
ഫ്രണ്ട് റിക്വസ്റ്റ്
°°°°°°°°°°°°°°°°°°
“ങ്ങള് നാട്ടിലൊള്ള പെണ്ണുങ്ങളെ മുഴുവൻ ‘ഫേസൂക്കിൽ’ കൂട്ടുകാരാക്കിയിട്ട് ഞാൻ ഒരു റിക്വസ്റ് അയച്ചാ സ്വീകരിക്കൂല്ലാല്ലേ”
വേനൽ മഴയ്ക്കായി മൂടിക്കെട്ടിയ പ്രകൃതിയെ ഭയന്ന് നേരത്തെ വീട് പുൽകിയ സായന്തനങ്ങളിലൊന്നിൽ പ്രിയതമയുടെ മൂടിക്കെട്ടിയ മുഖം കണ്ട് ഞാനൊന്നമ്പരന്നു.
എപ്പോൾ വേണമെങ്കിലും ഇടിവെട്ടി മഴ പെയ്യാം എന്ന ഭാവമാണ് ഓൾക്ക്.
വസുമതി എന്ന പേരിൽ ഓളുടെ സുന്ദരമായ മുഖവും വച്ച് ഒരു സുഹൃത് അപേക്ഷ വന്നതായി ഓർമയില്ല.
പ്രൊഫൈലും ലോക്ക് ചെയ്ത് വല്ല സിനിമാക്കാരുടെ ഫോട്ടോയും വച്ച് വരുന്ന അപേക്ഷകൾ നിഷ്കരുണം നിരസിക്കാറുണ്ട്.
എന്നും പറഞ്ഞ് എല്ലാമെല്ലാമായ പ്രിയതമയുടെ അപേക്ഷ നിരസിക്കുക എന്നു വച്ചാൽ.
ഓളോട് മുഖപുസ്തകത്തിൽ ഒരു അക്കൗണ്ട് തുടങ്ങാൻ പറഞ്ഞിട്ട് നാളേറെയായി.
ഒന്നുമില്ലെങ്കിലും നുമ്മടെ ചളി പോസ്റ്റ്കൾക്ക് ഒരു ലൈക്ക് കൂടുതൽ കിട്ടുമല്ലോ.പക്ഷെ അങ്ങനെയൊരു റിക്വസ്റ് വന്നിട്ടില്ല.
എന്തായാലും ആലോചിച്ചു സമയം കളയണ്ട നേരിട്ടു ചോദിക്കാമല്ലോ എന്ന ചിന്തയോടെ തിരക്കി
“എപ്പോ ?”
“ഇന്ന് രാവിലെ”
“എന്നിട്ട് ഞാൻ കണ്ടില്ലല്ലോ?”
“ഞാൻ പേരോന്ന് പരിഷ്കരിച്ചാ ഇട്ടത്
‘ വി.എസ്.മതി ‘ എന്ന്.നയൻതാരേടെ ഫോട്ടോയും കൊടത്തിരുന്നു “
അപ്പഴാണ് വി.എസ്.മതി എന്ന പേരിൽ രാവിലെ വന്ന സുഹൃത് ക്ഷണം ഓർത്തത്.ഓളായിരുന്നല്ലേ.
“ഹെന്റെ പ്രിയതമേ ഞാൻ അങ്ങനെ പരിചയമില്ലാത്തോരുടെ ഒന്നും റിക്വസ്റ്റ് സ്വീകരിക്കാറില്ല.സ്വന്തം പേരും മുഖവും ഉള്ളവർ തന്നെ ധാരാളമുണ്ട്.അത് നീയല്ല സാക്ഷാൽ ദൈവം തമ്പുരാൻ ആയാലും അങ്ങിനെ തന്നെ”
“എന്റെ പൊന്നേ ങ്ങള് വിഷമിക്കേണ്ട.ഞാൻ ഒന്ന് പരീക്ഷിക്കാൻ ചെയ്തതാ.ങ്ങക്ക് വല്ല ചഞ്ചലിപ്പും ഉണ്ടോന്നറിയാൻ.ങ്ങള് വന്ന് കാപ്പി കുടിക്കിൻ”
പെട്ടെന്നവൾ കളം മാറ്റി ചവിട്ടികൊണ്ട് അകത്തേക്ക് പോയി.
നല്ല പിള്ളയായി ഞാനും.
ഹെന്റെ കാവിലമ്മേ ഓരോരോ പരീക്ഷണങ്ങളേയ് 😲 ശുഭം
രാജീവ് രാധാകൃഷ്ണപണിക്കർ
25/3/2022