ചേതനയറ്റവർക്ക് ഒരു നിയോഗം. പോലെ അഷ്റഫ്ക്കാ

ചേതനയറ്റവർക്കായി ഒരു നിയോഗം പോലെ….

ജ്ജ് എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.?.. അഥവാ എനിക്കെന്തെങ്കിലും സംഭവിച്ചു പോയാലും നിക്ക് ഒരു ധൈര്യം ഉണ്ട്.. വിശ്വാസം ഉണ്ട്.. ന്റെ ശരീരം ഭദ്രമായി ജന്മനാട്ടിൽ എത്തിച്ചേരും.
ഓരോ പ്രവാസിയുടെയും
ആ വിശ്വാസത്തിനും ധൈര്യത്തിനും ഒരു പേരുണ്ട്..

ജനിച്ച നാട്ടിൽ അലിഞ്ഞു ചേരാനും എരിഞ്ഞടങ്ങാനും കൊതിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ ജാതിമത ഭേദമന്യേ ജന്മനാട്ടിൽ എത്തിക്കുന്ന ഒരു മലയാളി പ്രവാസി…
നീണ്ട ഇരുപത് വർഷമായി യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ തുടരുന്ന തപസ്യ…
പ്രവാസത്തിന്റെ രുചി അറിഞ്ഞ ആരും തന്നെ പ്രവാസികളുടെ ദൈവമായ ഇദ്ദേഹത്തെ മറക്കില്ല… അഷ്‌റഫ്‌ താമരശ്ശേരി.. പ്രവാസലോകത്തെ സ്വന്തം അഷറഫ് ഇക്ക..പ്രവാസികൾക്ക് ദൈവതുല്യനായ മനുഷ്യൻ .

കോഴിക്കോട് താമരശ്ശേരി ചുങ്കം പാലോറക്കുന്നിന്മേൽ വീട്ടിൽ കോയാമു -കുഞ്ഞിപ്പാത്തുമ്മ ദമ്പതികളുടെ ഒൻപത് മക്കളിൽ അഞ്ചാമൻ.. വീട്ടിലെ ബുദ്ധിമുട്ടുകൾ പ്രവാസലോകം തിരഞ്ഞെടുക്കാൻഅദ്ദേഹത്തെയും നിർബന്ധിതനാക്കിയപ്പോൾ സഹോദരങ്ങൾക്കു പുറമെ അഷറഫ് എന്ന താമരശ്ശേരിക്കാരൻ കടൽ കടക്കുകയായിരുന്നു ഒരു നിയോഗം പോലെ….
അന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല അന്നം തേടി എത്തിയ നാട്ടിൽ താൻ അനേകം ചേതനയറ്റവരുടെ ഉറ്റ തോഴൻ ആകുമെന്ന്..

അപ്രതീക്ഷിതമായി….,ഒരു മൃതദേഹം നാട്ടിലേക്ക് കയറ്റി അയയ്ക്കാൻ വിഷമിക്കുന്ന ഒരു കുടുംബത്തെ സഹായിച്ചു തുടങ്ങി എന്നല്ലാതെ യാതൊരു മുൻപരിചയവുമില്ലാത്ത അഷ്‌റഫ്‌, അറിയാതെ തന്നെ പരേതരുടെ കൂട്ടുകാരനായി മാറുകയായിരുന്നു.

പിന്നെ അതൊരു ജീവിതവ്രതമാക്കി നീണ്ട ഇരുപത് വർഷങ്ങൾ….
ഒരുപക്ഷെ എല്ലാ മലയാളികൾക്കും ഇദ്ദേഹത്തെ അറിയില്ല എങ്കിലും ഇദ്ദേഹത്തെ ഓർക്കാത്ത, അറിയാത്ത പ്രവാസികൾ ഇല്ല എന്ന് പറയാം…

പ്രിയപ്പെട്ട വരുടെ ശരീരം നാട്ടിലെത്തിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന മനുഷ്യരുടെ ഇടയിൽ, കൊടിയുടെ നിറമില്ലാതെ, മതമില്ലാതെ,ജാതിയില്ലാതെ, തൊലിയുടെ നിറം നോക്കാതെ, ആൺ -പെൺ വ്യത്യാസം ഇല്ലാതെ മനുഷ്യത്വം എന്ന വാക്കിനെ അന്വർ ഥമാക്കിക്കൊണ്ട് ഒരു പാവം മനുഷ്യൻ…

പേരും അഡ്രസ്സും ജനിച്ചനാടും മാത്രം മതി അഷറഫ് ഇക്കയ്ക്ക് സുരക്ഷിതമായി ആ ശരീരങ്ങളെ ഉറ്റവരെ ഏല്പിക്കാൻ…
ആ മുഖത്ത് വിടരുന്ന ചിരിതന്നെയാണ് ഓരോ പ്രവാസിയുടെയും ആത്മവിശ്വാസവും…

മരണപ്പെട്ടത് പ്രമുഖരാണോ സാധാരണക്കാരനാണോ അനാഥ നാണോ എന്നത് നോക്കാതെ നാട്ടിലേക് കയറ്റി അയക്കുന്ന നിയമം എല്ലാർക്കുംഒന്നാണെന്നു അദ്ദേഹം പറയുന്നു…

ഓരോ രാജ്യത്തെയും വ്യത്യസ്ത നിയമങ്ങളുടെ നൂലാമാലകൾ തരണം ചെയ്ത് ഓരോ മൃതദേഹത്തെയും അതാതിന്റെ ആദരവോട് കൂടി എംബാം ചെയ്യുമ്പോൾ, നാട് അവർക്കായി കാത്തിരിക്കുമ്പോൾ,അഷ്‌റഫ്‌ ഇക്കാ… പറയാൻ വാക്കുകൾ ഇല്ലാ…. താങ്കളുടെ ഈ ജീവിത വ്രതത്തെക്കുറിച്ച്…

ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാവാതെ പാതിവഴിയിൽ വീണു പോകുന്നതും സ്വയം ഇല്ലാതാവുന്നവരുമായ അനേകം ജീവനുകൾ പ്രവാസലോകത്തുണ്ട്… അവസാന തുള്ളി വിയർപ്പ് പോലും ഉറ്റവർക്കായി മാറ്റിവച്ചിട്ടും ഒടുവിൽ മരണം മാടിവിളിച്ചപ്പോൾ ശരീരം നാട്ടിലേക്ക് കൊണ്ടു വരേണ്ട എന്ന് പറയുന്ന ബന്ധുക്കളെയും അഷ്‌റഫ്‌ ഇക്ക ഓർക്കുന്നു…
ഈ നീണ്ട കാലയളവിൽ പ്രവാസി ഭാരത പുരസ്‌കാരമുൾപ്പെടെ മറ്റനേകം അവാർഡ്കൾ അദ്ദേഹത്തെ തേടിയെത്തി…
ഒരുപാട് വിദേശരാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട് ആ നാട്ടിലെ മരണപ്പെട്ടവരുടെ ശരീരത്തോടൊപ്പം..

ഒരുകാലത്ത് വിദേശത്ത് മരണപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾക്കായി ബന്ധുക്കൾ മാസങ്ങളോളം കാത്തിരുന്നിട്ടുണ്ട്.. ഇന്നിതാ ദിവസങ്ങൾക്കുള്ളിൽ നിയമത്തിന്റെ എല്ലാ നൂലാമാലകളും നീക്കി ശരീരം നാട്ടിലെത്തിക്കാൻ നമ്മുടെ അഷറഫ് ഇക്കയുണ്ട്…
ആദ്യമൊക്കെ എതിർത്തു എങ്കിലും ഭർത്താവിന്റെ നിയോഗം ഇതാണെന്നു തിരിച്ചറിഞ്ഞതോടെ ഭാര്യ ഫാത്തിമ സുഹറയും മക്കളായഷാഫിയും ഷിഫാനയും അമീറും ഇപ്പോൾ പിന്തുണയുമായി അദ്ദേഹത്തോടൊപ്പമുണ്ട്..

പ്രവാസലോകത്തെ പ്രവർത്തനങ്ങളെ കുറിച്ച് ഒടുവിലത്തെ കൂട്ട് എന്ന പുസ്തകവും ഇറങ്ങിയിട്ടുണ്ട്… “പരേതർക്ക് വേണ്ടി “എന്ന അഷ്‌റഫ്‌ ഇക്കായെ കുറിച്ചുള്ള സിനിമയുടെ പണിപ്പുരയിലാണ് അതിന്റെ അണിയറപ്രവർത്തകർ.

ജീവിച്ചിരിക്കുന്നവരെ എന്ത് കൊടുത്താലും തൃപ്തി പ്പെടുത്താനാവില്ല എന്ന സത്യം അഷ്‌റഫ്‌ ഇക്ക യെപ്പോലെ ഓരോ മനുഷ്യനും തിരിച്ചറിയുക തന്നെവേണം…
പരാതികൾ ഇല്ലാത്ത ലോകത്തേക്ക്, കുറ്റവും കുറവും പറയാത്ത ലോകത്തേക്ക് നാം യാത്രയാകുമ്പോൾ കൂട്ടിന് വരാൻ ആരുമുണ്ടാകില്ല എന്ന സത്യം.

മോഹൻലാലിന്റെ” യോദ്ധ “എന്ന സിനിമ യിൽ ബുദ്ധ ലാമമാർ പറയുന്ന ഒരു വാചകം ഉണ്ട്…രക്ഷകൻ അവതരിച്ചിരിക്കുന്നു.അയാൾ കടൽ കടന്ന് എത്തും… കൊച്ചു ലാമയെ രക്ഷിക്കാൻ….

അതാണ്… പണ്ട് ദിവസങ്ങളും മാസങ്ങളുംബന്ധുക്കൾ കാത്തിരിന്നു എത്തിയിരുന്ന മൃതദ്ദേഹങ്ങൾക്ക് ഒരു രക്ഷകനായി അവതരിച്ചിരിക്കുകയാണ് അഷറഫ് ഇക്ക… കടൽ കടന്ന് അദ്ദേഹം പ്രവാസലോകത്ത് എത്തിയതും ദൈവനിയോഗമാകാം….

കൂടെ കൊണ്ടുവരാൻ പറ്റാത്ത സാധനങ്ങൾ കാർഗോ യിൽ അയച്ചിട്ടുണ്ട് എന്ന് പ്രവാസികൾ പറയുമ്പോഴും, നാളെയൊരു പക്ഷേ ഒരു കാർഗോ പോലെ,നാട്ടിലേക്ക് വരാൻ കാത്തുകിടക്കുന്ന വരുടെ കൂട്ടത്തിൽ താനുമുണ്ടാവുമോ എന്ന് പ്രവാസികൾ ഭയപ്പെടുന്നു…. തൂക്കം നോക്കി ചാർജ് നിശ്ചയിച്ചു കൊണ്ടുവരുന്ന ഓരോ ലെഗ്ഗെജുകളും പോലെ…..

അഷറഫ് ഇക്ക ഉണ്ണാതെ, ഉറങ്ങാതെ….. കൂട്ടിരിപ്പുണ്ട്.. ആരോരും ഏറ്റെടുക്കുവാൻ ഇല്ലാത്ത, നാട്ടിലേക് അയക്കാൻ നിവൃത്തി യില്ലാത്ത പാതിവഴിയിൽ സ്വപ്‌നങ്ങൾ അറ്റുപോയ ചേതനയറ്റ ശരീരങ്ങൾ ഉറ്റവർക്ക് എത്തിക്കാനായി. ഒരു രക്ഷകനായി.. അവസാനത്തെ കൂട്ട് എന്നോണം..

ജാതിക്കും മതത്തിനും നിറത്തിനും വേണ്ടി പ്രാണനെടുക്കുമ്പോൾ അതാ അവിടെയൊരു മനുഷ്യൻ, പൂർത്തീകരിക്കാതെ ബാക്കിവച്ച സ്വപ്നസഞ്ചാരികൾക്കായി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നു….
പ്രവാസലോകത്തിന്റെ തിളക്കത്തിനപ്പുറം തണുത്തു മരവിച്ച ജീവിതയാഥാർഥ്യങ്ങൾ കൂടി യുണ്ടെന്നു അദ്ദേഹം നമ്മെ ഓർമപ്പെടുത്തുന്നു..

ഒറ്റവാക്കിൽ നിർവചിക്കാനാവില്ല അഷറഫ് ഇക്കാ നിങ്ങളെ. മനുഷ്യത്വമാണ് അങ്ങയുടെ കൊടിയും ജാതിയും രാഷ്ട്രീയവും നിറവും എല്ലാം എന്ന് അങ്ങയുടെ പ്രവൃത്തിയിലൂടെ കാണിച്ചു തരികയാണ് നിങ്ങൾ…

ജനിച്ചനാട്ടിൽ തിരിച്ചു ജീവനോടെ എത്താൻ കഴിയണേ എന്ന പ്രാർത്ഥന യുണ്ടെങ്കിലും അതിന് കഴിയാത്ത,
ചേതനയറ്റവർക്കായുള്ള അങ്ങയുടെ കൂട്ടിരിപ്പ് തുടരട്ടെ ഒരു തപസ്യ പോലെ…

ലിജി ഷമീർ…

One comment

Leave a Reply to Регистрация в binance Cancel reply

Your email address will not be published. Required fields are marked *