
പാലക്ക കമ്മൽ "ഒരു ജോഡി പാലക്ക കമ്മൽ വേണം" ജ്വല്ലറിയുടെ നീളമുള്ള കൗണ്ടറിന്റെ മുന്നിലിട്ടിരുന്ന മനോഹരമായ കസേരകളിലൊന്നിലേക്ക് അമർന്നിരുന്നു കൊണ്ട് ഇന്ദു പറഞ്ഞു. അവളുടെ കണ്ണുകൾ ജ്വല്ലറിയുടെ തിളക്കമുള്ള കണ്ണാടികൂടുകൾക്കുള്ളിലെ സ്വർണ്ണപ്രപഞ്ചത്തിലൂടെ ചുറ്റിത്തിരിയുകയായിരുന്നു.
“ചേച്ചീ…. ഇതൊന്നു നോക്കിക്കേ..” സെയിൽസ് മാൻ പച്ചക്കല്ലുകൾ പതിച്ച കമ്മലുകൾ നിരയായി വച്ചിരുന്ന ട്രേ അവളുടെ മുന്നിൽ നിവർത്തി.എല്ലാം ഒന്നിനൊന്നു ഭംഗിയുണ്ട്!
അവൾ ഒരെണ്ണം കയ്യിലെടുത്തു.
“ഇത് മൊട്ടും ഞാത്തും ഒരുമിച്ചുള്ളതല്ലേ….? എനിക്ക് ഞാത്തു മാത്രം മതി.”
അവൾ മടിയിലിരുന്ന് ഉറങ്ങുന്ന കുഞ്ഞിനെ ഒന്നുകൂടി നെഞ്ചോടു ചേർത്തുകൊണ്ട് വലതു തോളിൽ തൂക്കിയിട്ടിരുന്ന ചെറിയ ബാഗ് മടിയിലേക്കു വച്ചു.
സുഖകരമായ ഉറക്കത്തിനു ഭംഗം വന്നപ്പോൾ മോൻ ഞെട്ടിയുണർന്നു. ചുറ്റുമുള്ള പ്രകാശവും അപരിചിതമായ മുഖങ്ങളും കണ്ട് അവൻ ഒന്നു പകച്ചു. പിന്നെ അമ്മയുടെ നെഞ്ചോട് അല്പം കൂടി പറ്റിച്ചേർന്നിട്ട് അവളുടെ കണ്ണിലേക്കു നോക്കി പുഞ്ചിരിച്ചു.
“ഞാത്തും സ്റ്റഡും വെവ്വേറെ വരുന്നത് സെലക്ഷൻ കുറവാണു ചേച്ചി…. പിങ്ക് സ്റ്റഡും പാലക്കാ പച്ചയും, അതാണ് ഇതിന്റെ കോമ്പിനേഷൻ.” സെയിൽസ് മാൻ മറ്റൊരു ട്രേ തുറന്നു വച്ചു.
“എനിക്ക് പിങ്ക് സ്റ്റഡ് ഉണ്ട്….” അവൾ പുതിയ ട്രേയിൽ നിന്ന് ഒരു കമ്മലെടുത്ത് മോന്റെ കണ്ണിനു മുന്നിൽ കൊണ്ടു വന്നു.
അവൻ ചിരിച്ചു കൊണ്ട് കുഞ്ഞിക്കൈ ഉയർത്തി അതിൽ തൊട്ടു.
“ഇതിന് എത്രയാവും…?” അവൾ അത് സെയിൽസ്മാന്റെ നേരെ നീട്ടി.
“ഇപ്പൊ പറയാവേ…”അയാൾ ഒരു മിനിട്ടുകൊണ്ട് അതിന്റെ തൂക്കവും വിലയും എഴുതിയ തുണ്ടുപേപ്പർ അവളുടെ മുന്നിൽ വച്ചു. അവളുടെ വലതു കൈ മടിയിലിരുന്ന ബാഗിന്മേൽ തൊട്ടു.
“ഇതിലും തൂക്കം കുറഞ്ഞത് ഉണ്ടാവുമോ…?” അവൾ ട്രേയിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു.
“ചേച്ചിക്ക് ഏകദേശം എത്ര രൂപയ്ക്കുള്ള സാധനമാണ് വേണ്ടത്?”
ബാഗിന്മേൽ മുറുകിയ അവളുടെ കൈയ്യിൽ നിന്നും നോട്ടം മാറ്റാതെതന്നെ സെയിലിനു നിന്ന ചെറുപ്പക്കാരൻ ചോദിച്ചു. മുപ്പതു വയസ്സിനു മേൽ പ്രായമുണ്ടാവും അവന്.അവൾ തന്റെ കയ്യിലുള്ള തുക പറഞ്ഞപ്പോൾ അവന്റെ മുഖം മാറി.
“അയ്യോ ചേച്ചി, അത്രയും തുകയ്ക്ക് ഈ മോഡൽ കിട്ടാൻ പ്രയാസമാ, നമുക്കു മറ്റേതെങ്കിലും മോഡൽ നോക്കിയാലോ…? അതാകുമ്പോ തൂക്കം എത്ര കുറവുള്ളതു വേണമെങ്കിലും കിട്ടും…”
“എനിക്ക് പാലക്കാ തന്നെ വേണം… ഒരാൾക്കു കൊടുക്കാനാണ്.!” അവൾ പറഞ്ഞു.
“പക്ഷേ ചേച്ചിയുടെ കയ്യിലുള്ള പൈസ…?”
“നിങ്ങള് പഴയ സ്വർണ്ണം എടുക്കില്ലേ…?” അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ ചോദിച്ചു.
“എടുക്കും… ചേച്ചിയുടെ കയ്യിൽ എന്താ ഉള്ളത്…?”
അവൾ കയ്യിലിരുന്ന ബാഗിൽ നിന്ന് ചെറിയൊരു ബോക്സ് പുറത്തെടുത്തു. പഴയ മാലയുടെ ഒടിഞ്ഞു പോയ ഒരു കൊളുത്തും പൊട്ടിപ്പോയ ഒരു കുഞ്ഞുമോതിരവും അതിനുള്ളിലുണ്ടായിരുന്നു.സെയിലിനു നിന്ന ചെറുപ്പക്കാരൻ അവളുടെ മുഖത്തേക്കും ബോക്സിനുള്ളിലെ സ്വർണ്ണക്കഷ്ണങ്ങളിലേക്കും മാറി മാറി നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ ബോക്സിനുള്ളിലെ സ്വർണ്ണം ഒരു ചെറിയ പാത്രത്തിലേക്കു കുടഞ്ഞിട്ടു. ഇന്ദു ചുറ്റും നോക്കി. ടൗണിലെ വലിയൊരു ജ്വല്ലറിയാണ്. സ്വർണ്ണം വാങ്ങാൻ വന്നിരിക്കുന്നവർ ഒരുപാടു പേരുണ്ട്. ഇത്രയും വലിയൊരു കടയിൽ കയറി ഇതുപോലൊരു കുഞ്ഞു വസ്തു വാങ്ങേണ്ടായിരുന്നു എന്നവൾക്കു തോന്നി.
പക്ഷേ നാട്ടിലുള്ള ചെറിയ സ്വർണ്ണക്കടയിൽ കയറിയാൽ താൻ സ്വർണ്ണം വാങ്ങിയ കാര്യം ശ്രീയേട്ടനറിയും. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമാകുന്നു. ഇതുവരെ ഏട്ടനറിയാതെ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഇത്…..
“ചേച്ചീ ഇതിന്റെ വിലയും ചേച്ചിയുടെ കയ്യിലുള്ള പൈസയും കൂടാതെ ഒരു അഞ്ഞൂറു രൂപയും കൂടെയുണ്ടേൽ ആദ്യം കണ്ട കമ്മൽ മേടിക്കാം…”
സെയിൽസ്മാൻ കയ്യിലിരുന്ന പഴയ സ്വർണ്ണം മേശപ്പുറത്തു വച്ചു.
“അഞ്ഞൂറു രൂപ….. അതിപ്പോ…” അവൾ ബാഗു തുറന്ന് അതിലുണ്ടായിരുന്ന പണം മേശപ്പുറത്തേക്കു വച്ചു.
പത്തും, ഇരുപതും, അൻപതും ഇടയ്ക്കെവിടെയോ ഒന്നു രണ്ടു നൂറു രൂപ നോട്ടുകളും!!!
“വണ്ടിക്കൂലിക്കും മോനു ബിസ്കറ്റു വാങ്ങാനും എല്ലാം കൂടി എന്റെ കയ്യിൽ ഇത്രേയുള്ളൂ…!!”
അവളുടെ ശബ്ദം തീരെ താഴ്ന്നിരുന്നു. എന്നിട്ടും ചുറ്റുമുള്ള കസ്റ്റമേഴ്‌സിൽ ആരൊക്കെയോ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.
സെയിലിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ അവളുടെ മുഖത്തേക്ക് ഒരുവട്ടം നോക്കിയിട്ട് പെട്ടെന്നു തന്നെ മേശപ്പുറത്തു കിടന്ന നോട്ടുകൾ ഒരു ട്രേക്കുള്ളിലേക്കെടുത്തുകൊണ്ട് അവന്റെ കസേരയിലിരുന്ന് എണ്ണാൻ തുടങ്ങി.
രണ്ടു വർഷങ്ങൾ കൊണ്ട് പണിക്കൂലിയിൽ നിന്ന് മാറ്റി വച്ചും വീട്ടു സാധനങ്ങൾ വാങ്ങാൻ കിട്ടുന്ന പൈസയിൽ മിച്ചം പിടിച്ചും താനുണ്ടാക്കിയ സമ്പാദ്യം. തനിക്ക് അതൊരു വലിയ തുകയാണ് പക്ഷേ കയ്യിൽ കാശുള്ളവന് ഇതു വെറും തുച്ഛമായ തുക മാത്രം.
“ഇതു മതിയാകും ചേച്ചീ… ദാ ഇതു ചേച്ചി വച്ചോ…” അവൻ എണ്ണിത്തിട്ടപ്പെടുത്തിയ നോട്ടുകളിൽ നിന്ന് നാല് അൻപതു രൂപ നോട്ടുകൾ അവൾക്കു നേരെ നീട്ടി."തികയുമോ...?" അവളുടെ ശബ്‍ദത്തിൽ സന്തോഷവും ആകാംഷയും കലർന്നിരുന്നു.
“തികയും…. ചേച്ചിക്ക് വണ്ടിക്കൂലിക്ക് ഇരുന്നൂറു മതിയാകുമോ…?”
“ആം മതി….!!” അവൾ ചാടിപ്പറഞ്ഞു.
“എന്നാൽ ഞാൻ ബില്ലാക്കി വരാം..” അവൻ സ്വർണ്ണവും പണവുമായി കൌണ്ടറിനരുകിലേക്കു നടന്നു. പാലക്ക കമ്മൽ കാണുമ്പോഴുള്ള അമ്മയുടെ മുഖഭാവം ഇന്ദു മനസ്സിൽ ഓർത്തു. അവളുടെ മുഖത്ത് സംതൃപ്തിയുടെ മന്ദഹാസം വിരിഞ്ഞു. അമ്മയുടെ മുഖം അല്പം നീണ്ടീട്ടാണ്. വെളുത്തു സുന്ദരിയായിരുന്നു അമ്മ. കാതുകളിൽ പച്ചക്കൽ കമ്മലില്ലാത്ത അമ്മയുടെ മുഖം സങ്കൽപിക്കാൻ പോലും പ്രയാസമാണ്. അമ്മയെ പെണ്ണുകാണാൻ ചെല്ലുമ്പോൾ ആദ്യം കണ്ടത് വാതിൽപ്പടിക്കരുകിൽ പാറിക്കളിക്കുന്ന ചുരുണ്ട മുടിയും കാതിൽ തൂങ്ങിക്കിടക്കുന്ന പച്ചക്കൽ കമ്മലുമായിരുന്നെന്ന് അച്ഛൻ പറയുമ്പോൾ അമ്മ നാണത്തോടെ തല കുനിക്കുമായിരുന്നു. ചുവന്ന കല്ലുകളുള്ള സ്റ്റഡിൽ പച്ചക്കല്ലുകളുള്ള പാലക്ക കമ്മൽ ചുരുണ്ട മുടിയിഴകളെ തഴുകികിടക്കുമ്പോൾ അതിന്റെ തിളക്കം അമ്മയുടെ കവിളുകളിൽ തട്ടി പ്രതിഫലിക്കുന്നത് പലവട്ടം അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് ശ്രീയേട്ടന്റെ കൈ പിടിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോഴും ഒട്ടിത്തുടങ്ങിയ കവിളുകളിൽ കണ്ണീർത്തുള്ളികൾ പച്ച നിറത്തിൽ തിളങ്ങിയിരുന്നു. പക്ഷേ അത് അവസാനത്തെ കാഴ്ചയായിരുന്നു. തന്റെ കല്യാണത്തിന്റെ കടങ്ങൾ വീട്ടുവാൻ മനസ്സില്ലാ മനസ്സോടെ കാതിലെ ഞാത്ത് അച്ഛൻ അഴിച്ചു വാങ്ങിയപ്പോൾ ചുവന്ന കല്ലുകളുള്ള മൊട്ടു മാത്രം കാതിൽ പറ്റിക്കിടന്നു. കഴുത്തിലെ താലി കറുത്ത ചരടിൽ കോർക്കേണ്ടി വന്നിട്ടും പിടിച്ചു നിന്ന അമ്മയുടെ കണ്ണിൽനിന്ന് അന്നു നീർ പൊടിഞ്ഞു.
“ചേച്ചീ…. ദാ ചേച്ചിയുടെ കമ്മൽ… ” കുഞ്ഞു ബോക്സിനുള്ളിൽ ഭംഗിയുള്ള വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു വച്ച കമ്മൽ സെയിൽസ് മാൻ അവൾക്കു മുന്നിലേക്കു വച്ചു.
“പിന്നെ ഇതു ബില്ല്…. ഇതു ബാക്കി പൈസ..” അവൻ ചിരിച്ചു കൊണ്ട് ബില്ലും ഒരു ഇരുന്നൂറു രൂപ നോട്ടും അവൾക്കു മുന്നിലേക്കു നീക്കി വച്ചു.
“പിന്നേം ബാക്കിയുണ്ടോ…?” ബിൽ കയ്യിലെടുത്തു കൊണ്ട് അവൾ നെറ്റി ചുളിച്ചു."ഉം...." അവൻ ചിരിച്ചു. അവൾ അവനെയും ബില്ലിലെ തുകയും മാറി മാറി നോക്കി. അവന്റെ മുഖത്തെ ചിരി മാഞ്ഞില്ല. പക്ഷേ ആ ചിരിക്ക് ഒരുപാട് അർഥങ്ങൾ ഉണ്ടെന്ന് അവൾക്കു മനസ്സിലായി. "എനിക്കുമുണ്ടൊരു ചേച്ചി..... പക്ഷേ കുട്ടിയൊന്നും ഇല്ലാട്ടോ..... കല്യാണം കഴിഞ്ഞിട്ടില്ല." അവന്റെ മുഖം മങ്ങുന്നതും തല കുനിയുന്നതും അവൾ കണ്ടു.
ഒന്നും മിണ്ടാതെ ആ ഇരുന്നൂറു രൂപ നോട്ട് അവന്റെ മുന്നിലേക്കു നീക്കി വച്ചിട്ട് കമ്മലും ബില്ലും ബാഗിനുള്ളിൽ ഭദ്രമാക്കി ജ്വല്ലറിയുടെ പടിയിറങ്ങി ഇന്ദു ബസ് സ്റ്റോപ്പിലേക്കു നടന്നു.രണ്ടു ബസുകൾ മാറിക്കയറിയാലേ ശ്രീയേട്ടന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്താൻ പറ്റൂ. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് വീട്ടിൽപ്പോയി നിന്നിട്ടുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ബസിൽ കയറി ഒഴിവുള്ള സീറ്റിൽ ഒതുങ്ങിയിരിക്കുമ്പോൾ കല്യാണത്തിനു മുൻപുള്ള നാളുകൾ ഇന്ദു ഓർത്തു. അച്ഛനും അമ്മയും ചേച്ചിയും താനും. ചെറിയ കുടുംബം, ചെറിയ സ്വപ്നങ്ങളും. ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ മുതലാണ് അച്ഛനമ്മമാരെപ്പറ്റിയുള്ള ചിന്തകൾ മനസ്സിനെ മഥിക്കാൻ തുടങ്ങിയത്. പ്രായമാകുമ്പോൾ അവരെ ആരു സംരക്ഷിക്കും....? അന്നു താൻ എടുത്ത തീരുമാനമായിരുന്നു അച്ഛനമ്മമാർക്കൊപ്പം തന്റെ വീട്ടിൽ താമസിക്കാൻ തയ്യാറാകുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നത്. തന്റെ വാശിക്കു മുന്നിൽ ഒരുപാടു നല്ല ആലോചനകൾ വഴിമാറിപ്പോയി. ശ്രീകുമാറിന്റെ ആലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു.
“മോളേ നമ്മുടെ കയ്യിൽ കൊടുക്കാൻ ഒന്നുമില്ല. ഇതിപ്പോ ചെക്കന് നിന്നെ ഇഷ്ടമായി, അവന് സ്ത്രീധനം ഒന്നും വേണ്ടാ…. പക്ഷേ…. “ "എന്താണച്ഛാ ഈ പക്ഷേ....?" ചോദിച്ചത് ചേച്ചി ബിന്ദുവായിരുന്നു. "അതിപ്പോ... അവന്റെ കുടുംബത്തിലും ആണായിട്ട് അവൻ മാത്രമേയുള്ളൂ.... അവന്റെ അച്ഛനെയും അമ്മയെയും ഇട്ടിട്ട് ഇവിടെ വന്നു ജീവിക്കാൻ അവനു പറ്റില്ലല്ലോ...."
“എങ്കിൽപ്പിന്നെ ഇതു വിട്ടേരെ….” താൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
“നീയവിടെ ഇരിക്കു കൊച്ചേ…. അച്ഛനും അമ്മയും നിന്റെ മാത്രമല്ലല്ലോ.. എന്റേം കൂടിയല്ലേ…” ബിന്ദു ഭർത്താവ് സുധിയെ ഇടം കണ്ണിട്ടു നോക്കി.
“ഇന്ദൂ…. എനിക്കു വല്ല്യ ജോലിയും വരുമാനവുമൊന്നുമില്ല… പക്ഷേ ഇവരെ എനിക്കു പറ്റുന്ന വിധത്തിൽ ഞാൻ നോക്കിക്കോളാം.” സുധിയേട്ടൻ പറഞ്ഞു."നീ സമ്മതിക്കു മോളേ.... അറിഞ്ഞിടത്തോളം ശ്രീകുമാർ നല്ലവനാ... നമ്മുടെ സ്വത്തിൽ നിന്ന് ഒരുതരി മണ്ണുപോലും അവനു വേണ്ട, ചേച്ചിക്കു കൊടുത്തേക്കാൻ അവൻ പറഞ്ഞിട്ടുണ്ട്..."
അപ്പോഴാണ് ചേച്ചിയുടെയും സുധിയേട്ടന്റെയും സ്നേഹത്തിന്റെ ശരിക്കുള്ള അർത്ഥം തനിക്കു മനസ്സിലായത്. പക്ഷേ പിന്നീട് തന്റെ എതിർപ്പുകൾക്കൊന്നും ഒരു വിലയുമില്ലായിരുന്നു. അവർ ആഗ്രഹിച്ചതുപോലെ തന്നെ തന്റെ വിവാഹം നടന്നു. ശ്രീയേട്ടൻ നല്ലവനായിരുന്നു. ഹോട്ടലിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു. കിട്ടുന്ന വരുമാനം കൊണ്ട് അച്ഛനുമമ്മയും താനും ശ്രീയേട്ടനുമടങ്ങുന്ന കുടുംബം അന്നന്നത്തെ ചിലവു നടന്നുപോകും.
കല്യാണം കഴിഞ്ഞു വന്നു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ മുതൽ താനും ചെറിയ ചെറിയ പണിക്കു പോയിരുന്നു. പക്ഷേ മോനെ ഗർഭിണിയായപ്പോൾ മുതൽ ശ്രീയേട്ടന്റെ വരുമാനം മാത്രമായി കുടുംബത്തിന്റെ ആശ്രയം. തന്റെ വിവാഹം കഴിഞ്ഞതോടെ ചേച്ചിയും സുധിയേട്ടനും തനിനിറം കാട്ടിത്തുടങ്ങി. ബിന്ദുച്ചേച്ചി വല്ലപ്പോഴും മാത്രം വീട്ടിൽ വന്നുപോകുന്ന അതിഥിയായി. തനിക്ക് അതിനും കൂടി സാധിക്കുമായിരുന്നില്ല. അച്ഛനുമമ്മയും ഏറക്കുറെ ഒറ്റപ്പെട്ടു പോയി. തന്റെ കല്യാണത്തിന്റെ കടങ്ങൾ വീട്ടിത്തീർന്നപ്പോഴേക്കും അച്ഛന്റെ കയ്യിൽ ഒന്നുമില്ലാതായി. തൊഴിലുറപ്പു പണിയും പെൻഷനുമായി കഷ്ടി ജീവിച്ചു പോകുന്നു. വല്ലപ്പോഴും ഒരിക്കൽ അവരെക്കാണാൻ ഓടിച്ചെന്നിട്ടു തിരിച്ചു വന്നാൽ നെഞ്ചിന്റെയുള്ളിൽ ഒരു വിങ്ങൽ വല്ലാത്തൊരു ഭാരമായി നിൽപുണ്ടാവും. വായിലേക്കു വയ്ക്കുന്ന ഓരോപിടി ചോറിലും കണ്ണീരിന്റെ ഉപ്പു പടരുന്നുണ്ടാവും. തന്റെ ആ അവസ്ഥ കണ്ടിട്ടു തന്നെയാണ് ശ്രീയേട്ടൻ തന്നെ വീട്ടിൽ പോകാൻ സമ്മതിക്കാത്തതും. മോൻ ഉണ്ടായപ്പോൾ ആശുപത്രിയിൽ രണ്ടാളും വന്നിരുന്നു. പക്ഷെ അവന്റെ ചോറൂണിന് അച്ഛൻ മാത്രമേ വന്നുള്ളൂ. അമ്മയ്ക്ക് സുഖമില്ലായിരുന്നു, അത്രയും ദൂരം ബസിൽ യാത്ര ചെയ്യാൻ വയ്യാത്രേ! അന്നു മോന്റെ കാലിലിടാൻ ഒരു ജോഡി കുഞ്ഞു തളകളുമായാണ് അച്ഛൻ വന്നത്. കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.
“എന്തിനാച്ഛാ ഇതൊക്കെ…?” തന്റെ ശബ്ദം ഇടറിയിരുന്നു.
“ഞങ്ങൾക്കും കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളൊക്കെയില്ലേ മോളേ…?” അച്ഛൻ തന്നെ ചേർത്തു നിർത്തി.
“പക്ഷേ എങ്ങനെ….?”
“ഞങ്ങൾക്കുമുണ്ടെടീ ചെറിയ സമ്പാദ്യങ്ങൾ….!” അച്ഛന്റെ ചുക്കിച്ചുളിഞ്ഞ കവിളുകളിൽ ചിരി പടരുമ്പോൾ തനിക്ക് ഉച്ചത്തിലൊന്നു കരയാനാണ് തോന്നിയത്.
പിന്നീട് പലപ്രാവിശ്യം വിളിച്ചു രണ്ടാളെയും. പക്ഷേ ഓരോ ഒഴിവുകഴിവുകൾ പറയും. വരാനും തന്നെയും മോനെയും കാണാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്നറിയാം. പക്ഷേ വരുമ്പോൾ കൊണ്ടുവരാൻ ഒന്നും കയ്യിലില്ല എന്ന സങ്കടം!രണ്ടുമൂന്നു ചെറിയ കടകൾ മാത്രമുള്ള ചെറിയ ബസ് സ്റ്റോപ്പിൽ ബസിറങ്ങി മോനെയും തോളിലിട്ട്, ഇരുവശവും പുല്ലു വളർന്നു നിൽക്കുന്ന നാട്ടു മനവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ പിന്നിൽ നിന്നാരോ വിളിച്ചതുപോലെ തോന്നി.
തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ! കയ്യിൽ ചെറിയൊരു പ്ലാസ്റ്റിക് കവറിൽ എന്തോ തൂക്കിപ്പിടിച്ചിട്ടുണ്ട്.
“ഞാൻ കടേല് കുറച്ചു സാധനം മേടിച്ചോണ്ടു നിൽക്കുവാരുന്നു, അപ്പോഴാ ശശി പറഞ്ഞത് നീയും കൊച്ചും ബസിറങ്ങുന്ന കണ്ടൂന്ന്….!!” അവൾക്കൊപ്പമെത്താൻ വേഗത്തിൽ നടന്നതുകൊണ്ടാവാം അച്ഛൻ വല്ലാതെ കിതയ്ക്കുന്നുണ്ട്."ഞാൻ കണ്ടില്ലാരുന്നു അച്ഛാ....!" ഇന്ദു മോനെ അച്ഛന്റെ കയ്യിലേക്കു കൊടുത്തു. അയാളുടെ കുഴിഞ്ഞു താണ കണ്ണുകളിലേക്കും നരച്ച താടി രോമങ്ങളിലേക്കും പകച്ചു നോക്കിയിട്ട് ഇന്ദുവിന്റെ നേരെ കൈകൾ നീട്ടിക്കൊണ്ട് മോൻ കരയാൻ തുടങ്ങി.
അവൾ കുഞ്ഞിനെ തിരികെ വാങ്ങി. അച്ഛൻ കൊച്ചുകുട്ടികളെപ്പോലെ വാതോരാതെ സംസാരിക്കാൻ തുടങ്ങിയിരുന്നു.".... ന്നാലും നീ മുന്നറിയിപ്പൊന്നുമില്ലാതെ ഇങ്ങനെ വന്നപ്പോ അങ്ങോട്ട് വിശ്വസിക്കാൻ പറ്റണില്ല മോളേ... അമ്മേം അത്ഭുതപ്പെടും നോക്കിക്കോ.." അച്ഛൻ ചിരിക്കുകയാണോ അതോ കരയുകയാണോ എന്നുപോലും ഇന്ദുവിനു മനസ്സിലായില്ല.
‘ജീവിതത്തിൽ ഒരുവട്ടമെങ്കിലും നിങ്ങളെ അത്ഭുതപ്പെടുത്തണം എന്നെനിക്കുണ്ടായിരുന്നു അച്ഛാ…’ അവൾ മനസ്സിൽ പറഞ്ഞു.അതിനു വേണ്ടിയാണ് ശ്രീയേട്ടൻ പോലുമറിയാതെ ചില്ലറകൾ കൂട്ടി വച്ച് നിധി പോലെ പാലക്കാ കമ്മൽ വാങ്ങിയത്. അത് അമ്മയ്ക്ക് കൊടുത്തു കഴിയുമ്പോൾ..... കാതിലെ പഴയ തിളക്കം തിരിച്ചു വരുമ്പോൾ..... അമ്മയുടെയും അച്ഛന്റെയും നിറഞ്ഞ മുഖങ്ങൾ ഒരു വട്ടം കാണണം! അമ്മ വീടിന്റെ അകത്തെവിടെയോ ആയിരുന്നു. അച്ഛന്റെ നീട്ടിയുള്ള വിളി കേട്ട് തിണ്ണയിലേക്കിറങ്ങി വന്ന് ശീലപോലെ നിന്നുപോയി പാവം!! പിന്നെ മോനെ ഇന്ദുവിന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി തുരു തുരെ ഉമ്മ വച്ചു. അവൻ ഞെട്ടിക്കൊണ്ട് കരയാൻ തുടങ്ങി.
ഇന്ദു അമ്മയെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. പഴയ സൗന്ദര്യവും പ്രസരിപ്പുമെല്ലാം എവിടെയോ പോയി മറഞ്ഞിരിക്കുന്നു. വെളുത്ത മുഖത്ത് വെയിൽകൊണ്ടു കരുവാളിച്ച പാടുകൾ. അവൾക്ക് അമ്മയെ ഒന്നു കെട്ടിപ്പിടിക്കണമായിരുന്നു. പക്ഷേ അവർ അവളെ ഒന്നു നോക്കി ചിരിച്ചിട്ട് മോനെ വീണ്ടും വീണ്ടും ഉമ്മ വച്ചു.
പൊടുന്നനെ അവളുടെ കണ്ണുകൾ അമ്മയുടെ കാതുകളിൽ പതിഞ്ഞു. ചുവന്ന കല്ലുകലുള്ള മൊട്ടുകൾ കിടന്നിരുന്ന സ്ഥാനത്ത് കാതുകൾ ശൂന്യം!!!
“അമ്മയുടെ കമ്മൽ എവിടെ…?” അവൾ അവരുടെ നര കയറിയ ചുരുണ്ട മുടി ഒതുക്കിക്കൊണ്ടു ചോദിച്ചു.
മുറ്റത്തു നിന്നു വരാന്തയിലേക്കു കയറിക്കൊണ്ടിരുന്ന അച്ഛൻ പൊടുന്നനെ തിരിഞ്ഞു നിന്നു.
“ആഹ്…. അതവിടെ ഊരി വച്ചിട്ടുണ്ട്…” അവർ അതു കാര്യമായി ശ്രദ്ധിച്ചില്ല.
“എവിടെ….?” ഇന്ദു അകത്തേക്കു കയറി.
തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് മേശപ്പുറത്തേക്കു വച്ചിട്ട് അതു തുറന്ന് അവൾ ജ്വല്ലറിയുടെ ചെറിയ ബോക്സ് കയ്യിൽ എടുത്തു. പിങ്ക് കളറിലുള്ള വർണ്ണക്കടലാസ്സിലിരുന്ന് പാലക്ക കമ്മലിന്റെ പച്ചക്കല്ലുകൾ തിളങ്ങി."അമ്മേ.... കമ്മൽ എവിടേന്ന്.... ഞാനൊരു കൂട്ടം കാണിച്ചു തരാം...."
പാലക്ക കമ്മൽ കയ്യിലൊളിപ്പിച്ച് കൈകൾ പിന്നിൽ കെട്ടി കൊച്ചു കുട്ടിയെപ്പോലെ കുണുങ്ങിക്കൊണ്ട് ഇന്ദു വരാന്തയിലേക്കു വന്നു.
മോനെ എടുത്തുകൊണ്ടു നിന്നിരുന്ന അമ്മയുടെ അരുകിൽ അച്ഛനും നിൽപുണ്ടായിരുന്നു. മോൻ കരച്ചിൽ നിർത്തി ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.
“മോളേ…..” അച്ഛൻ വിളിച്ചു.
ഇന്ദു ചിരിച്ചു കൊണ്ട് കൈകൾ മുന്നോട്ടു നീട്ടി കമ്മലിന്റെ ഞാത്ത് അമ്മയുടെ കാതുകളിലേക്കു ചേർത്തു വച്ചു."അമ്മേ.... മൊട്ട് എടുത്തിട്ടു വാ... ചുവന്ന കല്ലുകൾക്കു താഴെ ഈ പാലക്കാപ്പച്ച ഇനിയെന്നും തിളങ്ങണം...!!" അവളുടെ ശബ്‍ദത്തിൽ സന്തോഷവും അഭിമാനവും അലയടിച്ചിരുന്നു. പക്ഷേ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അവൾ പ്രതീക്ഷിച്ച സന്തോഷം മാത്രം കണ്ടില്ല.
അമ്മയുടെ കൈകൾ മോന്റെ കാൽത്തളയിൽ തൊട്ടു തലോടുന്നുണ്ടായിരുന്നു. അവളുടെ നോട്ടവും മോന്റെ കാൽത്തളയിലേക്കായി. "അമ്മയുടെ മൊട്ടു കമ്മൽ......?" അവളുടെ ചോദ്യം പാതിയിൽ മുറിഞ്ഞു പോയി. അച്ഛൻ അവളുടെ കണ്ണിലേക്കു നോക്കി. അയാളുടെ തല അറിയാതെ കുനിഞ്ഞു. അമ്മയുടെ കണ്ണിൽ നിന്നും അടർന്നു വീണ നീർത്തുള്ളികൾ കാലിൽ പതിച്ചപ്പോൾ ഇക്കിളിയിട്ടതു പോലെ മോൻ ചിരിച്ചു. വിറയ്ക്കുന്ന കൈകളിലിരുന്ന് പാലക്ക കമ്മൽ ഇന്ദുവിനെ നോക്കി കളിയാക്കിച്ചിരിച്ചു. - ദേവ ഷിജു
Khel92game kaafi acha hai! Gameplay smooth hai aur options bhi interesting hain. Thoda time pass karne ke liye mast hai. Give it a try! khel92game.
I have spent a few weeks playing Xo3game and I can confirm many games are engaging. Jump in and start playing: xo3game
Ace58loginapp, now that’s something I can get behind. Mobile gaming at its finest! So easy to just log in and start playing. Get the app yourself from ace58loginapp!
Your point of view caught my eye and was very interesting. Thanks. I have a question for you.
Your point of view caught my eye and was very interesting. Thanks. I have a question for you.