ജനറൽ സീറ്റിൽ ഒപ്പമിരുന്ന യാത്രക്കാരനെ സഹയാത്രിക പോലീസിനെക്കൊണ്ട് തല്ലിച്ചു..

Rejin muraleedharan

ജനറൽ സീറ്റിൽ ഒപ്പമിരുന്ന യാത്രക്കാരനെ സഹയാത്രിക പോലീസിനെക്കൊണ്ട് തല്ലിച്ചു..സുഹൃത്തിന്റെ fb പോസ്റ്റ്‌ കണ്ടപ്പോൾ പഴയ ഒരു അനുഭവം ഓർമ്മവന്നത് കുറിക്കുന്നു..അവസാനം വരെ വായിക്കണെ..

പ്രവാസലോകം വിട്ടു നാട്ടിൽ ഒന്ന് സെറ്റിലായി നോക്കാം എന്ന് തോന്നുകയും ആതോന്നൽ പണി പാളി തെക്കു വടക്കു നടക്കുന്ന കാലം. കൊടുത്ത പൈസ തിരിച്ചു ചോദിച്ചാലോ എന്ന് ഭയമുള്ളത് കൊണ്ടാവും എന്നെഒന്ന് അക്കര കടത്താൻ വീട്ടുകാരെക്കാൾ തിടുക്കം ഗൾഫിലെ പഴയ സഹമുറിയനായിരുന്നു.
“കന്യാകുമാരിലെ ഏജൻസില് നല്ല ചാൻസു വന്നിട്ടുണ്ടടാ.. നീ അറ്റൻഡ് ചെയ്യടാ എന്തായാലും കിട്ടും. ആയിരം ഡോളറെന്താ മോശമാണോ?”
ഹേയ്.. അല്ല.. മോശമല്ല.. ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ഞൂറ് കിട്ടിയാലും പോകാൻ റെഡിയാണ്..
പാസ്‌പോർട്ടും സർട്ടിഫിക്കറ്റുകളും എടുത്തു കട്ടൻ കാപ്പിയും കുടിച്ച് വെളുപ്പിന് അഞ്ചരയുടെ കന്യാകുമാരി എക്സ്പ്രസ്സിന് കയറി. കന്യാകുമാരി സ്റ്റേഷനിൽ ചെന്ന് ഇറങ്ങിയ ഞാൻ ആദ്യം കണ്ട ഓട്ടോറിക്ഷയിൽ കയറി അഡ്രെസ്സ് പറഞ്ഞു.. ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ സിറ്റിമൊത്തം ഒരു റൗണ്ട് കറങ്ങിയിട്ടാണ് “സാർ എങ്ക പോകണം?” എന്ന് ചോദിക്കുന്നത്. അപ്പൊ തന്നെ മീറ്ററിൽ 75രൂപ കഴിഞ്ഞിട്ടുണ്ട്. തിരിച്ചു പോകാനുള്ള രൂപയെ കയ്യിലുള്ളൂ. അല്ലെങ്കിൽ കന്യാകുമാരിയിലെ അസ്തമയവും ഉദയവും കണ്ടിട്ടേ തിരിച്ചു പോരുകയുള്ളു.ഇയാളിനി എത്ര ദൂരം കൊണ്ടുപോകുമോ എന്തോ?

വഴിയിൽ ഒരിടത്തു നിറുത്തി വഴി ചോദിക്കുന്നത് കണ്ടു. ഇയാൾക്കപ്പോ വഴിയൊന്നും നിശ്ചയമില്ലല്ലേ.. അവസാനം മാർക്കറ്റിന് അടുത്തുള്ള പഴയ ബിൽഡിങ്ങിൽ ടെലിഫോൺ ബൂത്ത്‌ പോലുള്ള ഓഫിസിനു മുൻപിൽ വണ്ടി നിറുത്തി.ഇതാണോ റിക്രൂറ്റിങ് ഓഫീസ് എന്ന് സംശയിച്ചു ഓട്ടോയിൽ നിന്നിറങ്ങി.

അണ്ണാ നിൽ… ഞാൻ പോയിട്ട് പെട്ടെന്ന് വരാം മടക്ക യാത്ര ഫ്രീ അല്ലെ… നീ പൊങ്കയാ അതൊക്കെ ഉങ്ക കേരളാവിൽ..
130രൂപ എണ്ണിവാങ്ങുമ്പോൾ അയാളുടെ മുഖത്തെ ചാരിതാർഥ്യം ഒന്ന് വേറെ തന്നെ ആയിരുന്നു. ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു കന്യാകുമാരി കറങ്ങാൻ വന്ന ഒരു സായിപ്പിനെയും കൊണ്ട് അയാൾ അടുത്ത ഓട്ടം പിടിച്ചു മറ്റൊരു സ്ഥലത്തേക്ക് പോയി.

റിക്രൂട്ടിങ് ഓഫീസ്?
ഇത് തന്നെ കടന്നു വരൂ.. പകുതി തമിഴിലും മലയാളത്തിലുമായി ആകത്തിരുന്ന താടിക്കാരൻ എന്നെ അകത്തേക്ക് കഷണിച്ചു.

പറഞ്ഞു വന്നത് അവിടെ എത്തിയപ്പോൾ ആണ് ടേംസ് ആൻഡ് കണ്ടീഷൻസ് ആകെ മാറിയത് 30000രൂപയും പാസ്പോർട്ടും ഇപ്പൊ തന്നെ കൊടുക്കണം. ആറു മാസത്തിനകം പോകാം. ബാക്കി അമ്പതിനായിരം പോകുമ്പോൾ കൊടുത്താ മതി..

ഒന്നും വേണ്ട ചാമി ന്നും പറഞ്ഞു സലാം കൊടുത്തു തിരികെ നടന്നു.. അടുത്ത ട്രെയിൻ സമയം നോക്കിയപ്പോൾ രാത്രി 10മണിക്ക്. ഒന്നും നോക്കിയില്ല തമിഴ്നാട് ട്രാൻസ്‌പോർട്ടിന്റെ ബസ്സിൽ കയറി ksrtc ബസ്സുകൾ കിട്ടുന്ന സ്റ്റാൻഡിലേക്ക് വച്ചു പിടിച്ചു. ഇരുന്നാൽ കാൽമുട്ട് താടിയിൽ മുട്ടുന്ന സൈസ് സീറ്റിൽ ഒരുവിധം അഡ്ജസ്റ്റ് ചെയ്തു ഇരുന്നു. മീൻകുട്ടയും കോഴിയും പച്ചക്കറി ചാക്കും പാത്രങ്ങളും എല്ലാം ബസ്സിന്റെ ഇത്തിരിപോന്ന ഗ്യാപ്പുകളിൽ നിറഞ്ഞിരിപ്പുണ്ട്. കട്ടി കണ്ണട വച്ച കണ്ടക്ടർ ലഗേജിന്നും പക്ഷി മൃഗാദികൾക്കും നമ്മുടെ നാട്ടിലെപ്പോലെ തന്നെ എക്സ്ട്രാ ചാർജ്ജ് ഈടാക്കുന്നുണ്ട്. മുല്ലപ്പൂവും കനകാംബരവും ചൂടിയ അക്കമാർ ഒരു കൂസലുമില്ലാതെ പരിചയം പോലുമില്ലാത്ത സഹയാത്രക്കാർക്കൊപ്പമിരുന്നു യാത്ര ചെയ്യുന്നുണ്ട്. പച്ചയും നീലയും യൂണിഫോം ധരിച്ച പെൺകുട്ടികൾ കയറി വരുമ്പോൾ തന്നെ ബാഗ് ഊരി സീറ്റിലിരിക്കുന്നവരുടെ മടിയിലേക്ക് വച്ചുകൊണ്ട് തിരക്കിനിടയിലേക്ക് ഊളിയിടുന്നു. ബസ്സിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ വഴിയിലാത്ത കണ്ടക്ടർ ഒരുഭാഗത്തു നിൽകുന്നുണ്ട്. ഇറങ്ങുന്നവർ മുതിർന്നവരും കുട്ടികളും കൃത്യമായി തന്നെ കണ്ടക്ടറെ പൈസ ഏല്പിക്കുന്നു..ജീവിതം ഉത്സവമാക്കിയ ഒരു പ്രായം ചെന്ന വ്യക്തി ബ്രാണ്ടി കുപ്പിയും കയ്യിൽ പിടിച്ച് ആരോടെന്നില്ലാതെ വർത്തമാനം പറയുന്നുണ്ട്. ഇടയ്ക്ക് രജനീ കാന്തിന്റെയും ശിവാജി ഗണേശന്റെയും സിനിമാ ഡയലോഗുകൾ ഉറക്കെ പറയും. അതിനു മറുമൊഴിയായി സ്ത്രീകൾ അടക്കമുള്ളവർ പറയുന്നുണ്ട്.ബസ്സിനുള്ളിൽ ഒരു ഉത്സവം പോലെ തോന്നി. രസകരമായ കാഴ്ചകൾ സംഭാഷണങ്ങൾ. പിണക്കങ്ങൾ കാമുകി കാമുകന്മാരുടെ കളിചിരികൾ… ഒരു ബസ്സും അടുത്ത ബസ്സിനെ ഓവർട്ടേക് ചെയ്യുന്നില്ല.. സമയം പോയതറിഞ്ഞില്ല ബസ്റ്റാൻഡിൽ എത്തി ഇറങ്ങിയപ്പോൾ തന്നെ നമ്മുടെ ആനവണ്ടി പോകാൻ തയ്യാറായി നിൽക്കുന്നുണ്ട്.വിശപ്പ്‌ കൊണ്ട് വയർ കത്തുന്നുണ്ട്. നല്ല ക്ഷീണവും അടുത്ത ചായകടയിൽ നിന്നും രണ്ടു വലിയ പഴംപൊരി വാങ്ങി കഴിച്ചു. അപ്പോഴേക്കും കണ്ടക്ടർ ബസ്സിനടുത്തേക്ക് എത്തിയിരുന്നു.. പിന്നെ കമ്പിയിൽ തൂങ്ങി തിരുവനതപുരം വരെ യാത്ര. കാലു മാറ്റിക്കുത്താൻ ഇടമില്ല. ആരുടെയോ പാർസൽ പെട്ടിയിൽ കയറിയിരുന്നു. കേരളത്തിലേക്കുള്ള എഞ്ചിനീയറിങ് വിദ്യാർഥികൾ കുറെയുണ്ട് ബസ്സിൽ. തമിഴ്നാട്ടിൽ രണ്ടു ദിവസം അവധിയാണെന്ന് തോനുന്നു. ഇനി ബസ്സിൽ പോകണ്ട എന്ന് വിചാരിച്ചു റെയിൽവേ സ്റ്റേഷന്റെ കൗണ്ടറിൽ പ്പോയി അന്വേഷിച്ചു. ട്രെയിൻ വരാൻ ഇനിയും സമയമെടുക്കും.

കൊയമ്പത്തൂർക്കു ksrtc യുടെ എക്സ്പ്രസ്സ്‌ ബസ്സുണ്ട് ഇപ്പോൾ പോകും എന്ന് അറിയാൻ കഴിഞ്ഞു..വേഗം തന്നെ എതിർവശത്തുള്ള ksrtc സ്റ്റാൻഡിലേക്ക് നടന്നു.. നേരം വെളുക്കുമ്പോൾ വീട്ടിലെത്താമല്ലോ എന്നോർത്ത് ടിക്കറ്റ് റിസർവ് ചെയ്തു, ഒരു ബോട്ടിൽ വെള്ളവും വാങ്ങി ബസ്സിൽ കയറി. (പത്തു രൂപ എക്സ്ട്രാ കൊടുത്താലേ സീറ്റ് കിട്ടു.ചിലപ്പോൾ തെറ്റുണ്ടാകും കൃത്യമായി ഓർക്കുന്നില്ല )സമയം 11മണിയോടടുക്കുന്നു. സീറ്റ് നമ്പർ തപ്പി ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയിൽ.. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ കാവ്യാ മാധവന്റെ ചെറുപ്പകാലം ഓർമിപ്പിക്കുന്ന മുഖഛായ യുള്ള ഒരു പെൺകുട്ടി ഇരിക്കുന്നു.എന്റെ സീറ്റ് നമ്പറാണ്.. സത്യം പറഞ്ഞാൽ വിൻഡോ സീറ്റ് കിട്ടിയാൽ വിമാനത്തിൽ പോലും എന്റെ സീറ്റിൽ ആരെയും ഇരുത്താൻ എനിക്ക് ഇഷ്ടമല്ല..

എങ്കിലും ആ പെൺകുട്ടിയോട് മാറിയിരിക്കാൻ പറയാൻ തോന്നിയില്ല.വിൻഡോ സൈഡിൽ തല ചേർത്തുവച്ചു മൊബൈലിൽ സംഗീതമാസ്വധിച്ചു കൊണ്ടുള്ള ഇരുപ്പ് കണ്ടിട്ട് അടുത്ത് കേറി ഇരിക്കാനും തോന്നിയില്ല.

രാവിലെഇസ്തിരിയിട്ട് തേച്ചുമിനുക്കിയ ഷർട്ടും പാന്റും ചുളുങ്ങിയും ചെളി പുരണ്ടും വിയർപ്പു നനഞ്ഞും കൊളമായിട്ടുണ്ട്.

“ഹലോ എന്താ വഴിയിൽ നിൽക്കുന്നത് സീറ്റിലിരിക്കൂ.. വളരെ സൗമ്യനായ കണ്ടക്ടർ ചേട്ടൻ ടിക്കറ്റ് വാങ്ങി നോക്കികൊണ്ട് ചോദിച്ചു. “

“എന്റെ സീറ്റിൽ ആ കുട്ടി ഇരിക്കുന്നെ.” ചെറുതായി പരുങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.

“അത് കുഴപ്പമില്ല ഇപ്പുറത്തു ഇരുന്നോളു. “അപ്പോഴേക്ക് മൂന്നാമത്തെ സീറ്റിന്റെ അവകാശിയായ ഒരു സ്ത്രീക്കൂടി എത്തി രംഗം കൂടുതൽ സങ്കീർണ്ണമാക്കി.ഏതോ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്ന അവർക്കു എന്റെ നടുക്കു ഇരുന്നുള്ള യാത്ര പറ്റില്ലെന്നായി.

തമിഴ് നാട്ടിലെ അക്കമാരെ ഓർത്ത് പോയി.. എത്ര നിസ്സാരമായാണ് അവർ ആളുകളെ കൈകാര്യം ചെയ്യുന്നത്.
അവസാനം എന്റെ സീറ്റ് നമ്പറിൽ തന്നെ ഇരുന്നേ പറ്റു എന്ന അവരുടെ വാശിക്കു മുൻപിൽ കണ്ടക്ടർക്കു തോറ്റു കൊടുക്കേണ്ടി വന്നു. സീറ്റ് മാറേണ്ടി വന്നു..വിൻഡോ സീറ്റിൽ മാറിയിരുന്ന എന്നെ നമ്മുടെ കാവ്യ മാധവൻ കണ്ണ് തുറുപ്പിച്ചു ഒന്ന് നോക്കി.

വിരിഞ്ഞ നെഞ്ചും പാളപോലെ വീതിയുള്ള ഷോൾഡറുംകൊണ്ട് ഞാൻ എങ്ങോട്ട് ഒതുങ്ങാനാണ് കൊച്ചേ.. എന്ന് മനസ്സിൽ സ്വയം പൊക്കി പറഞ്ഞു കൊണ്ട് പരമാവധി വിൻഡോയ് ക്കരികിലേക്ക് ഒതുങ്ങി തന്നെ ഇരുന്നു.

അറിയാതെ എങ്ങാനും അവരുടെ ദേഹത്ത് സ്പർശിച്ചാൽ ചിലപ്പോൾ വീട്ടിലെത്താൻ പിന്നെയും വൈകും എന്നു പണ്ട് ഒരു കൺണ്ടക്ടർ ഒരു പൂവാലനോട് പറഞ്ഞ വാചകം ഇടയ്ക്കിടയ്ക്ക് മനസ്സിലൂടെ കടന്നു പോയികൊണ്ടിരുന്നു. ബസ്സു പോകെ പോകെ കാവ്യ മാധവൻ എന്നെ തുറിച്ചു നോക്കുന്നുണ്ട്.

ഈശ്വരാ..ബസ്സു ഓരോ വളവു തിരിയുമ്പോഴും എന്റെ കാലോ ഷോൾഡ്രോ മുട്ടുന്നുണ്ടോ എന്ന് സംശയം കൂടി കൂടി വന്നു.അവൾ എന്നെ കൂടുതൽ തുറിച്ചു നോക്കുന്നു..ബസ്സിലാണെങ്കിൽ പൂർണ്ണ നിശബ്ദത.. അടുത്തിരിക്കുന്ന ചേച്ചിയുടെ കൂർക്കം വലി ഇടയ്ക്ക് കേൾക്കുന്നുണ്ട്.എന്റെ ഹൃദയം പഞ്ചാരി മേളം മുഴക്കി കൊണ്ടിരുന്നു. പാട്ട് കേട്ട് കൊണ്ടിരുന്ന അവർ ഇയർ ഫോൺ ഊരി ബാഗിൽ വച്ചു. ഇടയ്ക്കാർക്കോ മെസ്സേജ് ചെയ്യുന്നുണ്ട് . എന്താകുമോ എന്തോ. രാത്രി അവളെ കൂട്ടികൊണ്ട് പോകാൻ വഴിയിൽ ഉറപ്പായും അവളുടെ ആങ്ങളയോ അച്ഛനോ ഉണ്ടാകും. അച്ഛാ ഒരു പൂവാലൻ എന്നെ ശല്യം ചെയ്യുന്നു. എന്നോ മറ്റോ ആണോ. എങ്കിൽ ബസ്സു സ്റ്റോപ്പിൽ നിർത്തുന്ന സമയത്തു അവളുടെ അച്ഛനോ ആങ്ങിളയോ കേറി വന്നു തല്ലാനും മതി.

എന്റെ കഴിവിന്റെ പരമാവധി ഞാൻ ഒതുങ്ങി ഇരുന്നു.നല്ല ക്ഷീണം ഉണ്ടെങ്കിലും എനിക്ക് ഒന്നുകണ്ണടക്കാൻ പോലും പറ്റിയില്ല.

ബസ്സ് അങ്കമാലി എത്താറായ സമയത്ത് നമ്മുടെ കാവ്യാ മാധവൻ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് എഴുന്നേറ്റു.. എന്റെ ശരീരത്തിലേക്കു അവൾ ചായുന്നു..ഈ പെണ്ണ് എന്തിനുള്ള പുറപ്പാടാണെന്ന് ചിന്തിച്ചിരിക്കുന്ന എന്റെ നേരെ കണ്ണ് തുറുപ്പിച്ചു കൊണ്ട് ആംഗ്യഭാഷയിൽ എന്തോ പറഞ്ഞു..

എന്താ… ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.. ഒരിക്കൽ കൂടി അവർ എന്തോ പറയാൻ ഭാവിച്ചതും…ഗ്വ…. ഈശ്വര… വാള്… എന്റെ വെള്ളയും നീലയും കലർന്ന ഷർട്ടിലേക്ക് ..

അടുത്തത് വരുന്നതിനു മുൻപേ കൈകുമ്പിൾ നീട്ടി കൊടുത്തു… ആശുപത്രിയിലെ കവിടി പിഞ്ഞാണിയിൽ പണ്ട് ചർധിച്ചത് ഓർമ്മയുണ്ട്.. അടുത്ത് കൂർക്കം വലിച്ചുറങ്ങിയിരുന്ന ചേച്ചി അവളെ പ്രാകികൊണ്ട് എഴുന്നേറ്റു പോയി..

വാള് ഏകദേശം ശാന്തമായി..

സോറി ചേട്ടാ… യാത്ര ചെയ്യുമ്പോൾ എനിക്ക് ഇടയ്ക്ക് ഉണ്ടാകും.. അതാണ്‌ ഞാൻ വിൻഡോ സീറ്റിൽ തന്നെ ഇരുന്നത്..

 

എന്റെ കയിലെ കുപ്പിവെള്ളം പോലീസിനെക്കൊണ്ട് തല്ലിച്ചു.. സ്റ്റാൻഡിൽ ഇറങ്ങി കുപ്പിവെള്ളം വാങ്ങി ഞാനും അവളും കൈകഴുകി… ഷർട്ടിലെ അഴുക്കു മുഴുവൻ അവൾ ടൗവ്വൽ കൊണ്ട് തുടച്ചു..ഒരു നൂറു സോറി പറഞ്ഞു.ചാലക്കുടി എത്തുന്നത് വരെ സോറി കേട്ട് എന്റെ ചെവികൾ മരവിച്ചു…

 

 

ആ സീറ്റിൽ ഞാനല്ലാതെ പിന്നെ ആരും ഇരുന്നില്ല…പിന്നീട് കയറിയ യാത്രക്കാർ കഥയറിയാതെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന തീവ്രവാദിയെ നോക്കുന്നത് പോലെ എന്നെ നോക്കി കൊണ്ട് കടന്നു പോയി.പകരും കുശുകുശുത്തു.. എവിടന്നു കേറിയടെ.. ഏതാ സാധനം അടിച്ചേ.. എന്നുള്ള കമന്റുകൾ പുറകിൽനിന്നാരോ വിളിച്ചു പറയുന്നത് കേട്ടു.. ഇല്ല ചേട്ടാ ഒരു വർഷം മുൻപ് ബുള്ളറ്റും കൊണ്ട് ksrtc യുടെ ബൊണറ്റിന്റെ ബലം നോക്കിയതിൽ പിന്നെ നമ്മളീ സാധനം ഇതുവരെ തൊട്ടിട്ടില്ല.. സത്യം എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടാതിരുന്നു..

 

 

ബസ്സിറങ്ങിയ ഞാൻ ഓട്ടോ പിടിച്ചു വീട്ടിലേക്കു വന്നു മുറ്റത്തെക്കു കടന്നതും മുറ്റമടിച്ചു കൊണ്ടിരുന്ന ചേച്ചിക്കു എന്തോ പന്തികേട് മണത്തു… മൂക്കിൽ വിരൽ വച്ചു കൊണ്ട് അമ്മേ എന്നും വിളിച്ചു അവൾ അകത്തേക്ക് ഓടിപോയി… രാവിലെ വാഴക്കു വെള്ളം നനയ്ക്കാൻ ഇറങ്ങിയ അച്ഛൻ മുഖം തിരിച്ചു ഒന്നും മിണ്ടാതെ പറമ്പിലേക്കു പോയി..

 

 

അൽപ സമയത്തിനകം ഭദ്രകാളിയെ പോലെ തുള്ളിക്കൊണ്ട് അമ്മ കടന്നു വന്നു… എവിടെ പോയി കുടിച്ച് വാളും വെച്ച് വന്നിരിക്കാടാ…പെങ്ങളുള്ളത് കെട്ടിക്കാറായി പുരനിറഞ്ഞു നിൽക്കാണെന്ന വല്ല ബോധവുമുണ്ടോ നിനക്ക്. ജോലി നോക്കാനെന്നും പറഞ്ഞു കൂട്ടുകാരുടെ കൂടെ ടൂറുപോയതല്ലേ നീ..

 

 

അല്ലമ്മേ..ഞാൻ…

 

 

കുളിച്ചിട്ടു വീട്ടിൽ കയറിയാൽ മതി ഇന്ന് ചിങ്ങമാസം ഒന്നാം തിയ്യതിയാണ്. തോർത്തു മുണ്ട് മുഖത്തേക്ക് എറിഞ്ഞു കൊണ്ട് അമ്മ കലിതുള്ളി അകത്തേക്ക് പോയി… അമ്മേ എന്റെ വാള് ഇങ്ങനല്ല.. എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞാൽ വിശ്വസിക്കില്ല എന്നറിയാവുന്നതുകൊണ്ട് കൂടുതൽ തർക്കിക്കാൻ പോയില്ല.
കുളത്തിലേക്ക് നടക്കുന്ന സമയത്ത് മനസ്സ് മുഴുവൻ കാവ്യാ മാധവന്റെ നമ്പർ ചോദിക്കാത്തതിലുള്ള വിഷമമായിരുന്നു…

 

 

writing Rejin muraleedharan

One comment

Leave a Reply to skapa binance-konto Cancel reply

Your email address will not be published. Required fields are marked *