പണി വരുന്ന വഴി

ഡെലിവറി ബോയ് ഒരിക്കലും ഫ്രീ ആകാത്ത ആ സൂപ്പർമാർകറ്റിൽ നിന്നും രണ്ടു കയ്യിലും താങ്ങാവുന്നതിലും അധികം ഭാരവുമായി അവൾ നടന്നു വരുമ്പോളാണ് ഞാൻ ആദ്യമായി കാണുന്നത്.

തൊട്ടു പുറകിൽ ഒരു രണ്ടു വയസ്സുകാരി കരഞ്ഞുകൊണ്ട് അവളെ പിന്തുടർന്നിരുന്നു.

കാണാൻ സൗന്ദര്യമുള്ള ഏതൊരു പെണ്ണിനെ കണ്ടാലും മനസ്സ് ലോലമാകുക എന്റെ ഒരു വീക്നെസ് ആയതിനാൽ പ്രസ്തുത സുന്ദരിയെ നോക്കി നിൽക്കുന്നതിൽ എനിക്കു ലവലേശം ജാള്യത തോന്നിയില്ല.

പിന്നെ..ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ.

എന്റെ പേര് വിനയൻ.

ഭാര്യ മീര.

മുൻപൊരിക്കൽ ആൽത്തറ വസന്തിയുടെ പെരും പറഞ്ഞു മീരയുമായി ഉണ്ടായ പുകില് നിങ്ങൾ മറന്നിട്ടില്ലെന്നു കരുതുന്നു.

വൈകിട്ട് ഓഫിസിൽ നിന്നിറങ്ങിയപ്പോൾ രാമേട്ടനും കൂടെയുണ്ടായിരുന്നു.പുള്ളിക്കാരന് സൂപ്പർ മാർക്കറ്റിൽ നിന്നും എന്തോ വാങ്ങാനുണ്ടെന്നു പറഞ്ഞു. പുള്ളി അകത്തുകയറിയ തക്കത്തിൽ ചോര കുടിക്കുവാൻ കിട്ടിയ ഒരവസരവും പാഴാക്കേണ്ട എന്നു കരുതി ഞാൻ വാതിൽക്കൽ നിന്നതാണ് .

എന്റെ സമീപമെത്തിയപ്പോഴേക്കും ആകുഞ്ഞിന്റെ കരച്ചിൽ ഉച്ചസ്ഥായിയിൽ എത്തിയതിനാൽ അവൾ തന്റെ കയ്യിലെ സഞ്ചികൾ താഴെ വച്ചശേഷം കുഞ്ഞിനെ എടുത്തു.

എന്തായാലും ഷൈൻ ചെയ്യാൻ ഒരു ചാൻസ് കിട്ടിയ സന്തോഷത്തിൽ ഞാൻ വെറുതെ ഒരു ചൂണ്ടയെറിഞ്ഞു.

“മാഡം മേ ഐ ഹെല്പ് യൂ”

മറ്റുള്ളവരുടെ മുന്നിൽ വച്ചു ഒരു സുന്ദരിയെ സഹായിക്കാൻ ശ്രമിക്കുക.
ഒന്നാളാകുക.അതില്പരം യാതൊരു സ്വാർത്ഥ താത്പര്യങ്ങളും ഈ പാവത്തിനുണ്ടായിരുന്നില്ല.

കുടുംബത്തിൽ പിറന്ന ഏതൊരുപെണ്ണും ഒരു പരിചയവും ഇല്ലാത്ത ഈയുള്ളവന്റെ അപേക്ഷ

“നോ താങ്ക്സ് “എന്നു പറഞ്ഞു തിരസ്കരിക്കും.അപ്പോൾ മറ്റുള്ളവരുടെ മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുക. ഇത്രയുമെ ഉദ്ദേശമുണ്ടായിരുന്നുള്ളൂ.

“എന്നാ ചേട്ടൻ ഈ കൊച്ചിനെയൊന്നു പിടിച്ചേ”

എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ അവൾ ആ കൊച്ചിനെ പൊക്കിയെടുത്ത് എന്റെ കയ്യിലേക്ക് വച്ചു തന്നു.

ജീവിതത്തിൽ ഇന്നുവരെ കൊച്ചു കുട്ടികളെ എടുത്തിട്ടില്ലാത്ത ഞാൻ ആ കൊച്ചിനെ കൈയേറ്റു.(ഞങ്ങൾക്ക് കുട്ടികൾ ആയിട്ടില്ല)

അവൾ സഞ്ചികളുമെടുത്തു പാർക്കിങ് ഏരിയായിലേക്കു നടന്നു
ഞാൻ കുട്ടിയേയു മെടുത്തു പിന്നാലെയും!!!

സഞ്ചി പിടിക്കുന്നത് പോലല്ല കൊച്ചിനെ പിടിക്കുന്നത്.

‘മീരയെങ്ങാനും അറിഞ്ഞാൽ’
എന്റെ ഭഗവാനെ എന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി.വീട്ടിൽ ചൊറിയും കുത്തിയിരിക്കുമ്പോഴാണ് മീരയെ അടുത്ത വീട്ടിലെ സുജചേച്ചി ഷോപ്പിങ്ങിനു കൂട്ടു വിളിച്ചത്.

കേൾക്കേണ്ട താമസം മീര ഒരുങ്ങിയിറങ്ങി.തനിക്കും അത്യാവശ്യം സാധനങ്ങൾ വാങ്ങാനുണ്ട്.

വിനയേട്ടനോട് പറഞ്ഞാൽ പുള്ളിക്കാരന് എന്നും തിരക്കാണ്. ഷോപ്പിംഗിനൊന്നും സമയമില്ല.

പാർക്കിങ് ഏരിയയിൽ ടൂ വീലർ വച്ച ശേഷം മീരയും സുജയും സൂപ്പർ മാർക്കറ്റിലേക്ക് നടക്കുകയായിരുന്നു.

അപ്പോഴാണ് സുജ ആ കാഴ്ച്ച മീരയെ കാണിച്ചു കൊടുത്ത്.

“അതു വിനയനല്ലേ”

മീര സൂക്ഷിച്ചു നോക്കി
ഒരു കൊച്ചിനെയുമെടുത്തു സുന്ദരിയായ പെണ്ണിന്റെ പുറകെ അനുസരണയോടെ നടന്നു പോകുന്ന വിനയേട്ടൻ

‘എന്റെ കാവിലമ്മേ’
മീരയ്ക്ക് തല പെരുക്കുന്നത് പോലെ തോന്നി. അവൾ തേങ്ങലോടെ സുജയുടെ തോളിലേക്ക് ചാഞ്ഞു.

😭😭😭

NB:ബാക്കി സംഭവ വികാസങ്ങൾ വായനക്കാർക്കു ഊഹിച്ചെടുക്കാം. പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ🤣😂🤣

വാൽക്കഷ്ണം

One comment

Leave a Reply to mitolyn reviews Cancel reply

Your email address will not be published. Required fields are marked *