
നിയോഗം..❤️
കുളികഴിഞ്ഞ് വിനോദിനിഷ്ടപ്പെട്ട കടുംനീല കളർ സാരിയുടുത്തവൾ മുറിയിലേക്ക് വന്നു.പാതി ചാരിയിട്ട ജനൽപ്പാളിയിലൂടെ ഇളം കാറ്റവളെവന്ന് പൊതിയുന്നുണ്ടായിരുന്നു…
അവൾ മെല്ലെ ജനലരികത്തേക്കുനടന്നുവന്ന് ജനൽപ്പാളി മലർക്കെ തുറന്നു. അടുത്തടുത്തായ് കുറേയധികം വീടുകളുണ്ടെങ്കിലും അധികം വീടുകളിലും വെട്ടമില്ല. അവരെല്ലാം ഉറങ്ങിയിട്ടുണ്ടാവണം.നല്ല നിലാവുണ്ട്.
നിലാവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന പ്രകൃതി അന്ന് കൂടുതൽ സുന്ദരിയാണെന്ന് അവൾക്ക് തോന്നി. ഇളംകാറ്റവളുടെ മുടിയിഴകളിൽ കുസൃതി കാണിക്കുന്നുണ്ട്..
തൊട്ടടുത്ത നിമിഷം വിനോദ് അവളെ പിറകിൽ നിന്ന് ചുറ്റിപ്പിടിച്ചു. പ്രതീക്ഷിക്കാത്തതായിരുന്നതിനാൽ ദേവിക വല്ലാതെ ഭയന്നു.
എന്താ ഇത് വിനുവേട്ടാ…
ഞാൻ എത്ര പേടിച്ചൂന്നോ.?.
ഈ സമയത്ത് ഇങ്ങനെയൊന്നും പേടിക്കാൻ പാടില്ലാട്ടോ…
പരിഭവത്തോടെയുള്ള ദേവൂന്റെ സംസാരം കേട്ടപ്പോൾ വിനു അവളെ പതിയെ തിരിച്ചു നിർത്തി.താഴെ മുട്ടുകുത്തി നിന്ന് അവളുടെ ചെറുതായി ഉന്തി നിൽക്കുന്ന വയറിൽ മെല്ലെ കൈവച്ചു…പതിയെ അവിടെയൊന്ന് മുത്തി.
അച്ഛന്റെ ചുന്ദരിവാവ പേടിച്ചോടി.?.
അച്ഛ ഈ അമ്മയെ ഒന്ന് സ്നേഹിച്ചതല്ലേ…
പക്ഷെ അമ്മയ്ക്ക് വലിയ ജാടയാ വാവേ..
അച്ഛന്റെ ചുന്ദരി വന്നിട്ട് വേണം നമുക്ക് അമ്മയെ ഒരു പാഠം പഠിപ്പിക്കാൻ…
വിനോദ് പറഞ്ഞു നിർത്തിയപ്പോഴേക്കും ദേവൂന്റെ മുഖം ഒന്നുകൂടി വീർത്തു. അവൾ അയാളുടെ കൈതട്ടി മാറ്റി കട്ടിലിൽ പോയിരുന്നു..
ഹാ പിണങ്ങാതെടോ ഞാനൊരു തമാശയ്ക്ക് ചെയ്തതല്ലേ…
അല്ലെങ്കിൽ തന്നെ ഇത്ര പേടിക്കാനെന്തിരിക്കുന്നു.?.
ഇത്ര ധൈര്യത്തിൽ തന്നെ വന്ന് ചുറ്റിപ്പിടിക്കാൻ ഞാനല്ലാതെ വേറെ ആരാ ഇവിടുള്ളെ.?.
മറുപടിയൊന്നും കേൾക്കാത്തതിനാൽ വിനു മുഖമുയർത്തി ദേവൂനെ നോക്കി. അവൾ എന്തോ കാര്യമായ ആലോചനയിലാണ്..
ടോ… താനെന്താ മിണ്ടാത്തെ.?.
ഞാൻ ചോദിച്ചത് കേട്ടില്ലേ.?.
എന്താ…
വിനുവേട്ടനെന്താ ചോദിച്ചേ?..
ഞാൻ ശ്രദ്ധിച്ചില്ല വിനുവേട്ടാ..
നീയിതെന്താ ഈ ചിന്തിച്ചുകൂട്ടുന്നത്.?.
രണ്ടുദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. എന്താ നിനക്കിത്ര ആലോചന.?.
വിനുവിന്റെ ചോദ്യം കേട്ടപ്പോൾ, പറയണോ വേണ്ടയോ എന്ന രീതിയിൽ ദേവു വിനുവിനെ നോക്കി.പിന്നെ പറയാനെന്ന മട്ടിൽ വിനുവിന്റെ അടുത്തേക്ക് ചേർന്നിരുന്നു..
വിനുവേട്ടാ…അമ്മയൊന്ന് വന്നില്ലല്ലോ…
ഇതിപ്പോ മാസം ആറായില്ലേ…
അമ്മയ്ക്ക് എന്നോടുള്ള പിണക്കം മാറിയിട്ടുണ്ടാവില്ല അല്ലേ.?.
ഓ…തുടങ്ങി…
രണ്ടുമൂന്നു ദിവസമായിട്ടുള്ള നിന്റെ ആലോചന കണ്ടപ്പോഴേ തോന്നി, ഇമ്മാതിരി എന്തെങ്കിലുമാകും നിന്റെ മനസ്സിലെന്ന്..
എന്നുവച്ചാ..എത്ര കിട്ടിയാലും പഠിക്കില്ലെന്ന് വാശിയല്ലേ…
പിന്നെ പറഞ്ഞിട്ടെന്തിനാ..
വിനുവിന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു…
അയാളുടെ ദേഷ്യം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ലെന്ന് തോന്നി ദേവൂന്.
ദേഷ്യപ്പെടല്ലേ വിനുവേട്ടാ…
ദേ നോക്കിക്കേ..ഞാനൊന്നും പറഞ്ഞിട്ടുമില്ല വിനുവേട്ടൻ ഒന്നും കെട്ടിട്ടുമില്ല…
ഇതിന്റെ പേരിൽ എന്നോട് പിണങ്ങല്ലേ…
ദയനീയമായുള്ള അവളുടെ പറച്ചിൽ കേട്ടപ്പോൾ വിനുവിന് ചിരി വന്നെങ്കിലും, വിദക്തമായി അതൊളിപ്പിച്ച് വിനു വീർപ്പിച്ച മുഖത്തോടെ ദേവൂനെ നോക്കി..
എന്നാ ഇനി മേലിൽ ഇതുപോലൊന്നും പറഞ്ഞേക്കരുത് എന്നോട്…
കേട്ടല്ലോ.?.
ഇല്ലയെന്റെ പൊന്ന് വിനുമാഷേ…
എന്നോട് പിണങ്ങാതെയിരുന്നാ മാത്രം മതിയേ..
കൈയെടുത്ത് തൊഴുതുകൊണ്ടുള്ള ദേവൂന്റെ മറുപടി കേട്ടപ്പോൾ അത്രയും നേരം വിനോദ് ഒളിപ്പിച്ചു വച്ചിരുന്ന ചിരി പൊട്ടിച്ചിരിയായി പുറത്തേക്കു വന്നു.ആ ചിരിയിൽ ദേവികയും കൂടി…
അവരുടെ സന്തോഷം അങ്ങ് ദൂരെയൊരു കുഞ്ഞു നക്ഷത്രം ഇമ ചിമ്മാതെ നോക്കി നിന്നു..
ഉറക്കത്തിൽ എന്തൊക്കെയോ സ്വപ്‌നങ്ങൾ കണ്ടാണ് ദേവു ഞെട്ടി ഉണർന്നത്. മനസ്സെന്തോ വല്ലാതെ ആസ്വസ്ഥമാകുന്നു…
എന്താണ് കാര്യമെന്നറിയില്ല…
അവൾ അടുത്തുകിടക്കുന്ന വിനോദിനെ നോക്കി.ആള് നല്ല ഉറക്കമാണ്…
വിളിക്കാനായി കൈ ഉയർത്തിയെങ്കിലും പിന്നെ വേണ്ടെന്നുവച്ചു.പതിയെ എണീറ്റ്, മേശമേൽ വച്ചിരുന്ന ജഗ്ഗിൽനിന്ന് വെള്ളം ഗ്ലാസ്സിലേക്ക് പകർന്നുകുടിച്ചു.ഗ്ലാസ് അവിടെത്തന്നെ വച്ചു മെല്ലെനടന്ന് ജനൽപ്പാളികൾ തുറന്നു.ഇളംകാറ്റേറ്റു നിൽക്കുമ്പോൾ അവളുടെ മനസ്സിലേക്ക് കഴിഞ്ഞകാല ചിത്രങ്ങൾ തെളിഞ്ഞു വന്നു.
ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടമായതാണവൾക്ക്.ആക്‌സിഡന്റ് ആയിരുന്നു.അതിന് ശേഷം പഠിച്ചതും വളർന്നതുമെല്ലാം അമ്മാവന്റെ തണലിലാണ്.അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടാണ് അവിടെയെങ്കിലും,
അങ്ങനെയൊരു സാഹചര്യത്തിലുള്ള ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ അവൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അമ്മായിയുടെ കുത്തുവാക്കുകൾ, അവരുടേയും,അവരുടെ മക്കളുടേയും അവഗണന അങ്ങനെയെല്ലാം.തനിക്കും തന്റെ മക്കൾക്കും അവകാശപ്പെട്ടത് ദേവിക തട്ടിയെടുക്കാൻ വന്നു എന്നുള്ള ഭാവമായിരുന്നു എപ്പോഴും അമ്മായിക്ക്.
കുഞ്ഞിലേ മുതൽ നൃത്തം പഠിക്കുന്നതാണ് ദേവിക. അമ്മയായിരുന്നു ഗുരു.അമ്മയുടെ മരണത്തിനു ശേഷവും അമ്മാവൻ അവളെ നൃത്തം പഠിപ്പിക്കാൻ അയക്കുന്നുണ്ടായിരുന്നു,അമ്മായിക്ക് എതിർപ്പാണെങ്കിൽ കൂടി..
അദ്ധ്യാപകനായ വിനോദിനെ അവളിലേക്കടുപ്പിച്ചതും അവളുടെ ചുവടുകൾ തന്നെയാണ്.ക്ഷേത്രത്തിൽ ഉത്സവത്തിന് ദേവികയുടെ നൃത്തം കാണാനിടയായ വിനോദ് അവളെ വിവാഹം കഴിക്കാനുള്ള താല്പര്യം വീട്ടിലറിയിക്കുകയായിരുന്നു..
പക്ഷെ..പ്രതാപിയായ മേലേടത്ത് തറവാട്ടിലെ സുഭദ്രയ്ക്ക്,അതായത് വിനോദിന്റെ അമ്മയ്ക്ക്..തങ്ങളിൽ നിന്ന് സാമ്പത്തികമായി ഒരുപാട് അന്തരമുള്ള കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടിയെ മരുമകളായി സ്വീകരിക്കുക എന്നുള്ളത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതായിരുന്നില്ല.അവർ അതിനെ ശക്തമായി എതിർത്തു..
പക്ഷെ..അമ്മയുടെ വാശി അതുപോലെ പകർന്നു കിട്ടിയിരിക്കുന്ന മകൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു…
മകന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ സുഭദ്രാമ്മയ്ക്ക് പത്തിതാഴ്ത്തേണ്ടിവന്നു…
അങ്ങനെ ദേവിക വിനോദിന്റെ മറുപാതിയായി മേലേടത്തേക്ക് വലതുകാൽവച്ചു കയറി..
വിനോദിന് അമ്മയും സഹോദരിയുമാണുള്ളത്.. അച്ഛൻ,വിനോദിന്റെ സഹോദരി വിദ്യ കൈകുഞ്ഞായിരിക്കുമ്പോൾ അവരെ ഉപേക്ഷിച്ച് പോയതാണ്.
സുഭദ്രാമ്മയുടെ ഇടയ്ക്കിടെയുള്ള കുത്തുവാക്കുകളല്ലാതെ ദേവികയ്ക്ക് അവിടെ വേറെ ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായിരുന്നില്ല.വിനോദ് അവളെ സ്നേഹം കൊണ്ടു മൂടുകയായിരുന്നു. വിദ്യയ്ക്കും അവൾ സ്വന്തം ചേച്ചിയെപ്പോലെ തന്നെയായിരുന്നു.വിദ്യ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്..
ജീവിതത്തിൽ സന്തോഷം നിറഞ്ഞുനിന്ന മൂന്നു വർഷക്കാലം…
പക്ഷെ അവളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്ന സംഭവങ്ങൾക്കുള്ള മുന്നോടിയായിരുന്നു ആ വർഷങ്ങൾ…
വിവാഹം കഴിഞ്ഞ് ഇത്രയും കാലമായിട്ടും ഒരു കുഞ്ഞ് അവരുടെ ജീവിതത്തിലേക്ക് വരാത്തത് ദേവികയെ ഒരുപാട് വിഷമിപ്പിച്ചു.ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്ന അമ്മയുടെ കുത്തുവാക്കുകൾ ഇതിന്റെ പേരിൽ വല്ലാതെ കൂടിയതും അവളെ മാനസികമായി ഒരുപാട് തളർത്തി. വിനോദിനോട് അതേപ്പറ്റി പറയുമ്പോൾ,
എടോ…അതൊക്കെ അതിന്റേതായ സമയത്ത് നടക്കും…
താൻ ഇപ്പൊ തന്റെ പഠനത്തിൽ മാത്രം ശ്രദ്ധിക്ക്…
പെൺകുട്ടികൾക്ക് ആദ്യം വേണ്ടത് വിദ്യാഭ്യാസമാണ്,സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയാണ്…
തന്റെ ഏറ്റവും വലിയ സ്വപ്നമല്ലേ ഒരു അധ്യാപിക ആകണമെന്നുള്ളത്.?.
എനിക്ക് തന്നെയൊരധ്യാപികയാക്കണം…
തനിക്കറിയാലോ അമ്മയെതിർത്തിട്ടും തന്നെക്കൊണ്ടു ഞാൻ PG എടുപ്പിച്ചതൊക്കെയതിനുവേണ്ടിയല്ലേ.?.
കുഞ്ഞുങ്ങളുടെ കാര്യമൊക്കെ അതിന്റേതായ സമയത്ത് നടന്നോളും..
എന്റെ മോളിപ്പോ അതോർത്ത് ടെൻഷൻ അടിക്കണ്ടാട്ടോ…
മുൻപൊരിക്കൽ കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോഴുള്ള വിനുവേട്ടന്റെ മറുപടിയാണ്..
ഇന്ന് താനൊരു അധ്യാപികയാണ്.താൻ കണ്ട സ്വപ്നങ്ങളെല്ലാം ഇന്ന് തന്റെ കൈപിടിയിലുണ്ട്,ഒന്നൊഴികെ…
ഒരു കുഞ്ഞ്…
എല്ലാം മാസവും ദേവിക ഒരുപാട് പ്രതീക്ഷയോടെ തന്റെ കുഞ്ഞതിഥിക്കായി കാത്തിരിക്കും പക്ഷെ അവളിൽ വിരിയുന്ന ചുവന്ന പൂക്കൾ ആ പ്രതീക്ഷയെ തല്ലിക്കെടുത്തും.
ഇനിയും ക്ഷമിക്കാൻ വയ്യാതെ
വിനുവിനേയും കൂട്ടി ആശുപത്രിയിൽ എത്തിയ ദേവികയെ കാത്തിരുന്നത് മറ്റൊരു ദുരന്തമാണ്…
തന്റെ ശരീരത്തിന് ഒരു കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലത്രേ…
തന്റെ കാത്തിരിപ്പുകളൊക്കെ വ്യർത്ഥമാണെന്ന്…
തകർന്നുപോയവൾ..
അത്രമേൽ തന്റെ ആത്മാവിൽ അലിഞ്ഞുചേർന്ന സ്വപ്നം തനിക്ക് ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയില്ലെന്നുള്ള തിരിച്ചറിവ്..
അതവളെ മാനസികമായി ഒരുപാട് തളർത്തി…
പോരാത്തതിന് സുഭദ്രാമ്മയുടെ കുറ്റപ്പെടുത്തലുകളും…
എന്തിനാടി ഒരുമ്പെട്ടവളെ.. എന്റെ കുഞ്ഞിന്റെ ജീവിതം തകർക്കാൻ ഇവിടെയിനിയും കടിച്ചു തൂങ്ങുന്നത്.?.
ഇറങ്ങിപ്പൊയ്‌ക്കൂടെ…
അതെങ്ങനെയാ ഈ കുടുംബം മുടിച്ചേ ഈ നശിച്ചവൾ പടിയിറങ്ങൂ ..
ആട്ടക്കാരിയല്ലേ.. എന്റെ കുഞ്ഞിനെ വാശികരിച്ചു വച്ചേക്കുവാ അവള് …
അമ്മേ…..
സുഭദ്രാമ്മയുടെ കുറ്റപ്പെടുത്തലുകൾ കേട്ടുകൊണ്ട് കയറിവന്ന വിനോദിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
അയാൾ അവരെ അത്രമേൽ ദേഷ്യത്തോടെ വിളിച്ചു.
സുഭദ്രാമ്മ വിനോദിനെ ആ സമയം അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.പെട്ടന്ന് അയാളെ അവിടെ കണ്ടപ്പോൾ അവരും നടുങ്ങിയിരുന്നു.അത്രയും നേരം കരഞ്ഞുനിന്ന ദേവികയും,ഇനി എന്ത് സംഭവിക്കുമെന്നറിയാതെ തരിച്ചു നിൽക്കുകയായിരുന്നു…
എങ്ങനെ തോന്നുന്നമ്മയ്ക്ക് ഈ പാവത്തിനോട് ഇങ്ങനെയൊക്കെ പറയാൻ.?.
ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാതെപോയത് ഇവൾടെ തെറ്റാണോ.?.
മുൻപും അമ്മ ഇവളെ കുത്തുവാക്കുകൾ കൊണ്ടുമൂടുന്നത് ഞാൻ കേട്ടിട്ടുണ്ട്.പക്ഷെ അന്നൊന്നും പ്രതികരിക്കാതെയിരുന്നത് ഞാനൊരു നട്ടെല്ലില്ലാത്തവനായതുകൊണ്ടല്ല…
നിങ്ങൾ തമ്മിലുള്ള പ്രശ്നം ഞാൻ ഇടപെട്ടാൽ വഷളാകുമെന്ന് കരുതിയിട്ടാ…
പക്ഷെ ഇത്…
ഇത് ഞാൻ സഹിക്കില്ലമ്മേ…
പിന്നെ ഞാനെന്ത് വേണമെടാ..
ഈ കുടുംബത്തിന് ഒരു അനന്തരാവകാശിയെ തരാൻ കഴിയാത്ത ഇവളെ പൂവിട്ട് പൂജിക്കണോ.?.
മതിയമ്മേ നിർത്ത്…
എന്റെ പെണ്ണിനെ ഇനിയുമിവിടെയിട്ട് തട്ടിക്കളിക്കാൻ ഞാൻ അനുവദിക്കില്ല…
പാതിവഴിയിൽ ഉപേക്ഷിക്കാനല്ല ഞാനവളെ ഒപ്പം കൂട്ടിയത്.
ഇറങ്ങുവാ ഞങ്ങൾ…
ഇനി ഒരുനിമിഷം ഞാനോ എന്റെ ഭാര്യയോ അമ്മയ്ക്ക് ശല്യമായി ഇവിടെ നിൽക്കില്ല..
മോനേ… ഞാൻ…
എന്തോ പറയാൻ വന്ന സുഭദ്രാമ്മയെ വിനോദ് കൈകളുയർത്തി തടഞ്ഞു.
വേണ്ടമ്മേ…
ഇവൾക്ക് സ്ഥാനമില്ലാത്ത ഈ വീട്ടിൽ എനിക്കുമത് വേണ്ട…
തന്റെ മകന്റെ ജീവിതത്തിൽ നിന്ന് എങ്ങനേയും ദേവികയെ ഒഴിവാക്കണമെന്നേ അവർ ചിന്തിച്ചിരുന്നുള്ളു.എന്നാൽ വിനോദും അവളോടൊപ്പം ഇറങ്ങാൻ തുനിയുമെന്ന് സുഭദ്രാമ്മ ഒരിക്കലും കരുതിയിരുന്നില്ല.
മകന്റെ വാശിക്കുമുന്നിൽ ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്കറിയാമായിരുന്നു.വിനോദും ദേവികയും പടിയിറങ്ങിപ്പോകുന്നത് അവർ നിറകണ്ണുകളോടെ നോക്കി നിന്നു…
വിനോദിന്റെ ഒപ്പം ജോലിചെയ്യുന്ന ഒരു സുഹൃത്തിന്റെ,വീടിന്റെ മുകൾ നിലയിലാണ് അവർ ആദ്യം താമസമാക്കിയത്.
അവിടെനിന്ന് പിന്നെയൊരു വാടകവീടെടുത്ത് അങ്ങോട്ടേക്ക് മാറി.അതേ സുഹൃത്ത് വഴിയാണ് അവർ ഡോക്ടർ നിരുപമയെ പറ്റി അറിയുന്നത്…
ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ഡോക്ടർമാരിൽ ഒരാളാണ് ഗൈനക്കോളജിസ്റ്റായ
നിരുപമ.വിശ്വനാഥ്…അവരെ കണ്ടപ്പോൾ സത്യത്തിൽ പ്രതീക്ഷയ്ക്കുള്ള വഴി തുറന്നുകിട്ടുകയായിരുന്നു.
പിന്നെ അങ്ങോട്ട് ചികിത്സയും മരുന്നും പ്രാർത്ഥനകളുമായി മാസങ്ങൾ നീണ്ടു. ഒടുക്കം ആ സന്തോഷ വാർത്ത അവരെ തേടുയെത്തി…തങ്ങൾ കാത്തിരുന്ന തങ്ങളുടെ കുഞ്ഞ് വരാൻ പോകുന്നു…
സന്തോഷം കൊണ്ട് ദേവിക കരയുകയായിരുന്നു.വിനോദിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.
ആ സന്തോഷത്തിന് ഇപ്പോൾ ആറുമാസം പ്രായമുണ്ട്…
ഓർമ്മകളിൽ നിന്ന് തിരിച്ചുവന്ന ദേവിക അവളുടെ ഉദരത്തിൽ കൈ വച്ചു…
അമ്മേന്റെ വാവ എന്താ ഒന്നും മിണ്ടാതെയിരിക്കുന്നത്.?.
സാധാരണ അമ്മ ഉണർന്നാൽ ഉടൻ എന്റെ വാവയും ഉണരുന്നതാണല്ലോ. എന്തുപറ്റി.?.
അമ്മേടെ വാവ ഉറക്കമാണോ.?.
തന്റെ മനസ്സിലെ അസ്വസ്ഥത വീണ്ടും തലപൊക്കുന്നത് ദേവിക അറിഞ്ഞു.
അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു..എന്നൊരു തോന്നൽ.അവൾ പതിയെ വിനോദിനടുത്തേക്ക് നടന്നു.
ശാന്തമായി ഉറങ്ങുന്ന വിനുവിനെ കുറച്ചുനേരം നോക്കി നിന്നു..പിന്നെ കിടക്കയിലേക്ക് കിടന്നു.മനസ്സിന്റെ സമാധാനം എന്തുകൊണ്ടോ നഷ്ടമായിരിക്കുന്നു.കാരണമറിയാത്ത ഒരു ഭയം തന്നെ വന്നു മൂടുന്ന പോലെ.. അവൾ കണ്ണുകളടച്ചു കിടന്നു…
രാവിലെ പതിവിലും വൈകിയാണ് ദേവിക ഉണർന്നത്.എന്തൊക്കെയോ ആസ്വസ്ഥതകൾ തോന്നുന്നു.അവൾ പതിയെ തന്റെ ഉദരത്തിൽ കൈവച്ചു. ഇല്ല…അനക്കമൊന്നും അറിയുന്നില്ല… രാത്രിയിൽ പതിവില്ലാതെ ഉണർന്നപ്പോഴും തന്റെ കുഞ്ഞനങ്ങിയിരുന്നില്ലെന്നുള്ളത് ദേവിക ആധിയോടെ ഓർത്തു.അവൾ വേഗം അടുക്കളയിലേക്ക് ചെന്ന് കുറച്ച് വെള്ളമനത്തി ചെറുചൂടോടെ കുടിച്ചു..
ഇല്ല അനങ്ങുന്നില്ല…
വിനുവേട്ടാ…
ദേവികയുടെ നിലവിളികേട്ടാണ് വിനോദും ദേവികയ്ക്ക് സഹായത്തിന് നിൽക്കുന്ന സ്ത്രീയും അടുക്കളയിലേക്ക് വന്നത്.
എന്താ ദേവു… എന്ത് പറ്റി..
വിനോദ് അത്യധികം ആവലാതിയോടെ ചോദിച്ചു.
നമ്മുടെ വാവയുടെ അനക്കമൊന്നും അറിയുന്നില്ല വിനുവേട്ടാ…
എനിക്കെന്തോ ഭയമാകുന്നു..
മോളിങ്ങനെ പേടിക്കാതെ ഇത്തിരി ചൂട് വെള്ളം കുടിക്ക്.
കുഴപ്പമൊന്നും കാണില്ല..
ഇല്ല ശാരദേച്ചി…
ഞാൻ വെള്ളമൊക്കെ കുടിച്ചുനോക്കി അനങ്ങുന്നില്ല…
വിനുവേട്ടാ എനിക്ക് പേടിയാവുന്നു…
നീ പേടിക്കാതെ ദേവു..
വേഗം റെഡിയാവ് നമുക്ക് ഹോസ്പിറ്റലിൽ പോകാം…
എത്രയും പെട്ടന്ന് തയാറായി അവർ ആശുപത്രിയിലേക്കിറങ്ങി.
സ്കാനിങ് റിസൾട്ടുമായി അത്രധികം നെഞ്ചിടിപ്പോടെ നിരുപമയുടെ ക്യാബിനിൽ ഇരിക്കുകയാണ് വിനോദ്..
സീ മിസ്റ്റർ വിനോദ്…
എനിക്കിത് നിങ്ങളോട് പറയാൻ വിഷമമുണ്ട്.പക്ഷെ പറഞ്ഞേ മതിയാകൂ…
തുടക്കത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നല്ലോ.കുറച്ചു കോംപ്ലിക്കേറ്റഡായിരുന്നു ദേവികയുടെ കേസ്…
ഇപ്പൊ പരിശോദിച്ചപ്പോൾ എനിക്ക് കുഞ്ഞിന്റെ ഹാർട്ട്ബീറ്റ് കിട്ടുന്നുണ്ടായിരുന്നില്ല.അതാണ് വിശദമായ സ്കാനിങ്ങിന് അയച്ചത്…
പറയാൻ വിഷമമുണ്ട്…
സത്യത്തിൽ ദേവികയുടെ ഉള്ളിലുള്ള കുഞ്ഞിനിപ്പോൾ ജീവനില്ല വിനോദ്…
ഇന്നലെ രാത്രിമുതൽ കുഞ്ഞിന്റെ അനക്കമറിയാൻ കഴിഞ്ഞില്ലെന്നാണ് ദേവിക പറഞ്ഞത്.അങ്ങനെയെങ്കിൽ.. സോറി ടു സെ,നിങ്ങളുടെ കുഞ്ഞ് മരിച്ചിട്ട് ഇപ്പോൾ മണിക്കൂറുകൾ കഴിഞ്ഞു.
നോ…
അത്രമേൽ തകർന്നുപോയിരുന്നു വിനോദ്.ഇത്രയും കാലത്തെ തങ്ങളുടെ സ്വപ്നമാണ്… തങ്ങളുടെ ജീവിതത്തിന്റെ പ്രതീക്ഷയാണ്…
എല്ലാമെല്ലാം അവസാനിച്ചിരിക്കുന്നു…
ഇതറിഞ്ഞാൽ എന്റെ ദേവു… അവളിതെങ്ങനെ താങ്ങും…
അവളെ എനിക്കൊരു ഭ്രാന്തിയായി കാണേണ്ടി വരും…
വിനോദ് സ്ഥിരബുദ്ധി ഇല്ലാത്തൊരുവനെപ്പോലെ പുലമ്പിക്കൊണ്ടേയിരുന്നു.ഡോക്ടർ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…
തെല്ലോന്ന് സമനില വീണ്ടെടുത്തയാൾ നിരുപമയെ നോക്കി.തന്റെ ദേവുവിനോട് ഇതെങ്ങനെ പറയുമെന്ന ചിന്തയായിരുന്നു അയാളെ ഏറെ അലട്ടിയത്..
തന്റെകുഞ്ഞാണ് നഷ്ടമായിരിക്കുന്നത് താങ്ങാൻ കഴിയാത്ത വേദനയുണ്ട് എന്നാൽ അതിലുംവലിയ വേദന, ദേവികയോട് ഇതെങ്ങനെപറയുമെന്നുള്ളതാണ് ,
അവളെയെങ്ങനെ ആശ്വസിപ്പിക്കുമെന്നുള്ളതാണ്…
പക്ഷെ…പ്രതീക്ഷിച്ച പോലെ ദേവിക ബഹളം വച്ചില്ല.ഒരു ഭ്രാന്തിയെപ്പോലെ പെരുമാറിയില്ല.അവൾ തീർത്തും നിശബ്ദയായിരുന്നു…
ഹൃദയത്തിൽ ഒരു മരവിപ്പ് മാത്രം..
പിന്നീടുള്ള നാളുകളിൽ ദേവിക അവളിലേക്ക് മാത്രമായി ഒതുങ്ങിക്കൂടി.തന്റെ തകർച്ച പൂർണമാണെന്നുള്ള ബോധ്യത്തിൽ, അവൾക്ക് സ്വന്തം മനസ്സ് കൈവിട്ടുപോയിരുന്നു.
പക്ഷെ തന്റെ ദേവുവിനെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ വിനോദിനു കഴിയുമായിരുന്നില്ല.അയാൾ അവളോടൊപ്പം നിന്നു.അയാളുടെ സ്നേഹത്തിലും കരുതലിലും അവൾ ജീവിതത്തിലേക്ക് ഒരു പരിധിവരെ തിരിച്ചുവന്നു.പക്ഷെ അപ്പോഴും പൂർണമായി ആ പഴയ ദേവികയാകാൻ അവൾക്ക് കഴിഞ്ഞില്ല.മനസ്സിൽ തന്റെ നഷ്ടം തങ്ങിനിന്നു.
ഒരു വർഷത്തിന് ശേഷം
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് വിനോദ് ഉറക്കത്തിൽ നിന്നുണർന്നത്.
അയാളുണർന്ന് ലൈറ്റിട്ടപ്പോഴേക്കും ദേവികയും ഉണർന്നിരുന്നു.പുറത്ത് നല്ല മഴയാണ്.
ആരാ വിനുവേട്ടാ ഈ നേരത്ത്..
അറിയില്ല ദേവൂ നോക്കട്ടെ…
വാതിൽ തുറന്ന വിനോദ് കാണുന്നത് പെരുമഴയിൽ നനഞ്ഞുകുതിർന്നു നിൽക്കുന്ന സുഭദ്രാമ്മയെയാണ്… അവരെ ആ സമയത്തവിടെ കണ്ടപ്പോൾ വിനോദ് അമ്പരന്നു…
അമ്മേ…
അമ്മ എന്താ ഇവിടെ.?. ഈ മഴയത്ത്…
മോനേ വിദ്യ…അവൾ…
അവൾ നമ്മളെ ചതിച്ചെടാ…
കുടുംബത്തിന് മാനക്കേടുണ്ടാക്കി ആ മഹാപാപി..
എന്തൊക്കെയാ അമ്മ ഈ പറയുന്നത്.?.
അമ്മ അകത്തേക്ക് കയറ്.പുറത്തുനിന്ന് ഇനിയും മഴ നനയാതെ..
വിനോദ് സുഭദ്രാമ്മയെ വീടിനുള്ളിലേക്ക് കയറ്റി,അവരുടെ തല ഒരു ടവലെടുത്ത് തുടച്ചുകൊടുത്തു.അപ്പോഴും സുഭദ്രാമ്മ മറ്റൊരു ലോകത്തെന്ന പോലെ നിൽക്കുകയായിരുന്നു…
അങ്ങോട്ട് വന്ന ദേവികയെ കണ്ട് അവരവളെ കെട്ടിപ്പിടിച്ചു.
മോളേ…
നിന്നോട് കാണിച്ചതിനൊക്കെ അമ്മക്ക് ശിക്ഷ കിട്ടി…
ദേവികയോട് പറഞ്ഞവർ തിരിഞ്ഞ് വിനോദിനോടായി തുടർന്നു…
വിദ്യ..അവൾ നമ്മളെ ചതിച്ചു മോനേ…
അമ്മ എന്തൊക്കെയാ ഈ പറയുന്നത്. ഒന്ന് തെളിച്ചു പറയമ്മേ…
വിദ്യക്കെന്ത് പറ്റി.?.
അവൾ ഗർഭിണിയാണ് മോനേ…
സുഭദ്രാമ്മയുടെ മറുപടിയിൽ വിനോദും ദേവികയും ഒരുപോലെ നടുങ്ങി…
സത്യമാണ് മോനേ…
രണ്ടുദിവസമായി അവളുടെ മുഖത്തൊരു വാട്ടമുണ്ടായിരുന്നു. ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ലെന്ന് അവളുടെ ടീച്ചർ വിളിച്ചു പറഞ്ഞിരുന്നു.
ഞാനവളെ അതിന്റെ പേരിൽ ശകാരിച്ചതുകൊണ്ടാണെന്നാ ഞാൻ കരുതിയെ…
പക്ഷെ ഇന്നലെയവൾ ക്ലാസ്സിൽ തലചുറ്റിവീണെന്ന് ടീച്ചർ വിളിച്ചുപറഞ്ഞിട്ടാ ഞാൻ അവളെ ആശുപത്രിയിൽ കാണിച്ചത്.അപ്പോഴാ അറിഞ്ഞത്.
അവൾ…
അമ്മേ… എനിക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല.അവൾ കൊച്ചുകുട്ടിയല്ലേ…
എങ്ങനെയാ നമ്മളവളെ വളർത്തിയത്.
ആ അവളുടെ ഭാഗത്തുനിന്നും ഇത്രയും വലിയൊരു തെറ്റ്…
എനിക്കൊന്നുമറിയില്ല മോനേ…
+2 ന് പഠിക്കുന്ന പെണ്ണാ.. ആരാ ഇതിന്റെ ഉത്തരവാദിയെന്ന് ചോദിച്ചിട്ട് ആ മഹാപാപി പറയുന്നില്ല…
എനിക്കറിയില്ല ഇനി എന്താ ചെയ്യേണ്ടതെന്ന്.?.
അവൾടെ ജീവിതവും,നമ്മുടെ കുടുംബത്തിന്റെ അന്തസ്സും ആ ദ്രോഹി തുലച്ചുകളഞ്ഞെടാ…
സുഭദ്രാമ്മയുടെ സംസാരം കേൾക്കുമ്പോഴും വിനോദിന്റെ മനസ്സിൽ തന്റെ കൈയിൽതൂങ്ങി നടന്നിരുന്ന തന്റെ കുഞ്ഞുപെങ്ങളായിരുന്നു. അവളാണ് ഇന്നിങ്ങനെ…
നീയൊന്ന് വാ മോനേ മോളേയും കൂട്ടി…
നിങ്ങൾ ചോദിച്ചാൽ അവൾ പറയും…
അവർ ദേവികയ്ക്കുനേരെ കൈകൂപ്പി
അമ്മ കാലുപിടിക്കാം മോളുടെ…
അമ്മ ചെയ്തതെല്ലാം എന്റെ മോൾ ക്ഷമിക്കണം…എന്റെ കൂടെ വരണം…
ഈ അമ്മയ്ക്ക് ആശ്രയിക്കാൻ നിങ്ങളല്ലാതെ മറ്റാരുമില്ല…
തൊഴുകൈകളോടെ തന്റെ മുന്നിൽ നിന്ന് യാചിക്കുന്ന സുഭദ്രാമ്മയെ ദേവിക ചുറ്റിപ്പിടിച്ചു.എത്രയും പെട്ടന്ന് വിനോദും ദേവികയും സുഭദ്രാമ്മയേയും കൂട്ടി വീട്ടിലെത്തി.
പക്ഷെ അവരെല്ലാവരും മാറിമാറി ചോദിച്ചിട്ടും വിദ്യ കരഞ്ഞതല്ലാതെ ഒരക്ഷരം പറഞ്ഞില്ല.
മിസ്റ്റർ വിനോദ്.. ഇതിപ്പോ ആ കുട്ടി തീരെ ചെറുതാണ്…
ഈ സമയത്ത് ഒരു അബോർഷൻ…
അത് ആ കുട്ടിയുടെ ജീവനെത്തന്നെ ബാധിക്കും.മാത്രമല്ല കൊച്ചുകുട്ടിയായതുകൊണ്ട് തന്നെ പ്രെഗ്നൻസിയിലും കുറച്ചധികം പ്രശ്നങ്ങളുണ്ട്…
നിരുപമയുടെ മറുപടിയിൽ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കാനേ വിനോദിനും സുഭദ്രാമ്മയ്ക്കും കഴിഞ്ഞുള്ളു. ഇനിയെന്തെന്നുള്ളത് അവരുടെ മുന്നിലൊരു ചോദ്യചിഹ്നമായി നിന്നു…
മുന്നോട്ടുപോകുകയല്ലാതെ വേറെ മാർഗ്ഗങ്ങളൊന്നുമില്ലായിരുന്നു..
അങ്ങനെ മാസങ്ങൾ കടന്നു പോയി. വിദ്യയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ദേവികയാണ്.സുഭദ്രാമ്മ വിദ്യയോട് മിണ്ടാറുപോലുമില്ല.വിനോദ് ഇടയ്ക്ക് വന്ന് അവളുടെ സുഖംവിവരം അന്വേഷിക്കുമെന്നല്ലാതെ മറ്റ് സംസാരങ്ങൾ ഒന്നുമുണ്ടായില്ല. വിദ്യയ്ക്ക് തന്റെ അമ്മയുടേയും ഏട്ടന്റേയും അവഗണനയിൽ അതിയായ ദുഃഖമുണ്ടായിരുന്നെങ്കിലും,എല്ലാം തന്റെമാത്രം തെറ്റുകൊണ്ടാണെന്നുള്ള ബോധ്യം അവളെ അവരിൽനിന്ന് അകന്നുതന്നെ നിൽക്കാൻ പ്രേരിപ്പിച്ചു
ഒരു രാത്രി വിദ്യയുടെ അടക്കിപ്പിടിച്ച കരച്ചിൽ കേട്ടാണ് ദേവിക ഉണർന്നത്. വിദ്യയ്ക്ക് മാസം തികഞ്ഞതുകൊണ്ടുതന്നെ ദേവിക അവളോടൊപ്പമാണ് കിടക്കുന്നത്.
ഒരു കൈ വയറ്റിൽ വച്ച് മറ്റൊരു കൈകൊണ്ട് വായ പൊത്തി കരയുന്ന വിദ്യയെ കണ്ട് ദേവിക വേഗം വിനോദിനെ വിളിച്ചു.പെട്ടന്നുതന്നെ വിനോദ് വിദ്യയെ വണ്ടിയിൽ കയറ്റി, ഒപ്പം ദേവികയും സുഭദ്രാമ്മയും കയറി.
വണ്ടി ഹോസ്പിറ്റലിലേക്ക് കുതിച്ചു.
മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം ഡോക്ടർ നിരുപമ ലേബർ റൂമിൽ നിന്ന് പുറത്തു വന്നു.അവരുടെ മുഖമത്ര തെളിഞ്ഞിട്ടുണ്ടായിരുന്നില്ല.
തുടക്കത്തിലേ ഞാൻ പറഞ്ഞതല്ലേ മിസ്റ്റർ വിനോദ്,
തീരെ ചെറിയ കുട്ടിയായതിനാൽ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്ന്…
ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ മാക്സിമം നോക്കി.പക്ഷെ…
സോറി മിസ്റ്റർ വിനോദ് ഞങ്ങൾക്ക് കുഞ്ഞിനെ മാത്രമേ രക്ഷിക്കാനായുള്ളൂ…
ഡോക്ടറിന്റെ വാക്കുകൾ കേട്ട് സുഭദ്രാമ്മ എന്റെ മോളേ… എന്നുവിളിച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരിനിന്ന് അലറിക്കരഞ്ഞു.
വിനോദ് അമ്മയെ ചേർത്തുപിടിച്ചു.
അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ദേവികയും അവരുടെ അടുത്തായിനിന്ന് വിതുമ്പി…
ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു മാലാഖ,കുഞ്ഞുമായി പുറത്തേക്ക് വന്നു. ദേവിക ആ ചോരക്കുഞ്ഞിനെ കൈയിലേക്ക് വാങ്ങി…
ആ കുഞ്ഞ് തന്റെ മുഖം അവളുടെ നെഞ്ചിലേക്ക് ചേർത്തുവച്ചു.തന്നിലെ മാതൃത്വം ചുരത്തുന്നതായി തോന്നി ദേവികയ്ക്ക്…
വർഷങ്ങൾക്ക് ശേഷം….
അമ്മൂട്ടീ…
എവിടെയാ കുട്ടി നീ…
വന്നേ ഭക്ഷണം കഴിക്കണ്ടേ…
അമേയക്കുട്ടിയെ രാത്രിയിൽ ഭക്ഷണം കഴിപ്പിക്കാൻ പിറകെ നടക്കുകയാണ് ദേവിക.ആളെയവിടെയൊന്നും കാണാനില്ല.ദേവിക അവളെ അന്വേഷിച്ചു പുറത്തേക്ക് വന്നു..
മുറ്റത്തു നിൽപ്പുണ്ടാള്…
ആഹാ…അമ്മേടെ കുട്ടി ഇവിടെ വന്നുനിക്കുവാ.?.
ഭക്ഷണം കഴിക്കണ്ടേ നമുക്ക്.?.
വായോ..
ഞാൻ വിദ്യാമ്മയോട് ഇന്നത്തെ വിശേഷമൊക്കെ പറയുവാരുന്നമ്മേ…
മുകളിൽ തെളിഞ്ഞുകാണുന്ന ഒരു കുഞ്ഞ് നക്ഷത്രം നോക്കി അമേയ ദേവുവിനോടായ് പറഞ്ഞു. അവൾ അതിയായ വാത്സല്യത്തോടെ കുഞ്ഞിനെ എടുത്തുയർത്തി…
ആഹാ… എന്നിട്ടെന്തു പറഞ്ഞു അമ്മൂട്ടിയുടെ വിദ്യാമ്മ.?.
അങ്ങോട്ടേക്ക് വന്ന വിനോദ് കുഞ്ഞിനോടായി ചോദിച്ചു.
വിദ്യാമ്മ അമ്മൂട്ടിയെ നോക്കി കണ്ണുചിമ്മി അച്ഛേ…
അതേയോ… എന്നാ നമുക്കിനി നാളെ വിശേഷം പറയാട്ടോ…
ഇപ്പൊ അച്ഛേടെ മുത്ത് വായോ…
നമുക്ക് മാമുണ്ണാം..
വാടോ…
വിനോദ് കുഞ്ഞിനോടും ദേവികയോടുമായി പറഞ്ഞു.
അവർ മൂന്നുപേരും അകത്തേക്ക് പോകുന്നതുംനോക്കി ആ നക്ഷത്രം സന്തോഷത്തോടെ മിഴിചിമ്മി.
തന്റെ നിയോഗം ഇതായിരുന്നെന്ന മട്ടിൽ ഐശ്വര്യ സോഹൻ
Your article helped me a lot, is there any more related content? Thanks!
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? gate io h”anvisningsbonus
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?