
ഏട്ടച്ഛൻ………
“ലേഖേ, നീ എന്തെടുക്കുകയാ? റെഡിയായില്ലേ ഇതു വരെ ?”
അടച്ചിട്ട വാതിൽ തുറന്ന് ഗിരിജേച്ചി അകത്തു വന്നു. കയ്യിൽ ഒരു കുടന്ന മുല്ലപ്പൂ.
” ചേച്ചീ, ഈ സാരിയൊന്നു ശരിയാക്കിക്കേ.”
ചേച്ചിയുടെ കയ്യിൽ നിന്നും മുല്ലപ്പൂ വാങ്ങി തലമുടിയിൽ ചൂടിക്കൊണ്ട് ഡ്രസിംഗിന്റെ അവസാന മിനുക്കുപണികൾ ഞാൻ ചേച്ചിയെ ഏൽപിച്ചു.
” എല്ലാവരും പോകാൻ റെഡിയായി. നീ ഒരുങ്ങാൻ കയറിയിട്ട് എത്ര സമയമായി? അവിടെ എല്ലാരും അന്വേഷിക്കുന്നു.”
ഗിരിജേച്ചി സ്നേഹത്തോടെ ശാസിച്ചു.
‘ ‘എന്റെ വല്യേട്ടന്റെ കല്യാണമല്ലേ? എനിക്കു നന്നായൊരുങ്ങണ്ടേ? സജിതേച്ചിയും നയനേച്ചിയുമൊക്കെ റെഡിയായോ?”
“അവരൊക്കെ എപ്പോഴേ റെഡിയായി ? പിന്നെ വല്യേട്ടൻ നിന്റെ മാത്രമൊന്നുമല്ല. ഞങ്ങളുടെയും കൂടിയാ… “
ഗിരിജേച്ചി അഭിമാനത്തോടെ പറഞ്ഞു.
“ചേച്ചീ, ഞാൻ ഈ വായനക്കാരോടൊന്നു പറഞ്ഞിട്ട് ഇപ്പോ തന്നെ സ്കൂട്ടാവാം. ഒരഞ്ചു മിനിട്ട് .” ഞാൻ കണ്ണിറുക്കി.
“ഈ പെണ്ണിന്റെയൊരു കാര്യം……” ഗിരിജേച്ചി ചിരിയോടെ മുറി വിട്ടിറങ്ങി.
അല്ലയോ വായനക്കാരേ, ഇന്നെന്റെ വല്യേട്ടന്റെ കല്യാണമാ……അല്ല, ഏട്ടച്ഛന്റെ…. ഏട്ടച്ഛൻ എന്നു പറയുമ്പോൾ തന്നെ മനസിലാവുമല്ലോ….. എന്റെ അച്ഛനും ഏട്ടനുമെല്ലാം എന്റെ വല്യേട്ടൻ തന്നെയാ. എനിക്കു മാത്രമല്ല, ഞങ്ങൾ സഹോദരങ്ങൾ അഞ്ചു പേർക്കും .
എന്റെ അഞ്ചാമത്തെ വയസ്സിലാണ് ലോഡിംഗ് തൊഴിലാളിയായ എന്റെ അച്ഛൻ ലോറിയിൽ കയറ്റിയ തടി ദേഹത്ത് വീണ് നട്ടെല്ലു തകർന്ന് കിടപ്പിലായത്… അന്ന് വല്യേട്ടൻ പത്താം ക്ലാസിൽ പഠിക്കുന്നു…..ഗിരിജേച്ചി എട്ടിലും സജിതേച്ചി ആറിലും നയനേച്ചി നാലിലും മനുവേട്ടൻ മൂന്നിലും ഞാൻ ഒന്നിലും. അച്ഛൻ കിടപ്പിലായതു കൂടി കുടുംബത്തിന്റെ വരുമാനമാർഗം നിലച്ചു. ഞാൻ ജനിച്ചതോടു കൂടി എന്റെ അമ്മ രോഗിയായി മാറിയിരുന്നു. അച്ഛന്റെ ചികിത്സ, അമ്മയുടെ ചികിത്സ, വീട്ടു ചെലവുകൾ, ഞങ്ങളുടെ വിദ്യാഭ്യാസം……. ചുറ്റും കടം…… ജീവിതം വഴിമുട്ടിപ്പോയ നാളുകൾ. ഫസ്റ്റ് ക്ലാസോടു കൂടി പത്താം ക്ലാസ് പാസായ വല്യേട്ടൻ പഠിത്തം നിർത്തി കൂലിപ്പണിക്കിറങ്ങി. കിട്ടാവുന്ന എന്തു ജോലിയും ചെയ്തു. രാത്രിയും പകലുമെന്നില്ലാതെ വല്യേട്ടൻ ചെയ്യാത്ത ജോലികളില്ല…….ഏട്ടനെ പഠിപ്പിക്കണമെന്ന് അച്ഛനും അമ്മയ്ക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. വല്യേട്ടൻ ഞങ്ങളേക്കാൾ നന്നായി പഠിക്കുമായിരുന്നു. പക്ഷേ വേറെ നിവൃത്തിയുണ്ടായില്ല. ചോര നീരാക്കി തന്നെ വല്യേട്ടൻ അധ്വാനിച്ചു…….വെളുത്തു തുടുത്തിരുന്ന വല്യേട്ടന്റെ നിറം പോകെപ്പോകെ മങ്ങിത്തുടങ്ങി. മുഖം വെയിലേറ്റു കരുവാളിച്ചു. ഏട്ടന്റെ അധ്വാനങ്ങൾക്കൊന്നും തന്നെ പക്ഷേ അച്ഛന്റെ ആയുസ്സിനെ പിടിച്ചു നിർത്താനായില്ല. രണ്ടു വർഷത്തെ ചികിത്സക്കു ശേഷം അച്ഛൻ മരണപ്പെട്ടു. അതിനു ശേഷം വല്യേട്ടനെ ചുറ്റിപ്പറ്റിയായി ഞങ്ങളുടെ ലോകം. ആയിടയ്ക്കാണ് വല്യേട്ടന് ഷാർജയിൽ പോവാനുള്ള അവസരം ഒത്തുവന്നത്…….ലീവു ദിവസങ്ങളിലും ഓവർടൈമിലും ജോലി ചെയ്തു വല്യേട്ടൻ സമ്പാദ്യമുണ്ടാക്കി. മനുവേട്ടനെ പഠിപ്പിച്ചു ജോലിക്കാരനാക്കി. ഞങ്ങൾ നാലു സഹോദരിമാരെയും ഡിഗ്രി വരെ പഠിപ്പിച്ചു…….എല്ലാവരെയും അച്ഛന്റെ സ്ഥാനത്ത് നിന്ന് നല്ല രീതിയിൽ തന്നെ കല്യാണം കഴിപ്പിച്ചയച്ചു. ഒരാളെ പ്രസവിച്ചയക്കുമ്പോൾ അടുത്തയാൾ പ്രസവത്തിനു വരും. അതു കഴിയുമ്പോഴേക്കും അടുത്ത കല്യാണം. അതു കഴിയുമ്പോഴേക്കും അമ്മയുടെ ഓപ്പറേഷൻ…….വീണ്ടും ചേച്ചിയുടെ പ്രസവം ,എന്റെ കല്യാണം…….. ബുദ്ധിമുട്ടുകളൊന്നും തന്നെ വല്യേട്ടൻ ആരെയും അറിയിച്ചില്ല. വല്യേട്ടന് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സമ്പാദ്യമോ ഉണ്ടായില്ല. എന്തിന് , വല്യേട്ടൻ വില കൂടിയ ഷർട്ടിടുന്നതു പോലും ഞങ്ങൾ കണ്ടിട്ടില്ല. എല്ലാവരും പറയുമായിരുന്നു, അച്ഛനെ പോലെ തന്നെ മകനുമെന്ന് ………ഒരു പൈസ അനാവശ്യമായി ചെലവാക്കില്ലെന്ന് ……. പക്ഷേ എവിടെയും ഞങ്ങളെ മോശക്കാരാക്കാൻ വല്യേട്ടൻ സമ്മതിച്ചിട്ടില്ല. വല്യേട്ടന്റെ ആഗ്രഹങ്ങളൊക്കെ മനുവേട്ടനിലൂടെയും ഞങ്ങളിലൂടെയും സാക്ഷാത്കരിക്കുന്നത് കണ്ട് ഏട്ടൻ തൃപ്തിപ്പെട്ടു. ഉത്തരവാദിത്തങ്ങളോരോന്നും നിർവഹിക്കുന്നതിനിടയിൽ വല്യേട്ടന്റെ നല്ല പ്രായവും കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
ഇടയ്ക്ക് നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ നിർബന്ധപ്രകാരം വല്യേട്ടൻ പെണ്ണുകാണാൻ പോയി……..പെണ്ണിനും വീട്ടുകാർക്കും പ്രായം കുറഞ്ഞ, സൗന്ദര്യം കൂടുതലുളള, വിദ്യാഭ്യാസം കൂടുതലുള്ള ,നാട്ടിൽ ജോലിക്കാരനായ മനുവേട്ടനെയാണ് കണ്ണിൽ പിടിച്ചത്. മനുവേട്ടനാണെങ്കിൽ വിവാഹത്തിന് തയ്യാറാണെന്ന് പെൺകുട്ടിയും വീട്ടുകാരും പറഞ്ഞു. ആ ആലോചന അലസിപ്പോയെങ്കിലും വീണ്ടുമുള്ള പെണ്ണുകാണലിലും അങ്ങനെ തന്നെ സംഭവിച്ചു……വല്യേട്ടന്റെ കല്യാണം കഴിഞ്ഞു മതി തന്റെ കല്യാണം എന്ന് വാശി പിടിച്ചു നിന്നിരുന്ന മനുവേട്ടനെക്കൊണ്ട് ആ വരവിൽ തന്നെ വല്യേട്ടൻ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു.
അതിനു ശേഷം വീണ്ടും വിദേശത്തു പോയ വല്യേട്ടൻ ഇപ്പോൾ വന്നിട്ട് ഒരു മാസമായതേയുള്ളൂ……വീടൊന്ന് പുതുക്കിപ്പണിതു. ഈ വരവിൽ ഞങ്ങൾ ഏട്ടന്റെ വധുവിനെ കണ്ടെത്തി . വേറാരുമല്ല. എന്റെ ഭർത്താവിന്റെ പെങ്ങൾ വിജി..അവൾ നഴ്സായി ജോലി ചെയ്യുന്നു……പ്രായ വ്യത്യാസമുണ്ടെങ്കിലും അവൾക്കെന്റെ വല്യേട്ടനെ പെരുത്തിഷ്ടമാണ്. എന്റെ ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും അതുപോലെ തന്നെ…….മാലാഖയുടെ മനസുള്ള എന്റെ വല്യേട്ടനെ പൊന്നുപോലെ നോക്കാൻ മറ്റൊരു മാലാഖയായ വിജിക്കു കഴിയും……. ഞങ്ങൾക്ക് വേണ്ടി ജീവിച്ച ഞങ്ങളുടെ ഏട്ടച്ഛന് ഏറ്റവും നല്ലതിനെ തന്നെ ഞങ്ങൾ സമ്മാനിക്കേണ്ടേ?
അപ്പോൾ പ്രിയ വായനക്കാരേ, ഞാൻ കല്യാണമണ്ഡപത്തിലേക്കു പോകാനൊരുങ്ങുന്നു…….ഈ വൈകിയ വേളയിലാണെങ്കിലും നിങ്ങളെ ഞാൻ വിവാഹത്തിന് ക്ഷണിക്കുന്നു…….വല്യേട്ടന്റെ വിവാഹ ജീവിതത്തിൽ നിങ്ങളേവരുടെയും അനുഗ്രഹങ്ങളും ആശീർവാദങ്ങളും പ്രതീക്ഷിക്കുന്നു .
സ്വന്തം ജീവിതം മെഴുകുതിരി പോലെ ഉരുകി തീർത്ത് ബന്ധുക്കളുടെ ജീവിതത്തിൽ പ്രകാശം പരത്തുന്ന, ജീവിതമെന്ന റിലേ മത്സരത്തിൽ അച്ഛൻ കൈമാറിയ ബാറ്റൻ എന്തു വില കൊടുത്തും ഒട്ടും പിന്നിലാവാതെ ഫിനിഷിംഗ് പോയിന്റിൽ എത്തിക്കുന്ന എല്ലാ സഹോദരന്മാർക്കുമായി സമർപ്പിക്കുന്നു…!
മേഘ മയൂരി
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/futures/ref?code=W49FLGDN
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.com/es/register-person?ref=RQUR4BEO