
പണ്ട് എന്റെയൊരു ചങ്ക് വളരെ സ്വകാര്യത്തിലാണ് ഒരു ദിവസം അവന് മൂലക്കുരു ഉണ്ടെന്നുള്ള കാര്യം എന്നോട്
പങ്കു വെക്കുന്നത്.
അത് മുതലെടുത്ത് ഞങ്ങൾ പിന്നീട് കല്യാണങ്ങൾക്ക് പോകുമ്പോൾ ഞാൻ അവന്റെ കൂടെ മാത്രമേ ഭക്ഷണം കഴിക്കാൻ ഇരിക്കാറൊള്ളൂ കാരണം അവന്റെ പീസ് ഫുൾ തിന്നാല്ലോ.. ഏത് 😋
സംഗതി
വീട്ടിൽ പോലും പറയാൻ മടിയുള്ള അവൻ ഒരു ദിവസം “സംഭവം ഓവർ ആയിരിക്കുന്നെടാ എവിടെയെങ്കിലും ഒന്ന് കാണിക്കണം..അല്ലെങ്കിൽ എല്ലാവരും അറിയും… നിനക്ക് ഏതെങ്കിലും അറിയാവുന്ന സ്ഥലം ഉണ്ടോ..?”എന്നും ചോദിച്ച് എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ അവന്റെ മൂലക്കുരു എന്ന നാട്ടിൽ ഇന്ന് പടർന്നു പന്തലിച്ചു വളരുന്ന അസുഖം മാറ്റാൻ ചങ്കുവെട്ടിക്കടുത്തുള്ള ഒരു ചികിത്സ കേന്ദ്രത്തിലേക്ക് അവനേയും കൊണ്ട് പോയി.
ചെന്നപ്പോൾ അവിടെ ഒരു ക്ലിനിക്ക് ആണ് കുറെ ആളുകൾ കയ്യും കെട്ടി അവിടെ വരാന്തയിൽ ഊഹം കാത്തു ഇരിപ്പുണ്ട്.
അസുഖം അവന്റേത് ആയതിനാൽ യാതൊരു വിധ മടിയും ഇല്ലാതെ ഞാൻ ടോക്കൺ എടുക്കാൻ ചെന്നു. ടോക്കൺ നൽകാൻ ഇരിക്കുന്നത് അൽപ്പം പ്രായമായ ഒരു സ്ത്രീയാണ്. അവരെന്നോട് പേര് ചോദിച്ച ശേഷം “എന്താണ് അസുഖം..?” എന്ന് ചോദിച്ചു.
ബസ്സിൽ പോകുമ്പോൾ ഇക്ട്രിക്ക് പോസ്റ്റുകളിലും മറ്റും മൂലക്കുരു എന്ന് വെണ്ടയ്ക്ക അക്ഷരങ്ങളിൽ എഴുതിയ പോസ്റ്ററുകൾ നമ്മളൊക്കെ നിത്യവും യാത്രകളിൽ കാണുന്നതാണല്ലോ. അങ്ങനെ ഒന്നിൽ കണ്ട നമ്പറിൽ വിളിച്ചു ചോദിച്ചാണ് ഞാൻ അവനേയും കൊണ്ട് അങ്ങോട്ട് പോയിരിക്കുന്നത്.
“ഇവിടെ മൂലക്കുരുവിന്റെ ചികിത്സ മാത്രം അല്ലേ വേറെയും ചികിത്സ ഉണ്ടോ..?” എന്ന് ഞാൻ അവരോട് തിരിച്ചു ചോദിച്ചപ്പോൾ ആ സ്ത്രീ അൽപ്പം ഗൗരവത്തോടെ പറഞ്ഞു
” അവിടെ ഉണ്ടാവുന്നത് മുഴുവനും പൈൽസ് അല്ല..! “
ആ മറുപടി കേട്ടതും
“ചേച്ച്യേ എനിക്ക് അതിനെ കുറിച്ച് വലിയ ഐഡിയ ഇല്ല, അവനും ഇല്ല .. ആദ്യമായിട്ടാണ് ഒരാളെ കാണിക്കുന്നത്. ബ്ലഡ് വരുന്നുണ്ട് നിങ്ങൾ നോക്കിയിട്ട് ഏതാണെന്ന് കണ്ടെത്തി..” എന്ന് പറഞ്ഞപ്പോൾ എന്റെ നിസ്സഹായത കേട്ട് ചിരിച്ച ചേച്ചിക്ക്
ഫീസും കൊടുത്ത് ടോക്കണും വാങ്ങി ഞാൻ വരാന്തയിൽ അവന്റെ അടുത്ത് വന്നിരുന്നു.
അങ്ങനെ അവടെ ഇരിക്കുമ്പോഴാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ആരും ഒന്ന് അനങ്ങുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല.. ഞാൻ അപ്പുറത്തെ ബെഞ്ചിൽ ഇരിക്കുന്ന ആളോട് ഒന്ന് ചിരിച്ചെങ്കിലും അയാൾ ചെറുതായി ഒന്ന് ചിരിച്ചു എന്നെല്ലാതെ കൂടുതൽ എന്നെ നോക്കാതെ മുഖം തിരിച്ചു.
സംഭവം മനസ്സിലായ ഞാൻ കൂടെയുള്ളവനോട് പറഞ്ഞു ” ഇവിടെ ഇരിക്കുന്നവർക്കൊക്കെ സംഭവം നിന്റേത് തന്നെയാണ് ഒന്ന് അനങ്ങിയ സാധനം പൊട്ടും. അതാണ് കണ്ടിട്ട് അവസ്ഥ “
“തെണ്ടീ…ചിരിപ്പിക്കല്ലേ “എന്ന് പറഞ്ഞ് അവൻ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന പലജാതി പൈൽസുകളുടെ ഫോട്ടോകളിലേക്കും നോക്കി അങ്ങനെ ഇരുന്നു.
ഇതിനിടക്ക് അകത്തേക്ക് പോയ ഒരാളുടെ സീറ്റിലേക്ക് ഇരുന്ന് ഞാൻ എന്റെ സമപ്രായക്കാരനായ ഒരുത്തനോട്
” എങ്ങനെയാണ് ഇവിടെ ചികിത്സ..? നിങ്ങൾ ആദ്യം വരികയാണോ..? “എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു
” ഞാൻ രണ്ടാം വട്ടം ആണ്.. സംഭവം
നൂല് കെട്ടി പൊട്ടിക്കൽ ആണ് .. എന്ന് പറഞ്ഞ് അവൻ ചൂടുള്ള പൊറോട്ട കല്ലിൽ കയറി ഇരുന്ന പോലെയുള്ള ഒരു നോട്ടം എന്നെ നോക്കി ആ നോട്ടത്തിൽ നിന്നും ഏകദേശം എനിക്ക് കാര്യങ്ങൾ മനസ്സിലായി.
കൂടെയുള്ളവൻ കുടിക്കാനും, തേക്കാനും വല്ല മരുന്നും തന്നാണ് അവിടെ പൈൽസ് മാറ്റുന്നത് എന്നും ചിന്തിച്ചാണ് അങ്ങോട്ടേക്ക് വന്നതെന്ന് അറിയാവുന്ന ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് പതുക്കെ ചോദിച്ചു
” നീ ജഡ്ഢി ഇട്ടിട്ടുണ്ടോ..?”
അവൻ കാര്യം മനസ്സിലാവാതെ
എന്തേ എന്ന് ചോദിച്ചു നെറ്റി ചുളിച്ചതും ഞാൻ പറഞ്ഞു ” ജഡ്ഢി ഊരും മോനെ.. മൂലക്കുരു പൊട്ടിക്കുന്ന പരിപാടി ആണ് കേട്ടിടത്തോളം.. വേദനയും ഉണ്ടത്രേ.. ഒന്ന് രണ്ട് വട്ടം വരേണ്ടി വരും എന്ത് ചെയ്യണം.വേം പറ.. അല്ലേൽ ഇപ്പൊ കേറേണ്ടി വരും..!”
“അപ്പോൾ ലേഹ്യം ഒന്നും അല്ലേ..? “
എന്ന് വെപ്രാളത്തോടെ ചോദിച്ച അവനോട്..
“ലേഹ്യമല്ല.. അരിഷ്ടം…!! എഴുന്നേറ്റു പോരെ അല്ലേൽ മാനം കെടും “എന്നും പറഞ്ഞ് ഞാൻ ആദ്യവും അവൻ എന്റെ പിറകിലും അവിടെ നിന്നും പോന്നു..
വീട്ടിലേക്ക് പോകുന്നതിനിടയിൽ അവൻ ബൈക്കിൽ നിന്നും പതുക്കെ എഴുന്നേറ്റു ഒന്നിരുന്ന ശേഷം പറഞ്ഞു ” ആ ഫീസ് പോയി കിട്ടി “
മറുപടിയായി ഞാൻ പറഞ്ഞു
“അല്ല അകത്തേക്ക് കയറിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ.. പാന്റ് അഴിക്കാൻ പറഞ്ഞാൽ നീ ഓടില്ലേ.. ആ ഓട്ടം ഒഴിവായ ചിലവ് ആയി കണ്ട മതി ഫീസ് പോയത് “എന്ന് പറഞ്ഞ് ചിരിക്കുമ്പോൾ
അവൻ പതുക്കെ പറഞ്ഞു “സത്യം പറഞ്ഞാൽ മാനം കെട്ടീന്ന് ഞാൻ ബ്ലഡ് പോകുന്നത് പാന്റിൽ ആകുമെന്ന് പേടിച്ച് രണ്ട് ഷഡ്ഢി ആണ് ഇട്ടിരിക്കുന്നത്..!”
അതങ്ങോട്ട് കേട്ടതും മുന്നിൽ പോകുന്നത് കെ എസ് ആർ ടി സി ആണെന്ന് മനസ്സിലാക്കിയ ഞാൻ
ബ്രേക്ക് ആഞ്ഞു ചവിട്ടി നിർത്തി ചിരിക്കല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല .. 😁
വാൽപീസ് :
ആരെങ്കിലും അറിഞ്ഞാലോ എന്ന് ഭയക്കാതെ തുടക്കത്തിലേ ചികിത്സ ചെയ്ത് മാറ്റിയാൽ ഓവറായാൽ പഞ്ചായത്ത് മുഴുവൻ അറിയുന്നത് തടയാം..
മൂലക്കുരു നമ്മൾ വിചാരിക്കുന്ന ആളല്ല.. വരാതെ നോക്കുക ജാഗ്രതൈ..!
സ്നേഹത്തോടെ
റഷീദ് എം ആർ ക്കെ
സലാല.