അയനം

“എന്തൊക്കെ പറഞ്ഞാലും എനിക്ക് ഹരീഷേട്ടനെ മതി” … പറഞ്ഞു തീർന്നപ്പോഴെക്കും ഏട്ടന്റെ കൈകൾ എന്റെ മുഖത്ത് പതിച്ചു.

മോനെ…. ആദി…. എന്തായിത് നീ ഇങ്ങോട്ട് വന്നെ.. ഏട്ടന്റെ കയ്യിൽ പിടിച്ചു അവിടെ നിന്നു മാറ്റാൻ ശ്രമിക്കുകയാണ് അമ്മ.

“അമ്മ വിട്ടേ…. ഇവളെ പഠിക്കാൻ വിട്ടത് ഇതിനു വേണ്ടിയാണോ എന്ന് അറിയട്ടെ !!! “

നീ ഒന്നു പുറത്തേക്കു വാ ആദി… അവളോട് ഞാൻ സാംസാരിച്ചു കൊള്ളാം. ആദിത്യനെ ബലമായി പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറക്കി വാതിലടച്ചു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഹരീഷേട്ടന്റെ ജാതക പ്രകാരം വിവാഹ സമയമാണെന്നും വീട്ടിൽ നമ്മുടെ കാര്യം തുറന്നു പറയണമെന്നും പറഞ്ഞിരുന്നു. അതിനുശേഷം വീട്ടിലേയ്ക്കു വരാമെന്നാണ് പറഞ്ഞത്. കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.

നാല് വർഷത്തെ പ്രണയമാണ് ഹരീഷുമായിട്ട്. പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഹരീഷിനെ കാണുന്നത്. തൊട്ടടുത്ത് കംപ്യൂട്ടർ സെന്ററിൽ ട്യൂട്ടർ ആയിരുന്നു. ഏഴെട്ട് മാസം താനും അവിടെ പഠിക്കാൻ പോയിരുന്നു. അവിടുന്നു മാറിയപ്പോഴും ഇടയ്ക്കൊക്കെ കാണുകയും മിണ്ടുകയും ചെയ്യുമായിരുന്നു. ആ പരിചയം നല്ലൊരു സൗഹൃദത്തിലേക്കും പതിയെ പതിയെ പ്രണയത്തിലേക്കും വഴിമാറി. വൈകുന്നേരങ്ങളിൽ സ്ഥിരം തന്നെ കാണാൻ വേണ്ടി മാത്രം വരുമായിരുന്നു. പഴയ പല ഓർമ്മകളും മനസ്സിൽ ഓടിയെത്തി.

വീട്ടിൽ തന്റെ പ്രണയം പറയുമ്പോൾ ഇതുപോലൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചില്ല. ആദ്യമായിട്ടാണ് ഏട്ടൻ തല്ലുന്നത്.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും അങ്ങോട്ടേക്കു നോക്കിയില്ല. അൽപനേരം കഴിഞ്ഞ് തലയിൽ തലോടൽ അനുഭവപ്പെട്ടപ്പോഴാണ് മുഖമുയർത്തി നോക്കിയത്. അമ്മയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. കെകൾ കൊണ്ട് കണ്ണുനീർ തുടച്ച് കൊണ്ട് അവൾ അമ്മയെ നോക്കി.

മോളെ അഥിതി അമ്മ പറയുന്നതൊന്നു കേൾക്കു . അച്ഛൻ നമ്മളെ വിട്ടു പോകുമ്പോൾ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തലയിലേറ്റിയത നിന്റെ ഏട്ടൻ . അന്ന് അവന് വെറും പതിനേഴ് വയസ്സ് . നമ്മൾക്കു വേണ്ടിയ പഠനം പോലും ഉപേക്ഷിച്ചത്. നിന്നെ കുറിച്ച് അവന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നതാ. അവൻ പറയുന്നത് എന്റെ മോള് അനുസരിക്കണം. പ്രണയിക്കുന്നതൊന്നും തെറ്റല്ല മോളെ . പക്ഷേ ഇപ്പൊ പഠിക്കാനുള്ള സമയമാ. പഠിച്ച് ഒരു ജോലിയൊക്കെ കിട്ടിയിട്ട് നമുക്ക് ഇതിനെ പറ്റി ആലോചിക്കാം.

ഹരീഷേട്ടനും പഠിച്ചു ജോലി കിട്ടിയിട്ടു മതി വിവാഹം എന്നൊക്കെ പറഞ്ഞിരുന്നതാ അമ്മേ.. ഇതിപ്പൊ ഹരീഷേട്ടന്റെ ജാതകത്തിലെ പ്രശ്നം കാരണമാ വീട്ടുകാർ നിർബന്ധിക്കുന്നത്..
പ്ലീസ് … അമ്മേ … അമ്മ ഏട്ടനോട് ഒന്നു പറയോ… ഞാൻ ഇന്നുവരെ അമ്മയോടൊ ഏട്ടനോടൊ ഒന്നും ആവശ്യെപ്പട്ടിട്ടില്ലല്ലോ. പ്രതീക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി…

മോളെ നീ ഇപ്പൊ ഒരു സ്വപ്ന ലോകത്തിലാ . നിന്റെ ഈ ചെറിയ പ്രായത്തിൽ വിവാഹം എന്നത് ഏറ്റവും വലിയ കാര്യമായി തോന്നാം.

അമ്മ പ്ലീസ് … ഹരീഷേട്ടനെ മറക്കാൻ എന്നെ കൊണ്ട് പറ്റില്ല.

മോളെ …
അമ്മയെ പറയാൻ അനുവദിക്കാതെ അവൾ തുടർന്നു

ഞാനൊന്ന് ഒറ്റക്കിരുന്നോട്ടെ അമ്മേ …

മകളെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവർ റൂമിനു പുറത്തെ കസേരയിലിരിക്കുന്ന ആദിയുടെ അടുത്തെത്തി.

മോനെ അവളെന്തെങ്കിലും കടുംകൈ ചെയ്താലോ . അവളുടെ ഈ അവസ്ഥ കണ്ട് പേടിയാകുന്നു. എത്രയൊക്കെ പറഞ്ഞു നോക്കിയത. എന്നിട്ടും അവൾക്ക് ഒരു മാറ്റവുമില്ലല്ലേ . നമ്മുക്ക് ഇത് നടത്തി കൊടുക്കാട.

അമ്മ എന്താ ഈ പറയുന്നെ !!! അവൾക്ക് വെറും ഇരുപത് വയസ്സല്ലേ ആയിട്ടുള്ളു. അവളെ പഠിപ്പിച്ച് നല്ലൊരു നിലയിൽ എത്തിക്കണമെന്നത് എന്റെ ആഗ്രഹമാണ്.

ആദി… നീ ആദ്യം ഒന്ന് അന്വേഷിക്ക് . കൊള്ളാമെങ്കിൽ പഠിത്തത്തിന്റെ കാര്യമൊക്കെ നമുക്ക് അവരോട് പറയാം.
അവളുടെ സന്തോഷമല്ലേ നമുക്ക് വലുത്.

മമ്… ഞാൻ ഒന്ന് ആലോചിക്കട്ടെ.

ആദി… ഒരാഴ്ച കഴിഞ്ഞില്ലേ നീ ഇതുവരെ അവരെ പറ്റി അന്വേഷിച്ചില്ലേ.

അന്വേഷിച്ചമ്മേ പക്ഷേ… അത് ശരിയാകില്ല… പയ്യന് ഗവൺമെന്റ് ജോലിയൊക്കെ ഉണ്ട്… കയറിട്ട് രണ്ടു മാസം കഴിഞ്ഞതേ ഉള്ളൂ …. അഥിതിയെക്കാൾ 3 വയസ്സ് കൂടുതൽ അത്രയേ ഉള്ളൂ അവന്… കൂടാതെ മദ്യപിക്കുമെന്നാ കേട്ടത്… അതുപോലെ വീട്ടുകാരെ കുറിച്ച് അത്ര നല്ല അഭിപ്രായമെന്നും ഇല്ല. അമ്മ അവളെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക് .

അങ്ങനാണെങ്കിൽ അതു വേണ്ടെന്നു വയ്ക്കുന്നത നല്ലത്. അറിഞ്ഞു കൊണ്ട് അബദ്ധം കാണിക്കുന്നതെന്തിനാ.
ഞാൻ അവളോട് പറയാം.

അറിഞ്ഞ കാര്യങ്ങൾ അവളോട് പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാതിരിക്കുന്ന അഥിതിയെ നോക്കി കാണുവായിരുന്നു ആ അമ്മ .
നീ എന്താ മോളെ ഒന്നും മിണ്ടാത്തെ . നമ്മുക്ക് ഇത് വേണ്ടെന്നു വയ്ക്കാം.

അമ്മേ ഹരിഷേട്ടൻ വല്ലപ്പോഴും മദ്യപിക്കാറുണ്ട്. അതെന്നോട് പറഞ്ഞിട്ടുള്ളതുമാ. എനിക്ക് സപ്പോർട്ടായി ഹരിഷേട്ടൻ ഉള്ളതു കൊണ്ട് വീട്ടുകാരുടെ കാര്യമോർത്ത് ടെൻഷൻ വേണ്ടമ്മ.

എത്രയൊക്കെ പറഞ്ഞിട്ടും ഹരീഷിനെ മതിയെന്ന വാശിയായിരുന്നു അവൾക്ക്. ഒടുവിൽ അവളുടെ പിടിവാശിക്കു മുന്നിൽ അവർക്ക് തല കുനിക്കേണ്ടി വന്നു.

ഹരീഷിന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നു കണ്ടു. വളരെ നല്ല രീതിയിൽ തന്നെയാണ് ഹരീഷ് എല്ലാവരോടും പെരുമാറിയത്. വിവാഹം ഉറപ്പിക്കൽ ചടങ്ങക്കൊ ഭംഗിയായി നടന്നു.

അങ്ങനെ വിവാഹത്തിനായി തീരുമാനിച്ചു ഉറപ്പിച്ച ദിവസം വന്നെത്തി. ഹരീഷ് താലി ചാർത്തുമ്പോൾ എല്ലാവരുടെയും സമ്മതത്തോടെ സ്വന്തം പ്രണയം നേടിയെടുത്ത സന്തോഷമായിരുന്നു അവൾക്ക്. ഒപ്പം അമ്മയെയും ഏട്ടനെയും പിരിയുന്നതോർത്തപ്പോൾ വല്ലാത്ത സങ്കടവും തോന്നി.

വലതു കാൽ വച്ച് ഹരീഷിന്റെ വീട്ടിൽ കയറുമ്പോൾ ലോകത്തിൽ വച്ച് ഏറ്റവും ഭാഗ്യവതി താനാണെന്ന് അവൾക്ക് തോന്നി. കേട്ടതു പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അമ്മയും അച്ഛനു മടങ്ങുന്ന ഹരീഷിന്റെ ഫാമിലി നല്ല രീതിയൽ തന്നെയാണ് പെരുമാറിയത്.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

കുഞ്ഞ് കുഞ്ഞ് ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം മുന്നോട്ടു പോയി. വിവാഹം കഴിഞ്ഞ് രണ്ടു മാസം ആയി. കൊണ്ടുവന്ന സ്വർണ്ണവും പണവും കുറഞ്ഞു എന്ന പേരിൽ ഏട്ടന്റെ അമ്മയുടെ കുറ്റപ്പെടുത്തലുകൾ തുടങ്ങി.
ഹരീഷേട്ടന്റെ സ്വഭാവം അപ്പാടെ മാറിത്തുടങ്ങി. എല്ലാ ആഴ്ചയും മദ്യപിച്ച് വരാൻ തുടങ്ങി. എന്തെങ്കിലും പറഞ്ഞാൽ വഴക്കിൽ കലാശിക്കും.
“എന്റെ മോൻ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പൈസയാ അല്ലാതെ നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ലല്ലോ … “എന്നുള്ള വാദവുമായി ഏട്ടനു സപ്പോർട്ടിന് അച്ഛനും അമ്മയും.

ദിനങ്ങൾ കടന്നുപോകുംതോറും
അവനെ പറഞ്ഞു തിരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ അതെല്ലാം പരാജയത്തിൽ കലാശിച്ചു. ഒപ്പം ദേഹോപദ്രവവും ഏൽക്കേണ്ടി വന്നു.
സ്നേഹം കൊണ്ട് അവനെ തിരുത്താൻ പറ്റും എന്ന ചിന്തയിൽ അവനെ സ്നേഹിച്ചു. ദിവസങ്ങൾ പോകുന്നതല്ലാതെ അവന്റെ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ലാതെ തുടർന്നു. അമ്മയോടൊ ഏട്ടനോടൊ ഒന്നും തുറന്നു പറയാൻ തോന്നിയില്ല. താൻ തിരഞ്ഞെടുത്ത ജീവിതമാണ്.

മാറും എന്ന പ്രതീക്ഷയിൽ ഓരോ ദിവസവും തള്ളിനീക്കി. ഇപ്പൊ ജോലിക്കു പോകാതെ കൂട്ടുകാരുടെ കൂടെ മദ്യപിച്ച് കറങ്ങി നടന്ന് രാത്രി വന്നു കയറും… അതായി പതിവ്… ജോലിക്കു പോകാത്തതിനെ പറ്റി തിരക്കിയപ്പോളാണ് താൽക്കാലിക ജോലി ആണെന്ന് അറിയുന്നത്. പിന്നെന്തിനാ എന്നോടും വീട്ടുകാരോടും കള്ളം പറഞ്ഞതെന്ന ചോദ്യത്തിന് മറുപടി ശാരീരിക ഉപദ്രവും അസഭ്യവർഷവുമായിരുന്നു.

ജീവിതം മടുത്തു തുടങ്ങിയിരുന്നു. ജീവിതം അവസാനിപ്പിച്ചാലോ എന്നു വരെ ചിന്തിച്ചു തുടങ്ങി. അതിനിടയ്ക്കാണ്
വിശേഷം ഉണ്ടെന്നറിയുന്നത്. അസ്തമിച്ച പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളച്ചു. എന്നാൽ ആ പ്രതീക്ഷകൾക്കോ സന്തോഷത്തിനോ അതികം ദൈർഘ്യമുണ്ടായിരുന്നില്ല.
പുതിയ ഒരഥിതി തങ്ങൾക്കിടയിലേക്ക് വരാൻ പോകുന്നതറിഞ്ഞപ്പോൾ പോലും അവനിൽ പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടില്ല.

ദിവസങ്ങൾ കടന്നുപോകവെ
വീട്ടുചിലവുകൾക്കായി എന്നോട് ഒരു വാക്കുപോലും പറയാതെ സ്വർണ്ണം,, വിറ്റും പണയം വച്ചും ഒക്കെ എടുത്തു.

വീട്ടിൽ നിന്നു ഓരോ വട്ടവും വന്നു, എന്നെ കാണുമ്പോൾ അമ്മക്ക് ആകെ സങ്കടമാണ്. മോൾക്ക് ഇവിടെ പറ്റുന്നില്ലെങ്കിൽ വീട്ടിലേക്ക് പോര് എന്ന് ഏട്ടൻ പറയാറുണ്ട്. സ്വന്തം വീട്ടിലേക് മടങ്ങി പോകാനും അവളുടെ മനസ്സ് അനുവദിച്ചില്ല. ഏട്ടനും അമ്മയും അന്നു പറഞ്ഞത് കേൾക്കാത്ത തനിക്ക് തിരിച്ച് ചെല്ലാനും അർഹത ഇല്ലെന്ന് തോന്നി.

ഏഴാം മാസം ചടങ്ങുകളൊക്കെ നടത്തി വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയി. കുഞ്ഞ് ജനിച്ചപ്പോഴും പേരിടൽ ചടങ്ങിനുമൊക്കെ എല്ലാവരും എത്തിയിരുന്നെങ്കിലും ആരുടെയും മുഖത്ത് സന്തോഷമൊന്നും കണ്ടില്ല.

മോൾക്ക് മൂന്നു മാസമായപ്പോഴാണ് തിരിച്ച് ഹരീഷേട്ടന്റെ വീട്ടിലെത്തുന്നത്. സ്വന്തം വീട്ടിൽ നിന്ന അത്രയും ദിവസം മനസമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞു.

എന്ത് പ്രശ്നമുണ്ടെങ്കിലും തുറന്നു പറയണമെന്നും,, എന്തിനും ഞങ്ങൾ കൂടെയുണ്ട് എന്നും, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഏട്ടൻ ഓർമ്മിപ്പിച്ചു.

തിരികെ എത്തിയപ്പോഴും ഹരീഷേട്ടൻ പഴയതു പോലെ തന്നെ എന്നും നാലുകാലിലാണ് വരവ് .
കുഞ്ഞിനോടു പോലും ഒരു സ്നേഹമില്ല. എന്നെ ഉപദ്രവിക്കുന്നത് അയാൾക്ക് ഒരു ഹരമായി . എല്ലാത്തിനും കൂട്ടായി അമ്മയും , എന്തു കണ്ടാലും പ്രതികാരിക്കാതെ അച്ഛനും . പലപ്പോഴും കഴിക്കാൻ പോലും ഒന്നും കിട്ടാത്ത അവസ്ഥ.

ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോണം എന്ന ചിന്തമാത്രമായി . കുഞ്ഞിന്റെ ആവശ്യങ്ങൾ പോലും നടത്തി കൊടുക്കാൻ പറ്റാതായപ്പോൾ , ഒരു ജോലിക്കു പോകുന്നതിനെ പറ്റി പറഞ്ഞു. അതിന് അവിടൊരു പൊട്ടിത്തെറി തന്നെ നടന്നു.

“ജോലി എന്ന പേരും പറഞ്ഞ് തോന്നും പോലെ നടക്കാമല്ലോ അതാവും മനസ്സിലിരുപ്പ്. ഈ വീട്ടിൽ അതൊന്നും നടക്കില്ല. ഈ കൊച്ച് എന്റെ മോന്റെ തന്നയാണോടി. ” അമ്മയുടെ വാക്കുക കേട്ടപ്പോൾ സങ്കടവും ദേഷ്യവുമൊക്കെ വന്നു. ആദ്യമായി അവർക്കെതിരെ എന്റെ ശബ്ദവും ഉയർന്നു.

അവസാനം സഹികെട്ട് റൂമിയിൽ കയറി വാതിലടച്ചു. അപ്പോഴും അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഒൽപം ആശ്വാസത്തിനായി ഏട്ടനെ വിളിച്ചു. അമ്മയുടെയും ഏട്ടന്റെയും സുഖ വിവരമൊക്കെ തിരക്കി. നടന്നതൊക്കെ പറയാമെന്നു കരുതിയെങ്കിലും പിന്നീടത് വേണ്ടെന്ന് വച്ചു. അമ്മയുടെയും ഏട്ടന്റെയും വാക്കുകൾ വകവെയ്ക്കാതെ തന്റെ പ്രണയത്തിനു മുൻതുക്കം കൊടുത്തതോർത്തപ്പോൾ അവൾക്ക് സ്വയം പുച്ഛം തോന്നി. ഇതൊക്കെ താൻ അനുഭവിക്കേണ്ടതാണ്.

“മോളെ …നിനക്ക് ഏട്ടനോട് എന്തെങ്കിലും പറയാനുണ്ടോ ” വയ്ക്കാൻ നേരമാണ് ഏട്ടൻ ചോദിച്ചത്
“ഒന്നുമില്ല ഏട്ടാ “എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.

നിറംകെട്ട ജീവിതവുമായി ദിവസങ്ങൾ മുന്നോട്ടു തള്ളിനീക്കി. പതിവില്ലാതെ ഒരു ദിവസം ഉച്ചക്കു കയറിവന്ന ഹരീഷിനോടൊപ്പം ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. അവർ തമ്മിൽ പ്രണത്തിലണെന്നും
വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും പറയുന്നത് കേട്ടു. മകന്റെ എന്ത് ഇഷ്ടത്തിനും കൂട്ടുനിൽക്കുന്ന അച്ഛനും അമ്മയും അവിടെയും മകനൊപ്പം തന്നെ നിന്നു.

“ഹരീഷേട്ടൻ എന്തു ഭാവിച്ച ഇങ്ങനൊക്കെ ചെയ്യുന്നേ…. നമ്മുടെ കുഞ്ഞിനെ പറ്റിയെങ്കിലും ഓർത്തോ…. അതിനു മാത്രം എന്തു തെറ്റാ ഞാൻ ചെയ്തെ… ഇന്നു വരെ നിങ്ങളെ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ…” പറയുന്നതിനോടൊപ്പം വിതുമ്പി പോയിരുന്നു. അവളുടെ കരച്ചിലൊന്നും കണ്ടിട്ടും ആരുടെയും മനസ്സ് അലിഞ്ഞില്ല.

അന്ന് രാത്രി മൂക്കറ്റം കുടിച്ചു കൊണ്ട് വന്ന് അയാളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു കൊടുക്കണമെന്ന് പറയുന്നതിനോടൊപ്പം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുവരിനേട് ചേർത്തു. അവന്റെ കൈവിടുവിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ണുകൾ പുറത്തേക്ക് ഉന്തിവന്നു. ശ്വാസത്തിനായി അവൾ പിടഞ്ഞു കൊണ്ടിരുന്നു.

“നീ എന്തിനാട ഇവളെ കൊന്നിട്ട് ജയിലിൽ പോകാനാണോ ” !! എന്നു പറഞ്ഞ് അയാളുടെ അമ്മ തന്നെ അയാളെ പിടിച്ചു മാറ്റി. “അവനു വേണ്ടെന്നു പറഞ്ഞിട്ടും ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാൻ നാണമില്ലേടി .. നിന്റെ സ്വഭാവം ശരിയല്ലാത്തതുകൊണ്ടാ അവൻ ഇങ്ങനെ ആയത്…” എന്താല്ലാമൊ അമ്മ വിളിച്ചു പറയുന്നുണ്ട്. തിരിച്ചൊന്നും പറയാൻ വയ്യ.

കുറച്ചകലെ എല്ലാംകണ്ട് ഭയത്തോടെ നോക്കുന്ന ഒന്നൊരവയസ്സുകാരിയുടെ
അടുത്തു ചെന്നു ,,, അവളെ മാറോടടക്കി പിടിച്ചു. കണ്ണുകൾ നിറഞ്ഞൊഴുക്കുന്നതു തടയാതെ തന്റെ പരാജയപ്പെട്ട ജീവിതത്തെ കുറിച്ചു ആലോചിച്ച് ആ രാത്രി തന്നെ ചില തീരുമാനങ്ങൾ എടുത്തിരുന്നു.

പിറ്റേന്നു രാവിലെ ഏട്ടനെ വിളിച്ച് ഇതുവരെ
മനസ്സിൽ അടക്കി പിടിച്ചതൊക്കെ ഒരു പൊട്ടിക്കരിച്ചിലോടെ അവനോട് തുറന്നു പറഞ്ഞു.

എന്നെ കൂട്ടാനായി രാവിലെ ഏട്ടൻ എത്തി. അമ്മയോട് കയർത്ത് സംസാരിക്കുന്നതിനിടയ്ക്കാണ് ബാഗുമായി ഞാൻ ചെല്ലുന്നത്. എല്ലാവരും ഉമ്മറുത്തുണ്ട്. ഒരിക്കൽ ഒരുപാട് ആഗ്രഹിച്ച് കയറിവന്ന വീടാണ്, ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനൊരു ഇറങ്ങി പോക്ക്.

വീട്ടിലെത്തിയപ്പോഴും ആരും കുറ്റപ്പെടുത്തുകയോ ദേഷ്യം കാണിക്കുകയോ ചെയ്തില്ല.

“അറിവില്ലാത്ത പ്രായത്തിൽ കാട്ടിയൊരു അബദ്ധം അത്രമാത്രം. കൂടുതൽ ഒന്നും ചിന്തിക്കണ്ട . അവനെ ഓർത്ത് ഇങ്ങനെ നശിപ്പിക്കാനുള്ളതല്ല നിന്റെ ജീവിതം. ” അമ്മയുടെ വാക്കുകൾ

പഴയതെന്നും ഓർത്ത് കരയില്ലെന്ന് അമ്മയോട് പറഞ്ഞെങ്കിലും പലപ്പോഴും അനുസരണയില്ലാ മിഴികൾ നിറയാറുണ്ട്. വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കാതെ വീണ്ടും പഠിക്കാനായി ഏട്ടൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

എന്റെയും മോളുടെയും ഉൾപ്പെടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഏട്ടനാണ് നോക്കുന്നത്. ഏട്ടനെ സാഹായിക്കണം… സ്വന്തം കാലിൽ നിന്ന് മോളുടെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്താതെ നോക്കണം… അതിന് ആദ്യം ഒരു ജോലി നേടണം. ജോലിയുടെ കാര്യം ഏട്ടനോട് പറഞ്ഞെങ്കിലും കേട്ടില്ല. അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി ഒരു പാർട്ട് ടൈം ജോബ് ശരിയാക്കി തന്നു… ഒപ്പം പി എസ് സി കോച്ചിംഗിനു കൂടി ചേർത്തു. ആദ്യമൊക്കെ ബാലികേറാ മലയായി തോന്നിയെങ്കിലും പിന്നീട് അതൊക്കെ മാറി.

ജോബും പഠിത്തവും കുഞ്ഞിന്റെ കാര്യങ്ങളും ഒക്കെയായി മാസങ്ങൾ കടന്നുപോയി. ഒന്നു രണ്ടു റാങ്ക് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. അതിനിടയിൽ നിയമപരമായി ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തി.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

മാസങ്ങൾക്കു ശേഷം എന്നെത്തേടി ഒരു റെജിസ്റ്റേർഡ് എത്തി. പോസ്റ്റ്മാന്റെ കൈയ്യിൽ നിന്നത് ഒപ്പിട്ട് വാങ്ങി . കവറിനകത്തുള്ള പേപ്പർ തുറന്നു നോക്കി വായിക്കുംതോറും അവളുടെ മുഖത്ത് സന്തോഷത്തോടൊപ്പം കണ്ണുനീരും നിറഞ്ഞു ഒഴുകി.

അമ്മേ … ഏട്ടാ … പി.. പി…എസ് സിയിൽ … നിന്നും… അഡ്വൈസ് മെമ്മോയാ …. സന്തോഷം കൊണ്ട് പലപ്പോഴും വാക്കുകൾ കിട്ടിയില്ല.

എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു.
അവളുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ തുടക്കമായിരുന്നു അത്… പുതിയ ഒരു ജീവിത യാത്രയുടെ അവിടെ തുടങ്ങുകയായി….
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

One comment

Leave a Reply to Binance创建账户 Cancel reply

Your email address will not be published. Required fields are marked *