ഭാഗം 4
" കൊള്ളാവുന്ന ആള് തന്നെയാണോ അങ്കിളേ? " അഭിമന്യുവിന്റെ ചോദ്യം കേട്ട് അഡ്വക്കറ്റ് ഹരിഹരൻ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു... സീതാലയത്തിന്റെ ടെറസിൽ ആയിരുന്നു അവർ...
“എടാ വേദലക്ഷ്മിയേ കെട്ടിച്ചു കൊടുക്കാനൊന്നും അല്ലല്ലോ?. നല്ല കുരുത്തക്കേട് ഉള്ള ചെക്കനാണെന്നാ ജയകൃഷ്ണൻ പറഞ്ഞേ….. പോലീസുകാരനെ തല്ലിയ കേസ് വരെ ഉണ്ടായിരുന്നു…ഒന്നിനെയും പേടി ഇല്ലാത്ത ഒരുത്തൻ…”
“മൊത്തം അന്വേഷിച്ചോ?”.
“ഉവ്…. ചോലക്കാട് കോളനിയിലെ സുഗുണനും കുടുംബവും പണ്ട് കന്യാകുമാരിയിൽ പോയി വരുമ്പോഴാ ട്രെയിനിൽ വച്ച് അനാഥനായ ഈ ചെക്കനെ കണ്ടുമുട്ടുന്നത്… പാവം തോന്നി കൂടെ കൂട്ടി… സുഗുണൻ അന്ന് തമിഴ്നാട്ടിൽ ആയിരുന്നു താമസം…. പിള്ളേര് വലുതായപ്പോൾ കോളനിയിലേക്ക് തിരിച്ചു വന്നു… സുഗുണന്റെ മോൻ വിഷ്ണുവും ആദിയും തമിഴ്നാട്ടിൽ തന്നെ കുറച്ചു കാലം ജോലി ചെയ്തു… അതിന് ശേഷം ഗൾഫിൽ പോയി… ഇപ്പൊ നാട്ടിൽ ടൈൽസ് പണി എടുക്കുന്നു…. ഏതെങ്കിലും കേസിൽ പ്രതികളെ കിട്ടാതാവുമ്പോ കോളനിയിൽ നിന്ന് ആരെയെങ്കിലും പൊക്കുന്ന പരിപാടി പോലീസിന് ഉണ്ടായിരുന്നു.. അത് നിർത്തിച്ചത് ആദിയും വിഷ്ണുവും ആണ്….. ഇന്ന് ചോലക്കാട് കോളനിയിലെ ആളുകൾ ഇവന്മാർക്ക് വേണ്ടി കൊല്ലാനും ചാകാനും റെഡിയാ….അല്ലറ ചില്ലറ ക്വട്ടേഷൻ വർക്കൊക്കെ പിടിക്കാറുണ്ടായിരുന്നു… ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് വേണ്ടിയാ… അങ്ങനൊരു കേസിൽ അകത്തായപ്പോൾ ആയുധം കൊടുത്തവർ കൈയൊഴിഞ്ഞു… ജയകൃഷ്ണൻ പറഞ്ഞിട്ട് ഞാനാ അവന്മാർക്ക് വേണ്ടി വാദിച്ചതും പുറത്തിറക്കിയതും,…അതോടെ എല്ലാം നിർത്തി മര്യാദക്കാരായി….”
“എല്ലാം ഓക്കേ… പക്ഷേ അറിയാല്ലോ.. വേദയ്ക്ക് സംശയം തോന്നരുത്.. അതുപോലെ തന്നെ ഇവനെക്കൊണ്ട് അവൾക്കൊരു പ്രശ്നവും ഉണ്ടാകരുത്….”
“നീ പറഞ്ഞത് മനസിലായി…” ഹരിഹരൻ കണ്ണിറുക്കി ചിരിച്ചു…
“ഈ കുടുംബത്തിൽ ഡ്രൈവർ ആയി വന്നിട്ട് ഇവിടുത്തെ പെണ്ണിനെ നീ വളച്ചത് പോലെ അവൻ വേദയെ വളക്കരുത് എന്ന്… അല്ലേ?.. എടാ അവന് പണം മാത്രം മതി… നീ കൊടുക്കുന്ന ശമ്പളത്തിനുള്ള ജോലി വെടിപ്പായി ചെയ്യും…. അവന്റെ ശവത്തിൽ ചവിട്ടിയിട്ടേ വേദയെ ഒരാൾ തൊടൂ… അത് ഞാൻ ഗ്യാരണ്ടി.. കാരണം തൃക്കുന്നം അമ്പലത്തിൽ ഉത്സവത്തിന് അവന്റെ ഫൈറ്റ് നേരിൽ കണ്ടവനാ ഞാൻ… ഹോ എന്തൊരു ഇടി ആയിരുന്നു… പിടിച്ചു മാറ്റാൻ ചെന്നവനെ വരെ ഇടിച്ചിട്ടു…ആകെയുള്ള പ്രശ്നം ദേഷ്യം ആണ്…..”
“അത് ചെറിയ പ്രശ്നം അല്ല… വേദയും ദേഷ്യക്കാരിയാണെന്ന് അങ്കിളിന് അറിയാല്ലോ…. എന്തായാലും നാളെ അവനോട് വരാൻ പറ….നമുക്ക് നോക്കാം.. പറ്റില്ലെങ്കിൽ പറഞ്ഞു വിടാം..”
“അതൊക്കെ നിന്റെ ഇഷ്ടം..” ഹരിഹരൻ എഴുന്നേറ്റു…
“ഞാൻ പോട്ടെടാ…. ഇവിടുത്തെ ബാക്കി അംഗങ്ങളെല്ലാം എവിടെ ?.. പതിവ് ചായ പോലും കിട്ടിയില്ല…”
“അവരൊക്കെ കുടുംബക്ഷേത്രത്തിൽ പോയതാ…. ജോലിക്ക് വരുന്ന ചേച്ചിയും ഇന്ന് ലീവാ…ചായ ഞാൻ ഉണ്ടാക്കി തരാം..”
“വേണ്ട… ഞാൻ പോകുന്ന വഴി കുടിച്ചോളാം… വാ,. നാരായണേട്ടനെ ഒന്ന് കാണട്ടെ…”
ഹരിഹരൻ അഭിമന്യുവിന്റെ തോളിൽ കൈയിട്ടുകൊണ്ട് താഴേക്ക് നടന്നു…. പടിഞ്ഞാറേ മുറിയിൽ ബെഡിന് അടുത്തുള്ള ചാരുകസേരയിൽ നാരായണൻ കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു… ശുഷ്‌കിച്ച വിരലുകൾക്കിടയിലൂടെ ജപമാല ചലിക്കുന്നു….
“അമ്മാവാ…..” അഭിമന്യു വിളിച്ചു.. നാരായണൻ പതിയെ കണ്ണുകൾ തുറന്നു…
“ഇതാര് വക്കീൽ സാറോ… സുഖമാണോ?”
“ഇങ്ങനെ തട്ടീം മുട്ടീം പോകുന്നു നാരായണേട്ടാ….”
ഹരിഹരൻ അകത്തേക്ക് കയറി… പിന്നാലെ അഭിമന്യുവും…
“നാരായണേട്ടന് എങ്ങനുണ്ട്?”
“സുഖം…. ജീവിതത്തിന്റെ മുക്കാൽ ഭാഗവും ഏകാന്ത വാസം ആയിരുന്നല്ലോ… ഇപ്പോൾ എല്ലാവരുടെയും സ്നേഹവും പരിചരണവും ആസ്വദിക്കുന്നു….”
“ഞാനും എല്ലാം നിർത്തി വീട്ടിലിരുന്നാലോ എന്നാലോചിക്കുകയാ നാരായണേട്ടാ…. ഈ ഒറ്റപ്പാച്ചിൽ മടുത്തു… കാലം കുറേ ആയില്ലേ തുടങ്ങിയിട്ട്…”
നാരായണൻ നേർത്ത ചിരിയോടെ അയാളെ നോക്കി..
“അങ്ങനെ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമോ?.. “
“അതെന്താ നാരായണേട്ടൻ അങ്ങനെ പറഞ്ഞേ….?”
“ഈ വീടുമായി ബന്ധമുള്ള സകലരുടെയും ജാതകം എനിക്ക് കാണാപ്പാഠമാണ്… തന്റെ ഉൾപ്പെടെ….”
മൊബൈൽ റിങ്ങ് ചെയ്തപ്പോൾ അഭിമന്യു അറ്റൻഡ് ചെയ്ത് പുറത്തേക്ക് നടന്നു…
“ഒരു മഹായുദ്ധം തുടങ്ങി വയ്ക്കാനുള്ള നിയോഗം തനിക്ക് ഉണ്ട് ഹരിഹരാ….അതിന്റെ അന്ത്യം കാണാതെ തനിക്ക് വിശ്രമിക്കാൻ കഴിയില്ല…..”.
ഹരിഹരന്റെ മുഖം വിളറി… ശരീരം വിയർത്തു….. അയാളൊന്ന് ചിരിക്കാൻ ശ്രമിച്ചു…
“ഞാൻ ഇറങ്ങട്ടെ… ഇച്ചിരി തിരക്കുണ്ട്.. പിന്നെ വരാം….”
നാരായണൻ മൂളി…. കർച്ചീഫ് കൊണ്ട് മുഖം അമർത്തി തുടച്ച് ഹരിഹരൻ മുറിവിട്ടിറങ്ങി…. അഭിമന്യു പൂമുഖത്ത് നില്കുന്നുണ്ടായിരുന്നു…
“അമ്മാവൻ എന്തു പറഞ്ഞു?”
“ഏയ്… വീട്ടുകാരെ പറ്റി ചോദിച്ചതാ… ” അയാൾ കാറിൽ കയറി…
“അഭീ…. പുതിയ ഡ്രൈവർ തന്റെ പ്രൊട്ടക്ഷന് വന്നതാണെന്ന് അറിഞ്ഞാൽ വേദയുടെ പ്രതികരണം എങ്ങനായിരിക്കും?.. അവളോട് മറച്ചു വച്ചു എന്ന കാരണം കൊണ്ട് നിങ്ങളുടെ ബന്ധം വഷളാവാനും സാധ്യത ഉണ്ട്…”
“നമ്മളതിന് തെറ്റൊന്നും ചെയ്യുന്നില്ലല്ലോ അങ്കിളേ?.. ഡ്രൈവർ ജോലിക്ക് യോഗ്യനായ ആളെ തിരഞ്ഞെടുക്കുന്നത് സുഭദ്ര ടീച്ചറാ…. ഇനി എന്തെങ്കിലും തരത്തിൽ അവളെ ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടണം… അതാണ് അവന്റെ ഡ്യൂട്ടി…ബാക്കി പിന്നീടുള്ള കാര്യമല്ലേ… അത് അപ്പോൾ ആലോചിക്കാം .”
“ശരി…. നാളെ കാണാം…” ഹരിഹരൻ കാർ മുന്നോട്ടെടുത്തു….
സുഭദ്ര തന്റെ മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരെ അടിമുടി നോക്കി…… ആദി അലസതയോടെ ചുറ്റും നോക്കുകയാണ്… വിഷ്ണുവിന്റെ അതിവിനയഭാവം കണ്ട് അവർക്ക് ചിരി വന്നു….
“കാര്യങ്ങളൊക്കെ ജയകൃഷ്ണൻ സാർ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?”
അഭിമന്യു ചോദിച്ചു….
“ഉവ്….. ” വിഷ്ണുവാണ് ഉത്തരം നൽകിയത്…
“വേറെ ആളെ കിട്ടാഞ്ഞിട്ടല്ല…. പക്ഷേ വേദയ്ക്ക് സെക്യൂരിറ്റി ഗാർഡ്‌സിന്റെ കൂടെ യാത്ര ചെയ്യുന്നത് ഇഷ്ടമല്ല എന്ന ഒറ്റ കാരണത്താലാണ്… അവളുടെ ക്യാരക്റ്റർ എന്താണെന്നും ജയകൃഷ്ണൻ സാറ് വിശദീകരിച്ചിട്ടുണ്ടാകുമല്ലോ?.. ഒരു പ്രത്യേക ടൈപ്പ് ആണ്… എടുത്തുചാട്ടവും മുൻകോപവും കൂടുതലാ.. അപകടത്തിൽ പോയി വീഴാനുള്ള സാധ്യതയുണ്ട്…. അവളുടെ ഓരോ നീക്കവും, മീൻസ് എങ്ങോട്ട് പോകുന്നു, ആരെ കാണുന്നു എന്നൊക്കെ എനിക്ക് അപ്ഡേറ്റ് ചെയ്യണം…. വിഷ്ണു ടീച്ചറുടെ ഡ്രൈവറായി ജോലി ചെയ്യ്….ഇവർക്കൊരു പോറൽ പോലും ഏൽക്കരുത്….. അത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്….. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം….”
“ഏയ് ഇല്ല സാർ…” വിഷ്ണു പറഞ്ഞു…
“എനിക്ക് ചോദിക്കാനുണ്ട്….” ആദി ഇടയിൽ കയറി…..
“എന്താ?”..
“ഞങ്ങളുടെ ജോലി എന്താണെന്നൊക്കെ പറഞ്ഞല്ലോ… പക്ഷേ സാലറി.. അതിനെ കുറിച്ച് സംസാരിക്ക്….”
“ആദീ… വേണ്ടെടാ..” വിഷ്ണു അവന്റെ കൈയിൽ പിടിച്ചു… അവനത് ശ്രദ്ധിച്ചില്ല…
“എത്ര തരുമെന്ന് അറിയണമല്ലോ…”
“അതൊക്കെ ജയകൃഷ്ണൻ സാറ് പറഞ്ഞില്ലേ?” അഭിമന്യു അമ്പരപ്പോടെ രണ്ടുപേരെയും മാറിമാറി നോക്കി….
“സിഐ സാറ് പറഞ്ഞത് ഡ്രൈവർ ജോലിക്കുള്ള സാലറിയെകുറിച്ചാ.. പക്ഷേ എനിക്ക് അറിയേണ്ടത് ബോഡിഗാർഡിന്റെ പണികൂടെ ചെയ്യുമ്പോ എത്ര കിട്ടുമെന്നാ… ഞാനും ഇവനുമൊക്കെ ഗുണ്ടകളൊന്നുമല്ല സാറേ…. ചെയ്യാത്ത തെറ്റിന് കോളനിയിലെ പാവങ്ങളെ പിടിച്ചു കൊണ്ടുപോകുമ്പോ പ്രതികരിച്ചത് മുതലാ പോലീസിന്റെയും സമൂഹത്തിന്റെയും മുന്നിൽ ക്രിമിനൽസ് ആയത്…. ജീവിക്കാനുള്ള വഴിയൊക്കെ അടഞ്ഞപ്പോ രക്ഷകന്മാരുടെ രൂപത്തിൽ കുറേ രാഷ്ട്രീയക്കാർ വന്നു… അവർക്ക് വേണ്ടി തല്ലാനും വെട്ടാനുമൊക്കെ പോയി… അവസാനം അവര് തന്നെ ഞങ്ങടെ പിറകിൽ നിന്ന് കുത്തി… അന്ന് സഹായിച്ചത് സി ഐ ജയകൃഷ്ണൻ സാറും പിന്നെ വക്കീൽ സാറുമാ….ഇപ്പൊ കൂലിപ്പണി ചെയ്‌തു കുടുംബം പോറ്റുന്നു….”
അവൻ പിറകിലേക്ക് ചാരിയിരുന്ന് കൈകൾ മാറിൽ കെട്ടി…
“പറഞ്ഞു വന്നത് ഇത്രയേ ഉളളൂ… ചോലക്കാട് കോളനിയിലെ ഈ തലതെറിച്ചവന്മാർ കിലോമീറ്ററുകൾക്കിപ്പുറം വേദാബിൽഡേഴ്സിന്റെ ഓഫീസിൽ ഇരിക്കുന്നതിന്റെയും ഇവിടുത്തെ മാഡത്തിന്റെയും മോളുടെയും സുരക്ഷാ ചുമതല ഞങ്ങളെ ഏല്പിക്കുന്നതിന്റെയും പിറകിൽ കഷ്ടപ്പെടുന്ന രണ്ട് ചെറുപ്പക്കാരെ ഹെല്പ് ചെയ്യാനുള്ള നിങ്ങളുടെ വിശാലമനസ് കൊണ്ടൊന്നുമല്ലല്ലോ….? ഞങ്ങളുടെ പഴയ ചീത്തപ്പേര്…. അതാണ് ഇവിടെ വരെ എത്തിച്ചത്….. ഇങ്ങോട്ട് വരുന്ന ആയുധം തടയാനും തിരിച്ചടിക്കാനും ഞങ്ങൾക്ക് കഴിയുമെന്ന വിശ്വാസം… അല്ലേ?… ഞാൻ അന്വേഷിച്ചു സാർ….ഈ കമ്പനിയുടെ ഓണർ മരിച്ചത് മുതൽ വേദലക്ഷ്മി മാഡത്തിന് നേരെ ബാംഗ്ലൂരിൽ വച്ച് അറ്റാക്ക് നടന്നതുൾപ്പടെ എനിക്കറിയാം….. ഇവിടെയും അതുണ്ടായേക്കാം….. മിക്കവാറും ആ കളിയിൽ ഞാനും ഇവനും പടമാകാൻ ചാൻസ് ഉണ്ട്…. അതായത് കാവലിനും ഡ്രൈവിങ്ങിനും മാത്രമല്ല, വേണ്ടി വന്നാൽ രക്തസാക്ഷിയും ആകണമെന്ന്….. സോ… അതിനനുസരിച്ചുള്ള പ്രതിഫലം വേണം… സുഖമില്ലാത്ത ഒരു പെങ്ങള്കുട്ടിയും പ്രായമായ അച്ഛനും അമ്മയും ഉണ്ട്.. ഞങ്ങള് ചത്താലും അവർക്ക് ജീവിക്കണമല്ലോ…..”
“എടാ ഒന്ന് നിർത്ത്…” വിഷ്ണു അവന്റെ കയ്യിൽ അമർത്തി നുള്ളി…അഭിമന്യു കുറച്ചു നേരം ആദിയെ തന്നെ ഉറ്റു നോക്കി… അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….
“ഡീൽ…… നേരെ മുന്പിലത്തെ ഓഫീസിൽ ബാബുരാജ് എന്നൊരാളുണ്ട്… അങ്ങോട്ട് ചെന്നോളൂ…..ഞാനും വരാം… ഫോർമാലിറ്റിക്ക് വേണ്ടി ഒരു കോൺട്രാക്റ്റ് സൈൻ ചെയ്യണം…. “
ആദിയും വിഷ്ണുവും എഴുന്നേറ്റ് തിരിഞ്ഞ് നടന്നു…
“നീ ആരാടാ പുല്ലേ?.. ” പുറത്തിറങ്ങിയ ഉടനെ വിഷ്ണു ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു….
“ആഴ്ചയിൽ നാലോ അഞ്ചോ ദിവസം പണി കിട്ടിക്കൊണ്ടിരുന്നിടത്ത് നിന്ന് സ്ഥിരം ജോലി കിട്ടിയതും പോരാ അവൻ കണക്കു പറഞ്ഞ് കാശ് ചോദിക്കുന്നു… ചവിട്ടി പുറത്താക്കാഞ്ഞത് ഭാഗ്യം…”
“എന്റെ പൊന്ന് വിഷ്ണൂ… നീയിങ്ങനെ മണ്ടനാകല്ലേ…അഭിമന്യു സാറ് വിചാരിച്ചാൽ വേദലക്ഷ്മിയേ പറഞ്ഞു സമ്മതിപ്പിച്ച് കേരളത്തിലെ നമ്പർ വൺ സെക്യൂരിറ്റി കമ്പനിയെ അവളുടെ സുരക്ഷാചുമതല ഏല്പിക്കാൻ പറ്റും… അത് ചെയ്യാതെ എന്നേം നിന്നേം ഈ പണിക്ക് വച്ചത് എന്തിനാണെന്ന് അറിയുമോ?”
“ഇല്ല…”
“എടാ, നാട്ടിലിറങ്ങുന്ന പുലിയെ പിടിക്കാൻ ഫോറസ്റ്റ്കാര് എന്താ ചെയ്യുക?”
“കെണി വയ്ക്കും…”
“വെറും കെണി ആണോ വയ്ക്കാറ്?”
വിഷ്ണു ആലോചിച്ചു..
“അല്ല… അതിനകത്ത് ഒരു ആടിനെയും കെട്ടിയിടും…”
“ആ… അത് തന്നെ…. ഇവിടെ ഞാനും നീയുമാ ആട്…….. ഒരു ഡ്രൈവറുടെ കൂടെ പുറത്ത് പോകുന്ന ഈ രണ്ട് പെണ്ണുങ്ങളെയും കൊല്ലാൻ എന്തായാലും ആള് വരും… നമ്മള് ചത്താലും അതാരാണെന്ന് സാറിനു കയ്യോടെ പിടിക്കാം..പ്രതികാരം ചെയ്യാം… സെക്യൂരിറ്റിക്ക് കുറേ പേരുണ്ടെങ്കിൽ ശത്രു അറ്റാക്ക് ചെയ്യാൻ മടിക്കുമല്ലോ……”
“ഏയ്… ശ്ശെ… അങ്ങനൊന്നും ആയിരിക്കില്ല…”
“വിഷ്ണൂ…. ഒരു പത്തു പേര് ടൂൾസുമായി വന്നാൽ അവരെയൊക്കെ തോൽപ്പിച്ച് ഇവരെ രക്ഷിക്കാൻ നിനക്കോ എനിക്കോ പറ്റുമോ?”
“അതില്ല… “
“നമ്മളെന്തായാലും ഡിഫെൻറ് ചെയ്യാൻ ശ്രമിക്കും… ചാകും മുൻപ് ഒരുത്തനെയെങ്കിലും ലോക്ക് ചെയ്യും… അവനെ പിടിച്ചാൽ അയച്ചത് ആരാണെന്ന് കണ്ടുപിടിക്കാനും മറുപണി കൊടുക്കാനും ഈ സാറിനു ഈസിയായി പറ്റും… ചുരുക്കി പറഞ്ഞാൽ ചോലക്കാട് കോളനിയിൽ രണ്ട് ശവം കത്തിച്ചാലും അഭിമന്യു സാറിന് ഈസിയായി ശത്രുവിനെ തെളിവ് സഹിതം പൊക്കണം…. ജീവൻ വച്ചുള്ള കളിക്ക് കണക്ക് പറഞ്ഞ് കാശ് വാങ്ങുന്നതിൽ തെറ്റുണ്ടോ?”
“നമുക്ക് ഈ ജോലി വേണോടാ?.. കല്യാണം കഴിക്കണമെന്നൊക്കെ ആശ തോന്നിത്തുടങ്ങിയ ഈ നേരത്ത് തന്നെ ഇറച്ചിയിൽ മണ്ണ് പറ്റിക്കണോ?”
വിഷ്ണു പേടിയോടെ ചോദിച്ചു……
“എന്തായാലും ഇറങ്ങി തിരിച്ചില്ലേ?.. സി ഐ സാറിനെ പിണക്കാൻ പറ്റില്ല… നോക്കാം…നീ വാ…”
ആദി മുൻപിലുള്ള ഡോറിൽ രണ്ട് തവണ തട്ടി.. അത് തുറന്ന് അകത്തേക്ക് കയറി.. പിന്നാലെ വിഷ്ണുവും…
“നിനക്ക് എന്ത് തോന്നുന്നു അഭീ…? ഇവര് ശരിയാകുമോ?”
സുഭദ്ര ഇതേ സമയം അഭിമന്യുവിനോട് ചോദിച്ചു…
“ആകും ടീച്ചറേ..”
“കാരണം?”
“അവന് ഒന്നിനെയും ഭയമില്ല… പറയേണ്ടുന്നത് മുഖത്ത് നോക്കി പറയുന്നുണ്ട്…. തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാ അവനീ ജോലി സ്വീകരിക്കുന്നത് തന്നെ… അതുകൊണ്ട് കൂടെ നിന്ന് ചതിക്കില്ല എന്നെന്റെ മനസ് പറയുന്നു….”
അവൻ സുഭദ്രയുടെ നേരെ തിരിഞ്ഞു..
“ഇനി ടീച്ചറ് ചെയ്യേണ്ടത് വേദയെ തനിച്ച് ഡ്രൈവ് ചെയ്‌ത് എങ്ങും പോകാൻ വിടരുത് എന്നത് മാത്രമാ…. “
“അവള് നാളെ വൈകിട്ട് വരുമല്ലോ… ഞാൻ സംസാരിക്കാം…”
“ഞാനെന്നാ അങ്ങോട്ട് ചെല്ലട്ടെ… അവന്മാർ എത്രയാ സാലറി പ്രതീക്ഷിക്കുന്നത് എന്ന് അറിയണമല്ലോ…”
“അഭീ… പൈസയുടെ കാര്യത്തിൽ പിശുക്കണ്ട….. ചോദിക്കുന്നത് കൊടുത്തേക്ക്….”
അവൻ തലയാട്ടി… പിന്നെ പുറത്തേക്ക് നടന്നു
സമയം രാത്രി പത്തു മണി….അങ്കമാലി റയിൽവെ സ്റ്റേഷൻ….ഓടിക്കിതച്ചെത്തിയ ട്രെയിനിൽ നിന്നും ആളുകൾ ഓരോരുത്തരായി ഇറങ്ങുകയാണ്…. ഏറ്റവും ഒടുവിൽ ഇറങ്ങിയത് പതിനേഴു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു… ബാഗ് ഷോൾഡറിലിട്ട് അവൻ ചുറ്റും നോക്കി… പിന്നെ മൊബൈൽ എടുത്ത് ഒരു നമ്പർ കാളിങ്ങിൽ ഇട്ടു….
“ആ മനൂ… എത്തിയോ?” അപ്പുറത്ത് നിന്നൊരു ശബ്ദം കേട്ടു…
“ഇതാ ഇപ്പൊ എത്തിയതേയുള്ളൂ..സജിയേട്ടാ…ട്രെയിൻ ലേറ്റ് ആയിരുന്നു…”
“സാരമില്ല… പുറത്ത് റോഡിലേക്ക് വാ..ഞാനിവിടുണ്ട്…”
അവൻ ഫോൺ പോക്കറ്റിലിട്ട് വേഗം പുറത്തിറങ്ങി… ഓട്ടോസ്റ്റാന്റിന്റെ എതിർ വശത്തായി സ്വിഫ്റ്റ് ഡിസയറിന് ചാരി നിൽക്കുന്ന യുവാവ് കൈ ഉയർത്തി കാണിച്ചു…. അവൻ അവിടേക്ക് ചെന്നു..രണ്ട് പേരും കാറിൽ കയറി… അത് പതിയെ മുന്നോട്ട് നീങ്ങി…
“വരുന്ന വഴി പ്രശ്നമൊന്നും ഉണ്ടായിട്ടില്ലല്ലോ…” ഡ്രൈവ് ചെയ്യുന്നതിനിടെ സജി ചോദിച്ചു…
“ഏയ് ഇല്ല സജിയേട്ടാ… “
“ഇവിടെ ലോഡ്ജിൽ റൂമെടുക്കാം….. എന്നിട്ട് നാളെ തിരിച്ചു പോയാൽ മതി…”.
“അപ്പൊ മറ്റേ കാര്യമോ….?”
“ഏത്?” സജി മനുവിനെ നോക്കി… അവന്റെ മുഖത്ത് നാണം…
“ഇന്നാള് സജിയേട്ടൻ പറഞ്ഞില്ലേ?”
“ഓ… അത്….. ചെക്കന്റെ കൊതി കണ്ടില്ലേ… എടാ ഈ നേരത്ത് നല്ലതൊന്നും കിട്ടില്ല.. നാളെ രാവിലത്തേക്ക് സെറ്റ് ആക്കാം…. എന്നിട്ട് വൈകുന്നേരത്തെ ട്രെയിനിന് പൊയ്ക്കോ…”
“ശ്ശെ… രാത്രി കിട്ടിയാലാ ഒരു സുഖം…”
“പെണ്ണ് പിടിക്കുന്നതിനു സമയവും കാലവും ഒന്നുമില്ലെടാ… എന്തായാലും നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തരും..”
കാറിന്റെ വേഗം കൂടി…ഹൈവെയിൽ നിന്നും മാറി മറ്റൊരു റോഡിലേക്ക് പ്രവേശിച്ച ഉടനെ പോലീസ് ജീപ്പ് കണ്ടതോടെ സജിയുടെ മുഖഭാവം മാറി…
” കിറുക്കന്മാര് ഉണ്ടല്ലോടാ… പണി ആയോ..? “
മനുവിന്റെ ശരീരം വിറച്ചു…. പേടിയോടെ അവൻ കൈയിലെ ബാഗ് സീറ്റിനടിയിലിട്ടു… ഒരു പോലീസുകാരൻ കാർ ഒതുക്കി നിർത്താൻ ആംഗ്യം കാണിക്കുന്നുണ്ട്… സജി അത് അനുസരിച്ചു..
“മനൂ… കൂളായി ഇരിക്ക്… നോർമൽ ചെക്കിങ് ആയിരിക്കും.. പേടി പുറത്ത് കാണിക്കരുത്…”
മുന്നറിയിപ്പ് പോലെ പറഞ്ഞിട്ട് കാറിന്റെ പേപ്പേഴ്സ് എടുത്ത് സജി പുറത്തിറങ്ങി…ജീപ്പിന് മുന്നിൽ നില്കുകയായിരുന്ന എസ് ഐ യുടെ അടുത്തെത്തി അവൻ അത് നൽകി…
“നമസ്കാരം സാർ…”
“എങ്ങോട്ട് പോകുകയാ?”
“സാറേ ഫ്രണ്ടിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടി വീട്ടിലേക്ക് പോകുകയാണ്..”
“നിന്റെ ഫ്രണ്ട് ഏത് നാട്ടുകാരനാ…?” കാർ കൈ കാട്ടി നിർത്തിയ പോലീസുകാരൻ ചോദിച്ചു…
“കാസർഗോഡ്…”
“കാസർഗോഡ് കാറിൽ സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് വേണ്ട എന്ന് പ്രത്യേകം നിയമമുണ്ടോ…?”
അപ്പോഴാണ് സജി പറ്റിയ അബദ്ധം മനസിലാക്കിയത്.. മനു സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല…
“ക്ഷമിക്കണം സാർ… യാത്ര ചെയ്ത് ക്ഷീണിച്ചത് കൊണ്ട് അത് വിട്ട് പോയി..”
“സാരമില്ല… വിട്ട് പോയത് ഓർമിപ്പിക്കാൻ ആണല്ലോ ഞങ്ങൾ ഇവിടെ നിന്നത്… ഫൈൻ അടയ്ക്ക്…. “
എസ് ഐ ചിരിച്ചു..
“രാജേഷേ… ആ കാസർഗോഡ്കാരനോട് ഇങ്ങനെ കുറച്ചു നിയമം ഉള്ളത് ഒന്ന് പറഞ്ഞ് കൊടുത്തേക്ക്…”..
പോലീസുകാരൻ കാറിനു നേരെ വരുന്നത് മനു കണ്ടു…. ഒന്ന് ദീർഘമായി ശ്വാസമെടുത്ത ശേഷം അവൻ ഡോർ തുറന്നു പുറത്തിറങ്ങി… പിന്നെ ഒറ്റ ഓട്ടമായിരുന്നു…
“സാർ…” പോലീസുകാരൻ ഉറക്കെ വിളിച്ചു… എസ് ഐ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് റോഡ് മുറിച്ച് കടന്ന് മനു പോക്കറ്റ് റോഡിലേക്ക് കുതിക്കുന്നതാണ്….
“രാജേഷേ…. വിടരുത്… എന്തോ ഉണ്ട്…”
രാജേഷ് അപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ വന്നതിനാൽ കഴിഞ്ഞില്ല… രണ്ട് പോലീസുകാർ റോഡ് ബ്ലോക്ക് ചെയ്‌തു.. പിന്നെ മൂന്നു പേരും റോഡിന്റെ മറു ഭാഗത്തേക്ക് ഓടി…
“എന്താടാ പരിപാടി…? സത്യം പറ…?” എസ് ഐ സജിയുടെ കോളറിൽ പിടിച്ച് ഉലച്ചു.. പിന്നെ അവനെ കാറിനു നേരെ തള്ളി…
“റഷീദേ… ഇവനെ പിടിക്ക്…” മറ്റൊരു പോലീസുകാരൻ വന്ന് സജിയുടെ കൈകൾ ബലമായി പിടിച്ചു വച്ചു… എസ് ഐ ഡോർ കാർ പരിശോധിച്ചു തുടങ്ങി…സീറ്റിനടിയിൽ നിന്ന് ബാഗ് വലിച്ചെടുത്ത് കാറിന്റെ ബോണറ്റിൽ വച്ച് തുറന്നു.. കുറച്ചു ഡ്രെസ്സുകൾ അത് പുറത്തേക്കിട്ടു… അതിനടിയിൽ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ വലിയ നാല് കെട്ടുകൾ…. അയാൾ ഒരു കെട്ട് എടുത്ത് കടലാസ് വലിച്ചു കീറി… ചതുരാകൃതിയിൽ പ്ലാസ്റ്റിക്ക് കവറിൽ വെളുത്ത പൗഡർ കണ്ടപ്പോൾ എസ് ഐക്ക് കാര്യം മനസിലായി…
“ആഹാ… ഇതായിരുന്നു മക്കളുടെ പരിപാടി അല്ലേ?…?”
സംഭവം കണ്ട് ചുറ്റും ആൾക്കൂട്ടം രൂപപ്പെട്ടു… അതിലൊരാൾ കുറച്ചു ദൂരേക്ക് മാറി നിന്ന് ഫോൺ എടുത്ത് ചെവിയിൽ വച്ചു…
“സാറേ…. സജിയെ പോലീസ് പൊക്കി….”
“വാട്ട്?.. എങ്ങനെ?”
“എന്താ സംഭവം എന്നറിയില്ല… ബുക്കും പേപ്പറും നോക്കാനുള്ള ചെക്കിങ് ആയിരുന്നു…. അവന്മാര് വണ്ടി എന്തിനാ പരിശോധിച്ചത് എന്ന് മനസിലാകുന്നില്ല.. സജിക്ക് പിഴവ് പറ്റാത്തതാ… ആ പയ്യൻ ഓടി… പോലീസുകാർ പിറകെയുണ്ട്…എന്ത് ചെയ്യും…”
അപ്പുറത്ത് നിശബ്ദത..
“ഹലോ സാർ?”
“എടാ അവനെ ജീവനോടെ പോലീസുകാർക്ക് കിട്ടരുത്…എന്തെങ്കിലും ചെയ്യ്… ഫാസ്റ്റ്..സജി പ്രശ്നമില്ല… എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അവനറിയാം…”
കാൾ കട്ടായി…..
അയാൾ ഫോൺ പോക്കറ്റിലിട്ടു.. ഒരു ബൈക്ക് അടുത്ത് വന്നു നിന്നു…അയാൾ അതിൽ കയറി…
“പെട്ടെന്ന് പോ…. അവന് അധികദൂരം ഓടാൻ പറ്റില്ല… ആദ്യമായിട്ടാ ഇവിടെ…”
ബൈക്ക് റോഡിലൊന്ന് വട്ടം കറങ്ങി.. പിന്നെ വാഹനങ്ങൾക്കിടയിലൂടെ ഓപ്പോസിറ്റ് സൈഡിലേക്ക് ചീറിപ്പാഞ്ഞു… ഇടവഴികളിലൂടെ ഒരു മുരൾച്ചയോടെ കുതിക്കുമ്പോൾ ഓടി തളർന്ന പോലീസുകാരെ അവർ കണ്ടു.. ബൈക്കിന്റെ പിറകിലിരുന്നവൻ കർച്ചീഫ് എടുത്ത് മുഖത്ത് കെട്ടി…പിന്നെ പോലീസുകാരെ പാസ് ചെയ്ത് ഏകദേശം നൂറ് മീറ്റർ ചെന്നപ്പോൾ പ്രാണനും കൈയിൽ പിടിച്ച് ഓടുന്ന മനുവിനെ കണ്ടു….
“റോണീ… തീർത്തേക്കാനാ ഓർഡർ ….” പിറകിലിരുന്നവൻ ബൈക്ക് ഓടിച്ച ആളുടെ അടുത്തേക്ക് മുഖം അടുപ്പിച്ച് പറഞ്ഞു…. ബൈക്കിന്റെ വേഗം കൂടി…. മനുവിന്റെ തൊട്ടടുത്തെത്തി അത് ബ്രെക്കിട്ടു… മനുവിന് ഒഴിഞ്ഞു മാറാൻ സമയം കിട്ടും മുൻപ് ഒരാൾ ആഞ്ഞു ചവിട്ടി… അവൻ റോഡ് സൈഡിലേക്ക് വീണു…
“പെട്ടെന്ന് തീർക്ക്…” മറ്റവൻ ഗ്ലാസ്സിലൂടെ ഓടി വരുന്ന പോലീസുകാരെ നോക്കിക്കൊണ്ട് തിരക്ക് കൂട്ടി…കർച്ചീഫ് ഒന്നുകൂടി മുറുക്കി അയാൾ മനുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു… പിന്നെ അരയിൽ നിന്നും ഒരു കത്തി എടുത്ത് മനുവിന്റെ കഴുത്തിന് കുറുകെ വച്ച് അമർത്തി വലിച്ചു… മനുവിന്റെ ശരീരം പിടച്ചു…
“എടാ വേണ്ട…” ഒരു പോലീസുകാരൻ അലറി…
വാരിയെല്ലുകൾക്കിടയിലും ആഞ്ഞു കുത്തിയ ശേഷം അയാൾ ബൈക്കിലേക്ക് കയറി… ഫ്രണ്ട് വീൽ ഉയർത്തിക്കൊണ്ട് അത് മുന്നോട്ട് കുതിച്ചു….. പോലീസുകാർ അടുത്തെത്തിയപ്പോൾ മനുവിന്റെ പിടച്ചിൽ നേർത്ത് വന്നിരുന്നു… ആ ശരീരത്തിന് ചുറ്റും രക്തം തളം കെട്ടി തുടങ്ങി…
എതിർവശത്തു നിന്നും വന്ന കാർ രാജേഷ് തടഞ്ഞു നിർത്തി…
“പ്ലീസ്… എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം…”
ആവശ്യപ്പെട്ടത് പോലീസ് ആയത് കൊണ്ട് തന്നെ കാറുകാരൻ എതിർത്ത് ഒന്നും പറഞ്ഞില്ല… എല്ലാവരും ചേർന്ന് മനുവിനെ കാറിൽ കയറ്റി..
“വിനോദേട്ടാ…. സാറിനെ വിളിച്ചു കാര്യം പറ…”
രാജേഷ് മനുവിന്റെ ഷർട്ട് കീറിഎടുത്ത് കഴുത്തിലെയും നെഞ്ചിലെയും മുറിവിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു… മനു പാതി കണ്ണുകൾ തുറന്ന് അവനെ നോക്കി..
“അമ്മേ….” ചുണ്ടുകൾക്കിടയിലൂടെ വാക്കുകൾ പുറത്തേക്ക് വന്നു… ഒന്ന് പിടഞ്ഞ ശേഷം ആ ശരീരം നിശ്ചലമായി..
തൃശൂർ..
നെഹ്‌റു പാർക്കിന് അടുത്ത് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ബ്ലാക്ക് കളർ പജേറോയുടെ സമാന്തരമായി ഒരു സ്കൂട്ടി വന്നു നിന്നു. പാന്റും ഷർട്ടും ധരിച്ച ഒരു പെൺകുട്ടി ആയിരുന്നു അതോടിച്ചിരുന്നത്.. അവൾ ഹെൽമെറ്റ് ഊരി… പജെറോയുടെ വിൻഡോ ഗ്ലാസ് താഴ്ന്നു… ഇരുട്ടിനുകട്ട പിടിച്ച പോലെ ഒരു രൂപം ഡ്രൈവിങ് സീറ്റിൽ ഇരിപ്പുണ്ട്…
” അവര് കാര്യം നടത്തി…. ഹോസ്പിറ്റലിൽ എത്തും മുൻപ് ആ പയ്യൻ മരിച്ചു… “
യുവതി പറഞ്ഞു…
“തേജൂ…… ഇതുപോലെയുള്ള തലവേദന ഇനി എനിക്ക് ഉണ്ടാക്കരുത്….. ആളുകളെ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് നീയാ….അത്രയും മരുന്ന് പോയതിലല്ല പ്രശ്നം…. ഇത് എങ്ങു നിന്നു വന്നു, എങ്ങോട്ട് പോകുന്നു എന്നൊന്നും ആരും അറിയരുത്…. രണ്ടിടി കിട്ടിയാൽ ആ പയ്യൻ തന്നെ ഇതേൽപ്പിച്ചത് ആരാണെന്ന് പറഞ്ഞേനെ….. സോ നെക്സ്റ്റ് ടൈം ബീ കെയർഫുൾ…”
“ഷുവർ ….”
“സോളമൻ എവിടെ?”
“എറണാകുളത്തേക്ക് വിട്ടിട്ടുണ്ട്…”
“ഉം…. ഇനി അബദ്ധം സംഭവിക്കരുത്…”..പജേറോ സ്റ്റാർട്ട് ആയി…
” പോകുകയാണോ?”
“അതെ… ചാവക്കാട് വരെ വന്നതാ… അഭിമന്യു പണ്ട് തല്ലിയൊതുക്കിയ ഗുണ്ടാ നേതാവ് അഫ്സലിനെ കാണാൻ….”
അയാൾ ഒരു സിഗരറ്റ് കത്തിച്ചു….
“പ്രതികാരം ചെയ്യാനുള്ള പ്ലാനുണ്ടോന്ന് അറിയാനാ… പക്ഷേ ഇല്ല… അവൻ നന്നായി… ഇപ്പൊ പച്ചക്കറികൃഷിയുമായി കഴിയുകയാണ്…..”
“ഇനിയെന്താ പരിപാടി?”
“കുറച്ചു നാൾ ഞാൻ നാട്ടിൽ ഉണ്ടാവില്ല… തിരിച്ചു വരുമ്പോഴേക്കും ഇവിടെ സർവ്വ സന്നാഹങ്ങളും തയ്യാറായിരിക്കണം….”
അവൾ തലയാട്ടി… പിന്നെ കൈ പജേറോയുടെ അകത്തേക്ക് നീട്ടി… അയാൾ ആ കൈ പിടിച്ച് ഉമ്മ വച്ചു…
“ടേക്ക് കെയർ തേജൂ….ഞാൻ വിളിച്ചോളാം….”
പജേറോ മുന്നോട്ട് നീങ്ങി…. അതിന്റെ പിറകിലെ ചുവപ്പ് വെട്ടം ദൂരെ മറഞ്ഞപ്പോൾ അവൾ ഹെൽമെറ്റ് തലയിൽ വച്ചു… സ്കൂട്ടി റോഡിലേക്ക് കയറി എതിർ ദിശയിലേക്ക് നീങ്ങി…
(തുടരും )
👌
Next episode eppazha vara
Bakki eppazha