പാർട്ട് 1
ജിഫ്ന നിസാർ
“എണീറ്റ് വല്ല ജോലിക്കും പോയാലല്ലേ വീട്ടിലെ അടുപ്പ് പുകയൂ.. അതിനിങ്ങനെ മൂട്ടിൽ വെയിലടിക്കും വരെയും കിടന്നുറങ്ങിയ ആര് ജോലി തരാനാണ്.. ഇനി ഉച്ചക്ക് ഉരുട്ടി വിഴുങ്ങാൻ ചത്തു പോയ തന്ത കൊണ്ട് വരുമെന്നാണോ കരുതിയെക്കുന്നത്..
ഈ നാട്ടിലെ സകല കാര്യങ്ങൾക്കും ഓടാനും ഓടി പാഞ്ഞു കൊണ്ടത് വേണ്ട പോലെ ചെയ്യാനും അവനറിയാം..
എന്നാ ആ കൂറ് സ്വന്തം കുടുംബത്തോടുണ്ടോ.. ഏഹേ..അതില്ല..അതവനോട് പറഞ്ഞാ കണ്ണിനു പിടിക്കുവോ.. അതുമില്ല..
നാശം പിടിച്ചവൻ.. ഒരുകാലത്തും നന്നാവില്ല..”
കുസുമം നീട്ടി പരത്തി പ്രാകുന്നതിനിടയിലെക്കാണ് വിശ്വ എന്നത്തേയും പോലെ കണ്ണ് തുറന്നത്.
കുസുമത്തിന്റെ ശബ്ദത്തിനൊപ്പം തന്നെ പുറത്ത് നിന്നും വേറെയും പലവിധ സംസാരങ്ങളും ശബ്ദങ്ങളുമുണ്ട്..
ഏറെ അലോസരം സൃഷ്ടിച്ചു കൊണ്ടതെല്ലാം അവിടങ്ങനെ ചുറ്റി തിരിയുന്നുണ്ട്…
അതെല്ലാം പരിചിതമെന്നത് പോലെ വളരെ സാവധാനം വിശ്വ കണ്ണ് തുറന്നു കൊണ്ടന്നത്തെ പുലരിയെ സ്വഗതം ചെയ്തു..
പുതച്ചിരുന്ന ഉടു മുണ്ട് മുഖത്തു നിന്നും വലിച്ചു മാറ്റി..
മൂട്ടിൽ വെയിലുധിക്കുന്നത് പോലെ എന്നതൊക്കെ കുസുമം ഒരു ഭംഗിക്ക് വേണ്ടി പറയുന്നതാണ്.
സമയം ഏഴ് മണി കഴിഞിട്ടേയുള്ളു..
എന്നും ഏറെക്കുറെ ഈ നേരത്ത് ആ വീട്ടിലെ സ്ഥിരം കലാപരിപാടികൾ അതൊക്കെ തന്നെയാണ്.
പറയുന്ന അവർക്കും കേൾക്കുന്ന അവനും അതിലൊരു പുതുമയും ഇല്ലെന്നിരിക്കെ പുറമെ നിന്നും ആരുമത് ശ്രദ്ധിക്കുന്നില്ല..
“മതി.. ഇനിയാ അലാറം ഓഫാക്കിയെക്ക്. ഞാൻ എന്നീറ്റ്..”
വിശ്വാ കിടന്നിടത്തു നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് കൈകളുയർത്തി ഒന്ന് ഞെളിഞ്ഞു..
ശരീരത്തിൽ എവിടൊക്കെയോ നീറ്റലും വേദനയും.
അതിന്നലത്തെ കലാപരിപാടിയുടെ അവശേഷിക്കുന്ന അടയാളങ്ങളാണ്..
ആ ഓർമയിൽ തന്നെ അവന്റെ കണ്ണുകളൊന്ന് കുറുകി..
മുഷ്ടി ചുരുണ്ടു..
അടുക്കളയിൽ നിന്നും വീണ്ടും ശബ്ദങ്ങൾ.
ഇപ്രാവശ്യം അവന് വേണ്ടി ബലിയാവുന്നത് അവിടെയുള്ള കുറച്ചു പാത്രങ്ങളാണ്.
കുസുമം അവനാണെന്ന് കരുതി അതുങ്ങളെ മൊത്തം എറിഞ്ഞും കുത്തിയും സായൂജ്യമടയുന്നുണ്ടാവും.
നിരന്തരമുള്ള പീഡനം കൊണ്ടാണ് ചളുങ്ങി പോവാത്ത ഒരൊറ്റ പാത്രം പോലുമില്ല ആ വീട്ടിൽ..
അതിന്റെ ശബ്ദം വല്ലാതെ കൂടുന്നുണ്ടെന്ന് കണ്ടതും പുതപ്പ് മാറ്റി വിശ്വാ എഴുന്നേറ്റു.. മുണ്ടോന്ന് കൂടി മുറുക്കിയെടുത്തിട്ട് മടക്കി കുത്തി
വാതിലില്ലാത്ത മുറിയിൽ നിന്നും ഹാളെന്ന് വേണമെങ്കിൽ പറയാവുന്ന ആ കുടുസ്സ് മുറിയിൽ നിന്നും അവൻ നേരെ അടുക്കളയിലേക്കാണ് ചെന്നത്.
അതും പേര് അടുക്കള എന്നൊക്കെയാണേലും അങ്ങേയറ്റം പരിതാപ കാര്യമാണ്.
അത്യാവശ്യം വേണ്ടുന്ന അല്ലറ ചില്ലറ പാത്രങ്ങളും കരി പിടിച്ച കുറച്ചു ടിന്നുകളും മാത്രം അലങ്കാരം തീർക്കുന്ന കുസുമത്തിന്റെ സ്വന്തം സാമ്രാജ്യം.
അടുപ്പിൽ പുകഞ്ഞും കത്തിച്ചും അവരെന്തോ വേവിക്കുന്നുണ്ട്..
“ഇന്നെന്താ.. കഴിക്കാൻ..”
അടുക്കള വാതിൽ കൈ കുത്തി നിന്നിട്ടവൻ
തിരിഞ്ഞു നിൽക്കുന്ന കുസുമത്തിന്റെ നേരെ നോക്കി കൊണ്ട് ചോദിക്കുമ്പോൾ അവരൊന്നു വെട്ടി തിരിഞ്ഞു .കൊണ്ടവനെ തുറിച്ചു നോക്കി..
“വെഷം…”
കടുപ്പത്തിലുള്ള സ്വരം..
“ആണോ.. എന്നാ എനിക്ക് കൂടിയുള്ളത് തിന്നോ ട്ടാ.. എനിക്കിന്ന് വൃതമാ.. “
വിശ്വയുടെ സ്വരം കുസൃതി നിറഞ്ഞു..
പക്ഷേ കുസുമം അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് നിന്നു.
അതവരുടെ സ്ഥായിയായ ഭാവമാണ്.
ചിരിക്കുന്ന അമ്മയുടെ മുഖം വിശ്വായുടെ ഓർമകളിൽ പോലുമില്ല..
“ഈ മുശേടാ സ്വഭാവം മാറി എന്റെ തള്ളക്ക് നല്ലൊരു തങ്കമാന മനസ്സ് ഉണ്ടാവും വരെയും ഈ വിശ്വാ നോമ്പ് നോൽക്കും… ഇത് സത്യം.. സത്യം…”
കൈകൾ നീട്ടി പിടിച്ചത് പറയുമ്പോൾ മൂന്നാം പ്രാവിശ്യം സത്യം ഉറപ്പിച്ചു പറയാൻ അവനൊരു ഭയം..
കുസുമത്തിന്റെ മുഖം നിറച്ചും പുച്ഛമാണ്..
“വെല്ലുവിളിയൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ..”
അവനെ നോക്കിയതേ പുച്ഛത്തോടെ പറഞ്ഞിട്ട് അവർ വീണ്ടും പുകഞ്ഞു തുടങ്ങുന്ന അടുപ്പ് ഊതി കൊടുത്തു.
അടുക്കള മൊത്തത്തിൽ പുക നിറഞ്ഞതും വിശ്വയുടെ കണ്ണുകൾ നീറി.
അവനൊന്നു ചുമച്ചു…
“നിങ്ങളിന്ത് എന്തോന്ന്…മനുഷ്യനെ പുകച്ചു ചാടിക്കുന്നോ.. അങ്ങോട്ട് ആഞ്ഞു ഊതി കത്തിക്ക്..
എന്നോട് ചാടി കടിക്കാൻ വേണ്ട പാതി ഊർജ്ജം വേണ്ട അതിന്..”
വിശ്വാ കണ്ണ് തുരുമ്പി കൊണ്ട് പറഞ്ഞതും കുസുമം അവനെ എറിയാനായി കയ്യിലുള്ള മോന്ത ഓങ്ങി പിടിച്ചു
അപകടം മുൻകൂട്ടി അറിയാൻ കഴിഞ്ഞ വിശ്വാ ആ ഏറു തന്നിൽ പതിക്കും മുന്നേ അടുക്കള വാതിലിൽ കൂടി മുറ്റത്തേക്ക് ചാടി..
“ഉയ്യോ…”
അവനേറു കൊണ്ടില്ലേലും വേദന നിറഞ്ഞൊരു നിലവിളി അവിടെ കേട്ടതും കുസുമത്തിനൊപ്പം വിശ്വയുടെ മുഖവും ചുളിഞ്ഞു..
പുക മറക്കുള്ളിൽ നിന്നും മുരുകന്റെ വേദന കൊണ്ടുള്ള ദയനീയമായൊരു നിൽപ്പ്.
വിശ്വാക്ക് ചിരിയാണ് വന്നത്.. അവന്റെയാ ഭാവവും നോട്ടവും കണ്ടിട്ട്
ഏറു കൊണ്ടത് കൃത്യം നെഞ്ചിലാണെന്ന് പൊത്തി പിടിച്ചവൻ നിൽക്കുന്നത് കാണുമ്പോൾ തന്നെ അറിയാം.
“നിങ്ങളെന്താ രാവിലെ തന്നെ ഏറു മത്സരത്തിനു വല്ലോം പോണുണ്ടോ..?”
ചോദ്യത്തിനൊപ്പം തന്നെ മുരുകൻ കുസുമത്തിന്റെ നേരെയൊന്ന് ചിറഞ്ഞു നോക്കി..
“പ്ഭ.. നാറി.. എന്റെ വീട്ടിൽ കയറി വന്നിട്ട് നീ എന്നോട് തർക്കിച്ചു പറയുന്നോടാ..”
കുസുമം അവന് നേരെ ചീറി കൊണ്ട് തിരിഞ്ഞതും മുരുകൻ ധൃതിയിൽ വിശ്വായുടെ അരികിലേക്കിറങ്ങി..
അടക്കി ചിരിച്ചു കൊണ്ട് വിശ്വാ പല്ല് തേക്കാനായി പോയി..
“മുടിഞ്ഞ ഉന്നമാണല്ലോ.. നിന്റെ അമ്മയ്ക്ക് വേദനിച്ചിട്ട് വയ്യെനിക്ക്..”
മുരുകന്റെ നോട്ടം കുസുമത്തിന്റെ നേരെ തന്നെയാണ്.
“നന്നായി പോയി… എന്റെ വീട്ടിലോട്ട് കെട്ടിയെടുത്തു വന്നിട്ടല്ലേ.. ഞാൻ നിന്റെ വീട് നിരങ്ങാൻ വന്നിട്ടില്ലല്ലോ…”
അവർക്കൊരു കൂസലുമില്ല..
ഉണ്ടാവുകയുമില്ല..
അതാ മുറ്റത്തു നിൽക്കുന്ന രണ്ടിനും നന്നായി അറിയാം..
“ഇതെന്തൊരു സാധനാടാ..”
മുരുകൻ വിശ്വയെ നോക്കി..
“ആാാാ..”
അവനും കൈ മലർത്തി കാണിച്ചു.
മുറ്റമൊന്നൊന്നും പറയാനില്ല..
ചന്ത മുക്ക് കോളനിയിൽ മൂന്ന് സെന്റിൽ അത്യാവശ്യം വെയിലും മഴയും കൊള്ളാതെ കയറി കിടക്കാനൊരു രണ്ട് മുറി വീട്.. വീട്..
അതിന്റെ പിൻവശത്തുള്ള ഇത്തിരിയോളം പോന്നാ ഇട്ടാവട്ടസ്ഥലം പോലും അവിടെ ആഡംബരമാണ്.
അവന്റ വീട് മാത്രമല്ല..
അവിടെയുള്ള എല്ലാ വീടുകളും അങ്ങനെ തന്നെയാണ്.
ബഹളവും വഴക്കും പോരും പോർ വിളിയും നിറഞ്ഞൊരു കോളനി..
അവർ തമ്മിൽ എന്തൊക്കെ ചെയ്താലും.. പുറത്ത് നിന്നാരും കോളനിയിൽ കയറി കളിക്കാൻ അവിടാരും സമ്മതിച്ചു കൊടുക്കാറില്ല.
അതവരുടെ മാത്രം ഏരിയയാണ്.
അവിടെയുള്ള നിയമ ങ്ങളും ചട്ടങ്ങളും അവർക്ക് മാത്രം അവകാശമുള്ളതാണ്.
“നീയെന്താ രാവിലെ തന്നെ.. എന്തേലും വള്ളി കെട്ടുമായി വന്നതാണോടാ”
പുറത്തെ പ്ലാസ്റ്റിക് വീപ്പയിൽ കുസുമം നിറച്ചു വെച്ച വെള്ളം കോരി മുഖം കഴുകുന്നതിനിടെ വിശ്വാ മുരുകനെ നോക്കി ചോദിച്ചു.
“അല്ല.. ഞാൻ.. നീയിവിടെ ഉണ്ടോ ന്ന് നോക്കാൻ വന്നതാ”
മുരുകൻ നിറഞ്ഞൊരു ചിരിയോടെ പറയുമ്പോൾ വിശ്വായുടെ മുഖം ചുളിഞ്ഞു..
“ഞാൻ പിന്നെവിടെ പോകാൻ..”
വിശ്വാ അവനെയൊന്ന് കൂർപ്പിച്ചു നോക്കി.
“അല്ല… ഇന്നലെ നീ അമ്മാതിരി അടിയൊക്കെ നടത്തി ഷൈൻ ചെയ്തതല്ലേ.. ഞാൻ കരുതി രാത്രിയിൽ തന്നെ പോലിസ് വന്നിട്ട് പൊക്കിയെടുത്തോണ്ട് പോയി കാണുമെന്ന്..
ഇവിടെ കണ്ടില്ലേൽ ആ പൊട്ടൻ വക്കീലിനെ കൊണ്ട് സ്റ്റേഷനിലോട്ട് വരണമെന്ന് കരുതി വന്നതാ ഞാൻ…”
അവിടെയുള്ള മണ്ണിന്റെ തിണ്ണയിലേക്കിരുന്നു കൊണ്ട് മുരുകൻ പറഞ്ഞു തീരും മുന്നേ വിശ്വാ കയ്യിലുള്ള കപ്പ് അവന് നേരെ എരിഞ്ഞു..
ഇപ്രാവശ്യം അവന്റെ ഉന്നവും പിഴച്ചില്ല.
കൃത്യം മുരുകനതും ഏറ്റു വാങ്ങി.
“നാറി.. നിനക്കെന്നെ പോലിസ് കൊണ്ട് പോവാഞ്ഞിട്ടാണോ ഇപ്പൊ..”
മുഖം ഉടുത്തിരുന്ന കാവി മുണ്ടോന്ന് പൊക്കി അതിന്റെ തലപ്പ് കൊണ്ട് തുടച്ചിട്ട് വിശ്വാ ദേഷ്യത്തോടെ മുരുകനെ നോക്കി.
“തള്ളേം മോനും കൂടി എന്നെയങ് എറിഞ്ഞു കൊല്ലെടാ.. കൊല്ല്.അല്ല പിന്നെ..”
മുരുകൻ അവന് മുന്നിൽ നെഞ്ചും വിരിച്ചു നിന്നിട്ട് പറഞ്ഞു.
“ആ. ഇത് പോലെ കോണിഷ്ട വർത്താനവുമായി ഇനിയും വന്നാൽ അത് തന്നെ ചെയ്യും..
“
വിശ്വാ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവനെ നോക്കി.
“അല്ലേലും ഈ ലോകത്താർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ലെന്ന് എനിക്കറിയാം.. ഇപ്പൊ തന്നെ കണ്ടില്ലേ. വക്കീലിനെ വിളിക്കാൻ പോണോ എന്നറിയാൻ വന്നതാ ഞാൻ.. ഏറു കൊണ്ട് ചാവാനായി..”
മുരുകൻ കുഞ്ഞുങ്ങളെ പോലെ മുഖം ചുളിച്ചു.
വിശ്വായുടെ ആത്മ മിത്രമാണ്.
വിശ്വാന് വേണ്ടി ചാവാണോ.. അതിന് പോലും മുരുകൻ തയ്യാറാണ്..
പത്താം ക്ലാസ് കഴിഞ്ഞു വിശ്വാ പഠനം നിർത്തി സ്കൂളിന്റെ പടിയിറങ്ങി പോരുമ്പോൾ അവന് പിറകെ നിഴൽ പോലെ മുരുകനുമുണ്ടായിരുന്നു.
അവന്റെ വീടിന്റെ മൂന്നാലു വീട് മാറിയാണ് മുറുജന്റെ വീടും.
“ഇത് വരെയും നിന്നെ തേടി പോലിസ് വന്നില്ലേൽ… അതിലെന്തെങ്കിലും ചതിയുണ്ടോ വിശ്വ… എനിക്കങ്ങനെ തോന്നുന്നു..”
അത് വരെയുമുള്ള കോമഡി വിട്ടിട്ട് മുരുകൻ ഗൗരവത്തിലാണ് അത് ചോദിച്ചത്.
“വരുന്നത് വരട്ടെ ഡാ.. എനിക്കരേം പേടിക്കേണ്ട ആവിശ്യമില്ല.. അവന് കൊടുത്തത് കൊറച്ചു കുറഞ്ഞു പോയോ ന്നുള്ളതാ എനിക്ക്.. അവന്റെയൊരു പണത്തിന്റെ ഹുങ്ക്.. അത് പഠിക്കാൻ പോണ പിള്ളേരോടല്ല കാണിക്കേണ്ടത്.”
അത് പറയുമ്പോഴും വിശ്വയുടെ കണ്ണിൽ ദേഷ്യമാളുന്നുണ്ട്.
“അല്ലേടാ.. അത് വേണ്ടായിരുന്നു.. ഇത് വരെയും നമ്മള് ചെയ്തത് പോലല്ല.. കോളേജിൽ കേറി അടി നടത്തുന്നത് ഇതാദ്യമായിട്ടാണ്. അതും കോളേജ് ചെയർമാനെ. പോരാത്തതിന് അവന്റെ അപ്പനൊരു നാറിയ രാഷ്ട്രീയക്കാരനും.. പോരെ പൂരം..”
മുരുകന്റെ ആധി നിറഞ്ഞ സ്വരം.
“ചെറ്റത്തരം ആര് കാണിച്ചാലും വിശ്വാ അടിച്ചിരിക്കും.. അതിപ്പോ കോളേജ്.. നാട്.. വീട് എന്നൊന്നുമില്ലെടാ മുരുകാ..”
വിശ്വാക്ക് പക്ഷേ എന്ത് വന്നാലും വന്നിട്ട് പോട്ടെ എന്നൊരു ഭാവമാണ്.
“എന്റെ മുരുകാ… നീ പിന്നേം അടിയുണ്ടാക്കിയോടാ നാറി..”
പിന്നിൽ നിന്നും കുസുമത്തിന്റെ ചോദ്യത്തിനൊപ്പം അത്യാവശ്യം കനത്തിലൊരു അടിയും വിശ്വയുടെ തോളിൽ പതിഞ്ഞു.
ഷർട്ടിടാതെ നിൽക്കുന്നത് കൊണ്ട് തന്നെ അവനത് നന്നായി വേദനിച്ചു..
“നിങ്ങൾക്കെന്താണ്…”
പല്ല് കടിച്ചു കൊണ്ടവൻ അവർക്ക് നേരെ തിരിഞ്ഞു..
“ഞാനൊരു തെറ്റും ചെയ്തിട്ടില്ലമ്മേ.. ഇവനാ..”
വിശ്വയുടെ രൂക്ഷ മായ നോട്ടം കണ്ടതും മുരുകൻ പറയാൻ വന്നത് പാതിയിൽ വിഴുങ്ങി..
“നിന്നെയല്ല.. ഞാൻ ശെരിക്കും മുരുകനെ വിളിച്ചതാ.. അല്ലാതെ നിന്നെയൊക്കെ വിളിക്കാൻ എനിക്കെന്താ വട്ടുണ്ടോ..”
കുസുമം അവന് നേരെയൊരു ചാട്ടം.
മുരുകൻ തൃപ്തിയായത് പോലെ തലയാട്ടി.
“പറയെടാ ചെകുത്താനെ.. ഇന്നലെ നീ ആരുമായിട്ടാ കൊമ്പ് കോർത്തത്.. ഈ നശിച്ചവൻ കാരണം എനിക്കൊരു സമാധാനവുമില്ലല്ലോ മുരുകാ. ഇവനെ പോലൊരു എരണം കെട്ടത്തിനെ നീ എന്റെ വയറ്റിൽ തന്നെ കൊണ്ടിട്ടല്ലോ..”
അടങ്ങി നിന്നിരുന്ന കുസുമം ആ വാർത്ത യിൽ പിടിച്ചായി പിന്നെയുള്ള പ്രാക് മുഴുവനും.
വിശ്വാ “നിനക്കിപ്പോ സമാധാനമായോ എന്നൊരു ഭാവത്തിൽ പിന്നിൽ നിൽക്കുന്ന. മുരുകന്റെ നേരെയൊന്ന് രൂക്ഷമായി നോക്കിയിട്ട് അകത്തേക്ക് കയറി.
മുരുകൻ കയറാണോ വേണ്ടയോ എന്നൊരു ഭാവത്തിൽ അപ്പോഴും പുറത്ത് തന്നെ നിൽപ്പാണ്.
കുസുമം വീണ്ടും എന്തൊക്കെയോ എണ്ണി പൊറുക്കി പറയുന്നുണ്ട്.
വിശ്വാ അത് കേട്ട ഭാവം പോലുമില്ലാതെ എന്താണ് കഴിക്കാനെന്ന് അടുപ്പിൽ നിന്നും കുസുമം വാങ്ങി വെച്ച.. കലം തുറന്നു നോക്കുന്നുണ്ട്..
അതിൽ കുറച്ചു കപ്പയാണ്..
ചുവന്നും നിലിച്ചും അതങ്ങനെ ആവി പാറിച്ചു കിടക്കുന്നത് കണ്ടതേ അവന്റെ മുഖം കൊണ്ട് ചുളിഞ്ഞു..
കയിലുള്ള പാത്രം അൽപ്പമുറക്കെ തന്നെ അവൻ താഴെക്കിട്ടതും പിടിച്ചു കെട്ടിയത് പോലെ കുസുമം നിശബ്ദയായി.
മുരുകൻ ഓടണോ നിൽക്കണോ എന്ന് മാത്രം തീരുമാനിക്കാനുള്ള പെടാപാടിലാണ്.
“എന്തറിഞ്ഞിട്ടാ നിങ്ങളീ കിടന്നു തുള്ളുന്നത് ഏഹ്..”
വിശ്വാ മുണ്ടോന്ന് കൂടികൂടി അഴിച്ചു, മടക്കി കുത്തി കൊണ്ട് കുസുമത്തിന് നേരെ ചെന്നിട്ട് ഒച്ചയിട്ടു.
“ഞാനിന്നലെ അടിയുണ്ടാക്കി.. അവൻ പറഞ്ഞത് സത്യമാണ്. പക്ഷേ എന്തിനെന്നോ എന്താണ് കാരണംമെന്നോ ചോദിച്ചോ നിങ്ങള്..”
വിശ്വായുടെ മൂർച്ചയുള്ള ചോദ്യം..
“കോളേജിൽ നിന്നും കുറേ തല തെറിച്ച പിള്ളേർ മീനാക്ഷിയെ ഉപദ്രവിക്കാൻ ശ്രമിച്ചു.. ചന്ത മുക്ക് കോളനിയിലെ പെൺകുട്ടി അങ്ങനെ അപമാനം സഹിച്ചു ജീവിക്കേണ്ട കാര്യംമൊന്നുമില്ല..
ഞാൻ ചെന്നിട്ട് അവന്റെയൊക്കെ സൂക്കേട് തീർത്തു കൊടുത്തു പോന്നു.. അത് തന്നെ.. ഇനിയും അങ്ങനെ ആരെങ്കിലും ചെയ്തു.. ഇന്നലെ ചെയ്തത് തന്നെ ഞാൻ ഇനിയും ചെയ്യും…തൃപ്തിയായോ നിങ്ങൾക്ക്..”
വിശ്വാ കിതച്ചു..
അവനെ രൂക്ഷമായൊന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..
“ഇത്രേം ഒള്ളു.. അയിനാണ്..” ഉള്ളിലെ അന്തരീക്ഷം ശാന്തമായെന്ന് കണ്ടതും മുരുകൻ അങ്ങോട്ട് കയറി ചെന്നിട്ട് പറഞ്ഞു.
“ഇനി ഒരക്ഷരം നീ മിണ്ടിയ… കിട്ടുന്നത് നിനക്കായിരിക്കും.. പറഞ്ഞില്ലെന്നു വേണ്ട..”
വിശ്വാ അവന് നേരെ വിരൽ ചൂണ്ടി.
“നിന്റെ വീട്ടിലെന്താടാ കഴിക്കാൻ.. ഇവിടെ കൊറച്ചു ഉണക്ക കപ്പയൊള്ളു..”
വിശ്വാ ചോദിച്ചു.
“ഇവിടെ അതെങ്കിലുമുണ്ടല്ലോ…”
ചുണ്ടോന്ന് കോട്ടിയിട്ട് മുരുകൻ അവിടെ നിന്നും കയറി പോയി.
അവൻ പോയ വഴിയേ ഒന്നു നോക്കിയിട്ട് വിശ്വ വീണ്ടും തിരിഞ്ഞു.
നിലത്ത് കിടക്കുന്ന പാത്രമെടുത്തിട്ട് അവിടെയുള്ളൊരു ബക്കറ്റിലെ വെള്ളത്തിലിട്ട് അതൊന്ന് കഴുകിയിട്ട് അവനതിൽ കപ്പകഷ്ണങ്ങളെടുത്തിട്ടു.
കുസുമത്തിനുള്ളത്
അതിൽ തന്നെ ബാക്കി വെക്കാനും മറന്നില്ല.
രണ്ടു ഗ്ലാസ്സിൽ എടുക്കുന്നതിനു പുറമെ.. ഒരു സ്റ്റീൽ കപ്പിൽ രണ്ടു ഗ്ലാസ് ചായയുമായി അവൻ ചെല്ലുമ്പോൾ മുരുകൻ പുറത്തേക്ക് നോക്കി ഉമ്മറത്തിരിപ്പുണ്ട്.
മുന്നിലെ മണ്ണിട്ട റോഡിൽ നിറയെ ആളുകളാണ്.
ഇടയ്ക്കിടെ സൈക്കിളും ബൈക്കുകളും പോണുണ്ട്..
“കഴിക്കങ്ങോട്ട്…”
അവനരികിലേക്ക് കയ്യിലുള്ള പാത്രം വെച്ചിട്ട് വിശ്വയും ഒരു കസേര വലിച്ചിട്ടിരുന്നു..
വേണ്ടന്ന് പറയണമെന്നുണ്ടായിരുന്നു മുരുകന്.
പക്ഷേ ഉള്ളിലെ ആളുന്ന വിശപ്പ് അവനെ അതിനനുവദിച്ചില്ല.
കയ്യിലുള്ളത് നുള്ളി പൊറുക്കി വീട്ടിൽ കൊടുത്തിട്ടാണ് അവന്റെ വരവ്..
“മല്ലിക്ക് എങ്ങനെയുണ്ടെടാ…”
കഴിക്കുന്നതിനിടയിൽ വിശ്വാ ചോദിക്കുമ്പോൾ മുരുകന്റെ മുഖം തീർത്തും മങ്ങി പോയി.
“പതിവുപോലെ തന്നെ.. എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്യാൻ..അതല്ലാതെ ഒന്നും ചെയ്യാനില്ലെന്ന്.
ഇന്നലെയൊക്ക വല്ലാത്ത വലിയുണ്ടായായിരുന്നു വിശ്വാ.
ഒരു പോള കണ്ണടച്ചിട്ടില്ല ആരും..”
അത് പറയുമ്പോൾ മുരുകന്റെ സ്വരം പോലും പതിഞ്ഞു.
അവന്റെ അനിയത്തിയാണ് മല്ലിയെന്നവർ സ്നേഹത്തോടെ വിളിക്കുന്ന മല്ലിക.
ഇല്ലായ്മയും ദാരിദ്രവുമൊന്നും അവരെ തളർത്തി കളയില്ലെന്ന് തോന്നുന്നത് കൊണ്ടാണോ എന്തോ.. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം.. സ്കൂളിൽ വെച്ച് മല്ലിയൊന്ന് തല ചുറ്റി വീണു.
വിശപ്പ് കൊണ്ടായിരിക്കും എന്നായിരുന്നു ആദ്യം കേട്ടപ്പോഴെല്ലാവരും കരുതിയത്.
അത് പക്ഷേയൊരു മാരക രോഗത്തിന്റെ തുടക്കമറിയിച്ചതായിരുന്നു.
കാണിച്ച ഡോക്ടർമാരെല്ലാം ഒരേ സ്വരത്തിൽ ആവിശ്യപ്പെടുന്നത് ഓപ്പറേഷൻ മാത്രമാണ് മല്ലിയുടെ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു വഴിയെന്നുള്ളത്.
അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവർ എങ്ങനെയാണ് ലക്ഷങ്ങൾ എണ്ണി കൊടുത്തിട്ട് ഓപ്പറേഷൻ ചെയ്യുന്നതെന്ന് ആർക്കുമറിയില്ല.
“എന്തേലും വഴിയുണ്ടാവും മുരുകാ..”
എപ്പോഴത്തെയുംപോലെ വിശ്വാ മുരുകനെ ആശ്വാസിപ്പിച്ചു.
“ഒരു വഴിയും ഉണ്ടാവില്ലേടാ.. ചന്ത മുക്ക് കോളനിയിലെ പിള്ളേരെന്ന ലേബലിൽ നമ്മളിങ്ങനെ കൂലി തല്ലും ഗുണ്ടായിസവുമായി തീർന്നു പോകത്തെയുള്ളൂ.. നല്ലൊരു ജോലിക്ക് ശ്രമിച്ചിട്ട് പോലും കിട്ടുന്നില്ല..
ചന്ത മുക്ക് കോളനിയിലെ തെമ്മാടി പിള്ളേർക്ക് വിദ്യാഭ്യാസം പോലും പറഞ്ഞതല്ലല്ലോ.. പിന്നെങ്ങനെ ജോലി കിട്ടും..”
മുരുകന്റെ മുഖം നിറയെ രോഷം നിറഞ്ഞു..
“ഈ നിയമങ്ങളൊക്കെ മാറ്റണം.. അതിന്റെ ആദ്യപടിയാണ് മുരുകാ ഇന്നലെ നടന്നത്. കോളനിയിലെ പെൺകുട്ടി എന്ന് പറഞ്ഞിട്ട് ആരും ചോദിക്കാനും പറയാനും ഇല്ലെന്ന് കരുതിയല്ലേ ഇന്നലെ മീനാക്ഷിയെ ആ പിള്ളേർ ഉപദ്രവിക്കാൻ ശ്രമിച്ചത്..
ഇന്നലത്തോടെ അതിനൊരു അവസാനമായില്ലേ.. ഇനിയാരും പഠിക്കാൻ പോണ പിള്ളേരെ തരം തിരിച്ചു കാണരുത്.
ആഗ്രഹിക്കുന്നവർക്കെല്ലാം വിദ്യാഭ്യാസം കിട്ടണം..
അവിടെ ചന്ത മുക്ക് കോളനിയിലെ കുട്ടികൾ എന്നുള്ള വേർതിരിവൊന്നും നടക്കില്ല..
നടത്തിക്കില്ല ഈ വിശ്വാ…”
വിശ്വായുടെ മുഖം വലിഞ്ഞു മുറുകി..
“പക്ഷേ.. വിശ്വാ നീ സൂക്ഷിച്ചോ… ഇത് തീർന്നിട്ടൊന്നും ഉണ്ടാവില്ല.. അവന്മാർ വേറെന്തോ കരുതി നിൽപ്പാണെന്നാ എനിക്ക് തോന്നുന്നത്..”
മുരുകനപ്പോഴും ആ കാര്യത്തിൽ ആശങ്കയുണ്ട്.
“വരട്ടെ.. ഇങ്ങോട്ട് വിശ്വായെ തിരഞ്ഞു വരട്ടെ.. അവന്മാരെ ഞാൻ കളി പഠിപ്പിക്കും..”
വിശ്വായത് പറഞ്ഞു തീരും മുന്നേ പൊടി പറത്തി കൊണ്ടൊരു പോലിസ് ജീപ്പ് അവന്റെ വീടിനു മുന്നിൽ ബ്രെക്കിട്ട് നിർത്തി…
തുടരും…
♥️
👍
Starting super