറന്നാൾ സമ്മാനവും “
ക്യാമ്പിൽ നിന്ന് തിരിച്ച് കോളേജിലേക്ക് മടങ്ങുമ്പോഴും വീട്ടിലേയ്ക്കുള്ള ബസ്സിലിരിയ്ക്കുമ്പോഴും മടിയിൽ വച്ച ബാഗിനുള്ളിലെ ചോക്കലേറ്റിൻ്റെ പൊതി കയ്യിൽ കുത്തിനോവിക്കും പോലെ. അച്ഛൻ്റെ,…. വീട്ടിലുള്ളവരുടെ ബുദ്ധിമുട്ടറിയാതെ സ്വന്തം കാര്യം നേടാൻ മാത്രം വാശി പിടിക്കുന്ന തന്നോടു തന്നെ അവജ്ഞതോന്നി.
കാദറിക്കയുടെ കടയുടെ മുന്നിലെത്തുമ്പോൾ ഇക്കയുടെ ശബ്ദമുയർന്നു.” പിറന്നാളുകാരൻ തിരിച്ചെത്തിയോ? ഏറ്റവും മുന്തിയ പുതിയ തരം ഷൂസു തന്നെ എടുത്തോളാൻ അച്ഛൻ പറഞ്ഞേല്പിച്ചിട്ടുണ്ട്. പുതിയരീതിയൊന്നും വശമില്ലാത്തതു കൊണ്ട് മോനോടു തന്നെ തെരഞ്ഞെടുക്കാൻ പറഞ്ഞു.പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട് കടയിൽ .പിന്നെഇന്ന് നേരത്തേ വീട്ടിൽ എത്തിയിട്ടുണ്ട് അച്ഛൻ. പുതിയ ഷൂ കൊണ്ടുപോയി കാണിക്ക്”
കടയിൽ കയറി
ഒരു നിമിഷം ഇക്കയുടെ പണപ്പെട്ടിയ്ക്കരികിൽ പരുങ്ങി നിന്നു. ബാഗ് തുറന്ന് ചോക്കലേറ്റിൻ്റെ പാക്കറ്റ് മേശപ്പുറത്തു വച്ചു. “ഇക്കാ ഞാൻ ഈ പാക്കറ്റ്പൊട്ടിച്ചിട്ടില്ല. ഇത് തിരിച്ചെടുത്ത് പകരം ഒരു ജോടി ചെരുപ്പു തന്നാൽ മതി. എനിയ്ക്കല്ല. അച്ഛന് ”
വീട്ടിൻ്റെ മുറ്റത്തെ മങ്ങിയ വെളിച്ചത്തിൽ ചവിട്ടുകല്ലിനരികെ അച്ഛൻ കഴുകിയുണക്കാൻ വച്ച ,പഴകിത്തേഞ്ഞ് ദ്വാരം വീണു തുടങ്ങിയ ചെരുപ്പിൻ്റെ സ്ഥാനത്ത് കടയിൽ നിന്ന് അച്ഛനു വേണ്ടി വാങ്ങിയ പുതിയതൊന്നു പകരം വച്ച് അകത്തേയ്ക്ക് നടക്കുമ്പോൾ, മനസ്സിലെ പിണക്കം അലിഞ്ഞലിഞ്ഞു തീർന്ന് പുതിയൊരാളായ പോലെ. ആദർശ് പറഞ്ഞ പോലെ ഇതല്ലേ തൻ്റെ ഏറ്റവും നല്ല പിറന്നാൾ!
ഡോ. വീനസ്
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.bh/register/person?ref=IXBIAFVY
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.com/register?ref=JW3W4Y3A