Writing- Manu Reghu
പ്രവാസിയുടെ പ്രണയം :-
“സുധി… ചെറുക്കനും കൂട്ടരും ഇപ്പൊ എത്തും . അങ്ങോട്ട് ചെന്നേ.. നീ എന്താ ആലോചിച്ചു നിൽക്കുന്നെ.. “
അമ്മാവന്റെ ശകാരം കേട്ടു ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു.
ഞാൻ സുധീഷ്. ഒരു പ്രവാസി ആണ്.
പതിനൊന്നു വർഷമായി കടലിനക്കരെ സ്വപ്നങ്ങളുടെ നാട്ടിൽ കുടുംബത്തിനു ജീവിക്കുന്നു.
എനിക്കു രണ്ടു അനിയത്തിമാരാണ്. വീണയും വിദ്യയും. വീണയാണ് മൂത്തത്.
വീണ ഭർത്താവിനൊപ്പം ഗൾഫിൽ ആണ്.
ഇളയ പെങ്ങളുടെ കല്യാണം ആണ് ഇന്ന്.
പയ്യൻ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.
പയ്യനെ സ്വീകരിച്ചു മണ്ഡപത്തിൽ ഇരുത്തി. മുഹൂത്തം ആയി…. എന്റെ കയ്യും പിടിച്ചു അവൾ മണ്ഡപത്തിൽ നടന്നു കയറി.. താലികെട്ടു മംഗളമായി നടന്നു..
അച്ഛന്റെയും അമ്മയുടെയും ആത്മക്കൾ നിറകണ്ണുകളോടെ കാണുന്നുണ്ട്. എനിക്കു അത് ഫീൽ ആകുന്നുണ്ട്.
സദ്യയുടെയും മറ്റു തിരക്കുകളും ഒക്കെ കഴിഞ്ഞു.. ഒടുവിൽ പുതിയ വീട്ടിലേക്കു ഉള്ള യാത്രക്ക് സമയമായപ്പോൾ എന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ കരഞ്ഞു… അവളെ ആശ്വാസപ്പിക്കാൻ ഞാൻ നന്നായി വിഷമിച്ചു. എന്റെ കണ്ണുകളും നിറഞ്ഞു..
കല്യാണ തിരക്കുകൾ ഒക്കെ ഒഴിഞ്ഞു വീട്ടിൽ അച്ഛമ്മയും ഞാനും മാത്രമായി.. അച്ഛമ്മ നാമജപവും മറ്റുമായി കഴിയുന്നു. വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നിതുടങ്ങിയപ്പോൾ ഞാൻ ഫോൺ എടുത്തു രോഹിണിയെ വിളിച്ചു. കോള് പോകുന്നുണ്ടായിരുന്നില്ല.
ഞാൻ കിടക്കയിൽ കിടന്നു കണ്ണുകൾ അടച്ചു. ഉറങ്ങാൻ പറ്റുന്നില്ല. മനസ്സ് ഓർമ്മകളിലൂടെ കടന്നു പോയി..
അച്ഛനും അമ്മയും അച്ഛമ്മയും ഞങ്ങൾ മൂന്നു മക്കളും അടങ്ങിയതായിരുന്നു എന്റെ കുടുംബം. മൂത്തത് ഞാൻ ആണ്.. താഴെ രണ്ടു അനിയത്തിമാരും. അച്ഛനും പ്രവാസി ആയിരുന്നു.. എനിക്ക് 16 വയസ്സുള്ളപ്പോൾ നാട്ടിൽ സെറ്റിൽ ആയി. അച്ഛന്റെ ഉറ്റ ചങ്ങാതിക്കൊപ്പം ബിസ്സിനെസ്സ് തുടങ്ങി. മൂന്നുനാലു വർഷം കുഴപ്പം ഇല്ലാതെ പോയി.. രണ്ടുപേരും നിഷ്കളങ്കർ ആയതു കൊണ്ട് പരാജയപെട്ടു . കടം കൊണ്ട് രണ്ടാളും പൊറുതി മുട്ടി. ഒടുവിൽ അച്ഛന്റെ സുഹൃത്തും ഭാര്യയും മകളും വിഷം കഴിച്ചു. അവർ രണ്ടുപേരും മരിച്ചു. ആയുസ്സ് ബാക്കിയുള്ളതു കൊണ്ട് മാത്രം മകൾ രക്ഷപെട്ടു. അവളാണ് രോഹിണി. ആ കുട്ടിയെ അച്ഛൻ വീട്ടിലേക്കു കൂട്ടി. അവൾ നമ്മുടെ വീട്ടിലെ ഒരു അംഗമായി മാറി. ഞങ്ങൾ ഒരു പ്രായം ആയിരുന്നു. പഠനവും കളിയും എല്ലാം ഞങ്ങൾ ഒന്നിച്ചു ആയി. അനിയത്തിമാർക്കും അവളെ ജീവനായിരുന്നു. പതിയെ അവൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിമാറി. നമ്മൾക്കിടയിൽ ഒരു രഹസ്യവും ഇല്ലായിരുന്നു. അവളെ ജീവിതം മുഴുവൻ ഒപ്പം കൂട്ടണം എന്നു മോഹിച്ചു. പക്ഷേ പറയാൻ പേടി ഉണ്ടായിരുന്നു. അതിനാൽ പറഞ്ഞില്ല.
കടക്കാർ പ്രശ്നം ഉണ്ടാക്കി തുടങ്ങിയപ്പോൾ വീടും സഥലവും വിറ്റു അച്ഛൻ കടങ്ങൾ ഒക്കെ തീർത്തു. വാടകക്ക് ഒരു വീട് എടുത്തു താമസം തുടങ്ങി. അതോടെ സ്ഥിതി വളരെ മോശമായി. നമ്മൾ നാലു പേരുടെയും പഠിത്തം, വീട്ടിലെ ചിലവ് എല്ലാം കൂടി അച്ഛനെ വല്ലാതെ തളർത്തി. അതോടെ രോഹിണിയുടെ ചെറിയച്ഛൻ അവളെ കൂട്ടിക്കൊണ്ട് പോയി. അവളുടെ ചെറിയമ്മയ്ക്ക് അവളെ ഇഷ്ടമല്ല. പക്ഷേ വേറെ മാർഗം നമുക്ക് ഇല്ലായിരുന്നു. എങ്കിലും വല്ലപ്പോഴും അമ്മയും ഞാനും അവളെ പോയി കാണുമായിരുന്നു.
കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം നഷ്ടപെട്ട വിഷമത്തിൽ അച്ഛൻ മദ്യപാനം തുടങ്ങി.
കുടുംബത്തിന്റെ അവസ്ഥ ദിനംപ്രതി മോശമായി വന്നപ്പോൾ എന്റെ ഒരു കൂട്ടുകാരന്റെ അച്ഛൻ വഴി ഒരു വിസ തരപ്പെടുത്തി ഗൾഫിൽ എത്തി. അത്യാവശ്യം ശമ്പളം ഒകെ ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും കുടുംബം രക്ഷിക്കണം എന്ന ചിന്ത മാത്രം മനസിൽ ബാക്കി. പക്ഷെ ഉള്ളിൽ എവിടെയോ രോഹിണിയും ഉണ്ടായിരുന്നു.
വീട്ടിലേക് വിളിക്കുമ്പോൾ അവളുടെ കാര്യം അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാം സഹിച്ചു, വളരെ കഷ്ടപ്പെട്ട് ഓരോന്നായി ഉണ്ടാക്കി. ഒരു ചെറിയ വീട് വാങ്ങി. അനിയത്തിമാരെ നല്ല രീതിയിൽ പഠിപ്പിച്ചു. ഒടുവിൽ ജീവിതം പഴയ പോലെ ആയി. പക്ഷെ ഇപ്പോൾ രോഹിണിയുടെ വിവരങ്ങൾ ഒന്നും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല…
മൂന്നു വർഷം കഴിഞ്ഞു അച്ഛനു സുഖമില്ല എന്നറിഞ്ഞു ഞാൻ നാട്ടിലേക്കു വന്നു. അച്ഛനു അസുഖം കുറച്ചു കൂടുതൽ ആയിരുന്നു. 4-5 ദിവസം ആശുപത്രിയിൽ കിടന്നു അച്ഛൻ പോയി. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു. ഓരോന്ന് ഓർത്തു ഇരിക്കുമ്പോൾ വീണ അരികിൽ വന്നിരുന്നു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി.
” രോഹിണി ഇപ്പോൾ എവിടെയാ. അച്ഛൻ പോയിട്ട് അവൾ ഒന്നു വന്നില്ലല്ലോ വീണേ “
വീണ ഒന്നു വിതുമ്പി. ” ചേട്ടാ , രോഹിണി ചേച്ചിയുടെ ചെറിയച്ഛൻ മരിച്ചു. ഇപ്പോൾ ചേച്ചിയുടെ കാര്യം വലിയ കഷ്ടമാ. ആ തള്ള, അവർ ഒരു ദുഷ്ടയാ. ഫോൺ വിളിച്ചാൽ പോലും ചേച്ചിയോട് സംസാരിക്കാൻ പറ്റൂല്ല.. ചേട്ടൻ പോയി ചേച്ചിയെ കാണണം “.
പിറ്റേ ദിവസം ഞാൻ രോഹിണിയുടെ ചെറിയച്ഛന്റെ വീട്ടിലേക്കു പോയി. അവിടെ മുറ്റത്തു അവരുടെ മകൻ വിമൽ ബൈക്ക് തുടക്കുന്നുണ്ടായിരുന്നു. അവൻ എഴുന്നേറ്റു, അകത്തേക്ക് ഒന്നു നോക്കി. അവനോടു ഞാൻ പറഞ്ഞു.
“രോഹിണി ഇല്ലേ, രോഹിണിയെ ഒന്നു കാണണം.”
” ഇത് രോഹിണിയുടെ വീടല്ല..അവൾ എവിടെയാണെന്ന് ഇവിടെ ആർക്കും അറിയില്ല….അവളെ അന്വേഷിച്ചു ഇങ്ങോട്ട് ആരും വരണ്ട. ” മറുപടി വന്നത് അകത്തു നിന്നായിരുന്നു. അവളുടെ ചെറിയമ്മ ആയിരുന്നു. പരിചയഭാവം പോലും കാണിച്ചില്ല. എന്നോട് എന്തോ മുൻവൈരാഗ്യം ഉള്ള പോലെ ആയിരുന്നു മറുപടി.. പിന്നെ ഞാൻ അവിടെ നിന്നില്ല.
എങ്ങനെയും അവളെ കണ്ടെത്തണം എന്നു മനസ്സിൽ ഉറപ്പിച്ചു ബസ് കാത്തു നില്കുകയായിരുന്നു. അപ്പോൾ വിമൽ ഓടി വന്നു.
“സുധിയേട്ടാ.. ചേച്ചിയെ അമ്മ ഇറക്കി വിട്ടു. ഇപ്പോൾ ടൗണിലെ അശോകേട്ടന്റെ തുണികടയിൽ ജോലിക്ക് പോകുന്നു. താമസം ഏതോ ഹോസ്റ്റലിൽ ആണ്. ഏതാണെന്നു അറിയില്ല. ഞാൻ പോട്ടെ, അമ്മ അറിഞ്ഞാൽ പ്രശ്നമാണ് ..” അതും പറഞ്ഞു അവൻ പോയി.
അശോകേട്ടൻ എന്റെ കൂട്ടുകാരന്റെ ജേഷ്ഠൻ ആയിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ പുള്ളിക്കാരനു അറിയാമായിരുന്നു. ഞാൻ അശോകേട്ടന്റെ കടയിലേക്ക് പോയി. ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ഞാൻ പുള്ളിയുടെ മുറിയിൽ കയറി ചെന്നു. ചേട്ടൻ എന്നോട് വീട്ടിലെ കാര്യങ്ങളും മറ്റും ഒക്കെ തിരക്കി. സംസാരിക്കുന്നതിനിടയിലും ഞാൻ രോഹിണിയെ നോക്കുന്നുണ്ടായിരുന്നു.. അത് കണ്ടിട്ടാകാണം അശോകൻ ചേട്ടൻ ചോദിച്ചു.
“നീ എന്താ നോക്കുന്നത്.”
“ഞാൻ രോഹിണിയെ കാണാൻ വന്നതാ. അവളുടെ ചെറിയമ്മയെ ചെന്നു കണ്ടു, അവർക്കു അറിയില്ല എന്നു പറഞ്ഞു. അവരുടെ മകൻ പറഞ്ഞു ഇവിടെയാണ് ജോലി ചെയ്യുന്നത് എന്നു. എനിക്കു അവളെ ഒന്നു കാണണം. “
“അവൾ മുകളിൽ ഉണ്ട്. ആ തള്ളയെ കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഇറങ്ങി പോന്നതാ. എന്നോട് ഒരു ജോലി തരുമോ എന്ന് ചോദിച്ചു. അന്നത്തെ അവളുടെ അവസ്ഥ കണ്ടു ഞാൻ ഇവിടെ നിർത്തി. പക്ഷെ അവൾ മിടുക്കിയാ . എല്ലാം വൃത്തിയായി ചെയ്യും. നല്ല ശ്രദ്ധ ഉണ്ട്. സാരീ സെക്ഷനിൽ ഉണ്ട്. ചെല്ല് പോയി കണ്ടിട്ട് വാ.”
ഞാൻ സാരീ സെക്ഷനിലേക്ക് പോയി. കൌണ്ടറിന്റെ ഒരു മൂലയ്ക്ക് അവൾ ഇരിക്കുന്നു. എനിക്കു എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലാ. എന്റെ രോഹിണി…. ആകെ മെലിഞ്ഞു, മുഖത്തെ ഐശ്വര്യമൊക്കെ നശിച്ചു, കണ്ണുകളിലെ തിളക്കം മാഞ്ഞു, ഏതോ നാടോടി പെണ്ണിനെ പോലെ തോന്നി. എന്നെ കണ്ടതും എഴുന്നേറ്റു. ഞാൻ വിളിച്ചു
“രോഹിണി….”
അവൾ എന്റെ അടുത്തു വന്നു. നിറകണ്ണുകളോടെ
” സുധി, എത്ര നാളായെട നിന്നെ ഒന്നു കണ്ടിട്ട്. എന്നെ മറന്നുകാണും എന്നാ ഞാൻ കരുതിയതു “.
എന്റെ കണ്ണുകൾ നിറഞ്ഞു. അല്പസമയം ഞാൻ അവളെ നോക്കിനിന്നു.
” എന്താ രോഹിണി ഇത്, നിനക്കെന്താ പറ്റിയത്, (മറുപടി ഒരു വിതുമ്പൽ ആയിരുന്നു.)
രോഹിണി, നീ വാ, നമുക്കൊന്ന് എന്റെ വീട് വരെ പോകാം. അമ്മയും അനിയത്തിമാരും നിന്നെ ഒന്നു കാണണം എന്നു പറഞ്ഞു. ഞാൻ അശോകേട്ടനോട് ചോദിക്കാം. ഞാൻ താഴെ ഉണ്ടാകും. “
അവൾ വന്നു.
അശോകേട്ടനോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി. ഞങ്ങൾ നേരെ എന്റെ വീട്ടിലേക് പോയി. വരുന്ന വഴി ഞങ്ങൾ ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തിയപ്പോൾ ആണ് അച്ഛന്റെ മരണ വിവരം അവൾ അറിഞ്ഞത്. അവൾ എന്നെ നിറകണ്ണുകളോടെ നോക്കി. എനിക്കു ഒന്നും പറയാൻ കഴിഞ്ഞില്ല. അപ്പോൾ അമ്മയും അനിയത്തിമാരും പുറത്തേക്കു വന്നു. പിന്നെ അവിടെ കൂട്ട കരച്ചിൽ ആയി. കണ്ടു നില്കാൻ കഴിയാതെ ഞാൻ അകത്തേക്ക് പോയി. ഉച്ചയ്ക്ക് ചോറുണ്ണാൻ അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഊണ് കഴിഞ്ഞു ഞാൻ വീണ്ടും ഒന്നും മയങ്ങി. വൈകുന്നേരം ആയപ്പോൾ അമ്മ വിളിച്ചുണർത്തി.
” മോനെ നീ രോഹിണി മോളെ കൊണ്ട് വിട്ട് വാ.”
ഞാൻ അവളെ തിരികെ ഹോസ്റ്റലിൽ കൊണ്ട് വിട്ടു. അവളോട് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു. നടന്നില്ല.
” രോഹിണി, ഞാൻ മറ്റെന്നാൾ തിരിച്ചു പോകും. എനിക്കു നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. നാളെ അമ്പല ക്കുളത്തിൽ ഞാൻ വരും. നീ വരണം. “
അവൾ മറുപടി ഒന്നും പറഞ്ഞില്ല. അവൾ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ തിരിച്ചു പോയി. പിറ്റേന്ന് സന്ധ്യക്ക് ഞാൻ എത്തി പുറത്തു കാത്തു നിന്നു. അവൾ വന്നു. ഞങ്ങൾ ഇരുവരും കുളകടവിൽ വന്നിരുന്നു.
” എന്താ സുധി പറയാനുണ്ട് എന്നുപറഞ്ഞതു. “
” രോഹിണി, ഞാൻ… എങ്ങനെ പറയണം എന്നു എനിക്കറിയില്ല. പറയുന്നത് ശെരിയാണോ എന്നും അറിയില്ല. “
” നീ കാര്യം പറ. നമ്മൾ അപരിചിതർ അല്ലല്ലോ. “
” പറയാം. നമ്മൾ ഒരുമിച്ചു കളിച്ചു വളർന്നവരാ, നിനക്ക് എന്നെയും എനിക്ക് നിന്നെയും അറിയാം. ഒത്തിരി നാളുകൾക്കു മുന്നേ പറയണം എന്ന് കരുതിയതാ. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആണ്. ജീവിത കാലം മുഴുവൻ നീ കൂടെ വേണം എന്നൊരു മോഹം, കഴിയുമോ നിനക്ക് എന്റെ ഒപ്പം ചേരാൻ. “
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
” എടാ…. ഞാൻ കേൾക്കാൻ ഏറ്റവും ആഗ്രഹിച്ച വാക്കുകൾ ആണിത്. നിന്നോട് പറയണം എന്ന് ആഗ്രഹിച്ച വാക്കുകൾ. ചെറിയമ്മ ദ്രോഹിച്ചപ്പോഴും, ഇറക്കി വിട്ടപ്പോഴും ജീവിതം അവസാനിപ്പിക്കാതെ കാത്തിരുന്നത് നിന്നോട് ഇത് പറയണം എന്ന് കരുതി മാത്രമായിരുന്നു. പക്ഷേ നീ ഇപ്പോൾ ഇത് എന്നോട് പറഞ്ഞു. ഒത്തിരി സന്തോഷം ആയി.”
പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. ഞാൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു പറഞ്ഞു.
” രോഹിണി.. ഇനി നീ എന്റേത് മാത്രമാണ്. ഇനി ആരും നിന്നെ വേദനിപ്പിക്കില്ല . ഇത് എന്റെ വാക്കാണ്. നമ്മൾ ജീവിക്കും ഒരുമിച്ചു. “
തിരികെ വീട്ടിലെത്തി. രാത്രി അമ്മയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. അമ്മക്ക് പൂർണ സമ്മതം. അമ്മയ്ക്കും അവളെ അത്രക്ക് ഇഷ്ടമായിരുന്നു. വേറെ ആരും അറിയണ്ട എന്ന് ഞാൻ അമ്മയോട് പറഞ്ഞു. പിറ്റേന്ന് ഞാൻ തിരിച്ചു പോയി.
വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു.
ഇതിനിടെ വീണയുടെ കല്യാണം ഉറപ്പിച്ചു. നല്ല രീതിയിൽ അവളുടെ കല്യാണം നടത്തി. വിദ്യ ബീ ടെക് കഴിഞ്ഞു ഒരു ചെറിയ ജോലിയിൽ കയറി. രോഹിണി അവളുടെ ജോലിയോടൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി. അതിനിടെ അമ്മ അച്ഛന്റെ അടുത്തേക്ക് യാത്രയായി. ( അവരെ വീണ്ടും ഒന്നിപ്പിക്കാൻ ദൈവം ഒരു ആക്സിഡന്റ് ഉണ്ടാക്കിയെടുത്തു) എല്ലാം മതിയാക്കി നാട്ടിൽ വന്നാലോ എന്നൊക്കെ ചിന്തിച്ചു. പക്ഷെ വിദ്യയുടെ കാര്യം ആലോചിച്ചു വീണ്ടും അവിടെ തുടർന്നു. രോഹിണി എല്ലാത്തിനും ധൈര്യം തന്നു. ഒരു ഭാര്യയെപോലെ തന്നെ.
വിദ്യക്കു നല്ല ഒരു ആലോചന വീണ തന്നെ കൊണ്ടുവന്നു. ഞാൻ വിദ്യമോളോട് സംസാരിച്ചു. അവൾക്കു ഇഷ്ടമാണ്. ഞങ്ങൾ അത് ഉറപ്പിച്ചു. ഇപ്പോൾ അതും ഭംഗിയായി നടത്തി. ജീവിതത്തിൽ അച്ഛൻ ബാക്കിവെച്ചത് ഒക്കെ ചെയ്തു തീർത്തു. മനസ്സിനു ഒരു സമാധാനം.
ഇനി രോഹിണിയെയും കൂട്ടി സന്തോഷമായ ഒരു കുടുംബ ജീവിതം,കുട്ടികൾ, അവരുടെ പഠിത്തം, കല്യാണം……….
ഇങ്ങനെ ഒക്കെ ചിന്തിച്ചു കിടന്നപ്പോൾ മൊബൈൽ ചിലച്ചു.. എടുത്തു നോക്കിയപ്പോൾ രോഹിണി. കല്യാണപന്തലിൽ വെച്ച് മൈൻഡ് ചെയ്തില്ല എന്നൊക്കെ പരിഭവം പറഞ്ഞു. . പക്ഷെ ഞങ്ങൾക്കു പിണങ്ങാൻ കഴിയില്ല. കാരണം അവൾക്കു എന്നെയും എനിക്കു അവളെയും നന്നായി അറിയാം. ഞങ്ങൾ പിന്നെയും കുറെ സംസാരിച്ചു. ഉറങ്ങിയപ്പോൾ ഒത്തിരി താമസിച്ചു.
ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു . ഞാൻ അനിയത്തിമാരോട് രോഹിണിയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ചേട്ടന്റെ ഇഷ്ടത്തിന് അവർ ഒപ്പമുണ്ട് എന്നു പറഞ്ഞു.
തിരിച്ചു പോകാനുള്ള സമയം ആയി. രണ്ടു ദിവസം കഴിഞ്ഞു പോകണം. രാത്രി ചോറൊക്കെ കഴിച്ചു ഉറങ്ങാൻ കിടന്നു. പക്ഷെ സന്തോഷം കൊണ്ടാകണം, ഉറങ്ങാൻ കഴിഞ്ഞില്ല.
നാളെ രോഹിണിയെ ചെന്നു കാണണം. അവളെ മാറോടു ചേർത്ത് പിടിച്ചു കൊണ്ട് പറയണം.
” അടുത്ത വരവിനു നമ്മൾ കാത്തിരിന്ന നമ്മുടെ കല്യാണം”എന്നു. അവളുടെ പ്രതികരണം എനിക്കൂഹിക്കാമായിരുന്നു.. സന്തോഷ കൊണ്ട് വിടർന്ന കണ്ണുകൾ, നാണം കൊണ്ട് ചുവന്ന കവിൾ, ചിരിക്കണോ വേണ്ടെയോ എന്നു സംശയിച്ചു നിൽക്കുന്ന ചുണ്ടുകൾ. പിന്നെ എന്നെ ഇറുക്കി ഒരു കെട്ടിപ്പിടിതവും ……
ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു. സുന്ദര സ്വപ്നങ്ങൾ കണ്ടുകൊണ്ട്….
” സ്വപ്നങ്ങൾ അവസാനിക്കുന്നില്ല “