അസുരാധിപതി പാർട്ട് 7

Episode : 07

Written by : Vaiga Vedha & Wasim Akram

ആ കാലത്ത് ഗലീലിയയിലെ ഭരണാധികാരിയായിരുന്ന ഹെരോദാവ് യേശുവിനെ കുറിച്ചുള്ള വാർത്ത കേട്ട് തന്റെ സേവകന്മാരോട് ഇദ്ദേഹം യോഹന്നാൻ സ്നാപകൻ തന്നെയാണ്.
യോഹന്നാൻ മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേറ്റിരിക്കുന്നു..! അതുകൊണ്ടാണ് അദ്ദേഹത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നതെന്ന് പറഞ്ഞു.

ഹെരോദാവ് തന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹെരോദ്യാ നിമിത്തം, നേരത്തെ യോഹന്നാനെ ബന്ധിച്ചു കാരാഗ്രഹത്തിൽ അടച്ചിരുന്നു…

നീ നിയമവിരുദ്ധമായിട്ടാണ് അവളെ സ്വന്തമാക്കിയിരിക്കുന്നത് എന്ന് യോഹന്നാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതിനാലാണ് അപ്രകാരം ചെയ്തത്. യോഹന്നാനെ വധിക്കാൻ ഹെരോദാവ് ആഗ്രഹിച്ചില്ലെങ്കിലും ജനം യോഹന്നാനെ ഒരു പ്രവാചകനെന്ന് കരുതിയിരുന്നതിനാൽ രാജാവ് ജനത്തെ ഭയപ്പെട്ടിരുന്നു.

ഹെരോദാ രാജാവിന്റെ ജന്മദിനത്തിൽ ഹെരോദ്യയുടെ പുത്രി രാജ്യസദസ്സിൽ നൃത്തം ചെയ്തത് അദ്ദേഹത്തെ വളരെ പ്രസാദിപ്പിച്ചതിനാൽ അവൾ എന്തു ചോദിച്ചാലും കൊടുക്കണമെന്ന് രാജാവ് സത്യം ചെയ്തു പറഞ്ഞു. അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദ്ദേശപ്രകാരം യോഹന്നാൻസ്നാപകന്റെ തല ഒരു തളിക യിൽ എനിക്ക് തരേണമെന്ന് അപേക്ഷിച്ചു രാജാവ് ദുഃഖിതനായി. താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ചു അവളുടെ ആഗ്രഹം നിറവേറ്റാൻ ആക്ക്ഞ നൽകി…
അങ്ങനെ കാരാഗ്രഹത്തിൽ വച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്തു അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ആ പെൺകുട്ടിക്ക് കൊടുത്തു. അവളത് അമ്മയ്ക്കും നൽകി. യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ സംസ്കരിക്കുകയും ചെയ്തു. തുടർന്ന് ഈ വിവരം യേശുവിനെ അറിയിച്ചു…

റിച്ചിയുടെ തല ഭാഗത്ത് നിന്നുകൊണ്ട് ബൈബിൾ വാക്യങ്ങൾ പറഞ്ഞതിനുശേഷം അത് അടച്ചുവെച്ചു അവന്റെ നെറ്റിയിലേക്ക് കൈ ചേർത്തു.. ആ കൈകളുടെ തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോൾ റിച്ചി കണ്ണുകൾ വലിച്ചു തുറന്നു…

തിളങ്ങുന്ന വെള്ളാരം കണ്ണുകളെ അത്യധികം ഭയത്തോടെ നോക്കി കിടന്നു.. ഇപ്പോൾ ശാന്തമായിരിക്കുന്ന കണ്ണും മുഖവും ഏതു നിമിഷവും മാറിമറിയാം എന്ന തിരിച്ചറിവായിരുന്നു റിച്ചിയുടെ ഭയത്തിന്റെ കാരണം..

” മരിക്കാൻ നീ തയ്യാറാണോ റിച്ചി..? ആണെങ്കിലും അല്ലെങ്കിലും നിനക്ക് എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടോ..?

അവൻ റിച്ചിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…

” ആരാ നിന്റെ അടുത്ത് ഇര…?

റിച്ചിയുടെ വാക്കുകൾ മുറിഞ്ഞു വിരലുകൾ അറ്റുപോയ വേദനയിൽ അവന്റെ മുഖം വലിഞ്ഞു മുറുകി.

” ഇരയല്ല റിച്ചി.. ലക്ഷ്യം… ടാർഗറ്റ്.. അങ്ങനെ വേണം ചോദിക്കാൻ…
കയ്യിൽ കിട്ടുന്നതിനെ പിടിച്ചു സന്തോഷം കണ്ടെത്തുന്ന വേട്ടക്കാരനല്ല ഞാൻ.. ലക്ഷ്യത്തെ ഉന്നം വെച്ച് ഇറങ്ങിത്തിരിച്ച ക്ഷത്രിയൻ.. യുദ്ധഭൂമിയിൽ ആരൊക്കെ ഇടറി വീഴണം… ആരൊക്കെ ഇല്ലാതാവണം എന്ന് തീരുമാനിക്കുന്ന യോദ്ധാവ്…

അവന്റെ വാക്കുകളിൽ തീർത്ത ചൂടിൽ റിച്ചിയുടെ ശരീരം പൊള്ളിയടർന്നു.
വെള്ളാരം കണ്ണുകളിൽ ആ സമയം കുസൃതിക്ക് പകരം പകയുടെ അഗ്നിയായിരുന്നു ആളിക്കത്തിയിരുന്നത്.

” എന്റെ അടുത്ത ലക്ഷ്യം ആരാണെന്ന് ഞാൻ കാണിച്ചു തരാം പറഞ്ഞാൽ ഒരു പക്ഷേ നിനക്ക് മനസ്സിലായെന്ന് വരില്ല.

Zombie… എന്നു വിളിച്ചുകൊണ്ട് അവൻ BackPack ന്റെ അടുത്തേക്ക് പോയപ്പോൾ അവന്റെ Zombiee എന്ന വിളിയിൽ ഞെട്ടിയിരുന്നു റിച്ചാർഡ് പോൾസൺ..

ഇത് കണ്ടോ..?

ലാപ്ടോപ്പിൽ തെളിഞ്ഞിരിക്കുന്ന ഫോട്ടോയിലേക്ക് റിച്ചി നോക്കി.. അത് കണ്ടപ്പോൾ തന്നെ ഒരു യാഗശാലയാണെന്ന് അവന് മനസ്സിലായി..
അഗ്നികുണ്ഡവും അതിനടുത്തിരുന്നുകൊണ്ട് മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് അഗ്നിയിലേക്ക് നെയ്യ് പകർന്നുകൊണ്ടിരിക്കുന്ന തന്ത്രിയെയും അയാൾക്ക് അടുത്തായിരിക്കുന്ന ചെറുപ്പക്കാരനെയും പ്രായം ചെന്ന് പുരുഷനെയും സ്ത്രീയെയും പിന്നെ മന്ത്രങ്ങൾ മുറപോലെ ചൊല്ലിക്കൊണ്ടിരിക്കുന്ന തന്ത്രിയുടെ ശിഷ്യന്മാരെയും എല്ലാം റിച്ചി കണ്ടു..

“തൃശ്ശൂരിലുള്ള KRB ഗ്രൂപ്പിന്റെ സാരഥി ഭട്ടതിരിയാണ് ഈ ഇരിക്കുന്നത്.. ഇത് അയാളുടെ ഭാര്യ ഇന്ദുമതി
ഇത് അവരുടെ പുത്രൻ.

അവൻ ദൃശ്യത്തിൽ തെളിഞ്ഞുനിന്ന ഓരോരുത്തരെയും തൊട്ടു കാണിച്ചു.

ആദ്യത്തെ അഞ്ചു കുഞ്ഞുങ്ങളും ചാപ്പിള്ളയായപ്പോ കാഴ്ചയും നേർച്ചയും വ്രതവും നോറ്റു കിട്ടിയ ഏക സന്തതി അവിനാഷ് ഭട്ടതിരി…!

അവൻ പറഞ്ഞു നിർത്തിയപ്പോൾ റിച്ചിയുടെ ദൃഷ്ടി അവിനാഷിന്റെ മേലെ തറഞ്ഞു.. ഒരു പരിചയവുമില്ലാത്ത മുഖം
അവൻ കണ്ണുകൾ കൂർപ്പിച്ചുകൊണ്ട് കുറേനേരം നോക്കി കിടന്നു.. ഇല്ലാ ഓർമ്മയിൽ എവിടെയും ആ മുഖം പതിഞ്ഞിട്ടില്ല.

” ഒരുപാട് നേരം നോക്കിക്കൊണ്ടിരുന്നാൽ മനസ്സിലാകില്ല റിച്ചി…
പരസ്പരം കണ്ടുമുട്ടി കൊണ്ടിരുന്നപ്പോൾ നിങ്ങൾ ആരെങ്കിലും നിങ്ങളുടെ ഈ സുന്ദരമായ മുഖം കാണിച്ചിരുന്നോ..? ഇല്ല അപ്പോൾ നോക്കിയിട്ട് കാര്യമില്ല…

പറഞ്ഞുകൊണ്ട് ലാപ് അടച്ചു വെച്ചു.. നേരാണ് അവൻ പറഞ്ഞത്. തെറ്റുകൾ ചെയ്തിരുന്ന സമയത്ത് ആരും ആരെയും കണ്ടിരുന്നില്ല. ഒരുപക്ഷേ എന്തെങ്കിലും വിധേന പിടിക്കപ്പെട്ടാൽ ആരും ആരെയും ഒറ്റുകൊടുക്കാതിരിക്കാൻ മുഖത്തിന്റെ രൂപം മാറ്റിക്കൊണ്ടായിരുന്നു അവർ കണ്ടുമുട്ടിയിരുന്നത്.

ആറ്റുനോറ്റു കിട്ടിയ മകന്റെ ദീർഘായുസ്സിനുവേണ്ടി എല്ലാ കൊല്ലവും നടത്തുന്ന പതിനാലു ദിവസം നീണ്ടുനിൽക്കുന്ന യാഗം അതാണ് നീ ഇപ്പോൾ കണ്ടത്. നാളെയാണ് പതിനാലാമത്തെ ദിവസം അവന്റെ വിചാരണ തുടങ്ങുന്ന ദിവസം.

അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി റിച്ചിയുടെ ഹൃദയമിടിപ്പ് ഉയർന്നു താഴ്ന്നു. കെണിയിൽ അകപ്പെടാൻ പോകുന്ന ഇരയുടെ ദുർവിധി ഓർത്ത്…

” പോകാനുള്ള സമയമായല്ലോ റിച്ചി…?

വാച്ചിലേക്ക് നോക്കിക്കൊണ്ടവൻ പറഞ്ഞപ്പോൾ റിച്ചിയുടെ മുഖത്ത് ഭയം നിറഞ്ഞു.
അവൻ നോക്കി കിടക്കെ
കുനിഞ്ഞുകൊണ്ട് ഷോക്സിൽ തിരുകി വെച്ചിരുന്ന പേന കത്തിയെടുത്തു.. അതിന്റെ മൂർച്ച എത്രത്തോളം ഉണ്ടെന്ന് കത്തിയുടെ തിളക്കം കണ്ടപ്പോൾ തന്നെ റിച്ചിക്ക് മനസ്സിലായിരുന്നു. കത്തിയുമായി അടുത്തേക്ക് വരുന്ന രൂപത്തെ കണ്ടതും പേടി കൊണ്ട് കിടന്നു കുതറി വിഫലമാണെന്ന് അറിഞ്ഞിട്ട കൂടി…

” നിന്റെ അവസാനത്തെ ആഗ്രഹം ഞാൻ സാധിച്ചു തന്നു. So ഇനി നിനക്ക് മട ങ്ങാം.. എന്നോട് ചെയ്ത ദ്രോഹങ്ങൾ കൂടാതെ മറ്റുള്ളവരോട് നീ ചെയ്ത
ദ്രോഹങ്ങൾക്കുള്ള ശിക്ഷ ഏറ്റുവാങ്ങുന്നതിനു വേണ്ടി…

പറഞ്ഞുതീർന്നതും റിച്ചിയുടെ കഴുത്തിലേക്ക് അവൻ കത്തി ആഴ്ത്തിയിറക്കി. ചീറ്റി തെറിച്ച രക്ത വർണ്ണം കൊണ്ട് മുഖം ആകെ മാറിയെങ്കിലും ഒരു ഭയമോ പതർച്ചയോ ഇല്ലാതെ അവൻ റിച്ചിയുടെ തലയെ അറുത്തെടുത്തു…

ദയ വിളിച്ചത് പ്രകാരം അവളെ കാണാൻ വേണ്ടി മറൈൻ ഡ്രൈവിലുള്ള ഒരു റസ്റ്റോറന്റിലേക്ക് ആയിരുന്നു കാശി പോയത്…

അകത്തു കയറിയതും കണ്ടു നാലു ചെറുപ്പക്കാർക്ക് ഇടയിൽ ഇരിക്കുന്ന ഇളം പച്ച കണ്ണുകളെ… അവക്ക രികിലേക്ക് നടന്നു വിഷ് ചെയ്തു ശേഷം അവൾക്ക് എതിരായി ഒരു കസേരയിൽ ഇരുന്നു…

” ഇത്രയും പേരെ കൂട്ടിക്കൊണ്ടുവരാൻ കൂട്ടുകാരി വല്ല പിടികിട്ടാപ്പുള്ളിയും ആണോ..?

കാശി എല്ലാവരെയും നോക്കിക്കൊണ്ട് ചിരിച്ചപ്പോൾ ദയയും അവനെ നോക്കി ചിരിച്ചു.

” എന്തായി ഞാൻ പറഞ്ഞ കാര്യം എനിക്ക് അവളെ തിരിച്ചു കിട്ടുമോ..?

” ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട് അവൻ അന്വേഷിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്…

” ഫ്രണ്ടിന്റെ പേര്…?

” ഗൗരവ്… ഗൗരി എന്ന് വിളിക്കും മെഡിക്കൽ കോളേജിലെ സർജനാണ്..

കാശിയുടെ വാക്കുകൾക്ക് ദയ മൂളിക്കൊണ്ട് മറുപടി കൊടുത്തു…

” ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..? ഫ്രണ്ടിന്റെ ഫോട്ടോ വല്ലതും ഉണ്ടെങ്കിൽ തരൂ.
അതാകുമ്പോൾ അന്വേഷിക്കാൻ എളുപ്പം ആകും..

“ഇല്ല മിസ്റ്റർ കാശി എന്റെ എട്ടാമത്തെ വയസ്സിൽ പിരിഞ്ഞതാണ് ഞങ്ങൾ
അതിനുശേഷം ഞാൻ അവളെ ഒരിക്കൽപോലും കണ്ടിട്ടില്ല. കണ്ടുപിടിക്കാൻ എളുപ്പത്തിന് ആണെങ്കിൽ ഞാൻ മറ്റൊരു ക്ലൂ തരാം..

കാശി അവളെ ചോദ്യ ഭാവത്തിൽ നോക്കി…

“അവളൊരു ഊമയാണ് സംസാരിക്കാൻ കഴിയില്ല
But ചെവി കേൾക്കാം..
എത്ര ദൂരെയുള്ള ശബ്ദവും അനക്കവും അവൾക്ക് കേൾക്കാം..

കാശിയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു ദയ പറഞ്ഞ വാക്കുകൾ ആയിരുന്നു അവന്റെ ചെവിയിൽ മുഴങ്ങിയിരുന്നത്.. ആ സമയം അവളെ നേരിൽ കാണാൻ പോലും കാശിയുടെ മനസ്സ് ആഗ്രഹിച്ചു…

” നിങ്ങൾ എങ്ങനെയാ പിരിഞ്ഞത്..?

ആ ചോദ്യ ത്തിൽ അവളൊന്നു പതറിയെങ്കിലും ദയ നന്നായി തന്നെ അത് മറച്ചു വെച്ചു…

” അതൊന്നുമില്ല കാശി എനിക്ക് എട്ടു വയസ്സായപ്പോ എന്റെ അപ്പാവുക്ക് ഡൽഹിയിലേക്ക് ട്രാൻസ്ഫറായി അങ്ങനെയാ ഞങ്ങൾ തമ്മിൽ പിരിഞ്ഞത്.

കുറഞ്ഞ സമയം കൊണ്ട് കണ്ടെത്തിയ കള്ളം അതി സമർത്ഥമായി തന്നെ അവൾ കാശിയെ പറഞ്ഞു ബോധിപ്പിച്ചു.

” ഇപ്പോൾ ആ കൂട്ടുകാരിയെ തേടി വരാനുള്ള കാരണം..??

കാശിയുടെ ചോദ്യങ്ങളും സംശയങ്ങളും തീർന്നില്ല അത് ഓരോന്നോരോന്നായി തന്നെ ദയക്ക് മുന്നിൽ ചോദിച്ചു.

” സത്യം പറഞ്ഞാൽ ഞാൻ അവളെ തേടിയല്ല വന്നത്..? അവളെ കണ്ടെ ത്താൻ എനിക്ക് ഇത്രയും പേരുടെ സഹായവും വേണ്ട.

ദയ അവളുടെ അരികിൽ ഇരുന്നവരെ ചൂണ്ടിക്കൊണ്ട് കാശിയെ നോക്കി.

ഹൈലി കോൺഫിഡൻഷ്യലായ കേസ് അതിന്റെ ഭാഗമായിട്ടാ ഞാനും എന്റെ ടീമും ഇവിടെ വന്നിരിക്കുന്നത്…

അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. ആ പച്ച കണ്ണുകളിൽ തീക്ഷ്ണത നിറഞ്ഞു..
ഒറ്റ നിമിഷം കൊണ്ട് അവൾക്ക് മറ്റൊരു ഭാവം വന്നു ഭവിക്കുന്നത് കാശി
കൺ നിറയെ നോക്കിയിരുന്നു മറ്റാർക്കും മനസ്സിലാക്കി എടുക്കാൻ പറ്റാത്ത വിധം
ഉള്ളിൽ നിറഞ്ഞ രൂപ ഭാവത്തോടെ…

14 ദിവസത്തെ റിമാൻഡിനു ശേഷം ജോർജിനെയും ടോമിയെയും വിജിലൻസ് കോടതിയിൽ ഹാജരാക്കി.. വാദപ്രതിവാദങ്ങൾക്ക് ശേഷം അവർക്ക് രണ്ടാൾക്കും 14 വർഷത്തെ തടവും കൂടാതെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ എല്ലാം കണ്ടു കെട്ടാനും വിജിലൻ ജഡ്ജി ഉത്തരവിറക്കി.

കൈയ്യാമം വെച്ചുകൊണ്ട് പുറത്തേക്ക് ഇറക്കി കൊണ്ടു വരുന്ന ജോർജിനെയും ടോമിയെയും കാണുന്നതിനു വേണ്ടി ജനസാഗരങ്ങൾ അവിടേക്ക് ഒഴുകിയെത്തിയപ്പോൾ അവർക്കൊപ്പം യാദവും കാശിയും ഗൗരവവും എത്തിയിരുന്നു.

പോലീസ് ബസ്സിലേക്ക് കയറുന്നതിനു മുന്നേ കാശിയോട് സംസാരിക്കണമെന്ന് ജോർജ് ആവശ്യപ്പെട്ടു അയാൾക്കൊപ്പം ടോമിയും…

” ഇപ്പോ നീ ജയിച്ചു പക്ഷേ നീ കരുതിയിരുന്നോ കാശി ഞാനും എന്റെ മോനും മാത്രമേ പോകുന്നുള്ളു.. ജയിലിനകത്തിരുന്ന് കൊണ്ടാണെങ്കിലും നിനക്കുള്ള പെട്ടി തയ്യാറാക്കാനുള്ള ആളുകൾ പുറത്തുണ്ട്.
ആ ഓർമ്മയിൽ വേണം ഇനിയുള്ള നിന്റെ ഓരോ ചുവടും. ഇന്നുമുതൽ ൽ നിന്റെ ഓരോ നിഴലിനെ പോലും ഭയന്നു തുടങ്ങണം നീ…

ജോർജിന്റെ കണ്ണുകൾ രക്ത വർണ്ണമായി കുറുകി. അയാളുടെ സ്വരം തന്റെ രോമത്തിൽ പോലും സ്പർശിച്ചിട്ടില്ല എന്ന ഭാവത്തിൽ കാശിയും നിന്നു..

” എന്റെ നേർക്ക് കൈ ഉയർത്തിയവർ ആരും ജീവിച്ചിരുന്നിട്ടില്ല അത് നീയും ഓർത്തോ..?

ടോമി ഗൗരവിനെ നോക്കി താക്കീതോടെ പറഞ്ഞു..

” അതിന് ഞാൻ കൈ അല്ലല്ലോ കാലല്ലേ ഉയർത്തിയത്…

ഗൗരവ് ടോമിയെ നോക്കി പരിഹസത്തോടെ ചിരിച്ചു.

കയ്യോ, കാലോ.. അത് ഇനി എന്താണെങ്കിലും നിന്റെ ശരീരത്തിൽ ഉണ്ടാവില്ല.. ടോമിയാ പറയുന്നത്…

” ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉള്ളവനാണ് ഞാൻ..
എന്നിൽ നിക്ഷിപ്തമായിട്ടുള്ള ആ കർമ്മങ്ങളെല്ലാം ചെയ്തുതീർക്കാതെ എന്റെ ഒരു രോമത്തില് പോലും സ്പർശിക്കാൻ നിന്നെക്കൊണ്ട് ആവില്ല
പറ്റുമെങ്കിൽ ഒന്ന് ശ്രമിച്ചുനോക്ക്…

ടോമിക്ക് കേൾക്കാൻ മാത്രം പാകത്തിൽ ഗൗരവ് അടക്കി പറഞ്ഞു അവിടെ നിന്ന് പിരിഞ്ഞു.
അവൻ പോയതും നോക്കി എല്ലാവരും നിന്ന സമയത്ത് ജോർജിനെയും ടോമിയെയും തിരികെ കൊണ്ടുപോയി ബസ്സിൽ കയറ്റി ഇരുന്നു. അപ്പോഴായിരുന്നു കാശിയുടെ ഫോൺ റിങ്ങ് ചെയ്തത് അവനും കോൾ അറ്റൻഡ് ചെയ്തു നടന്നു..

” ഇവനെയൊക്കെയാ അക്ഷരം തെറ്റാതെ ആൺകുട്ടി എന്ന് വിളിക്കേണ്ടത് അല്ലേടോ..?

കാശി പോകുന്നതും നോക്കിക്കൊണ്ട് നിന്ന യാദവ് പറഞ്ഞപ്പോൾ ദാസിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

“But.. Sir.. ജോർജ് പറഞ്ഞത് കേട്ടില്ലേ..?

ദാസിന്റെ മുഖത്ത് ആശങ്ക നിറഞ്ഞു…

“മ്മ്.. പാടില്ല ദാസ് കാശിയെ പോലെയുള്ളവരെയാ നമുക്ക് ആവശ്യം.. അവന്റെ ജീവന് ഒരാപത്തും സംഭവിക്കരുത്.. എന്തു വില കൊടുത്തിട്ടാണെങ്കിലും നമുക്ക് അത് സംരക്ഷിക്കാണം…

എല്ലാം കേട്ടുകൊണ്ട് ദാസ് ഒന്ന് മൂളി…

” ഞാൻ പറഞ്ഞു വന്നതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായല്ലോ ദാസ്സിന്…?

“Yes.. Sir… ഇന്നുമുതൽ ഞാൻ ഉണ്ടാകും അവന്റെ പിറകെ ഒരു നിഴൽ പോലെ…

യാദവിന്റെ ചുണ്ടിൽ പുഞ്ചിരി വീരിഞ്ഞു അവൻ കാശി നിൽക്കുന്ന ഇടത്തേക്ക് നോക്കി.. ആരോടോ സംസാരിച്ചുകൊണ്ടിരുന്ന കാശിയുടെ ദൃഷ്ടിയും ഒരു വേള യാദവിയിലേക്ക് പാളി വീണപ്പോൾ അവന്റെ ചുണ്ടിലും വിരിഞ്ഞു നനുത്തോരു പുഞ്ചിരി…

ആതിരപ്പള്ളി വാഴച്ചാൽ തൃശ്ശൂർ

ആ Thaar ന്റെ സ്റ്റിയറിങ്ങിൽ താളം പിടിച്ച് ചുണ്ടിൽ ഗസലിന്റെ ഈണം മൂളിക്കൊണ്ട് അവൻ അവന്റെ രഥത്തെ മുന്നോട്ടു കൊണ്ടുപോയി.
ആടിയും ഉലഞ്ഞും നീങ്ങിയ വണ്ടിയിൽ ഇരുന്ന രൂപത്തിന്റെ മുഖം അപ്പൊ ശാന്തമായിരുന്നു കുസൃതി നിറഞ്ഞ വെള്ളാരം കണ്ണുകൾ, കള്ളച്ചിരി പൊഴിക്കുന്ന പുഞ്ചിരിയിൽ നുണക്കുഴി രണ്ടും തെളിഞ്ഞിരുന്നു.

കുറച്ചുനേരത്തെ പ്രയാണത്തിനൊടുവിൽ ആ വണ്ടി ഒരു കുറ്റിക്കാട്ടിലാണ് ചെന്നു നിന്നത്… വണ്ടി ഓഫാക്കി അവൻ ചുറ്റിലും ഒന്ന് നോക്കി. ആരുമില്ലെന്ന് ഉറപ്പാക്കിയതും ഡോർ തുറന്നു പതിയെ ഇറങ്ങി.
രണ്ടടി മുന്നോട്ടുവെച്ചതും പിന്നിൽ നിന്നും ഒരു വിളി അവനെ തേടിയെത്തി.
തിരിഞ്ഞു നോക്കാതെ അവൻ നിന്നു.
വാഴച്ചാൽ ഭാഗത്തെ ഫോറസ്റ്റ് ഗാർഡ് ആയിരുന്നു അത്.. അയാൾ അവനു മുന്നിലായി വന്നു നിന്നു അടിമുടി ഒന്നു നോക്കി.

” പേരെന്താ എന്തിനാ ഇവിടെ വന്നത്..? വെള്ളച്ചാട്ടം കാണാനാ ണെങ്കിൽ അപ്പുറത്ത് പോണം…

“അറിയാം അവൻ മറുപടി കൊടുത്തു ആ സമയം അവന്റെ മുഖഭാവം മാറിയിരുന്നു.
അവന്റെ മറുപടിയിലെ കടുപ്പം മനസ്സിലാക്കിയ ഗാർഡ് ഒന്ന് ഇരുത്തി നോക്കി..

ഞാൻ water falls കാണാൻ വന്നതല്ല ഈ പ്രദേശത്ത് പലതരത്തിലുള്ള പക്ഷികളും ഉണ്ടെന്ന് അറിഞ്ഞിട്ട് വന്നതാ..

” പക്ഷി നിരീക്ഷകനാണോ..?

മ്മ്..

” എങ്കിൽ നിങ്ങളെ ആരോ കളിപ്പിച്ചതാ ഇവിടെ പക്ഷികൾ ഒന്നുമില്ല സാറേ.. പകരം നല്ല വിഷമുള്ള ഇനം പാമ്പുകളുണ്ട്. അതുകൊണ്ട് അധികം ഇവിടെ കിടന്ന് ചുറ്റി കളിക്കാതെ പോകാൻ നോക്ക് . ആ ചൊല്ല്..

അയാൾ ഒരു പ്രത്യേക താളത്തിൽ അവനെ നോക്കിക്കൊണ്ട് പറഞ്ഞു…

” എങ്കിൽ ഞാൻ പാമ്പുകളെ കണ്ടിട്ട് പൊയ്ക്കോളാം…

“ഹും നോക്കുന്നതൊക്കെ കൊള്ളാം അവസാനം കടിച്ചിട്ട് ഇവിടെ കിടന്നു മോങ്ങിയാൽ ആരും തിരിഞ്ഞു നോക്കില്ല അതുകൂടി ഓർത്താൽ നന്ന്.. അതും പറഞ്ഞുകൊണ്ട് അയാൾ അയാൾ പോയി…

അയാൾ കണ്ണിൽ നിന്നും മറയും വരെ അവൻ അവിടെ തന്നെ നിന്നു..

തുടർന്നു മുന്നോട്ട് നടന്നു ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ അരികിൽ അവൻ നിന്നു. കയ്യിൽ കരുതിയിരിക്കുന്ന ബൈനോക്കുലറിലൂടെ മുന്നോട്ടു നോക്കി…

അത്ര വ്യക്തമായിട്ടല്ലെങ്കിലും അവൻ കണ്ടു. തന്റെ അടുത്ത ലക്ഷ്യത്തെ കയ്യിൽ താമ്പൂലവുമെന്തി വരുന്ന അവിനാഷിനെ കണ്ടതും കാലിലെ ഷൂ അയച്ചു അവൻ എടുത്തു ചാടി…

കയ്യിൽ താംബൂലവും കൊണ്ടുവരുന്ന തങ്ങളുടെ മകനെ നോക്കി തൊഴു കൈയ്യോടെ നിന്നിരുന്ന ഭട്ടതിരിയെയും ഭാര്യ ഇന്ദു വിന്റെയും മുഖത്ത് അന്നേരം ഭത്തിനിറഞ്ഞു നിന്നു തങ്ങളുടെ മകന് ആയുസ്സും ആരോഗ്യവും
നീട്ടി കൊടുക്കണേ എന്ന് അവർ മനമുരുകി പ്രാർത്ഥിച്ചു…

തന്ത്രിയുടെ നിർദ്ദേശപ്രകാരം അവർ മന്ത്രങ്ങളും ശ്ലോകങ്ങളും ഉരുവിട്ടു. ശേഷം മൂന്നുവട്ടം മുങ്ങി നിവർന്നു
എല്ലാ കർമ്മങ്ങളും അവസാനിച്ചശേഷം തന്ത്രിയും അയാൾക്ക് പിന്നാലെ അവിനാഷും കരയിലേക്ക് കയറാൻ തിരിഞ്ഞു പക്ഷേ പെട്ടെന്നായിരുന്നു അവിനാശിന്റെ കാലിൽ എന്തോ പിടി വീണത് പോലെ അവനു തോന്നിയത്.

പേടിച്ചു കരയാൻ തുടങ്ങിയെങ്കിലും അതിനും മുൻപ് അവൻ വെള്ളത്തിലേക്ക് ആണ്ടു പോയിരുന്നു..

മകന് അപകടം സംഭവിച്ചത് കൺമുന്നിൽ കണ്ട മാതാപിതാക്കൾ അലമുറ ഇട്ടു കരയാൻ തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവിടെ മൊത്തം ആളുകളും ബഹളവും ആയി നിറഞ്ഞു. പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ച ശേഷം അവർ അവിടെത്തന്നെ നിലയുറപ്പിച്ചു.

വെള്ളത്തിൽ നിന്നും ഉയർന്നുവന്ന ആ കറുത്ത രൂപത്തിന്റെ തോളിൽ അവിനാശ് എന്ന അവന്റെ അടുത്ത ലക്ഷ്യം ഭദ്രമായി തന്നെ കിടക്കുന്നുണ്ടായിരുന്നു.
Thaar ന്റെ ഡോർ തുറന്നു പിൻ സീറ്റിൽ കിടത്തിക്കൊണ്ട് അവൻ വീണ്ടും ചുറ്റും കണ്ണോടിച്ചു
ആ ചുണ്ടിൽ കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.
ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നവൻ jeep സ്റ്റാർട്ട്‌ ചെയ്തു നനഞ്ഞ മുടി പിന്നിലേക്ക് കൊതി ഒതുക്കി കണ്ണാടി നേരെ പിടിച്ചു.

ഞരമ്പിലേക്ക് കുത്തിവെച്ച മയക്കുമരുന്നിന്റെ ആലസ്യത്തിൽ കിടക്കുന്ന അവിനാഷിനെ അവൻ വിജയഭാവത്തോടെ നോക്കി പുഞ്ചിരിച്ചു…

തുടർന്ന് jeep സ്റ്റാർട്ട് ആക്കിക്കൊണ്ട് കുറ്റിക്കാട്ടിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയപ്പോൾ എതിരിലൂടെ വരുന്നുണ്ടായിരുന്നു ഫയർഫോഴ്സും ആംബുലൻസും അവർക്ക് മുന്നിലൂടെ പോലീസ് വണ്ടിയും…

തുടരും…

2 comments

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *