കല്യാണികുട്ടീടെ സ്വന്തം അരുണേട്ടൻ

മോനെ….കല്യാണിയുടെ വിവാഹം ഉറപ്പിച്ചു..! വരുന്ന മേട മാസത്തിൽ നടത്താനാ തീരുമാനം.”

ഫോണിലൂടെ അമ്മ പറഞ്ഞ കാര്യം കേട്ടതും അരുണിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായി.

” ഏഹ്…. കല്ലുവിന്റെ കല്യാണം ആയോ….. അതെന്താ ഇത്ര പെട്ടന്ന് . ” അവൻ അമ്പരപ്പോടെ ചോദിച്ചു.

” വല്യേട്ടനും മറ്റും അവളുടെ ജാതകം നോക്കിച്ചു. 21 ആം വയസിൽ നടന്നില്ലെങ്കിൽ പിന്നെ 30 വയസ് കഴിയാതെ മംഗല്യയോഗം ഇല്ലന്നാ അദ്ദേഹം പറഞ്ഞത്… അത്കൊണ്ടാ എത്രയും വേഗം കല്യാണം നടത്താനുള്ള തീരുമാനത്തിൽ തറവാട്ടിൽ എല്ലാരും എത്തിയത്…”

” കല്യാണി….. അവൾ സമ്മതിച്ചോ ഇതിനു…. ” അരുൺ ചോദിച്ചു

” ജാതകത്തിൽ ഇങ്ങനെ ഉള്ളത് അവളും അറിഞ്ഞതല്ലേ.. പോരാത്തതിന് തറവാട്ടിൽ എല്ലാരും സമ്മതിക്കുകയും ചെയ്തു… പിന്നെ അവൾക്ക് എതിർപ്പ് ഉണ്ടാകുമോ… “
അമ്മ പറഞ്ഞു.

” നമ്മുടെ തെക്കേതൊടിയിലെ ദാമോദരൻ ഇല്ലേ… അയാൾ കൊണ്ട് വന്ന ആലോചനയാ…ചെക്കനും നിന്നെ പോലെ തന്നെ ബാംഗ്ലൂർ ആണ് ജോലി.ഫോട്ടോ കണ്ടതും എല്ലാർക്കും അങ്ങ് ഇഷ്ട്ടപ്പെട്ടു.പിന്നെ പെണ്ണുകാണലും അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോക്കും വരവുമൊക്കെ ദേ എന്ന പോലെ അങ്ങ് കഴിഞ്ഞു..ഏഴാം തിയതി നിശ്ചയം, 12 ആം തിയതി കല്യാണം…. കല്യാണം നമ്മുടെ കുടുംബക്ഷേത്രത്തിൽ വെച്ചാണ്… നീ നാട്ടിലേക്ക് വരില്ലേ കല്യാണത്തിന്…. ലീവ് ഉണ്ടാകുമോ നിനക്ക്….. “

“മം…” അവൻ വെറുതെ മൂളി.

” ഇവിടെ അച്ഛമ്മ പറയുന്നത് കേട്ടു, ബാംഗ്ലൂർ ആകുമ്പോ അരുണിന് കണ്ടു പരിചയം ഉള്ള ആളാകുമോ എന്നൊക്കെ… നമ്മുടെ ഇരിക്കാശ്ശേരി പോലെ ഇട്ടാവട്ടത്തു ഉള്ള സ്ഥലമല്ല, ബാംഗ്ലൂർ വലിയ നഗരം ആണെന്നൊക്കെ അച്ഛൻ പറഞ്ഞു കൊടുക്കുന്നത് കേട്ടു… “അമ്മ ചിരിയോടെ പറഞ്ഞു കൊണ്ടിരുന്നു .അമ്മ ഓരോന്നൊക്കെ പറയുമ്പോഴും അവന്റെ മനസ് മറ്റെവിടെയോ ആയിരുന്നു.
കാൾ കട്ട്‌ ചെയ്തു കഴിഞ്ഞിട്ടും അവൻ വെറുതെ ഫോണും പിടിച്ചു ഓഫീസ് കാബിനിൽ ഇരുന്നു.

ബാംഗ്ലൂർ നഗരത്തിന്റെ ബഹളം നിറഞ്ഞ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴും അരുണിന്റെ മനസ് അങ്ങ് ദൂരെ അവന്റെ തറവാട്ടിൽ ആയിരുന്നു. അതിനോടൊപ്പം നക്ഷത്രകണ്ണുള്ള കല്യാണി എന്ന കല്ലുവിന്റെ മുഖവും മിഴിവോടെ തെളിഞ്ഞു വന്നു.

ഡ്യൂട്ടി കഴിഞ്ഞു തിരികെ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴും മനസ് കെട്ടുപൊട്ടിയ പട്ടം പോലെ പറന്നു കൊണ്ടിരുന്നു.കല്ലുവിന്റെ കല്യാണം ഉറപ്പിച്ചെന്ന് അറിഞ്ഞത് മുതൽഎന്തോ ഒരു വീർപ്പുമുട്ടൽ. പേരറിയാത്തൊരു അസ്വസ്ഥത അവനെ വന്നു പൊതിയുന്നത് പോലെ. ഓരോന്നൊക്കെ ഓർത്തു തലയ്ക്കു ചൂട്പിടിച്ചതും ഷവറിന്റെ കീഴിൽ നിന്ന് കുറെ നേരം നനഞ്ഞു. രാത്രി വൈകിയും ഉറക്കം കിട്ടാതെ അവൻ ബാൽക്കണിയിലൂടെ നടന്നു.

അരുണിന്റെ മുത്തശ്ശിയുടെ ചേട്ടന്റെ ചെറുമകൾ ആണ് കല്യാണി. ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ശേഷം തറവാട്ടിൽ പിറന്ന ഏകപെൺതരി ..അമ്മ വീട്ടിൽ പോകുമ്പോഴെല്ലാം കാണുന്ന കുസൃതി നിറഞ്ഞ മുഖമുള്ള അവളോട് പണ്ട് മുതലേ അരുണിന് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു. കല്യാണിയ്ക്കും അങ്ങനെ തന്നെ. മറ്റാരോടും ഇല്ലാത്ത അടുപ്പം ആയിരുന്നു അവൾക്ക് അരുണിനോടും.കൂട്ടുകൂടാനും കുസൃതി കാണിക്കാനും വഴക്ക് കൂടാനും തല്ലു പിടിക്കാനും എല്ലാം പണ്ട് മുതലേ ഇരുവരും ഒന്നിച്ചു തന്നെ ആയിരുന്നു. മറ്റാർക്കും മനസിലാകാത്ത, ആരെയും പറഞ്ഞു മനസിലാക്കിക്കാൻ അറിയാത്ത, അരുണിനും കല്യാണിയ്ക്കും മാത്രം അറിയാവുന്ന ഒരു അദൃശ്യബന്ധം ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നു. ഒരാൾ പറയാതെ തന്നെ മറ്റേയാളെ മനസിലാക്കുന്ന, ഒരാളുടെ നിശബ്ദതയുടെയും, ശബ്ദവ്യത്യാസത്തിന്റെയും അർത്ഥം പോലും പറയാതെ മനസിലാക്കാൻ സാധിക്കുന്ന അത്രമേൽ പരസ്പരം അടുപ്പമുള്ള രണ്ടുപേർ. എന്റെ ബെസ്റ്റ് ഫ്രണ്ട് അരുണേട്ടൻ ആണെന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് കല്യാണി പറയുമ്പോൾ ഉണ്ടാകുന്ന അനുഭൂതി… ആ ഒരു സന്തോഷം..അതൊക്കെ തനിക്ക് എന്തുമാത്രം പ്രിയപ്പെട്ടതാണ് എന്ന് അരുൺ ഓർത്തു.

അവളോടുള്ള ഇഷ്ടം എപ്പോഴാണ് പ്രണയത്തിലേക്ക് വഴിമാറിയതെന്ന് അറിയില്ല. പ്രിയപ്പെട്ട കൂട്ടുകാരി ജീവിതകാലം മുഴുവനും കൂടെ വേണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചപ്പോഴും തുറന്നു പറയാൻ മടിയായിരുന്നു. ഒരുപക്ഷെ അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഇല്ലെങ്കിൽ പിന്നീടു പഴയ പോലെ അവൾക്ക് തന്നെ കാണാൻ സാധിക്കില്ലെന്ന് കരുതി ഉള്ളിലുള്ള പ്രണയത്തെ മറച്ചുവെച്ചു. ജോലിയൊക്കെ നേടിയശേഷം കല്ലുവിന്റെ വീട്ടുകാരുമായി വിവാഹത്തെക്കുറിച്ച് സംസാരിക്കണം എന്നെല്ലാം ഉള്ളിൽ കരുതി ഇരുന്നതാണ്.. അപ്പോഴാണ് ഇടിത്തീ പോലെ അവളുടെ കല്യാണം ഉറപ്പിച്ചു എന്ന വാർത്ത കേൾക്കുന്നത്.

ദിവസങ്ങൾ ഓടിമറയുമ്പോഴും അരുണിന്റെ ഉള്ളിൽ എന്തൊക്കെയോ അസ്വസ്ഥത കൂടി കൂടി വന്നു.കല്യാണത്തിനു ഇനി 10 ദിവസം കൂടിയേ ഉള്ളു. നല്ലത് പോലെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ എത്തിയതും അവൻ എമർജൻസി ലീവ് എടുത്തു നാട്ടിലേക്ക് തിരിച്ചു.

നാട്ടിലെത്തിയതും നേരെ തറവാട്ടിലേക്കാണ് പോയത്. കല്യാണം പ്രമാണിച്ചു എല്ലാവരും അവിടെയായിരുന്നു താമസം. ബന്ധുക്കളുടെ വിശേഷംതിരക്കലും സ്നേഹപ്രകടനങ്ങളും ഒക്കെ കഴിഞ്ഞു ഒരുപാട് വൈകിയാണ് കല്യാണിയെ കാണാൻ അവസരം ഉണ്ടായത്.അതിനു തല മൂത്ത കാരണവന്മാരുടെ അനുവാദം പോലും വേണ്ടി വന്നു. അവൾ കല്യാണപ്പെണ്ണല്ലേ… പഴയ പോലെ അങ്ങനെ ഇടിച്ചു കയറി ചെന്ന് കാണാൻ പറ്റുമോ…പുറത്ത് കാത്തിരുന്നു… വല്യച്ഛൻ വന്നു അകത്തേക്ക് കൂട്ടിക്കൊണ്ട് പോയപ്പോഴാണ് കൂട്ടുകാരികളുടെ നടുക്ക് ഇരിക്കുന്ന അവളെ കാണാൻ പറ്റിയത്.

അരുണിനെ കണ്ടതും അവൾ എഴുന്നേറ്റു നിന്നു. അവളാകെ മാറിയിരിക്കുന്നു. കുറച്ചു കൂടി ചന്തം വെച്ചത് പോലെ. ദാവണി ചുറ്റി നടന്നിരുന്ന കല്ലു സാരിയൊക്കെ ഉടുത്ത് വലിയ പെണ്ണായി നില്കുന്നു. അവളോട് എന്താണ് സംസാരിക്കേണ്ടത് എന്ന് അരുണിന് അറിയില്ലായിരുന്നു. എന്തൊക്കെയോ സംസാരിച്ചു. അവളും എന്തൊക്കെയോ മറുപടി തന്നു. ആ പഴയ പ്രസരിപ്പും സന്തോഷവും ഒന്നും അവൾക്ക് ഇല്ലേ….? അവളുടെ കണ്ണിൽ വിഷമം തളംകെട്ടി നിൽക്കുന്നത് പോലെ…അതോ ഇനി തന്റെ തോന്നൽ ആണോ…?
ഒരുപക്ഷെ വീട്ടുകാരെ ഒക്കെ വിട്ടു പോകുന്നതിന്റെ വിഷമം ആയിരിക്കാം… തന്റെ സംശയത്തിനുള്ള ഉത്തരം അരുൺ സ്വയം കണ്ടെത്തി.

രാത്രി കുടുംബക്കാർ എല്ലാവരും ഒത്തൊരുമിച്ചു സൊറ പറഞ്ഞു ഇരിക്കുമ്പോഴും അരുണിന്റെ കണ്ണുകൾ തേടിയത് കല്യാണിയെ ആയിരുന്നു.എല്ലാവരിൽ നിന്നും അകന്ന് മാറി ഒരു വശത്തായി ഇരിക്കുന്ന അവളെ അവൻ നോക്കിയിരുന്നു.അവളെ കാണുമ്പോഴെല്ലാം ഉള്ളിൽ ഒരു വേദന കൊളുത്തിവലിയ്ക്കുന്നത് പോലെ അരുണിന് അനുഭവപ്പെട്ടു. അവന്റെ മനസ്സിൽ നഷ്ട്ടബോധം നിറഞ്ഞു. പ്രിയപ്പെട്ടത് എന്തോ കയ്യെത്തും ദൂരത്തു ഉണ്ടായിട്ടും നഷ്ടപ്പെടാൻ പോകുന്നു എന്ന തോന്നൽ അവനിൽ വേദന നിറച്ചു.രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും തെളിച്ചം മങ്ങിയ കല്ലുവിന്റെ മുഖം ആയിരുന്നു അരുണിന്റെ മനസ് നിറയെ.

തീരെ സമാധാനം ഇല്ലാതെ ആയപ്പോൾ പിറ്റേന്ന് രാവിലെ എല്ലാവരും എഴുന്നേറ്റു വരുന്നതിനു മുൻപ് അമ്പലത്തിലേക്ക് പോകാൻ അവൻ തയ്യാറായി.

” അമ്പലത്തിലേക്ക് ആണെങ്കിൽ ഞാനും ഉണ്ട് അരുണേട്ടാ… “

ശബ്ദം കേട്ടു തിരികെ നോക്കിയതും സെറ്റ് സാരി ഒക്കെ ഉടുത്തു കല്യാണി ഒരുങ്ങി നില്കുന്നു. ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളും അരുണിനോടൊപ്പം അമ്പലത്തിലേക്ക് നടന്നു നീങ്ങി. മുന്നോട്ട് പോകും വഴി സാരിയുടെ തുമ്പിൽ ചവിട്ടി അവളൊന്നു വീഴാൻ തുടങ്ങിയതും അരുൺ അവളെ കൈ കൊണ്ട് ചേർത്ത് നിർത്തി.
” ശീലം ഇല്ലെങ്കിൽ പിന്നെന്തിനാ കല്ലു ഇതൊക്കെ ഉടുത്തത്. ” അവൻ ശാസനയോടെ അവളോട് ചോദിച്ചു.

” അമ്മയും അമ്മായിമാരും എല്ലാം ചേർന്ന് ഉടുപ്പിച്ചതാ…ഒന്നും എന്റെ ഇഷ്ടത്തിന് അല്ല….!” അവൾ നിസ്സംഗതയോടെ പറഞ്ഞു

അവനിൽ നിന്നടർന്നു മാറി അവൾ മുന്നോട്ട് നടന്നു.വഴിയിലെങ്ങും വീഴാതെ സൂക്ഷിച്ചുള്ള കല്യാണിയുടെ നടപ്പ് കണ്ടതും അരുൺ സഹായത്തിനായി അവൾക്ക് നേരെ കൈ നീട്ടി. അവളാ കൈകളിൽ പിടിത്തമിട്ടുകൊണ്ട് മുന്നോട്ട് നടന്നു.
അമ്പലത്തിൽ എത്തുംവരെയും അവളാ കൈകളിൽ മുറുകെ പിടിച്ചിരുന്നു.

അമ്പലത്തിൽ നിന്നു തൊഴുതു ഇറങ്ങി തിരികെ വരുംവഴി ഇരുവരും ആൽത്തറയിൽ ചെന്നിരുന്നു.

“നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ കല്ലു…” അരുൺ ആർദ്രമായി അവളോട് ചോദിച്ചു.

” അരുണേട്ടന് എന്തെങ്കിലും വിഷമം ഉണ്ടോ… ” അവൾ തിരികെ ചോദിച്ചു.

ഇല്ലന്ന് കള്ളം പറയാൻ കഴിയില്ല. താൻ കള്ളം പറഞ്ഞാൽ അവൾക്ക് മനസിലാകും.അവൻ മറുപടി നൽകിയില്ല.

” എനിക്ക് അരുണേട്ടനെ ഇഷ്ട്ടമാണ്…വെറും ഇഷ്ടമല്ല…ജീവിതകാലം മുഴുവൻ കൂടെ വേണമെന്ന് തോന്നുന്ന ഒരിഷ്ടം.. മറ്റാർക്കും വിട്ടുകൊടുക്കാൻ തോന്നാത്ത ഇഷ്ടം… എന്റേത് മാത്രമായി അടക്കി പിടിക്കാൻ തോന്നുന്ന ഇഷ്ടം…. “
കുറച്ചു നേരം തളംകെട്ടി നിന്ന മൗനത്തെ കീറിമുറിച്ചുകൊണ്ട് കല്ലു പറഞ്ഞു.

അരുൺ ശ്വാസംഅടക്കിപിടിച്ചു അവളെ നോക്കിയിരുന്നു.

” എപ്പോഴാണ് എനിക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നിയതെന്ന് എനിക്കറിയില്ല.. അത് പ്രണയം ആണെന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകിപോയി.. അത് അരുണേട്ടനോട് പറയാൻ അതിലേറെയും…” അവൾ ഒന്ന് നിർത്തി അരുണിനെ നോക്കി.

“അച്ഛനോടും അമ്മയോടുമെല്ലാം ഇത് പറഞ്ഞു സമ്മതിപ്പിക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. പഠിത്തം കഴിഞ്ഞു ഒരു ജോലി ആയിട്ട് അവതരിപ്പിക്കാം എന്നൊക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടി.. പക്ഷെ എന്റെ കണക്ക്കൂട്ടലുകളെ ഒക്കെ തെറ്റിച്ചുകൊണ്ടാണ് ജാതകം വില്ലനായി വന്നത്.. പിന്നെ എത്രയും വേഗം വിവാഹം നടത്താനുള്ള തത്രപാടിൽ ആയിരുന്നു ഇവിടെ എല്ലാവരും.. ചെക്കനെ കണ്ടെത്തലും വിവാഹം ഉറപ്പിക്കലും എല്ലാം… എല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു.. ഒന്നും എന്റെ സമ്മതത്തോടെ അല്ല… എല്ലാവരും ചേർന്നങ്ങു തീരുമാനിച്ചു. അതിനിടയിൽ ഈ കാര്യം ഞാൻ എങ്ങനെ അവതരിപ്പിക്കും. ഇനി ഞാൻ അവതരിപ്പിച്ചാൽ തന്നെ അരുണേട്ടന് എന്നോട് അങ്ങനെ ഒരിഷ്ടം ഇല്ലെങ്കിലോ…?കാരണം ഒരിക്കൽ പോലും ഞാനെന്റെ ഇഷ്ടം ഏട്ടനോട് പറഞ്ഞിട്ടില്ലല്ലോ… ഈ അവസരത്തിൽ അറിയിക്കുമ്പോൾ ഒരുപക്ഷെ ഏട്ടന് എന്നെ വേണ്ടന്ന് പറഞ്ഞെങ്കിലോ…?.ആ നിമിഷം ഞാൻ തകർന്ന് പോകുമായിരുന്നു…അതിലും നല്ലത് ആരെയും അറിയിക്കാതെ എന്റെ പ്രണയത്തെ മനസ്സിൽ തന്നെ കുഴിച്ചു മൂടുന്നത് ആണെന്ന് തോന്നി…”

“ഒരുപാട് വൈകി എന്നറിയാം…പക്ഷെ ഇത് അരുണേട്ടനോട് പറയാതെ ഇരിക്കാൻ ഇനിയും എനിക്ക് വയ്യ. എന്തിനു വേണ്ടിയാണ് ഞാനെന്റെ പ്രണയത്തെ നിശബ്ദമായി കൊന്നുകളഞ്ഞതെന്ന് നാളെ ഒരിക്കലും എനിക്ക് കുറ്റബോധം തോന്നാൻ പാടില്ല..അനവസരം ആണെങ്കിൽ കൂടി അതോണ്ടാണ് ഇപ്പോൾ ഏട്ടനോട് പറയുന്നത്…. “

കല്ലു പറഞ്ഞു തീർന്നതും അരുണിന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണ്നീർ അടർന്നു അവളുടെ കൈത്തണ്ടയിലേക്ക് വീണു. കല്ലു മുഖം ഉയർത്തി വേവലാതിയോടെ അവനെ നോക്കി. അവൻ കല്ലുവിന്റെ മുഖം തന്റെ കൈകുമ്പിളിൽ കോരി എടുത്തു.

” എനിക്കും ഇഷ്ടമായിരുന്നു നിന്നെ… ഒരുപാട്…. ഒരുപാട്…മറ്റാർക്കും വിട്ടുകൊടുക്കാതെ എന്റേതു മാത്രമെന്ന് തോന്നിക്കുന്ന ഇഷ്ടം… നിന്നെപ്പോലെ തന്നെ ഒരിക്കൽ പോലും പറയാൻ സാധിക്കാതെ പോയ, ആരും അറിയാതെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച എന്റെ പ്രണയം…”
അരുൺ പറഞ്ഞതും കല്ലു കണ്ണീരോടെ അവനെ നോക്കിയിരുന്നു.

” വൈകിപോയല്ലേ… നമ്മൾ രണ്ടുപേരും…. ഒരുപാട് ഒരുപാട് വൈകിയല്ലേ…. ” അവൾ വേദനയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു.

അരുണിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. “കല്ലുവിന്റെ ഓരോ നോട്ടത്തിലും, വാക്കുകളിലും മൗനത്തിലും, തന്നോടുള്ള പ്രണയം അല്ലെ നിറഞ്ഞു നിന്നത്… ആ പ്രണയത്തെ താൻ എന്തെ കാണാതെ പോയി. എന്റെ ഉള്ളിലും അവളോട് അടങ്ങാത്ത പ്രണയം അല്ലെ ഉണ്ടായിരുന്നത്.. അതെന്തേ അവൾ തിരിച്ചറിയാതെ പോയി… എന്താണ് ഞങ്ങൾക്ക് ഇടയിൽ സംഭവിച്ചത്..എല്ലാം പരസ്പരം പങ്കിടുന്ന ,ഞങ്ങൾ എന്ത്കൊണ്ടാണ് പ്രണയം മാത്രം രഹസ്യമായി സൂക്ഷിച്ചത്…”അവന്റെ മനസ് ഓരോന്നോർത്തു കുഴങ്ങിക്കൊണ്ടിരുന്നു.

ദിവസങ്ങൾ കടന്ന് പോകവേ കല്യാണതിരക്കുകൾആരംഭിച്ചു.എല്ലാവരോടും എല്ലാം തുറന്ന് പറഞ്ഞു കല്ലുവിനെ സ്വന്തം ആക്കിയാലോ എന്ന് അരുൺ പലതവണ ആലോചിച്ചു. പക്ഷെ ഈ വൈകിയ വേളയിൽ അത് കുടുംബത്തിലെ ഓരോരുത്തർക്കും ഉണ്ടാക്കുന്ന ആഘാതം എത്ര വലിയതാണെന്ന് ഇരുവർക്കും അറിയാമായിരുന്നു.നഷ്ടപ്പെടുമെന്ന് തോന്നുമ്പോഴാണ് പ്രണയത്തിനു തീവ്രത ഏറുന്നതെന്ന് ഇരുവരും മനസിലാക്കുകയായിരുന്നു.വിങ്ങുന്ന ഹൃദയവുമായി ഇരുവരും പരസ്പരം കാണാതെ, മിണ്ടാതെ, ഒരു വീട്ടിൽ കഴിച്ചുകൂട്ടി.

കല്യാണത്തിന് തലേ ദിവസം രാത്രി എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കുന്നതിനു ഇടയിലാണ് നീയിത് വരെ കല്യാണിയുടെ ചെക്കനെ കണ്ടില്ലല്ലോ എന്ന് പറഞ്ഞു അമ്മായിയുടെ മകൻ അരുണിന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചുതന്നത്.ആ ഫോട്ടോ കണ്ടതും എവിടെയോ കണ്ടുമറന്ന നല്ല പരിചയമുള്ള മുഖത്തെ ഓർമിപ്പിച്ചു.
“ഇയാളുടെ പേരെന്താ… ” അരുൺ ചോദിച്ചു

” കാർത്തിക്…. “

” ബാംഗ്ലൂരിൽ എവിടെയാ വർക്ക്‌ ചെയ്യുന്നേ… “

” Oracle എന്ന ഐടി കമ്പനിയിൽ ആണ് “
അരുണിന്റെ മുഖഭാവം പെട്ടന്ന് മാറി മറിഞ്ഞു. അവൻ ധൃതിയിൽ ഫോണെടുത്തു ആരെയോ വിളിച്ചു.
” ഞാനൊരു ഫോട്ടോ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.. അന്ന് ഉണ്ടായ കേസിലെ ആളോണോന്ന് ഇതെന്ന് നോക്കി കൺഫേം ചെയ്യണം.. “

അവൻ സംസാരിക്കുന്നത് കേട്ടു എല്ലാവരും പരിഭ്രമത്തോടെ അരുണിനെ തന്നെ നോക്കി നിൽക്കുകയാണ്.
അൽപനേരം കഴിഞ്ഞതും അവന്റെ ഫോണിലേക്ക് ഒരു call വന്നു.
” എന്തായി… ” അരുൺ ആകാംഷയോടെ ചോദിച്ചു.

” ഓ…. ഇത് അവൻ തന്നെ ആണല്ലേ…എപ്പോഴാ ജയിലിൽ നിന്ന് ഇറങ്ങിയത്… ” അരുൺ ഫോണിലൂടെ സംസാരിക്കുന്നത് കേട്ടതും എല്ലാവരും പരസ്പരം ഓരോന്നൊക്കെ അടക്കം പറയാൻ തുടങ്ങി.

” എന്താ മോനെ പ്രശ്നം..കേസെന്നും ജയിലെന്നും ഒക്കെ പറയുന്നത് കേട്ടല്ലോ .. ” വേവലാതിയോടെ കല്യാണിയുടെ അച്ഛൻ അരുണിന്റെ അടുത്തേക്ക് വന്നു ചോദിച്ചു.

‌ ” അത്……കല്യാണിയ്ക്ക് വേണ്ടി കണ്ടെത്തിയ ചെക്കൻ രണ്ട് വർഷം മുൻപ് വിവാഹത്തട്ടിപ്പ് കേസിൽ ബാംഗ്ലൂർ വെച്ച് പോലീസ് പിടിയിൽ ആയതാണ്…ഞങ്ങളുടെ അടുത്തുള്ള സ്ഥാപനം ആയത് കൊണ്ടും മലയാളി ആയത്കൊണ്ടും തന്നെ അന്നത് ഞങ്ങൾക്കിടയിൽ വലിയ ചർച്ച ആയിരുന്നു.അന്നത് കാശു കൊടുത്തു കേസ് ഒതുക്കിയെന്നും അവൻ നാട് വിട്ടേന്നും അറിഞ്ഞു. പിനീട് വിവരം ഒന്നും ഉണ്ടായില്ല. ഇന്ന് ഫോട്ടോ കണ്ടപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു എവിടെയോ കണ്ടുമറന്ന മുഖം ആണല്ലോ എന്ന്… ബാംഗ്ലൂർ ഉള്ള സുഹൃത്തുക്കൾക്കു ഫോട്ടോ അയച്ചതും അവർ ആളെ identify ചെയ്തു.. ഇത് അവൻ തന്നെയാണെന്ന്.. “

‌അരുൺ പറഞ്ഞു കഴിഞ്ഞതും അവിടെമാകെ ഒരു മരണവീടിന്റെ പ്രതീതി ആയി. ” എന്റെ കുഞ്ഞിന്റെ ഭാവി നശിച്ചല്ലോ” എന്ന് പറഞ്ഞു സ്ത്രീകളെല്ലാം നിലവിളി തുടങ്ങി

“ചെക്കനെകുറിച്ച് ശെരിക്ക് അന്വേഷിക്കാതെ ആണോ കല്യാണം ഉറപ്പിക്കുന്നത്… സ്വന്തം മോളുടെ ജീവിതത്തേക്കാൾ പ്രാധാന്യം ജാതകത്തിനു ആണോ കൊടുത്തത്”എന്നൊക്കെ ബന്ധുക്കൾ ചേർന്ന് ഓരോ കുറ്റപ്പെടുത്തലുകളും ആരംഭിച്ചു.

” കുറ്റപ്പെടുത്താനും, കരയാനും ഉള്ള സമയം അല്ലിത്.ഇങ്ങനെ ഒരു ചതിയന്റെ കയ്യിൽ നിന്ന് നമ്മുടെ കുട്ടി രെക്ഷപെട്ടല്ലോ എന്നോർത്ത് സന്തോഷിച്ചാൽ മതി..അവളുടെ കല്യാണം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ മുടങ്ങാതെ നടത്തണം…അതിനുള്ള വഴി ആലോചിക്ക് എല്ലാവരും ” അരുണിന്റെ അച്ഛൻ ഇടപെട്ടു കൊണ്ട് പറഞ്ഞു

പിന്നീട് അവിടെയൊരു വലിയ ചർച്ച തന്നെ നടന്നു. വലിയമ്മാവന്റെയും ഇളയച്ഛന്റെയും മക്കൾ മുതൽ ബന്ധത്തിലുള്ള സകല അവിവാഹിതരായ ചെറുപ്പക്കാരും കല്യാണിയുടെ വരൻ ആകാനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടു.അവസാനം വല്യച്ഛന്റെ മകൻ രാഹുലിനു നറുക്ക് വീണു. ഒന്നടങ്കം എല്ലാവരും അതിനു സമ്മതം മൂളുകയും കൂടി ചെയ്തതോടെ അരുണിൽ ദേഷ്യം അരിച്ചിറങ്ങി.

“ഇനിയും വയ്യ…. ആരുടെയൊക്കെയോ താല്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി തന്റെ ഇഷ്ട്ടത്തെ കണ്ടില്ലന്നു നടിക്കാനോ,വിട്ടു കൊടുക്കാനോ കഴിയില്ല..” അവൻ എന്തോ പറയാനായി എഴുന്നേറ്റതും കല്യാണി ഇരുന്നിടത്ത് നിന്ന് മുന്നോട്ടേക്ക് ഇറങ്ങി വന്നു.

” എനിക്ക് ഈ കല്യാണത്തിന് സമ്മതം അല്ല…. “

” എന്താ മോളെ നീയി പറയുന്നേ…കല്യാണം മുടങ്ങാതെ നടത്താൻ ശ്രമിക്കുമ്പോൾ നീയിങ്ങനെ അവസാന നിമിഷം സമ്മതം അല്ലെന്ന് പറഞ്ഞാൽ എങ്ങനെയാ… ” അവളുടെ അച്ഛൻ ചോദിച്ചു.

” എനിക്ക് അരുണേട്ടനെ ഇഷ്ടമാ… അരുണേട്ടന് എന്നെയും… ഞങ്ങളുടെ വിവാഹം നടത്തിയാൽ മതി.. ” അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
എല്ലാവരും അമ്പരന്ന് അരുണിനെയും കല്യാണിയെയും മാറി മാറി നോക്കി.

” എന്ത് കൊണ്ട് നീയിത് നേരത്തെ പറഞ്ഞില്ല…. ” അച്ഛൻ ചോദിച്ചു

” നിങ്ങളാരും എന്നോട് ചോദിച്ചില്ലലോ.! ആരെങ്കിലും എന്നോട് ചോദിച്ചിരുന്നോ ഈ വിവാഹത്തിന് താല്പര്യം ഉണ്ടോന്ന്…?എല്ലാവരും കൂടി ഒരുത്തനെ കണ്ടുപിടിച്ചു എന്റെ ഇഷ്ടം പോലും ചോദിക്കാതെ കല്യാണം ഉറപ്പിച്ചു. അവൻ തട്ടിപ്പുകാരൻ ആണെന്ന് മനസിലാക്കി വിവാഹം മുടങ്ങാതെ ഇരിക്കാനായി വേറെ ഒരാളെ പകരക്കാൻ ആയി കണ്ടെത്തി. അവിടെയും നിങ്ങളുടെ തീരുമാനങ്ങൾ, നിങ്ങളുടെ ഇഷ്ടം, നിങ്ങളുടെ താല്പര്യങ്ങൾ…വിവാഹം കഴിഞ്ഞു ജീവിക്കേണ്ടത് ഞാൻ അല്ലെ… എന്റെ സമ്മതം എങ്കിലും ആരെങ്കിലും ചോദിച്ചോ.. “

കല്ലുവിന്റെ ചോദ്യത്തിന് മുന്നിൽ മറുപടി ഇല്ലാതെ എല്ലാവരും നിന്നു.

” മതി…. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിക്കുന്നത് ഞാൻ നിർത്തി. എന്റെ ജീവിതം എന്റെ മാത്രമാണ്… എന്റെ ജീവിതപങ്കാളി ആരാകണം എന്ന് തീരുമാനിക്കാനുള്ള അവകാശവും എന്റേത് മാത്രമാണ്.. ആർക്കൊക്കെയോ വേണ്ടി എന്റെ പ്രണയത്തെ ഞാൻ ഇത്രയും നാൾ ഒളിപ്പിച്ചു വെച്ചു.. നിങ്ങൾ ഓരോത്തരുടെയും സന്തോഷങ്ങൾക്ക് വേണ്ടി ആ പ്രണയത്തെ മറക്കാൻ തീരുമാനിച്ചു.. ഇനിയും അതിനു സാധിക്കില്ല…അരുണേട്ടനെ ഞാൻ സ്നേഹിക്കുന്നു..അരുണേട്ടൻ എന്നെയും.നിങ്ങൾ എല്ലാവരും ഈ വിവാഹത്തിന് സമ്മതിക്കണം… “

താൻ പറയാൻ വന്ന കാര്യം കല്ലു തന്നെ പറഞ്ഞതും അരുൺ കൈകൾ കെട്ടി പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്നു. കല്ലു അവനെ കണ്ണ് ചിമ്മി കാണിച്ചു.

പിന്നെയാർക്കും എതിർപ്പ് പറയാൻ ഉണ്ടായിരുന്നില്ല.എല്ലാം കലങ്ങിതെളിഞ്ഞു. അരുൺ കല്യാണചെക്കനായി! ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ച..,തിരിച്ചറിയാൻ ഒരുപാട് വൈകിയ…നഷ്ട്ടപ്പെട്ടുപോകുമെന്ന് തീർച്ചപ്പെടുത്തിയ പ്രണയത്തെ..ഇരുവരും സ്വന്തമാക്കി.പിറ്റേന്ന് താലി കെട്ടു കഴിഞ്ഞു അമ്പലനടയിൽ നിൽക്കുമ്പോഴും രണ്ടുപേരും ഹൃദയംകൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. ആഗ്രഹിച്ച നല്ല പാതിയെ തന്നതിന്…നിശബ്ദമായ തങ്ങളുടെ പ്രണയത്തെ കൂട്ടിച്ചേർത്തതിന്…! ബ്രാഡ്‍ലി ബിബിൻ

TheEnd

One comment

Leave a Reply to binance "oppna konto Cancel reply

Your email address will not be published. Required fields are marked *