നള പാചകം

നളപാതകം (*പാചകം)


“താനേതായാലും മരുന്ന് കഴിച്ച് റെസ്റ്റെടുക്ക്. ഞാനിന്ന് ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞിട്ടുണ്ട്. പനിയുള്ളതല്ലേ ലഞ്ചെന്തായാലും പുറത്ത് നിന്നും വേണ്ട. തനി നാടനാക്കികളയാം. കഞ്ഞിയും പപ്പടവും അച്ചാറും പിന്നെ മക്കൾക്ക് ഓംലെറ്റും.. അത് പോരെ?” ഈ പറയുന്നത് എന്റെ കെട്ട്യോൻ തന്നെയല്ലേ എന്ന് കണ്ണൊന്ന് തിരുമ്മി ഞാനൊന്ന് ഉറപ്പിച്ചു.
“ഫുഡാവുമ്പോ ഞാൻ വിളിക്കാം താനൊന്ന് ഉറങ്ങിക്കോ.. നല്ല ക്ഷീണമുണ്ട് മുഖത്ത്. പുള്ളിക്കാരൻ ഇതുംപറഞ്ഞ് മുറിവിട്ടുപോയി സാമാന്യം നല്ല ഉച്ചത്തിൽ ടി വി ന്യൂസും ഓണാക്കി വച്ചു. ഇന്നിനി ഏതായാലും ന്യൂസ് ഓഫാകുമെന്ന പ്രതീക്ഷയില്ലാത്തത് കൊണ്ടു തന്നെ ആ ശബ്ദകോലാഹലത്തെ ഗസലിന്റെ മാസ്മരിക ശബ്ദമെന്ന് മനസ്സിനെ പറഞ്ഞ് പരുവപ്പെടുത്തി ചെറുതായൊന്ന് മയങ്ങി. ഉണർന്നപ്പോഴേക്കും പറഞ്ഞത് പോലെ തീൻമേശയിൽ കഞ്ഞിയും സംഭവങ്ങളുമെല്ലാം റെഡിയാണ്. എല്ലാവരും കൂടെ സന്തോഷത്തോടെ വട്ടമിട്ടിരുന്ന് കഞ്ഞികുടിയും കഴിഞ്ഞ് പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് ചെന്നപ്പോഴാണ് എനിക്ക് ശരിക്കും ആനന്ദക്കണ്ണീർ വന്നത്. കുക്കറും ചട്ടിയും കലവും മുതൽ സ്റ്റാൻഡിലുള്ള സകലപാത്രങ്ങളും നിരന്നു കിടപ്പുണ്ട്. സിങ്കിനുള്ളിൽ ഉള്ളിത്തോൽ, വേപ്പില,മുളക് തണ്ടുകൾ.. ഗ്യാസ് സ്റ്റൗവിൽ അങ്ങിങ്ങായി വട്ടം പൊട്ടിയ മുട്ടത്തോടുകൾ..
ആകെ മൊത്തം ഒരു യുദ്ധക്കളമായി കിടക്കുന്നു.
അതൊന്നുമല്ല എന്നെ അദ്ഭുതസ്തബ്ധയാക്കിയത്.. എന്നാലും വെട്ടുകത്തി എന്തിനായിരിക്കും എടുത്തത്? കോഴിമുട്ട വെട്ടിപ്പൊളിക്കാനോ അതോ പച്ചമുളകിന്റെ തലകൊയ്യാനോ?
തികട്ടി വന്ന അരിശം ഉള്ളിലൊതുക്കി സമാധാനത്തിന്റെ പാത തിരഞ്ഞെടുത്ത് ആരോഗ്യസ്ഥിതി ഓർത്ത് അനിവാര്യമായ ഒരു യുദ്ധം ഒഴിവാക്കി.
എന്തായാലും അടുക്കള ഒരേസമയം പരീക്ഷണശാലയും യുദ്ധക്കളരിയും ആണെന്ന് പണ്ടേതോ മഹാൻ പറഞ്ഞതെത്ര ശരിയാണ്.
~ഫാബി നിസാർ.
Pic: Behance

2 comments

Leave a Reply

Your email address will not be published. Required fields are marked *