
ഒളിച്ചോട്ടം
“എടീ നിനക്ക് പഠിക്കാൻ ഇഷ്ടമാണോ..?” എന്റെ ചങ്ക് ഫ്രണ്ട് എന്നോട് ചോദിച്ചു ..
“ഇഷ്ടമല്ല.. എന്താടാ പഠിക്കാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ..”
“എടീ, എനിക്കും പഠിക്കാൻ ഇഷ്ടമല്ല. പക്ഷേ എനിക്കൊരു ഐഡിയ കിട്ടിയിട്ടുണ്ട്, ഇന്നലെ ഡാഡിയും അമ്മയും പറയുന്നത് കേട്ടതാ.!”
“എന്താ ഐഡിയ എന്നാ പിന്നെ എനിക്കും പറഞ്ഞു താ.. എനിക്കാണെങ്കിൽ പഠിക്കാതിരിക്കാൻ മുട്ടിയിട്ടും പാടില്ല…”
പരീക്ഷ കഴിയുമ്പോൾ കിട്ടുന്നത്, വലിയ വല്ലക്കൊട്ടയിൽ കൊണ്ടുവരാൻ വീട്ടിൽ എല്ലാവരും പറയുന്നത് കേട്ടു കേട്ടു മടുത്തു..! അപ്പോൾ ഇങ്ങനെ ഐഡിയ കിട്ടിയാൽ തുള്ളിച്ചാട്ടം സ്വാഭാവികമല്ലേ..
“എന്നാ പിന്നെ നമുക്ക് ഒളിച്ചോടാം,….?”
“ഒളിച്ചോടാനോ അതെന്താ ഒളിച്ചോടിയാൽ പിന്നെ പഠിക്കേണ്ടേ…?” ഞാൻ അവനോടു ചോദിച്ചു.
“എടീ നമ്മുടെ താഴത്തെ ശാന്ത ചേച്ചി പലിശക്കാരൻ അണ്ണന്റെ കൂടെ ഓടി പോയത് നീ ഓർക്കുന്നുണ്ടോ…?”
“ആ അതിന് എന്താടാ..? “
“ഡാഡി ഇന്നലെ അമ്മയോട് പറയുന്നത് കേട്ടു, ശാന്ത ചേച്ചിയ്ക്കും അണ്ണനും പരമ സുഖമാണെന്ന്, അവരുടെ ടൈം നല്ല ബെസ്റ്റ് ടൈം ആണെന്നും പറഞ്ഞു..”
ആകാംക്ഷയോടെ അവൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു,
കുറെയേറെ നേരം ഡിസ്കഷന് ശേഷം ഞങ്ങൾ തീരുമാനമെടുത്തു…
‘നമുക്ക് ഒളിച്ചോടാം..’
അപ്പോഴാണ് ഞങ്ങൾക്ക് ചെറിയൊരു ഡൗട്ട്…
‘എങ്ങോട്ട് ഒളിച്ചോടും…?’
അവൻ എന്നോട് പറഞ്ഞു “എടീ അവര് ഓടിപ്പോയത് മദ്രാസിലേക്കാണ്, നമുക്കും അങ്ങോട്ട് തന്നെ പോകാം..”
“നിനക്ക് പോകാൻ ഒക്കെ അറിയാമോ…?” ഞാൻ അവനോടു ചോദിച്ചു,
“നീ നിന്റെ അപ്പയുടെ പോക്കറ്റിൽ നിന്ന് കുറച്ചു പൈസ എടുത്ത് ഇറങ്ങി വന്നാൽ മതി നമുക്ക് വെളുപ്പിനെ ഉള്ള ബസ്സിന് പോകാം.. രണ്ടുമണിയുടെ ബസ്സ്…ഒക്കെ..👍?”
ഞങ്ങളുടെ തീരുമാനം അന്തിമമാണ് …
അങ്ങനെ രണ്ടുമണിയുടെ ബസിന് ഒളിച്ചോടാൻ തീരുമാനിച്ചു..
“വെളുപ്പിന് ഒരു മണിയാകുമ്പോൾ താഴത്തെ പാറയുടെ അടുത്ത് വന്നാൽ മതി.. ഞാൻ നിന്നെ കൂട്ടിക്കൊണ്ട് പൊയ്ക്കോളാം..” അവൻ പറഞ്ഞു.
അവൻ പറഞ്ഞത് അനുസരിച്ച് ഷമ്മിക്കൂടിൽ ഒരു ജോഡി ഡ്രസ്സ് എടുത്തുവെച്ചു, പിന്നെ എന്റെതായ വിലയേറിയ കുറെയേറെ ഐറ്റംസ് കുത്തി കയറ്റി ആ കൂട് നിറച്ചെടുത്തു..
എല്ലാവരും ഉറക്കമായപ്പോൾ കിട്ടാവുന്ന പണമെല്ലാം വാരിയെടുത്തു..!,
പിന്നെ എന്റെ ലഗേജും താങ്ങിപ്പിടിച്ച് വാതിലിനോട് ചേർന്ന് ഉറങ്ങാതെ കാത്തിരുന്നു ഒരു മണി ആവാൻ…..!
അവൻ പറഞ്ഞതനുസരിച്ചു ‘ഒളിച്ചോടുമ്പോൾ ആരും അറിയരുത്’ എന്നുള്ള തീരുമാനത്തോടെ ആയിരുന്നു ആ ഇരുപ്പ്..
കുറച്ചു സമയം കഴിഞ്ഞപ്പോൾ ചാച്ചൻ വന്ന് എന്നെ വിളിച്ചു അമ്മയും കൂടെ ഉണ്ട്,
‘ദൈവമേ… എല്ലാവരും അറിഞ്ഞു, സാരമില്ല അവരോട് പറഞ്ഞിട്ട് പോകാം’ ഞാൻ കരുതി.
ഞാൻ ചാച്ചനോട് ചോദിച്ചു. “ചാച്ചാ സമയം എന്തായി,..?”
“അഞ്ച് മണി, അല്ല നീ ഇവിടെ എന്താ എടുക്കുന്നെ…? ഇന്നലെ ഇവിടെയാണോ കിടന്നത്..?”
“അയ്യോ… അഞ്ചു മണി ആയോ എനിക്ക് ഒരു മണിക്ക് പോകണ്ടതായിരുന്നു..”
“ഒരു മണിക്കോ..? എങ്ങോട്ട്….?” ചാച്ചൻ കണ്ണും തള്ളി ചോദിച്ചു.
“അതൊക്കെ ഉണ്ട്.. ഞാനും അവനും കൂടി വെളുപ്പിനത്തെ വണ്ടിക്ക് ഒളിച്ചോടാൻ തീരുമാനിച്ചതാ.. ഞാൻ ഉറങ്ങിപ്പോയി.. ഇനിപ്പോ ഞാൻ അവനോട് എന്താ പറയുക..?”
എൻ്റെ പറച്ചിൽ കേട്ടിട്ട് ചാച്ചൻ്റെം അമ്മേടേം നിൽപ്പ്, കിളി പോയത് പോലെയാണ് …
അപ്പോഴേക്കും പുറത്തുനിന്ന് അവന്റെ ഡാഡിയുടെ വിളി കേട്ടു,
ചാച്ചൻ പുറത്തേക്ക് നടന്നു,,
ഡാഡിയുടെ കൈയ്യും പിടിച്ച് അവനും ഉണ്ടായിരുന്നു.
അവൻ നടന്ന് എന്റെ അടുത്ത് വന്ന് എന്നോട് അടക്കം പറഞ്ഞു. “എടീ.. നമുക്കിനി വേറൊരു ദിവസം ഒളിച്ചോടാം.. ഞാനേ കുറച്ചു ഉറങ്ങിപ്പോയി.. ഡാഡി വിളിച്ചപ്പോഴാണ് അറിഞ്ഞത്..!!”
അപ്പോഴാണ് ചാച്ചൻ എന്റെ കയ്യിലിരുന്ന ഷിമ്മിക്കൂട് കാണുന്നത്, അവരെല്ലാവരും കൂടി അത് തുറന്നു നോക്കി,
‘വീട്ടിൽ ഇടുന്ന പെറ്റിക്കോട്ട് ഒരെണ്ണം, രണ്ട് പൊട്ടിയ കളിപ്പാട്ടം, കുറച്ചു വാളംപുളി, കല്ലുപ്പ് പൊതിഞ്ഞത്, വാട്ടു കപ്പ അഞ്ചാറെണ്ണം, ചാമ്പക്കാകളും, രണ്ട് ചുട്ട ഏത്തക്കായയും, പിന്നെ പത്തിന്റെയും 25 ന്റെയും കുറെയേറെ ചില്ലറ പൈസകളും ..പൈസ മാത്രം മോഷ്ടിച്ചതാ.. ഒരു വഴിക്ക് പോകുവല്ലേ ചിലവിനെടുക്കാന്ന് വച്ചു…’
ചാച്ചനും അങ്കിളും ഞങ്ങളെ ചേർത്തുപിടിച്ച് ഉപദേശിച്ചു കൊണ്ട് പറഞ്ഞു, “നിങ്ങള് ഒളിച്ചോടാറാവുമ്പോൾ ഞങ്ങൾ തന്നെ വിളിച്ചെഴുന്നേൽപ്പിച്ച് ഒളിച്ചു ഓടിക്കാം, അതുവരെ നിങ്ങൾ നല്ല കുട്ടികൾ ആയിരിക്കണം…!”
ഒളിച്ചോട്ടം ചീറ്റി എങ്കിലും ഞങ്ങൾ പെട്ടെന്ന് തന്നെ റെഡിയായി, സ്കൂളിലേക്ക് നടന്നു… ഞങ്ങളുടെ സ്വന്തം സെൻറ് പീറ്റേഴ്സ് എൽ പി സ്കൂളിലേക്ക്,
രണ്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷക്ക് ഒട്ടും തയ്യാറാകാതെ
…
രചന :ജിഷ ഷാജൻ
Your article helped me a lot, is there any more related content? Thanks!
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.com/uk-UA/register?ref=XZNNWTW7