പെണ്ണ്

🌹പെണ്ണ് 🌹

പെണ്ണ് എന്നും അവളുടെ ആഗ്രഹങ്ങളുടെ തീ ചൂളയിൽ സ്വന്തം മജ്ജയും മാംസവും ഉരുക്കി അസ്ഥിത്വം സ്വയം തിരിച്ചറിയാനാവാതെ മറ്റുള്ളവർക്ക് തണുപ്പ് പകർന്നു ജീവിതം എന്തെന്നറിയാതെ ,എങ്ങനെന്നറിയാതെ ജീവിച്ചു മരിക്കുന്നു ..

അവളുടെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ, വികാരങ്ങൾ, വിചാരങ്ങൾ ഇവ ഒന്നും ഒരു മനുഷ്യായുസ്സ് കടന്നു പോയാൽ പോലും ആരും അന്വേഷിക്കാറുമില്ല.

മകൾ, സഹോദരി,കാമുകി, ഭാര്യ,കൂട്ടുകാരി, ഉദ്യോഗസ്ഥ,മരുമകൾ, അമായിയമ്മ എന്ന പല പ്രശ്ചന്ന വേഷങ്ങളിലൂടെയുള്ള പ്രയാണത്തിൽ എല്ലാവരെയും അറിഞ്ഞും പഠിച്ചും, പഠിപ്പിച്ചും, ശകാരിച്ചും, വഴക്കുകൂടിയും, വിട്ടുവീഴ്ചകൾ ചെയ്തും സ്നേഹിച്ചും, കരഞ്ഞും, ത്യാഗം സഹിച്ചും ഒരായുസ് മുഴുവൻ ആരോടും പരിഭവവും പരാതിയും പറയാതെ തള്ളി നീക്കാൻ വിധിക്കപ്പെടുന്നു…

ആഗ്രഹിക്കുന്ന ഭക്ഷണം, ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ, പോകാൻ ഇഷ്ടമുള്ള സ്ഥലങ്ങൾ, ആഗ്രഹിക്കുന്ന ജീവിതം ഇവ എങ്ങനെ, എന്ത് എന്ന് പോലും സ്വയം തിരിച്ചറിഞ്ഞിട്ട് കൂടി ഉണ്ടാവില്ല ഒരു ജന്മം ജീവിച്ചു മരിച്ചിട്ടും…

ആരോട് മിണ്ടണം?
എവിടെ പോകണം?
എപ്പോൾ തിരികെ വരണം?ഏത് വേഷം ധരിക്കണം? ഇങ്ങനെ പല ചോദ്യങ്ങൾ അവൾ മിക്കപ്പോഴും അവളോട്‌ തന്നേ ചോദിച്ച് ഉത്തരം കണ്ടെത്താതെ ഉപേക്ഷിച്ചിട്ടുണ്ടാകും.

അവൾക്കും പ്രണയമുണ്ടാവില്ലേ, കാമുകനോപ്പം, ഭർത്താവിനോപ്പം, കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ താല്പര്യം തോന്നി കാണില്ലേ, നൈറ്റ്‌ ഡ്രൈവുകൾ സിനിമ ഇവയൊക്കെ അവളുടെ ആഗ്രഹ പട്ടികയിൽ ഇടം നേടിയിട്ടുണ്ടാവില്ലേ?

ഒരു ദിവസം ഒരു ജോലി പോലും ചെയ്യാതെ ജീവിക്കാൻ, താമസിച്ചു ഉണരാൻ,
യാത്ര പോകാൻ,
സ്വന്തമായി ഇഷ്ടപ്പെടുന്ന നുറായിരം കാര്യങ്ങൾ ചെയ്യാൻ അവൾക്കും എന്നെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടാവില്ലേ?
എല്ലാം “കടമ” എന്ന ചങ്ങല കെട്ടിൽ സ്വയം അല്ലെങ്കിൽ മറ്റുള്ളവർ അടിച്ചേല്പിക്കപ്പെടുന്നു.
അതിനൊപ്പം നൂൽ പാവയായി അവളും..

ദിവസം തുടങ്ങുമ്പോൾ മുതൽ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വരെ അടുത്ത ദിവസം ചെയ്യേണ്ട ജോലികളുടെ ഒരു നീണ്ട പട്ടിക അവളുടെ മനസ്സിന്റെ താളിൽ കുറിക്കുന്നുണ്ടാകും. രാവിലെ, ഉച്ചക്ക്, രാത്രി മകന്, മകൾക്കു, ഭർത്താവിന്,മുതിർന്നവർക്ക് ഏത് ഭക്ഷണം, അവർക്ക് ഇടാനുള്ള തുണികൾ, പോകേണ്ട സ്ഥലങ്ങൾ, എഴുനേൽക്കേണ്ട സമയം,ഓഫീസിലെ ജോലികൾ, ജന്മദിനങ്ങൾ, വാർഷികങ്ങൾ, പോകേണ്ട ചടങ്ങുകൾ ഇവ ഒക്കെ മറക്കാതെ ഓർമിപ്പിക്കുന്ന, ഏറ്റവും കൃത്യവും, സമയനിഷ്ടയുമുള്ള അലാറം ലോകത്തിൽ വേറെ എങ്ങും ഉണ്ടാകില്ല..

ചിലപ്പോൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റും ഓടുന്നുണ്ടാകും ചില സാധങ്ങൾ ഫ്രിഡ്ജിന് പുറത്തു വെക്കാൻ, ചിലതു അകത്തും, പുറത്തു കഴുകിയ തുണികൾ തിരികെ എടുക്കാൻ, മഴ എങ്ങാനും പെയ്താലോ?
മറന്ന കാര്യങ്ങൾ ഒക്കെ ചെയ്തു തീർക്കാൻ അങ്ങനെ….
അങ്ങനെ പലതും….

ഇങ്ങനെയുള്ള ജീവിതത്തിൽ…..
മറന്നു പോകുന്ന കാര്യങ്ങളിൽ, ഉപ്പും പുളിയും കൂടിയാൽ,നല്ല വസ്ത്രങ്ങൾ ധരിക്കാൻ മറന്നാൽ,
ഭർത്താവിന്റെ ഇഷ്ടങ്ങളിൽ പൂർണ്ണ പങ്കാളികളാകാൻ കഴിഞ്ഞില്ലെങ്കിൽ ഒക്കെ അവൾ ഒന്നിനും കൊള്ളാത്തവൾ.
കുറ്റങ്ങളും, കുറ്റപ്പെടുത്താലും അവളുടെ ബാങ്ക് ബാലൻസ്സായി അവശേഷിക്കപ്പെടുന്നു .

കാലം മാറുന്നതനുസരിച്ചു ഒരിക്കലും മാറാൻ കഴിയാത്തവരാണ് സ്ത്രീകളിൽ 90% പേരും. മാറുന്നവരെ, അതിനു തയ്യാറാകുന്നവരെ “കുഴപ്പക്കാരികൾ” എന്ന് പേരിട്ടു സമൂഹം മാറ്റിനിർത്തപ്പെടുകയും ചെയ്യും.

ഇനിയും ഉണരാത്ത, ഉറക്കം നടിച്ചു ജീവിക്കാൻ മറക്കുന്ന പ്രിയ സഹോദരിമാരെ ഈ എഴുത്ത് ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.

എല്ലാ ഉത്തരവാദിത്തങ്ങൾക്കൊപ്പം നിങ്ങൾക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തമാണ് ഏറ്റവും വലുത്.
നിങ്ങളുടെ സമ്പാദ്യം.
നിങ്ങൾക്കു വേണ്ടി സ്വയം സന്തോഷം “കണ്ടെത്തുക, സമയം കണ്ടെത്തുക.. “എന്നുള്ളത് നിങ്ങൾക്ക് മാത്രമേ ചെയ്യാനാകൂ.അത് ആരും ഒരിക്കലും നിങ്ങൾക്ക് വേണ്ടി എത്തിക്കപ്പെടുകയില്ല. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക .
ഇല്ലെങ്കിൽ ജരാനരകൾ ബാധിച്ചു പ്രായം എത്തും മുൻപ് തന്നെ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ബലിയാടായി,
ചിതയിൽ കത്തിയമരേണ്ടി വരും..
ഉണരുക..
ഉണർന്നു ജീവിക്കുക……. കുറച്ചു നിമിഷങ്ങൾ….. ദിവസങ്ങൾ….
ബാക്കി വന്ന ഈ ജീവിതത്തിൽ
നിങ്ങൾക്കായി മാത്രം…
നിങ്ങളുടെ ഇഷ്ടങ്ങൾക്കായി..
നിങ്ങളുടെ സന്തോഷങ്ങൾക്കായി…..

വെറുതെ ജീവിച്ചു മരിക്കാതെ
ജീവിച്ചു ജീവിക്കുക..
ജീവനുള്ള,
വികാരങ്ങളുള്ള, വിചാരങ്ങളുള്ള, തീരുമാനങ്ങളുള്ള, വ്യക്തിത്വമുള്ള,
കാഴ്ചപ്പാടുള്ള,
ആത്മാഭിമാനമുള്ള
വ്യക്തിത്വമായി വീടിനു മാത്രമല്ല സമൂഹത്തിനും,രാജ്യത്തിനും പ്രയോജനമുള്ള കാര്യങ്ങൾ ചെയ്ത് സ്വന്തം സ്വത്വം സ്വയം മനസ്സിലാക്കി നിന്റെ സ്വന്തം ജീവിതം നിനക്ക് വേണ്ടി കൂടി മാറ്റി വച്ചു ജീവിക്കുക.
ജീവിക്കാൻ മറക്കാതിരിക്കുക…

അഞ്ജു കാർത്തിക
15/3/2022.

2 comments

Leave a Reply

Your email address will not be published. Required fields are marked *