
ചായപൂഞ്ചി (കഥ )
അയാളുടെ താടിക്ക് ഇളം മഞ്ഞ നിറമായിരുന്നു. നെഞ്ചോളം വരില്ലെങ്കിലും ഇളം മഞ്ഞ നിറമുള്ള ആ നരച്ച താടിതന്നെയായിരുന്നു അയാളുടെ പ്രത്യേകതയായി എനിക്കു തോന്നിയിരുന്നത്.
കോട്ടയം കളക്ടറേറ്റിന് സമീപത്തെ ചായക്കടയിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. ജോലി എന്നു പറഞ്ഞാൽ ചായ ഉണ്ടാക്കുന്ന ജോലി. കുറച്ചുകൂടി തെളിച്ചു പറഞ്ഞാൽ അയാൾ ഒരു ചായയടിക്കാരൻ ആയിരുന്നു.
അറുപത്തിഅഞ്ചിനു മുകളിൽ അയാൾക്ക് പ്രായമുണ്ടായിരുന്നു. ആ ചെറിയ ചായക്കടയിലെ ഒരു കോണിൽ എപ്പോഴും തിളച്ചു മറിയുന്ന സമോവാറിനരികെ അയാൾ നിൽക്കുന്നുണ്ടായിരിക്കും. എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് അടുപ്പിന് മുകളിൽ ആ പിത്തള സമോവാറിൽ നിന്നും ഇടതടവില്ലാതെ കടയിൽ വരുന്നവർക്ക് അനസ്യൂതം അയാൾ ചായ അടിച്ചു കൊടുത്തുകൊണ്ടിരുന്നു.
ഒരു ഷർട്ട് ധരിച്ചു ഞാൻ ഒരിക്കലും അയാളെ കണ്ടിരുന്നില്ല. ഷർട്ടിടാതെ തോളിൽ അയാൾ എപ്പോഴും ഒരു തോർത്ത് ധരിച്ചിരുന്നു. ആ തോർത്തിന്റെ കളറിലുള്ള കാവി മുണ്ടാണ് അയാൾ ധരിച്ചിരുന്ന മറ്റൊരു വസ്ത്രം.
തിളച്ചു മറിയുന്ന സമോവാറിന്റെ മുകളിൽ വച്ചിരിക്കുന്നു ചായപൂഞ്ചിയിൽ ഓരോ തവണ ചായ ഉണ്ടാക്കുമ്പോളും അയാൾ വലതുകൈകൊണ്ട് ഞെക്കാറുണ്ടായിരുന്നു. അങ്ങനെ ഞെക്കുമ്പോൾ ചായ സഞ്ചിയിൽ നിന്നും കടുത്ത നിറത്തിലുള്ള ചായവെള്ളം പാൽ ഒഴിച്ചു വച്ചിരിക്കുന്ന ചായ ഗ്ലാസ്സിലേക്ക് ഒരു പ്രത്യേക ഭംഗിയിൽ പടർന്നിറങ്ങും. ഒന്നുകൂടി അതിൽ ഞെക്കി കടുപ്പം പാകത്തിനായി എന്നുറപ്പുവരുത്തി ആ ഗ്ലാസ്സിലെ ചായ അയാൾ മറ്റൊരു അലുമിനിയം കുഴപ്പാത്രം അഥവാ മഗ്ഗിലേക്ക് പകർത്തി കൈകൾ നീട്ടിവലിച്ചുയർത്തി ചായ അടിച്ചെടുക്കും. മുക്കാൽ ഭാഗം ചായയും, കാൽ ഭാഗം പതയുമുള്ള ആ ചായയുടെ രുചിയും മണവും, അതൊന്നു വേറെ തന്നെ. ഞാൻ കുടിച്ചിട്ടുള്ള ഏറ്റവും രുചികരമായ ചായ അതുതന്നെ എന്നുപറയാൻ ഞാൻ എന്തിനു മടിക്കണം.
കളക്ടറേറ്റിൽ വരുന്ന എത്രയോ സന്ദർശകർ, നേതാക്കന്മാർ, മന്ത്രിമാർ, അവിടുത്തെ ജീവനക്കാർ, കോടതിയിൽ വ്യവഹാരത്തിനു വരുന്നവർ, വക്കീലന്മാർ, ജഡ്ജികൾ, എഴുത്തുകാർ, കച്ചവടക്കാർ, കോളേജ് കുട്ടികൾ എന്നുവേണ്ട സമൂഹത്തിലെ നാനാ തുറയിലുള്ള എത്രയോ പേർ ആ ചായക്യടിച്ചു കൃതാർത്ഥരായി മടങ്ങിയിരിക്കുന്നു.
കോട്ടയം പട്ടണത്തിൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് പോകേണ്ടി വന്നാൽ ഞാൻ അറിയാതെ ആ ചെറിയ ചായക്കടയിലേക്ക് നടക്കും. ചായ പറഞ്ഞിട്ട് കൗതുകാത്തോടെ അയാൾ ചായ അടിക്കുന്നത് ഞാൻ നോക്കിയിരിക്കും. എന്റെ നോട്ടം കാണുമ്പോൾ അയാൾ ഒന്നു ചെറുതായി ചിരിക്കും. ചായ അടിച്ചു കഴിഞ്ഞുള്ള വിശ്രമ സമയങ്ങളിൽ ചായപൂഞ്ചി ഞെക്കാറുള്ള ആ കൈകൾക്കൊണ്ട് അയാൾ അയാളുടെ താടി രോമങ്ങൾ മൃദുവായി തലോടും. ആ വെളുത്ത താടിക്ക് എങ്ങനെയാണ് ഇളം മഞ്ഞ നിറം പടർന്നതെന്നു ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ.
ചായ കുടിച്ചു ആ കടയിൽ നിന്നും പുറത്തിറങ്ങുന്നതിനു മുൻപ് ഓരോ തവണയും ഞാൻ മുടങ്ങാതെ ചെയ്യുന്ന ഒരു പ്രവർത്തിയുണ്ട്., കടയുടെ ആ വെളിച്ചം കുറഞ്ഞ മൂലയിലേക്ക് ചെന്നു ഞാൻ പറയും.
“അമ്മാവാ സൂപ്പർ ചായ.”
ഞാൻ ഇതു പറയുമ്പോൾ എന്നെ നോക്കി അയാൾ ഹൃദ്യമായി ചിരിക്കും.
ഞാൻ ആ കടയിൽ പോയപ്പോഴൊന്നും അയാൾ ആരോടും സംസാരിച്ചു കണ്ടിട്ടില്ല. തന്റെ ജോലിയിൽ അയാൾ എപ്പോഴും മുഴുകിയിരുന്നു. ചായകുടിക്കാൻ കടയിൽ ആളുകൾ കുറവുള്ള സമയത്ത് ചായത്തട്ടു തുടക്കുകയോ അല്ലങ്കിൽ, ആ പിത്തളയുടെ സമോവാർ തുടച്ചു വൃത്തിയാക്കി അതിനു തിളക്കം വരുത്തുകയോ ചെയ്യാൻ അയാൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയോ ചെയ്യും.
ഒന്നുരണ്ടു തവണ ചായ കുടിച്ചു കഴിഞ്ഞിട്ട് പോകുന്ന സമയം ഞാൻ അയാളുടെ അടുത്തേക്ക് ചെന്ന് ഇരുപതു രൂപയുടെ നോട്ട് അയാൾക്ക് നൽകാൻ ശ്രമിച്ചിട്ടുണ്ട്. സ്നേഹത്തോടെ ഇതൊന്നും എനിക്കുവേണ്ട എന്ന് ദ്യോതിപ്പിക്കുന്ന തരത്തിൽ ചിരിച്ചുകൊണ്ടുള്ള ഒരു തലയാട്ടൽ അതായിരുന്നു അയാളുടെ പ്രതികരണം. പണം വാങ്ങുവാൻ അയാൾ തയ്യാറായിരുന്നില്ല എങ്കിലും മനോഹരമായി നിരയൊത്ത വെളുത്ത പല്ലുകൾ പുറത്തുകാട്ടി അയാൾ ചിരിക്കാൻ മറന്നിരുന്നില്ല.അപ്പോഴൊക്കെ കൃതജ്ഞത നിറഞ്ഞ ആ മുഖത്തെ കണ്ണുകൾ സ്നേഹം കൊണ്ടോ, സന്തോഷം കൊണ്ടോ നിറയാറുണ്ടായിരുന്നു തൻറെ തൊഴിലിനെ ആരെങ്കിലും പുകഴ്ത്തുകയോ അതിനു പാരിതോഷികം നൽകുകയോ ചെയ്യുമ്പോൾ ആർക്കാണ് സന്തോഷം ഉണ്ടാകാത്തത്.
ഒരു ദിവസം ഉച്ചയോടടുത്ത സമയം. ഞാൻ കോട്ടയം കളക്ട്രേറ്റിൽ കളക്ടർ അജിത് കുമാർ സാറിനെ ഒരു പൊതു പരിപാടിക്ക് ക്ഷണിക്കുവാൻ പോയി മടങ്ങി വരുന്ന സമയം. പതിവുപോലെ ആ ചായക്കടയിൽ കയറി നല്ല ചൂടുള്ള, ഉഷാറു പകരുന്ന ചായ ആസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്നു ഒരു പോലീസുകാരൻ ആ ചായക്കടയിലേക്ക് വേഗത്തിൽ കയറിവന്നു.
ആപോലീസുകാരൻ ചായയടിക്കാരന്റെ അടുത്തേക്ക് ചെന്ന് അയാളുടെ കഴുത്തിന് പിടിച്ചുകൊണ്ട് മുഖമടച്ചു ഒരടികൊടുത്തു. അനന്തരം അയാൾ ആ ചൂടു ചായപൂഞ്ചി പുറത്തെടുത്തു അയാളുടെ മുഖത്തേക്ക് കലിയോടെ അമർത്തിപ്പിടിച്ചുകൊണ്ട് അയാളെ കടുത്ത അസഭ്യം പറഞ്ഞു തുടങ്ങി. കലിയാടങ്ങാതെ വെള്ളം തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുന്ന ആ സമോവാറിൽ നിന്നും കുഴപ്പാത്രത്തിൽ തിളച്ച വെള്ളം മുക്കി അയാളുടെ മുഖത്തേക്ക് ഒഴിക്കുവാനായി അയാളെ ബലമായി പിടിച്ചു നിർത്തുകയും, തൻറെ ബലിഷ്ടമായ പാദങ്ങളിൽ അണിഞ്ഞിരിക്കുന്ന ബൂട്ടുകൊണ്ട് അയ്യാളുടെ കാലുകൾ ചവുട്ടി തിരുമ്മുകയും ചെയ്തു.
ഈ ഭീകരമായ പ്രവർത്തി കണ്ട് ഞാൻ അന്താളിച്ചു പോകുകയും അയാളെ ഉപദ്രവിക്കരുത് എന്ന് പോലീസുകാരനോട് ആക്രോശിക്കുകയും ചെയ്തു. കടയിൽ എന്റെ ഒപ്പം ചായ കുടിച്ചുകൊണ്ടിരുന്ന രണ്ടു മാന്യ ദേഹങ്ങൾ ഈ കാഴ്ച കണ്ട് ഭയന്ന് ചായ മുഴുവൻ കുടിക്കാതെ കടയുടെ കൗണ്ടറിൽ ഇരുന്ന ഉടമസ്ഥയായ പ്രായം ചെന്ന സ്ത്രീയുടെ കയ്യിൽ ചായക്കാശ് കൊടുത്തു അവിടെനിന്നും വേഗം മണ്ടുകയും ചെയ്തു. അവർ അങ്ങനെ ചെയ്യാൻ പ്രധാന കാരണം ഉപദ്രവിക്കുന്ന ആൾ ഒരു പോലീസുകാരൻ ആയതിനാലും, ചായയടിക്കുന്ന ആൾ ഏതോ കുറ്റവാളി ആണെന്ന് ധരിച്ചിട്ടും ആയതിനാലാണ് എന്നെനിക്ക് തോന്നി.
തിളച്ച ചൂടുവെള്ളം മുഖത്തേക്ക് വീഴും മുൻപ് മുഖത്തു പറ്റിപ്പിടിച്ച ആ ആവി പറക്കുന്ന ചായപൂഞ്ചിയുമായി അയാൾ ആ വൃദ്ധൻ വല്ലവിധേനയും കുതറി രക്ഷപെട്ടു പുറത്തേക്ക് ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു .
ഓടിപ്പോകുന്ന അയാളെ നോക്കി പോലീസുകാരൻ ക്രൂദ്ധനായി വിളിച്ചു പറഞ്ഞു
“ഇപ്പോൾ നീ ഓടിക്കോ എന്നാൽ നീ എവിടെപ്പോയാലും നിന്നെ ഞാൻ വിടില്ല, നീ നോക്കിക്കോ “
ഒരു മല്ലയുദ്ധം കഴിഞ്ഞ പ്രതീതിയിൽ കസേരയിൽ വന്നിരുന്നു തൻറെ പോലീസുതൊപ്പി ഡസ്ക്കിൽ ഊരി വച്ചുകൊണ്ട് പോലീസുകാരൻ കടയുടമസ്ഥയായ സ്ത്രീയെ നോക്കി പറഞ്ഞു
“ചേച്ചി കടുപ്പത്തിൽ ഒരു ചായ “
“ചായ അടിക്കുന്ന ആളെ കടയിൽ കയറി ചൂടുവെള്ളം മുഖത്തൊഴിച്ചു, പേടിപ്പിച്ചു ആട്ടിപ്പായിച്ചിട്ട് ഇപ്പോൾ ആരോടാണിയാൾ ചായ ചോദിക്കുന്നത്?”
കടയുടമസ്ഥ കലിയോടെ പോലീസുകാരനോട് ചോദിച്ചു.
കടയിലെ ചില്ലലമാരയിൽ നിന്നും ഒരു സുഖിയൻ കഴിച്ചുകൊണ്ട് അൽപ്പം ദേഷ്യമൊക്കെ അകറ്റി റോഡിലേക്ക് നോക്കിയിരുന്ന പോലീസുകാരനോട് ഞാൻ ചോദിച്ചു.
ആ വൃദ്ധൻ കുറ്റവാളിയാണോ? നിങ്ങൾ അയാളോട് എന്തിനാണ് ഇങ്ങനെ പെരുമാറിയത്? ആ തിളച്ച ചായവെള്ളത്തിൽ മുങ്ങിക്കിടന്ന ചായപൂഞ്ചികൊണ്ട് അയാളുടെ മുഖം നിങ്ങൾ പൊള്ളിച്ചില്ലേ? പാവം ഒന്നുമല്ലെങ്കിലും അയാൾ പ്രായം ചെന്ന ഒരു മനുഷ്യനല്ലേ, ഇങ്ങനെ ഒരാളേ നിങ്ങൾ പോലീസുകാർ തന്നെ ഉപദ്രവിക്കുന്നത് തെറ്റല്ലേ? “
എന്നെ ഒരു നിമിഷം തുറിച്ചു നോക്കിയിട്ട്, കഴിച്ചുകൊണ്ടിരുന്ന സുഖിയൻ വായിലേക്ക് മുഴുവനായി കടത്തിക്കൊണ്ട് പഴയ ദേഷ്യം വീണ്ടും കണ്ണുകളിലേക്ക് ആവാഹിച്ചുകൊണ്ട് പോലീസുകാരൻ പറഞ്ഞു.
“അവനെ പച്ചക്കു കത്തിച്ചു കൊല്ലും ഞാൻ. എന്റെ ഭാര്യയെ കൊന്നിട്ട്, എന്റെ അമ്മയെ കൊന്നിട്ട് അവൻ നിയമത്തിന്റെ പഴുതിൽ രക്ഷപെട്ടു എന്റെ കണ്ണിൽപ്പെടാതെ പലയിടത്തായി ഒളിച്ചു കഴിയുകയാ, പക്ഷേ വിടില്ല ഞാനവനെ. ഞാൻ ഈ പോലീസായതുതന്നെ അതുകൊണ്ടാണ്. കിതച്ചുകൊണ്ട് മേശപ്പുറത്തെ ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചുകൊണ്ട് പോലീസുകാരൻ പറഞ്ഞു നിർത്തിയപ്പോൾ അയാളുടെ രണ്ടുകണ്ണുകളും നിറഞ്ഞു തുളുമ്പിയത് ഞാൻ കണ്ടു.
പോലീസുകാരൻ പറഞ്ഞതുകേട്ട് ഒരു ഞെട്ടലോടെ നിൽക്കുകയായിരുന്നു ഞാനും കടയുടമസ്ഥയായ സ്ത്രീയും. ഈ കഴിഞ്ഞ നിമിഷം വരെ വളരെ രുചിയേറിയ ചായ തയ്യാറാക്കി ഹൃദയത്തോളം സംതൃപ്തിയുടെ അന്തോളനം പകർന്നു നൽകിയിരുന്ന, വളരെ സാധു എന്നു തോന്നിപ്പിച്ചിരുന്ന ആ ചായയടിക്കാരൻ ഇരട്ടകൊലപാതകം ചെയ്ത വ്യക്തിയാണെന്നോ? ദൈവമേ ഇതെങ്ങനെ വിശ്വസിക്കും.
ഡെസ്ക്കിൽ വച്ചിരുന്ന തൊപ്പി തലയിലേക്ക് വച്ചു പുറത്തേക്കു നടക്കാൻ തുനിഞ്ഞ പോലീസുകാരനോട് കടയുടമസ്ഥ വീണ്ടും ചോദിച്ചു.
“സത്യമാണോ ഇത്. അയാൾ, അയാൾ ശരിക്കും ആരാണ്? നിങ്ങൾ ഒരു പോലീസുകാരനാണ് എന്നറിയാം. ഒരുപക്ഷെ നിങ്ങൾക്ക് തെറ്റുപറ്റിയതാണെങ്കിലോ? അയാളെ കണ്ടാൽ, അയാളുടെ പ്രവർത്തികളിൽ കണ്ടാൽ ഒരിക്കലും അയാൾ അങ്ങനെയുള്ള ഒരാളാണെന്ന് തോന്നില്ല. കുറെ നാളായി അയാളിവിടെ ജോലിചെയ്യുന്നു. അതുകൊണ്ട് പറഞ്ഞതാ.”
ഞങ്ങളുടെ മുഖത്തു നോക്കാതെ പോലീസുകാരൻ പുറത്തേക്കിറങ്ങിക്കൊണ്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“എനിക്കു അയാളെ നന്നായി അറിയാം അയാൾ എന്റെ അച്ഛനാണ്, സ്വന്തം അച്ഛൻ “.
സ്ഥബ്ധനായി നിന്ന എന്റെ മനസ്സിൽ വലിയ ഒരു കഥയുടെ ക്യാൻവാസ് വിടർത്തിവച്ച് ആ പോലീസുകാരൻ റോഡിലേക്കിറങ്ങി എങ്ങോട്ടോ നടന്നുപോയി.
സുനു വിജയൻ.
Thanks for sharing. I read many of your blog posts, cool, your blog is very good.
Your point of view caught my eye and was very interesting. Thanks. I have a question for you.
Your article helped me a lot, is there any more related content? Thanks!