
❤ഒരു വാഴ വച്ച കഥ ❤
കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ ആയി വീട്ടിൽ ചെന്ന് കേറുമ്പോൾ ഞാൻ ബംഗാളി ആണോ എന്നൊരു തോന്നൽ ആണ്.. മുൻപേ ഒക്കെ ആഴ്ചയിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയും അമ്മയും കൂടി എന്നെ പൊന്നു പോലെയാണ് നോക്കാറുള്ളത്..ഇപ്പോൾ പുല്ല് പോലെയും.. അച്ഛൻ ആണേൽ എന്നെ കൊണ്ട് ഒരു പണിയും എടുപ്പിക്കില്ല..സ്നേഹം കൊണ്ട് അല്ല എനിക്ക് ഒരു പിണ്ണാക്കും അറിയില്ല എന്ന് അച്ഛനെക്കാൾ നന്നായിട്ടു വേറെ ആർക്കും അറിയില്ല എന്നത് ആണ് കാരണം..
വീട്ടിൽ ചെന്ന് നിൽകുന്ന രണ്ടു ദിവസം വീടും പരിസരവും ഫുൾ വൃത്തി ആക്കി ഇടുന്നത് ആണ് എന്റെ മെയിൻ ഹോബി..എന്റെ ഈ വൃത്തിആക്കൽ മാനിയ എന്റെ വീട്ടുകാർക്ക് തീരെ ഇഷ്ടം അല്ല എന്നത് മറ്റൊരു നഗ്ന സത്യം..24നോർത്ത് കാതത്തിലെ ഫഹദ് ഫാസിലിന്റെ ലൈറ്റ് വേർഷൻ ആണ് ഞാൻ എന്ന് നാട്ടിലും വീട്ടിലും ഒരു കര കമ്പി ഉണ്ട്..അപവാദം എനിക്ക് പുത്തരി അല്ല.. പക്ഷേ ആത്മാർത്ഥമായി പണി എടുക്കുന്ന എന്നെ പറ്റി പറയുമ്പോൾ എനിക്ക് ഇച്ചിരി ദണ്ണമുണ്ട്.. ഈ ദണ്ണം അങ്ങോട്ട് വല്ലാതെ കൂടുമ്പോൾ ഞാൻ അടുക്കളയിൽ പോയി പിള്ളേരുടെ പലഹാര ടിൻ തുറന്നു ഇച്ചിരി ചിപ്സ് ഇച്ചിരി ജിലേബി ഇച്ചിരി ക്രീം ബിസ്കറ്റ് ഒക്കെ വാരി തിന്നും.. അതോടെ എന്റെ ആ ദണ്ണം അങ്ങട് മാറി കിട്ടും..
അങ്ങനെ ഒരു രണ്ടാഴ്ച മുൻപ് വീട്ടിലേക്ക് വന്ന ദിവസം.. ഞാൻ രാത്രിയിലത്തെ ട്രെയിനിൽ ആണ് വരുന്നേ..രാത്രി ആണേലും സത്യത്തിൽ ഞാൻ ട്രെയിനിൽ കിടന്നു ഉറങ്ങില്ല.കാരണം വേറൊന്നും അല്ല ഒരിക്കൽ ഞാൻ നാലു മണിക്ക് അലാറം വച്ച് ഉറങ്ങാൻ കിടന്നു ട്രെയിനിൽ.. എന്നിട്ട് അലാറം അടിച്ചപ്പോൾ അതു ഓഫ് ആക്കി സുഖം ആയി കിടന്നു ഉറങ്ങി..കുറച്ചു കഴിഞ്ഞു ട്രെയിൻ നിന്നു, കണ്ണ് തുറന്നു നോക്കിയപ്പോൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ.. പറഞ്ഞിട്ട് കാര്യം ഉണ്ടോ.. നേരെ പുറത്തോട്ട് ഇറങ്ങി വേറെ ട്രെയിൻ പിടിച്ചു തിരിച്ചു കൊല്ലത്തു വന്നു ഇറങ്ങി.. നിങ്ങൾ ഇപ്പോൾ ഓർക്കും എന്തൊരു ദുരന്തം ആണ് മനുഷ്യ നിങ്ങൾ എന്ന്.. അതെ ഇത് വൺ സൈഡ് ദുരന്തം മാത്രം..മുൻപ് ഒരുതവണ തൃശ്ശൂർ ഇറങ്ങേണ്ടതിന് പകരം പാലക്കാട് പോയ് ഇറങ്ങിയിട്ട് തിരിച്ചു ബസിൽ കേറി തൃശ്ശൂർ വന്നതും ഈ ഞാൻ തന്നെ ആണ്.. ഇപ്പോൾ നിങ്ങൾക്ക് ആ സംശയം മാറി കിട്ടി ഇല്ലേ ഞാൻ ഒരു ദുരന്തം അല്ല എന്ന്..പിന്നെ ഈ കഥ എഴുതി കൊണ്ട് ഇരുന്ന ശനിയാഴ്ച ദിവസവും ഞാൻ ട്രെയിനിൽ ഇങ്ങനെ കിടന്നു ഉറങ്ങിയാരുന്നു.. സ്വാഭാവികം..!!
ഇനി എന്റെ ബംഗാളി പണിയിലേക്ക് വരാം.. ഞാൻ രണ്ടാഴ്ച മുന്നേ വീട്ടിലോട്ട് രാവിലെ ഏഴു മണിക്ക് കയറി വരുമ്പോൾ ആണ് അച്ഛൻ കെട്യോളോട് സംസാരിക്കുന്നത് കേട്ടത്..
” കൂലി കൊടുക്കുന്നത് പോട്ടെന്നു വയ്ക്കാം അവന്മാർ ആകെ മൂന്നു മണിക്കൂർ ജോലി ചെയ്തിട്ട് ആയിരം രൂപ വാങ്ങി പോയ പോക്കാണ്.. പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല…”
“ഇനി അവരെ ഒന്നും വിളിക്കേണ്ട അച്ഛാ..ഹരി ഇന്നും നാളെയും ഇവിടെ ഇല്ലെ.. അപ്പോൾ അച്ഛൻ ഒക്കെ പറഞ്ഞു കൊടുത്ത മതി ഏട്ടൻ ചെയ്തോളും…”അവൾ പറഞ്ഞു..
“എന്ത് ചെയ്യുന്ന കാര്യം ആണ്..” ഞാൻ അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു..
“ഓഹ് ഒന്നുല്ല..കുറച്ചു തേങ്ങ പൊതിക്കാൻ ഉണ്ട്.. അച്ഛന് കൈക്ക് തെയ്മാനം അല്ലെ? ഞാൻ പറഞ്ഞു അച്ഛൻ ചെയ്യേണ്ട ചേട്ടൻ പൊതിച്ചു തരുമെന്ന്…”
“തേങ്ങ പൊതിക്കാൻ നിനക്ക് അറിഞ്ഞൂടെ പിന്നെ എന്തിനാ ഞാൻ?”ഞാൻ സംശയത്തോടെ ചോദിച്ചു..
“അവൾക്ക് അറിയാം.. നിനക്ക് അറിയില്ലല്ലോ.. നീ ഇനി എന്നാ ഇതൊക്കെ പഠിക്കുന്നെ.. പോയി വല്ലോം കഴിച്ചിട്ട് അങ്ങോട്ട് വാടാ.. ഞാൻ തേങ്ങ എടുത്തു ഇടാം..” അത്രയും പറഞ്ഞു അച്ഛൻ എന്നെ നോക്കിയിട്ട് പുറത്തേക്ക് പോയി..
“ഡേയ് എന്തുവാ ഉദ്ദേശം? എന്നെ തേങ്ങ പൊതിക്കാൻ പഠിപ്പിച്ചിട്ടു ഞാൻ എന്താ വല്ല മത്സരത്തിനും പോകുന്നോ? ഒരു ദിവസം ഒരു തേങ്ങ പോലും എടുക്കാത്ത ഈ വീടിനു ഇതെന്തു പറ്റി..ഇതിൽ എന്തോ ദുരുദ്ദേശമില്ലേ??” ഞാൻ അവളോട് ചോദിച്ചു
“നിന്ന് കഥാപ്രസംഗം നടത്താതെ പല്ല് തേച്ചിട്ട് വാ മനുഷ്യ.. പുട്ട് ഉണ്ടാക്കി വച്ചിട്ടുണ്ട്..”
“ഇന്നും പുട്ടോ.. ഞാൻ ഈ പുട്ട് കഴിച്ചു കഴിച്ചു ആണ് ഇങ്ങനെ തള്ളുന്നത് എന്നാണ് ഫേസ്ബുക്കിൽ എല്ലാരും പറയുന്നത്..'”
“ഓഹ് ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന ദിവസം പിന്നെ തീരെ തള്ള് ഇല്ലല്ലോ.. പോയി പല്ല് തേച്ചിട്ട് വാടെ..”
“കഴിച്ചിട്ട് തേച്ച പോരെ…”
“ദേ ഒരുമാതിരി എന്റെ പിള്ളേരുടെ സ്വഭാവം കാണിക്കരുത്.. പിള്ളേർ ആയോണ്ടാ ഞാൻ അവന്മാർക്ക് ഇളവ് കൊടുക്കുന്നത്.. അതു നിങ്ങൾക്ക് പ്രതീക്ഷിക്കണ്ട കേട്ടല്ലോ “അതും പറഞ്ഞു ബ്രെഷ് എടുത്തു എന്റെ കയ്യിൽ തന്നിട്ട് അവൾ പുട്ട് എടുക്കാൻ പോയി..ഞാൻ വേഗം പല്ല് തേച്ചു കുളിയും ഒക്കെ കഴിഞ്ഞു കഴിക്കാൻ വന്നു ഇരുന്ന്..
രാവിലെ രാജാവിനെ പോലെ കഴിക്കണം ഭക്ഷണം എന്ന് ആണല്ലോ.. അതു കൊണ്ട് ഒരു കുറ്റി പുട്ട് രണ്ടു പപ്പടം പുഴുങ്ങിയ പഴം ഇച്ചിരി പയർ ഭംഗിക്കു ഒരു മുട്ട പിന്നെ ഒരു ഗ്ലാസ് ഓട്സ് ഇത്രയും കഴിച്ചു കഴിഞ്ഞപ്പോൾ ഉള്ളത് പറഞ്ഞ ഈ രാജാവിന്റെ കുടവയർ ഒന്നൂടി മുന്നോട്ടു തള്ളി.. ഇതിപ്പോൾ വായും വയറും വച്ച് ഞാൻ തള്ളേണ്ട അവസ്ഥ ആയല്ലോ ഭഗവാനെ…കഴിച്ചു കൈ കഴുകി പുറത്തു പത്രം വായിച്ചു ഇരിക്കാൻ നേരം ആണ് അച്ഛന്റെ വിളി വരുന്നത്.. പത്രം മടക്കി വച്ച് ഞാൻ അച്ഛന്റെ അടുത്തോട്ടു ചെന്ന്..
“നീ കഴിച്ചോടാ വല്ലോം?” എന്റെ തള്ളി നിൽക്കുന്ന വയറ്റിലേക്ക് നോക്കി അച്ഛൻ ചോദിച്ചു..
“വയറു ചാടുന്നുണ്ട് അല്ലേ അച്ഛാ..” ഞാൻ തല ചൊറിഞ്ഞു കൊണ്ട് വിനയത്തോടെ ചോദിച്ചു..
“വയറു ചാടാതെ ഇരിക്കാൻ അല്ലേ നീ ഒരു സൈക്കിൾ വാങ്ങിയത്..എന്നിട്ട് ആ സൈക്കിൾ എവിടെ?”
“അപ്പോൾ അല്ലേ നമ്മുടെ റോഡ് കുത്തി കിളച്ചു ഇട്ടത്..”
“അതു കൊണ്ട്?”
“അല്ല അതു കൊണ്ട് ആ വഴിയിൽ കൂടി സൈക്കിൾ ചവിട്ടി സൈക്കിൾ കേടാക്കേണ്ട എന്ന് കരുതി ഞാൻ എടുത്തു ഷെഡ്‌ഡിൽ വച്ച്… പത്തെണ്ണായിരം ചിലവാക്കി വാങ്ങിച്ച സൈക്കിൾ അല്ലേ അച്ഛാ..”
“എന്നാ പിന്നെ ഇത്രയും ദണ്ണം ആണേൽ എന്റെ പൊന്നു മോൻ ഇനി കാറും ബൈക്കും പുറത്തോട്ട് പോകാൻ എടുക്കേണ്ട.. അതൊക്കെ കേടാകില്ലേ ഈ റോഡിൽ കൂടി പോയാൽ.. അതു കൊണ്ട് ഇനി മുതൽ നീ നടന്നു പോയ മതി റോഡ് പണി തീരും വരെ..”
“അയ്യോ അച്ഛാ അങ്ങനെ പറഞ്ഞൂടാ..”
“ഓരോ ഉടായിപ്പ് കൊണ്ട് ഇറങ്ങിക്കോളും.. ഡാ ദോ ആ കിടക്കുന്ന തേങ്ങ മൊത്തം പൊത്തിക്കണം കേട്ടല്ലോ..” ഷെഡ്‌ഡിലേക്ക് ചൂണ്ടി കൊണ്ട് അച്ഛൻ പറഞ്ഞു..
“അയ്യോ ഇത് പത്തു നാനൂറു ഒണക്ക തേങ്ങ ഇല്ലെ.. എനിക്ക് എങ്ങും പൊതിക്കാൻ അറിയില്ല ഞാൻ അവളെ കൂടി വിളിക്കട്ടെ അവൾ ആകുമ്പോൾ ശട പടെന്ന് പൊതിച്ചു മാറ്റും..”
“വേണ്ട വേണ്ട അവളെ വിളിക്കണ്ട..പൊതിക്കാൻ അറിയാത്തതു കൊണ്ടാണ് നിന്നെ തന്നെ ഏല്പിച്ചത്.. അറിയാത്ത പണികൾ പഠിക്കണം അല്ലോ.. അപ്പോൾ തുടങ്ങിക്കോ.. ഇത് ഇന്ന് വൈകിട്ടു വരെ പൊതിക്കാൻ ഉള്ളത് ഉണ്ട്.. ഇന്ന് ഈ ജോലി മതി..”
“ഏഹ് അപ്പോൾ നാളെ വേറെ ഉണ്ടോ??'”ഞാൻ ഒരു തേങ്ങ എടുത്തു കയ്യിൽ വച്ച് കൊണ്ട് ചോദിച്ചു..
“നാളെ ഈ തേങ്ങ എല്ലാം ഉടയ്ക്കണം.. എന്നിട്ട് മുകളിൽ കൊണ്ട് പോയി ഉണക്കാൻ വയ്ക്കണം.നിനക്ക് തിങ്കളാഴ്ച ലീവ് ഉണ്ടോ?”
“എയ് ഇല്ല.. ഇല്ല എനിക്ക് നാളെ വൈകിട്ടു തന്നെ പോകണം.. ഈ അടുത്ത് എങ്ങും ലീവ് എനിക്ക് കിട്ടൂല..” (തിങ്കളാഴ്ച എടുത്ത ലീവ് അപ്പോൾ തന്നെ ഞാൻ ക്യാൻസൽ ചെയ്തു )
“ആ അപ്പോൾ തുടങ്ങിക്കോ..ക്ഷീണം തോന്നിയാൽ പറയണം കേട്ടോ “
“എന്തിന അച്ഛാ ബാക്കി അച്ഛന് പൊതിക്കാൻ ആണോ?’
“പ്ഫ വെള്ളം വല്ലോം കുടിച്ചു ക്ഷീണം തീർത്തിട്ട് നീ തന്നെ പൊതിച്ചോണം.. ഇച്ചിരി ദേഹം അങ്ങനെ എങ്കിലും വിയർക്കട്ടെ..” അത്രയും പറഞ്ഞു അച്ഛൻ ഒരു പോക്ക്… ഞാൻ അവിടെ നിന്ന് ഒന്നെന്നു പറഞ്ഞു തേങ്ങ പൊതിച്ചു തുടങ്ങി..അങ്ങനെ തേങ്ങ മൊത്തം പൊതിച്ചു അതു ഉടച്ചു മുകളിൽ ഒണക്കാനും വച്ചിട്ട് ആണ് ഞാൻ ആ ആഴ്ച തൃശ്ശൂർക്ക് വണ്ടി കയറിയത്…അഞ്ചു ദിവസം പെട്ടെന്നു പോയി.. പിന്നത്തെ ശനിയാഴ്ച രാവിലെ തന്നെ ഞാൻ വീട്ടിൽ ഏഴു മണിക്ക് ഹാജർ ആയി..
ചെന്ന് കയറിയപ്പോൾ തന്നെ അച്ഛൻ മുറ്റത്തു തെങ്ങിന് വെള്ളം കോരുന്നുണ്ട്..
“ആ ഈ തെങ്ങു എപ്പോൾ വച്ച് അച്ഛാ..” ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നു ചെന്ന് ചോദിച്ചു..
“ആ ഇത് ഇന്നലെ വച്ച്..”
“അയ്യോ അച്ഛൻ എന്തിനാ കുഴി എടുത്തേ ഞാൻ വന്നിട്ട് വച്ച പോരായിരുന്നോ “
“ഓഹ് നീ വച്ച കുഴിയിലെ തെങ്ങ ദോ ആ നില്കുന്നത് എല്ലാം.. തെങ്ങു വയ്ക്കേണ്ട കുഴിയിൽ വാഴയും വാഴ വയ്ക്കേണ്ട കുഴിയിൽ തെങ്ങും വച്ചു.. ഇപ്പോൾ വാഴയും ഇല്ല തെങ്ങും ഇല്ല..ഞാൻ വച്ച വാഴ പോലെ ആയല്ലോ ഈശ്വരാ…” അതു പറഞ്ഞു അച്ഛൻ എന്നെ ഇരുത്തി ഒന്ന് നോക്കി.. ഞാൻ ആ സമയം കൊണ്ട് അടുക്കളയിൽ എത്തി..
“ഡേയ് ഇന്നെന്താ കഴിക്കാൻ..”
“കുറച്ചു കഞ്ഞി എടുക്കട്ടെ ” പെണ്ണുംപിള്ള ആക്കി ചോദിച്ചത് കേട്ടപ്പോൾ തന്നെ മനസിലായി അച്ഛൻ പറഞ്ഞത് അവൾ കേട്ടെന്ന്.. കഞ്ഞി എങ്കിൽ കഞ്ഞി പുട്ട് അല്ലല്ലോ.. കുളിച്ചു വന്നു കഞ്ഞിയും പയറും തട്ടി.. ഒന്ന് കിടക്കാം എന്ന് വച്ചപ്പോൾ ദേ ചെറുക്കൻ ആനയ്ക്ക് ഡ്യൂപ് ഇടാൻ വിളിക്കുന്നു..
“ടെ ചെർക്ക ഞാൻ ഒന്ന് ഉറങ്ങട്ട.. ട്രെയിനിലോ ഉറങ്ങാൻ പറ്റില്ല.. വീട്ടിൽ വന്നാൽ എങ്കിലും നീമാർ എന്നെ ഉറക്കാൻ സമ്മതിക്കുമോ?” എന്നും പറഞ്ഞു തലയിണ എടുത്തു കെട്ടിപിടിച്ചു കിടക്കാൻ നേരം അച്ഛന്റെ ഫസ്റ്റ് കാൾ വന്നു.. പണ്ടൊക്കെ അച്ഛന്റെ ഫസ്റ്റ് കാളിൽ തന്നെ ചെന്നില്ലേ റേഷൻ കാർഡിൽ നിന്ന് എന്തിനു വീട്ടിൽ നിന്ന് പോലും എന്റെ പേര് വെട്ടും ആയിരുന്നു.. ഇപ്പോൾ പറ്റില്ല.. എന്നോടാ കളി ഞാൻ വേറെ വീടും വച്ചു സ്വന്തം ആയി ഒരു റേഷൻ കാർഡും എടുത്തു.. അല്ല പിന്നെ.. എത്ര ആണെന്ന് വച്ച മനുഷ്യൻ പേടിച്ചു ജോലി എടുക്കുന്നെ.. ഇപ്പോളും പേടിച്ചിട്ട് ഒന്നുമല്ല എന്തിനാ വെറുതെ അച്ഛനെ വിഷമിപ്പിക്കുന്നെ എന്ന് ഓർത്ത..
ഒരു കോട്ടുവ ഇട്ട് കൊണ്ട് ഞാൻ അച്ഛൻ വിളിച്ച ഭാഗത്തു ചെന്ന്..
“എന്താ അച്ഛാ… വിളിച്ചോ…”
“നീ എന്തോ കഴിച്ചു വന്നിട്ട്…” എന്റെ വയറിൽ നോക്കും എന്ന് ഉറപ്പ് ആയോണ്ട് ഞാൻ ശ്വാസം ആഞ്ഞു ഉള്ളിലേക്ക് വലിച്ചു..
“വോ കഷ്ടപ്പെടണ്ട ഇനി വലിച്ചാൽ നീ ചത്തു പോകും.. ശ്വാസം വിടെടാ..” അച്ഛൻ എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. പുച്ഛം എനിക്ക് പുത്തരി അല്ല..അതു അച്ഛനും അറിയാം.. ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്നൊക്കെ സിനിമയിൽ പറയുമ്പോൾ ഇതൊക്കെ ഞാൻ കൊറേ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ലൈൻ ആണ് ഈ എനിക്ക്..ഞാൻ ഇതൊക്കെ ആലോചിച്ചു നിൽകുമ്പോൾ ആണ് അച്ഛൻ മൺവെട്ടി എടുത്തു എന്റെ കയ്യിൽ തരുന്നേ..
“ഇതെന്തിനാ…??”
“വാഴ വയ്ക്കാൻ…”
“വാഴയോ??”
“നിന്നെ അല്ല.. ദോ ആ കിടക്കുന്ന വാഴ കന്നു കണ്ടോ നാല്പത് എണ്ണം ഉണ്ട്..അപ്പോൾ നാല്പത് കുഴി എടുക്കണം.. വേഗം ആകട്ടെ.. പിന്നെ കുഴിയുട ആഴം ഞാൻ പറഞ്ഞു തരാം..” എന്ന് പറഞ്ഞു അച്ഛൻ ഒരു കുഴി എടുത്തു കാണിച്ചു തന്ന്… പിന്നെ ഞാൻ അങ്ങോട്ട് കുഴിയോട് കുഴി.. ഇതിനും വേണ്ടി വാഴ ഇതെവിടെ കിടക്കുന്നു ഭഗവാനെ.. അന്ന് മൊത്തം വാഴയ്ക്ക് കുഴി എടുത്തു അതു എല്ലാം നട്ടു ഒന്ന് നടുവ് നിവർത്തപ്പോൾ തന്നെ വൈകിട്ടു ആറു മണി ആയി.. നമ്മൾ ഈ പ്രൊഫഷണൽ കർഷകൻ അല്ലല്ലോ സീസണൽ അല്ലേ അതാണ് ഇത്രയും നേരം..ഇടയ്ക്ക് ചോറുണ്ണാനും ചായ കുടിക്കാനും മാത്രം അച്ഛൻ ഇച്ചിരി ഇടവേള തന്ന്.. ഇങ്ങേരോരു അച്ഛൻ ആണോ അച്ഛാ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ പോട്ടെ ഞാൻ പാവമല്ലേ എന്നോർത്ത.. കാലും കയ്യും കഴുകി വന്നപ്പോൾ പറയുവാ
“ഡാ നാളെ എന്തേലും പരിപാടി ഉണ്ടോ?”
“ഏയ് എന്ത് പരിപാടി.. ഒന്നുല്ല..”
“എന്നാലേ കുറച്ചു ഇഞ്ചിയും മഞ്ഞളും ചേനയും ചേമ്പും പിന്നെ കുറച്ചു കൂർക്കയും ഉണ്ട്.. നാളെ തടം എടുത്തു അതു കൂടി വയ്ക്കാം..”
“എന്തോന്ന് അച്ഛാ തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ എന്താണ് കുപ്പിന്ന് വന്ന ഭൂതമോ??”
“ഓഹ് പിന്നെ കുപ്പിന്ന് വന്ന ഭൂതം ആയിരുന്നു എങ്കിൽ ഏതാണ്ട് മല മറിച്ചേനെ ഇവിടെ.. കൂടുതൽ ഡയലോഗ് ഒന്നും വേണ്ട നാളെ ഇതും കൂടി ചെയ്തോ.. പിന്നെ ക്ഷീണം ഉണ്ടേൽ മറ്റന്നാൾ ലീവ് ആക്കിക്കോ..” ഒരു ഉപദേശം പോലെ പറഞ്ഞു..
“ഉപദേശം കൊള്ളാം അച്ഛൻ സാറേ പക്ഷേ..” (വേണ്ട ലൂസിഫർ ഡയലോഗ് ഇപ്പോൾ പറയേണ്ട മുതലാളി മീശ ഇല്ലാത്ത മുതലാളിയെ കാണുന്നതിൽ വൃത്തികേട് ആണ് പല്ലില്ലാത്ത മുതലാളിയെ കാണുന്നത് എന്ന് എന്റെ മനസ് ഉള്ളിൽ ഇരുന്നു പറഞ്ഞു )
“എന്തുവാട നിന്ന് പിറു പിറുക്കുന്നെ..” അച്ഛൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..
“അല്ല ലീവ് ഇല്ല എന്ന് പറഞ്ഞതാ അച്ഛാ.. പിന്നെ ഞാൻ നാളെ ഒരു 1000 രൂപ അച്ഛന് തരാം ഒരു ജോലിക്കാരനെ വച്ചു നാളത്തെ പണി അഡ്ജസ്റ്റ് ചെയ്തൂടെ…”
“പ്ഫ.. അവന്റെ ആയിരം ഉലുവ.. മര്യാദക്ക് വെട്ടി കുഴിച്ചു വച്ചോണം.. ഇല്ലെങ്കിൽ ആണ് ബാക്കി… “അത്രയും പറഞ്ഞു അച്ഛൻ ഒരു പോക്ക്..
“ഇത്രയും ആട്ടാൻ എന്തിരിക്കുന്നു.. പൈസ ഞാൻ അല്ലേ കൊടുക്കാം എന്ന് പറഞ്ഞത്.. സ്വന്തം മോനെ പണി എടുപ്പിച്ചു കൊല്ലാൻ തന്നെ ആണ് ഇങ്ങേരുടെ തീരുമാനം എങ്കിൽ.. പണി എടുത്തു ചാകാൻ തന്നെ ആണ് എന്റെയും തീരുമാനം…ജയ് തൊഴിലാളി സഖ്യം…അമ്മോ അമ്മേ അമ്മോ അമ്മേടെ പിണ്ഡ തൈലം എന്തെ…” അതും ചോദിച്ചു ഞാൻ അകത്തോട്ടു കേറിയതും എന്റെ മനസ് പറഞ്ഞു
(വേണ്ട മൊതലാളി ഇനി അമ്മയുടെ ആട്ടു കൂടി എന്റെ മൊതലാളി സഹിക്കില്ല..പിണ്ഡം ഇല്ലാത്ത വെളിച്ചെണ്ണ തേച്ചു കുളിച്ച പോരെ.. എന്തിനാ വെറുതെ.. ഇക്കാലത്തു ആത്മാർത്ഥമായി പണി എടുക്കുന്ന മുതലാളിയെ പോലെയുള്ള തൊഴിലാളികൾക്ക് പുല്ല് വിലയാണ് വീട്ടിൽ.. അപമാനവും പിന്നെ ദേ എന്റെ മുതലാളിക്കു ഉള്ള പോലെ കുടവയറും ആണ് ആകെ ശമ്പളം ആയി കിട്ടുക…എന്തിന വെറുതെ )
ലെ ഞാൻ എന്റെ മനസിനോട് :- അപമാനിച്ചു കഴിഞ്ഞു എങ്കിൽ ഞാൻ പോയി കുളിക്കട്ടെ…!!!
അങ്ങനെ ഒരു വാഴ വയ്പ്പ് കഥ ഇവിടെ കഴിഞ്ഞു
(അവസാനിച്ചു )
Thanks for sharing. I read many of your blog posts, cool, your blog is very good.
Your article helped me a lot, is there any more related content? Thanks! https://www.binance.bh/register?ref=IXBIAFVY
Thanks for sharing. I read many of your blog posts, cool, your blog is very good.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.com/register-person?ref=IXBIAFVY
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/register?ref=IHJUI7TF
Thanks for sharing. I read many of your blog posts, cool, your blog is very good.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.com/register-person?ref=IXBIAFVY