
ലിവിങ് റ്റുഗദർ…!!!
ബസ് അതിവേഗത്തില്‍ പായുകയാണ്. പിന്നോട്ട് പായുന്ന കാഴ്ചകള്‍ ഒന്നും വ്യക്തമല്ല. തന്‍റെ കാഴ്ച ശക്തി മങ്ങിയതാണോ? ശ്വാസം കഴിക്കാന്‍ പോലും എന്തൊരു പ്രയാസം. നെഞ്ചിലെ നെരിപ്പോടില്‍ നിന്നും തലയിലേക്ക് തീ പടരുന്നുണ്ടെന്ന് തോന്നുന്നു. ചെന്നിയുടെ ഇരുഭാഗത്തും പൊട്ടിപ്പിളരുന്ന വേദന!
രാവിലെ അലസമായി പത്രം നോക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.
‘weds today’ ക്കൊപ്പം ചേര്‍ത്ത ചിത്രങ്ങള്‍. അവള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍…!! ദേഷ്യവും സങ്കടവും സഹിക്കാതെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. കേട്ടു പരിചയമുള്ള സ്ഥലത്താണ് കല്യാണ മണ്ഡപം. 70 കി.മീറ്റര്‍ ദൂരം കാണും.
പോയേ പറ്റൂ… അവള്‍ ഉറപ്പിച്ചു.
ആറു വര്‍ഷം മുമ്പാണ് അവളവനെ പരിചയപ്പെട്ടത്. മഹാനഗരത്തിലെ ഒരു കമ്പനിയില്‍ ഒന്നിച്ച് ജോലിക്ക് ചേര്‍ന്നവര്‍. കാഴ്ചയില്‍ മാന്യനും സുമുഖനുമായ അവനെയവള്‍ പ്രത്യേകം ശ്രദ്ധിച്ചു. കമ്പനി ഫ്ലാറ്റുകള്‍ ഈരണ്ടുപേര്‍ക്ക് വീതമാണ് ഷെയര്‍ ചെയ്തിരുന്നത്. അവളുടെ ജോഡി അവനായിരുന്നു. ആ നഗരത്തില്‍ അതൊന്നും വല്യ സംഭവമായിരുന്നില്ല. മലയാളിയായ സഹപ്രവര്‍ത്തകയുടെ കൂര്‍ത്ത നോട്ടമായിരുന്നു അപവാദം. അതവള്‍ കണ്ടില്ലെന്ന് നടിച്ചു.
ഇരുമുറികളിലായാണ് അവർ താമസിച്ചിരുന്നത്. ഓരോ ദിവസവും അവനോടുള്ള റെസ്പെക്റ്റ് കൂടിവന്നു. അത്രക്കും ഹൃദ്യമായിരുന്നു പെരുമാറ്റം. ഉണക്കാനിട്ട വസ്ത്രങ്ങള്‍ മഴ നനയാതെ എടുത്തുവെക്കുന്നതില്‍ തുടങ്ങി വൈകുന്നേരത്തെ പാഴ്സലില്‍ വരെ അവന്‍റെ കരുതല്‍. ക്രമേണ അത് ഇഷ്ടമായി വളര്‍ന്നു.
ഒരിക്കല്‍ മുഖാമുഖം ഇരുന്നു കാപ്പി കുടിക്കുമ്പോഴാണ് അവനത് പറഞ്ഞത്. സാമ്പ്രദായിക വിവാഹ, കുടുംബ സങ്കല്‍പ്പത്തിന് താന്‍ എതിരാണ്. ഇഷ്ടമുള്ളവര്‍ താല്പര്യമുള്ള അത്രയും കാലം ഒന്നിച്ചു താമസിക്കുക. മടുക്കുമ്പോള്‍ യാതൊരു കമ്മിറ്റ്മെന്‍റും ഇല്ലാതെ പിരിയുക… വിയോജിപ്പ് തോന്നിയെങ്കിലും അവളത് പ്രകടിപ്പിച്ചില്ല. കാരണം, പരിചയമില്ലാത്ത ഒട്ടേറെ ആശയങ്ങള്‍ ഇതിനകം അവള്‍ അവനില്‍ നിന്ന് കേട്ടു കഴിഞ്ഞിരുന്നു.
അസ്വാഭാവികമെന്നു തോന്നും പോലെയുള്ള ചില സ്വാഭാവിക സ്പര്‍ശനങ്ങള്‍ അവളില്‍ കുളിരുകോരി. ക്രമേണ അതൊരു അവകാശമോ അധികാരമോ ആയിമാറി. വീട്ടില്‍ നടക്കുന്ന വിവാഹാലോചനകളില്‍ നിന്ന് അവൾ വഴുതിമാറി. ഒരു മഴദിവസം അവർ ഒരു മുറിയിലായി. അതെ, അവള്‍ പൂര്‍ണമായും അവന്‍റെതായി.
‘പ്രിക്വേഷന്‍സ്’ ഇല്ലാത്തതിനാല്‍ ഒന്നോ രണ്ടോ തവണ അവള്‍ക്ക് ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നു. അതിനെയൊക്കെ തികച്ചും ലാഘവത്തോടെയാണ് അവൻ കണ്ടിരുന്നത്. ‘അജീർണം പിടിച്ചാൽ വയറിളക്കില്ലേ, അത്ര കരുതിയാൽ മതി’ എന്നായിരുന്നു അവന്റെ പക്ഷം. പണം മുടക്കുന്നിടത്തും അവന്റെ കമ്മിറ്റ്മെന്റിന് അവൾ കാത്തിരുന്നില്ല. കാരണം, കെട്ടുപാടുകളില്ലാത്ത ആ ജീവിതം അവളും ആസ്വദിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് പെട്ടെന്ന് അവന്‍റെ സ്ഥലംമാറ്റം ഉണ്ടായത്. കിടപ്പറയില്‍ ‘എല്ലാം’ കഴിഞ്ഞാണ് വളരെ കൂളായി അവനത് പറഞ്ഞത്. പിരിയുന്നത് ചിന്തിക്കാൻ പോലും അവൾക്ക് കഴിയുമായിരുന്നില്ല. അന്നാദ്യമായി അവനെ ചേര്‍ത്തുപിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. എന്നാൽ, മുമ്പ് പറഞ്ഞ വാക്കുകളാണ് അവനില്‍ നിന്ന് വീണ്ടും കേട്ടത്: ………. മടുക്കുമ്പോള്‍ യാതൊരു കമ്മിറ്റ്മെന്‍റും ഇല്ലാതെ പിരിയുക!! ഹൃദയം പിളരുന്നപോലെ അവള്‍ക്ക് തോന്നി. തന്‍റെ റൂമിലേക്ക് ഓടിപ്പോയി കുളിമുറിയില്‍ ഷവറിനു താഴെ അവള്‍ നിന്നു, മണിക്കൂറോളം…
അന്നത്തെ പ്രഭാതത്തില്‍ യാത്രപോലും പറയാതെ അവന്‍ പോയി. മാസങ്ങൾക്ക് ശേഷം മഹാനഗരത്തിലെ ജോലി ഉപേക്ഷിച്ച് അവളും വീട്ടിലേക്ക് മടങ്ങി. നാട്ടില്‍ ചെറിയൊരു ജോലി സംഘടിപ്പിച്ചു. ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളും മങ്ങി. കല്യാണാലോചനകളെ നിസ്സംഗത കൊണ്ടുമാത്രം നേരിട്ടു. വീട്ടുകാര്‍ക്ക് പോലും അധികം മുഖം കൊടുക്കാതെ മൌനത്തിന്‍റെ വാല്മീകത്തില്‍ ഒളിച്ചു. എന്നെങ്കിലും ‘അവന്‍’ തിരിച്ചുവരുമെന്നും ഒന്നിച്ചൊരു ജീവിതമുണ്ടാകുമെന്നും അവള്‍ സ്വപ്നം കണ്ടു.
കല്യാണ ഹാളിന്‍റെ പേര് കണ്ടക്ടർ ഉച്ചത്തില്‍ പറയുന്നത് കേട്ടാണ് അവളുണര്‍ന്നത്. ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാലുകള്‍ കുഴയുന്ന പോലെ. നെഞ്ചിലെ പെരുമ്പറ ശബ്ദം ചെവിയില്‍ കേള്‍ക്കാം. ഹാളിലെ ആള്‍ക്കൂട്ടത്തില്‍ അവന്‍റെ മുഖം അധികം തിരയേണ്ടി വന്നില്ല. അവളെ കണ്ടതോടെ അവന്‍റെ മുഖത്തെ ചോരമയം വറ്റി. പക്ഷെ, പെട്ടെന്ന് തന്നെ മുഖത്ത് ചിരി വരുത്തി അവനവളെ ‘കാഷ്വലായി’ത്തന്നെ സ്വീകരിച്ചു.
‘സോറി, ഞാന്‍ വിളിക്കാന്‍ വിട്ടുപോയി…’ ആ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ ചുണ്ടിന്‍റെ കോണില്‍ ഒരു പുച്ഛച്ചിരി വിടര്‍ന്നു.
‘ഒരു കാര്യം ചോദിക്കാനാണ് വന്നത്’… അവള്‍ പറഞ്ഞു.
എന്തെന്ന് അവന്‍റെ മുഖം ആരാഞ്ഞു.
‘ഇതും മടുക്കുമ്പോള്‍ ഉപേക്ഷിക്കാനുള്ള ബന്ധമാണോ…?’
അവന്‍റെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വളിച്ച ചിരിയുണ്ടായി. അവന്‍ പറഞ്ഞു:
‘ഞാനിപ്പോൾ നന്നായി…!’
അവന്റെ മുഖത്ത് മുഖത്ത് പടക്കം പൊട്ടി. ഹാളിലുള്ളവർ മുഴുവൻ സ്തബ്ധരായി നിൽക്കെ, യാതൊരു ഭാവഭേദവുമില്ലാതെ അവൾ പുറത്തേക്ക് നടന്നു.
- മാലിക് വീട്ടിക്കുന്ന്