
ഫ്രഷ് ലൈം
“””””””””””””””””””””””””””"ദാ അവിടെ നിർത്തിയാൽ മതി. ഇനിയങ്ങോട്ടു വണ്ടി പോവില്ല." നന്ദന കൈ ചൂണ്ടിക്കാണിച്ച സ്ഥലത്ത് അരികു ചേർത്ത് കാർ നിർത്തിയിട്ട് ആര്യൻ ഇറങ്ങി. റോഡിന്റെ ഇടത്തുവശത്തെ പറമ്പിനുള്ളിലേക്ക് അവർ കടന്നു. അതൊരു ചെറിയ മൺ വഴിയായിരുന്നു. പഞ്ചായത്തു റോഡിൽ നിന്നും ചെമ്പരത്തിച്ചെടികൾ അതിരിടുന്ന പുരയിടത്തിലേക്ക് കടക്കുന്നിടത്ത് എടുത്തു പൊക്കി മാറ്റി വയ്ക്കാവുന്ന, മരത്തിന്റെ ചെറിയ കമ്പുകൾ ചേർത്തുണ്ടാക്കിയ ഒരു ഗേറ്റുണ്ടായിരുന്നു.
ആര്യൻ മുഖത്തിരുന്ന സൺ ഗ്ലാസ് എടുത്തുമാറ്റി ആശ്ചര്യത്തോടെ ചുറ്റും നോക്കി.
“അച്ഛന്റെ കൃഷിയാ…തൊടിയിൽ ഇല്ലാത്തതൊന്നുമില്ല!” നന്ദന തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.വീതികുറഞ്ഞ മൺ വഴിയുടെ ഇരുവശങ്ങളിലുമായി ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻ തൈകൾ. അവയ്ക്കിടയിലൂടെ മണ്ണിളക്കി കാന കീറി വെള്ളം ഒഴുക്കി വിട്ടിരിക്കുന്നു. തെങ്ങിൻതൈകൾക്കിടയിലൂടെ വാഴയും പച്ചക്കറികളും കൃഷി ചെയ്തിരിക്കുന്നു. മരുഭൂമിയിൽനിന്നെടുത്ത് വനത്തിനുള്ളിലേക്ക് എറിയപ്പെട്ടതുപോലെയായിരുന്നു റോഡിന്റെ ചൂടിൽ നിന്നും തൊടിയിലേക്കു കടക്കുമ്പോൾ. അത്രവലുപ്പമില്ലാത്ത ഭംഗിയുള്ള വാർക്ക വീടിന്റെ മമുറ്റത്തേക്ക് അവർ ചെന്നു കയറി. മുറ്റത്തിന്റെ അതിരിൽ നിന്നിരുന്ന പ്ലാവിന്റെ പഴുത്ത ഇലകൾ അവിടവിടെ ചിതറിക്കിടക്കുന്നു.
“കേറി വാ..!” നന്ദന വീടിന്റെ വരാന്തയിലേക്ക് കയറിക്കൊണ്ട് ആര്യന്റെ നേരെ തിരിഞ്ഞു.വീട് പൂട്ടിയിരുന്നു. വരാന്തയുടെ മൂലയ്ക്കുള്ള തൂണിന്റെ ചിത്രപ്പണികൾക്കിടയിൽ നിന്ന് താക്കോൽ തപ്പിയെടുത്ത് അവൾ വാതിൽ തുറന്നു.
“അച്ഛൻ പറമ്പിൽ എന്തെങ്കിലും പണിയിലായിരിക്കും, ഞാൻ വിളിക്കാം..”
“വേണ്ട…. നമുക്കങ്ങോട്ടു പോയി കാണാം…. എനിക്ക് അച്ഛന്റെ കൃഷികൾ കാണുകയും ചെയ്യാമല്ലോ…”വീണ്ടും വാതിൽക്കലേക്കു തിരിഞ്ഞ നന്ദനയെ ആര്യൻ തടഞ്ഞു.
“എന്നാൽ താനിരിക്ക്…. ഞാൻ കുടിക്കാൻ എടുക്കാം…!!”
“എടോ എനിക്ക് ചായ, കോഫി… ഒന്നും വേണ്ടാട്ടോ… ഒന്നാമത് നല്ല ചൂട്….!! “
“താനൊന്നടങ്ങടോ….!!”
നന്ദന ചിരിച്ചുകൊണ്ടു പുറത്തേക്കിറങ്ങിപ്പോയി. ചുറ്റും വളർന്നു നിൽക്കുന്ന മരങ്ങളും തൊടിയിലെ മണ്ണിന്റെ തണുപ്പും ചേർന്ന് വീടിന്റെയുള്ളിലും നല്ല കുളിർമ്മ പകരുന്നുണ്ടെന്ന് ആര്യൻ ഓർത്തു.അകത്തേക്കു കയറിവന്ന നന്ദനയുടെ കയ്യിൽ രണ്ടു ചെറുനാരങ്ങയും ഒരു തണ്ട് പുതിനയിലയും ഉണ്ടായിരുന്നു.
“താനും അച്ഛനും തനിച്ചാണോ ഇവിടെ..?”
നന്ദനയുടെ പിന്നാലെ ആര്യനും അടുക്കളയിലേക്കു ചെന്നു.
“ഒരാൾ തന്നെയുള്ളപ്പോഴല്ലേടോ തനിച്ചാവുന്നത്…? ഞങ്ങൾ രണ്ടുപേരില്ലേ..?”കയ്യിലിരുന്നവ ടാപ്പിലെ വെള്ളത്തിൽ കഴുകി വൃത്തിയാക്കിക്കൊണ്ട് അവൾ ചിരിച്ചു.
“… ഞങ്ങളീ വീടു വാങ്ങി ഇവിടെ താമസം തുടങ്ങിയിട്ട് രണ്ടു വർഷം ആയതേയുള്ളൂ…!!”
തോളിൽ കിടന്നിരുന്ന ചുരിദാറിന്റെ ഷാളിന്റെ അഗ്രങ്ങൾ എടുത്ത് അരയ്ക്കു ചുറ്റും വലിച്ചു കെട്ടിയിട്ട് അവൾ കപ്ബോർഡിന്റെ ഒരു തട്ടിൽ നിന്നും ജ്യൂസർ സെറ്റെടുത്ത് മിക്സിയുടെ മുകളിൽ പിടിപ്പിച്ചു."തന്റെ അമ്മ നിങ്ങളുടെ കൂടെയില്ല എന്നെനിക്കറിയാം.... എന്നാലും മറ്റാരെങ്കിലും കൂടെയുണ്ടോ എന്നറിയണ്ടേ....?" ആര്യൻ ഫ്രിഡ്ജ് തുറന്നു.
“അതിനകത്ത് ഒന്നും തന്നെയുണ്ടാവില്ലടോ… അധികം തണുപ്പുള്ളതൊന്നും അച്ഛൻ കഴിക്കാറില്ല, ഇപ്പൊ ഞാനും…!!”
നന്ദന ചെറുനാരങ്ങയുടെ ഇളം മഞ്ഞ നിറത്തിലുള്ള തൊലി പീലർ കൊണ്ട് ഉരിഞ്ഞു മാറ്റി.
“താനിതെന്നതാ ഉണ്ടാക്കുന്നേ….? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…!”
നന്ദന ചെയ്യുന്നതു നോക്കിക്കൊണ്ട് ആര്യൻ അടുക്കളുടെ സ്ലാബിലേക്ക് ചാരി നിന്നു.
“ഞാൻ ഉണ്ടാക്കുന്നതിനെപ്പറ്റി മാത്രമല്ലല്ലോ, തനിക്ക് എന്നെപ്പറ്റി എന്തെങ്കിലും മനസ്സിലായിട്ടുണ്ടോ…?” നന്ദന ചെറുനാരങ്ങ ഒരു പാത്രത്തിലേക്കു വച്ചിട്ട് അവന്റെ കണ്ണുകളിലേക്കു നോക്കി.
ആര്യന്റെ കണ്ണുകൾ ചെറുതായി.
“ഒരുപാടങ്ങു മനസ്സിലാക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ലെടോ… തന്നെയെനിക്ക് ഇഷ്ടമാണ്… അതിനി കൂടുതൽ മനസ്സിലാക്കിയതു കൊണ്ട് കുറഞ്ഞു പോകാനൊന്നും പോകുന്നില്ല…”
“ഇതു ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി, അതുകൊണ്ടു തന്നെയാണ് ഇന്ന് ഇയാളെ എന്റൊപ്പം കൂട്ടിയത്….. എന്നെക്കുറിച്ച് തനിക്കറിയാത്ത കുറച്ചു കാര്യങ്ങൾ പറയാൻ…..!”അവൾ ആര്യന്റെ മുഖത്തു നോക്കാതെ ചെറുനാരങ്ങ കഷ്ണങ്ങളായി മുറിച്ച് മിക്സിയുടെ ജ്യൂസർ ജാറിനുള്ളിലേക്കിട്ടു.
“നോക്ക് നന്ദന… പഴയ വല്ല തേപ്പു കഥകളും പറയാനാണെങ്കിൽ വേണ്ട… എനിക്ക് അതൊന്നും കേൾക്കണ്ട…!!”
“ഇതു തേപ്പുകഥയൊന്നുമല്ലടോ… പീഡനക്കഥ…!! തിരിച്ചറിവില്ലാത്ത പ്രായത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെപ്പറ്റി താൻ ഒരുപാടു കേട്ടിട്ടുണ്ടാവും…. അങ്ങനെയാരെയെങ്കിലും തനിക്ക് നേരിട്ടറിയാമോ….?”
ആര്യൻ നിന്ന നിൽപ്പിൽ ഒന്നു നടുങ്ങി. അവൻ ചാരി നിന്നിരുന്ന സ്ലാബിന്മേൽ രണ്ടു കൈകളും കുത്താനുള്ള ഒരു വിഫലശ്രമം നടത്തി.
“എന്തേ…. ഇപ്പോഴും കേൾക്കണമെന്നു തോന്നുന്നില്ലേ..?” നന്ദനയുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.
ആര്യൻ മറുപടിയൊന്നും പറയാതെ വന്നപ്പോൾ അവനെയൊന്നു പാളി നോക്കിയിട്ട് അവൾ പുതിനയുടെ തണ്ട് കയ്യിലെടുത്ത് അതിലെ ഇലകൾ പൊട്ടിച്ചു."അന്നെന്റെ പ്രായം എട്ടു വയസ്സ്...!! കൃത്യമായി പറഞ്ഞാൽ മൂന്നാം ക്ലാസ്സിലെ ഓണപ്പരീക്ഷ നടക്കുന്ന സമയം...."
അവൾ ഫ്രിഡ്ജു തുറന്ന് അതിനുള്ളിൽ ചെറിയ പാത്രത്തിൽ സൂക്ഷിച്ചിരുന്ന മൂപ്പെത്തിയ കാന്താരി മുളകുകളിൽ നിന്ന് രണ്ടെണ്ണമെടുത്തു ഞെട്ടു കളഞ്ഞിട്ട് ചെറുനാരങ്ങക്കഷ്ണങ്ങൾക്കൊപ്പമിട്ടു.ആര്യന്റെ മുഖം വിളറി വെളുക്കാൻ തുടങ്ങിയിരുന്നു. നന്ദന കയ്യിലിരുന്ന പുതിനയിലകൾ നാരങ്ങാ കഷ്ണങ്ങൾക്കൊപ്പമിട്ടിട്ട് സ്ലാബിന്റെ അടിയിലുള്ള കപ്ബോർഡിന്റെ ഒരു ഡോർ തുറന്നു. ആര്യൻ ഒരു വശത്തേക്ക് അല്പം മാറിനിന്നു.
“പരീക്ഷക്കിടയ്ക്ക് മൂത്രമൊഴിക്കാൻ അനുവാദം ചോദിച്ചു പുറത്തേക്കു പോയ ആൾ കുറേ നേരത്തിനു ശേഷവും തിരിച്ചു വരാതെയായപ്പോൾ അന്വേഷിച്ചു വരാൻ ക്ലാസ് ടീച്ചർ രണ്ടു കുട്ടികളെ പറഞ്ഞയച്ചു….!”
അവൾ കപ് ബോർഡിൽ നിന്നെടുത്ത ചെറിയ ടിന്നിൽ നിന്ന് സ്പൂൺ കൊണ്ട് അളന്നെടുത്ത ഉപ്പ് ജാറിനുള്ളിലേക്കിട്ടു.
“ഓടിക്കിതച്ചു ക്ലാസ് റൂമിൽ തിരിച്ചെത്തിയ കുട്ടികൾ കൈ ചൂണ്ടിക്കാണിച്ചിടത്തേക്ക് ഓടിയെത്തിയ ടീച്ചർ അലറിവിളിച്ചു കരഞ്ഞുപോയി.
നന്ദനയുടെ ശബ്ദം ഇടറാൻ തുടങ്ങിയിരിക്കുന്നുവെന്ന് ആര്യൻ അറിഞ്ഞു."മൂത്രപ്പുരയുടെ പിന്നിലെ ഭിത്തിയോടു ചേർന്ന് കീറിപ്പറിഞ്ഞ കുഞ്ഞുടുപ്പും ചോരയൊലിക്കുന്ന ദേഹവുമായി നിൽക്കുന്ന എന്റെ മുഖത്ത് നഖത്തിന്റെ ക്ഷതങ്ങൾ തടിച്ചു കിടപ്പുണ്ടായിരുന്നു....!
ടീച്ചറുടെ ഉച്ചത്തിലുള്ള കരച്ചിലും മുഖഭാവവും കണ്ടതോടെ എന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്ന ബാലചന്ദ്രൻ മാഷിന്റെ കൈകൾ മെല്ലെ അയഞ്ഞു. സാറിന്റെ മൂക്കിന്മേൽ നഖം കൊണ്ടു കീറിയ പാടിൽ നിന്നും ഒരു തുള്ളിച്ചോര എന്റെ കൈത്തണ്ടയിലേക്കു വീണു.
‘മോളേ….’ മുന്നോട്ടോടി വന്ന ടീച്ചർ എന്റെ ഇരുചുമലിലും പിടിച്ചു കുലുക്കി.
‘എന്നാ പറ്റിയേ….?”'മാഷ്....' ഞാൻ ബാലചന്ദ്രൻ മാഷിനെ ദയനീയമായി നോക്കിയതു മാത്രം ഓർമ്മയുണ്ട്, ഭയന്നു വിറങ്ങലിച്ചു പോയിരുന്ന എന്റെ കണ്ണുകളിൽ പതിയെ ഇരുട്ടു കയറി."
നന്ദന കയ്യെത്തിച്ച് മിക്സിയുടെ സ്വിച്ച് ഓൺ ചെയ്തു. അതിന്റെ കാതടപ്പിക്കുന്ന ശബ്‍ദത്തിൽ ആര്യന്റെ ശബ്‍ദം മുങ്ങിപ്പോയിട്ടും അവന്റെ വിറയ്ക്കുന്ന ചുണ്ടുകളുടെ ചലനം അവൾ കൃത്യമായി മനസ്സിലാക്കി.
“അതേടോ… ഗൗരിക്കുട്ടി… അപ്പൊ ഓർമ്മയുണ്ടല്ലേ ആ പേര്…!” ഗ്ലാസുകളിലേക്ക് ഊറ്റിയെടുത്ത ഫ്രഷ് ലൈം അവൾ അവന്റെ മുന്നിലേക്കു നീക്കി വച്ചു.
“മധുരമിട്ടിട്ടില്ല കേട്ടോ…. ഉപ്പു മാത്രം!”
“പക്ഷേ നീ…. നന്ദന…!!” അവൻ ഗ്ലാസ്സിലെ ലൈം ശ്രദ്ധിച്ചതേയില്ല.
“ഓഹ്, പേര്…. ഗൗരി നന്ദന…. അന്നത്തെ സംഭവത്തിനുശേഷം എന്നെ അധികമാരും ഗൗരിക്കുട്ടി എന്നു വിളിച്ചിട്ടില്ല. പിന്നെ ഞാനും പതിയെപ്പതിയെ അതു മറക്കാൻ ശ്രമിച്ചു, ഞാൻ ഗൗരിയല്ല വെറും നന്ദന മാത്രമാണെന്ന് വിശ്വസിക്കാനും.”
“ആ സംഭവം നടന്ന അന്ന് അമ്മ എന്നെയും കൊണ്ട് അന്നു നാടു വിട്ടതാണ്….. മരിക്കാൻ വേണ്ടിത്തന്നെയാണ് ഇറങ്ങിത്തിരിച്ചതെന്ന് ഇപ്പോഴും അമ്മ പറയും…!!” ആര്യൻ എങ്ങോട്ടെന്നില്ലാതെ പതറിപ്പതറി നോക്കി."ഞാൻ മയക്കത്തിൽ നിന്നും കണ്ണു തുറക്കുമ്പോൾ ചുറ്റും ആളുകളായിരുന്നു. ആംബുലൻസും പോലീസും കുട്ടികളും ടീച്ചർമാരും. മാഷിനെ പോലീസുകാർ ജീപ്പിനുള്ളിലേക്കു കയറ്റുന്നതു കണ്ടു.
എനിക്കൊന്നും മനസ്സിലായില്ല. എന്നെ ടീച്ചർമാർ എടുത്ത് ആംബുലൻസിലേക്ക് കയറ്റുമ്പോളാണ് ഞാൻ നിന്നെ അന്ന് അവസാനമായി കാണുന്നത്.
സ്കൂൾ വരാന്തയിലെ വലിയ സിമന്റു തൂണിന്റെ മറവിൽ നിന്ന് തല വെളിയിലേക്കിട്ട് അകന്നു പോകുന്ന പോലീസ് വാഹനത്തിന്റെ നേരെ ഭയത്തോടെ നോക്കുന്ന എട്ടാം ക്‌ളാസ്സുകാരൻ ആര്യന്റെ മുഖം! ഒരുവട്ടം നിന്റെ കണ്ണുകൾ എന്റെ നേർക്കും നീണ്ടിരുന്നുവെന്ന് പിന്നെ പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ അടഞ്ഞു പോയ ആംബുലൻസിന്റെ പിൻവാതിലുകൾ എന്റെ കാഴ്ചയെ മറച്ചിരുന്നു."
“അച്ഛൻ…….!!!”ആര്യനു വാക്കുകൾ നെഞ്ചിൽത്തന്നെ കുടുങ്ങി.
“മോളേ…!” വീടിന്റെ പിൻവശത്തു നിന്നും വിളിയുയർന്നു.
“ആഹ്… അച്ഛാ….!!” കയ്യിലിരുന്ന ലൈമിന്റെ ഗ്ലാസ്സ് താഴെ വച്ച് ആര്യനെ ഒന്നു നോക്കിയിട്ട് നന്ദന അടുക്കള വശത്തെ വാതിൽ തുറന്നു.
“നീയെപ്പോ വന്നു….. മിക്സിയുടെ ശബ്ദം കേട്ടപ്പോഴാ ഞാൻ…!” അയാൾ അകത്തേക്കു നോക്കി.
“അച്ഛൻ കേറി വാ…” നന്ദന വാതിൽക്കൽ നിന്നു തിരിഞ്ഞു.
“വേണ്ട മോളേ…. കാലേലും കയ്യേലും നിറച്ചു മണ്ണാ… ഞാൻ ഒന്നു മുങ്ങിയേച്ചു വരാം…”
അയാൾ പിൻവശത്തെ അരഭിത്തിയിൽ വച്ചിരുന്ന സോപ്പുപെട്ടി എടുത്തുകൊണ്ട് പറമ്പിന്റെ താഴത്തെ അരികിലൂടെ ഒഴുകിയിരുന്ന അരുവിയുടെ അരികിലേക്കു നടന്നു.
“വേഗം വരണേ…. എന്റൊപ്പം ഒരാൾ കൂടിയുണ്ട്…. അച്ഛനൊരു സർപ്രൈസ്…!!”
“അതാരാ…. എന്നാപ്പിന്നെ കുളി പിന്നെയാക്കാം..” അയാൾ തിരിഞ്ഞു നിന്നു."അയ്യോ വേണ്ടാ.... ആൾക്ക് തിടുക്കമൊന്നുമില്ല.. അച്ഛൻ കുളിച്ചിട്ടു പോരേ...!" നന്ദന തിരികെയെത്തി. ആര്യൻ ചലനമറ്റ് അടുക്കളയുടെ സ്ലാബിന്മേൽത്തന്നെ ഇരിപ്പുണ്ടായിരുന്നു. "അച്ഛനെ ഒരിക്കൽ പോലും അന്വേഷിച്ചു പോയിട്ടില്ലേ താൻ..?" അവൾ ലൈമിന്റെ ഗ്ലാസ് വീണ്ടും കയ്യിലെടുത്തു. "ഹേയ് ഇല്ല, അമ്മയ്ക്ക് വല്ലാത്തൊരു അറപ്പായിപ്പോയി അച്ഛനോട്, അതുതന്നെ എന്റെ മനസ്സിലും വളർന്നു വന്നു. എത്രമാത്രം ദൂരത്തേക്ക് പോകാൻ പറ്റുമോ അത്രയും ദൂരത്തേക്ക് ഓടിപ്പോകാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു.... അച്ഛന്റെ ഓർമ്മകൾ പോലും എത്താത്തിടത്തേക്ക്....!"
“ഉം…. താൻ ലൈം കുടിക്ക്.” ആര്യന്റെ അരികിൽ ഒരു വശം ചെരിഞ്ഞ് അവന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അവൾ ഇരുന്നു.
“പക്ഷേ എനിക്കങ്ങനെ ഓടിപ്പോകാൻ കഴിയില്ലല്ലോ ആര്യൻ…. അതുകൊണ്ട് ഞാൻ ഓർമ്മകളെ തേടിച്ചെന്നു…. കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായമായപ്പോൾ…..!”
“അച്ഛൻ ജയിലിലായിരുന്നു….!”"ഉം.... പന്ത്രണ്ടു വർഷങ്ങൾ...! ഒന്നും ചെയ്യാനാകാതെ ഞാൻ കാത്തിരുന്നു.. പക്ഷേ ആ സമയത്താണ് ഞാൻ നിന്നെക്കുറിച്ചു ചിന്തിച്ചത്... ബാലചന്ദ്രൻ സാറിന്റെ എട്ടാം ക്ലാസുകാരൻ മകൻ.. ആര്യൻ... പിന്നെ അവന്റെ അമ്മ... പിന്നെ തേടിയലഞ്ഞത് നിങ്ങളെയായിരുന്നു..." "ഓഹോ... അപ്പൊ താൻ ഞങ്ങളെ അന്വേഷിച്ചു കണ്ടെത്തി പ്രതികാരം ചെയ്യാനുള്ള പദ്ധതിയായിരുന്നു അല്ലേ... പക്ഷേ ഞങ്ങളെന്തു തെറ്റു ചെയ്തു... ഒരു സമൂഹം മുഴുവൻ ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കാൻ തക്കവണ്ണം ഞാനും എന്റെയമ്മയും എന്തു തെറ്റു ചെയ്തു...?" അത്രയും നേരം നന്ദനയ്ക്കു പരിചയമുള്ള ആര്യനല്ലായിരുന്നു അത്. അടിച്ചമർത്തപ്പെട്ട ഒരു നിരപരാധിയുടെ ആത്മാരോഷം ആ ശബ്ദത്തിലുണ്ടായിരുന്നു. "തെറ്റു ചെയ്തു..... നീയും നിന്റെ അമ്മയും ഒരിക്കലും പൊറുക്കനാവാത്ത തെറ്റു ചെയ്തു... എന്താണെന്നു ഞാൻ പറയാം... ഇല്ലെന്ന് പറയാൻ നിനക്കു കഴിയില്ല!!"
നന്ദന കയ്യിലിരുന്ന ഗ്ലാസ്സ് ശക്തിയോടെ സ്ലാബിൻമേൽ വച്ചു. ചില്ലുഗ്ലാസ്സും മിനുസമുള്ള തറയും തമ്മിൽ കൂട്ടിമുട്ടിയ ശബ്ദം കേട്ടു. ഗ്ലാസ്സിനുള്ളിലെ ലൈം തുളുമ്പി.
“ഞങ്ങൾ എന്തു ചെയ്തെന്നാ നീ പറയുന്നേ….? എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്… എന്നെ മാത്രമല്ല സ്കൂളിലെ മുഴുവൻ കുട്ടികളെയും സ്വന്തം മകനെപ്പോലെ തന്നെ സ്നേഹിച്ചിരുന്നു എന്റെ അച്ഛൻ… അങ്ങനൊരാൾ മകളെപ്പോലെ കരുതിയിരുന്ന എട്ടു വയസ്സുകാരിയെ…..” ആര്യന് വികാരം കൊണ്ട് വാക്കുകൾ വിലങ്ങി.
“…. നീ തന്നെ പറ…. ഞാനെന്തു ചെയ്യണമായിരുന്നു? പോയി മരിക്കണമായിരുന്നോ..? അതോ അങ്ങേരെ കൊല്ലണമായിരുന്നോ?”അവന്റെ സ്വരം ഇടറി കണ്ണിന്റെ കോണിൽ നിന്ന് നീർത്തുള്ളികൾ അടർന്നു. നന്ദന കയ്യെത്തിച്ച് അടുക്കളയിൽ നിന്ന് പിന്മുറ്റത്തേക്കു തുറക്കുന്ന ജനലിന്റെ പാളികൾ മലർക്കെ തുറന്നിട്ടു. അരുവിയിൽ മുങ്ങിക്കുളി കഴിഞ്ഞ് അച്ഛൻ ധൃതിയിൽ നടന്നു വരുന്നുണ്ടായിരുന്നു. "അത്രയും നാൾ സ്നേഹിച്ചു വളർത്തിയ നിന്റെ അച്ഛൻ അങ്ങനൊരു തെറ്റു ചെയ്തുവെന്ന് നീയും വിശ്വസിച്ചു, അല്ലേ ആര്യൻ....?"
ആര്യന്റെ നോട്ടം കുറുകി.
“നീ വെറുമൊരു കുട്ടി….. പക്ഷേ നിന്റെ അമ്മ…? അവർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ലേ അയാളെ…..?”"നീ എന്താ പറഞ്ഞു വരുന്നത്....?" ആര്യൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
“അന്ന് പരീക്ഷക്കിടയിൽ പെട്ടെന്ന് മൂത്രമൊഴിക്കാൻ വേണ്ടി ഓടിച്ചെല്ലുമ്പോൾ സ്കൂളിലെ തൂപ്പുകാരിച്ചേച്ചി മൂത്രപ്പുര ക്ളീൻ ചെയ്യുകയായിരുന്നു.
അതു കഴിയുന്നതുവരെ കാത്തുനിൽക്കാനുള്ള ക്ഷമയില്ലാത്തതു കൊണ്ടാണ് മൂത്രപ്പുരയുടെ പിന്നാമ്പുറത്തേക്ക് ഓടിയത്….
ചെന്നുപെട്ടത് സ്ക്കൂളിന്റെ പരിസരത്തുകൂടി തെണ്ടി നടക്കുന്ന കടിയൻ പട്ടിയുടെ മുന്നിൽ. അതെന്നെ കടിച്ചു കുടയുമ്പോൾ ഭയം കൊണ്ട് ഉച്ചത്തിൽ കരയാൻ പോലുമാവാതെ ഞാൻ വീണു പോയിരുന്നു.”
“അപ്പൊ അച്ഛൻ…..!!!!” ആര്യന്റെ ശബ്ദം പിടഞ്ഞുയർന്നു."എന്നെ രക്ഷിക്കാൻ വന്ന് മാഷിന്റെ മൂക്കിന്മേലും പട്ടിയുടെ നഖം കൊണ്ടു കീറിയത് ഞാൻ ഓർക്കുന്നു..!!" നന്ദനയുടെ മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. "അപ്പൊ എല്ലാരും കൂടെ നിരപരാധിയായ എന്റെ അച്ഛനെ...." ആര്യന് എവിടെയൊക്കെയോ എന്തൊക്കെയോ തകിടം മറിയുന്നുണ്ടായിരുന്നു.
“ഹോസ്പിറ്റലിൽ ബോധം വീണപ്പോൾ ഞാൻ എല്ലാം പറഞ്ഞതാണ്… പക്ഷേ ആരും എന്നെ കേട്ടില്ല… അറിയാമായിരുന്നു എല്ലാവർക്കും… ഡോക്ടർക്ക്…. ടീച്ചർമാർക്ക്… എന്റെ അച്ഛനും അമ്മയ്ക്കും… എന്തിനാണെന്ന് എനിക്കിപ്പോഴും അറിയില്ല….. സത്യം പറയേണ്ടവർ നിശബ്ദരായി. എന്റെ കുഞ്ഞു സ്വരം ആ നിശബ്ദതയിൽ മുങ്ങിപ്പോയി.”"പക്ഷേ അച്ഛൻ.... അച്ഛൻ എന്തിനാണ് ചെയ്യാത്ത തെറ്റ് ഏറ്റെടുത്ത് ജയിലിൽ പോയത്....?"
“നിങ്ങളെല്ലാം മറന്നാലും എനിക്ക് ബാലചന്ദ്രൻ മാഷിനെ മറക്കാൻ കഴിയില്ലായിരുന്നു…. ഒറ്റയ്ക്കു നിൽക്കാൻ പ്രായമായപ്പോൾ ഞാൻ തേടിയിറങ്ങി….” നന്ദന ഒരു നിമിഷം നിർത്തിയിട്ട് കയ്യിലിരുന്ന ഗ്ലാസ്സിൽ നിന്ന് അല്പം ലൈം കുടിച്ചു."ഇന്നു നീ ചോദിച്ച അതേ ചോദ്യം നേരിട്ടു ചോദിക്കാൻ തന്നെയാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാൻ ജയിലിൽ ചെല്ലുന്നത്...
അദ്ദേഹം കുറേനേരം മൗനമായിനിന്നിട്ട് എന്റെ കണ്ണുകളിലേക്കു നോക്കി.
‘ആരായിരുന്നു മോളേ എന്നെ ശിക്ഷിച്ചത്…..? എന്റെ ജീവിതം കൊടുത്തു ഞാൻ സംരക്ഷിച്ചു കൊണ്ടുവന്ന കുടുംബം എന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. എന്റെ സ്കൂൾ… എന്റെ കുട്ടികൾ… ഞാൻ ജീവിച്ച സമൂഹം….. ഇവരെല്ലാം ചേർന്നു വിധിച്ചതിനേക്കാൾ വലിയ ശിക്ഷയൊന്നുമല്ലല്ലോ കോടതി വിധിച്ചത്…..!!’എനിക്കു മറുപടി ഇല്ലായിരുന്നു.
ആര്യൻ…. എന്തു മറുപടിയാണ് നിനക്കു പറയാനുള്ളത്….?”
ആര്യന്റെ തല കുനിഞ്ഞു.
“നീയിതു കുടിക്ക്….!” നന്ദന ലൈമിന്റെ ഗ്ലാസ്സെടുത്ത് ആര്യന്റെ കയ്യിൽ കൊടുത്തു.അവനതു കയ്യിൽത്തന്നെ പിടിച്ചതേയുള്ളു.
“കുടിക്കാൻ…..!!” നന്ദനയുടെ അടഞ്ഞ ശബ്‍ദത്തിനു നല്ല കനമുണ്ടായിരുന്നു.
ആര്യൻ അറിയാതെ കുടിച്ചു പോയി. ആവശ്യത്തിന് ഉപ്പും പുളിയും ചേർന്ന ലൈമിനെ തണുത്ത വെള്ളം നല്ല സ്വാദുള്ളതാക്കിയിരുന്നു.
“ഇക്കാര്യങ്ങളൊക്കെ എനിക്കു നിന്നോട് ഒരു റെസ്റ്റോറന്റിലോ അല്ലെങ്കിൽ റോഡരുകിലോ നിന്നു പറയാനുള്ളതേയുള്ളു. പിന്നെ നിന്നെ ഞാനെന്തിനാ എന്റെ വീട്ടിലേക്കു കൊണ്ടുവന്നതെന്നറിയാമോ?”
ആര്യൻ ഗ്ലാസ്സിലെ ലൈം പാതി കുടിച്ചിട്ട് ഗ്ലാസ് സ്ലാബിന്റെ മോളിൽ വച്ച് നന്ദനയെ നോക്കി.
“എന്റച്ഛൻ സ്വന്തം കൈകൊണ്ടു നട്ടുപിടിപ്പിച്ച ചെറുനാരകത്തിൽ നിന്നെടുത്ത നാരങ്ങ കൊണ്ടുണ്ടാക്കിയ ഈ ഒരു ഗ്ലാസ്സ് ലൈമിനപ്പുറം എന്നിൽ നിന്ന് നീ ഒന്നും പ്രതീക്ഷിക്കരുത് എന്നു പറയാൻ….!”
ആര്യന് ഒന്നും മനസ്സിലായില്ല.
“എന്റച്ഛൻ…..!!” നന്ദന ജനലിലൂടെ പുറത്തേക്കു വിരൽ ചൂണ്ടി.നനഞ്ഞ തുണി മുറ്റത്തെ അയയിൽ വിരിച്ചിട്ടു കൊണ്ടിരുന്നയാൾ പൊടുന്നനെ തിരിഞ്ഞു.
ബാലചന്ദ്രൻ മാഷ് !!!
“അച്ഛൻ…!!
ആര്യൻ ഞെട്ടിപ്പിടഞ്ഞു പോയി.
“നിന്റെയല്ല…. എന്റെ… എന്നെ ജനിപ്പിച്ച എന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഞാൻ സ്വന്തമാക്കിയ സ്നേഹനിധിയായ എന്റെയച്ഛൻ…!!”അവൻ വീണ്ടും എന്തോ പറയാൻ തുടങ്ങി. പക്ഷേ നന്ദന അവനെ തടഞ്ഞു. "നീ വീട്ടിൽച്ചെന്ന് നിന്റമ്മയോട് പറയണം, അച്ഛനെ കണ്ടിരുന്നുവെന്ന്... പറ്റുമെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങളും.. ചെയ്യാത്ത തെറ്റിന് മറ്റുള്ളവരെ ശിക്ഷിക്കുന്നതിന്റെ വേദന അവരും അറിയട്ടെ...!"
“ഞാൻ അച്ഛനെ…. ” ആര്യൻ നിന്നിടത്തു നിന്നും മുന്നോട്ടേക്കാഞ്ഞു.
“ശ് ശ് ശൂ….. ” നന്ദന ചുണ്ടത്തു വിരൽ ചേർത്തുകൊണ്ട് അവനെ തടഞ്ഞു.
“എന്റച്ഛൻ മുറിയിലെത്തി തുണി മാറി പുറത്തു വരുമ്പോഴേക്കും നീ ഇവിടം വിട്ടിരിക്കണം…!!”
നന്ദനയുടെ കണ്ണുകൾക്ക് കത്തുന്ന കനലിന്റെ തീവ്രതയുണ്ടായിരുന്നു. ആര്യന് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ആരായിരുന്നു മോളേ വന്നത്…? ഡ്രസ്സ് മാറി മുറിയിലേക്കിറങ്ങി വന്നുകൊണ്ട് ബാലചന്ദ്രൻ മാഷ് ചോദിച്ചു.
“ഞാൻ…..! അല്ലാതെ ആരു വരാനാണച്ഛാ …?” നന്ദന മറുചോദ്യം ചോദിച്ചുകൊണ്ട് അടുക്കളയിൽ എന്തോ പണിയിൽ മുഴുകി.
“അല്ല നീയെന്തോ സർപ്രൈസ് ഉണ്ടെന്നോ മറ്റോ പറഞ്ഞിട്ട്….?”
“ഞാനല്ലേ അച്ഛാ അച്ഛന്റെ ഏറ്റവും വലിയ സർപ്രൈസ്….?” അവൾ ചിരിച്ചു. ബാലചന്ദ്രന്റെ കണ്ണുകൾ അടുക്കളയിലെ സ്ലാബിന്മേൽ വച്ചിരുന്ന രണ്ടു ലൈം ഗ്ലാസ്സുകളിൽ പതിഞ്ഞു. പിന്നെ അവിടുന്ന് സ്വീകരണ മുറിയും കടന്ന് പാതി തുറന്നിട്ടിരുന്ന മുൻ വാതിലിലൂടെ ചെന്ന് ചെറിയ ഇടവഴിയിലൂടെ സഞ്ചരിച്ച് റോഡും തൊടിയും അതിരിടുന്നയിടത്തെത്തി നിന്നു.
ചെറിയ മരക്കമ്പുകൾ ചേർത്തുണ്ടാക്കിയ ഗേറ്റിന്റെ മുകളിൽ കൈകൾ തെരുപ്പിടിച്ച് ഒരു ചെറുപ്പക്കാരൻ!ഇത്ര അകലത്തായിരുന്നിട്ടു കൂടി അവന്റെ പതറിപ്പതറിയുള്ള ആ നോട്ടം അയാളുടെ ഇടനെഞ്ചിൽ കൊളുത്തി വലിച്ചു. പോലീസ് ജീപ്പിന്റെ പിന്നിലെ സീറ്റിൽ തലകുമ്പിട്ടിരിക്കുമ്പോൾ സ്കൂളിന്റെ വലിയ സിമന്റു തൂണിന്റെ മറവിൽ നിന്ന് എത്തി നോക്കിയ പേടിച്ചരണ്ട അതേ കണ്ണുകൾ!!! അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അയാൾ നന്ദനയ്ക്കരുകിലെത്തി സ്ലാബ്ബിന്മേൽ ചാരി നിന്നുകൊണ്ട് അവിടെയിരുന്ന ഒരു ലൈം ഗ്ലാസ്സിലെ പാതിയുണ്ടായിരുന്ന ലൈം ചുണ്ടോടു ചേർത്തു മെല്ലെ നുണഞ്ഞിറക്കി. "ആഹ്..... അതു നീ തന്നെ സംശയമില്ല മോളേ.... അച്ഛന് ഈ ജീവിതത്തിൽ ഇനിയൊരു സർപ്രൈസ് വേണ്ട!!" ബാലചന്ദ്രൻ നന്ദനയെ അടുത്തേക്കു ചേർത്തു നിർത്തി നിറുകയിൽ ഉമ്മ വച്ചു. -ദേവ ഷിജു
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.