വിശ്വാതാണ്ഡവം – പാർട്ട് 22

പാർട്ട് 22

ജിഫ്ന നിസാർ 💜

“ആഹാ.. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..”

മിത്ര പറഞ്ഞു കേട്ടതെ എബി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു കൊണ്ട് രോഷത്തോടെ പറഞ്ഞതും ടീന അവനെ നോക്കി പല്ല് കടിച്ചു.

“ദേ.. എബി ഇനി നീ കൂടെ തുടങ്ങല്ലേ.. അല്ലേൽ തന്നെ എന്താവും എന്നോർത്തിട്ട് ഞാനിവിടെ എരിപിരി കൊള്ളുവാ.ഇവളെ തന്നെ അവിടുന്ന് എങ്ങനെ പിടിച്ചു കൊണ്ട് പോന്നെന്ന് എനിക്ക് മാത്രമാണ് അറിയാവുന്നത്. അപ്പഴാ ഇനി…”

ടീന പറയുമ്പോൾ മിത്ര അവളെയൊന്നു തുറിച്ചു നോക്കി.

“അല്ലേടി ഞാൻ..’
എബി അവളെയും മിത്രയെയും മാറി മാറി നോക്കി.

അഭി ഒന്നും മിണ്ടാതെ ഇരിപ്പുണ്ട്.

“കഴിഞ്ഞത് കഴിഞ്ഞു.. ഇനിയെങ്കിലും അതിന്റെ പേരിൽ പുതിയൊരു പ്രശ്നമുണ്ടാക്കരുത് എന്നാ എനിക്ക്.. ഇനിയും നിനക്കതിന്റെ പിറകിൽ തൂങ്ങണം എന്നാണെങ്കിൽ ആയിക്കോ.. ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ അങ്ങനെയാണ് നിന്റെ ഉദ്ദേശമെങ്കിൽ പറഞ്ഞില്ലെന്നു വേണ്ട മിത്രെ.. ഞാൻ പിന്നെ നിന്റെ കൂടെ ഉണ്ടാവില്ല കേട്ടോ.. കോളേജിലേക്കും പഠിക്കാനും”
ടീന ഗൗരവത്തോടെ മിത്രയേ നോക്കി കൊണ്ട് പറയുമ്പോൾ മിത്രയുടെ മുഖത്തൊരു പുച്ഛം നിറഞ്ഞു.

“അങ്ങനെ നീ എന്നെ പേടിപ്പിച്ചു കാര്യം നേടാൻ നോക്കല്ലേ ടീനെ.. ഞാനാണോ തെറ്റ് ചെയ്തത്.. അവന്മാർ ഇങ്ങോട്ട് വന്നിട്ട് ഇടിച്ചു കയറിയതല്ലേ.. സത്യം എന്തെന്ന് നിനക്കും അറിയാമല്ലോ. പിന്നെ റാഗിങ് കുറ്റകരമാണെന്ന് നിനക്കറിയില്ലേ.. ഇന്നലെ അവർ നമ്മളോട് ചെയ്തത് അതാണ്‌. എനിക്കത് കോളേജ് പ്രിൻസിപ്പലിനോട് ഇൻഫോം ചെയ്യണം എന്ന് തന്നെയായിരുന്നു. അപ്പഴല്ലേ നീ നിന്റെ ഒടുക്കത്തെ സെന്റിമെന്റൽ ഇറക്കിയിട്ട്…”
മിത്ര പല്ല് കടിച്ചു കൊണ്ട് പറയുമ്പോൾ ടീനക്കും ദേഷ്യം വരുന്നുണ്ട്.

അവനെ കാണുമ്പോൾ തന്നെ മനുഷ്യന് വിറയലാണ്. എന്നിട്ടാണ് ഇവിടൊരുത്തി അവന്റെ പേരിൽ ഇനിയൊരു കേസിനു കൂടി പോണത്..

“നിനക്ക് വട്ടാണോ മിത്രെ…”
ടീന അവളെ തുറിച്ചു നോക്കി.

“ഇതിന് പേര് വട്ട് എന്നല്ല ടീന. ആത്മാഭിമാനം എന്നാ.. അവനിന്നലേ അങ്ങനൊരു ചെറ്റത്തരം കാണിച്ചിട്ടും അതിനെതിരെ ഒന്നും ചെയ്യാതെ തിരിഞ്ഞു പോരേണ്ടി വന്നത് മുതൽ എനിക്കൊരു ശ്വാസം മുട്ടലാ.. ഇന്നിത് വരെയും എനിക്കങ്ങനെ ഒരു അനുഭവമില്ല. എന്നോട് മുട്ടാൻ വരുന്നവരെ നല്ലസ്സലായി മുട്ട് മടക്കിച്ചിട്ടേ ഞാൻ തിരിച്ചു പോരാറുള്ളു..”

മിത്ര ചൊടിയോടെപറയുമ്പോൾ അവളോട് ഇനിയെന്ത് പറഞ്ഞിട്ട് അടക്കി നിർത്തും എന്നറിയാതൊരു അമ്പരപ്പ് ടീനക്കുമുണ്ട്.

എബി ആണെങ്കിൽ ഇവരിൽ ആരുടെ കൂടെ നിൽക്കും എന്നറിയാത്തൊരു കൺഫ്യൂഷനോടെ രണ്ടു പേരെയും നോക്കുന്നുണ്ട്.

മിത്ര…

ഒടുവിൽ അത് വരെയും മിണ്ടാതെയിരുന്ന അഭി മിത്രയേ പിടിച്ചു കൊണ്ട് തന്റെ അടുത്തിരുത്തി.

“ഇനി ഞാൻ ചെയ്തു പോയ അപരാതത്തെ കുറിച്ച് നിനക്കെന്താ പറയാൻ.. പെട്ടന്ന് പറഞ്ഞു തീർക്ക്.. എനിക്ക് പോണം..”
അവനെയൊന്ന് തുറിച്ചു നോക്കി കൊണ്ട് മിത്ര കലിപ്പോടെ തന്നെ പറഞ്ഞു.

“നിന്റെ ഭാഗത്ത് നിന്നും നോക്കുമ്പോൾ നീയാണ് മിത്ര ശെരി.. പക്ഷേ ടീന പറയുന്നതിലും കാര്യമുണ്ട്..”
അഭി ശാന്തനായാണ് പറയുന്നത്.

“എടാ.. ഞാൻ.”

“ഞാനൊന്നു പറയട്ടെ മിത്ര..”
ഇടയ്ക്ക് കയറി അവളെതന്തോ പറയാൻ വന്നത് അഭി തടഞ്ഞു.

“ടീന എപ്പോഴും പറയുന്നത് പോലെ തന്നെ.. ഇവിടുത്തെ കാര്യങ്ങളൊന്നും നിനക്കു വലിയ പിടിയില്ല.. അതിന്റെതായ കുഴപ്പങ്ങളും കാണും..”

മിത്ര ഒന്നും മിണ്ടാതെ.. അവനെ നോക്കാതെ കയറ്റി പിടിച്ച മുഖത്തോടെ തന്നെ യിരുന്നു.

“പക്ഷേ ഇവിടെ ഇങ്ങനെയൊക്കെയാണ്.

കാശുള്ളവനും പിടിപാട് ഉള്ളവനും കൊറച്ചു കയ്യൂക്ക് കൂടുതൽ കാണും. അതൊരു പുതിയ സംഭവവുമല്ല.

കോളേജ് ലൈഫിൽ ഇതൊക്കെ സർവ്വ സാധാരണയാണ്.

ഇതൊക്കെ ആ സെൻസിൽ എടുക്കാൻ കഴിയുന്നില്ലേ.. നീ ആഗ്രഹിക്കുന്നു ആ വൈബ് നിനക്കിവിടെ നിന്നും കിട്ടാൻ യാതൊരു സാധ്യതയുമില്ല. പ്രശ്നങ്ങളും അതിന് പിന്നിലെ നൂലാമാലകളുമായി നിന്റെ ആറ് മാസം വെറുതെ പോയി കിട്ടും..”അഭി കുഞ്ഞൊരു ചിരിയോടെ മിത്രയെ നോക്കിയിട്ട് പറഞ്ഞു.

“അനുവാദമില്ലാതെ കയ്യിൽ കയറി പിടിക്കുന്നതും.. അനാവശ്യമായി സംസാരിക്കുന്നതുമാണോ അഭി നീ പറയുന്ന കോളേജ് വൈബ്.. എങ്കിൽ തത്കാലം എനിക്കത് വേണ്ട..”
മിത്ര വിടാനുള്ള ഭാവമില്ലെന്ന് കണ്ടതും ടീനക്ക് വീണ്ടും ടെൻഷനായി.
എബിക്കും അങ്ങനെ തന്നെയാണ്.

“അങ്ങനല്ല മിത്രമേ..

അഭി പക്ഷേ അവളെ ഒരു ചിരിയോടെ ചേർത്ത് പിടിച്ചു.

“റാഗിങ് ഇല്ലെന്ന് എത്രയൊക്കെ പറഞ്ഞാലും ഇപ്പോഴും പലയിടത്തും പല രീതിയിൽ അത് നടക്കുന്നുണ്ട്. അതിന്റെ ഇരയായവർ ജീവൻ കൊടുക്കേണ്ടി വന്നിട്ടും ഇന്നും തുടരുന്ന ക്രൂരത..അനുഭവങ്ങൾ നിരവധിയാണ്. ഇവിടെ ഇല്ലാഞ്ഞത് കൊണ്ട് തന്നെ അതിനെ കുറിച്ച് വന്ന ക്രൂരമായ വാർത്തകളൊന്നും നീ അറിഞ്ഞു കാണില്ല..
കേട്ടാൽ  കേട്ടവൻ മരവിച്ചു പോകും വിധമുള്ള റാഗിങ് തന്നെ പല കോളേജിലും നില നിൽക്കുന്നുണ്ട്.
അതിനെതിരെ പരാതി കൊടുക്കാഞ്ഞിട്ടോ ആർക്കും പരാതി കൊടുക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ലേടി..
അതൊന്നും എവിടെയും എത്തില്ല..
അങ്ങനാണ് ഇവിടെയുള്ള നിയമങ്ങളും നിയമപാലക്കാരും..

അപ്പൊ പിന്നെ ടീന പറഞ്ഞത് തന്നെയാണ് നമ്മുക്ക് മുന്നിൽ ചെയ്യാനുള്ളത്..
നമ്മളത് വിട്ടു കളയുന്നു”
അഭി പറഞ്ഞു നിർത്തിയതും മിത്ര അവനെ ചിറഞ്ഞു നോക്കി..

“നീ ഇത്രയും പിടക്കണ്ട.. കൊടുക്കാനുള്ളത് കൃത്യമായി നീ അവർക്ക് കൊടുത്തു എന്ന് ടീന എന്നോട് പറഞ്ഞിട്ടുണ്ട്..”
അഭിയൊരു ചിരിയോടെ പറഞ്ഞു.

അതോടെ മിത്രയുടെ ചുണ്ടിലും ചെറിയൊരു ചിരിയുണ്ട്.

“ആറ് മാസം എൻജോയ് ചെയ്യാൻ വന്നവളാണ് നീ.. ആ നീ വേറൊരു പ്രശ്നത്തിനും പോകുന്നില്ല.. ചിലതൊക്കെ കണ്ടില്ലെന്ന് നടിച്ചാൽ.. കേട്ടില്ലെന്ന് നടിച്ചാൽ.. നിനക്കവിടെ നിന്ന് നിന്റെ ആഗ്രഹം പോലെ തന്നെ പോകാം..അല്ലാതെ ഇതിന്റെ പിറകിൽ തൂങ്ങി ജീവിതമോ ജീവനോ നഷ്ടപ്പെടാൻ നിന്നെ ഞങ്ങൾ അങ്ങനിപ്പോ വിട്ടു കൊടുക്കുന്നില്ല..
അഭി പറഞ്ഞു നിർത്തിയതും വീണ്ടും മിത്ര അവനെ തുറിച്ചു നോക്കി.

“അങ്ങനെ എല്ലാം നമ്മൾ വിട്ട് കളയുകയൊന്നും ഇല്ല മിത്ര.. വല്ലാതെ.. സഹിക്കാൻ പറ്റാത്ത ക്ഷമിക്കാൻ പറ്റാത്ത ഒന്നും ഒരിക്കലും വിട്ടു കളയില്ല.. അതിന് നിനക്കൊപ്പം ഞാനും ഉണ്ടാവും”
എബി ആവേശത്തിൽ പറഞ്ഞു.

അതോടെ ടീനയും അഭിയും അവനെയൊരു വല്ലാത്ത നോട്ടം നോക്കി.

“അല്ല.. ഞാനും ഇവരുമൊക്കെ ഉണ്ടാവും എന്ന്..”

ആ നോട്ടം കണ്ടിട്ട് എബി വളരെ പെട്ടന്ന് തന്നെ തീരുമാനം മാറ്റി.

പക്ഷേ മിത്ര അതൊന്നും അറിയാതെ എന്തൊക്കെയോ ചിന്തയിലായിരുന്നു.
അതൊന്നും അപ്പോഴും അംഗീകരിച്ചു കൊടുക്കാൻ പറ്റാത്തൊരു ഭാവമായിരുന്നു അവളിൽ അപ്പോഴും

                                  ❣️❣️

ഒരുങ്ങിയിറങ്ങി വന്നവനെ കണ്ട് മുരുകന്റെ കണ്ണ് മിഴ്ഞ്ഞു.

കറുപ്പ് കളർ ഷർട്ടും നീല ജീൻസും..

ഇൻ ചെയ്തിട്ടൊന്നുമില്ല.
എങ്കിലും വല്ലാത്തൊരു പ്രൗടിയുണ്ടവന്.

വലതു കയ്യിലെ സ്റ്റീൽ വളയും ഷർട്ടിന്റെ മുകളിലെ തുറന്നു കിടപ്പുള്ളയിടത്തു കൂടി കാണുന്ന കഴുത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന മാലയും വില കൂടിയ വാച്ചും.. ഫോണും…

ഭംഗിയിൽ ഒതുക്കി വെച്ച മുടിയും വീട്ടിയൊതുക്കി കൃത്യത വരുത്തിയ താടിയും മീശയും..
മുരുകൻ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ടിട്ട് വിശ്വാക്ക് ചിരിയാണ് വന്നത്.

“DN ഗ്രുപ്പ് ഭാവി ഓണർ സാക്ഷാൽ മിത്ര ഡെന്നീസ് മാത്യു ഒന്ന് നോക്കി പോകാനും മാത്രമുള്ള വകുപ്പുണ്ടോ ഡാ “
സ്വയമൊന്നു നോക്കിയിട്ട് വിശ്വാ മുരുകനോടായി ചോദിച്ചു.

“അവളല്ല.. അവളുടെ അപ്പൂപ്പൻ പോലും എപ്പോ വീണെന്ന് ചോദിച്ച മതിയെടാ…”
അവനെ അത്രേം ഭംഗിയിൽ കണ്ടതിന്റെ എല്ലാ സന്തോഷത്തോടെ തന്നെ മുരുകൻ പറഞ്ഞു.

“എനിക്ക് നല്ല ടെൻഷനുണ്ടെടാ..”
മുരുകനെ നോക്കി പറയുമ്പോൾ അതേ ടെൻഷൻ അവന്റെ മുഖത്തും കാണാം.

“നീ ഒന്നും പേടിക്കേണ്ട. എന്നോട് നീ തന്നെ പറയാറില്ലേ.. ഇതൊരു ജോലി.. അതിനപ്പുറം ഒന്നും കരുതേണ്ട എന്ന്.. അത്രയും മാത്രം മതി. അവസരങ്ങൾ അവരായിട്ട് ഉണ്ടാക്കി തരും എന്നല്ലേ പറഞ്ഞത്.

അപ്പൊ പിന്നെ നീ നിന്നങ്ങു കൊടുത്താ മതി..”

മുരുകൻ പറയുന്നതൊന്നും വിശ്വാക്ക് ആശ്വാസമായില്ല എങ്കിലും അവനപ്പോൾ ഒന്നും പറഞ്ഞിട്ടില്ല.

പോയാലോ എന്നാ.. “
മുരുകൻ കൂടെ റെഡിയായി വന്നതോടെ വിശ്വാ അവനെ നോക്കി.

തലയാട്ടി കൊണ്ട് മുരുകൻ തന്നെയാണ് ആദ്യം ഇറങ്ങിയതും.
അവന് പിറകെ ഡോർ ലോക്ക് ചെയ്തു കൊണ്ടിറങ്ങി വരുമ്പോഴും കാറിൽ കയറി കോളേജിന്റെ നേരെ ഓടിച്ചു പോകുമ്പോഴും വിശ്വാ മൗനത്തിലാണ്.
അവന്റെയാ മനസ്സും അതിനുള്ളിലെ സംഘർഷങ്ങളും അറിയാവുന്നത് കൊണ്ട് തന്നെ മുരുകനും

                                ❤‍🔥❤‍🔥

പറഞ്ഞതെല്ലാം ഓർമ യുണ്ടല്ലോ അല്ലേ.. “
കോളേജിൽ കയറും മുന്നേ ടീന മിത്രയേ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു.

ഒട്ടും തെളിച്ച മില്ലാതെ അവളൊന്നു മൂളി. ഉള്ളിലേക്ക് നടന്നു.

“ദൈവമേ.. ഇവളെന്നെ കൂടി കൊലക്ക് കൊടുക്കുമോ..”
ആ പോക്ക് കണ്ടിട്ട് പിറകെ ചെന്നു ടീന പറഞ്ഞു.

കോളേജ് മുഴുവനും ആഘോഷത്തിന്റെ ഒരുക്കങ്ങളുണ്ട്.
അതിനിടയിൽ കോളേജ് കാന്റീൻ ഉത്ഘാടനം കൂടിയുണ്ടെന്ന് തലേന്ന് തന്നെ അവർ അറിഞ്ഞിരുന്നു.
എല്ലാം കൂടി ആകെയൊരു ബഹളം മയം..
വലിഞ്ഞു മുറുകി നിന്നിരുന്ന മിത്രയുടെ മുഖം ഒന്നയഞ്ഞു..

പാട്ടും കൊട്ടും ആസ്വാധിച്ചു നടക്കുന്ന അവളെ നോക്കുമ്പോൾ ടീനയുടെയും മനസ്സിൽ അൽപ്പം സമാധാനം തോന്നി.

എന്നാൽ അവരെ രണ്ടു പേരെയും മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ള രാഹുലിന്റെയും കൂട്ടരുടെയും നിൽപ്പ് മാത്രം അവരുടെ ശ്രദ്ധയിൽ പെട്ടതുമില്ല..

                                🥰

കാർ പാർക്കിങ് ഏരിയയിൽ നിന്നും തിരിഞ്ഞു നടക്കുമ്പോൾ ഉള്ളിലെ വിറയൽ പുറമെ കാണിക്കാതിരിക്കാൻ വിശ്വാ അങ്ങേയറ്റം പരിശ്രമിച്ചു..

പത്തു മണിക്കാണ് കാന്റീൻ ഉത്ഘാടനം..
കോളേജ് പ്രിസിപ്പൽ തന്നെ മതി അതിനെന്ന് വിശ്വാ തന്നെയാണ് തീരുമാനിച്ചത്.
ഇവിടെ പിടിച്ചു നിൽക്കാൻ ആദ്യം അയാളെ യാണ് വശത്താക്കേണ്ടത് തോന്നി അവന്.

ഏതെങ്കിലും സെലിബ്രിട്ടിയെ കൊണ്ട് വരണമെങ്കിൽ അങ്ങനെ ചെയ്യാം എന്ന് അഖിൽ പറഞ്ഞിരുന്നു.

അതിന് വേണ്ടി സ്വന്തം പോക്കറ്റിൽ വന്നു ചേരുന്ന കാശ് തന്നെയായിരുന്നു അവന്റെ മുന്നിൽ.

പക്ഷേ വിശ്വായത് വേണ്ടന്ന് പറഞ്ഞതോടെ.. അഖിലിന്റെ ആ പദ്ധതി പൊളിഞ്ഞു.
എങ്കിലും പിന്നെ അവൻ അതിനെ കുറിച്ചൊന്നും പറയുകയോ അലോശിക്ക് പറയാൻ അവസരം കൊടുക്കുകയോ ചെയ്തില്ല.

താൻ മനസ്സിൽ കരുതിയത് പോലെ തന്നെ സെറ്റാക്കിയ കാന്റീൻ.

വിശ്വാ അകത്തു കയറി ആകമാനമൊന്നു നോക്കി.
അവന് വല്ലാത്തൊരു തൃപ്തി തോന്നി.

അവിടെത്തിയത് മുതൽ മനസ്സിലെ വേണ്ടാത്ത ചിന്തകളൊക്കെ മാറി, വിശ്വാ പൂർണ്ണമായും അതിന്റെ തിരക്കിൽ പെട്ടു പോയി.

കൃത്യം പത്തു മണിക്ക് തന്നെ പ്രിൻസിപ്പൽ അത് ഉത്ഘാടനം ചെയ്യുമ്പോൾ ചുറ്റും കൂടിയ കുട്ടികൾ കയ്യടിച്ചു കൊണ്ട് അവരുടെ സന്തോഷം പ്രകടമാക്കി.

അവർക്കെല്ലാമുള്ള മധുരം കൂടി വിശ്വാ കരുതി വെച്ചിട്ടുണ്ട്.

അത് കഴിഞ്ഞതിന് ശേഷമാണ് കോളേജിലെ ഫങ്ക്ഷൻ.

വന്നിരുന്ന കുട്ടികളിൽ പെൺകുട്ടികൾ ആരാധനയുടെയും ആൺകുട്ടികൾ അസൂയയോടെയുംതന്നെ നോക്കുന്നത് വിശ്വാ അറിയുന്നുണ്ടായിരുന്നു.
അതവനിൽ ചെറുതല്ലാത്ത ഒരു അസ്വസ്ഥത നിറച്ചു.

എങ്കിലും വന്നവരോടെല്ലാം അവൻ മാന്യമായി ചിരിയോടെ തന്നെ പെരുമാറി.
ഇനി നിങ്ങൾക്കൊപ്പം നിങ്ങൾക്ക് വേണ്ടത് ഒരുക്കി നൽകാൻ ഞാൻ ഇവിടുണ്ടാവും എന്ന് കൂടി എല്ലാവരോടുമായി വിശ്വാ പറയുമ്പോൾ കൂവി വിളികളും കയ്യടികളും ഉയർന്നു.

തുടരും…

2 comments

Leave a Reply to mindvault Cancel reply

Your email address will not be published. Required fields are marked *