
ആകാശമുല്ല
“ഇറങ്ങിക്കോളൂ. ഇതാ മോളെ ഞാൻ പറഞ്ഞ വീട്. അയൽവക്കക്കാരൊക്കെ നല്ല ആൾക്കാര. ഇവിടെ നിന്ന് പതിനഞ്ചു രൂപയുടെ യാത്രയേ ഉള്ളു മോള് ജോലി ചെയ്യാൻ പോകുന്ന സ്ഥലത്തേയ്ക്ക്. വാടകയും കുറവ്. മോള് പറഞ്ഞതെല്ലാം ഒത്തിണങ്ങിയ ഒരു വീടാ. എന്താ മോൾക്ക് ഇഷ്ടായില്ലേ”. അങ്ങനെയാണേൽ വേറെ നോക്കാം. കാറിൽ നിന്ന് ഇറങ്ങി ജോണിച്ചായൻ ചോദിക്കുമ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല. വീടിന്റെ ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ ആണ് വീടിന്റെ ഉടമസ്ഥൻ എന്ന് തോന്നിക്കുന്ന ആൾ വന്ന് എന്തോ ജോണിച്ചനോട് പറയുന്നത് കണ്ടത്. “അല്ല അവര് അഡ്വാൻസ് ഇരുപതിനായിരം ആണ് മോളെ ചോദിക്കുന്നത്. മോൾക്ക് ഓക്കെയാണെങ്കിൽ, ഇന്ന് തന്നെ അവരുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി താമസിക്കാം, ഞാൻ എത്ര പറഞ്ഞതാ ഞങ്ങടെ കൂടെ വന്ന് താമസിക്കാന്ന്. മോളിക്കുട്ടിയ്ക്കും എനിക്കും അതിൽ എന്ത് ബുദ്ധിമുട്ട് ഉണ്ടാവാനാ . ഇപ്പോ നീ ഈ ചെറിയ കുഞ്ഞിനെയും കൊണ്ട് തനിച്ച് താമസിക്കാൻ പോകുന്നതിൽ ഏറ്റവും വിഷമം ഞങ്ങൾക്കാ. നിന്റെ വാശിക്ക് മുന്നിൽ കീഴടങ്ങാതെ നിവർത്തിയില്ലല്ലോ. ഇന്നലെ സിസ്റ്ററമ്മ എന്നെ വിളിച്ചിരുന്നു. നിന്നെപ്പറ്റി അന്വേഷിച്ചു.” എല്ലാ കാര്യങ്ങളും ശരിയാക്കി തന്ന് ജോണിച്ചൻ പോയി. പരിചയമില്ലാത്ത ഈ കൊച്ചി നഗരത്തിൽ ഒരു കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കുന്നത് പണിപ്പെട്ട കാര്യമാണെന്ന് അറിയാമായിരുന്നിട്ടും ഇവിടേയ്ക്ക് ജോലിയ്ക്ക് അപേക്ഷിച്ചത് ഓർക്കാൻ ആഗ്രഹിക്കാത്ത പല ഓർമ്മകളിൽ നിന്നും ഒരു ഒളിച്ചോട്ടം അത്യാവശ്യം ആയതിനാലാണ്. ഇവിടെ ആകെ അറിയാവുന്നത് ജോണിച്ചായനെയും മോളി ആന്റിയെയും ആണ്. ആശ്രയ കാരുണ്യഭവൻ എന്ന അനാഥലയം നടത്തി ക്കൊണ്ട് പോവുന്നത് ജൂലിയറ്റ് എന്ന എല്ലാവരുടെയും സിസ്റ്ററമ്മ യാണ്. അവരുടെ അകന്ന ബന്ധുവാണ് ജോണിച്ചായൻ. കൊച്ചിയിൽ അറിയപ്പെടുന്ന ടെക്സ്റ്റൈൽസ് ഷോപ്പായ താരാ സിൽക്സ് ഉടമയാണ് ഇച്ചായൻ . രണ്ടു മക്കളാണ് ഇവർക്ക്. മുത്ത ആൾ താരജോണി. കാനഡയിൽ കുടുംബമായി താമസിക്കുന്നു. രണ്ടാമത്തെയാൾ തോമസ് ജോണി. ആൾ ഇപ്പോൾ ദുബായിൽ സോഫ്റ്റ് വെയർ എഞ്ചിനിയർ ആണ്. മൂന്നു വർഷത്തിൽ ഒരിക്കൽ വീട്ടിലേയ്ക്ക് വരും. ടെക്സ്റ്റൈൽസിൽ നിന്ന് കിട്ടുന്നതിന്റെ മുക്കാൽ ഭാഗവും ഇച്ചായനും ആന്റിയും ആശ്രയയ്ക്ക് വേണ്ടിയാണ് ചെലവാക്കുന്നത്. മാസത്തിൽ ഒരിക്കൽ എങ്കിലും അവർ ആശ്രയയിൽ വരാറുണ്ട്. മാത്രമല്ല കുട്ടികൾക്ക് കാര്യമായിട്ട് എന്തെങ്കിലും നൽകാറും ഉണ്ട്. അങ്ങനെയാണ് ഞാൻ ജോണിച്ചായനും ആന്റിയുമായിട്ട് കൂടുതൽ അടുത്തത്. കൊച്ചിയിൽ വന്ന സമയത്ത് അവരുടെ കൂടെ അവരുടെ ഫ്ലാറ്റിൽ താമസിക്കാനായിരുന്നു ആന്റി പറഞ്ഞത്. അവിവാഹിതനായ മകൻ ഉള്ള അവരുടെ വീട്ടിൽ ഒരു കൈ കുഞ്ഞിനെയും കൊണ്ട് താമസിക്കുന്നത് പിന്നീട് ആളുകൾക്കിടയിൽ ഒരു സംസാര വിഷയത്തിന് ഇടയാക്കും എന്ന് അറിയാവുന്നതിനാൽ ഇച്ചായനോട് കാര്യങ്ങൾ വിശദമാക്കി ഒരു കുഞ്ഞു വാടകവീട് സംഘടിപ്പിച്ചു തരാൻ പറഞ്ഞത്. അങ്ങനെയാണ് നഗരത്തിൽ നിന്ന് കുറച്ചു മാറി വാഹനങ്ങളുടെ ഇര മ്പലോ, ആളുകളുടെ കൂട്ടമായ സംസാരങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരു അന്തരീക്ഷം ഉള്ള ഒരു വാടകവീട് കിട്ടിയത്. നാളെയാണ് ജോലിയ്ക്ക് ജോയിൻ ചെയ്യേണ്ട ദിവസം. ഡിജി സോഫ്റ്റ് ഗ്ലോബൽ മീഡിയ ഏജൻസിയിൽ അഡ്വർടൈസിങ് ഡിപ്പാർട്മെന്റിൽ ആണ് ജോലി എന്ന് മാത്രമേ അറിയുള്ളൂ. മറ്റൊന്നും അറിയില്ല. അവിടെ എത്തി കാര്യങ്ങൾ ശരിയാകുന്നത് വരെ ഒരു ആധിയാണ് ഉള്ളിൽ. നാളെ പോകുന്നതിന് മുൻപ് കുഞ്ഞിനെ നോക്കാൻ ഒരു ആളെ കിട്ടുമോ എന്ന് അന്വേഷിക്കണം. കുഞ്ഞിനെയും എടുത്ത് മോളി ആന്റിയുടെ ഫ്ലാറ്റിലേയ്ക്ക് നടക്കുമ്പോൾ ആ കാര്യങ്ങൾ ആയിരുന്നു മനസിൽ. ഇന്ന് ഭക്ഷണം അവിടുന്ന് കഴിക്കാം എന്ന് ആന്റി പറഞ്ഞപ്പോൾ എതിർത്ത് ഒന്നും പറഞ്ഞില്ല. ഫ്ലാറ്റിൽ എത്തി കോളിങ്ങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ആന്റിയാണ്. “ആ മോളോ, കുഞ്ഞ് ഉറങ്ങിയോ. അകത്ത് കിടത്താം എന്ന് പറഞ്ഞ് കുഞ്ഞിനെയും എടുത്ത് ആന്റി റൂമിലേയ്ക്ക് പോയി. അവിടെ ആന്റി വായിച്ച് പകുതിയാക്കിയ പുസ്തകം മറിച്ചിട്ടു നോക്കി. എം.ടി യുടെ ‘അസുരവിത്ത് ‘ ആയിരുന്നു അത്. “ഇവിടെ ഇച്ചായൻ പോയാൽ തനിച്ചായ പോലെയാണ് പിന്നീട് ഈ പുസ്തകങ്ങളാണ് കൂട്ട്. ഓരോ പുസ്തകം വായിക്കുമ്പോഴും അതിലെ കഥാപാത്രങ്ങളിൽ നമ്മളെയും നമ്മളുടെ
ചുറ്റുമുള്ളവരെയും സങ്കൽപ്പിക്കുമ്പോൾ അത് ഒരു വലിയ ലോകത്തേയ്ക്ക് നമ്മേ കൂട്ടിക്കൊണ്ടു പോകുന്നത്.” ഒരു വലിയ ഷെൽഫിലുള്ള പുസ്തകങ്ങൾ ചൂണ്ടിക്കാണിച്ച് ആന്റി പറയുമ്പോൾ വായനയോടുള്ള അടുപ്പം കൊണ്ടാണോ എന്നറിയില്ല ഇതേ അനുഭവം ആയിരുന്നു എനിക്കും . “വാ ഭക്ഷണം കഴിക്കാം എന്നിട്ട് ബാക്കി സംസാരിക്കാം.”കഴിക്കാൻ എടുത്തു വെയ്ക്കുന്നതിനു ഇടയിൽ ആന്റി പറഞ്ഞു. “പുതിയ അയൽക്കാരൊക്കെ എങ്ങനെയുണ്ട്”. ഓഹ് രണ്ട് സ്ത്രീകൾ വന്നിരുന്നു ഇന്നലെ. ഒരാൾ പാവമാണ് എന്ന് തോന്നുന്നു. മാറ്റെയാൾ ഒരു ന്യൂസ് റിപ്പോർട്ടർ ആണെന്ന തോന്നുന്നേ. എന്റെ എല്ലാകാര്യങ്ങളും തിരക്കി, ഞാൻ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. പോരാത്തതിന് അപ്പുറത്തെ വീട്ടിലെ മറ്റൊരു ചേച്ചിയുടെ കുറ്റങ്ങൾ എന്നോട് വന്നു പറഞ്ഞു. ഇപ്പൊ ഇങ്ങോട്ട് വരുമ്പോ നോക്കി ഇരിക്കുന്നത് കണ്ടു. അത് മിക്കവാറും ഒരു തലവേദന ആവാൻ ചാൻസ് ഉണ്ട്. വേറെ കുഴപ്പങ്ങൾ ഒന്നുല്ല.
പിന്നെ ഞാൻ മറ്റൊരു കാര്യം ഇച്ചായനോട് പറയാൻ ആണ് വന്നത്. കൈ കഴുകുന്നതിനു ഇടയിൽ ഞാൻ പറഞ്ഞു. “എന്താ മോളെ കാര്യം”. “അത് പിന്നെ കുഞ്ഞിനെ നോക്കാൻ ഒരാളെ കിട്ടുമോയെന്നു അറിയാൻ ആയിരുന്നു ഞാൻ നാളെ മുതൽ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ നോക്കാൻ ആളില്ലല്ലോ. ആഹ് കാര്യം ഒന്ന് ഇച്ചായനോട് പറയാൻ…” ഓഹ് അതായിരുന്നോ കാര്യം. അതിലിപ്പോ എന്തിനാ ആവലാതിപ്പെടുന്നേ മോളെ ഇവിടെ ആക്കിയിട്ട് നീ ജോലിക്ക് പോയിക്കോ. ” “ആന്റിയ്ക്കു അതൊരു ബുദ്ധിമുട്ട് ആവില്ലേ.” ദേ പെണ്ണെ നീ ഈ വാക്കും നാവിൽ തൂക്കിയാണോ നടപ്പ് എപ്പോഴും ഈ ബുദ്ധിമുട്ട് എന്ന വാക്ക് മാത്രം പറയുന്നു. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ ഞങ്ങളുടെ കൂടെ താമസിക്കാൻ അപ്പോഴും നീ ഇത് തന്നെ പറഞ്ഞു. കുഞ്ഞിനെ ഞാൻ നോക്കിക്കോളാം നീ നാളെ മുതൽ ധൈര്യമായിട്ട് പോയിട്ട് വാ. മോളി ആന്റിയെ കെട്ടിപ്പിച്ചു കുറെ നേരം കരഞ്ഞു അപ്പോൾ അങ്ങനെയാണ് തോന്നിയത്. “എന്താ മോളെ ഇത് ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ കടന്നുവന്നിട്ടും ആത്മധൈര്യത്തോടെ എല്ലാ ഘട്ടവും തരണം ചെയ്തവൾ ആണ് നീ എന്ന് സിസ്റ്ററമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് അങ്ങനെയുള്ളപ്പോൾ നിന്റെ എല്ലാ തീരുമാനങ്ങളിലും ദൈവം കൂടെ ഉണ്ടാവും കുട്ടീ. പിന്നീട് കുറെ സമയം കഴിഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയത് അപ്പോയെക്കും ഇച്ചായൻ വന്നിരുന്നു. “നേരം ഇരുട്ടിയില്ലേ തനിച്ചു പോവേണ്ട ഞാനും വരാം.” എന്ന് പറഞ്ഞു ഇച്ചായൻ വീട്ടിൽ ആക്കി തിരിച്ചു പോയി. നാളെ രാവിലെ ജോലിയ്ക്ക് ജോയിൻ ചെയ്യേണ്ടതു കൊണ്ട് മോൾക്ക് കുറുക്ക് കൊടുത്ത് അവളെ ഉറക്കി. വേഗം തന്നെ താനും കിടന്നുറങ്ങി. പിറ്റേന്ന് കുഞ്ഞിനെ മോളി ആന്റിയുടെ അടുത്താക്കി നേരെ ഓഫീസിലേയ്ക്ക് വിട്ടു. ടാക്സി ഒരു കൂറ്റൻ കെട്ടിടത്തിന് മുൻപിൽ നിർത്തി. ടാക്സിയിൽ നിന്ന് ഇറങ്ങിയപ്പോൾ എന്തെന്നില്ലാത്ത പരവേശം ഉണ്ടാകുന്നത് താനറിഞ്ഞു. എങ്കിലും നേരെ റിസപ്ഷനിലുള്ള പെൺകുട്ടിയുടെ കയ്യിൽ അപ്പോയിൻമെന്റ് ലെറ്റർ കൊടുത്തപ്പോൾ ആ പെൺകുട്ടി ചിരിച്ചു കൊണ്ട് വെൽക്കം ചെയ്ത് മൂന്നാമത്തെ ഫ്ലോർ ലക്ഷ്യമാക്കി നടന്നു. നേരിയ ഭയത്തോടെ പിറകെ താനും നടന്നു. മൂന്നാമത്തെ നിലയിലുള്ള എച്ച്. ആറിന്റെ കാബിൻകാണിച്ചു തന്ന് സൈൻ വാങ്ങി. പിന്നീട് തന്റെ കാബിനും കാണിച്ചു തന്ന് ആണ് പെൺകുട്ടി പോയത്. ഈ ജോലിയിൽ സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ ആഴ്ച്ചയിൽ രണ്ട് ദിവസം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം ബാക്കിയുള്ള ദിവസങ്ങളിൽ ഓഫീസിൽ പോയാൽ മതി എന്നുള്ളതാണ്. അത് കുഞ്ഞിനെ ശ്രദ്ധിയ്ക്കാൻ വളരെ എളുപ്പമായി. ആദ്യത്തെ ദിവസമായതിനാൽ കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നു കോ.വർക്കേഴ്സിനെ പരിചയപ്പെടൽ ആയിരുന്നു പ്രധാന പരിപാടി. അതിനിടയിൽ തന്റെ കാബിന്റെ തൊട്ടപ്പുറത്തുള്ള
പെൺകുട്ടിയെ കണ്ടപ്പോൾ ഒന്നു പരിചയപ്പെടാം എന്ന് വച്ച് ഹലോ, പറഞ്ഞപ്പോൾ അവൾ എന്തോ അരുതാത്തത് കേട്ടത് പോലെ മിണ്ടാതെ മുഖവും വീർപ്പിച്ചു ഒറ്റ പോക്ക് പോയി. തന്നോട് എന്തോ മുൻ വൈരാഗ്യം ഉള്ളതുപോലെ ആയിരുന്നു അവളുടെ പെരുമാറ്റം . പിന്നെ കുറെ നേരം ചുമരിൽ തൂക്കിയ കുറച്ചു പെയിന്റിങ്സ് നോക്കികൊണ്ട് തിരിഞ്ഞതും ഒരു ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു. “ഹലോ . ഞാൻ നീരജ്. ” ഹായ് എന്റെ പേര് ജാസ്മിൻ സാറാ”.”വന്ന അന്ന് തന്നെ താൻ നല്ല ആളുമായിട്ട കൂട്ടാവാൻ നോക്കിയത് പറഞ്ഞത് മനസ്സിലായില്ല എന്ന് തോന്നിയപ്പോൾ അവൻ വിശദീകരിച്ചു. ആഹ് വിദ്യയെ പരിചയപ്പെടുന്നത് ഞാൻ കണ്ടു. അവളുമായിട്ട് ഇവിടെ ആരും അങ്ങനെ അടുക്കാറില്ല അതൊരു പ്രത്യേക ടൈപ്പ. അവൾക്ക് ഇവിടെ അങ്ങനെ സുഹൃത്തുക്കൾ ഇല്ല. ഇതിനു പുറത്ത അവളുടെ ആള്ക്കാർ. നമ്മൾ ചോദിക്കുന്നതിനു പോലും മറുപടി ചിലപ്പോയെ കിട്ടു അതുകൊണ്ട് ആരും അവളെ ഇപ്പൊ മൈൻഡ് ചെയ്യാറില്ല. അവൾ ആളൊരു അഹങ്കാരിയാണ് എന്നാണ് ഇവിടെ പൊതുവേയുള്ള ഒരു സംസാരം.” അവൻ പറഞ്ഞു. അത് കുറച്ചു മുൻപ് മനസ്സിലായി. അതൊക്കെ പോട്ടെ നീ എത്രകാലമായി ഇവിടെ. ഞാൻ ചോദിച്ചു. ഒരു വർഷം കഴിഞ്ഞു. ഇവിടെ അടുത്തുള്ള ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാ . ഇവിടെ വർക്ക് ചെയ്യുന്ന ആകാശും ഉണ്ട് കൂടെ. “എന്നിട്ട് കക്ഷി എവിടെ ഞാൻ പരിചയപ്പെട്ടില്ലല്ലോ. “അവൻ അമ്മയ്ക്ക് സുഖമില്ലാഞ്ഞിട്ട് നാട്ടിൽ പോയി.” അല്ല തന്റെ ഫാമിലിയൊക്കെ….? അവൻ പറഞ്ഞ് മുഴുവനാക്കും മുൻപ് ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എന്നോണം എനിക്ക് ഒരു അത്യാവശ്യ കോൾ ചെയ്യാൻ ഉണ്ട് നീരജ്, ഇപ്പോഴാ ഞാൻ അതോർത്തത്. നമുക്ക് പിന്നെ പരിചയപ്പെടാം. അവനോട് ബൈ പറഞ്ഞ് നേരെ വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷായി മോളി ആന്റിയെ വീഡിയോ കോൾ വിളിച്ചു. കുഞ്ഞിന് ഫുഡ് കൊടുത്ത് ഇപ്പോ കളിക്കുകയാണ് എന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത്. ആന്റിയോട് കുഞ്ഞ് എങ്ങനെയാണ് പെരുമാറുക എന്ന് ഒരു വേവലാതി ഉണ്ടായിരുന്നത് ഇപ്പോൾ മാറി. ഓഫീസിൽ നിന്ന് ഇറങ്ങി. കുഞ്ഞിനെ ആന്റിയുടെ അടുത്ത് നിന്ന് എടുത്ത് വീട്ടിൽ എത്തി. ഞാൻ വരുന്നതിന് തൊട്ടു മുൻപ് ആണ് കളിയൊക്കെ കഴിഞ്ഞ് ഉറങ്ങിയത് എന്ന് ആന്റി പറഞ്ഞു.വീട്ടിൽ എത്തി കുഞ്ഞിനെ തോളിൽ നിന്ന് മാറ്റി കിടക്കയിൽ കിടത്തി വാതിൽ കുറ്റിയിട്ടെന്ന് ഉറപ്പാക്കി കുളിക്കാൻ കയറി. കുളിച്ചു വന്നപ്പോഴും ആള് നല്ല ഉറക്കമാണ്. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെക്കാണുമ്പോൾ മനസ് മറ്റെവിടയോ സഞ്ചരിക്കുന്നതായി തോന്നിയപ്പോൾ അവളിൽ നിന്ന് നോട്ടം മാറ്റി. രാത്രിയിൽ എത്ര ശ്രമിച്ചിട്ടും ഉറക്കം ലഭിക്കാത്ത പോലെ ഇന്ന് നീരജ് ചോദിച്ചപോലെ പല ചോദ്യങ്ങളും തനിക്ക് മുൻപോട്ട് നേരിടേണ്ടിവരും. അതിനുള്ള ഉത്തരം കണ്ടെത്തിയാണ് ഉറങ്ങാൻ കിടന്നത്. ഓഫീസിൽ എത്തി. തന്റെ ഡസ്കിന് അടുത്തേയ്ക്ക് നടക്കുന്നതിന് ഇടയിൽ ആണ് നീരജും വേറൊരു ചെറുപ്പക്കാരനും കൂടെ തന്റെ അടുത്തേയ്ക്ക് നടന്നു വരുന്നത് കണ്ടത്. “ഏയ് മാഡം ഇന്നലെ വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല. നമുക്ക് ഒരു ചായ കുടിച്ചിട്ട് തുടങ്ങാം എന്ത് പറയുന്നു.” ഞാൻ ഓക്കെ പറഞ്ഞു. ഇവിടെ അടുത്ത് തന്നെ ഭാസ്കരേട്ടന്റെ ഒരു ചായക്കടയുണ്ട്. അവിടത്തെ ചായയ്ക്കും പലഹാരങ്ങൾക്കും ഒരു രക്ഷയുമില്ലാത്ത രുചിയാ. ആ പലഹാരങ്ങൾക്ക് പുതിയ സൗഹ്യദത്തിന്റെ രുചി കൂടെ ഉണ്ടായിരുന്നു. ചായക്കടയിലെ മേശയ്ക്ക് അഭിമുഖമായി ഇരിയ്ക്കുമ്പോഴാണ് നീരജിന്റെ ചോദ്യം. ഓഫീസ് എങ്ങനെ ഇഷ്ടായോ.” ഞാൻ വന്നിട്ട് ഒരു ദിവസം കൊണ്ട് എങ്ങനെയാ . ഇനിയും സമയം ഉണ്ടല്ലോ പറയാം. ” അതു
ശരിയാ. എന്തായാലും ചായക്കട നീ ഇഷ്ടപ്പെടും. ഇവിടെ നിന്ന് ചായ കുടിച്ചാൽ പിന്നെ നീ ഇവിടെ മാത്രമേ വരൂ. അങ്ങനെ ഒരു മാജിക്ക് ഭാസ്കരേട്ടന് അറിയാം. അതാണ് ഇവിടെ നല്ല തിരക്ക്. ” ആളുകളുടെ വരവ് ചൂണ്ടിക്കാണിച്ച് അവൻ പറഞ്ഞു. ഞങ്ങൾ സംസാരിക്കുന്നതിനിടയി ൽ യാതൊന്നും സംസാരിക്കാതെ ചായ ഊതിക്കുടിക്കുന്ന ചെറുപ്പക്കാരനിലേയ്ക്ക് എന്റെ ശ്രദ്ധ ചലിയ്ക്കുന്നത് കണ്ടിട്ടെന്നോണം നീരജ് പറഞ്ഞു. ഓ ഇവനെ നീ പരിചയപ്പെട്ടില്ലല്ലോ. ഇവനാണ് ഇന്നലെ ഞാൻ പറഞ്ഞ ആകാശ്. നീയെന്താടാ ഒന്നും മിണ്ടാതെയിരിക്കുന്നത്. നിങ്ങൾ പണ്ടു മുതൽ അറിയാവുന്നവരെപ്പോലെയല്ലേ സംസാരം എനിയ്ക്ക് പറയാൻ ഒരു ഗ്യാപ്പ് തരണ്ടേ രണ്ടാളും. “ഓ സോറി ഡാ. ഹായ് അർജുൻ എന്ന് വിളിച്ച് അപ്പുറത്തെ ടേബിളിലെ പരിചയമുള്ള ആരെയോ കണ്ട് അങ്ങോട്ട് പോയിരുന്നു നീരജ്, അപ്പോഴാണ് മുൻപിലിരിക്കുന്ന ആകാശിനെ വീണ്ടും നോക്കിയത്. “ഇവനെ ഞാൻ കാണാൻ തുടങ്ങിയ അന്ന് മുതൽ ഇവന് ആരെയെങ്കിലും സംസാരിക്കാൻ
കിട്ടിയാൽ മറുവശത്ത് ഉള്ള ആൾക്ക് പറയാൻ അവസരം കൊടുക്കാതെ സംസാരിച്ചിരിയ്ക്കും. അതുകൊണ്ട് അവന് ഇവിടെ സുഹൃത്തുക്ക ൾ കൂടുതലാ. ” ആകാശ് പറഞ്ഞു. തന്റെ വീടും വീട്ടുകാരുമൊക്കെ? ആദ്യത്തെ അരോചകത്വം മാറി ഞാൻ അവനോട് സംസാരിയ്ക്കാൻ തുടങ്ങി. എന്റെ വീട് തിരുവനന്തപുരം വെഞ്ഞാറമൂട് ആണ്. വീട്ടിൽ അച്ഛൻ,അമ്മ, അനിയത്തി. അച്ഛൻ കെ.എസ്.ഇ.ബി യിൽ നിന്ന് റിട്ടയർ ആയി. അമ്മ ടീച്ചറാണ്. അനിയത്തി അതുല്യ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്നു. സന്തുഷ്ടകുടുംബം. അപ്പോയേയ്ക്കും നീരജ് വന്നു. “നിങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞോ”.? ” തന്റെ വീട്ടിൽ ആരൊക്കെയുണ്ട്. ” ആകാശ് ചോദിച്ചു. എന്റെ വീട്ടിൽ ഞാനും മോളും. ഹസ്ബൻഡ് വിദേശത്താണ്. മോൾടെ പേര് നയോമി. നാച്ചൂന്ന് വിളിയ്ക്കും. “ഓഹ് മാരീഡ് ആണെന്ന് പറയില്ല. പോരാത്തതിന് ഒരു കുട്ടി കൂടെ ഉണ്ട് എന്ന് വിശ്വസിയ്ക്കാൻ പറ്റുന്നില്ല”. നീരജ് പറഞ്ഞു. അല്ല നിന്റെ പേര് ജാസ്മിൻ സാറാ ഇതുവരെ കേൾക്കാത്ത പേര്. നിന്നെ ഞങ്ങൾ എന്താ വിളിക്കേണ്ടത്. ആകാശിന്റെ ആ ചോദ്യത്തിന് നിങ്ങൾ എന്നെ സാറാ എന്ന് വിളിച്ചാൽമതി എന്ന് ഞാൻ പറഞ്ഞു. കുറെ വർക്സ് പെന്റിങ്ങിൽ ഉണ്ട്. അത് പൂർത്തിയാക്കട്ടെ നാളെ കാണാം. എന്ന് പറഞ്ഞു അവർ രണ്ടു പേരും പോയി. ആകാശുമായും നീരജുമായും ഏതാനും നിമിഷങ്ങൾക്കകം നല്ല കൂട്ടായി. ആദ്യത്തെ ദിവസം പണിയില്ലാതെ ഇരുന്നതിന് പിറ്റേദിവസം മുതൽ മുട്ടൻ പണിയായിരുന്നു കിട്ടിക്കൊണ്ടിരുന്നത് അതിനാൽ അവർ ലഞ്ചിന് വിളിച്ചെങ്കിലും അവരോട് പോയി കഴിച്ചോളാൻ പറഞ്ഞു. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി. നാച്ചുമോൾക്ക് ഇപ്പോൾ മോളി ആന്റിയെ നന്നായി ബോധിച്ചു. ആന്റിയുടെ കയ്യിൽ നിന്ന് എടുക്കാൻ നോക്കുമ്പോൾ അപ്പോൾ കരയും. പിറ്റേ ദിവസം അവധിയായിരുന്നതിനാൽ നാച്ചുവിനേയും എടുത്ത് മുറ്റത്തു കൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നത്. “പുതിയ താമസക്കാരി വന്നുന്ന് ജോണി പറഞ്ഞു. ജോണിയുടെ കുടുംബസുഹൃത്താണല്ലേ.എന്റെ പേര് ഷീജ. മക്കളൊക്കെ പഠിയ്ക്കുന്നു. ഭർത്താവ് ഇവിടെ കളക്ട്രേററ്റിൽ സീനിയർഎൽ.ഡി ക്ലാർക്ക് ആണ്. കാണുമ്പോഴെല്ലാം ചോദിയ്ക്കണം എന്ന് കരുതിയതാ. കുഞ്ഞിന്റെ അച്ഛൻ എവിടെ? അദ്ദേഹം വിദേശത്താണ് ചേച്ചി. ഞാൻ മറുപടി പറഞ്ഞു. മോൾടെ വീട്ടിൽ ആരൊക്കെയുണ്ട്. അവിടെ അപ്പച്ചനും അമ്മച്ചിയു മൊക്കെയുണ്ട്. പിന്നെ മോൾ എന്തിനാ ഇത്രയും കഷ്ട്ടപ്പെട്ട് കുഞ്ഞിനെയും കൊണ്ട് ഇവിടെ വന്ന് ഒറ്റയ്ക്ക് താമസിക്കുന്നേ മോൾടെ അച്ഛനെയും അമ്മയെയും കൂട്ടിന് വിളിക്കായിരുന്നില്ലേ.
അല്ലെങ്കിൽ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഏയ് അങ്ങനെയൊന്നും ഇല്ല ചേച്ചി, അവർ വരാന്ന് പറഞ്ഞതായിരുന്നു. ഞാനാ പറഞ്ഞത് വേണ്ടാന്ന്. അവരവിടെ കൃഷിയെല്ലാം നോക്കി നടത്തി വരുകയാണ്. മറ്റൊരു സ്ഥലത്തേയ്ക്ക് ഉള്ള ഒരു മാറ്റം അവർക്ക് ഒരു ബുദ്ധിമുട്ടാവും എന്നു കരുതി. ഞാൻ പറഞ്ഞു.
“എന്ത് ബുദ്ധിമുട്ട് മോളെ പേരമക്കളെ കളിപ്പിച്ചിരിക്കാനായിരിക്കും ഓരോ മാതാപിതാക്കളും ആഗ്രഹിക്കുക. “കണ്ണിന്റ ഒരു കോണിൽ നിന്ന് കണ്ണുനീർ തുള്ളികൾ പുറത്തു ചാടുമെന്നായപ്പോൾ, കുഞ്ഞിന് ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു ഞാൻ പോയി കിടത്തട്ടെ എന്ന് പറഞ്ഞു പോവാൻ നിന്നു , കുഞ്ഞിന് വിശന്നിട്ടാവും മോള് പോയി കുഞ്ഞിന് പാല് കൊടുക്ക്. കതക് നന്നായി കുറ്റിയിട്ട് കിടന്നോ, ഞാൻ ഇറങ്ങ്വാണ് മോളെ. നാളെ വീട്ടിൽ നിന്ന് ജോലി ചെയ്യാം എന്നുള്ളത് സൗകര്യമായി. നാച്ചുവിനെ കുളിപ്പിച്ച് ഉറക്കി കിടത്തി. ബാക്കി ജോലിയിലേയ്ക്ക് കടന്നു.അതിനിടയ്ക്ക് സിസ്റ്ററമ്മയുടെ കോൾ ഉണ്ടായിരുന്നു. ഞാൻ ഇവിടെ ഓക്കെയാണെന്നും ജോണിച്ചായൻ എല്ലാം ഏർപ്പാടുകളും ചെയ്തു തന്നിട്ടുണ്ടെന്നും പറഞ്ഞു മനസിലാക്കി. ആശ്രയയിലെ വിശേഷങ്ങളും ചോദിച്ചറിഞ്ഞാണ് ഫോൺ വച്ചത്. ജോലിയ്ക്ക് കയറിയിട്ട് ഇന്നേയ്ക്ക് രണ്ടു മാസമായി. ഫോൺ സ്ക്രോൾ ചെയ്യുന്നതിനിടയിൽ ഭൂമിയുടെ ഭ്രമണവേഗത വർധിച്ചു വരുന്നു എന്ന വീഡിയോ കണ്ടു അത് എത്ര ശരിയാണെന്ന് ആലോചിച്ച് പോയി. കാരണം ജോലിയ്ക്ക് കയറിയത് ഇന്നലെകൾ പോലെ തോന്നുന്നു. ഇന്നാണ് ശബളം കിട്ടിയ ദിവസം. ജോണിച്ചന് അത്യാവശ്യമായി ആലപ്പുഴ വരെ പോകാൻ ഉള്ളത് കൊണ്ട് ഷോപ്പിൽ നിൽക്കുന്നത് ആന്റിയാണ് അതുകൊണ്ട് ഷീജ ചേച്ചിയുടെ അടുത്ത് നാച്ചുവിനെ ഏൽപ്പിച്ച്. ചേച്ചിയുടെ മകൾ വേദികയെയും കൂടെ കൂട്ടി ടൗണിൽ പോയി തനിക്കും കുഞ്ഞിനും വേണ്ട സാധനങ്ങൾ വാങ്ങിച്ചു. കൂടാതെ വേദികയ്ക്കും ഒരു ഡ്രസ് എടുത്ത് കൊടുത്തു. അവൾ പലവട്ടം എതിർത്തെങ്കിലും തനിക്ക് ഇങ്ങനെ വാങ്ങി കൊടുക്കാൻ ആരുമില്ല, സ്വന്തം ചേച്ചി വാങ്ങിത്തരുന്നതായിട്ട് കണക്കാക്കിയാൽ മതിയെന്ന് പറഞ്ഞപ്പോൾ അവൾ ആ കവർ വാങ്ങി. വീട്ടിൽ എത്തിയപ്പോൾ നേരം ഒരുപാടായി. ആന്റിയ്ക്കും ഇച്ചായനും ഓരോ ജോടി ഡ്രസ് വാങ്ങിച്ചിരുന്നു. ആന്റിയുടെ വക ശകാര വർഷമായിരുന്നു. കൂടാതെ രാവിലെ ഓഫീസിലേയ്ക്ക് കയറിയപ്പോൾ നീരജിന്റെയും ആകാശിന്റെയും വക നല്ലോണം കേട്ടു. ഇന്നലെ ശമ്പളം കിട്ടിയിട്ട് ട്രീറ്റ് തരാതെ മുങ്ങി എന്നായി രുന്നു പരാതി. അങ്ങനെ അവരുടെ പരാതി തീർക്കാൻ പതിവ് ചായക്കടയിൽ എത്തിയപ്പോൾ, “നീ പുതിയതായി ജോയിൻ ചെയ്ത കുട്ടിയെ കണ്ടില്ലെ സാറാ, നമ്മുടെ . ട്രീസ ചേച്ചി ജോലി റിസൈൻ ചെയ്ത് ഹസ്ബന്റിന്റെ കൂടെ വിദേശത്തേയ്ക്ക് പറന്നത് അറിഞ്ഞില്ലേ. ആ ഒഴിവിലേയ്ക്ക് ഒരാൾ വന്നിട്ടുണ്ട്. ഗീതിക എന്നാണ് അവളുടെ പേര്. അപ്പുറത്തെ ടേബിളിൽ ഒറ്റയ്ക്കിരുന്ന് ചായ കുടിക്കുന്ന അവളെ നോക്കി നീരജ് പറഞ്ഞു. എന്തായാലും നമുക്ക് ഒന്ന് പരിചയപ്പെടാം. അവൻ ഞങ്ങളെ രണ്ടുപേരെയും അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഗീതിക കോട്ടയം കാരിയാണ് ഇവിടെ അടുത്ത് ഒരു ഹോസ്റ്റലിൽ ആണ് താമസം. ശരവേഗത്തിലാണ് ദിവസങ്ങൾ കടന്നുപോവുന്നത്. ഗീതികയുടെയും ആകാശിന്റെയും ഓരോരോ തമാശകളിലൂടെയും നീരജിന്റെയും ഗീതികയുടെയും പിണക്കങ്ങളിലൂടെയും സമയം പോവുന്നത് അറിയില്ല. പതിവു പോലെ ചായ കുടിക്കാൻ ഇരുന്നതാണ് എല്ലാവരും ആകാശാണ് സംസാരത്തിന് തുടക്കമിട്ടത്. “നാളെ ഞായറഴ്ചയല്ലേ നമുക്ക് എല്ലാവർക്കും ഒരു ഔട്ടിങ്ങ് ആയാലോ. ബീച്ചിലും പാർക്കിലും എല്ലാം ഒന്നു പോയി മൈന്റ് റിഫ്രഷ് ആക്കാം. എന്ത് പറയുന്നു. ഓക്കെയല്ലേ. ഏയ് ഞാനില്ല ആകാശ്, കുഞ്ഞിനെയും കൊണ്ട് അതൊക്കെ റിസ്ക്കാണ്. ഞാൻ പറഞ്ഞു. ” നീ ഒരു എക്സ്ക്യൂസും പറയണ്ട നമ്മൾ പോകുന്നു “അവൻ വീണ്ടും പറഞ്ഞു. എല്ലാവരും നാളെ കാലത്ത് 10 മണിയ്ക്ക് തോപ്പുംപടി ജംഗ്ഷനിൽ നിന്നാൽ മതി. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവന്റെ വണ്ടി ചോദിച്ചാൽ തരാതിരിക്കില്ല.ഞാൻ കാറുമായി അവിടെ ഉണ്ടാവും. അപ്പോ നാളെ കാണാം ബൈ എന്ന് പറഞ്ഞ് ആകാശും നീരജും പോയി . പിറ്റേന്ന് രാവിലെ മോളി ആന്റിയോട് കാര്യം പറഞ്ഞ് വീടുപൂട്ടി താക്കോൽ അവരുടെ കൈയ്യിൽ കൊടുത്തു. തോപ്പുംപടിയിൽ എത്തിയപ്പോൾ തന്നെ അവിടെ ആകാശ് കാറുമായി നിൽപുണ്ടായിരുന്നു. എന്നെ കണ്ടനേരം അവൻ കാറിന്റെ ഹോൺ അടിച്ചു. കാറിൽ ഗീതികയും നീരജും ഉണ്ടായിരുന്നു നാച്ചുവിനെ അപ്പോൾ തന്നെ ഗീതിക വാങ്ങി മടിയിൽ വച്ചു. നേരെ പോയത് ഫോർട്ട് പാരഗൺ റസ്റ്റോറന്റിലേക്കാണ് കുഞ്ഞിന് ഫുഡ് ബാഗിൽ കരുതിയതിനാൽ അവൾക്ക് വിശന്നപ്പോൾ കുപ്പി പാൽ കാറിൽ വച്ച് നേരത്തെ കൊടുത്തിരുന്നു. റസ്റ്റോറന്റിൽ നിന്ന് പിന്നീട് പോയത് മനാശ്ശേരി ബീച്ചിലേയ്ക്കാണ് തിരകളിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസം എന്നെ വന്നു മൂടുന്നതായിട്ട് തോന്നി. മനസിനെ ശാന്തമാക്കാൻ കഴിയുന്ന എന്തോ ഒന്ന് ഇവിടെയുള്ളതുപോലെ തോന്നുന്നു. ഗീതികയും നീരജും കടൽ വെള്ളത്തിൽ അങ്ങനെ കളിച്ചു രസിക്കുന്നുണ്ട്. അപ്പുറത്ത് ആകാശ് കുഞ്ഞിനെ പൊക്കിയെടുത്തും തിരിച്ച് വെള്ളത്തിൽ കാൽ മുട്ടിച്ചും പിന്നെയും പൊക്കിയും അങ്ങനെ അവരുടെ ലോകത്താണ്. നാച്ചുവിന്റെ ചിരിയിൽ നിന്ന് അവന്റെ പ്രവർത്തികൾ അവൾക്ക് നന്നെ ബോധിച്ചു എന്ന് മനസിലായി. ഈ കാഴ്ചകൾ തീരത്തിരുന്ന് ആസ്വദിക്കുകയല്ലാതെ ഇറങ്ങാൻ തോന്നിയില്ല. അതുകഴിഞ്ഞ് നേരെ സുഭാഷ് ചന്ദ്രബോസ് പാർക്കിൽ പോയി, സീസോയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാച്ചു ഉൾപ്പെടെയുള്ള കുട്ടികളുടെ കുസൃതികൾ നോക്കിയിരിക്കുകയായിരുന്നു ഞാൻ അപ്പോഴാണ് പരിചിതമായ ഒരു സ്ത്രീ ശബ്ദം കേൾക്കന്നത്. ആ ശബ്ദത്തിന് ഉടമയാരാണെന്ന് അറിയാനുള്ള ആകാംഷയിൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പഴയ കളിക്കൂട്ടുകാരിയായ ജീനയെ ആയിരുന്നു. അവൾ ആകാശിനോട് എന്തൊക്കെയോ സംസാരിയ്ക്കുന്നതിനിടയിൽ തന്നെ കണ്ടത് പിന്നീടാണ്. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം അമേരിക്കയിലേയ്ക്ക് പോയതിൽ പിന്നെ അവളെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. ഇപ്പോൾ പെട്ടെന്ന് കണ്ടപ്പോൾ ആശ്ചര്യം തോന്നി. അതേ ആശ്ചര്യം അവളുടെ മുഖത്തും പ്രകടമായിരുന്നു. “സാറാ നീയെന്തായിവിടെ. ” ഞാൻ ഇപ്പോൾ ഇവിടെയൊരു കമ്പനിയിലാടി വർക്ക് ചെയ്യുന്നേ.” ഞാൻ പറഞ്ഞു. “നിന്നെ കാണുമെന്നു പോലും ഞാൻ വിചാരിച്ചതല്ല. ആശ്രയയിൽ ഞാൻ ഇടയ്ക്ക് വരാറുണ്ട്. ഞാൻ രണ്ടുവർഷമായിട്ട് ഇവിടെയാണ് ജേയ്ച്ചന്റെ ഫാമിലിയോടൊപ്പം. അമ്മച്ചിയും അപ്പച്ചനും കൊല്ലത്ത് ഒരു കല്യാണത്തിന് പോയി മോന് സുഖമില്ലാത്തത് കൊണ്ട് ഞാനും മോനും പോയില്ല. അവൻ വാശി പിടിച്ചിട്ടാണ് ഇങ്ങോട്ടു വന്നത്. നിന്റെ നമ്പർ എന്റെ ഫോണിൽ നിന്ന് പോയടി. നീ നമ്പർ ഇങ്ങു തന്നെ.”അവൾക്ക് നമ്പറും കൊടുത്ത് ഇടയ്ക്ക് വിളിയ്ക്കാം എന്നും പറഞ്ഞു. അവൾ പണ്ടു മുതലെ വാതോരാതെ സംസാരിക്കുന്ന പ്രകൃതക്കാരിയാണ്. അവൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലായിരുന്നു. ആകാശിന് അവളെയെങ്ങനെയാണ് പരിചയം എന്ന് അവനോട് ചോദിച്ചപ്പോഴാണ് ജീനയുടെ ഹസ്ബന്റിന്റെ കോമൺ ഫ്രണ്ട് വഴിയുള്ള പരിചയം ആണെന്ന് അറിഞ്ഞത്. കാർ തിരിച്ച് കൊണ്ടു വയ്ക്കാൻ പോകുന്ന നിന്നെ വീട്ടിൽ ഇറക്കാം നീയും കയറിക്കോ എന്ന് ആകാശ് പറഞ്ഞപ്പോൾ അവളും കാറിൽ കയറി. ഞങ്ങൾ മൂന്നുപേരും തോപ്പും പടി ജങ്ഷനിൽ ഇറങ്ങി. ജോണിച്ചൻ കാറുമായി വരുമെന്ന് മോളി ആന്റി വിളിച്ചു പറഞ്ഞിരുന്നു. ഞങ്ങൾ ഇറങ്ങിയപ്പോയുണ്ട് നേരെ മുൻപിൽ ജോണിച്ചൻ നിൽക്കുന്നു, ഞങ്ങളെ വീട്ടിൽ ആക്കിയാണ് ഇച്ഛൻ പോയത്. ഫ്രഷ് ആയി ഫോൺ നോക്കിയിരിക്കുകയായിരുന്നു സാറാ. ഇടയ്ക്ക് കുഞ്ഞിന്റെ കളികളിൽ ശ്രദ്ധിക്കുന്നുമുണ്ട്. ഇതേ സമയം കാറിൽ സാറയെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു ആകാശ്. ” ജീനയ്ക്ക് എങ്ങനെ സാറയെ പരിചയം.” “നിങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നത് ആണെന്നല്ലേ പറഞ്ഞത്. അപ്പോൾ അവൾ നിങ്ങളോടൊന്നും പറഞ്ഞിട്ടില്ലേ. എന്റെ കാര്യം നിനക്കറിയില്ലേ. അതെ പോലെ അവളും അതെ അനാഥാലയത്തിൽ വളർന്നവളാണ്. ഞങ്ങളെ രണ്ട് പേരെയും പാലക്കാടുള്ള ആശ്രയ കാരുണ്യ ഭവന്റെ മുറ്റത്ത് ആരോ ഉപേക്ഷിച്ചു പോയതാണ്. പിന്നീട് അവിടെയുള്ള സിസ്റ്റേഴ്സിന്റെയും മറ്റ് അന്തേവാസികളുടെയും സ്നേഹത്തണലിലാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾക്ക് 6 വയസ് ഉള്ളപ്പോഴാണ് ആശ്രയയിലെ സിസ്റ്ററമ്മയുടെ കൈ പിടിച്ച് ഒരു പത്തു വയസ് തോന്നിക്കുന്ന പെൺകുട്ടി ഞങ്ങൾ എല്ലാവരും ഫുഡ് കഴിക്കുന്ന മെസ്സിലേയ്ക്ക് വന്നത്. അവളെ ഞങ്ങളുടെ അടുത്ത് സിസ്റ്ററമ്മ കൊണ്ടിരുത്തി. സിസ്റ്റേഴ്സ് തമ്മിലുള്ള സംസാരത്തിന് ഇടയിൽ അവളുടെ അച്ഛനും അമ്മയും കടക്കെണിയിൽ പെട്ടപ്പോൾ ആത്മഹത്യ ചെയ്തുവെന്നും മകൾ സ്കൂൾ വിട്ട് വരുമ്പോൾ കാണുന്നത് മാതാപിതാക്കളുടെ ചലനമറ്റ ശരീരം ആയിരുന്നുവെന്നും. ബന്ധുക്കൾക്ക് നോക്കാൻ സാധിക്കാത്തതിനാൽ അവരാണ് ഇവിടെ എത്തിച്ചത് എന്നുമാണ്. അവളുടെ പേര് ചാരുത എന്നായിരുന്നു. അവൾ എപ്പോഴും സാറയ്ക്ക് ഒപ്പമായിരുന്നു . ചാരു എവിടെയുണ്ടാ അവിടെ സാറയും ഉണ്ടാവുമായിരുന്നു. അവർ വളരുന്തോറും അവരുടെ സ്നേഹവും വളർന്നു.അങ്ങനെ കുറച്ചു കൂടെ മുതിർന്നപ്പോൾ ഞങ്ങളെ ഗാന്ധിഭവനിലേയ്ക്ക് മാറ്റി. ചാരു അവൾക്ക് ഇഷ്ടമുള്ള അധ്യാപനം തന്നെ തിരഞ്ഞെടുത്തു. ഒരു സ്കൂളിൽ കയറി. സാറയ്ക്ക് ഒരു പത്രം ഓഫീസിൽ ജോലി കിട്ടി. അതോടുകൂടെ രണ്ടു പേരും ഒരു ഫ്ലാറ്റ് എടുത്ത് അവിടേയ്ക്ക് താമസമാക്കി. സാറയും ചാരുവും ഒരേ ബസിലാണ് ജോലിയ്ക്ക് പോകുന്നത്. ആ ബസിലെ കണ്ടക്ടറുമായി സാറയും ചാരുവും ഒരു സൗഹൃദം സൂക്ഷിച്ചിരുന്നു. വിഷ്ണു എന്നായിരുന്നു അവന്റെ പേര്. വിഷ്ണുവിന് ചാരുവിനോട് പ്രണയം ആണെന്ന് ദിവസങ്ങൾ പോകുന്തോറും സാറയ്ക്ക് മനസിലായി. അവൾക്ക് തിരിച്ചും ആ ഒരു ഇഷ്ടം ഉണ്ടായി രുന്നു. എന്നാൽ അവൾ ഒരു അനാഥയാണെന്ന കാരണത്താൽ വിഷ്ണുവിന്റെ വീട്ടുകാർ ആ ബന്ധത്തെ എതിർത്തു. വിഷ്ണുവിന്റെ കുറച്ച് ഫ്രണ്ട്സും ആശ്രയയിലെ സാറയുൾപ്പെടെയുള്ള കുറച്ചു പേരും മാത്രമായിരുന്നു അവരുടെ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. അത് കഴിഞ്ഞ് ആശ്രയയിലെ ആൾക്കാർക്ക് മധുരം നൽകി വിവാഹ ചടങ്ങ് കഴിഞ്ഞു. അവരുടെ വിവാഹത്തിനു മൂന്നു വർഷം മുൻപ് ആണ് ജോയ്ച്ചനുമായുള്ള എന്റെ വിവാഹം നടന്നത്. കുറച്ചു വർഷം ജോയ്ച്ചനൊപ്പം അമേരിക്കയിൽ ആയിരുന്നു. ഫോൺ ചെയ്ത് വിശേഷങ്ങൾ അറിയുമായിരുന്നെങ്കിലും തിരക്കുകളിൽ പെട്ട് പിന്നീട് എപ്പൊഴോ ഫോൺ സംഭാഷണം ഇല്ലാതായി. സിസ്റ്ററമ്മ പറഞ്ഞ അറിവ് വച്ച് അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം അവർക്ക് ഒരു കുഞ്ഞു ജനിച്ചു എന്നും കുഞ്ഞിന് ഒരു വയസ് തികയുന്നതിന് രണ്ട് ദിവസം മുൻപ് കുഞ്ഞിനെ സാറയുടെ കൈകളിൽ ഏൽപ്പിച്ച് അവർ രണ്ടു പേരും കുഞ്ഞിന് ഉടുപ്പും മറ്റും വാങ്ങാനായിട്ട് ടൗണിൽ ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന ലോറി ബൈക്കിലിടിച്ച് രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നും അറിഞ്ഞു. നടന്നത് ഒരു ദുരഭിമാനക്കൊലയാണെന്ന് മനസിലായത് സംഭവം നടന്ന് മൂന്നു മാസത്തിന് ശേഷമാണ്. അഭിമാനം നഷ്ടപ്പെട്ടു എന്ന പേരിൽ വിഷ്ണുവിന്റെ അമ്മാവനും കൂട്ടരും ചേർന്ന് നടത്തിയ ഒന്നായിരുന്നു അത്. പണവും സ്വാധീനവും വച്ച് അവർ ആഹ് കാര്യം ഒരു അപകടമരണം ആയിട്ട് ഒതുക്കിത്തീർത്തു.ആ കുഞ്ഞിനെയും അവർ ഇല്ലാതാക്കിയേക്കാം എന്ന തോന്നൽ കൊണ്ടാവാം അവൾ കുഞ്ഞിനെയും എടുത്ത് ഇവിടേയ്ക്ക് വന്നത്. ചാരുവിന്റെ വേർപ്പാട് അവളെ മാനസികമായി വളരെയധികം തളർത്തിയിട്ടുണ്ട്. അതിൽ നിന്ന് ഇപ്പോഴാണ് അവൾ മോചിതയായത് ജീന പറഞ്ഞ കാര്യങ്ങൾ ആകാശിന് സാറയെക്കുറിച്ചുള്ള പുതിയ അറിവായിരുന്നു. “പക്ഷെ ജീന, അവളുടെ ഹസ്ബന്റ് വിദേശത്താണെന്നും നയോമി അവളുടെ കുഞ്ഞ് ആണെന്നുമാണ് അവൾ ഞങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത്.” ആകാശ് പറഞ്ഞു. അത് ഒരു പക്ഷെ വിഷ്ണുവിന്റെ വീട്ടുകാർ കുഞ്ഞിനെ കൊല്ലും എന്ന ഭയം അവളുടെ ഉള്ളിൽ ഉള്ളതു കൊണ്ടായിരിക്കാം. മാത്രമല്ല ഇവിടെ അവൾ ഒറ്റയ്ക്ക് താമസിക്കുമ്പോൾ അവൾക്ക് ആരുമില്ലെന്ന് അറിഞ്ഞാൽ അത് മുതലെടുക്കാൻ ശ്രമിക്കും എന്നത് കൊണ്ടാവാം “ആകാശ് എന്നെ ഇവിടെ ഇറക്കിക്കോളു. സംസാരിച്ച് വീടെത്തിയത് അറിഞ്ഞില്ല. ഒരു ചായകുടിച്ചിട്ട് പോവാടോ.” “ഏയ് ഇപ്പോ വേണ്ട പിന്നെയൊരു
ദിവസം ആവട്ടെ. ” രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും അവൻ എന്തൊക്കെയോ ആലോചിച്ച് കിടന്നു. ഓഫീസിൽ സാറയെക്കണ്ട ആദ്യ നിമിഷം മുതൽ അവന്റെ ഉള്ളിൽ കടന്നു കൂടിയ പ്രണയത്തിന്റെ വിത്തുകൾ ഇപ്പോൾ പടർന്ന് പന്തലിച്ച് ഒരു വൻമരം ആയിരിക്കുന്നു എന്ന് അവന് തോന്നിപ്പോയി. ഇങ്ങ് മറ്റൊരിടത്ത് സാറ ജീനയെക്കുറിച്ചുള്ള കാര്യങ്ങൾ ആലോചിച്ച് കിടക്കുകയായിരുന്നു . ജീന സാറയുമായി മെസേജിലൂടെയും ഫോൺ കോളിലൂടെയും ബന്ധം പുതുക്കാൻ ശ്രമിക്കാറുണ്ട് ജീനയുടെ സാമിപ്യം തനിക്ക് ആരൊക്കെയോ ഉള്ളതു പോലെ തോന്നുന്നുണ്ട്. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി നാച്ചിവിനെ LKG യിൽ ചേർത്തു. നീരജും ഗീതികയും ആകാശും ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. അവർ വരുമ്പോൾ നാച്ചുവിന് ഭയങ്കര സന്തോഷമാണ്. നാച്ചു എപ്പോഴും പപ്പയെക്കറിച്ച് ചോദിക്കുമ്പോൾ ഒരു ദിവസം മോൾടെ പപ്പ മോൾക്ക് ഇഷ്ടപ്പെട്ട ചോക്ലേയ്‌ക്‌സും ടെസിബെയറും എല്ലാമായിട്ട് വരും എന്ന് അവൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷെ അത് അവൾ മനസിൽ കൊണ്ടു നടക്കുമായിരുന്നെന്നറിഞ്ഞത് ആകാശ് ഒരു ദിവസം ടെഡിബെയറും ചോക്ലേയ്റ്റ്സും ആയിട്ട് അവളുടെ പിറന്നാളിന് വന്നപ്പോഴാണ്. അന്ന് മുതൽ അവൾ അവനെ പപ്പാ എന്നാ വിളിച്ചോണ്ടിരിക്കുന്നത്. അവനും അതിനെ തിരുത്താൻ പോയില്ല. ഇതിനിടയ്ക്ക് ഒരു ദിവസം ആകാശ് ഓഫീസിൽ വച്ച് ഒരു ചായയ്ക്ക് ക്ഷണിച്ചു. നീരജിനും ഗീതികയ്ക്കും വർക്ക് ഉണ്ടെന്ന് പറഞ്ഞ് അവർ വന്നില്ല. പതിവുപോലെ സംസാരിയ്ക്കുന്നതിനിടയ്ക്ക് അവൻ അവന്റെ ഇഷ്ടം തന്നോട് പറഞ്ഞപ്പോൾ ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല. വേഗം എഴുന്നേറ്റ് ഗീതികയോട് തലവേദനയാണെന്ന് കള്ളം പറഞ്ഞ് ഹാഫ് ഡേ ലീവ് എടുത്ത് നേരെ കടൽത്തീരത്ത് പോയിരുന്നു. ഫോണെടുത്ത് ജീനയോട് കാര്യം പറഞ്ഞു. “അവൻ എന്നോട് ആദ്യമേ കാര്യം പറഞ്ഞിരുന്നു.അവനോട് ചെറിയ ഒരു അടുപ്പം നിനക്കുമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നതുകൊണ്ട് ഞാനാണ് പറഞ്ഞത്, അവളോട് നിന്റെ ഉള്ളിലുള്ളത് പറയാൻ നിന്റെ പാസ്റ്റ് ആണ് നിനക്ക് പ്രശ്നം എങ്കിൽ അവന് നിന്റെ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു അറിയാം സാറാ. നീ നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്ക്. ” വേഗം കോൾ കട്ട് ചെയ്തു. പിന്നീട് അവനെ കാണുമ്പോൾ എല്ലാം ഒഴിഞ്ഞു മാറൽ ആയിരുന്നു പതിവ്. ആദ്യമൊക്കെ ജീനയോടു ചെറിയ പിണക്കം ഉണ്ടായിരുന്നു. പിന്നീട് അവൾ വീട്ടിൽ വന്ന് ഒരുപാട് സോറി പറഞ്ഞു. പിന്നീട് വീണ്ടും ആകാശിനെ പുകയ്ത്തി സംസാരിച്ചു . ഒരു ദിവസം പുതുതായി വന്ന സ്റ്റാഫിനോട് അവൻ മിണ്ടുന്നത് കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. എങ്കിലും പെട്ടെന്ന് അവന്റെ ഇഷ്ടം അംഗീകരിയ്ക്കാൻ ഒരു ബുദ്ധിമുട്ട്. തന്നെപ്പോലെ ഒരു അനാഥപ്പെണ്ണിനെ അവന് ചേരില്ലെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു. മാത്രമല്ല ചാരുവും വിഷ്ണുവും ഏൽപ്പിച്ച് പോയതാണ് നാച്ചുവിനെ അവളെ നന്നായി നോക്കണം. നാച്ചുവിനെ ക്ലാസ്സ് കഴിഞ്ഞു വിളിക്കാൻ ആയി പോയ സമയത്താണ് ജീനയുടെ കോൾ വരുന്നത്. ആകാശിന് ഒരു ആക്സിഡന്റ് മെഡികെയർ ഹോസ് പിലിലേയ്ക്ക് വേഗം എത്തണം എന്നും പറഞ്ഞു. അപ്പോൾ തന്നെ ഓട്ടോ പിടിച്ചു. അവിടെയെത്തി. എല്ലാവരും ഐ സി യു വിന് മുൻപിൽ നിൽപ്പുണ്ടായിരുന്നു തലയ്ക്കും കൈയ്ക്കും കാലിനുമായി പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. ഐ. സി. യു വിൽ നിന്ന് നാളെ വാർഡിലേയ്ക്ക് മാറ്റും എന്നും അവന്റെ ചെറിയച്ഛനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട് അവർ അമ്മയെയും കൂട്ടി വരും എന്നാ പറഞ്ഞത് എന്നും ആണ് നീരജ് പറഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞത്. ” നിങ്ങൾ ഇപ്പോൾ ഇവിടെ നിന്നാൽ അവനെ കാണാൻ കഴിയില്ല നാളെ വാർഡിലേയ്ക്ക് മാറ്റില്ലേ. നാളെ വന്നോളൂ. ഇപ്പൊ ഇവിടെ ഞങ്ങൾ ഇല്ലേ. ” നീരജ് പറഞ്ഞപ്പോൾ പിന്നെ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് കുഞ്ഞിനെയും എടുത്ത് അവൻ കിടക്കുന്ന വാർഡിൽ ചെന്നപ്പോൾ കണ്ണുതുറന്നു കിടക്കുകയായിരുന്നു , അവനെ കണ്ടപ്പോൾ തന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു പൊട്ടിക്കരഞ്ഞു പോയി. “എന്തിനാടി കരയുന്നേ. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ. ജീവനോടെയില്ലേ. പിന്നെ എന്താ.” അപ്പോഴേക്കും അവന്റെ അമ്മ വന്നിരുന്നു. മകന് ഇങ്ങനെയൊക്കെ സംഭവിച്ചതിലുള്ള ദുഃഖം മനസിൽ നിന്നും മുഖത്തും ശരീരത്തിലും പ്രതിഫലിച്ചു കാണാമായിരുന്നു. കരഞ്ഞു കലങ്ങി നീരജിന്റെ കൈ കളിലായിരുന്നെന്നു തോന്നിപ്പോകുന്ന തരത്തിലാണ് അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയത്. ആരെന്തു പറഞ്ഞാലും അവരുടെ മകനെ നേരിട്ട് കണ്ടപ്പോഴാണ് , സംസാരിച്ചപ്പോഴണ് അവർക്ക് നേരിയ തോതിൽ ആശ്വാസമായത്. അതിനാൽ അവിടെ നിന്ന് വേഗം ഇറങ്ങി. രണ്ട് ദിവസത്തിന് ശേഷം ഹോസ്പിറ്റലിൽ പോയി.അപ്പോൾ അവിടെ അമ്മയില്ലായിരുന്നു. ഞാൻ അമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ ഭക്ഷണം വാങ്ങാൻ തയേ വരെ പോയതാണ് ഇപ്പോൾ വരും എന്ന് പറഞ്ഞു. “ഇപ്പോൾ എങ്ങനെയുണ്ട്. വേദന കുറവുണ്ടാ.എന്റെ എന്തേലും സഹായം വേണോ”. അവൻ എഴുന്നേറ്റ് ഇരിക്കാൻ ശ്രമി ക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു. അവന്റെ മറുപടി കിട്ടുന്നതിന് മുന്നേ ഞാൻ തോളിലൂടെ കൈയ്യിട്ട് അവനെ നേരെ ഇരുത്തിയിരുന്നു.” ഇന്ന് ഇനി ലീവ് കിട്ടില്ല എനിക്ക് ഓഫീസിൽ പോണം. അതിനു മുൻപ് ഒന്ന് കണ്ടിട്ട് പോവാം എന്ന് വച്ചു, സമയമായി നാളെ വരാൻ പറ്റുമോ നോക്കാം.” ഞാൻ പറഞ്ഞു. “ഏയ് സാറാ. നിനക്ക് എന്നോടുള്ളത് വെറുമൊരു സൗഹ്യദം അല്ലെന്നും പ്രണയം ആണെന്നും കഴിഞ്ഞ ദിവസം നീ എനിക്ക് വേണ്ടി പൊയിച്ച കണ്ണീരിൽ ഉണ്ടായിരുന്നു. ഇനി നീ എന്റെ പാതിയാവാൻ തയ്യാറായിക്കോളൂ. അവൻ പറഞ്ഞു കഴിഞ്ഞതും അമ്മ ചായയുമായി വന്നതും ഒരുമിച്ചായിരുന്നു. ആ, സാറ മോളോ, ഇതെപ്പോ വന്നു ഞാൻ മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടെ ന്നോണം പിന്നെ പറഞ്ഞു. മോളെക്കുറിച്ച് പറയാനെ ഇവന് നേരം ഉള്ളൂ. മോളെ വന്ന് കാണാനും മറ്റും ഞാൻ ഇങ്ങോട്ടേയ്ക്ക് വരാൻ ഇരിക്യായിരുന്നു. അപ്പോഴല്ലേ അവന് ഇങ്ങനെയൊക്കെ പറ്റിയത്. ഞാൻ അവരോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി.ഋതു ക്കൾ മാറി വന്നു. ഇന്ന് സാറയുടെയും ആകാശിന്റെയും ഒന്നാം വിവാഹ വാർഷികം ആണ്. ആശ്രയയിലെ അംഗങ്ങളുടെ കൂടെ അത് ആഘോഷിച്ച് ബീച്ച് റോഡിലൂടെ വരുന്ന വഴിയാണ് നാച്ചുമോൾക്ക് ഐസ്ക്രീം വേണം എന്ന് പറഞ്ഞ് വാശിപിടിച്ചത്. അവിടെ ഇറങ്ങി കടൽ ത്തീരത്ത് രാത്രിയുടെ ഭംഗി ആസ്വദിച്ചിരുന്നപ്പോയാണ് പപ്പയും മോളും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചത്. “പപ്പാ ഇനി എന്നും നമുക്കിവിടെ വന്നിരിക്കാം. ന്നിട്ട് മോൾക്ക് ഐസ് ക്രീം വാങ്ങിത്തരണം.” ഓഹ്, നമുക്ക് വരാം. ഐസ് ക്രീമും വാങ്ങിത്തരാം, പോരെ.” ഇത് കേട്ടപ്പോൾ അവൾ ആകാശിനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. ഇത് കണ്ട് സങ്കടം അഭിനയിച്ച സാറയ്ക്കും കവിളിൽ ഒരു ഉമ്മ നൽകി. നിലാവിൽ അവരുടെ സ്നേഹ സല്ലാപങ്ങൾക്ക് സാക്ഷിയായി രണ്ട് നക്ഷത്രങ്ങൾ അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
Adithya