വിശ്വാതാണ്ഡവം – പാർട്ട് 20

പാർട്ട് 20

ജിഫ്ന നിസാർ..

അഭി മുരുകനോട് യാത്ര പറഞ്ഞു കൊണ്ട് ബൈക്കിലേക്ക് കയറിയ നിമിഷം തന്നെയാണ് വിശ്വാ ഫോൺ കട്ട് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങി വന്നതും.

രണ്ടു ചെറുപ്പക്കാർ ഒരു ബൈക്കിലും അവർക്ക് മുന്നിൽ രണ്ടു സ്കൂട്ടികളിലായി രണ്ടു പെൺകുട്ടികളും.. ബൈക്കിന്റെ ശബ്ദം കേട്ടിട്ട് നോക്കുമ്പോൾ അവർ പോകുന്നതാണ് വിശ്വാ കണ്ടത്.

“ആരാടാ അത്…?”

അവരുടെ പോക്ക്  തിരിഞ്ഞു നോക്കി കൊണ്ടങ്ങോട്ട് കയറി വരുന്ന മുരുകനോട് വിശ്വാ ചോദിച്ചു.

“എന്നോട് സംസാരിക്കാൻ വന്നവൻ അഭി.. അഭിലാഷ്.. ഇവിടെ അടുത്തെവിടെയോ ആണ് അവന്റെ വീടെന്ന് പറഞ്ഞു..”
ഗേറ്റ് അടച്ചു കൊണ്ട് വിശ്വായുടെ അരികിലേക്ക് നടന്നു വന്നിട്ട് മുരുകൻ പറഞ്ഞു.

“അവനാ വീടെടുത്തോ..?”

“അഭിക്കല്ല.. അവന്റെ കൂടെ രണ്ടു പെൺകുട്ടികളെ കണ്ടോ നീ..”

മുരുകൻ വിശ്വായുടെ എതിരെ വന്നിരുന്നു കൊണ്ട് ചോദിച്ചു.

“ഞാനെങ്ങും കണ്ടില്ല.. ഞാനിറങ്ങി വന്നപ്പോഴേക്കും അവരെല്ലാം വണ്ടിയെടുത്തു പോകാൻ തുടങ്ങിയിരുന്നു..”

“ആ എന്നാ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു അവർക്കൊപ്പം.. അവരൊക്കെ അഭിയുടെ കസിൻസ് ആണെന്നാ പറഞ്ഞത്.. ആ വീട് അവർക്ക് റെന്റിന് കിട്ടുമോ എന്നറിയാൻ വന്നതാ…”

അഭിയൊക്കെ നിന്നിരുന്ന വീടിന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് മുരുകൻ പറഞ്ഞു.

“ആ വീട് നിന്റെ അല്ലല്ലോ.. നിന്നോട് വന്നിട്ട് പറയാൻ.”
വിശ്വാ മുരുകനെ നോക്കിയിട്ട് പറഞ്ഞു.

“അല്ല.. അവരത് എന്നോട് ചോദിക്കാൻ വന്നതൊന്നുമല്ല.. ഞാനവിട്ട് നിൽക്കുന്നത് കണ്ടപ്പോൾ ഇങ്ങോട്ട് വന്നു മിണ്ടിയതാ..”

“ആഹ്.. വീട് എടുക്കാൻ ഉദ്ദേശിച്ചത് കൊണ്ട് വന്നതല്ലേ..ഏതാ ഈ പരിസരത്ത് ഒരു വായിനോക്കി എന്നറിയാനാവും.”
വിശ്വായൊന്നടക്കി ചിരിച്ചു.

മുരുകൻ അവനെ തുറിച്ചു നോക്കി.

“എന്നിട്ട് എന്തൊക്കെയാ നിന്നോട് ചോദിച്ചത്.. അത് പറ..”
വിശ്വാക്ക് അതറിയാനായിരുന്നു താല്പര്യം..

“എന്റെ കൂടെയുള്ള ആ ജാഡ തെണ്ടി ഏതാ ന്നാ അവർ ആദ്യം ചോദിച്ചത്..”
മുരുകനൊരു പുച്ഛതോടെ പറഞ്ഞത് കേട്ടിട്ട് വിശ്വാ ചുണ്ട് കടിച്ചു പിടിച്ചു തലയാട്ടി ചിരിച്ചു.

“അല്ലേൽ പിന്നെ മുന്നിൽ അവരെ നാല് പേരെ കണ്ടിട്ടും ഒന്ന് നോക്കുക കൂടി ചെയ്യാതെ പോകുന്നവനെ അവരുടെ കണ്ണിൽ ജാഡ തെണ്ടി അല്ലാതെന്ത്…”

അവന്റെയാ ചിരി കണ്ടിട്ട് മുരുകൻ അൽപ്പം ഗൗരവത്തോടെ തന്നെ പറഞ്ഞു.

“അതിന് ഞാൻ അവരെ ആരെയും കണ്ടില്ല ഡാ.. നീ കണ്ടതല്ലേ ഞാൻ അമ്മയോട് സംസാരിച്ചു കൊണ്ട് പോരുന്നത്..വേറൊന്നും ശ്രദ്ധിച്ചില്ല.”

വിശ്വാ അവന്റെ നേരെ നോക്കി.

“എനിക്കറിയാം വിശ്വാ.. പക്ഷേ അവർക്കറിയില്ലല്ലോ.. അത് പോട്ടെ.. അമ്മയെന്തു പറഞ്ഞു.. സീനാണോ..?”
മുരുകന്റെ മുഖം ചുളിഞ്ഞു.

“സീനാണോ എന്ന് ചോദിച്ച.. ആണെന്നും അല്ലെന്നും പറയേണ്ടി വരും…”
ഒരു നിശ്വാസത്തോടെ വിശ്വാ ചുവരിലേക്ക് ചാരി കാലു നീട്ടിയിരുന്നു.

“എന്താടാ.. എന്തേലും പ്രശ്നമുണ്ടോ..”
വെപ്രാളത്തോടെ മുരുകൻ വിശ്വായെ നോക്കി.

“അമ്മയുടെ സ്വഭാവം നിനക്കറിയില്ലേ മുരുകാ.. ഡീസന്റ് ആണേൽ പക്കാ ഡീസന്റ്.. തറ ആണേൽ.. അതിലും പക്കാ..”
വിശ്വാ ചെറിയൊരു ചിരിയോടെ പറഞ്ഞു.

മുരുകനത് തലയാട്ടി സമ്മതിച്ചു..

അത് അവനും അറിയാവുന്ന കാര്യം തന്നെയാണ്.
മുരുകന് മാത്രമല്ല… ചന്തമുക്ക് കോളനിയിലെ എല്ലാവർക്കും.. കുസുമത്തിനോട് ഇടയാൻ വന്ന അതിന് പുറത്തുള്ളവർക്കും നന്നായി അറിയാവുന്ന സത്യം..

“നമ്മൾ പറയുന്നത് നുണയാണോ എന്നൊരു കുഞ്ഞു സംശയത്തിന്റെ തീ പൊരി കുസുമത്തിന്റെ ഉള്ളിൽ പുകയുന്നുണ്ട്…”
വിശ്വാ മുരുകനെ നോക്കി..

“അത്.. അത് പ്രശ്നമാണല്ലോ വിശ്വാ.. ആ തീ പൊരി മതി.. നിന്റമ്മ നമ്മളെ തേടി ഇവിടെ എത്തും.. പിന്നെ നമ്മടെ ശവമടക്ക് നടത്തിയിട്ടെ തിരിച്ചു പോകൂ..”

മുരുകൻ വേവലാതിയോടെ പറഞ്ഞു.

“ആ തീ പൊരി കത്തി പിടിക്കാൻ ഞാൻ സമ്മതിച്ചു കൊടുക്കുമോ മുരുകാ.. വീട്ടുകാർ കാണിച്ചു തരുന്ന ഒരാളെയല്ലാതെ ആരെയും കെട്ടില്ലെന്നും സ്നേഹിക്കില്ലെന്നുമുള്ള കുസുമവല്ലി എന്നാ എന്റെ അമ്മയുടെ ഉറപ്പിനെ ഉടച്ചു കൊണ്ട് സ്നേഹിച്ചു തോൽപ്പിച്ചു..അമ്മയെയും വിളിച്ചു ഓടി പോന്നിട്ട് കെട്ടി ഒരുമിച്ച് ജീവിതം തുടങ്ങിയ രാജീവാണ് മുരുകാ എന്റെ അച്ഛൻ..

ആ അച്ഛന്റെ കഴിവ് എനിക്കും ഉണ്ട്.. അമ്മയുടെ കാര്യത്തിൽ…
കുസുമവല്ലി ടീച്ചറെ ഞാൻ വളച്ചൊടിച്ചു കുപ്പിയിലാക്കും..”
ഒറ്റ കണ്ണിറുക്കി ചിരിച്ചു കൊണ്ട് വിശ്വ പറഞ്ഞു കേട്ടതും മുരുകൻ അവനെ നോക്കിയിട്ടൊന്ന് ചുണ്ട് കോട്ടി ചിരിച്ചു.

“ആഹാ. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം..”

മുരുകൻ വിശ്വായെ നോക്കി ഈണത്തിൽ പറഞ്ഞു..

“കുസുമ വല്ലി ടീച്ചർ നിന്റെ എല്ല് വലിചൊടിച്ചു വല്ല കുപ്പയിലും തള്ളാഞ്ഞ നിന്റെ ഭാഗ്യം.. അവന്റെയൊരു.. ആഗ്രഹം..”

മുരുകന് തീർത്തും പുച്ഛമാണ്.

വിശ്വാ അത് കേട്ടിട്ടും ഒന്നും മിണ്ടാതെയിരുന്നു.
കാരണം അവനും അറിയാം.. അവന്റെ അമ്മയുടെ കാര്യത്തിൽ നേരിടാൻ പോകുന്ന വെല്ലുവിളി..

ഇണങ്ങാത്ത ഒറ്റ കൊമ്പൻ പോലൊരു സ്ത്രീ..
ഒറ്റയ്ക്ക് ജീവിതം നേരിട്ട അനുഭവങ്ങൾ പലതും അവരെ അങ്ങനെ ആക്കി തീർത്തിരുന്നു..

“നീ മല്ലിയെ വിളിച്ചോ.. “
വിശ്വാ ചോദിക്കുമ്പോഴാണ് മുരുകൻ പിന്നെ അത് ഓർക്കുന്നത് തന്നെ.

രാവിലെ അവനങ്ങോട്ട് വിളിച്ചിരുന്നു..

അപ്പോൾ ഡോക്ടറെ കാണാൻ നിൽപ്പാണ് അത് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞിട്ട് ശാന്തി പെട്ടന്ന് ഫോൺ കട്ട് ചെയ്തു.
പിന്നെ അഖിൽ കോളേജിലേക്ക് വരാൻ പറഞ്ഞിട്ട് വിളിച്ചിട്ട്, അങ്ങോട്ട്‌ പോകുമ്പോൾ അതിനെ കുറിച്ച് ഓർത്തതുമില്ല..

അവിടെയിരുന്നു കൊണ്ട് തന്നെ മുരുകൻ ഷെൽവണ്ണന്റെ ഫോണിലേക്ക് വിളിച്ചു.

ഹോസ്പിറ്റലിലെ കാര്യങ്ങളാണ് അവൻ അധികവും ചോദിച്ചത്..
“വിശ്വേട്ടൻ ഉണ്ടോ മുരുകണ്ണാ..”
എന്ന് മല്ലി വിളിച്ചു ചോദിക്കുന്നുണ്ട്..
അതോടെ മുരുകൻ ഫോൺ അവന് നേരെ നീട്ടി കൊടുത്തു..

വിശ്വാ അവളോട് കുറച്ചു നേരം സംസാരിച്ചത്തിന് ശേഷമാണ് പിന്നെ ഫോൺ കട്ട് ചെയ്തത്..

                                 ❤‍🔥❤‍🔥

മിത്ര വീട്ടിൽ കാര്യം അവതരിപ്പിക്കുമ്പോൾ ഇതൊക്കെ ഇങ്ങനെ തന്നേ പ്രതീക്ഷിക്കുന്നുള്ളൂ എന്നൊരു ഭാവമാണ് അവളുടെ പപ്പാ ഡെന്നീസിന്.

ലിസിയാന്റി പിന്നെ എപ്പഴത്തെയും പോലെ തന്നെ, അവളുടെ കാര്യം. അതിൽ അവൾ തന്നെ തീരുമാനം എടുക്കട്ടെ എന്നൊരു നയത്തിലാണ്.

ടീനയുടെ വീട്ടിൽ കാര്യം പക്ഷേ കുറച്ചു സീനായിരുന്നു.

പഠിക്കാൻ പോകുന്നു എന്നത് തന്നെ അവിടെ അത്ര താല്പര്യമില്ലാത്ത കേസായിരുന്നു.
പിന്നെ മിത്രക്ക് വേണ്ടി എന്ന് പറഞ്ഞിട്ടാണ് ഗ്രേസി അൽപ്പം അടങ്ങിയത് തന്നെ.

അതിനിടയിൽ ഇനി തനിച്ചുള്ള താമസം എന്ന് കൂടി കേട്ടതോടെ നല്ലത് പോലെ ഇടഞ്ഞു നിൽപ്പാണ്.
ട്രാഫിക് ബ്ലോക്ക് എന്നൊന്നും അവിടെ പറഞ്ഞിട്ട് കാര്യമില്ല..
വേണമെങ്കിൽ വീട്ടിൽ നിന്നിട്ട് പഠിച്ചോ.. അതിൽ കൂടുതലൊന്നുംപ്രതീക്ഷിക്കരുത് എന്നൊരു ഭാവം..

ടീന അവളെ കൊണ്ടാവും പോലൊക്കെ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം.. മിത്ര കളത്തിൽ ഇറങ്ങിയിട്ട് ഒറ്റ ദിവസം കൊണ്ട് തീരുമാനമാക്കി കൊടുത്തു.

ഡെന്നീസിന്റെ കൂടെ ടീനയുടെ വീട്ടിലെത്തിയോ മിത്ര, തനിക് വേണ്ടിയാണ് ടീന കൂടി കോളേജിൽ ജോയിൻ ചെയ്തതെന്നും.. വെറും ആറ് മാസം.. അതിനുള്ളിൽ അവൾ ഫ്രീ ആകുമെന്നും ആ ആറ് മാസം ഞങ്ങൾ ഫ്രീ ബേർഡ്സ്‌ പോലെ പറന്നു നടന്നു ഉല്ലസിക്കട്ടെ എന്നും ഒരു അനാവശ്യ പ്രശ്നത്തിനും പോകില്ലെന്ന് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒന്നും ലൈഫിലേക്ക് വലിച്ചു ചേർക്കില്ലെന്നും ഗ്രേസിയുടെയും കർത്താവിന്റെയും മുന്നിൽ സത്യം ചെയ്തു കൊടുത്തിട്ടാണ് ആ കാര്യത്തിൽ അവരുടെ സമ്മതം കിട്ടിയത്..

അവർക്കാ വീട് കാണിച്ചു കൊടുത്തു എന്നൊരു കുറ്റത്തിന് ഗ്രേസിയുട വക അഭിക്കും എബിക്കും നല്ലത് പോലെ കേട്ടിരുന്നു.

അങ്ങനൊരു കാര്യം മിത്രയും ടീനയും പറയുമ്പോൾ തന്നെ അത് നടക്കില്ലന്ന് പറഞ്ഞു മുടക്കിയില്ല എന്നതായിരുന്നു അഭിയും എബിയും ചെയ്തു പോയ മാരകമായ കുറ്റം.

മിത്രക്കും ടീനക്കും വേണ്ടിയാണ് എന്നോരൊറ്റ കാര്യം കൊണ്ട് അഭിയും എബിയും അത് കാര്യമാക്കാതെ വിട്ടു കളഞ്ഞു..

പിറ്റേന്ന് കോളേജ് വിട്ടിട്ട് ഡെന്നീസിനും ഗ്രേസിക്കും ഒപ്പം മിത്രയും ടീനയും വീണ്ടും ആ വീട് കാണാൻ എത്തി.

അഭി അതിന്റെ ഓണറുടെ കയ്യിൽ നിന്നും കീ വാങ്ങിച്ചിട്ട് എബിയുടെ കൂടെ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

അവിടെ എത്തുവോളം ഉണ്ടായിരുന്ന എതിർപ്പ് ആ വീടും പരിസരവും കണ്ടതോടെ ഗ്രേസി മാറ്റി പറഞ്ഞു.

പുറത്ത് നിന്നും കാണുന്ന അതേ ഭംഗി യും വൃത്തിയും അകത്തുമുണ്ട്..
മിത്രക്കും ടീനക്കും  അത് നല്ലത് പോലെ ബോധിച്ചു..
അതിന്റെയൊരു ആശ്വാസവും സന്തോഷവും അവരുടെ മുഖത്തും പ്രവർത്തികളിലും ഉണ്ടായിരുന്നു..

                                ❤‍🔥❤‍🔥

വിശ്വായും മുരുകാനും പ്രതീക്ഷിച്ചതിനേക്കാൾ പുരോഗതിയുണ്ടായിരുന്നു കാന്റീനിലെ അറ്റകുറ്റ പണികൾക്ക്.

ആദ്യത്തെ മൂന്നു ദിവസവും കോളേജ് ടൈം കഴിഞ്ഞതിന് ശേഷം വിശ്വായും മുരുകനും കൂടി അങ്ങോട്ട്‌ ചെല്ലും.

വിശ്വാ അവന്റെ തീരുമാനം യാതൊരു മടിയുമില്ലാതെ പണിക്കാരെ കൊണ്ട് പറഞ്ഞു നടപ്പിലാക്കു.

പക്ഷേ  അലോഷിക്ക് അതോക്കെ കാണുമ്പോൾ ഒട്ടും സഹിക്കാൻ വയ്യാത്ത അവസ്ഥയിലാണ്..

അവൻ ചൊറിഞ്ഞു പറയുന്നതിനെല്ലാം.. വിശ്വാ നല്ലത് പോലെ മാന്തി പൊളിച്ചു വിടുന്നത് കൊണ്ട് വാക്കുകളൊന്നും  വല്ലാതെ പുറത്തേക്ക് ചാടുന്നില്ല.
തുറിച്ചു നോട്ടവും പിറു പിറുക്കലും വിശ്വാ പാടെ അവഗണിച്ചു കളയുകയും ചെയ്തു.

തമ്മിൽ ഇടയുന്ന അവരെ കാണുമ്പോൾ അഖിലും മുരുകാനും ഏത് നിമിഷവും ഒരു അടി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു..

പക്ഷേ അതില്ലാതാക്കാൻ അങ്ങേയറ്റം ശ്രമം അഖിലിന്റെയും മുരുകന്റെയും ഭാഗത്ത് നിന്നും ഉണ്ടാവും..

അത് കൊണ്ട് മാത്രം ഒഴിഞ്ഞു പോയ എത്ര കയ്യാങ്കളികൾ..!

അടുത്ത ആഴ്ച ആദ്യം കോളേജിലെ ഫ്രഷ്ഴ്സ് ഡേയ് ആണെന്നും അന്ന് തന്നെ കോളേജ് കാന്റീൻ ഉത്ഘാടനം കൂടെ ചെയ്യാമെന്നും വിശ്വാ തന്റെ തീരുമാനം പറയുമ്പോൾ അഖിൽ അത് അംഗീകരിച്ചെങ്കിലും ബോസിനോട് ചോദിച്ചറിഞ്ഞിട്ട് മതി അതിനെ സംബന്ധിച്ചുള്ള തീരുമാനമെന്നും ഇത് ഒറ്റയ്ക്ക് തീരുമാനിക്കാൻ നീ നിന്റെ കാഷിറക്കിയിട്ടൊന്നും അല്ലാല്ലോ ഇത്രേം എത്തിച്ചത് എന്നും പറഞ്ഞു അലോഷി അന്നും ഇടഞ്ഞു..

വിശ്വാ പക്ഷേ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു..
അവന്റെ മേൽ നോട്ടത്തിൽ കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം.. അത് ഓപ്പൺ ചെയ്യുന്നത് എന്നാണെന്ന് അവൻ തീരുമാനിക്കും എന്നുള്ള വാദത്തിൽ തന്നെ..

അപ്പോഴേക്കും അഖിൽ ഇടപെട്ടു..

ഒടുവിൽ.. വിശ്വായാണ് ജയിച്ചത്..

കോളേജ് ഫ്രഷ്ഴ്സ് ഡേയുടെ അന്ന് തന്നെ കാന്റീൻ ഉത്ഘാടനം..

അത് വിപുലമായി തന്നെ നടത്തണം എന്നുണ്ടായിരുന്നു വിശ്വാക്ക്.

അന്ന് തന്നെ നീ നിന്റെ മാസ്സ് എൻട്രി വേണമെന്നും അതിന് വേണ്ടുന്ന ഒരു അവസരം ഞങ്ങൾ ഉണ്ടാക്കി തരുമെന്നും ബോസ്സിന്റെ തീരുമാനവും അത് തന്നെയാണെന്നും അഖിൽ പറയുമ്പോൾ വിശ്വാ മുരുകനെ നോക്കി..

അത് വരെയും മനഃപൂർവം മറന്നു കളയാൻ ശ്രമിക്കുന്ന ആ കാര്യം വീണ്ടും അവനെ ശ്വാസം മുട്ടിച്ചു തുടങ്ങി..
“നീയും ഇവനും
അതിനാണ്.. അതിന് മാത്രമാണ് വിശ്വാ വന്നത്.. ഇതെല്ലാം അതിന്റെയൊരു ഭാഗമായി മാത്രം കണ്ടാൽ മതി.. ആറ് മാസത്തിൽ ഒരാഴ്ച ഇപ്പഴേ പോയെന്നും അഖിലാണ് വിശ്വായെ ഓർമ്മിപ്പിച്ചത്.

അതോടെ അവനത് തലയാട്ടി സമ്മതിച്ചു കൊടുക്കുകയെ മാർഗമുണ്ടായിരുന്നുള്ളു..

തുടരും..

2 comments

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *