
പ്രണയലേഖനമായിരുന്നു…💓💓💓
രചന : ഹിമ നവീൻ
“ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ…… ആതിര വരും പോകുമല്ലേ സഖീ……”
വീണ്ടുമാ വരികൾ കേട്ടെന്റെ നെറ്റി ചുളിഞ്ഞു… ഇതും കൂടി ചേർത്തിത് എട്ടാമത്തെ തവണയാണ് ആവർത്തിച്ചു കേൾക്കുന്നത്… സ്റ്റേജിന് മുൻപിൽ നിന്നിറങ്ങി പോയാലോ എന്നു പോലും തോന്നി…
ഈ കവിത ഒത്തിരി ഇഷ്ടമാണ്… പക്ഷെ അതിനെ നശിപ്പിക്കും പോലെയാണ് ഈ 8 തവണയും തോന്നിയത്…
കവിതകളോടും സഹിത്യത്തോടും ഭ്രമം തീരെയില്ലാത്ത എനിക്ക് പക്ഷെ കവിത പാടി കേൾക്കുന്നത് എന്തോ ഇഷ്ടമാണ്… അതു കൊണ്ട് മാത്രമാണ് ഉറ്റ സുഹൃത്ത് ദീപ വേണ്ടെന്ന് ആയിരം വട്ടം പറഞ്ഞിട്ടും കേൾക്കാതെ അവളേം പിടിച്ചു വെച്ച് ഈ ഇരിപ്പിരിക്കുന്നത്….
“അത് മാത്രമാണോ കാര്യം……?
ഒളികണ്ണിട്ട് ചോദിക്കുന്ന മനസ്സിനെ ചുണ്ടു കൂട്ടിപ്പിടിച്ച ചിരിയോടെ ഇടം കണ്ണെറിഞ്ഞു നോക്കി ഞാൻ….
അതിനുത്തരം കൊടുത്തതെന്റെ നെഞ്ചിടിപ്പാണ്…. കാതിലേക്കാ സ്വരമെത്തിയ അടുത്ത സെക്കന്റിൽ..
കവിതാ മഹോത്സവം എന്നു പേരിട്ട് കോളേജ് യൂണിയൻ നടത്തുന്ന ആ മത്സരത്തിന് അപ്പോഴാണ് ജീവൻ വെച്ചതെന്ന് കാണികളായി ഇരിക്കുന്ന ഓരോരുത്തരുടെയും മുഖത്ത് നേരിയ ചിരിയോടെ തെളിഞ്ഞപ്പോൾ മനസ്സിലൊരു ശീലക്കുടയാൽ ഞാനൊളിപ്പിക്കുന്ന എന്റെ പ്രണയത്തെ ആരോ ബലം പ്രയോഗിച്ച് മറ നീക്കി പിടിച്ചു വലിച്ചു മുന്നിലേക്ക് നീക്കി നിർത്തിയ പോലെയായിരുന്നു…
“എന്റെ കൈ പിടിച്ച് ഞെരിക്കാതെ പെണ്ണേ… നീയിതിന് വേണ്ടിയാണിങ്ങനെയൊരു ബോറൻ പരിപാടിക്കെന്നെ പിടിച്ചു വെച്ചതെന്ന് എനിക്കപ്പഴേ തോന്നി… തല കുമ്പിട്ടിരിക്കാതെ ആ ഉണ്ണി മുഖത്തേക്കൊന്നു നോക്ക്…. ദേ ഉണ്ണിക്കണ്ണ് മുഴുവൻ നിന്റെ നോട്ടത്തെ പ്രതീക്ഷിച്ചിരിക്കുവാ…..”
ചെറു ചിരിയോടെ പറഞ്ഞ ദീപയെ കൂർപ്പിച്ചു നോക്കുമ്പോഴും ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു… കണ്ണുകൾ ഉയർത്തി നോക്കി…. കണ്പീലികൾ പിന്നെ അനങ്ങിയില്ല….. എനിക്കായ് വിരിയുന്ന ആ ചിരിയിൽ ഞാനെന്നെ മറന്നു വെച്ചു പോയി…
ഉണ്ണികൃഷ്ണൻ……എം എ മലയാളം അവസാന വർഷ വിദ്യാർത്ഥി… ആ രൂപവും ചിരിയും എന്നെ സ്വാധീനിച്ചത് എപ്പോൾ മുതലാണെന്ന് ചോദിച്ചാൽ.. കഴിഞ്ഞ വർഷമിവിടെ ചേർന്ന അന്ന് തന്നെ എന്നു പറയേണ്ടി വരും… ഡിഗ്രി അഡ്മിഷനെടുത്ത് അച്ഛനോടൊപ്പം തിരികെ ഇറങ്ങുമ്പോൾ ഉണ്ണിക്കുട്ടാ എന്നൊരു നീട്ടിയ വിളി കേട്ട് തിരിഞ്ഞു നോക്കുന്നതിനിടെ മുന്നിൽ വരുന്ന ആളെ കണ്ടില്ല… കൂട്ടി മുട്ടി കയ്യിലുള്ള ഫയലെല്ലാം താഴെ വീണ ഈർഷ്യയോടെയാണ് നേരെ നോക്കിയത്… ഒരു സോറിയും പറഞ് താഴെ പോയ പേപ്പേഴ്‌സ് ഒക്കെ ശ്രദ്ധയോടെ എടുത്ത് പരിഭ്രമത്തോടെ വിളർച്ചയോടെ തനിക്ക് നേരെ നീട്ടിയ ആളെ കണ്ട് ഹൃദയമന്നാദ്യമായി ചാഞ്ചല്യപ്പെട്ടു എന്നതാണ് സത്യം…
യാന്ത്രികമായി കൈ നീട്ടി ആ കയ്യിൽ നിന്നതെല്ലാം വാങ്ങുമ്പോൾ ആ കണ്ണിലൊരു തിളക്കം കണ്ടെന്റെ ചുണ്ടിലെന്നെ പോലും മറന്നു കൊണ്ടൊരു നേർത്ത ചിരി വിരിഞ്ഞു… അച്ഛനോടെന്തൊക്കെയോ സംസാരിച്ചു പരിചയപ്പെടുന്ന അവനെ ഇടക്കിടെ എന്റെ കണ്ണുകൾ തേടി ചെന്നു… ക്യാമ്പസിൽ ചെത്തി പൊളിച്ചു നടക്കുന്ന ചെക്കന്മാരിൽ നിന്നും തീർത്തും വ്യത്യസ്തമായൊരാൾ…. ഉണ്ണികൃഷ്ണൻ എന്ന് പേര് പറഞ് അച്ഛന് കൈകൊടുക്കുമ്പോൾ എന്തോ വീണ്ടുമെന്റെ മുഖത്തൊരു ചിരി തെളിഞ്ഞു… ചെറിയ എണ്ണമയത്തിൽ അടങ്ങി ഒതുങ്ങി നിൽക്കുന്ന ചുരുണ്ട മുടി… ഇരു നിറമുള്ള ശരീരവും ആവശ്യത്തിന് പൊക്കവും ഉള്ള തനിനാട്ടിൻ പുറം ചേലുള്ള അവന്റെ അഴക് മുഴുവൻ ചാലിച്ചെടുത്തിരിക്കുന്നത് ആ ചുണ്ടുകളിൽ എപ്പോഴും മായാതെ നിൽക്കുന്ന ആ ചിരിയാണ്… ഹൃദ്യം…. എന്നെന്റെ മനസ്സവനെ വാഴ്ത്തി പാടി…
ആ ചെറിയ പരിചയപ്പെടൽ അവസാനിപ്പിച്ച് മുന്നോട്ട് നടന്ന അച്ഛന്റെ പിറകിലായി നടക്കുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കെന്ന് മനസ്സാർത്തി കാണിക്കുന്നത് കേൾക്കെ ഞാനതിനെ പല്ലിറുമ്മി നോക്കി… പക്ഷെ എന്റെ പിടിയിൽ നിന്നും കുതറിയത് കണ്ണുകളെ പിറകിലേക്ക് വലിച്ചിട്ടു… കണ്ണ് നിറഞ്ഞു കാണെന്ന് കാതിലടക്കം പറഞ്ഞു…
ഹൃദയമിടിപ്പ് പാരമ്യതയിലെത്തിച്ചു കൊണ്ട് അവനും പിന്തിരിഞ്ഞു നോക്കിയ നോട്ടം… ശരീരമാകെ വൈദ്യുതി പ്രവഹിച്ച പോലെ എനിക്കായ് ആദ്യമായ് നൽകിയ ആ പുഞ്ചിരി എന്റെ നെഞ്ചിടിപ്പിനെ കാർന്നു തിന്നാൻ തുടങ്ങിയെന്ന് തോന്നവേ ദൃതിയിൽ നോട്ടം മാറ്റി ഞാനച്ചനു പിന്നാലെ ഓടി…. അതായിരുന്നു തുടക്കം…
ഫ്രഷേഴ്‌സ് ഡേയിൽ പാട്ടു പാടാൻ ലോട്ട് കിട്ടിയ നേരം അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് മുട്ടിടിച്ചു നിൽക്കുമ്പോൾ എനിക്ക് ആത്മവിശ്വാസം നല്കാനെന്ന പോലെ കൂട്ടുകാർക്കിടയിൽ നിന്ന് മുന്നിലേക്ക് കയറി നിന്ന ഉണ്ണികൃഷ്ണൻ കൺ ചിമ്മി ചിരിച്ച് പിരികമുയർത്തി പാടിക്കോ എന്ന് പറയാതെ പറഞ്ഞപ്പോൾ ഉള്ളിലുണ്ടായ കുളിര് മഞ്ഞു കാലത്തു പോലും അനുഭവിച്ചറിഞ്ഞിരുന്നില്ല…
കൂവൽ കേട്ട് എന്റെ കണ്ണീലൂറിയ കണ്ണുനീർ കണ്ടവന്റെ മുഖത്ത് പ്രതിഫലച്ച അസ്വസ്ഥത അന്ന് രാത്രിയെന്നിൽ ഉറങ്ങാനാവാത്ത വിധം ലഹരിയായി പടർന്നു… ആദ്യത്തെ അനുഭവമാണിതെല്ലാം…. വല്ലാത്ത… വല്ലാത്തൊരു സുഖം…
ഉണ്ണികൃഷ്ണൻ എം എ മലയാളം… എന്ന് ഉരുവിട്ടു കൊണ്ട് ചെറു ചിരി മായാതെ മനസ്സ് തുടിച്ചു തുടങ്ങിയത് എന്നെ വിളിക്കുന്ന ആ വിളി കാതുകളിൽ വന്ന് പറ്റിപ്പിടിച്ചു തുടങ്ങിയതു മുതലാണ്..
“ഡോ…. മഞ്ഞു തുള്ളി…….!!!”
പേരിന്റെ അർത്ഥം ചികഞ്ഞു വിളിക്കുന്നതാണ്…. എന്തോ…. എന്റെ ഉയിരും ഉടലും വിറക്കും പോലെയാ വിളി സിരകളിലൊരു തിരയിളക്കം സൃഷ്ടിച്ചിരുന്നു.…
എന്നും പര്സപരമൊരു പുഞ്ചിരി കൈമാറി പറയാനേറെയുണ്ടെന്ന പോലൊരു നോട്ടം കൈമാറി ദിവസങ്ങൾ പോയ് മറയുമ്പോൾ മനസ്സുകൊണ്ട് എത്രയോ അടുപ്പമുള്ളവരായി തീർന്നിരുന്നു ഞങ്ങൾ… പരസ്പരം തുറന്നു പറയാതെ പ്രണയമെന്ന അനുഭൂതിയിൽ ആവോളം വിഹരിച്ച് നിശബ്ദമായി ആഘോഷിക്കുകയായിരുന്നു…
സ്‌കൂൾ മാഷായ അച്ഛനും വീട്ടമ്മയായ അമ്മയും പത്തിൽ പഠിക്കുന്ന അനിയത്തിയും… ഉണ്ണികൃഷ്ണന്റെ ആ ലോകത്തേക്ക് എന്റെ പേര് കൂടി കൂട്ടിച്ചേർത്തെന്ന് ഒരിക്കൽ ലൈബ്രററിയിൽ വെച്ച് നേർത്ത ശബ്ദത്തിൽ നേർത്ത ചിരിയോടെ പറഞ് മറി കടന്നു പോയപ്പോൾ ഉള്ളിൽ തിരയടിച്ച സന്തോഷം മുഴുവനും ചുണ്ടിലൊരു ചിരിയായി തെളിഞ്ഞു…. എന്റെ മറുപടിക്കായി വാശി പിടിച്ചില്ലവൻ… മറ്റുള്ളവർക്കൊരു കിസയായ് പാടി നടക്കാൻ ഞങ്ങളുടെ പ്രണയത്തെയവൻ ഇട്ടു കൊടുത്തില്ല… എനിക്കായ് എവിടെയും കാത്തു നിന്നില്ല… എങ്കിലും ഞാനാ സാമിപ്യം അറിയാതിരുന്നിട്ടുമില്ല…. എതിരെ നടന്നു വരുമ്പോൾ നൽകുന്ന ചിരിയിൽ….. ഒറ്റക്കാണെങ്കിൽ മഞ്ഞു തുള്ളിയെന്ന് പതിയെ വിളിക്കുന്ന വിളിയിൽ, അവൻ വരുമെന്നുള്ളത് കൊണ്ട് മാത്രം ലൈബ്രറിയിലെത്തുമ്പോൾ ആരുമേ ശ്രദ്ധിക്കാതെ കൺ മുന്നിലേക്ക് വച്ചു പോകുന്ന പുസ്തകങ്ങളിൽ പ്രണയം പറഞ്ഞ് ഉണ്ണികൃഷ്ണനും അവന്റെ മഞ്ഞു തുള്ളിയും അവരുടെതു മാത്രമായൊരു ലോകം തീർത്തു….
” എന്നാലും നിന്റെ ഈ ഉണ്ണിക്കുട്ടനൊന്നു മാറിക്കൂടെ.. മുടിയൊക്കെ എണ്ണേം തേച്ച് ചന്ദന കുറിയും തൊട്ട് കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയില്ലെന്ന പോലെ ഒരു സൈക്കിളും പിടിച്ച്… ഈ ക്യാമ്പസിൽ വേറെ ആരേലും ഉണ്ടോ ഇങ്ങനെ… പിള്ളേരൊക്കെ ബൈക്കിൽ ചെത്തി പൊളിച്ചാ വരണേ…. കാണാൻ അത്യാവശ്യം ചേലൊക്കെ ഇല്ലേ.. ഇങ്ങേർക്കിത്തിരി ഫാഷനബിൾ ആയി ചിന്തിച്ചൂടെ…. നിനക്കെങ്കിലും ഒന്നു പറഞ്ഞൂടെഡി പോത്തെ….”
ഉണ്ണികൃഷ്ണൻ എന്ന് പേരുരുവിട്ട് സ്റ്റേജിൽ നിൽക്കുന്നയാളെ നോക്കാതെ ആ നാവിൽ നിന്നൊഴുകുന്ന കവിതാ ശകലം ആസ്വദിച്ച് ഞങ്ങളുടെ മൗന പ്രണയത്തിന്റെ നിറങ്ങൾ ആസ്വദിച്ച് മറ്റേതോ ലോകത്തിലെന്ന പോലെ മതി മറന്നിരുന്ന എന്നെ സ്വബോധത്തിലേക്ക് തിരികെ എത്തിച്ചത് ദീപയുടെ ചോദ്യമാണ്…
മറുപടി പറയും മുൻപേ ഞാനവളെ കൂർപ്പിച്ചു നോക്കി… അവൾ ചുണ്ടു കൂർപ്പിച്ചു ചിരിക്കുന്നുണ്ട്…
” എന്തിന്.. എന്തിന് മാറണം… ആ വേഷത്തിനെന്താ കുഴപ്പം… എനിക്കിഷ്ടാ അങ്ങനെ… അങ്ങനെയല്ലേൽ പിന്നെ ഉണ്ണികൃഷ്ണൻ ആവോ… മറ്റാരോ ആയിപ്പോകും.. ഇങ്ങനെ കാണാനാ എനിക്കിഷ്ടം… വല്ലാത്തിഷ്ടം…”
പറഞ്ഞു കഴിഞ്ഞാണ് എന്തൊക്കെയോ വിളിച്ചു പറഞ്ഞെന്നുള്ള ബോധം വന്നത്.. അവളുടെ ചുണ്ടു കൂട്ടിപ്പിടിച്ച ചിരിയും തലയാട്ടലും കണ്ട് കണ്ണിറുക്കി അടച്ച് താഴേക്ക് നോക്കി…
“എന്തോ… എങ്ങനെ… അങ്ങനെ വഴിക്ക് വാ മോളെ… ഇത് നിന്റെ തിരു വായീന്ന് ഒന്നു കേൾക്കാൻ ഈ ജന്മത്തു കഴിയുമെന്ന് കരുതീതല്ല…. “
“പോടി….” ചമ്മലും നാണവും കൊണ്ട് അവളുടെ കൈത്തണ്ടയിൽ പതിയെ അടിച്ചു ഞാൻ എഴുന്നേൽക്കാൻ ഒരുങ്ങുമ്പോഴേക്കും അവളെന്നെ പിടിച്ചു വച്ചിരുന്നു…
” ഹാ..പോകാതെ.. ഒരു കാര്യം ചോദിക്കട്ടെന്നേ…. നാളെ വാലന്റൈൻസ് ഡേ അല്ലെ… ഗിഫ്റ്റ് എന്തേലും തരോ നിന്റെ ഉണ്ണിക്കുട്ടൻ… ?”
ചെറു ചിരിയോടെ അവൾ ചോദിച്ചപ്പോഴാണ് ഞാനുമത് ഓർത്തെടുത്തത്…. ഉള്ളിലേതെതോ വർണങ്ങൾ പൊട്ടിച്ചിതറും പോലെ… അതേ… പ്രണയമെന്തെന്ന് ഹൃദയം രുചിച്ചറിയാൻ തുടങ്ങിയ ശേഷം വരുന്ന ആദ്യ പ്രണയ ദിനം… എങ്ങനെയായിരിക്കും ആ ദിവസം കടന്നു പോവുക… ഓർത്തു വെക്കാനിനിയൊരു സമ്മാനത്തിന്റെ ആവശ്യമില്ല… ആ ചിരി ഒന്നു മാത്രംമതി…. ആ കണ്ണിലെന്റെ നിഴൽ മായാതെ മറയാതെ നിൽക്കുന്ന കാഴ്ച്ച മതി… എങ്കിലും എന്തോ ഒരു ജിജ്ഞാസ…. അവൾ ചോദിച്ചതു പോലെ എനിക്കായ് എന്തെങ്കിലും കരുതി വച്ചിരിക്കുമോ അവൻ….”
” പോടി…. എന്തിനാ അതൊക്കെ…”
അലസമായി ചിരിച്ചു കൊണ്ടവൾക്ക് മറുപടി കൊടുത്ത് അവിടെ നിന്നെഴുന്നേൽക്കുമ്പോൾ സ്റ്റേജിനു പിറക് വശത്തു നിന്നും മുൻപിലേക്ക് നടന്നു വരുന്ന ഉണ്ണികൃഷ്ണന്റെ കണ്ണുകളുമായി എന്റെ നോട്ടമിടഞ്ഞു.. ആ കണ്ണിലെനിക്ക് മാത്രം പൂത്തു നിൽക്കുന്ന പ്രണയത്തെ മനസ്സിലേക്ക് പകർത്തി എടുത്ത് ചെറു ചിരിയോടെ ക്യാമ്പസിൽ നിന്നുമിറങ്ങാൻ തുടങ്ങുമ്പോൾ പ്രതീക്ഷിച്ച പോലെ പതിയെ ആ ചോദ്യമെത്തി…
” മഞ്ഞു തുള്ളിക്കെന്റെ കവിത ഇഷ്ടായോ…?”
തിരിഞ്ഞു നിന്നൊരു ചിരി മാത്രം നൽകി പുറത്തേയ്ക്ക് ഓടിയിറങ്ങുമ്പോൾ ആ മുഖത്തെ പ്രകാശിപ്പിച്ചു കൊണ്ട് വിരിഞ്ഞ പുഞ്ചിരി കടം വാങ്ങിക്കൊണ്ടെന്റെ നെഞ്ചിടിപ്പ് എന്നെക്കാൾ വേഗതയിൽ ഒടുന്നുണ്ടായിരുന്നു…
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
കമ്പ്യൂട്ടർ ലാബിൽ നിന്നും പുറത്തിറങ്ങുമ്പോൾ എന്തോ വല്ലാതെ നീറുന്നുണ്ടായിരുന്നു മനസ്സ്… തൊണ്ടയിലൊരു ഗദ്ഗദം വന്നടിഞ്ഞു നിൽക്കുകയാണ്… ഇന്ന് വാലന്റൈൻസ് ഡേ പ്രമാണിച്ച് സമ്മാനങ്ങൾ കൈമാറുന്ന പലരെയും രാവിലെ മുതൽ കാണുന്നുണ്ട്… തനിക്ക് പക്ഷെ ഉണ്ണികൃഷ്ണനെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല ഈ നിമിഷം വരെ… ഇന്നത്തെ ആദ്യത്തെ ഹവർ ലാബ് ആയിരുന്നു… ബാഗ് പുറത്തെ ഷെൽഫിൽ വച്ച് ഉള്ളിലേക്ക് കയറും വരെ കണ്ണുകൾ അവനെ തിരിഞ്ഞിരുന്നു.. കണ്ടില്ല…. സമ്മാനങ്ങളൊന്നും വേണ്ട… എന്നത്തേയും പോലെ ഒന്നു കണ്ടാൽ മതി.. ആ ചിരിക്ക് പകരമൊരു ചിരി നൽകിയാൽ മതി… മനസ്സ് നിരാശ വന്നു മൂടി… ക്ലാസിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…
തലവേദനയെന്ന് പറഞ്ഞ് പുറത്തെത്തി ബാഗ് തുറന്ന് റെക്കോർഡ്‌സ് വയ്ക്കാൻ നേരം കണ്ട കാഴ്ചയെന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് രക്തമിരച്ചു കയറ്റി….. വലിയ ഇതളുകളുള്ള നാലു ചുവന്ന റോസാ പൂക്കൾ….
ത്രസിച്ചുയർന്ന മനസ്സ് മുഖത്ത് പതിനായിരം വോൾട്ടുള്ള ചിരി പതിച്ചു വെച്ചു… കണ്ണുകൾ ഇതളുകളിലെ അക്ഷരങ്ങളിൽ ഓടി നടന്നു….
“എന്റെ മഞ്ഞു തുള്ളിക്ക്….. എന്നെ ഞാനായി ഇഷ്ടപ്പെടുന്ന എന്റെ മാത്രം മഞ്ഞു തുള്ളിക്ക്……
എന്റെ മനസ്സ് സമ്മാനിക്കുന്നു…. ഇനി എല്ലാ ജന്മങ്ങളിലേക്കും…..”
എന്തോ കണ്ണു നിറഞ്ഞു… എനിക്കുള്ള പ്രണയ ലേഖനമാണത്….ആ പൂക്കൾ നെഞ്ചോട് ചേർത്തു പിടിച്ച് കണ്ണീരിനിടയിലും ഞാൻ ചിരിച്ചു… അങ്ങേയറ്റത്ത് അതു കണ്ട് കൊണ്ട് ചുവരിൽ ചാരി ചിരിച്ചു നിൽക്കുന്ന രൂപത്തെ കണ്ണുനീർ പാട അവ്യക്തമാക്കിയെങ്കിലും അതെന്റെ ഉണ്ണികൃഷ്ണനാണെന്ന് എനിക്കറിയാമായിരുന്നു….
കൺ ചിമ്മി ചിരിച്ചു കൊണ്ടവൻ യാത്ര ചോദിക്കുമ്പോൾ അന്നാദ്യമായി കുറച്ചു നേരം കൂടി കാണട്ടെ എന്ന അർത്ഥത്തിൽ കണ്ണു ചുരുക്കി അപേക്ഷിച്ചു…
നിശബ്ദമായാ ആ വരാന്തക്ക് രണ്ടറ്റു നിന്നും മതിയാവോളം പരസ്പരം നോക്കി നിന്ന ദൃശ്യം എന്റെ അന്നത്തെ രാത്രിയും ഉറക്കം നഷ്ടപ്പെടുത്തി… അവനങ്ങനെ നിറഞ്ഞു നിൽക്കുവാണ് ഹൃദയ ധമനികളെ വരിഞ്ഞു മുറുക്കി കൊണ്ട്…
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ഒരവധി ദിവസമായിരുന്നു പിറ്റേന്ന്….
അമ്മമ്മയുടെ വീട്ടിൽ നിന്നും പഠിക്കുന്ന ഏട്ടൻ വീട്ടിലേക്ക് വരുന്ന സന്തോഷം ഒരു ഭാഗത്ത്… ഉണ്ണികൃഷ്ണനെ ഇന്ന് കാണാനാവില്ലലോ എന്ന സങ്കടം മറുപുറത്ത്….
എങ്കിലും ഏട്ടന്റെ പ്രെസെൻസ് ആലോചിക്കുമ്പോൾ സങ്കടത്തേക്കാൾ മുകളിൽ സന്തോഷമാണ് അധികരിച്ചു നിൽക്കുന്നത്… ബിടെക് നു ഏട്ടന് അഡ്മിഷൻ കിട്ടിയത് അമ്മയുടെ നാട്ടിലാണ്.. അതു കൊണ്ട് ഏട്ടനിപ്പോ അവിടെയാണ് താമസം.. വീക്കെന്റിൽ മാത്രം വീട്ടിലേക്ക് വരും… ആ ദിവസങ്ങളിൽ ഏട്ടനിഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാകും അമ്മയും…
ഏട്ടൻ രാവിലെ തന്നെ എത്താറുള്ളത് കൊണ്ട് അമ്മയുണ്ടാക്കിയ കള്ളപ്പം ഒരു കഷ്ണം പൊട്ടിച്ചെടുത്ത് ഉമ്മറത്തേക്ക് കടക്കുമ്പോൾ ആണ് അച്ഛന്റെ വിളി…
” നോക്കിയേ മോളെ…. നിന്റെ കോളേജിൽ പഠിക്കുന്ന ഒരു കുട്ടീടെ അച്ഛനാ… പാവം മനുഷ്യൻ… രാഷ്ട്രീയ പ്രശ്‌നത്തിൽ മദ്യസ്ഥതക്ക് ശ്രമിച്ചതാ… സ്‌കൂൾ മാഷാ… ഇന്നലെ വെട്ടേറ്റു…ഇന്ന് പുലർച്ചയ്ക്ക് മരിച്ചു… അറിയോ ഇതിൽ പറഞ്ഞ കുട്ടിയെ…?”
നെഞ്ചിലേക്കൊരു പ്രകമ്പനം… മിടിപ്പ് ഓടി കിതയ്ക്കാൻ തുടങ്ങി… സകല ദൈവത്തെയും വിളിച്ച് വിറയാർന്ന കൈകളോടെ പത്രം പിടിച്ചു വാങ്ങി നോക്കിയപ്പോൾ കണ്ണുകളാ പേരു കണ്ട് മരവിച്ചു പോയി…
എസ് എൻ കോളേജിലെ എം എ മലയാളം വിദ്യാർത്ഥി ഉണ്ണികൃഷ്ണൻ മൂത്ത മകനാണ്…..
മരിച്ചയാളുടെ ഫോട്ടോയ്ക്ക് താഴെ എഴുതിചേർത്തിരിക്കുന്ന വിവരണങ്ങളിൽ ആ വാചകത്തിൽ പൊലിഞ്ഞതെന്റെ പ്രാർത്ഥനയാണ്… വിതുമ്പി പോകുന്ന ചുണ്ട് മറയ്ക്കാൻ പാട് പെട്ട് എങ്ങനെയൊക്കെയോ പത്രം അച്ഛനെയേല്പിച്ചു മടങ്ങുമ്പോൾ ശബ്ദം ചിലമ്പാതെയിരിക്കാൻ ഞാനേറെ പ്രയാസപ്പെട്ടു…
“അറിയാം…. കണ്ടിട്ടുണ്ട്…”
അത്രയേ പറഞ്ഞുള്ളു.. ഓടി ചെന്ന് കട്ടിലിലേക്ക് വീണു… ഉണ്ണികൃഷ്ണന്റെ അവസ്‌ഥ ആലോചിച്ച് ശരീരവും മനസ്സും ഒരുപോലെ തളർന്നു… അച്ഛനാണ് ആ കുടുംബത്തിന്റെ ഏക ആശ്രയം.. അവന്റെ ഏറ്റവും വലിയ ഊർജം.. ഏറ്റവും അടുത്ത കൂട്ടുകാരൻ, മാർഗ ദർശി… പലപ്പോഴും ഒന്നോ രണ്ടോ വാചകങ്ങളിൽ തീർന്നു പോകുന്ന സംസാരങ്ങളിൽ പ്രതിഫലിച്ചു നിന്ന കാര്യങ്ങളായിരുന്നു അതെല്ലാം… കണ്ണുനീർ മൂടിയെന്റെ കാഴ്ച മറഞ്ഞു… ഏങ്ങലടി ഉയരവെ നെറുകയിൽ ഒരു തലോടലറിഞ്ഞു… കണ്ണു തുറന്ന് നോക്കിയപ്പോൾ ഏട്ടനാണ്…
“അച്ഛൻ പറഞ്ഞു.. നിന്റെ കോളേജിലെ ആരുടെയോ…… “!!!
ഏട്ടനെ ചുറ്റിപ്പിടിച്ച എന്റെ കൈയുടെ മുറുക്കം കൂടുകയും തേങ്ങൽ ശക്തമാകുകയും ചെയ്തപ്പോൾ ഒരു നെടുവീർപ്പിട്ടു കൊണ്ട് ഏട്ടനെന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു…
“വാ… നമുക്കൊന്നവിടെ പോയ് വരാ….”
കണ്ണുനീർ തുടച്ചു ഏട്ടനോടപ്പം അവിടേക്ക് യാത്ര തിരിക്കുമ്പോൾ ഉണ്ണികൃഷ്ണന്റെ അവസ്‌ഥയോർത്ത് നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു എനിക്ക്…
പോസ്റ്റ് മാട്ടം കഴിഞ് കുത്തിക്കീറിയ അച്ഛന്റെ ശരീരത്തെ ചിതയിലേക്ക് എടുത്തു വെക്കുമ്പോഴും അതിലേക്ക് അഗ്നി പകരുമ്പോഴും അമ്മയെയും അനിയത്തിയെയും ചേർത്തു പിടിച്ച് ആർത്തു കരഞ്ഞ എന്റെ ഉണ്ണികൃഷ്ണനെ കണ്ട് ജീവനറ്റ് പോകും പോലെ തോന്നിയെനിക്ക്….
ഏട്ടനൊപ്പം പടിയിറങ്ങുന്ന നേരത്തെപ്പോഴോ എന്നിലേക്ക് വീണ നോട്ടത്തിൽ തനിച്ചായി പോയി ഞാൻ എന്നു പറയാതെ പറഞ്ഞപ്പോൾ ആ നെഞ്ചിലേക്ക് വീണ് ഞാനുണ്ടാകുമെന്നും എന്നു പറയാനെന്റെ മനസ്സ് തുടിച്ചു.. ധൈര്യം കൈവെടിയരുത് എന്ന് കണ്ണുകളാൽ ആശ്വസിപ്പിച്ച് ഞാനാ വീട്ടിൽ നിന്നിറങ്ങി….
പിന്നീടുള്ള 16 ദിവസങ്ങളിൽ ഉണ്ണികൃഷ്ണൻ ക്യാമ്പസിലെത്തിയില്ല.. ചടങ്ങുകൾക്കും കർമങ്ങൾക്കും പുറമെ ആ കുടുംബം വല്ലാത്തൊരു അഗ്നിപരീക്ഷ നേരിടുന്ന ദിവസങ്ങളായിരുന്നു അത്… രാഷ്ട്രീയ പാർട്ടികളുടെ പരസ്പരമുള്ള യുദ്ധം ആ പാവം സ്‌കൂൾ മാഷിന്റെ പേരിൽ തുടർന്നു കൊണ്ടേ ഇരുന്നു… അച്ഛന്റെ മരണത്തിന് പിന്നാലെ അന്വേഷണത്തിനിറങ്ങി പുറപ്പെട്ടാൽ ഉണ്ണികൃഷ്ണന്റെ ജീവനും പോകും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി നിന്നു… അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തക്ക വണ്ണം പ്രക്ഷുബ്ധമായ അന്തരീക്ഷം…
വിവരങ്ങളറിഞ്ഞ വെന്തു നീറാനല്ലാതെ മറ്റെന്തിന് കഴിയും എനിക്ക്… ഒന്നു കാണാൻ കഴിയാതെ ആ ശബ്ദം പോലും കേൾക്കാൻ കഴിയാതെ കലാലയ വീഥികളും വീടിന്റെ അകത്തളങ്ങളും എന്തിനെന്റെ റൂം പോലും എനിക്കരോജകമായി തുടങ്ങി…. ഏട്ടനോട് മനസ്സ് തുറന്നു…. ഒട്ടും പേടി തോന്നിയില്ല.. കാരണം പൊലിഞ്ഞു പോയൊരു പ്രണയത്തിന്റെ തീ ചൂളയിൽ വെന്തുരുകിയിരുന്ന ഏട്ടനല്ലാതെ മറ്റാർക്കു മനസ്സിലാവുമെന്നെ… ആശ്വസിപ്പിച്ചു… അവൻ തിരികെയെത്തുമെന്നും എന്നെ സംരക്ഷിക്കാൻ അവൻ പ്രാപ്തനാവും വരെ ഇരുവർക്കുമുള്ളിൽ ഇതേ തീവ്രതയിൽ ഇഷ്ടം നിലനിൽക്കുന്നുവെങ്കിൽ ഏട്ടനുണ്ടാകും ഞങ്ങളെ ഒന്നിപ്പിക്കാനെന്നും വാക്ക് തന്നു…
ജീവശ്വാസം കിട്ടിയ കണക്കെ അന്ന് ഞാനുറങ്ങി… നാളെ പിജി ക്കാരുടെ ഫെയർവേൽഡെ യാണ്… ഉണ്ണികൃഷ്ണൻ വരുമെന്ന് പ്രതീക്ഷയില്ല.. അവരുടെ കുടുംബം നേരിട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ രൂക്ഷത കുറഞ്ഞു തുടങ്ങുന്നെ ഉള്ളു.. വരില്ല… വരില്ലവൻ.. എന്ന് പതം പറഞ്ഞു കരയുമ്പോഴും ഒന്ന് വന്നുകൂടെ എന്ന് മനസ്സ് അലറി വിളിക്കുന്നുണ്ടായിരുന്നു…
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ഓഡിറ്റോറിയത്തിൽ ആരൊക്കെയോ സംസാരിക്കുന്നു.. പാട്ടു പാടുന്നു.. അനുഭവങ്ങൾ പങ്കു വയ്ക്കുന്നു… തലയുയർത്തി നോക്കിയേ ഇല്ല… അവസാന നിമിഷം വരെ അവൻ വരുമെന്ന പ്രതീക്ഷയോടെയാണ് ഇരുന്നത്.. ദീപയുടെ കൈ ചേർത്തു പിടിച്ച് ആ തോളിലേക്ക് ചാഞ് മറ്റെങ്ങോ നോക്കിയിരുന്ന എന്റെ കാതുകൾക്ക് ജീവൻ പകർന്നു കൊണ്ട് ആ സ്വരം ഒഴുകിയെത്തിയ നിമിഷം കണ്ണു നീര് കവിളിലേക്ക് പാഞ്ഞിറങ്ങി… ഞെട്ടലോടെ മുഖമുയർത്തി നോക്കിയ ഞാൻ കാണുന്നത് കടലോളം ദുഃഖം കണ്ണിലൊളിപ്പിച്ചു നിൽക്കുന്ന എന്റെ ഉണ്ണികൃഷ്ണന്റെ ക്ഷീണിച്ച രൂപമാണ്…..
” പ്രാണന്റെ പിന്നിലായ് ഓർമ്മതൻ
തൂവൽ കൊണ്ടാരോ കുറിച്ചിട്ട കവിത..
പലവേളയകതാരിൽ പഴയസാരംഗിയിൽ തേങ്ങലായ് ശ്രുതി ചേർത്ത കവിത……
എന്റെ ഹൃദയം മുറിഞ്ഞൊഴുകുകയായിരുന്നു കണ്ണിലൂടെ…. ആ നോട്ടത്തിലൂടെയവൻ പറഞ്ഞു തീർക്കുന്ന വ്യഥ കാണാനാവാതെയെന്റെ മിഴികൾ താഴ്ന്നു…. വരികൾ ഓരോന്നും എന്റെ നെഞ്ചിൻ കൂട് തകർത്തുകൊണ്ട് അതി ശക്തമായി പെയ്തു കൊണ്ടിരുന്നു…
കൊഴിയാനൊരുങ്ങുന്ന മന്ദാര പുഷ്പത്തിൻ ഇതളിലെ ഹിമ കണം പോലെ……
വിളിക്കുകയാണെന്ന… മിഴികൾ ഉയർത്തി നോക്കാനാവശ്യപ്പെടുകയാണ്….. ദീപയുടെ കയ്യിൽ വിരൽ അമർത്തി കൊരുത്തു പിടിച്ചു കൊണ്ട് മുഖമുയർത്തി ഞാൻ നോക്കി…
സ്മൃതികൾ തൻ നഖ മുനയാഴ്ന്നു മൽ-
ഹൃദയത്തിൽ പൊടിയുന്ന ചോരച്ചുവപ്പാൽ
ആത്മാവിൻ താളിലായ് നോവിന്റെ തൂവലാൽ എഴുതുന്നോരീ ചെറു കവിത….
എന്റെ പ്രിയമുള്ളൊരാൾക്കുള്ള കവിത…
എന്നെ.. പിരിയുന്നൊരാൾക്കുള്ള കവിത…
(കടപ്പാട്)
നെഞ്ചിലൊരു ഭാരം വലിച്ചെറിഞ് ഹൃദയത്തിലേക്ക് മിന്നൽ പതിപ്പിച്ച് ആ വരി എന്റെ കണ്ണിലേക്ക് നോക്കി പാടി അവസാനിപ്പിച്ചവൻ സ്റ്റേജിൽ നിന്നിറങ്ങി പോകെ എന്റെ കാലുകളെ എനിക്ക് പോലും തടഞ്ഞു നിർത്താനായില്ല…. പിറകെ ഓടുമ്പോൾ എന്തെന്നോ ഏതെന്നോ എവിടെന്നോ ഓർക്കാൻ ഞാൻ തയ്യാറായില്ല….
ലൈബ്രററിക്ക് അപ്പുറത്തെ ഒഴിഞ്ഞ സ്ഥലത്തെ ചുവരിൽ തല ചായ്ച് പര്സപരം അകന്നു നിൽക്കെ അവനെന്റെ കണ്ണിലേക്ക് നോവോടെ നോക്കി….
” ഒരിക്കൽ… ഒരിക്കൽ മാത്രം പറയുമോ എന്നെ ഇഷ്ടായിരുന്നെന്ന്…. ആ നാവിൽ നിന്നു കേൾക്കാൻ എനിക്ക്….”
” ജീവനാണ്…. എനിക്കെല്ലാമെല്ലാമാണ്….”
അവൻ പറഞ്ഞു പൂർത്തിയാക്കും മുൻപേ ഞാനെന്റെ മറുപടി കൊടുത്തിരുന്നു… ആ കണ്ണ് നിറഞ്ഞിരുന്നു.. എന്റെയും…
എന്റെ ചെറു വിരൽത്തുമ്പിൽ അവനവന്റെ ചെറു വിരൽ കോർത്തു… ഉള്ളു പിടഞ്ഞു കൊണ്ട് ഞാനാ വിരൽ വിടാതെ പിടിച്ചു….
“പോവാ ഡോ ഈ നാട്ടിൽ നിന്ന്… ഇനിയുമിവിടെ നിന്നാൽ എന്റെ ജീവനെടുത്ത് എന്റെ അമ്മയെയും പെങ്ങളെയും കൊന്നു തിന്ന് വിഷ ജന്തുക്കളായ ചിലർ എന്റച്ഛന്റെ മരണത്തെ ഇനിയുമാഘോഷിക്കും… അമ്മാവൻ വന്നിട്ടുണ്ട് ഞങ്ങളെ കൊണ്ടുപോകാൻ.. ഇനി മറ്റൊരു നാട്ടിലേക്ക് പറിച്ചു നടുകയാണെന്നെ ഞാൻ… അല്ലാതിപ്പോൾ വേറെ നിവൃത്തിയില്ല…”
പ്രതീക്ഷിച്ചതാണെങ്കിൽ കൂടി ഉടൽ വിറക്കുകയാണ്.. ഉയിരു പൊള്ളുകയാണ്…
” അപ്പൊ… ഞാ… ഞാൻ….”
ചോദിച്ചു പോയി… ചോദിക്കാതിരിക്കാനാവില്ലല്ലോ….
” എനിക്ക്…. തന്നെ… തന്നെ വേണം… നഷ്ടപ്പെടുത്താൻ വയ്യഡോ…. ഒരു 5 വർഷം… തനിക്ക് കാത്തിരിക്കാൻ കഴിയുമോ… പഠിത്തം… പഠിത്തം മുടക്കില്ലല്ലോ തന്റെ അച്ഛൻ…. ആ കാലയളവ് നമ്മുടെ സ്നേഹത്തിന് കൂടി വേണ്ടി ഉപയോഗിച്ചു കൂടെ…. കാത്തിരുന്നൂടെ?”
വാക്ക് നൽകാൻ രണ്ടാമതൊന്ന് അലോചിക്കാനെന്റെ ഹൃദയം സമ്മതിച്ചില്ല.. കണ്ണീര് നിറഞ്ഞ ആ ചിരിയെന്റെ മനസിലെ മുറിവിന് ഔഷധമായിരുന്നു….
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
” ഏട്ടാ……”
കണ്ണുനീരിന്റെ പശ പശപ്പ് നിറഞ്ഞ മുഖം അമർത്തി തുടച്ചു ഞാൻ വിളിച്ചു… ആ മുഖത്തെ തെളിച്ചമില്ലായ്മയെന്റെ ശരീരത്തെ തളർത്തി…
” അവനെത്തിയിരുന്നില്ല മോളെ.. പക്ഷെ അവന്റെ അമ്മ…. അവരെന്റെ കാലിൽ വീഴും പോലെ കരഞ്ഞു പറഞ്ഞു നിന്റെ കാര്യം പറഞ്ഞിനി അവനെ തിരഞ്ഞു വരരുതെന്ന്… അവരുടെ ഏട്ടന്റെ മകളുമായി വിവാഹം ഉറപ്പിക്കാൻ നിൽക്കുകയാണെന്ന്.. അവനെ പറഞ്ഞു സമ്മതിപ്പിക്കാൻ മരിക്കാൻ പോലും തയ്യാറായി നിൽക്കുകയാണവരെന്ന്… ഞാൻ… ഞാനെന്തു പറയും മോളെ…”
ഏട്ടന്റെ ഇടറിയ സ്വരത്തിലേക്ക് എന്റെ കരച്ചിൽ ചീളുകൾ ചിതറി വീണു… ക്യാമ്പസിൽ നിന്നും ഇറങ്ങി ഈ നാട്ടിൽ നിന്നു പോയിട്ടും കത്തുകളിലൂടെ ഇടക്ക് ദീപയുടെ ഫോണിലൂടെ ഏട്ടന്റെ ഫോണിലൂടെ ഞാനും എന്റെ ഉണ്ണികൃഷ്ണനും ഞങ്ങളുടെ പ്രണയവും ദിശ മാറി ഒഴുകാത്ത നദി പോലെ ശാന്തമായി പൊയ്ക്കൊണ്ടിരുന്നു… എന്നാൽ ഫൈനൽ എക്സാം കഴിഞ്ഞ സമയത്ത് ഉണ്ണികൃഷ്ണന്റെ അച്ഛന്റെ പേരും പറഞ്ഞു അവനെ ഇലക്ഷന് നിർത്താനുള്ള ചില നേതാക്കന്മാരുടെ ഇടപെടൽ വീണ്ടും ആ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കി.. അവർ പോയ നാട്ടിലും ഒളിഞ്ഞും മറഞ്ഞും ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളിൽ ഞങ്ങളുടെ കമ്മ്യൂണിക്കേഷനും ഇടക്ക് മുറിഞ്ഞു തുടങ്ങി…
എല്ലാം കെട്ടടങ്ങിയ സമയത്താണ് എന്റെ ജാതക ദോഷത്തിൽ അച്ഛൻ പിടി മുറുക്കുന്നത്… ആകും പോലെ ഞാനും ഏട്ടനും പറഞ്ഞു നോക്കി.. വഴക്കിട്ടു ബഹളം വച്ചു… അച്ഛന്റെ സുഹൃത്തിന്റെ മോൻ ആയത് കൊണ്ട് അത് നടത്തിയെ തീരൂ എന്ന അച്ഛന്റെ വാശിയിൽ ഉണ്ണികൃഷ്ണനെ കുറിച്ച് പറയേണ്ടി വന്നു…
അന്നാദ്യമായി അച്ഛന്റെ കൈ എന്റെ കവിളിൽ പതിഞ്ഞു.. നടക്കില്ലെന്ന് കട്ടായം പറഞ്ഞു… ഭക്ഷണം പോലും കഴിക്കാതെ കരഞ്ഞു കരഞ്ഞെന്റെ ജീവൻ പോകുമെന്നായപ്പോൾ ഉണ്ണികൃഷ്ണന്റെ വീട് വരെ പോയി അന്വേഷിക്കാൻ ഏട്ടന് അച്ഛൻ അനുവാദം കൊടുത്തപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയിരുന്നു
ഞാൻ..
ഡൽഹിയിൽ ഒരു ഇന്റർവ്യൂനു പോയതാണ് രണ്ടാഴ്ച്ച മുൻപേ ഉണ്ണികൃഷ്ണൻ.. പിന്നെ ഒരു വിവരവും ഉണ്ടായിട്ടില്ല… എങ്കിലും വീട്ടുകാരെ ഒന്നു കാണാമെന്ന് പറഞ്ഞാണ് ഏട്ടൻ അങ്ങോട്ട് തിരിച്ചത്…. തിരികെ വന്നപ്പോൾ പറയാനുണ്ടായതോ തന്നോട് ഒഴിഞ്ഞു പോകണമെന്ന് പറയുന്ന ഉണ്ണികൃഷ്ണന്റെ അമ്മയുടെ വാക്കുകൾ…
തകർന്നു പോയി… ഭർത്താവിന്റെ വിയോഗത്തിൽ തളർന്നു പോയ ആ അമ്മയെയും അവരുടെ മക്കളെയും പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ച അവരുടെ അങ്ങളയെയും മകളെയും തിരസ്ക്കാരിക്കാൻ ആ അമ്മയ്ക്ക് ആവില്ലല്ലോ…. ഇത് കാലമൊരുക്കിയ കാവ്യ നീതിയാകാം… എന്റെ ഹൃദയത്തെ ചവിട്ടി മെതിച്ചിട്ടാണെന്നു മാത്രം…
ഉണ്ണികൃഷ്ണൻ തിരികെ എത്തിയാൽ തന്നെ അന്വേഷിച്ചു വരുമെന്നറിയാം… ആ അമ്മയെ നിഷേധിച്ചു കൊണ്ടെന്റെ കൈ പിടിച്ചേക്കാം… പക്ഷെ… ഇടതു കൈക്ക് സ്വാധീനം കുറഞ്ഞ അവന്റെ അനിയത്തിക്ക് പുടവ കൊടുക്കാൻ പോകുന്നത് അമ്മാവന്റെ മകൻ തന്നെയാണ്… തന്റെ ഒരു തീരുമാനം കൊണ്ട് എത്ര പേരുടെ കണ്ണീര് വീഴും… ശാപ വാക്കുകളെന്റെ ചെവിയെ പൊള്ളിച്ചു തുടങ്ങി… എന്റെ അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങുക എന്നതായിരുന്നു എന്റെ മുൻപിൽ ഉണ്ടായിരുന്ന മാർഗം… തീരുമാനിച്ചു.. ഒരൊറ്റ ആഴ്ചയിൽ…
അച്ഛന്റെ സുഹൃത്തിന്റെ മകനുമായി വിവാഹം തീരുമാനിക്കുമ്പോൾ ഞാനദ്ദേഹത്തോട് എല്ലാം തുറന്നു പറഞ്ഞിരുന്നു…. പുതിയൊരു ജീവിതത്തിന് എനിക്കല്പം സമയം തരണമെന്നും…..
നെഞ്ചിലേക്കാ ആലില താലിയേറും നേരം ചുട്ടു പഴുത്ത ലാവയിൽ പുകയുകയായിരുന്നെന്റെ മനസ്സ്… കാരണം… വിവാഹ വേദിയിൽ അങ്ങേയറ്റത്ത് കാഴ്ചക്കാരനായി അവനുണ്ടായിരുന്നു.. എന്റെ ഉണ്ണികൃഷ്ണൻ….
കണ്ണുനീർ ചാലിച്ച ചിരി നൽകി തിരികെ മടങ്ങുന്നേരമവൻ എല്ലാം എനിക്കറിയാം എന്നു പറയാതെ പറഞ്ഞു കൊണ്ടെന്നെ ആശ്വസിപ്പിക്കുമ്പോൾ ഇടം കയ്യിലെന്റെ താലിക്ക് അവകാശിയായവന്റെ പിടി മുറുകിയിരുന്നു… വിഷമിക്കല്ലേ ഡോ…. എന്ന് കാതിൽ പറഞ് കവിളിൽ പതിയെ തട്ടിയ അദ്ദേഹത്തെ നിറ കണ്ണുകളോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
പത്തു വർഷങ്ങൾക്കിപ്പുറം കോളേജ്ന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗേറ്റ്ട്യൂഗദറിനായി ക്യാമ്പസിന്റെ പടി കടക്കുമ്പോൾ പറയാനെന്തൊക്കെയോ ബാക്കി വെച്ച് കണ്ണുകളാൽ കഥ പറഞ് മൗനം ഭാഷയാക്കി മാറ്റിയ ഉണ്ണികൃഷ്ണനേയും അവന്റെ മഞ്ഞു തുള്ളിയെയും ഞാനവിടെ തിരഞ്ഞു കൊണ്ടിരുന്നു… ഇപ്പോൾ എവിടെയാണെന്നറിയില്ല… എന്തായിരിക്കുമെന്നറിയില്ല…. ആദ്യ പ്രണയം മരിക്കുവോളം മറക്കില്ലെന്ന പോലെ എന്റെ ഉള്ളിൽ കിടന്ന് തേങ്ങുന്നുണ്ടായിരുന്നു….
ദീപയെയും മറ്റു പലരെയും കണ്ടു.. എല്ലാവർക്കും ഒത്തിരി മാറ്റങ്ങൾ…. കാണാനാഗ്രഹിച്ച മുഖം കാണാതെ നിരാശയോടെ കയ്യിൽ സൂക്ഷിച്ചിരുന്ന കുഞ്ഞു ഡയറി നെഞ്ചിലേക്ക് ചേർത്ത് ആ ഒഴിഞ്ഞ ക്ലാസ് മുറിയിൽ നിന്നിറങ്ങുമ്പോൾ പത്തു വർഷങ്ങൾക്കിപ്പുറം വീണ്ടുമാ വിളി കേട്ടു…
” ഡോ… മഞ്ഞു തുള്ളി…..”
നെഞ്ചു പിടച്ചു… തിരിഞ്ഞു നോക്കുമ്പോൾ പക്വത കൈവന്നൊരു ഒത്ത പുരുഷനായി മുന്നിൽ നിൽക്കുകയാണവൻ .. ഉണ്ണികൃഷ്ണൻ..
ശബ്ദം പുറത്തു വന്നില്ലാദ്യം.. പക്ഷെ നനുത്ത ചിരിയോടെ അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആർത്തി പിടിച്ചത് പോലെ എന്റെ കാത്തുകളത് ഒപ്പിയെടുത്തു കൊണ്ടിരുന്നു.. വിശേഷങ്ങൾ ചോദിച്ചു.. വിറയലോടെ എന്തൊക്കെയോ ഞാനും പറഞ്ഞു…
യാത്ര ചോദിക്കാൻ ഒരുങ്ങുമ്പോൾ ആ കണ്ണിൽ തെളിയാൻ പോയ നീർത്തുള്ളികൾ എന്നെ നീർച്ചുഴിയിലേക്ക് തള്ളിയിടുന്നുണ്ടായിരുന്നു..
” ക.. കല്യാണം…”
ചോദിക്കണമെന്ന് വാശി പിടിച്ചിരുന്നു മനസ്സ്….
എന്നെ കണ്ണ് നിറച്ചും കണ്ട് തിരിഞ്ഞു പോകാൻ നിന്നവൻ നോവോടെ ഒന്നു ചിരിച്ചു…
“ഉള്ളിലൊരു മഞ്ഞു കാലമുണ്ട്… അതില്ലാതാക്കാൻ മറ്റൊരു ഋതു വിനും കഴിഞ്ഞില്ല.. പെങ്ങളായി കരുതിയവളെ ഭാര്യയാക്കാൻ അമ്മയെന്നല്ല ദൈവം പറഞ്ഞാൽ പോലും അനുസരിക്കാൻ എനിക്ക് കഴിയില്ല…”
പറഞ്ഞു തീർന്നതും കാറ്റ് പോലെയവൻ പാഞ്ഞു പോയി… ഞാനോ…. എന്നോ അവൻ സമ്മാനിച്ച പ്രണയലേഖനമുള്ള പനിനീർ ഇതളുകൾ കരിഞ്ഞു പോയിട്ടും സൂക്ഷിച്ചു വെച്ച ആ ഡയറി മറോടടക്കി പിടിച്ചു കൊണ്ട് ആ ഒഴിഞ്ഞ കോണിൽ തളർന്നിരുന്നു പോയി…. എന്നന്നേക്കുമായി അവനെന്നെ തോല്പിച്ചിരുന്നു എന്ന അഗ്നിക്ക് സമമായ തിരിച്ചറിവോടെ…
(അവസാനിച്ചു)
രചന : ഹിമ നവീൻ
Your article helped me a lot, is there any more related content? Thanks!
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Your point of view caught my eye and was very interesting. Thanks. I have a question for you.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.com/register-person?ref=IXBIAFVY