
പേരുദോഷം
ഒത്തിരി വർഷം മുമ്പ് എന്റെ ചെറുപ്പത്തിൽ ആദ്യമായി എനിക്ക് പേരുദോഷം വാങ്ങിത്തന്ന കഥയാണിത്.
‘പേരുദോഷം’ എന്ന് കേട്ടപ്പോൾ തന്നെ എല്ലാവർക്കും വായിക്കാൻ ഒരു താല്പര്യം ഒക്കെ തോന്നിയിട്ടുണ്ടാവും അല്ലേ.. ?
സാരമില്ല എന്നാലും പറയാം.(എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആന്നു പിന്നെ മനസിലാവും )
ഒരു ദിവസം, ചാച്ചൻ വാങ്ങിത്തന്ന പുതിയ വെള്ള പെറ്റിക്കോട്ടും ഇട്ട് മില്ലിൽ പോയതായിരുന്നു ഞാൻ. എന്റെ കുടുംബം ഒരു സാധാരണ കർഷക കുടുംബമായിരുന്നു, ആ നാട്ടിലെ ഒരുമാതിരി എല്ലാവരും അങ്ങനെ ഒക്കെ തന്നെ ആയിരുന്നതുകൊണ്ട് എല്ലാവരും പരസ്പരം അറിയും.
മില്ലിൽ നിന്ന് തിരിച്ച് ജോസേട്ടന്റെ കടയുടെ അടുത്തെത്തിയപ്പോൾ കടയുടെ മുന്നിൽ തന്നെ ഞങ്ങളുടെ വികാരിയച്ചൻ നിൽക്കുന്നു..
നമുക്ക് അച്ചൻമാർ എന്നൊക്കെ പറഞ്ഞാൽ വലിയ സ്നേഹവും ബഹുമാനവുമാണ്.. ഓടിപ്പോയി അച്ഛന് ‘ഈശോമിശിഹായ്ക്ക് സ്തുതി ‘ ഒക്കെ കൊടുത്തു.. സ്തുതി സന്തോഷത്തോടെ വാങ്ങി അച്ഛൻ ഒരു ചോദ്യം…..
“എന്താടി കുഞ്ഞാടെ, പുതിയ ഉടുപ്പൊക്കെ ഇട്ടു എവിടെ പോയതാ..?”
സന്തോഷത്തിൽ ഞാൻ പറഞ്ഞു “അച്ചാ ഞാനൊന്ന് ആട്ടാൻ പോയതാ..!”
തൊട്ടടുത്തു നിന്ന വർഗീസ് ചേട്ടന്റെ ചേടത്തി എന്നോട് ചോദിച്ചു,… “എന്റെ കൊച്ചേ ഇങ്ങനെയൊക്കെ ആണോ മുതിർന്നവരോട് മറുപടി പറയുന്നത്,അദ്ദേഹം ആരാണെന്നാ നിന്റെ വിചാരം…അദ്ദേഹം നമ്മുടെ വികാരിയച്ചനാ.” നിർത്താൻ ഭാവമില്ലാതെ, ചേടത്തി വീണ്ടും തുടർന്നു.
“അല്ലേലും ഈ പിള്ളേരൊക്കെ ഇങ്ങനെയാ ആരെയും ബഹുമാനിക്കാൻ ഒന്നും പഠിച്ചിട്ടില്ല, ഇനിയെങ്കിലും ഇങ്ങനെ ഒന്നും പറയരുത് കേട്ടോ…? നിന്റെ തലയിൽ ഞാൻ പറഞ്ഞത് വല്ലതും കേറിയോ..? നിന്റെ തലയിൽ എന്നതാ..?”
ഒന്നും മനസ്സിലാവാതെ കിളിപോയി നിന്ന എനിക്ക് അവസാനത്തെ ചോദ്യം മാത്രം നന്നായി മനസ്സിലായി ‘തലയിൽ എന്നതാ..?’ എന്നുള്ള ചോദ്യം.
സന്തോഷത്തോടെ ഞാൻ മറുപടി പറഞ്ഞു “ചേട്ടത്തി…. പിണ്ണാക്കാ..!!”
പിന്നെ ആ ചേടത്തി നിർത്താതെ എന്തൊക്കെയോ പറഞ്ഞു.. അവസാനം കൂട്ടിച്ചേർത്തു “ആ കൂടുതൽ എന്നാ പറയാനാ മൊട്ടേന്നു വിരിഞ്ഞില്ല. അതിനുമുമ്പ് തുടങ്ങി തറുതല പറയാൻ വളർത്തുദോഷം അല്ലാതെ എന്താ അച്ചാ, അച്ചൻ അങ്ങ് ക്ഷമിച്ചേരെ.. അല്ലാതെ ഞാൻ ഇപ്പോ എന്തോ പറയാനാ…?”
അപ്പോഴേക്കും, നാട്ടിലെ കുറെയേറെ പ്രായമേറിയ ആളുകൾ സിറ്റിയിൽ വൈകുന്നേരത്തെ സൊറ പറയാൻ എത്തിയിരുന്നു, ചേടത്തി എല്ലാവരോടും കാര്യം വിവരിച്ചു,
ജോസ് ചേട്ടന്റെ കടയിൽ നിന്ന് പച്ച പ്യാരി മിട്ടായി ഒന്ന് വാങ്ങി, വായിലിട്ടു ഞാൻ വീട്ടിലേക്ക് നടന്നു.
രാത്രി കുരിശുവര കഴിഞ്ഞു 10 മിനിറ്റ് നേരം എല്ലാവരും ഒരുമിച്ച് സംസാരിച്ചിരിക്കുന്ന ഒരു ശീലം എന്റെ വീട്ടിൽ ഉണ്ട്,
അന്ന് ഇച്ചാച്ചൻ കുരിശുവര കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് വന്നത്.. ഇച്ചാച്ചൻ എന്ന് പറഞ്ഞാൽ ചാച്ചന്റെ ചാച്ചൻ, അതായത് വീട്ടിലെ തലമൂത്ത കാർന്നോര്.
ഇച്ചാച്ചനെ കണ്ടതോടെ എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു, ഞാൻ മാത്രം ഇരുന്ന ഇരിപ്പ് അവിടെത്തന്നെ ഇരുന്നു.
പെട്ടെന്നായിരുന്നു ഒരു അലർച്ച, “നിനക്ക് എന്താടീ കുണ്ടി പൊങ്ങുവേലെ…? മുതിർന്നവരെ കണ്ടാൽ..?”
ഒരിക്കലും ഒച്ചവെച്ച് എന്നെ വഴക്ക് പറയാത്ത ഇച്ചാച്ചന്റെ അലർച്ച കേട്ട ഞാൻ, ചാടി എഴുന്നേറ്റു. എല്ലാവരും ഞെട്ടലോടെ ഇച്ചാച്ചനെ നോക്കി.
ഇച്ചാച്ചന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു, ഇച്ചാച്ചനോട് എന്തെങ്കിലും ചോദിക്കാൻ ധൈര്യമുള്ളത് ആകെ വല്യമ്മച്ചിക്ക് മാത്രമാണ്, “നിങ്ങൾ എന്തിനാ ഇങ്ങനെ ഒച്ചയിടുന്നത് കാര്യം പറ..”
അപ്പോഴേക്കും പുറത്ത് നിന്ന് വികാരി അച്ചന്റെ ശബ്ദം കേട്ടു, എല്ലാവരും അച്ചനെ വിളിച്ചു അകത്തു കയറ്റി ഇരുത്തി.
അച്ചൻ ഇച്ചാച്ചനെ നോക്കി പറഞ്ഞു “ഔസേപ്പ് ചേട്ടാ അവൾ കൊച്ചല്ലേ… കാര്യമാക്കണ്ട നമുക്ക് പറഞ്ഞു മനസ്സിലാക്കാം..”
എല്ലാവരെയും ഞാൻ മാറി മാറി നോക്കി, എല്ലാവരുടെയും മുഖത്ത് വല്ലാത്ത ദേഷ്യം, എനിക്ക് മാത്രം ഒന്നും പിടികിട്ടിയില്ല.
അച്ചൻ എന്റെ അമ്മയെ നോക്കി ചോദിച്ചു. “എടീ പെൺകൊച്ചെ.. നിന്റെ പുന്നാര മോള് വൈകിട്ട് എവിടെ പോയതായിരുന്നു..? അവൾ എന്തൊക്കെയാ എന്നോട് പറഞ്ഞത് എന്നറിയാമോ…?”
ഞാൻ ആയതുകൊണ്ട് എല്ലാവരും നല്ല തെറ്റിദ്ധാരണയിൽ ആണ്, അമ്മച്ചി ദേഷ്യത്തോടെ എന്നെ നോക്കി, ഞാനാണെങ്കിൽ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ നിൽക്കാൻ തുടങ്ങി.
“അച്ചാ അവൾ കൊച്ചല്ലേ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അവൾക്കുവേണ്ടി മാപ്പ് ചോദിക്കുന്നു എന്താ അച്ചാ കാര്യം..?”
“നീ ആദ്യം എന്റെ ചോദ്യത്തിന് മറുപടി പറ. അവൾ വൈകിട്ട് എവിടെ പോയതാ..?”
“അവൾ മില്ലിൽ പോയതാ അച്ചാ.. എന്താ പ്രശ്നം എനിക്കൊന്നും മനസ്സിലായില്ല.” അമ്മച്ചി വലിയ കൺഫ്യൂഷനിൽ..
അതിലും വലിയ കൺഫ്യൂഷനിൽ ഞാൻ..
” അത് അച്ചു കുറച്ച് കൊപ്ര ആട്ടാൻ കൊടുത്തു വിട്ടതാ, തങ്കൻ ചേട്ടന്റെ കയ്യിൽ ആണ് കൊടുത്തു വിട്ടത് ( ആ ചേട്ടൻ ഞങ്ങളുടെ നാട്ടിൽ ചുമട് എടുക്കുന്ന ചേട്ടനാണ് )
ആട്ടി തുടങ്ങുമ്പോൾ കുറച്ച് പിണ്ണാക്ക് എടുത്തിട്ട് വരാൻ ഇവളെ പറഞ്ഞു വിട്ടതാ, പശുവിനു കൊടുക്കാൻ പിണ്ണാക്ക് തീർന്നിരിക്കുകായിരുന്നു.”
ഇത്രയും നേരം ചിരിച്ചു മയങ്ങി നിന്ന അച്ചന്റെ മുഖത്തെ കിളിയെല്ലാം പുറത്തേക്ക് പറന്നുപോയി, ഇച്ചാച്ചൻ ഒരു സൈഡിൽ ഇരുന്ന് ചിരിക്കാൻ തുടങ്ങി, ഇച്ചാച്ചൻ എന്നെ ചേർത്തു പിടിച്ച് ഉമ്മ തന്ന് ചേച്ചിയോട് പറഞ്ഞു. “ചാച്ചന്റെ പോക്കറ്റിൽ മിഠായി ഉണ്ട് കൊച്ചിന് എടുത്ത് കൊടുക്ക്.”
അതുവരെ വിങ്ങിപ്പൊട്ടി നിന്ന ഞാൻ സന്തോഷത്തോടെ ചേച്ചിക്കൊപ്പം അകത്തേക്ക് നടന്നു.
പിന്നീടാണ് ഇച്ചാച്ചൻ കാര്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞത്.
ഇവള് മില്ലിൽ നിന്ന് വരുന്ന വഴി അച്ചൻ ചോദിച്ചു ”നീ എവിടെ പോയതാ..?”
അവൾ സത്യമായി ഉത്തരം പറഞ്ഞു “ആട്ടാൻ പോയതാ…”
സംഭവം ‘കൊപ്ര’ എന്ന വാക്ക് അവളുടെ വായിൽ വരില്ലാത്തതുകൊണ്ട് മാത്രം അവൾ – ‘കൊപ്ര’ കൂട്ടിച്ചേർത്തില്ല.
രണ്ടാമത്തെ ചോദ്യം, ”തലയിൽ എന്നതാ ” എന്നുള്ളത് ആയിരുന്നല്ലോ,.?
നിഷ്കളങ്കയായ ഒരു കൊച്ചു ബാലിക എന്നുള്ള നിലയിൽ അവൾ പറഞ്ഞു “പിണ്ണാക്ക് “
എന്തായാലും പിറ്റേന്ന് തുടങ്ങി എല്ലാവരും എന്നെ ‘പിണ്ണാക്കേ’ എന്ന് വിളിക്കാൻ തുടങ്ങി..
വെറുതെ കിട്ടിയ ഒരു പെരുദോഷം..
രചന :ജിഷ ഷാജൻ
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.
Your article helped me a lot, is there any more related content? Thanks!