വെറുതെ ഒരു സ്വപ്നം

വെറുതെ ഒരു സ്വപ്നം

കാർന്നവന്മാരായി നല്ല സൗന്ദര്യം ഉള്ള തറവാട്ടിൽ ജനിച്ചുകൊണ്ട് അവർക്കാർക്കും ബ്രൂട്ടീഷന് പോകേണ്ടി വന്നിട്ടില്ല,

പക്ഷെ നമ്മുടെ കാര്യം അല്പം കഷ്ടമായിരുന്നു കേട്ടോ….. നാട്ടിലുള്ള സകല മഞ്ഞളുപ്പൊടി, കാപ്പിപ്പൊടി, രക്തചന്ദനം മുൾട്ടാണി മുട്ടി, അരിപൊടി, കടലമാവ്, സന്തൂർ, ലക്സ്, ചന്ദ്രിക, ഡോവ് …. അങ്ങനെ ഒരു വലിയ നിര ബ്രൂട്ടി ഐറ്റംസ് പ്രയോഗിച്ചു എങ്കിലും നമ്മ കരിഞ്ഞുണങ്ങിയ ചുള്ളി കമ്പുപോലെ തന്നെ യാതൊരു വ്യത്യാസവും ഉണ്ടായില്ല…..

ഈ സാധനത്തിനു സൗന്ദര്യം കൊടുത്താൽ ഒരുപക്ഷെ പടച്ചവനെ പോലും വെറുതെ വിടില്ല എന്ന് തോന്നിയിട്ടോ എന്തോ ഉടയ തമ്പുരാൻ നമ്മളെ ആ കാര്യത്തിൽ തഴഞ്ഞു…

അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ ഈ പിടക്കോഴി കൊക്കി നടന്നിട്ടും ഒരു തല്ലിപ്പൊളി ചെക്കൻ പോലും മൈൻഡ് ചെയ്തില്ല, എന്നാലും നമ്മ വായിൽ നോക്കും അത്യാവശ്യം നല്ല രീതിയിൽ….

അങ്ങനെ പഠനം ഒക്കെ കഴിഞ്ഞ് നാട്ടിലെ നല്ലൊന്നാന്തരം ഹോസ്പിറ്റലിൽ ജോലിക്ക് കയറി….

നല്ല രീതിയിൽ ജോലി ചെയുന്നത് കൊണ്ടും കുറച്ചു സ്പീഡ് കൂടുതൽ ഉള്ളതുകൊണ്ടും ഫർമസിയിൽ ഞാൻ പെട്ടന്ന് പോപ്പുലർ ആയി, എന്നെ കണ്ടില്ലേൽ ആളുകൾ അന്വേഷണം ആരംഭിക്കാൻ തുടങ്ങി…

ഒരു അമ്മച്ചിയുടെ കൂടെ ഒരു ചുള്ളൻ ചെക്കൻ സ്ഥിരമായി വരാറുണ്ടായിരുന്നു, മനോഹരമായ ആ പുഞ്ചിരി കാണാനുള്ള ആഗ്രഹം കൊണ്ട് അമ്മച്ചിക്ക് സ്പെഷ്യൽ പരിഗണന കൊടുക്കാൻ ഞാൻ തീരുമാനിച്ചു…

അവർക്ക് മരുന്ന് കൊടുക്കുന്നത് ഇന്റർനാഷണൽ പാക്കിൽ ഗിഫ്റ്റ് കൊടുക്കും പോലെ ആയിരുന്നു…

ഓരോ ദിവസവും മുന്നോട്ട് പോകുന്തോറും ചെക്കൻ കൂടുതൽ കൂടുതൽ മനോഹരം ആയി ചിരിച്ചു കാണിക്കാൻ തുടങ്ങി, ആദ്യമായിട്ടാ ഒരാൾ നമ്മളെ ഇങ്ങനെ നോക്കുന്നെ….. ഞാൻ അവനെ ശ്രദ്ധിച്ചു നോക്കി മാക്സിമം ഒരു 5.2അടി ഉയരം നല്ല മുഖഭംഗി പ്രായം ഒരു 35 എങ്കിലും ഉണ്ട്‌….. അപ്പോൾ ഞാനാകട്ടെ 5.5അടി ഉയരത്തിൽ ഒരു 21വയസുള്ള വള്ളിപ്പയർ….. ഞാൻ ആലോചിച്ചു… പൊക്കത്തിലും പ്രായത്തിലും എന്ത് കാര്യം…. ആദ്യമായ് ചാഞ്ഞ ഒരു മരമാണ് പിടിച്ചു കയറി പോകുക തന്നെ…….

എന്റെ ചിന്തകൾ ആ വഴിക്ക് പോയപ്പോൾ നമ്മ ചങ്ക് ഫ്രണ്ട്….. പറഞ്ഞു ഡീ…. അവന് നിന്നോട് ഒരു നോട്ടം ഉണ്ട്‌….

അതുകൂടി കേട്ടപ്പോൾ നമ്മ ഫ്ലാറ്റ്, ന്തായാലും അടുത്ത ആഴ്ച നൈറ്റ്‌ ഡ്യൂട്ടി ആണ് അതുകഴിഞ്ഞു അവൻ വരുമ്പോൾ ഒന്ന് ചൂണ്ട ഇടാൻ നോം തീരുമാനം എടുത്തു…

നൈറ്റ്‌ ഒരാഴ്ച മുഴുവൻ ഉണ്ട്‌….ന്താണോ ഇത്തവണ അതങ്ങ് ഇഴഞ്ഞിഴഞ്ഞു പോകുന്നു….

ദിവസങ്ങൾ എണ്ണി എണ്ണി അങ്ങനെ നൈറ്റ്‌ തീരുന്ന ദിവസം രാത്രി ഒരു 11.30 കഴിഞ്ഞപ്പോൾ ഒരു ചീട്ട്….. നീണ്ട് നിവർന്ന ലേബർ കിറ്റ്…. കർത്താവിനെ മനസ്സിൽ വിചാരിച്ചു അമ്മയെയും കുഞ്ഞിനെയും ദൈവത്തിന്റെ സംരക്ഷണം ഏൽപ്പിച്ചു പ്രാർത്ഥനയോടെ മെഡിസിൻ എല്ലാം പെറുക്കി എടുത്ത് ബാസ്കറ്റ് ചേട്ടനെ ഏൽപ്പിച്ചു…..

അയാൾ പോയി കഴിഞ്ഞപ്പോൾ ആ മുഖം എവിടെയോ കണ്ടപോലെ ഒരു തോന്നൽ…. ആ എനിക്ക് തോന്നിയതാവും ഉറക്കപ്പിച്ചിൽ എന്ന് കരുതി ജോലി തുടർന്നു

പിറ്റേന്ന് വെളുപ്പിന് ഒരു ആറുമണിയായപ്പോൾ നമ്മുടെ പഴയ അമ്മച്ചിയും മകനും രാത്രിയിൽ മാരുന്നുവാങ്ങിക്കാനായി വന്ന ചേട്ടനും നിറഞ്ഞ ചിരിയോടെ എന്റെ മുന്നിൽ പ്രത്യക്ഷ പെട്ടു……

ഞാൻ ആവട്ടെ ഇന്നസെന്റ് ലോട്ടറി അടിച്ചപ്പോൾ കാട്ടിക്കൂട്ടിയ വെപ്രാളം കടം വാങ്ങി എന്തൊക്കെയോ കാട്ടി കൂട്ടി…

അപ്പോൾ നമ്മുടെ മനസിലെ ആ ചുള്ളൻ ചെക്കൻ മുന്നോട്ട് വന്ന് ഒരു പാക്കറ്റ് മിഠായി തന്നുകൊണ്ട് പറഞ്ഞു ഭാര്യ പ്രസവിച്ചു ആൺ കുട്ടിയാണ്, മോൾ ഇവിടെ ഉണ്ടെന്ന് ചാച്ചൻ പറഞ്ഞത് കൊണ്ട് ഞങ്ങൾ ഓടിയെത്തിയതാ…..

Congratulations……. എന്ന് പറഞ്ഞ് അവരെ അഭിനന്ദിച്ചു അവർ തന്ന മിഠായി കൈപ്പറ്റി ഞാൻ ഭിത്തിയിലെ ഫോട്ടോ പോലെ ചിരിച്ചു നിന്നു……

അവര് പോയി കഴിഞ്ഞപ്പോൾ പല്ലുപോലും തേക്കാതെ അവര് തന്ന മിഠായി പാക്കറ്റിൽ നിന്നു പത്തു മിഠായി ഒരുമിച്ച് വായിലേക്കിട്ട് ഞാൻ എന്റെ ദുഃഖം കടിച്ചിറക്കി…….

രചന :ജിഷ ഷാജൻ

2 comments

Leave a Reply

Your email address will not be published. Required fields are marked *