
വയറു നിറച്ച് കപ്പ ബിരിയാണീം മുട്ട ഓംലെറ്റും തട്ടി കടുപ്പത്തിലൊരു കട്ടനും കുടിച്ച് പോകാനെഴുന്നേറ്റ പിള്ളേരോട് തിന്നതിന്റെ കാശു കണക്കു കൂട്ടി പറഞ്ഞപ്പോൾ അവര് പറയാ ഗൂഗിൾപേ ചെയ്യാമെന്ന്.
രാഷ്ട്രപിതാവിന്റെ പടോള്ള പേപ്പർ നോട്ടിലല്ലാതെ മറ്റൊരു ക്രയവിക്രയ ഇടപാടുകളിലും വിശ്വാസമില്ലാത്ത മാത്തുക്കുട്ടി വാ പൊളിച്ചു.
മലമൂട്ടിലുള്ള തന്റെയീ തട്ടു കടയിൽ വന്ന് പുട്ടടിച്ചു പോകുന്ന പരിഷ്കാരികളായ ലോറിക്കാരൻ വാസുവും, ആക്രിക്കരൻ അണ്ണാച്ചിയും പോലും ഇതു പോലെ പേ പിടിപ്പിക്കുന്ന വർത്തമാനം ഒന്നും ഇന്നുവരെ പറഞ്ഞിട്ടില്ല.
പിന്ന്യാണ് ഈ നരുന്തു പിള്ളേര്.
കാശായി തന്നെ വേണമെന്ന് നിർബന്ധം പിടിച്ചപ്പോ അവര് പറയാ എന്നാ പിന്നെ കൂട്ടുകാരെ വിളിച്ചു വരുത്തുന്നത് വരെ അവരവിടെ നിൽക്കാമെന്ന്. അല്ലെങ്കി എന്തെങ്കിലും പണയം വച്ചിട്ട് പിന്നെ വന്ന് എടുത്തോളാമെന്ന്.
മത്തുക്കുട്ടിക്ക് അതത്ര ബോധിച്ചില്ലെങ്കിലും മദ്ധ്യസ്ഥം പറയാൻ വന്ന അറവുകാരൻ പോക്കറിന്റെ ഉപദേശപ്രകാരം അതങ്ങ് സമ്മതിച്ചു.
അല്ലെങ്കിലും പിള്ളേരെ പിടിച്ചു വച്ചിട്ട് കാര്യമില്ലല്ലോ.
പത്തഞ്ഞൂറ് രൂപക്ക് തിന്നുവെന്നത് ശരിയാ.ആരെങ്കിലും കാശും കൊണ്ട് വരുന്നത് വരെ പിടിച്ചു നിർത്താമെന്ന് വച്ചാ തൊന്തരവാ.ആരും വന്നില്ലെങ്കി തീറ്റ കൊടുത്തു മുടിയും.പത്തൻപതു മൈൽ അപ്പുറത്തുന്നു വന്ന പിള്ളേരാ.
മാത്തുക്കുട്ടിയുടെ സമ്മതംകേട്ട പാതി കേൾക്കാത്ത പാതി പിള്ളേരിലൊരുവാൻ കുപ്പായത്തിന്റെ കീശയിൽ നിന്നും മൊബൈൽ ഫോൺ ഒരെണ്ണം എടുത്തു നീട്ടിയിട്ടു പറയാ ചേട്ടൻ തത്കാലം ഇതു പിടി നാളെ ഞങ്ങൾ കാശുമായി വരുമ്പോ തിരികെ തന്നാമതി എന്ന്.
എന്തായാലും കിട്ടിയ മുതൽ പെട്ടിയിലെടുത്തിട്ട് മാത്തുക്കുട്ടി പിറ്റേന്ന് രാവിലെ മുതൽ പിള്ളേരെ കാത്തിരുപ്പായി.
ദിവസങ്ങൾ പലതു കഴിഞ്ഞെങ്കിലും ഉടമസ്ഥർ വരാത്തതിനാൽ മാത്തുക്കുട്ടി പണയം ജപ്തി ചെയ്തതായി പ്രഖ്യാപിച്ചു.
അതോടൊപ്പം സ്വയം സ്മാർട്ടാവാൻ
ശ്രമിച്ചു കൊണ്ട് ലോറിക്കാരൻ വാസുവിന്റെ സഹായത്തോടെ തന്റെ പഴയ നോക്കിയ ഫോണിൽ കിടന്ന ബിഎസ്എൻഎൽ സിമ്മെടുത്ത് സ്മാർട്ഫോണിലിട്ട് സ്വിച്ച് ഓണാക്കി.
പോരാത്തതിന് ‘ഫെസൂക്കും’, ‘വാട്സാപ്പീം ‘, ‘ഗൂഗിൾപേയും ‘കേറ്റി.
ഉച്ചയ്ക്ക് ഒന്നു നടു ചായ്ക്കാമെന്നു
കരുതി കാലിളകിയ ബഞ്ചിൽ കിടന്നതേയുള്ളൂ .പുറത്തൊരു പോലീസ് ജീപ്പ്.
ജീപ്പീന്നിറങ്ങിയ ഏമാൻമാർ മൊബൈൽ ഫോൺ തപ്പിപ്പിടിച്ചെടുത്തിട്ട് ഒരു വിരട്ടാ ഉടൻ സ്റ്റേഷനിലേക്ക് ചെല്ലണമെന്ന്.
ഫോൺ മോഷണ മുതലാണെത്രെ.
സ്മാർട് ആവാൻ നോക്കിയിട്ട് ഇനി എന്തൊക്കെ പുകിലാണാവോ ഉണ്ടാകാൻ പോകുന്നത് എന്ന ആധിയോടെ മാത്തുക്കുട്ടി ജീപ്പിലോട്ടു കയറി.
ശേഷം ചിന്ത്യം🤔 അവസാനിച്ചു
രാജീവ് രാധാകൃഷ്ണപണിക്കർ
13/3/2022