പിണക്കം

“ശ്രീയേട്ടാ..” ഹാളിൽ TV കണ്ട് സോഫയിൽ കിടക്കുംബൊഴാണ് അവളുടെ ശബ്ദം കേട്ടത്. ഉടൽ സോഫയിലാണെങ്കിലും എന്റെ തല അവളുടെ മടിയിൽ തന്നെ ആയിരുന്നു. എന്റെ ശ്രദ്ധ ടി വി യിൽ ആയത് കൊണ്ട് തന്നെ ഞാൻ “ഉം” എന്നൊരു മൂളലിൽ വിളികേട്ടു. അതിൽ അവൾ തൃപ്തിപ്പെട്ടില്ല അതുകൊണ്ട് തന്നെ അവൾ വീണ്ടും എന്നെ തട്ടികൊണ്ട് “ശ്രീയേട്ടാ” എന്നു വിളിച്ചു.

“എന്താ?” ഞാൻ ടി വി യിൽ നിന്നും കണ്ണെടുക്കാതെ തന്നെ ചോദിച്ചു.

‌ ” ഈ പ്രേമിച്ചതിനു ശേഷം കല്യാണം കഴിക്കുന്നതാണോ കല്യാണം കഴിഞ്ഞതിനു ശേഷം പ്രേമിക്കുന്നതാണോ നല്ലത്?” അവളുടെ ചോദ്യം അതായിരുന്നു.

“എങ്ങനെ ആയാലും സ്നേഹം ഉണ്ടായാൽ മതി” ഒരു നിമിഷം ആലോചിച്ചതിനു ശേഷം ഞാനവളോട് പറഞ്ഞു.

“എന്നു വെച്ചാൽ?” അവൾ വീണ്ടും ചോദിച്ചു.

“എന്നു വെച്ചാൽ അതുതന്നെ” ഇങ്ങനുള്ള ചോദ്യങ്ങൾക്ക് ഞാൻ വേറെ എന്താണ് മറുപടി നൽകേണ്ടത് എന്ന് ആലോചിച്ചു കൊണ്ട് ഞാൻ ടി വി യിലേക്ക് തന്നെ നോക്കി.

“എന്നാലും പറ” അവളുടെ കൈവിരലുകൾ എന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു കൊണ്ടിരുന്നു. കല്യാണോം കഴിഞ്ഞ് ഒന്നാം ക്ലാസിൽ പഠിക്കുന്ന മോളും ഉണ്ട്. എന്നിട്ട് ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കുന്നത്!

“എനിക്ക് നിന്നോട് സ്നേഹം ഇല്ലേ?” അവൾക്ക് മറുപടി പറയാൻ വേണ്ടി ഞാൻ എന്റെ സ്നേഹത്തെ കുറിച്ച് അവളുടെ അഭിപ്രായം ചോദിച്ചു.

“എന്നോട് എവിടെ സ്നേഹം?” അവൾ പറഞ്ഞു. അല്ലേലും ഒരിക്കലും അവൾ എന്റെ സ്നേഹം അംഗീകരിക്കാറില്ല. അവൾ എന്നെ സ്നേഹിക്കുന്നതിനു മാത്രമേ കണക്കുണ്ടാവാറുള്ളൂ. അതോടെ ഞാൻ മിണ്ടാതെ ടി വി യിൽ തന്നെ നോക്കി കിടന്നു. എന്റെ മറുപടി പ്രതീക്ഷിച്ച് കൊറേ നേരം അവൾ അവിടെ തന്നെ ഇരുന്നു. ഒടുവിൽ ക്ഷമകെട്ട് അവൾ വീണ്ടും എന്നെ പിടിച്ചുകുലുക്കി കൊണ്ട് “ശ്രീയേട്ടാ” എന്നു വിളിച്ചു.

“നീ ഒന്നു മിണ്ടാതിരുന്നേ” ഉള്ളിലുള്ള ദേഷ്യം മുഴുവൻ അതിലുണ്ടായിരുന്നു. പെട്ടെന്ന് എന്റെ ശബ്ദമുയർന്നതോടെ അവൾ ഒന്നു ഞെട്ടിപ്പോയി.

“ഇതെന്ത് സാധനാ. പോ” അവൾ എന്റെ മേലെ നിന്നും കൈ എടുത്തു ടി വിയിലേക്ക് മാത്രം ആയി നോക്കി പിണങ്ങിയിരുന്നു. കുറച്ചു നേരം എനിക്കും അവൾക്കുമിടയിൽ മൗനം മാത്രമായി ബാക്കി. ഞാനും അങ്ങനെ തന്നെ കിടന്നു.

” അഭി” കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ ഒന്നു വിളിച്ചു നോക്കിയെങ്കിലും അവളുടെ മുഖത്ത് ഗൗരവം തന്നെ. എന്തോ വല്യ കാര്യം എന്ന നിലയ്ക്കാണ് ടി വി യിലേക്കുള്ള അവളുടെ നോട്ടം. അതോടെ ഞാൻ എന്റെ കൈ ഉയർത്തി അവൾക്ക് ടി വി കാണാൻ പറ്റാത്ത വിധം എന്റെ കൈ മുന്നിൽ വെച്ചു. അവൾ നോട്ടം മാറ്റുകയോ എന്റെ കൈ തട്ടി മാറ്റുകയോ ചെയ്തതേ ഇല്ല. പിണക്കം കുറച്ച് ഗുരുതരമാണ് എന്ന് എനിക്കു തോന്നി. മുഖം ഒക്കെ വണ്ണം വെച്ചിരിക്കുന്നു. എന്റെ വിരൽ അവളുടെ താടിതുംബിൽ ഒന്നു തട്ടി നോക്കുകയും മുഖം പിടിച്ചു എനിക്കു നേരെ തിരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും അവളുടെ ഭാവം ഒരു മാറ്റവും ഇല്ല. അതോടെ ഞാൻ കൈപിൻവലിച്ചു. അതിനിടെ എന്റെ ഫോണിലേക്ക് ചില കോൾസ് വരികയും ഞാൻ ഇടയ്ക്ക് എണീറ്റു പുറത്ത് പോവുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. ഇടയ്ക്ക് അവളെ നോക്കുംബോഴൊക്കെയും മുഖത്ത് ഗൗരവം തന്നെ.

“നിന്റെച്ഛനോട് കട്ടൻ ചായ വേണേൽ വന്നെടുത്ത് കുടിച്ചോളാൻ പറ” കോൾ അവസാനിപ്പിച്ച് ഉമ്മറത്ത് ഇരിക്കുന്നതിനിടയിൽ അകത്തു നിന്നും അവളുടെ ഉറക്കെയുള്ള ശബ്ദം കേട്ട് എനിക്ക് ചിരിയാണ് വന്നത്. മോളോടാണ് പറയുന്നത്. പറഞ്ഞ് കഴിഞ്ഞ് ഇത്തിരി കഴിയുംബോഴേക്കും ചായ ഗ്ലാസുമായി ഒരു കുഞ്ഞിക്കൈ എന്റെ മുന്നിലെത്തി.

കാലിയായ ഗ്ലാസ് ഹാളിൽ വെക്കുംബോഴും ഞാനവളെ നോക്കി. ഇപ്പൊഴും ടി വി യിൽ തന്നെയാണ് കണ്ണ്. എന്നെ നോക്കുന്നതേ ഉണ്ടായില്ല. ഇരുത്തം നേരത്തേത് പോലെ സോഫയിലാണെങ്കിലും മടിയിൽ ഒരു തലയിണയുണ്ട്. ഞാൻ നേരത്തേത് പോലെ സോഫായിലേക്ക് കിടന്നെങ്കിലും അവൾ തലയിണ മടിയിൽ നിന്നും മാറ്റിയില്ല. ഒടുവിൽ ഇത്തിരി ബലം പ്രയോഗിച്ച് തന്നെ ഞാനത് മാറ്റി പഴയത് പോലെ അവളുടെ മടിയിലേക്ക് എന്റെ തല വെച്ചു.

“തല എടുത്തുമാറ്റ് എനിക്ക് പോയിട്ട് അടുക്കളേൽ പണി ഉണ്ട്” എന്നെ പിടിച്ച് തള്ളി ദേഷ്യപ്പെട്ടുകൊണ്ട് അവൾ പറഞ്ഞു.

“എന്ത് പണി?”

“അതെന്തിനാ നിങ്ങളറിയുന്നേ” അവൾക്ക് അപ്പോഴും ദേഷ്യം ! ഞാനത് അത്ര കാര്യമാക്കിയില്ല അതോടെ അവൾ എന്നെ കൈകൊണ്ട് തള്ളിയിടാനൊരുങ്ങി. കൈ ബലമായി പിടിച്ചു വെച്ച് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഇനി എന്ത്? കൈ വേദനിച്ചു കാണണം അവളുടെ എതിർപ്പ് പതുക്കെ ഇല്ലാതായി. ഞാനും കൈവിട്ടു.

എന്റെ ശ്വാസം വയറിൽ വീഴുന്നതും ചുണ്ടവിടെ അമർന്നതും അവളറിയുന്നുണ്ടായിരിക്കണം. ഇത്തിരി കഴിഞ്ഞപ്പോൾ അവളുടെ ചോദ്യം വന്നു.

“എന്താ മോന്റെ ഉദ്ദേശം?” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. അതിനു മറുപടി പറയുന്നതിനു പകരം ഞാൻ ഒന്നു പതുക്കെ കണ്ണടയ്ക്കുകയാണ് ചെയ്തത്. എന്റെ മുഖത്തെ ചിരിയിലായിരുന്നു അവളുടെ ശ്രദ്ധ.

“വെറുതേ”കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ ഒരു ചിരിയോടെ അവളെ നോക്കി പറഞ്ഞു. കൂടെ “എനിക്കൊന്നും ഇല്ലേ?” എന്നൊരു ചോദ്യം ചോദിക്കാനും ഞാൻ മറന്നില്ല..

“എന്ത്?” കാര്യം മനസിലായെങ്കിലും അഭി ചിരിച്ചു കൊണ്ട് എന്നെ നോക്കി. എന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ചിരി ആസ്വദിക്കുകയായിരുന്നു അവൾ എന്ന് തോന്നി. കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന മൗനം !, പെട്ടെന്നായിരുന്നു അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിലമർന്നത്. ഒന്നല്ല രണ്ടു തവണ! ഞാൻ ചിരിക്കുന്നത് കണ്ടതോടെ എന്റെ ചുണ്ടിൽ അവൾ വിരൽ വെച്ചു “ശൂ” എന്ന് കാണിച്ചു.

“ഇപ്പൊ എനിക്കു സ്നേഹം ഉണ്ടോ?” ഞാൻ അവളുടെ കൈ എടുത്ത് മാറ്റിക്കൊണ്ട് വെറുതേ അവളോട് ചോദിച്ചു. അവൾ പറയാൻ പോകുന്ന മറുപടിയും എനിക്കറിയാരുന്നു.. “ആ കുറച്ച് സ്നേഹം ഉണ്ട്”! അതെന്താണാവോ എന്റെ സ്നേഹം കുറവും അവളുടേത് കൂടുതലും ?

കുഞ്ഞ് പിണക്കവും വല്യ ഇണക്കങ്ങളും ആയി ഒരു ജീവിതം. !

മണ്ടശിരോമണി

2 comments

Leave a Reply to mitolyn official Cancel reply

Your email address will not be published. Required fields are marked *