
💜❣️❣️ആ മൈലാഞ്ചി രാവിൽ❣️❣️💜
ഹിമ നവീൻ
അങ്ങനെ ഒരു കോഴിക്കോടൻ കല്യാണം കൂടാനായി ഒറ്റപ്പാലത്ത് നിന്ന് കൂട്ടുകാരികളോടൊപ്പം ട്രെയിൻ കേറുമ്പോൾ മനസ്സ് നിറയെ ആറ് മാസങ്ങൾക്ക് മുൻപ് കണ്ട ആ മുഖമായിരുന്നു… അന്ന് ഏതാനും ചില മണിക്കൂറുകൾ മാത്രം കൺമുന്നിൽ ഉണ്ടായിരുന്ന ആ മനുഷ്യനെ ഇത്രമേൽ ഇഷ്ടപ്പെട്ടിരുന്നൊ എന്ന ചോദ്യമായിരുന്നു….. അത്രമേൽ അസ്വസ്ഥമാക്കുന്നുണ്ട് ആ കണ്ണുകളും ചിരിയും ആ നാൾ മുതൽ ഇന്നീ നിമിഷം വരെ… അത് കൊണ്ട് തന്നെ ഈ യാത്ര എനിക്കെന്റെ മനസ്സിന് നൽകാൻ ഒരു ഉത്തരം കണ്ടു പിടിക്കണം എന്ന വാശി കൂടി ആയിരിക്കുന്നു…
കൂട്ടുകാരികളുടെ കലപില സംസാരങ്ങൾക്കും ട്രെയിനിന്റെ ചൂളം വിളികൾക്കും കാതോർക്കാതെ ഞാനെന്റെ കഴിഞ്ഞു പോയ കോഴിക്കോടൻ ദിവസങ്ങളുടെ ഓർമകളിലേക്ക് ഊളിയിട്ടു….
സൽക്കാര പ്രിയരായ… ഖൽബ് നിറച്ച് സ്നേഹം മാത്രമുള്ള മനുഷ്യരുടെ നാട്… രസമുകുളങ്ങളെ പൊട്ടിത്തരിപ്പിക്കുന്ന നല്ല മണമൂറുന്ന സ്വാദൂറുന്ന ബിരിയാണിയുടെയും മധുരമൂറുന്ന ഹലുവകളുടെയും നാട്… കോഴിക്കോട്…..
പ്രസിദ്ധമായ കോളേജിൽ Mba അഡ്മിഷൻ കിട്ടി ഒറ്റപ്പാലത്ത് നിന്നും കോഴിക്കോടിലേക്ക് വന്നിറങ്ങുമ്പോൾ ഇന്നോളം കേട്ട് പതം വന്ന വാക്കുകളെ ആവാഹിക്കുകയായിരുന്നു മനസ്സ്….
പ്രതീക്ഷയോടെ സ്വപ്നങ്ങങ്ങളോടെ ആരംഭിച്ച എന്റെ കലാലയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഞാനറിഞ്ഞു കേട്ടറിഞ്ഞ കോഴിക്കോടൻ ജനതയുടെ സ്നേഹിക്കടലിന്റെ ആഴം…. ആത്മാവിന്റെ തന്നെ ഭാഗമായി മാറിയ സൗഹൃദങ്ങളിൽ മനസ്സ് നിറഞ്ഞ്
ജാതിഭേദമന്യേ ഓണവും ക്രിസ്മസും പെരുന്നാളും ആഘോഷിച്ച് സഹപാഠികളുടെ നിക്കാഹും കല്യാണവും മനസമ്മതവും അടിച്ച് പൊളിച്ച് ഉത്സവമാക്കി മാറ്റി സ്വര്ഗ്ഗ തുല്യമായ നാളുകൾ….
അതിനിടയിൽ വന്ന പ്രണയാഭ്യർത്ഥനകൾ…. എന്റെ നിറത്തെയും മുടിയഴകിനെയും കണ്ണുകളെയും വർണിച്ചെഴുതി വന്ന കവിതകളെ പ്രേമലേഖനങ്ങളെ മൗനമായി ആസ്വദിക്കുകയും സന്തോഷിക്കുകയും അതിലല്പം അഹങ്കരിക്കുകയും ചെയ്തിരുന്നു എന്നത് സത്യമാണെങ്കിലും ആർക്കും പിടി കൊടുക്കാതെ ഒറ്റ നോട്ടത്തിൽ എങ്ങനെയാണ് പ്രണയിക്കുക അല്ലെങ്കിൽ തന്നെ എന്തിനാണ് പ്രണയിക്കുന്നത് എന്ന ചിന്തിച്ചു പോന്ന മനസ്സായിരുന്നു എനിക്ക്…. ഒരുപക്ഷേ മനസിനിഷ്ടപ്പെട്ട ഒരു രൂപം കണ്ട് കിട്ടാത്തത് കൊണ്ട് സ്വയം ഉണ്ടാക്കിയെടുത്ത ചില ധാരണകളുമാവാം….
ആയിടക്കാണ് ഇന്റേൺഷിപ്പിനായി വളരെ reputed ആയ ഒരു കമ്പനിയിലേക്ക് ജോയിൻ ചെയ്യുന്നത്… പിരീഡസ് ന്റെ അതി കഠിനമായ വേദനയും ക്ഷീണവും വല്ലാതെ തളർത്തുന്നുണ്ടായിരുന്നെങ്കിലും മൂന്ന് കൂട്ടുകാരികളോടോപ്പം കൃത്യ സമയത്ത് തന്നെ ഉടുത്തൊരുങ്ങി ഓഫീസിലെത്തി….
ആദ്യത്തെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് HR hed ന്റെ ക്യാബിനിൽ നിന്ന് സൈൻ ചെയ്തത് പുറത്തേക്ക് ഇറങ്ങുകയായിരുന്നു…
” മീരാ…. ദെ തന്റെ ഫോൺ…” പിറകിൽ നിന്ന് വിവേക് സാറിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ആണ് ഫോൺ മറന്നു വെച്ചത് കാണുന്നത്….
ഫോണുമെടുത്ത് സാറിനൊരു ചിരിയും നൽകി പുറത്തിറങ്ങുമ്പോഴേക്കും അവളുമാരു രണ്ടു പേരും സീറ്റിലേക്ക് നടന്നിരുന്നു….
ഡോർ തുറന്ന് പുറത്തേക്ക് നടന്നതും ഹീൽസ് തെന്നിയതും ഒരുമിച്ചായിരുന്നു…. വീണു പോകുമെന്ന ഭയത്താൽ ഇറുക്കി അടച്ച കണ്ണുകൾ ഞൊടിയിടയിൽ തുറന്നത് ആരുടെയോ കൈകൾ തന്നെ താങ്ങിയിരിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞപ്പൊഴാണ്…
മുന്നിൽ നിൽക്കുന്ന ആ വ്യക്തിയെ കണ്ട് വൈദ്യുത പ്രാവാഹമേറ്റ പോലെ ഞാൻ തറഞ്ഞു നിൽക്കുമ്പോൾ മനസ്സിലേക്കൊടി വന്നത് ” കറുപ്പിന് ഏഴഴക് ” എന്ന പ്രസിദ്ധമായ വരിയാണ്….
ഏകദേശം പത്തിരുപത്താറ് പ്രായം തോന്നിക്കുന്ന അതി സുന്ദരനായ കറുത്ത ഒരു യുവാവ്..
എണ്ണ കറുപ്പൊന്നുമല്ല.. ഇരു നിറത്തേക്കാൾ അല്പം കൂടിയ കറുപ്പ്.. പക്ഷേ ഒരു കാര്യം സത്യമാണ് അന്നോളം ഇത്രമേൽ ഭംഗിയുള്ള ഒരു പുരുഷനെ ഞാൻ കണ്ടിട്ടില്ലെന്നത്…. അയാളുടെ കണ്ണുകൾ നിമിഷാർധത്തിൽ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞു…. ട്രിം ചെയ്തൊരുക്കിയ താടി, ജെൽ കൊണ്ട് സ്റ്റൈലിഷ് ചെയ്ത് വെച്ചിരിക്കുന്ന മുടി… ചുണ്ടിൽ തങ്ങി നിൽക്കുന്ന നേർത്ത ചിരി… ഒരേ ഒരു സെക്കൻഡ് കൊണ്ട് എന്നെ കൊല്ലാതെ കൊന്നു…. കറുത്ത നിറത്തേ ആരാധിച്ച് പോകും വിധം സൗന്ദര്യം….
” ഡോ … R you ok? …. അങ്ങേരുടെ ചോദ്യം കേട്ടാണ് അയാളെ സ്കാൻ ചെയ്യുന്നതിൽ നിന്ന് ഞാൻ ഉണർന്നത്. ഞെട്ടി പിടഞ്ഞ് അയാളിൽ നിന്ന് അകന്നു മാറുമ്പോൾ ആ മുഖത്തെ കുസൃതി ചിരി എന്നിൽ ചെറിയ ജാള്യത ഉണ്ടാക്കി.
” ആ സൂര്യാ…. നീ എത്തിയോ….” വിവേക് സാറിന്റെ ശബ്ദമാണ് ഇരുവരെയും പരിസര ബോധത്തിലേക്ക് തിരികെ എത്തിച്ചത്..
” സൂര്യൻ..” കൊള്ളാലോ പേര്… കറുപ്പ് നിറത്തെ പ്രകാശിപ്പിക്കുന്ന സൂര്യൻ … മനസ്സിലത് ഉരുവിടുമ്പോൾ അറിയാതെ എന്റെ ചുണ്ടിലോരു പുഞ്ചിരിയൂറി…
” ആ താനിത് വരെ സീറ്റിലേക്ക് പോയില്ലേ മീരാ….” സൂര്യന് shake hand കൊടുക്കുന്നതിനിടയിൽ വിവേക് സാറിന്റെ ചോദ്യം…
വിളറിയ ചിരി ചിരിച്ചു കൊണ്ട് പോകാൻ തുടങ്ങുമ്പോഴാണ് ” ഡോ ഒരു thanks കൂടെ പറയാതെ പോകുവാനോ ” എന്ന മറ്റൊരു ചോദ്യം… സൂര്യനാണ്…
” താ… താങ്ക്സ്…” അല്പം ചമ്മലോടെ പറഞ്ഞു തീരും മുൻപേ ആ കൈ തനിക്ക് നേരെ ഹസ്ത ധാനത്തിനായി നീണ്ടിരുന്നു…
” Am സൂര്യ ദത്തൻ…” പറയുന്നത്തിനൊപ്പം മനുഷ്യനെ കൊല്ലുന്ന ആ ചിരിയും…
” വെറും സൂര്യ ദത്തൻ അല്ല ട്ടോ മീരേ… Dr സൂര്യ ദത്തൻ… എന്റെ close friend ആണ്… നമ്മുടെ എംപ്ലോയീസ് ന്റെ മെഡിക്കൽ ഇൻഷ്വറൻസ് ആൻഡ് ചികിത്സാ സൗകര്യങ്ങൾ ഒക്കെ ഇവരുടെ ഹോസ്പിറ്റലിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്…
ഒന്ന് നിർത്തി സൂര്യനെ നോക്കി…
” സൂര്യാ… ഇത് മീര.. ഇവിടെ ഇന്റേൺഷിപ്പ് ചെയ്യാൻ ഇന്നിവിടെ ജോയിൻ ചെയ്തു… “
വിവേക് സാർ പറഞ്ഞു നിർത്തിയതും നേർത്തൊരു ചിരിയോടെ എന്നിലേക്ക് നീണ്ട ആ കയ്യിലേക്ക് ഞാൻ കൈ ചേർത്തു വെച്ചു… ആ കണ്ണുകൾ എന്റെ കണ്ണിലേക്ക് പടർന്നു കയറുന്നതും ആ സ്പർശമെന്‍റെ ആത്മാവിലേക്ക് കനൽ കോരിയിടുന്നതും ഞാനറിഞ്ഞു…
എന്റെ കൈ ആ കൈയ്ക്കുള്ളിൽ നിന്നും പിൻവലിക്കും മുൻപേ വയറു വേദനയുടെ ആധിക്യം കൊണ്ട് തലയിലേക്കൊരു പെരുപ്പ് കേറി എന്റെ ബോധം മറയാൻ തുടങ്ങുന്നതും ആ കൈകളിൽ ഞാൻ കുഴഞ്ഞു വീണതും പെട്ടെന്നായിരുന്നു…
” മീരാ…. Just wake up… മീരാ…”!
കവിളിൽ ആരുടെയോ മൃദുവായ തട്ടൽ…
കണ്ണു തുറന്നു നോക്കുമ്പോൾ എന്റെ ചങ്കിടിപ്പ് വർധിപ്പിച്ച് കൊണ്ടവൻ മുന്നിൽ നിൽക്കുന്നു…. സൂര്യൻ…
അരികിൽ വിവേക് സാറും നഖം കടിച്ചു കൊണ്ട് എന്റെ രണ്ട് ചങ്കുകളും ടെൻഷനോടെ ഉറ്റു നോക്കുന്നു…
” എന്തു പറ്റിയെടോ…” എന്നവൻ അലിവോടെ ചോദിച്ചപ്പോൾ ആ മുഖത്തെ ആകുലത ഒരു നിമിഷം ആസ്വദിച്ചു പോയി ഞാൻ.. ആരെന്നോ എന്തെന്നോ അറിയാത്ത അവനിൽ നിന്നെന്‍റെ കണ്ണുകൾ പിൻവലിക്കാൻ കഴിയാതെ ഞാൻ ഉഴറി…
” അത്… ഒന്നൂല്യ… ഇങ്ങനെ ഉണ്ടാകാറുണ്ട് ഇടക്ക്… അധികം pain വരുമ്പോൾ… Now am ok doctor… And sorry എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ..”
അത്രയും പറഞ്ഞ് ഞാൻ എഴുന്നേറ്റു…
വിവേക് സാറിന് ഞാൻ പറഞ്ഞതെന്തെന്ന് മനസ്സിലായില്ലെങ്കിലും സൂര്യന് കാര്യം പിടി കിട്ടിയത് കൊണ്ട് ചെറു ചിരിയോടെ ഞങ്ങളോടൊപ്പം മുറിക്ക് പുറത്തേക്കിറങ്ങി…
” ധാരാളം വെള്ളം കുടിക്കണം, ധാന്യങ്ങൾ അടങ്ങിയ ആഹാരങ്ങളും പഴങ്ങളും കഴിക്കണം… ഇൗ സമയത്തെ പല പ്രശ്നങ്ങൾക്കും തെല്ലശ്വാസം കിട്ടും..”
ഏറ്റവും പിറകിലായി നടന്ന എന്റെ കാതുകളിൽ അവനത് പറഞ്ഞപ്പോൾ പരിഭ്രമത്തോടെ അല്പം ഞെട്ടലോടെ ഞാനാ മുഖത്തേക്ക് നോക്കി… വീണ്ടും നെഞ്ചിനേ ഉലക്കുന്ന ആ ചിരി കണ്ട് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു കറുപ്പിന് ഏഴല്ല ആയിരം അഴകാണെന്ന്….
അല്പ നിമിഷത്തെ കുശലം പറച്ചിലിനൊടുവിൽ മനസ്സിലായി സൂര്യ ദത്തൻ നാളെ അമേരിക്ക യിലേക്ക് പോവുകയാണ്… ഒരു അറു മാസത്തെ വിസിറ്റ്.. ചേച്ചിയുടെയും ഹസ്ബന്റിന്റെയും ഹോസ്പിറ്റലിലേക്ക് മുത്തശ്ശിയെ ട്രീറ്റ്മെന്റ് നു കൊണ്ട് പോകുകയാണ്… വിവേക് സാറിനെ കണ്ട് യാത്ര പറയാൻ വന്ന വരവാണിത്…
വെളുത്ത തുടുത്ത വിവേക് സാറിനെ പോലും എടുത്ത് കിണറ്റില് ഇടാൻ തോന്നും ഇൗ ഡോക്ടറെ ഇങ്ങനെ കണ്ടൊണ്ടിരുന്നാൽ.. അല്ലേ ഡീ…” ദേവിക എന്റെ കാതിൽ പറഞ്ഞ വാക്കുകൾ കേട്ട് എനിക്ക് ചിരി വന്നെങ്കിലും സംഭവം സത്യമാണ്… ഇൗ കരുമാടി കുട്ടനെ ഒളിഞ്ഞും തെളിഞ്ഞും വായി നോക്കി നിൽക്കുന്നുണ്ടായിരുന്നു സ്റ്റാഫിൽ പലരും… അവന്റെ ചിരിയിലവൻ തൊടുത്തു വിടുന്ന ശരങ്ങളേറ്റ് പിടയുകയായിരുന്നു ഞാനപോഴും….
അന്ന് പിരിയുമ്പോൾ അവസാനമായി തന്നെ തിരിഞ്ഞു നോക്കിയ നോട്ടത്തിന്റെ , കോഴിക്കോടിനെ മറക്കില്ലെങ്കിൽ കണ്ട് മുട്ടിയ ആൾക്കരെയും മറക്കില്ലല്ലോ അല്ലേ എന്ന ചോദ്യത്തിന്റെ.. പിന്നെയും പറഞ്ഞ ചില വാക്കുകളുടെ ആ ചിരിയുടെ അർത്ഥം തേടി പിന്നീടുള്ള എന്റെ രാവുകളൊക്കെ പകലായി മാറി.. കവിളിലെപ്പൊഴുമവന്റെ വിരലുകളുടെ ചൂട് എനിക്കനുഭവപ്പെട്ടു കൊണ്ടേ ഇരുന്നു…
വിവേക് സാറിൽ നിന്നും സൂര്യ ദത്തന്റെ പ്രശസ്തമായ തറവാടിനെയും അവരുടെ പ്രതാപത്തേയും കുറിച്ചറിഞു.. സൂര്യനെ കുറിച്ചുള്ള അന്വേഷണം അല്പം കൂടുതലായപ്പോൾ വിവേക് സാർ കുസൃതി ചിരിയോടെ സംശയത്തോടെ കാര്യം തിരക്കിയ അന്ന് തൊട്ട് പിന്നീടങ്ങേരോട് അതിനെ പറ്റി ചോദിക്കുന്നതേ നിർത്തി..
ഒരു വീക്കെൻഡ് കഴിഞ്ഞ് കമ്പനിയിൽ തിരികെ എത്തിയപ്പോൾ അറിഞ്ഞത് വിവേക് സാർ ദുബായ് ഓഫീസിലേക്ക് ഷിഫ്റ്റായി എന്നാണ്… അതോടെ സൂര്യൻ എന്ന അദ്ധ്യായം വഴി മുട്ടി പോയി… കടലുകൾക്കപ്പുറം പോയ അവനെ കുറിച്ച് മറ്റാരോടു ചോദിക്കാനാണ്.. രണ്ട് മാസങ്ങൾക്ക് ശേഷം രണ്ട് വർഷത്തെ കലാലയ ജീവിതം വിജയകരമായി പൂർത്തിയാക്കി കോഴിക്കോടിനോട് വിട പറയുന്ന അന്ന് നെഞ്ചിലേറ്റിയ സൗഹൃദങ്ങൾക്കൊപ്പം സൂര്യന്റെ ഓർമകൾ കൂടി തന്റെ നെഞ്ചിനേ കൊളുത്തി വലിച്ചു…
ഉന്നത വിജയം നേടിയെടുത്ത് സിറ്റി യിലെ നല്ലൊരു കമ്പനിയിൽ ജോയിൻ ചെയ്തിട്ട് ഒരു മാസമേ ആയിട്ടുള്ളൂ… സുമുഖനും സുന്ദരനുമായ അവിടുത്തെ എംഡി തന്നെ ഇഷ്ടപ്പെട്ട് വിവാഹം ആലോചിച്ച് കഴിഞ്ഞ ദിവസം വന്നപ്പോൾ തൊട്ട് അമ്മയും അച്ഛനും ആകെ സന്തോഷത്തിലാണ്… പക്ഷേ എന്റെ മനസ്സ്… അതിപ്പോഴും ആ ചിരിയിൽ നോട്ടത്തിൽ കുടുങ്ങി കിടക്കുകയാണ്…. ആറു മാസം… ആ കാലയളവ് അവനിവിടെ മടങ്ങി എത്തും വരെ ഉള്ള കാത്തിരിപ്പായിരുന്നു ഇത്രയും നാൾ…. അതവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം…
കാത്തിരിപ്പിനിടയിലാണ് ഉറ്റ സുഹൃത്തായ സുഹറയുടെ വിവാഹമെന്ന വാർത്ത. സത്യത്തിൽ തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ കോഴിക്കോടിലേക്ക് തിരികെ പോകാൻ സൂര്യനെ അന്വേഷിക്കാൻ കിട്ടിയ അവസരം… വിവാഹം ആലോചിച്ച് വന്നവരോട് എന്ത് പറയണമെന്ന ചോദ്യത്തിന് എനിക്കൊരാളുടെ മനസറിയാനുണ്ട് എന്ന് മാത്രം മറുപടി നൽകി ഇങ്ങോട്ട് തിരിക്കുമ്പോൾ സൂര്യനെ കാണാനെങ്കിലും കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി പലവട്ടം….
തോളിൽ ദേവികയുടെ ശക്തമായ അടി കിട്ടിയപ്പൊഴാണ് ഓർമകളിൽ നിന്ന് പിൻവാങ്ങി പിടഞ്ഞെഴുന്നേറ്റത്…
കോഴിക്കോട് എന്ന മഞ്ഞ ബോർഡ് കണ്ടപ്പോഴേ ശരീരത്തിനൊരു വിറയൽ… പിന്നെ നന്നായൊന്നു ദീർഘ ശ്വാസമെടുത്ത് ബാഗുമൊക്കെ എടുത്തിറങ്ങി..
കല്യാണ വീട്ടിൽ നിന്നും ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ കാർ വന്നിരുന്നു… പാട്ടും മേളവുമൊക്കെയായി അവിടെ ചെന്നിറങ്ങിയപ്പോൾ തന്നെ അസ്സൽ കോഴിക്കോടൻ ദം ബിരിയാണി യുടെ ആ കൊതിപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി… ദേവിക അടക്കം കൂടെയുള്ളതുങ്ങളൊക്കെ അതങ്ങനെ ആസ്വദിച്ച് ശ്വാസം നീട്ടി എടുക്കുന്നത് കണ്ട് ഞാൻ ചിരിയോടെ നിൽക്കുമ്പോഴാണ് സുഹറയും ഉമ്മയുമൊക്കെ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചത്….
” വന്നല്ലോ നമ്മുടെ vip… നമ്മളെയൊക്കെ ഓർമ ഉണ്ടോ അനക്ക്?” സുഹറയുടെ മൂത്ത ആങ്ങള ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞപ്പോൾ ഞാനൊന്നു ഹൃദ്യമായി ചിരിച്ചു കൊണ്ട് ഏട്ടന്റെ കരം കവർന്നു… അങ്ങനെ മറക്കോ ഇക്കാ ഞാൻ നിങ്ങളെയൊക്കെ… കാണാൻ ഓടി പിടിച്ച് വന്നിട്ടിപ്പോ ഇതാ ചോയ്ക്കണെ..?
കുറുമ്പോടെ ഞാനാ കയ്യിൽ കളിയായി തല്ലിയപ്പോൾ… ‘ ഉവ്വുവ്വെ… ന്നും പറഞ്ഞ് എന്റെ തലക്കിട്ട് കിഴുക്കി കൊണ്ട് ഞങ്ങളെ എല്ലാവരെയും ആ ബഹളങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി…
പിന്നീടൊരു മേളം തന്നെയായിരുന്നു… ഉച്ചയൂണിന് പന്തലിൽ ഇരുന്ന ഞങ്ങളുടെ കണ്ണ് തള്ളി താഴെ വീഴാഞ്ഞത് ഭാഗ്യം… എണ്ണിയാൽ ഒടുങ്ങാത്ത കോഴിക്കോട് വിഭവങ്ങളുടെ നീണ്ട നിര കണ്ട് ഏതിൽ നിന്ന് തുടങ്ങണം എന്നറിയാതെ നിൽക്കുന്ന ഫ്രണ്ട്സിനെ കണ്ട് എനിക്ക് ചിരി വന്നു… ദേവികയാണെങ്കിൽ കൈ കൂട്ടി തിരുമ്മി ബിരിയാണിയിൽ നിന്നും തുടങ്ങാം എന്ന് പറഞ്ഞു കൊണ്ടെന്നെ നോക്കി…
” എന്താ മീര മോളെ… ഇതൊരു ആർട്ടിഫിഷ്യൽ ചിരി ആണല്ലോ… എന്ത് പറ്റി ഡീ നിനക്ക്… പണ്ട് നമ്മളിങ്ങനെ ഉമ്മേടെ അടുത്തേക്ക് ഓടി വരുമ്പോൾ മുന്നിൽ കൊണ്ടു വരുന്ന ബിരിയാണി പാത്രത്തിലേക്ക് എന്റെ കൈ എത്തും മുൻപേ നിന്റെ തല അതിലേക്ക് കടത്തിയിട്ടുണ്ടകുമല്ലോ… ഇതിപ്പോ എന്നാ പറ്റി എന്റെ കൊച്ചിന്… ഇത്രേം ഒക്കെ കണ്ടിട്ട് കൺട്രോൾ ചെയ്തിരിക്കുന്നു… What happened മീരാ… “?
അവളുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകും ഞാൻ… എന്റെ മനസ്സ് ചിന്തകളുടെ വേലിയേറ്റത്തിൽ പെട്ട് ഉലയുകയാണെന്നോ… എന്നിൽ നിന്ന് വിശപ്പും ദാഹവും കടമെടുത്തോരാൾ ദൂരേക്ക് പോയിട്ടുണ്ടെന്നൊ…
” ഒന്നുമില്ല പെണ്ണേ .. യാത്ര കൊണ്ട് ചെറിയ തലവേദന പോലെ എന്ന് പറഞ്ഞ് എല്ലാവരെയും ബോധിപ്പിക്കാൻ വേണ്ടി മാത്രം നിരത്തി വെച്ച അനേകം വിഭവങ്ങളിൽ നിന്ന് കുറച്ചെടുത്ത് ഞാനും കഴിച്ചു തുടങ്ങി…
വറുത്തരച്ച ചിക്കൻ കറിയെയും ചെമ്മീൻ റോസ്റ്റ്, കല്ലുമ്മക്കായ റോസ്റ്റ് പിന്നെ പേരറിയാത്ത എന്തൊക്കെയോ റോസ്റ്റ് തുടങ്ങി ടേസ്റ്റ് ചെയ്യുന്ന എല്ലാ വിഭവങ്ങളെയും കുറിച്ച് വാചാലരാകുന്ന കൂട്ടുകാർക്കിടയിൽ ഞാനെന്റെ ഹൃദയത്തിന്റെ വിശപ്പിനെ ദാഹത്തിനെ ശമിപ്പിക്കാൻ കഴിയാതെ തൊണ്ടയിലേക്ക് ഒരു വറ്റുപോലും ഇറക്കാനവാതെ കുഴഞ്ഞിരുന്നു… അവസാനമായി നൽകിയ പ്രണയം തുളുമ്പിയ ഒരു നോട്ടത്തിന്റെ ചിരിയുടെ അടിസ്ഥാനത്തിൽ ഒരാളെ കാത്തിരിക്കുക അന്വേഷിച്ച് വരുക… ആലോചിക്കും തോറും ആത്മ വിശ്വാസം നഷ്ടപ്പെടുന്ന പോലെ… എവിടെ നിന്നു തുടങ്ങണം എന്നറിയാതെ വഴിയറിയാതെ നിൽക്കുന്ന ഫീലിംഗ്… മുൻപ് സുഹറ വഴി അവളുടെ ഇക്കയിൽ നിന്ന് ചോദിച്ചറിയാൻ ശ്രമിച്ചതാണ് … സൂര്യൻ വിദേശത്ത് പോയതിനു ശേഷം ഒരറിവും ഇല്ലെന്നും അടുത്ത സുഹൃത്തായി വിവേക് സാറിനെ മാത്രമേ അറിയുള്ളു അദ്ദേഹവും ഇപ്പൊ നാട്ടിൽ ഇല്ലെന്നും മാത്രം അറിഞ്ഞു… അതൊക്കെ എനിക്കും അറിയാവുന്നതല്ലെ… സുഹറയുടെ ഇളയച്ഛന് ഒരു ആക്സിഡന്റ് പറ്റി കുറച്ച് നാൾ അവരെല്ലാം അതിന്റെ ടെൻഷനിൽ ആയിരുന്നത് കൊണ്ട് പിന്നീടവരെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല…. ഇനിയിപ്പോ രണ്ട് ദിവസം കൂടി ഞാനീ വീട്ടിൽ ഉണ്ടാകും… നിക്കാഹ് കഴിഞ്ഞ് സ്വസ്ഥമായിട്ട് ഇക്കയേം കൂട്ടി ഇറങ്ങണം അവനെ അന്വേഷിക്കാൻ അതായിരുന്നു മനസ്സിൽ…
പക്ഷേ…. അവനെന്നെ ഓർക്കുന്നു പോലുമില്ലെങ്കിൽ മറ്റാരെങ്കിലും അവന്റെ മനസ്സിൽ ഉണ്ടെങ്കിൽ….. അങ്ങനെയുള്ള ചോദ്യങ്ങളിപ്പൊഴാണ് ചിന്തകളെ ഭ്രാന്ത് പിടിപ്പിക്കുന്നത്..
ഉള്ളിലെ പിടപ്പ് പുറത്ത് വരുമ്പോളോക്കെ അതറിഞ്ഞെന്നോണം ഇടക്ക് സുഹറയും ഉമ്മയുമൊക്കെ ചേർത്ത് പിടിച്ച് കാര്യം തിരക്കുന്നുണ്ട്… അവസാനം ആരെയും സങ്കടപ്പെടുത്താതിരിക്കാൻ നല്ലൊരു ദിവസത്തിന്റെ മൂഡ് കളയാതിരിക്കാൻ തൽക്കാലം യാത്രാ ക്ഷീണമായിരുന്നെന്ന് കള്ളം പറഞ്ഞ് അവരുടെ ആഘോഷങ്ങളിലേക്ക് ഞാനും ചേർന്നു….
അങ്ങനെ മൈലാഞ്ചി രാവിന്റെ ചടങ്ങുകൾ തുടങ്ങി.. മിന്നി തിളങ്ങുന്ന അലങ്കാര വിളക്കുകളും പൂക്കൾക്കൊണ്ട് ഒരുക്കിയ പരവതാനിയും അടങ്ങിയ ആ മനോഹരമായ വേദിയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇരിക്കുന്ന സുഹറയെ കണ്ട് എന്റെ മനസ്സ് നിറഞ്ഞു…
അവളുടെ കൈകളിൽ ഞാൻ മൈലാഞ്ചി അണിയിച്ചു കൊണ്ടിരിക്കുമ്പോഴാണ്
കൂട്ടത്തിൽ ഇരിക്കുന്ന ഒരു പെൺകുട്ടി ഇക്കയുടെ ഏതോ ഒരു കൂട്ടുകാരനെ കാട്ടി പുകഴ്ത്താൻ തുടങ്ങിയത് … എന്തൊരു മൊഞ്ചാണ് ചെക്കന്… റോസ് കളർ ആണല്ലോ പടച്ചോനെ… ആ കണ്ണ് കണ്ടോ മൂക്ക് കണ്ടോ ആ ചിരി കണ്ടോ എന്നും പറഞ്ഞ് വായടക്കുന്നെ ഇല്ല…
സുഹറ ചിരിക്കുന്നുണ്ട്… അവൾടെ കസിൻ ഐഷു ആണ്… ഞാനും ദേവികയും അവൾടെ തലക്കിട്ട് കിഴുക്കിയിട്ട് എന്തൊരു കോഴിയാണെടി എന്ന് പറഞ്ഞ് കളിയാക്കി എങ്കിലും എന്റെ മനസ്സിലപ്പോൾ ഞാനാദ്യമായി സൂര്യനെ കണ്ട് പരിസര ബോധം ഇല്ലാതെ അവനെ നോക്കി നിന്ന ദൃശ്യമായിരുന്നു..
സുഹറക്ക് മൈലാഞ്ചി അണിയിച്ച് ക്ഷിഞ്ഞപ്പോൾ ഞാനും ദേവികയും ഐഷുവും കൂടി ആ തിരക്കിൽ നിന്നു മാറി കുറച്ചപ്പുറം പോയി ഇരുന്നു… ദേവിക മൈലാഞ്ചി stick എടുത്ത് എന്റെ നേർക്ക് നീട്ടി.. ഞാനവളുടെ കൈകളിൽ മൈലാഞ്ചി ഇട്ടു തുടങ്ങി..
” ഇതെന്താ പടച്ചോനെ…. കറുപ്പിന് ഇത്രേം ഭംഗി ഉണ്ടാരുന്നാ…. ഇങ്ങേരേതാണാവോ?”
ഐഷുവിന്റെ ആ വാക്കുകൾ എന്റെ ശിരസിലേക്ക് മിന്നൽ പിണർ പതിപ്പിച്ചപ്പോൾ മൈലാഞ്ചി ഇട്ടു കൊടുക്കുന്ന കൈ നിശ്ചലമാക്കി കൊണ്ട് ഞെട്ടലോടെ മുഖമുയർത്തി ഞാൻ മുന്നിലേക്ക് നോക്കി….
കണ്ട കാഴ്ചയിലെന്‍റെ സർവ നാഡികളും തളർന്നു… ശ്വാസം നിലച്ചു പോകുന്നു വെന്ന് തോന്നി…
സൂര്യനും അവന്റെ കൈ പിടിച്ച് നെറുകയിൽ സിന്ദൂരവും കഴുത്തിൽ താലിയുമണിഞ്ഞ് ഒരു പെൺകുട്ടിയും ചിരിച്ച് സംസാരിച്ച് പന്തലിലേക്ക് കടന്നു വരുന്നു…
ദേവിക ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി… എന്റെ കൈ വിരലുകൾ അവളുടെ കയ്യിൽ അമർന്നു… കണ്ണുകൾ നിറയാതിരിക്കാൻ ആവുന്ന പോലെ ഞാനെന്റെ മനസ്സിനെ ശാസിച്ചു നിർത്തുന്ന തിരക്കിൽ അവൻ നടന്നടുത്തെത്തിയത് പോലും അറിഞ്ഞില്ല ഞാൻ…
” ഡോ….എന്നെ ഓർക്കുന്നുണ്ടോ..?”
ഹൃദയത്തെ കുത്തി ക്കീറിയ ആ ചോദ്യം കേട്ട് ഒരിറ്റ് ശ്വാസം ആഞ്ഞ് വലിച്ച് കൊണ്ട് ഞാനെന്റെ ബോധത്തിലേക്ക് തിരികെ എത്തി… കൂടെയുള്ള പെൺകുട്ടി ആരോടൊക്കെയോ സംസാരിക്കുകയാണ് പിറകിൽ..
” എവിടെയോ കണ്ട പോലെ… എവിടെ ആണെന്ന് ഒാ… ഓർക്കുന്നില്ല…”
ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത് കൊണ്ട് excuse me … അല്പം തിരക്കുണ്ട് എന്ന് ആ മുഖത്തേക്ക് നോക്കാതെ പറഞൊപ്പിച്ച് ദേവികയോട് റെസ്റ്റ് റൂം വരെ പോകുവാ എന്ന് അടക്കം പറഞ്ഞ്
ധൃതിയിൽ നടന്നകലുമ്പോൾ പിൻവിളി വിളിച്ച അവളെ കണ്ണുകൾ കൊണ്ട് പിറകെ വരരുതെന്ന് ശാസിച്ച് നിർത്തി…
ജനറേറ്റർ റൂമിലേക്ക് ഓടി കയറി വായ പൊത്തി പിടിച്ചു ഞാൻ അലറി… ഉറക്കെ കരഞ്ഞാലും പുറത്തെ പാട്ടിന്റെയും ആഘോഷത്തിന്റെയും ബഹളത്തിൽ ആരുമത് കേൾക്കില്ല… പക്ഷേ ചിതറി പോയ മനസ്സിനെ അടക്കി നിർത്താൻ എന്ന പോലെ ഞാനെന്റെ ശബ്ദത്തെ അമർത്തി നിർത്തി…
അല്ലെങ്കിലും ഞാനാണ് വിഡ്ഢി…. ഒരാളുടെ മനസ്സ് എന്തെന്നറിയാതെ ഒരു നോട്ടത്തിന്റെ ഒരു ചിരിയുടെ പേരിൽ സ്നേഹിക്കുക, കാത്തിരിക്കുക, അന്വേഷിച്ച് വരിക…. ഭ്രാന്തായിരുന്നു എനിക്ക്… അവനെന്ന ഭ്രാന്ത്… അവനെ പോലെ ഒരാളെ ആഗ്രഹിക്കാൻ അർഹതയില്ല എന്നെങ്കിലും ഓർക്കാമായിരുന്നില്ലെ തനിക്ക്….
കരച്ചിലിന്റെ ശക്തി കൂടി വരാൻ തുടങ്ങിയപ്പോഴാണ് അരയിലൂടെ രണ്ട് കൈകൾ വന്നു മുറുകുന്നതും കാതോരം ചുടു നിശ്വാസമെൽക്കുന്നതും…
ഞെട്ടിപ്പിടഞ് ഞാൻ അലറാൻ തുടങ്ങിയതും വായ പൊത്തിപ്പിടിച്ചിരുന്നു…
” നിനക്കെന്നെ ഓർമ ഇല്ല… അല്ലേ ഡീ..”
ആ ശബ്ദം തിരിച്ചറിഞ്ഞതും ഞാൻ കുതറുന്നത് നിർത്തി ഞെട്ടലോടെ പിന്തിരിഞ്ഞു നോക്കി….. കണ്ണിൽ കുസൃതി ഒളിപ്പിച്ച് ചിരിയോടെ നിൽക്കുകയാണവൻ… സൂര്യ ദത്തൻ…
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവനെ മറി കടന്നു പോകാൻ ഒരുങ്ങിയതും എന്റെ കൈ പിടിച്ച് വലിച്ച് ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…
ഞാൻ എതിർക്കും മുൻപേ ആ വാക്കുകളെന്‍റെ കാതിലെത്തി…
” അതെന്റെ ചേച്ചിയാണ് പെണ്ണേ.. എന്റെ സ്വന്തം ചേച്ചി…”
ചെവിക്കരികിൽ ചുംബിച്ചു കൊണ്ടവൻ പറഞ്ഞു നിർത്തിയപ്പൊഴേക്കും സന്തോഷാധിക്യത്താൽ എന്റെ തേങ്ങലുയർന്നിരുന്നൂ.. കണ്ണുനീർ വീണവന്റെ നെഞ്ച് നനഞു.. അതറിഞ്ഞെന്നോണം ആ കൈകളെന്നെ വരിഞ്ഞു മുറുക്കി…
” നീ എന്നെ അന്വേഷിച്ചു കൊണ്ടിരുന്ന ഓരോ നിമിഷവും ഞാനറിയുന്നുണ്ടായിരുന്നു മീരാ.. വിവേകിനോടും സുഹറയുടെ ഇക്കാ ഷഫീക്കിനോടും ഞാനാണ് ഒന്നും വിട്ട് പറയരുതെന്ന് പറഞ്ഞ് വിലക്കിയത്… ആ നാളുകളത്രയും ഞാൻ നിന്നെ അറിയുകയായിരുന്നു പെണ്ണേ… ഒരു അട്ട്രാക്ക്ഷൻ മാത്രമാണോ നിനക്കിത് എന്റെ നിറം നിനക്കെന്നെങ്കിലും ഒരു കുറവായി തോന്നുമോ എന്നോക്കെ അറിയാനുള്ള ഒരു ശ്രമം…”
ഞാൻ മുഖമുയർത്തി അവനെ കൂർപ്പിച്ച് നോക്കി… ചിരിയോടെ അവനെന്റെ മുഖം കൈകളിലെടുത്ത് ഇരു മിഴികളിലും അധരങ്ങളമർത്തി..
” നിന്റെ ഉള്ളിൽ ഞാൻ വേരുറച്ച് പോയെന്ന് സുഹറ വഴി ഞാനറിഞ്ഞതാണ്.. ഒളിച്ചു കളി അവസാനിപ്പിച്ച് നിന്റെ അടുത്തേക്ക് വരാൻ ഇരിക്കുമ്പോഴാണ് ഇൗ വിവാഹം ഉറപ്പിക്കുന്നത്… എങ്കിൽ പിന്നെ നിന്നെ ഒന്ന് ഞെട്ടിച്ച് surprised ആക്കാം എന്ന് കരുതി വന്നപ്പോ എന്റെ കൂടെ ഉള്ളത് ആരാ എന്ന് പോലും അന്വേഷിക്കാതെ അവക്ക് ഓർമ ഇല്ല പോലും..”
അതും പറഞ്ഞവനെന്‍റെ കവിളിൽ പിടിച്ച് വലിച്ചു..
” സ്സ്… വിടെന്നെ…. ഇത്രയൊക്കെ അറിയാമായിരുന്നിട്ടും ഒരു ഫോൺ പോലും ചെയ്യാതെ എന്നെ ഇട്ട് നീറിപ്പിച്ചിട്ട്…. ! പറഞ്ഞ് പൂർത്തിയാക്കും മുമ്പേ ഞാനവന്റെ നെഞ്ചില് പിടിച്ച് തള്ളി… ഒന്ന് പിന്നിലേക്ക് ആഞ്ഞു പോയെങ്കിലും ചിരിയോടെ എന്റെ കൈകൾ കൂട്ടിപ്പിടിച്ച് ആ നെഞ്ചിലേക്ക് ചേർത്ത് വെച്ചു….
” നിനക്ക് match അല്ല ഞാനെന്ന് ഒരു കുഞ്ഞു കോംപ്ലക്സ് ഉണ്ടായിരുന്നു മീരാ… മനസ്സ് എപ്പോഴുമത് ഓർമിപ്പിച്ചു കൊണ്ടിരുന്നപ്പോൾ നിന്റെ കണ്ണുകളിൽ ഞാനന്ന് കണ്ട എന്നോടുള്ള ഇഷ്ടത്തെ ഞാനൊന്നു പരീക്ഷിച്ച് നോക്കി… അത്രേ ഉള്ളൂ… സുഹറയും ഷഫീക്കും ഉമ്മയുമൊക്കെ ഇവിടെ വെച്ചുള്ള നമ്മുടെ കണ്ട് മുട്ടലിന്റെ ത്രില്ലിൽ ആയിരുന്നു… ഞാൻ പറഞ്ഞിട്ടാണ് ഒന്നുമറിയാത്ത പോലെ അവരെല്ലാം അഭിനയിച്ചത്..”
ഞാനവന്റെ കവിളിൽ എന്റെ കൈ ചേർത്ത് വെച്ച് ആ കണ്ണുകളിലേക്ക് നോക്കി..
” Dr. സൂര്യ ദത്തന്റെ മനസ്സിന്റെ വെണ്മ എന്നോ എന്റെ കാതുകളിൽ എത്തിയതാണ് .. നിങ്ങളെ ആഗ്രഹിച്ചു പോയത് അതു കൊണ്ട് കൂടിയാണ്… എത്ര പേരാണ് ഇൗ കുട്ടി ഡോക്ടറുടെ ദയ കൊണ്ട് ജീവിക്കുന്നത്… എത്ര പേരുടെ പ്രാർത്ഥനയിൽ ഇൗ മുഖമുണ്ട്….”
ആ കണ്ണുകളെന്റെ കണ്ണിൽ അത്ഭുതത്തോടെ അലയുന്നുണ്ട്..
” പോരാത്തതിന് ഒടുക്കത്തെ ഗ്ലാമറും… സത്യത്തിൽ കറുപ്പിനോട് എനിക്കിത്രേം ആരാധന തോന്നിയത് നിങ്ങളെ കണ്ടതിനു ശേഷമാ…”
അതും പറഞ്ഞ് ഞാനാ മൂക്കിൻ തുമ്പിൽ പിടിച്ച് വലിചപ്പോ ആ കൈ പിടിച്ച് വെച്ച്…
” എന്തോ ഇഷ്ടമാണ് ആളുകൾക്കെന്നെ…” എന്ന് ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞ് ചിരിയോടെ എന്റെ വിരലുകൾ അവന്റെ വിരലിലേക്ക് കോർത്തെടുത്തു…
എനിക്കും ചിരി വന്നു… കോർത്തെടുത്ത വിരലുകൾ അവന്റെ അധരങ്ങളിലേക്കവൻ അടുപ്പിക്കും മുമ്പേ ഞങ്ങളുടെ കയ്യിലേക്കൊന്ന് കൂടി നോക്കി…
” Actually രാവും പകലും പോലെ ഉണ്ട്… ഒന്നൂടി വേണേൽ ആലോചിച്ചോ… ഞാൻ കിസ് ചെയ്ത് കഴിഞ്ഞാൽ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വന്ന് നിന്നെ വേണമെന്ന് പറഞ്ഞാലും തിരിച്ച് കൊടുക്കില്ല ഞാൻ…”
ചിരിയോടെ പറഞ്ഞതും അവന്റെ കൈത്തണ്ടയിൽ ഞാൻ നഖം ആഴ്ത്തിക്കൊണ്ട് മനസ്സറിഞ്ഞ് ചിരിച്ചു…
എന്റെ വിരൽതുമ്പിലവന്റെ അധരങ്ങളുടെ ചൂട് പതിഞ്ഞു….
ആ കണ്ണുകളിൽ തിളങ്ങിയ പ്രണയത്തിന്റെ തീക്ഷ്ണത നേരിടാനാവാതെ ഞാനെന്റെ മിഴികൾ താഴ്ത്തി… താടി തുമ്പ് പിടിച്ചുയർത്തുന്നതും ആ മുഖമെന്നിലേക്ക് അടുക്കുന്നതും വിറയലോടെ ഞാനറിഞ്ഞു….
” ഡാ…..”!
അലറൽ കേട്ട് ഞെട്ടിപ്പിടഞ്ഞ് ഞങൾ അകന്നു മാറി നോക്കുമ്പോൾ മുന്നിൽ ഇക്ക, സുഹറ, സൂര്യെട്ടന്റെ ചേച്ചി, ദേവിക, വിവേക് സാർ, പോരാഞ്ഞിട്ട് വായും പൊളിച്ച് കൊണ്ട് ഐഷുവും…
ആകെ ചമ്മി നാശമായി ഞാൻ സൂര്യേട്ടന്റെ പിന്നിലോളിച്ചതും അവരെല്ലാം കൂടി കൂകി വിളിക്കലും പൊട്ടി ചിരിക്കുകയും എന്ന് വേണ്ട ആകെ അലമ്പ്…
സൂര്യയെട്ടൻ നന്നായൊന്നു ഇളിച്ച് കാട്ടിക്കൊണ്ട് പിറകിൽ നിന്ന എന്നെ വലിച്ച് മുമ്പിലേക്ക് നിർത്തി ആ നെഞ്ചോട് ചേർത്ത് നിർത്തി…
ചേച്ചി വന്നെന്‍റെ കൈകളെ പൊതിഞ്ഞു പിടിച്ചു.. ഇൗ ആറുമാസക്കാലവും പൊന്നനിയന്റെ നാവിൽ മീര എന്ന മന്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കേട്ടപ്പോ എന്റെ ഉള്ളം ലോകം വെട്ടിപ്പിടിച്ച സന്തോഷത്തിൽ മതി മറന്നു…
സുഹറക്കും ഇക്കക്കും വേണ്ടത് പോലെ ഞാൻ കൊടുത്തു… എന്നെ ഇട്ട് കളിപ്പിച്ചതിന്… കൂട്ടുകാർക്ക് എല്ലാവർക്കും സൂര്യെട്ടനെ പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ആരാധനയോടെ അങ്ങേരെ അവരെല്ലാം നോക്കുന്നത് കണ്ടൂ…
” എന്റെ പൊന്നു മീരേച്ചി… ആ ചെക്കനോട് പോയി കിണറ്റില് ചാടാൻ പറയട്ടെ ഞാൻ ഇങ്ങേരെ കാണിച്ച് കൊടുത്തിട്ട്…?” എന്ന് പറഞ്ഞ് ഐഷ് നേരത്തെ വായ് നോക്കിയ ചെറുക്കനെ ചൂണ്ടി കാണിച്ച് പറഞ്ഞപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ലെനിക്ക്… സത്യമാണ് എന്റെ സൂര്യൻ അത്രക്ക് സുന്ദരനാണ്… അവന്റെ മനസ്സിന്റെ വെളുപ്പും അവനെ കൂടുതൽ തിളക്കമുള്ള സൂര്യനാക്കി മാറ്റുന്നു…
” കരിവളയിട്ട കയ്യാൽ ഒപ്പന പാടുവാൻ നാണമുള്ളൊരു പെണ്ണ്… “…
ആ മൈലാഞ്ചി രാവിൽ ഉയർന്നു കേട്ട പാട്ടിനൊപ്പം എന്റെ കണ്ണുകളിലേക്ക് നോക്കി എല്ലാവർക്കുമൊപ്പം നിന്നവൻ ചുവട് വെക്കുമ്പോൾ അവനെ പ്രണയത്തോടെ വീക്ഷിക്കുന്ന പല കണ്ണുകളും കണ്ട് കുശുമ്പ് കുത്തുമ്പോഴും എന്റെ മനസ്സ് ത്രസിക്കുകയായിരുന്നു…
രാത്രിയിലെ വിഭവ സമൃദ്ധമായ ഭക്ഷണ മാമാങ്കത്തിൽ വളരെ ആവേശത്തോടെ ഞാൻ പങ്കെടുത്തു… ഉച്ചയ്ക്ക് കഴിക്കാതെ പോയ നഷ്ട ബോധം തീർത്ത് സൂര്യന്റെ തൊട്ടടുത്തിരുന്ന് അവനെന്‍റെതായി എന്ന ആവേശം ഭക്ഷണത്തിൽ ഞാൻ കാണിക്കുമ്പോൾ ദേവിക ചിരിച്ച് മറിയുന്നുണ്ടായിരുന്നു…
ഒരിറ്റ് വെള്ളം ഇറക്കാൻ മടിച്ച് ഉച്ചക്ക് ഞാൻ ഇതിന്റെ മുൻപിൽ ഇരുന്ന കഥ സൂര്യനോട് പറയുമ്പോൾ എന്റെ ഇടത് കയ്യിലവന്റെ വിരലുകൾ മുറുകി…
ചെമ്മീൻ റോസ്റ്റ് എടുത്ത് എന്റെ വായിലേക്ക് വെച്ച് കൊണ്ട് ഒരിത്തിരി സ്ഥലം വയറിൽ ബാക്കി വേക്കണെ എന്നവൻ പറഞ്ഞതിന് ചുണ്ട് കോട്ടി ഞാൻ പുച്ചിച്ചെങ്കിലും
തിരക്കും ബഹളവും കഴിഞ്ഞ്
എന്നെ പിടിച്ചു വലിച്ച് കൊണ്ടുപോയി ആരും കാണാതെ അവൻ ഐസ്ക്രീം കൂടി കഴിപ്പിച്ചപ്പോൾ ആണ് എനിക്കതിന്റെ അർത്ഥം മനസ്സിലായത്…..
അവന്റെ പ്രണയത്തിന്റെ മധുരം ആ അധരങ്ങളിൽ കൂടി എന്റെ കണ്ഠത്തിലേക്ക് പകർന്നപ്പോൾ ഒരിറ്റ് കണ്ണു നീരെന്‍റെ കൺപീലിയില് നിന്ന് അടർന്നു വീണു…
എന്റെ സൂര്യന്റെ താപത്തിൽ ഉരുകി ഒലിച്ച എന്റെ പ്രണയത്തിന്റെ നീർത്തുള്ളി…
അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി ഞാനെന്റെ ശ്വാസത്തിൽ അവന്റെ പേര് ചേർക്കുമ്പോൾ കൈവിട്ട് പോകുമെന്ന് കരുതിയ എന്റെ മനസ്സും സമാധാനവും സന്തോഷവും ജീവിതവും തിരികെ കിട്ടിയതിന്റെ ശിങ്കാരി മേളം നടത്തുകയായിരുന്നു ഹൃദയം…..
കറുപ്പിന് ഏഴല്ല… ആയിരമഴകാണെന്ന് പറഞ്ഞു കൊണ്ട്…
💜 ശുഭം 💜
ഹിമ നവീൻ
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/join?ref=IXBIAFVY
Your point of view caught my eye and was very interesting. Thanks. I have a question for you.
Your article helped me a lot, is there any more related content? Thanks!