ദി കാർ

🌹ദി കാർ


രമേശൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്നു സരളേ… കടുപ്പത്തിൽ ഒരു ചായ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഓ… ഈ രാമേട്ടൻ ഇപ്പോഴും ഒരു കടുപ്പക്കാരനാണല്ലോ സരള പിറുപിറുത്തു. കുറച്ചുസമയം കഴിഞ്ഞിട്ടും ചായ കിട്ടാതെ വന്നപ്പോളാണ് രമേശൻ മെല്ലെ അടുക്കളയിലേക്ക് ചെന്നത്. അല്ലാ!.. ഈയുള്ളവൻ ഒരു ചായ പറഞ്ഞിട്ട്. ഓ.. ഇപ്പത്തരാം എന്റ ഏട്ടാ!.അല്ലെങ്കിലും ഒരു ചായ ചോദിച്ചപ്പം സമത്വം പറഞ്ഞു ചൂലെടുത്ത അയലത്തെ അമ്മിണിയൊന്നുമല്ല ഏട്ടാ ഞാൻ. ഗ്യാസ് തീർന്നുപോയി.അതാ താമസിച്ചെ. ഓ.. ശരി പെണ്ണെ.

രമേശൻ സെറ്റിയിലിരുന്നു പത്രം വായിക്കുന്നതിനിടയിലാണ് നിറച്ച ചായ ഗ്ലാസുമായി സരള അടുക്കളയിൽ നിന്നും വരുന്നത് കണ്ടത്.രമേശൻ പെട്ടെന്ന് ആ പഴയ കാലത്തേക്കൊന്നൂളിയിട്ടുപോയി.കടന്നുപോയ 25 വർഷം ഞൊടിയിടയിൽ തിരികെവന്ന് ഓർമകളുടെ ഉദ്യാനത്തിൽ ഒരു പൂമാല കോർത്തപോലെ അവന് അനുഭവപ്പെട്ടു. വലിയപാവാടയും ബ്ലൗസുമിട്ട്, പനങ്കുലപോലെയുള്ള നീണ്ടമുടിയും പിന്നിയിട്ട് ചെറു നാണത്തോടെ തനിക്ക് ചായയുമായി വന്ന ആദ്യദിവസം അവൻ രോമാഞ്ചഭരിതനായി.ഇത്ര നാൾ ഈ കരിയിലും പുകയിലും പണിയെടുത്തിട്ടും തന്റെ അംഗലാവണ്യം സംരക്ഷിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടല്ലോ.
അവനോർത്തു.

ടീപോയിൽ ചായ ഗ്ലാസ്‌ വച്ചു പോകാൻ തുടങ്ങിയ അവളെ പെട്ടെന്ന് രമേശൻ പിന്നിൽനിന്ന് വട്ടം പിടിച്ചു തന്റെ അരികിലേക്കിരുത്തി.ഇതെന്താ ഏട്ടാ ഈ നേരത്തൊരു പൂതി എന്നു പറഞ്ഞുകൊണ്ടവൾ തെല്ലീ ർഷ്യയോടെ അൽപം മാറിയിരുന്നു.കഠിനാദ്വാന ത്താൽ തഴമ്പിച്ച കൈകൾ അവളെ തഴുകി തലോടിയത് കൊണ്ടാവാം പെട്ടെന്നുണ്ടായ വിരസത മറന്ന് അവൾ അവനോട് ഏറെ ഒട്ടിച്ചേർന്നിരുന്നു.ചുട്ടുപൊള്ളുന്ന ജീവിതപ്രതിസന്ധികൾക്കിടയിലും, കൂട്ടിലടക്കാൻ വിധിക്കപ്പെട്ട സ്നേഹത്തിന്റെ പൂമ്പാറ്റ കൂട് തകർത്തു അവർ പോലുമറിയാതെ ആ മുറിക്കുള്ളിലൂടെ ചിറകടിച്ചു പറന്നുപോയി.

സരളയുടെ തോളിലേക്ക് തലചായ്ച്ചിരുന്നുകൊണ്ട് രമേശൻ പറഞ്ഞു. അല്ല!. ഞാൻ ഒരു കാര്യം ആലോചിക്കുകയായിരുന്നു.എന്താ ഏട്ടാ… അല്ല! ഈ പെമ്പിള്ളേരെ പറഞ്ഞയക്കുമ്പോൾ പണം കൊടുക്കുന്ന പരിപാടി ഇപ്പോൾ വേണ്ടെന്നാ പറയുന്നെ. അതിന്!. അതിനെന്താന്നുവെച്ചാൽ നമ്മുടെ സൗമ്യമോളെ പറഞ്ഞയക്കാൻ ബാങ്കിൽ നമ്മൾ കരുതിയ 10 ലക്ഷം രൂപാകൊണ്ട് ഞാനൊരു കാർ വാങ്ങാൻ തീരുമാനിച്ചു

കാർ വാങ്ങാനോ? ഏട്ടൻ എന്ത് മണ്ടത്തരാ ഈ പറയുന്നെ. എത്ര കഷ്ടപ്പെട്ടിട്ടാ നമ്മൾ ഒരു ചെറു സമ്പാദ്യം ഉണ്ടാക്കിയെടുത്തത്. സരള പെട്ടെന്ന് വികാരഭരിതയായി.ചിറ്റയുടെ മോന്റെ കല്യാണത്തിനുപോലും ഒരു സാരി വാങ്ങിത്തരാൻ ഞാൻ പറഞ്ഞിട്ടുണ്ടോ ഏട്ടാ. മിച്ചം വരുന്ന ഒരു തരി പൊടിയരിപോലും കളയാതെ ഞാൻ, അവളുടെ കണ്ഠമിടറി. ശരിയാ പെണ്ണെ. ഞാനും കഷ്ടപ്പെട്ടിട്ടില്ലേ. കമ്പനിയിലെ ജോലി കഴിഞ്ഞ് ലോഡും വണ്ടി വരാൻ ഞാൻ കാത്തിരിക്കും.ചിലപ്പോൾ മാനേജർ എന്നെ കളിയാക്കാറുണ്ട് എടാ രാമാ നീ ആർക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെടുന്നെന്ന്.എന്നാലും നമ്മുടെ സൗമ്യമോളെ ഓർക്കുമ്പോൾ ലോഡ് ഇറക്കിത്തീരുന്നത് പോലും ഞാൻ അറിയാറില്ല.

ഒക്കെ ശരിയാ ഏട്ടാ എന്നാലും നമ്മുടെ മോളെ കൊടുക്കേണ്ടതൊക്ക കൊടുത്ത് ഭംഗിയായി തന്നെ പറഞ്ഞയക്കണം.എനിക്കതെ പറയാനുള്ളൂ. വേറൊരു കാര്യം നമ്മൾ ആലോചിക്കണം പെണ്ണെ, നാളെ മോൾടെ കയ്യും പിടിച്ച് വരുന്ന പയ്യൻ പണം വാങ്ങിയെന്നറിഞ്ഞാൽ അതും അപകടാ എന്തപകടം നമ്മുടെ മോൾക് നമ്മളല്ലാതെ വേറെയാരാണ് ഏട്ടാ കൊടുക്കാനുള്ളത്.ഓ അതിനല്ലേ നമ്മളവളുടെ പേരിൽ തന്നെ കാർ വാങ്ങുന്നത്. അപ്പൊ എങ്ങനുണ്ട് കാര്യം. ഓ ഏട്ടാ വല്ലാത്ത ബുദ്ധി തന്നെ.

പിന്നെ വേറൊരു കാര്യമെന്താന്നുവെച്ചാൽ ആ ശാന്തപ്പന്റെ മകൻ അവന്റ കാറുമായി നമ്മുടെ വാതിൽക്കൽ വരുമ്പോൾ നീട്ടി ഹോണടിയാ ഒരു കളിയാക്കൽ പോലെ.ഓ അത് ശരി,ഞാനാ പടിഞ്ഞാറെ പനമറയത്തൊന്നു മുത്രമൊഴിക്കാനിരുന്നപ്പോഴും കേട്ടു ഹോണടി ആ കള്ളച്ചെറുക്കൻ കളിയാക്കുന്നതാ അല്ലെ. എന്നാ നമുക്കും മേടിക്കാം ഏട്ടാ ഒരു കാർ

കൊച്ചു കൊച്ചു ജീവിതസ്വപ്നങ്ങളുടെ വർണ തടാ കത്തിലേക്ക് ഓളം വെട്ടിയെത്തിയ കുളിർകാറ്റുപോലെ സരളയുടെ മുഖം പ്രകാശിക്കുന്നതായി അവൻ കണ്ടു.അവൻ ഷോറൂമിലേക്ക് പോകുമ്പോൾ സരളയും സൗമ്യയും വീട്ടിലേക്ക് വരുന്ന പുതിയ അദിഥിയെ കാത്തു ഗെയി റ്റിങ്ങൽ തന്നെ നിലയുറപ്പിച്ചിരുന്നു .രമേശൻ കാറുമായി വീട്ടിലേക്കെത്തിയപ്പോൾ അവരുടെ സന്തോഷം അണപൊട്ടിയോഴുകി

അവരുടെ സ്വപ്നക്കൂടിൽ ആദ്യത്തെ യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് സരളപറഞ്ഞത് ഏട്ടാ ആ കള്ളച്ചെറുക്കന്റെ വീടിനടുത്തെത്തി.സമാധാനമായിട്ടൊന്നു മുത്രമൊഴിക്കാൻ പോലും സമ്മതിക്കാത്ത പഹയൻ.അത് കേട്ടു രമേശനു ചിരിയടക്കാനായില്ല.അവർ ഹോൺ
നീട്ടിയടിച്ചു അവൻ്റെ വീട് കഴിയും വരെ. അങ്ങനെ ആ സായാഹ്നം അവരുടെ വരവറിയിച്ചു.വീട്ടിലെത്തി പുതിയ ആദിഥി യെ പുതപ്പിച്ചു വീടിനുള്ളിലേക്ക് കയറുമ്പോൾ അവർ മൂവരും ഒരു പ്രത്യേക അനുഭൂതിയിലായിരുന്നു.അത്താഴത്തിനുശേഷം രമേശൻ സൗമ്യമോളെ അടുത്തു നിർത്തി പറഞ്ഞു. മോളെ ഈ താക്കോൽ ഇനി നീയാണ് സൂക്ഷിക്കേണ്ടത്. ഇത് നിനക്ക് ഞങ്ങൾ തരുന്ന സമ്മാനമാണ് അപ്പോളേക്കും സരളയും അങ്ങോട്ട്‌ വന്നു. ആ തഴമ്പിച്ച കൈകൾ അവരെ ചുറ്റിപ്പിടിച്ചപ്പോൾ “സത്യത്തിന്റെ വയലിൽ പതിരില്ലാതെ കതിർ മാത്രം വിളഞ്ഞു നിന്നു”.സ്വർഗം താണിറങ്ങി വന്നതോ എന്നറിയില്ല. സ്വപ്നം പീലി നീട്ടി വന്നതോ എന്നറിയില്ല.ഈ രാവിൽ ഇവിടെ വിളക്കണയുമ്പോൾ ജീവിതമെന്ന വലിയ വടവൃക്ഷത്തിന്റെ ഏറ്റവും താഴത്തെ ചില്ലയിൽ ഒരു തരി വെട്ടവുമായി ഒരു മിന്നാമിനുങ് വിരുന്നിനെത്തിയിരുന്നു

നേരം പരപര വെളുത്തുവരുന്ന സമയം വെളിയിലിറങ്ങിയ രമേശൻ ഞെട്ടി പോർച്ചിൽ കിടന്ന കാർ കാണാനില്ല എടീ സരളേന്നുച്ച ത്തിൽ വിളിച്ചപ്പോളാണ് അവൾ ഓടിയെത്തി പറഞ്ഞത്. ഏട്ടാ സൗമ്യമോളെയും കാണാനില്ല.പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലമായിപ്പോയ അവർ നേരെ പോലീസ്റ്റേഷനിലേക്കോടി.സാർ,.. എന്റെ മോളെയും പോർച്ചിൽ കിടന്ന കാറും കാണ്മാനില്ല.ഓ ക്കെ! മോൾക് എന്തെങ്കിലും പ്രണയബന്ധം ഉള്ളതായി അറിയാമോ?.. ഇല്ല: സാർ. രാത്രിയിൽ എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ? ഇല്ല: സാർ.ഓ ക്കെ! സമാധാനമായി പൊക്കോളൂ. ഞങ്ങളുടെ ടീം ഇപ്പോൾ മുതൽ അന്വേഷണം തുടങ്ങുകയാണ്. വിവരം കിട്ടുന്നതനുസരിച്ചറിയിക്കാം.

അവർ വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോളാണ് ഒരു പോലീസ് വണ്ടി അങ്ങോട്ട് വന്നത്.അവർ ആ വണ്ടിക്കരികിലേക്കോടി ഭാവ്യതയോടെ ചോദിച്ചു സാർ എന്തെങ്കിലും… ഇൻസ്‌പെക്ടർ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു പറഞ്ഞു.നിങ്ങളുടെ മോൾ നഗരത്തിലെ ജ്യൂസുകടയിലെ അന്യനാട്ടുകാരനോടൊപ്പം ഒളിച്ചോടിയതാണ്. ഞങ്ങളുടെ ടീം അവരെ ദേശീയപാതാ അതിർത്തിയിൽ വച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പക്ഷെ മിസ്റ്റർ രമേശ്‌ ക്ഷമിക്കണം. കാർ മോൾടെ പേരിലായതിനാൽ മോഷണത്തിനോ, മോൾക്ക് പ്രായപൂർത്തിയായതിനാൽ മറ്റെന്തെങ്കിലും വകുപ്പിലോ ഞങ്ങൾക്ക് നടപടിയെടുക്കാനാവില്ല. മാത്രമല്ല അവർ പോയവഴിയിൽ ഏതോ ക്ഷേത്രത്തിൽ വച്ച് മാലചാ ർത്തുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ ടീം അവളോട് സംസാരിച്ചപ്പോൾ ഇനി ഈ നാട്ടിലേക്കില്ല. സ്വന്തം ഇഷ്ടപ്രകാരം പോകുന്നു എന്നാണ് അറിയിച്ചത് ഇത്രയും പറഞ് ആ പോലീസ് വാഹനം ചീറിപ്പാഞ്ഞു പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു വീഴാതെ പരസ്പരം താങ്ങായി അവർ കൈകോർത്തു നിന്നു

പൂമരമാണെന്നുറപ്പിച്ചു വാത്സല്യത്തോടെ നട്ടുനനച്ചു വളർത്തിവലുതാക്കി തണലാകേണ്ടത് പാഴ്മരമായിപ്പോയ വേദനയിൽ ഒരു നേർത്ത ശബ്ദത്തിൽ രമേശൻ അവളോട് ചോദിച്ചു. സരളേ… നമുക്കാ നദിയുടെ മൂന്നാം കരയിലേക്കൊരു യാത്ര പോകാം.അങ്ങനയൊരു കരയുണ്ടോ ഏട്ടാ ഈ ഭൂമിയിൽ. വിറയാർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.ഉണ്ടെടീ, തീർച്ചയായും.അക്കരയും വിട്ട് ഇക്കരയും വിട്ട് നമ്മളെപ്പോലുള്ളവർക്ക് ഈ ജീവിതസായാഹ്നത്തിൽ വിശ്രമിക്കാനുള്ള ഏക സ്ഥലം.

കഠിനാ ദ്വാനത്താൽ തഴമ്പിച്ച ആ കൈകൾ വീണ്ടും ഇക്കാലമത്രയും കരിയിലും പുകയിലും പണിയെടുത്തു ചുളിവ് വീണ ആ ശരീരത്തെ തഴുകുമ്പോൾ, ആ നദിയുടെ മൂന്നാം കര അവരെ ഏറെ സ്നേഹത്തോടെ മാടി വിളിച്ചു

“കാലമേ നിൻ പിച്ചള മൊന്തയിൽ ബാക്കിവച്ചത്” “കണ്ണുനീരോ -പനിനീരോ”🌹. രചന മഹേഷ് സരോവരം

One comment

Leave a Reply

Your email address will not be published. Required fields are marked *