വിശ്വാതാണ്ഡവം

പാർട്ട് 3

ജിഫ്ന നിസാർ.

വലതു ഭാഗമൊന്നാകെ പടർന്നു കയറിയൊരു തരിപ്പ്..
വേദനക്കുമപ്പുറം ആകെയൊരു മന്ദത.
വിശ്വാ തലയൊന്ന് കുടഞ്ഞിട്ട് മുമ്പിൽ നിൽക്കുന്ന അമ്മയെ നോക്കി.

ചെറിയൊരു തീപ്പൊരി മതി.. അപ്പോളേക്കും കത്തി പടരുമെന്നത് പോലുള്ള ആ നിൽപ്പ്.
തന്റെ മുഖം അടിച്ചു പൊളിച്ചിട്ടും അതിൽ ലവലേശം കുറ്റബോധമില്ലാതെയുള്ള ആ നിൽപ്പ്..

ഒരക്ഷരം മിണ്ടാതെ അവരെയൊന്നു  നോക്കി തിരിഞ്ഞു നടക്കുമ്പോൾ വിശ്വാകറിയാമായിരുന്നു ആ അമ്മയുടെ മനസ്സും അതിനുള്ളിലെ വികാരങ്ങളും

പക്ഷേ ഇങ്ങനെയല്ലാത്തൊരു ജീവിതം അവനും വയ്യായിരുന്നു.

“എന്തൊരു അടിയാണ് ചേച്ചി.. ആ ചെക്കന്റെ മുഖം പൊളിഞ്ഞു പോയല്ലോ..”
വിശ്വാ അകത്തേക്ക് പോയെന്നു കണ്ടതും അവന് വേണ്ടി ആദ്യം കുസുമത്തിന് മുന്നിൽ വാ തുറന്നു വാദിക്കാൻ വന്നത് സുമേഷേണ്..

കൂട്ടത്തിൽ കുസുമത്തിനെതിരെ പലർക്കും പലതും പറയാനുണ്ട്. പക്ഷേ ആർക്കും ആ മുഖത്തു നോക്കിയൊന്നും പറയാനുള്ള ധൈര്യമില്ലെന്നായിരുന്നു സത്യം.

“ഫ്ഭ… കുരക്കാതെടാ നായെ..”
നീട്ടി വലിച്ചു കിട്ടിയൊരു ആട്ടിൽ ചോദിച്ചു പോയത് വേണ്ടായിരുന്നുവെന്ന് സുമേഷിന് ആ നിമിഷം തന്നെ തോന്നി..

ആ നാക്കിനെയും നോക്കിനെയും പേടിച്ചിട്ടാണ് അവിടാരും ഒന്നും മിണ്ടാൻ പോലും നിൽക്കാഞ്ഞത്.

അടി കൊണ്ടവൻ  പോലും യാതൊരു പരാതിയുമില്ലാതെ അകത്തേക്ക് കയറി പോയിരിക്കുന്നു..
വല്ല കാര്യവുമുണ്ടായിരുന്നോ എന്നൊരു ഭാവത്തിലാണ് പിന്നെയെല്ലാവരും സുമേഷിനെ നോക്കുന്നതും.

“അവനെ എന്റെ മകനാണ്.. ഈ കുസുമവല്ലി ചോര നീരാക്കി അധ്വാനിച്ചു വളർത്തി കൊണ്ട് വന്ന എന്റെ മകൻ.. ഞാനവനെ തല്ലും കൊല്ലും.. അതൊക്കെ ചോദിക്കാൻ നീയാരാ ടാ.. ആരായാലും ഈ കുസുമവല്ലിക്ക് മുന്നിൽ വന്നു നിന്നിട്ട് ചൊറിഞ്ഞ.. നീ വന്ന പോലെ പോകില്ല..

അവനിങ്ങനെ തെമ്മാടിത്തരം കാണിച്ചു നടക്കുമ്പോ നിനക്കൊന്നും വലിയ ദണ്ണം തോന്നില്ലെടാ.. പക്ഷേ ഞാനവന്റെ തള്ളയാണ്.. അവന്റെ തലക്ക് മീതെ തൂങ്ങി നിൽക്കുന്ന വാള് കാണുമ്പോ നിന്നെയൊക്കെ പോലെ കയ്യടിച്ചും വിസിലടിച്ചും അത് തലയിൽ വീഴും വരെയും പ്രോത്സാഹനം കൊടുക്കാൻ നിന്നെ പോലെ മന്ദബുദ്ധിയല്ല ഞാൻ.. കേട്ടോ ടാ.. ₹&#@”

കുസുമം കൂടി നിൽക്കുന്നവർക്കെല്ലാമുള്ളതായി സുമേഷിന്റെ പറ്റിലാണ് എഴുതി ചേർത്തത്.
ഇതുമിവിടെ പുതുമയുള്ള കാഴ്ചയല്ല.
വിശ്വാക്ക് വേണ്ടി ജനങ്ങൾ കയ്യടിക്കുമ്പോൾ ആ ജനങ്ങൾക്ക് വേണ്ടി കുസുമം കൊട്വാളെടുക്കും.ഉറഞ്ഞു തുള്ളും..

“എന്റെ ചേച്ചി.. അവൻ ഉശിരുള്ള ഒരാൺകുട്ടിയാ.. ഈ കോളനികാരുടെ ആശ്വാസമാണ് വിശ്വാസമാണ്. ഞങ്ങളുടെ ധൈര്യമാണ്. അവനിയിങ്ങനെ നിങ്ങൾ കണ്ണീ ചേരയില്ലാതെ തല്ലുന്നത് കാണുമ്പോൾ സഹിക്കുന്നില്ല..അവനുണ്ട് എന്നത് കൊണ്ടാ ആരുമീ കോളനിയിൽ കയറി അനീതി കാണിക്കാത്തത്.
നിങ്ങളായി അതില്ലാതെയാക്കരുത്.. അപേക്ഷയാണ്..”
ഏതായാലും നാറി. ഇനിയിപ്പോ പറയാനുള്ളത് പറഞ്ഞു തീർക്കാമെന്നൊരു ഭാവമാണപ്പോൾ സുമേഷിനും..

കുസുമം ഒരു നിമിഷം അവനെയൊന്നു തുറിച്ചു നോക്കി.

“ഇവനെ പോലെ.. നിങ്ങൾക്ക് വേണ്ടി നെഞ്ചും വിരിച്ചു കൊണ്ട് ഇവനെക്കാൾ കോരി തരിപ്പിക്കുന്ന വർത്താനം പറയാനറിയാവുന്ന ഒരാളുണ്ടായിരുന്നില്ലേ ഇവിടെ..
അയാളെ നോക്കിയും നിങ്ങള് പറഞ്ഞിട്ടില്ലേ അയാള് നിങ്ങളുടെ കോളനിക്കാരുടെ ഭാഗ്യമാണ് ധൈര്യമാണ് എന്നൊക്കെ..
അതെല്ലാം കേട്ട്.. നിങ്ങളുടെ പ്രോത്സാഹനം കൊണ്ട് നിങ്ങൾക്ക് വേണ്ടി മുന്നിൽ നിന്നൊരു മനുഷ്യനെ.. മറന്നോ നിങ്ങള്.. ഏഹ്..”
അലറി വിളിക്കുന്നത് പോലൊരു ചോദ്യം..

മുരുകൻ അകത്തേക്ക് പോയ വിശ്വായുടെ കൂടെ പോകണോ അവന്റമ്മയെ ആ ആൾക്കൂട്ടത്തിനിടയിൽ നിന്നും പിടിച്ചു കൊണ്ട് വരണോ എന്നുള്ള സംശയത്തിലാണ്.
രണ്ടും ഇടഞ്ഞു നിൽക്കുന്ന കൊമ്പന്റെ പോലാണ്.. ദേഹം നോവുമെന്ന് ഉറപ്പുണ്ടവനും.

വിശ്വാ കയറി പോയ വീടിന് നേരെയും കുസുമത്തിന് നേരെയും ഇടവിട്ട് കൊണ്ടവന്റെ നോട്ടം പാകത്തു പോയി..

“രാജീവേട്ടൻ.. എന്റെ മകന്റെ അച്ഛൻ..
എവിടെ പോയി ആള്.. പോയില്ലേ.. നിങ്ങൾക്ക് വേണ്ടി സംസാരിച്ചും നീതിയും നിയമവും പറഞ്ഞു നടന്നിട്ടോടുവില്  ജീവൻ തന്നെ പോയില്ലേ.. ആർക്കാ നഷ്ടം.. നിങ്ങൾക്കല്ലല്ലോ.. എനിക്കല്ലേ.. എന്റെ മകനല്ലേ..ഞങ്ങൾക്കല്ലേ”
ഇപ്രാവശ്യം കുസുമത്തിന്റെ ശബ്ദമൊന്നിടറി..
പക്ഷേ മുഖത്തെ കാഠിന്യം അൽപ്പം കൂടി കൂടുകയാണ് ചെയ്തത്..

“നാല് വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനെയും എന്നെയും വിട്ടു രാജീവ് മാഷ് മരിച്ചത് നിങ്ങൾക്ക് വേണ്ടിയല്ലേ.. നിങ്ങളിപ്പോ അതെല്ലാം മറന്നിട്ട് എന്റെ മകനെ കൂടി നിങ്ങളുടെ സ്വാർതതക്ക് വേണ്ടി. നടക്കില്ല.. ഈ കുസുമവല്ലിക്ക് ജീവനുണ്ടെങ്കിൽ വിട്ടു തരില്ല ഞാൻ എന്റെ മകനെ.. അങ്ങനിപ്പോ നിങ്ങളൊന്നും അവന്റെ ചോര കുടിക്കേണ്ട.. വേണ്ട..”
കുസുമം നിന്ന് കിതച്ചു..

അമ്മേ…”
പിന്നിൽ നിന്നും വിശ്വാ ഉറക്കെ വിളിക്കുമ്പോൾ അതേ ഭാവത്തിൽ തന്നെ കുസുമം തിരിഞ്ഞു നോക്കി.

“എന്തൊക്കെയാ ഈ പറയുന്നേ..”
വിശ്വാ അങ്ങോട്ടിറങ്ങി വന്നിട്ടവരെ ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കുസുമം ഇണങ്ങാത്ത കാട്ട്മൃഗത്തെ പോലൊന്ന് കുതറി പിടഞ്ഞിട്ട് അവനെ തുറിച്ചു നോക്കി..കൊണ്ട് നിന്നു.

“നീ.. നീ മിണ്ടരുത്.. നീയും ഇവരുടെ ആളാണ്‌.. അല്ലായിരുന്നെങ്കിൽ നിന്റെ അച്ഛന്റെ ഗതി നിനക്ക് വള്ളി പുള്ളി വിടാതെ ഞാൻ പറഞ്ഞു തന്നിട്ടും വീണ്ടും നീ.. ഈ നശിച്ച കൂട്ടത്തിൽ പെടുമോ.. എന്നേ തോൽപ്പിക്കാൻ ശ്രമിക്കുമോ.. ഏഹ്.. പറയെടാ.. പറയ്യ്..”

പറയുന്നതിനിടെ തന്നെ വിശ്വാക്ക് വീണ്ടും അടി കിട്ടുന്നുണ്ട്.
പക്ഷേ അവനൊന്നു പോലും തടയാതെ മുഖം കുനിച്ചു നിന്നിട്ടത് ഏറ്റു വാങ്ങി..
അൽപ്പം മുന്നേ ഇടിവെട്ട് സുനിലിന്റെ മുന്നിൽ തല ഉയർത്തി നിന്നിട്ട് വീര്യം കാണിച്ചവൻ പക്ഷേ അമ്മയ്ക്ക് മുന്നിൽ തല കുനിച്ചു നിന്ന് കൊടുത്തു.

കുസുമം വീണ്ടും വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
ഇരുപത്തി രണ്ടാം വയസ്സിൽ കൊതി മാറാത്ത ജീവിതമവർക്ക് നൽകിയ വൈധവ്യം.. അന്ന് അനുഭവിച്ച യാഥാനകൾ.. അത്ര പെട്ടന്നൊന്നും ആ സ്ത്രീ ജന്മം മറന്നു പോകുന്നതല്ല അതൊന്നും.
അന്ന് തന്നെ തനിച്ചാക്കി മാറ്റിയ ആ വഴിയിൽ കൂടി തന്നെയുള്ള മകന്റെ പോക്ക്..
ഇതെല്ലാം അവരെ ഭ്രാന്ത് പിടിപ്പിച്ചത് പോലെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചു..

“രാജീവ് മാഷിന്റെ മകന് നീതി കേട് കണ്ടാൽ ചോദ്യം ചെയ്യാൻ തോന്നുന്നത് ഞാൻ തന്തക്ക് പിറന്ന മകനായത് കൊണ്ടല്ലേ അമ്മേ..”
തന്നേയടിക്കാൻ നിവർത്തി പിടിച്ച കൈകൾ ആ ഒരൊറ്റ ചോദ്യത്തിൽ താഴ്ത്തി കളയുന്നു..
മുരുകനൊപ്പം ബാക്കിയുള്ളവർക്ക് കൂടി ആശ്വാസം പകരുന്നൊരു കാഴ്ചയായിരുന്നു അത്..

അവർക്കറിയാം.. കുസുമം എത്രയൊക്കെ ബഹളം വെച്ചാലും അതിനെ എതിരിടാൻ വിശ്വായുടെ കയ്യിൽ എന്തെങ്കിലുമൊരു ആയുധം ബാക്കിയുണ്ടാവുമെന്ന്..

ആർക്ക് മുന്നിലും അൽപ്പം പോലും മെരുങ്ങാത്ത കുസുമം അൽപ്പമെങ്കിലും അടങ്ങുന്നത് വിശ്വാക്ക് മുന്നിലാണ്.
കൈ കരുത്തു കൊണ്ടല്ല.. വാക്ക് സാമാർധ്യം കൊണ്ടവൻ അവരെ നേരിടും..അവന്റച്ഛനെ പോലെ തന്നെ..

“അച്ഛൻ ഏല്പിച്ചു പോയൊരു കടമ.. അതല്ലേ ഞാൻ ചെയ്യുന്നത്.. അതാവില്ലേ അച്ഛനും സന്തോഷം.. സമാധാനം.. എന്നിൽ നിന്നും അച്ഛനും അതായിരിക്കില്ലേ ആഗ്രഹിക്കുന്നത്.. അത് തീർത്തു കൊടുക്കേണ്ടത് ഒരു മകനെന്ന നിലയിൽ എന്റെ കടമ യല്ലേ.. അപ്പൊ അതിനിങ്ങനെ എതിര് പറയുമ്പോ ഞാൻ അച്ഛനെ അനുസരിക്കുമോ അമ്മയെ അനുസരിക്കുമോ.. അത് കൂടിയൊന്ന് പറഞ്ഞു ത്താ..”

വിശ്വായുടെ ചോദ്യത്തിന് അവരൊന്നും മിണ്ടിയില്ല..
അവനെ തുറിച്ചു നോക്കി കൊണ്ട് അതേ നിൽപ്പുണ്ട്.

സത്യത്തിൽ കൂടി നിന്നവർക്ക് പോലും സഹതാപം തോന്നി പോകുന്നുണ്ട്..

അവർ പറഞ്ഞത് പോലെ നഷ്ടം അവർക്ക് മാത്രമായിരുന്നോ..?

അല്ല.. തീർച്ചയായും അത് അങ്ങനായിരുന്നില്ല..

കോളനിക്കാർക്ക് കൂടിയാ നഷ്ടം വളരെ വലുതായിരുന്നു.പക്ഷേ അവരോളമില്ലാന്നുള്ളത് സത്യമാണ്..

ഇത്തിരിയില്ലാത്ത കുഞ്ഞിനേയും കൊണ്ട് സ്വന്തമെന്ന് പറയാൻ വേറെയാരുമില്ലാതെ അവരുടെ യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു.
കൂടെ ഉണ്ടാകുമെന്ന് പറയുമെങ്കിലും അത് പലപ്പോഴും വാക്കിലൊതുക്കി തീർക്കാൻ മാത്രമേ കോളനിക്കാർക്ക് കഴിയൂ..

കാരണം സ്വന്തം കുടുംബം തന്നെ അരിഷ്ടിച്ചു കഴിഞ്ഞു പോകുമ്പോൾ മറ്റൊരാളെ സഹായിക്കാൻ മാത്രം വലുപ്പമുള്ള സമ്പാദ്യമൊന്നും ആരുടെ കയ്യിലുമില്ല..

ജീവിതത്തോട് പൊരുതി പടവെട്ടി മകനെ വളർത്തിയ ഒരമ്മയുടെ ആകുലത, അതത്ര ചെറുതായി കാണാനും വയ്യ.

പക്ഷേ വിശ്വാ അവരുടെ ആശ്രയമാണ്.
എത്രയൊക്കെ വേണ്ടന്ന് വെച്ചാലും കാര്യങ്ങൾ അവനിലേക്ക് തന്നെ എത്തിപെടുന്നു.

അവന് മാത്രം അഴിച്ചു കളയാൻ കഴിയുന്ന നിരവധി കെട്ടുകൾ നിറഞ്ഞൊരു ആൾക്കൂട്ടമാണാ ചന്ത മുക്ക് കോളനി..

ഒരക്ഷരം മിണ്ടാതെ കുസുമം തിരിഞ്ഞു നടക്കുമ്പോൾ വിശ്വായുടെ മുഖം തീർത്തും തിളക്കം മങ്ങി പോയിരുന്നു..
മുരുകനെയൊന്നു നോക്കിയിട്ട്, മറ്റാരെയും ശ്രദ്ധിക്കാതെ അവൻ മുണ്ടും മടക്കി കുത്തി റോഡിലെക്കിറങ്ങി നടന്നു…

                               ❣️❣️

“അയാളെ തോൽപ്പിക്കാനുള്ള ഒരേയൊരു വഴിയാണ് ദാ അത്..”

അഖിൽ ചൂണ്ടി കാണിക്കുന്നയിടത്തേക്ക് മോഹൻ ദാസിന്റെ കണ്ണുകൾ പാഞ്ഞു..

കുറച്ചു മാറിയൊരു മരത്തിനു കീഴെ നിർത്തിയിട്ടു ബ്ളാക്ക് ബെൻസ് കാർ..

അതിൽ ചാരി നിൽക്കുന്ന അതീവ സുന്ദരിയായൊരു പെൺകുട്ടി..

കാറിലേക്ക് അലസമായി ചാരി നിന്നിട്ട് മുന്നിലെ കായലിലേക്കാണ് അവളുടെ ശ്രദ്ധ മുഴുവനും.
അഴിച്ചിട്ട മുടിയിൽ കാറ്റ് കുസൃതി കാണിക്കുന്നുണ്ട്..
സ്ലീവ് ലെസ് ടോപ്പും ജീൻസും..
അൽപ്പം പോലും മേക്കപ്പിട്ട് അലങ്കോലമാക്കാത്ത മുഖം..

“ഡീ ആർ ഗ്രൂപ്പിന്റെ ഓണർ മിസ്റ്റർ ഡെന്നിസ് മാത്യുവിന്റെ ഒറ്റ മകൾ… മിത്ര….”
അഖിൽ പറഞ്ഞു നിർത്തുമ്പോൾ മോഹൻ ദാസിന്റെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞു..

“പറഞ്ഞു തരാം..”
ഗൂഡമായൊരു ചിരിയോടെ അത് പറഞ്ഞു കൊണ്ട് അഖിൽ നിർത്തിയിട്ടിരിക്കുന്ന അവരുടെ കാർ സ്റ്റാർട്ട് ചെയ്തു.

മിത്രയുടെയുടെ അരികിലൂടെ വളരെ സാവധാനം അഖിൽ കാറോടിച്ചു പോകുമ്പോൾ മോഹൻ ദാസ് ഒരു വട്ടം കൂടി മിത്രയേ നോക്കി.

അവളപ്പോഴും കായലിനു നേരെയാണ് നോക്കുന്നത്.

ഡീ ആർ ഗ്രുപ്പുമായുള്ള മത്സരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മോഹൻദാസിന്റെ അച്ഛനും ഡെന്നിസ് മാത്യുവിന്റെ അപ്പനും ജീവിച്ചിരുന്ന കാലത്തെയുള്ള വെല്ലുവിളികളും മത്സരങ്ങളും മക്കൾക്ക് കൂടി കൈ മാറിയിട്ടാണ് പിൻഗാമികൾ കളം വിട്ടൊഴിഞ്ഞു പോയത്..

പക്ഷേ മക്കൾ ആ മത്സരത്തിൽ പകയും വൈരാഗ്യങ്ങളും കൂടി നിറയ്ക്കുമ്പോൾ അത് കൂടുതൽ സങ്കീർണമാവുകയും ചെയ്തു..

ഡെന്നീസിന്റെ ഡീ ആർ ഗ്രൂപ്പും മോഹൻ ദാസിന്റെ സീ എസ് ഗ്രൂപ്പും ലോകശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് ബ്രാൻന്റുകളായി വളർന്നിട്ടും ഒരാൾക്ക് മറ്റൊരാളെ തോൽപ്പിക്കാനാണ് കൂടുതൽ ത്വരാ.

അതല്പം കൂടുതലുള്ളത് മോഹൻ ദാസിനു തന്നെയാണ്.

കുതന്ത്രങ്ങളെ അത്രയ്ക്കങ്ങോട്ട് പ്രോത്സാഹിപ്പിക്കാത്ത ഡെന്നീസും ടീമും എല്ലായിടത്തും  ജയിക്കുന്നത് കുറച്ചു നാളുകളായി മോഹൻ ദാസിന്റെ ഉറക്കം കെടുത്തി കളഞ്ഞിട്ടുണ്ട്.

ഇപ്രാവശ്യം കേന്ദ്രത്തിന്റെ പ്രതേക പെർമിഷനോടെ കിട്ടിയ ഒരു പ്രൊജക്റ്റ്‌..
അതിൽ ഡെന്നീസിനെ തോൽപ്പിക്കാതെ തനിക്കിനിയൊരു നില നിൽപ്പില്ലെന്ന് മനസ്സിലാക്കിയ മോഹൻ ദാസ് അതിനുള്ള മാർഗം തിരയാൻ തുടങ്ങിട്ട് കുറച്ചു നാളായി.

അയാളുടെ PA ആണ് അഖിൽ.
വിശ്വാസ്ഥരായി. മൂന്നാലു പേര് കൂടിയുണ്ട് ആ ടീമിൽ.
ഡെന്നീസിനെ തോൽപ്പിക്കാൻ എന്തും ചെയ്യാൻ ഒരുക്കമായിരുന്ന മോഹൻ ദാസിനു മുന്നിലേക്ക് അഖിൽ മിത്രയേ കാണിച്ചു കൊടുത്തത് എന്താണാണെന്ന് അയാൾക്കപ്പോഴും മനസ്സിലായില്ല..

മിത്രയപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ മുന്നിലെ കായലിന് നേരെ നോക്കിയിരിക്കുകയാണ്..

                            💜💜

സാറൊന്നും പറഞ്ഞില്ല “

മുന്നിൽ ഒന്നും മിണ്ടാതെയിരിക്കുന്ന മോഹൻദാസ്സിനു നേരെ നോക്കി അഖിൽ ചോദിക്കുമ്പോൾ അയാൾ എഴുന്നേറ്റു..

“പ്ലാൻ..”
ഒന്ന് ശ്വാസമെടുത്തു കൊണ്ട് മോഹൻ ദാസ് അഖിലിന്റെ നേരെ നോക്കി.

അഖിൽ മാത്രമല്ല.. കിരണും അലോഷിയുമുണ്ട് കൂടെ.

“പ്ലാൻ…”
മൂവരും ഒരുമിച്ചു ചോദിച്ചു കൊണ്ട് മോഹൻ ദാസിനെ നോക്കി.

“കൊള്ളാം.. പക്ഷേ ചീപ്പാണ്.. ആൻഡ് റിസ്ക്കുമാണ്”
മോഹൻ ദാസ് മൂന്ന് പേരെയും നോക്കി പറയുമ്പോൾ അവരുടെ മുഖത്തു നിറയെ ആശ്വാസമായിരുന്നു.

“തന്ത്രം കൊണ്ട് നടക്കാത്തത് നമ്മൾ കുതന്ത്രം കൊണ്ട് നേടുന്നു.. തത്കാലം സർ അങ്ങനെ കരുതിയാൽ മതി”
അലോഷി അയാൾക്ക് നേരെ നോക്കി.

“പിന്നെ റിസ്ക്.. അൽപ്പം റിസ്ക് എടുത്തിട്ടായാലും നമ്മളിത് ചെയ്താൽ ഇപ്രാവശ്യം ഈസിയായി ഡെന്നീസ് മാത്യുവിനെ നമ്മുക്ക് തോൽപ്പിക്കാൻ കഴിയും..തത്കാലം അത് മാത്രം ചിന്തിച്ചു നോക്കിയാൽ മതി.”
കിരണും അയാൾക്കാടുത്തെത്തി.

മ്മ്മ്…
മോഹൻ ദാസ് ഒന്നമർത്തി മൂളുക മാത്രം ചെയ്തു..

“പിന്നെ ചീപ്പാണെന്ന് തോന്നുന്നത്.. ബിസിനസ് ജയിക്കാൻ മാർഗങ്ങൾക്കല്ല പ്രാധാന്യം.. ലക്ഷ്യങ്ങൾക്ക് തന്നെയാണ്..”
പിന്നിൽ നിന്നും അഖിലും പറയുമ്പോൾ മോഹൻ ദാസ് നടത്തം നിർത്തി അവരെ നോക്കി.

“നടക്കുമോ ടാ”
അയാൾക്കും താല്പര്യമായി തുടങ്ങി.

എങ്ങനെയെങ്കിലും ഇപ്രാവശ്യം ഡെന്നീസിനെ തോല്പിച്ചു കൊണ്ടാ ഓർഡർ സ്വന്തമാക്കിയില്ലേൽ അത് തന്റെ നിലനിൽപ്പിനു തന്നെ ഭീക്ഷണിയാണെന്നുള്ളത് അയാൾക്കറിയാം.

അത് കൊണ്ട് അതില്ലാതാക്കാൻ അയാളെന്തും ചെയ്യാൻ ഒരുക്കമായിരുന്നു.

“നടക്കുമോ എന്നുള്ള ഭയമല്ല സാറേ വേണ്ടത്.. നടത്തും എന്നുള്ള വിശ്വാസമാണ്..”

“പക്ഷേ നമ്മൾ നേരിട്ടെങ്ങനെ..ഡെന്നീസ് അത്ര നിസ്സാര മായ ആളല്ല.. അറിയാലോ അയാളെയും അയാളുടെ ടീമിനെയും..”
മോഹൻ ദാസ് മൂവരെയും നോക്കി.

“അതിന് നമ്മളൊന്നും ചെയ്യുന്നില്ല.നേരിട്ട് കളത്തിലിറങ്ങിയാൽ ഒന്നും നടക്കില്ല. അച്ഛനെ പോലെ തന്നെ, ഡെന്നീസിന്റെ മകളും ആളത്ര ചെറിയ പുള്ളിയല്ല. ഞാൻ ശെരിക്കും അനേഷിച്ചു..”

കിരൺ ഗൂഡമായൊരു ചിരിയോടെ മോഹൻ ദാസിനെ നോക്കി.

“മിത്ര പത്തു കഴിഞ്ഞു പഠിച്ചതൊക്കെ സ്റ്റേറ്റിലാണ്.. പഠനം കഴിഞ്ഞിങ്ങോട്ട് വന്നിട്ട് ഒരാഴ്ച.. ഇവിടെ എം എസ് കോളേജിൽ ഏതോ കോഴ്സ് ചെയ്യാനുള്ള പ്ലാൻ കൂടിയുണ്ട്.. പഠിച്ചത് മുഴുവനും ബിസിനസ്.. ഇനി പഠിക്കാൻ തിരഞ്ഞെടുത്ത കോഴ്‌സും ബിസിനസ്.. പഠിച്ചിറങ്ങി വരുന്ന മകൾ അച്ഛനെക്കാൾ നമ്മൾക്ക് വെല്ലുവിളി യാവും. അതുറപ്പുണ്ട്.ഇതാവുമ്പോൾ അച്ഛനെയും മകളെയും ഒറ്റയടിക്ക് ഒതുക്കി തീർക്കാം..”

അതേ ചിരിയപ്പോൾ മോഹൻ ദാസിന്റെ ചുണ്ടിലുമുണ്ടായിരുന്നു.

“പിടിക്കപ്പെട്ടാൽ നമ്മളിലേക്കൊരിക്കലും എത്തിപെടാൻ യാതൊരു സാധ്യതയില്ലാത്ത ഒരാളെ നമ്മൾ കണ്ട് പിടിക്കുന്നു.. തീർത്തും ലോക്കൽ ഏരിയയിൽ നിന്നുമുള്ള ഒരാൾ.. അയാളോരിക്കലും സ്വപ്നം കൂടി കാണാത്ത കാശ് നമ്മൾ കൊടുക്കുന്നു.. അതിന് മേൽ നമ്മളൊരു കമ്മിറ്റമെന്റ ഉണ്ടാക്കിയെടുക്കുന്നു..നമ്മൾ കൊടുക്കുന്ന കാശിനു പകരം ഡീ ആർ ഗ്രൂപ്പ്‌ ഉടമ ഡെന്നീസ് മാത്യുവിന്റെ ഒരേയൊരു മകൾ.. മിത്ര ഡെന്നീസിനെ പ്രണയിക്കാൻ അവൻ വരുന്നു..”

വല്ലാത്തൊരു ചിരിയോടെ കിരണത് പറഞ്ഞു നിർത്തുമ്പോൾ അവനെക്കാൾ ഉച്ചത്തിൽ…. സന്തോഷത്തിൽ മോഹൻ ദാസും ചിരിക്കുകയാണ്..

നേരും നെറിയുമില്ലാത്തൊരു ചതിയുടെ കഥയവിടെ ആരംഭിച്ചു കഴിഞ്ഞു..

തുടരും..

One comment

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *