
എഴുത്ത് തുടങ്ങിയതിൽ പിന്നെ ഒക്കത്തിരിക്കുന്ന പിഞ്ചു കുഞ്ഞിനെപ്പോലെ ഫോണെപ്പോഴും എന്റെ കയ്യിലുണ്ട്…കെട്ടിയോൻ വീട്ടിലുണ്ടെങ്കിൽ ഞാൻ ഫോൺ കൈകൊണ്ട് തൊടുന്നത് അങ്ങേർക്കിഷ്ടമല്ല …
അടുത്തിടെയാണ് റീൽസൊക്കെ കാണാൻ തുടങ്ങിയത്..ഓരോരുത്തർ ചെയ്യുന്ന റീൽസൊക്കെ കണ്ട് മനസിന് വല്ലാത്തൊരു സന്തോഷമൊക്കെ കിട്ടുന്നുണ്ട്…എത്ര നോക്കില്ലെന്ന് ശപഥം ചെയ്താലും അടുപ്പിച്ചൊരു പത്തു മിനിറ്റ് ഫോണിനെ പിരിഞ്ഞിരിയ്ക്കാൻ വയ്യാത്തൊരു അവസ്ഥയിലായി…വീട്ടിലെ ജോലികളൊക്കെ തീർന്ന് കഴിഞ്ഞാൽ പിന്നെ നേരം വൈകിയ്ക്കാൻ ഇതൊക്കെ തന്നെ ശരണം…
അങ്ങനെയിരിക്കെ കഴിഞ്ഞൊരു ദിവസം നെത്തോലി വാങ്ങി മാങ്ങായും ഉണ്ടമുളകുമൊക്കെ കീറിയിട്ട് കറി വെച്ചു.. എന്തൊരു മണമായിരുന്നെന്നറിയാവോ….??
ഉച്ചയ്ക്ക് ശേഷം ഏകദേശം മൂന്ന് മണിയോടെയാണ് ചോറ് കഴിക്കാൻ തുടങ്ങുന്നത്.. ചോറും വിളമ്പി മീൻ കറി എടുക്കാൻ വേണ്ടി ചട്ടിയുടെ മൂടി തുറന്നു..
“ഇനി കറി വിളമ്പാൻ വേണ്ടി വേറൊരു പാത്രം കൂടെയെടുത്ത് അഴുക്കാക്കണോ.. ഈ ചട്ടിയോടെ തറയിലെടുത്തു വെച്ചിട്ട് ആവശ്യത്തിന് കോരിയൊഴിച്ചു കഴിക്കാവല്ലോ.. കറിയുടെ പാത്രം കഴുകുന്ന സമയം ലാഭിയ്ക്കാം..
ആത്മഗതം ചെയ്തു കൊണ്ട് കറിചട്ടിയെടുത്ത് തറയിൽ വെച്ചു.. ഫോണും കയ്യിലെടുത്ത് റീൽസ് കാണാൻ വേണ്ടി തുറന്നിട്ട് തറയിൽ കിടന്ന കൊരണ്ടിയിലിരുന്ന് ചോറ് കഴിയ്ക്കാൻ തുടങ്ങി .. കറിയൊക്കെ ഒഴിച്ച് ചോറിളക്കി വായിലോട്ടു വെച്ചപ്പോ….
“ഊ.. ആണ്ടവാ മാമാ… ഊ ഊ ആണ്ടവാ മാമാ….ടക്കണ ടക്കണ ടക്കണ ടും.. ടക്കണ ടക്കണ ടും…!!!!
കറുത്ത ഫ്രോക്കിൽ നിറയെ വെളുത്ത കുത്തുള്ള ഒരു പെണ്ണ് ഡാൻസ് ചെയ്യുന്നു..ഡാൻസെന്ന് പറഞ്ഞാൽ എജ്ജാതി ഡാൻസ്..!!! ഒരു മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെ തുള്ളിമറിയാനൊക്കുവോ… ഇട്ടേക്കുന്ന തുണിയ്ക്കുള്ളിൽ ഉറുമ്പെങ്ങാണ്ട് കേറിയ പോലൊരു പരവേശം…. ഇരുന്നും നിന്നും കിടന്നും വീണ്ടും എഴുന്നേറ്റുമൊക്കെ ആ കൊച്ച് ഡാൻസ് കളിച്ചു തകർക്കുന്നു..
എനിക്കത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത അസൂയ തോന്നി..ബാക്കിയുള്ളവൾക്കിവിടെ മുറ്റത്തോട്ടൊന്നിറങ്ങുമ്പോ കാലിൽ മസില് കേറും… ഈ കൊച്ചിനെപ്പോലെ തുള്ളിച്ചാടാൻ പറ്റീലെങ്കിലും വേണ്ടില്ല ചൊവ്വേ നേരെ നടക്കാനെങ്കിലും ഒത്താൽ മതിയാരുന്നു. ദൈവം പണ്ടേ കണ്ണീചോരയില്ലാത്തവനാ.. ഉള്ളവനെല്ലാം വാരിക്കൊരിക്കൊടുക്കും.. ഇല്ലാത്തവൻ എന്നും വലിച്ചോണ്ടിരുന്നോണം…
നെടുവീർപ്പോടെ ഓർത്തു കൊണ്ട് ചോറ് വായിലേയ്ക്ക് വെച്ചതും പറന്നു വന്നൊരു കുഞ്ഞനീച്ച മൂക്കിൽ കൂടെ അകത്തേയ്ക്ക് പോയി.. ചുമയാണോ തുമ്മലാണോ അതോ പേരിടാത്ത വേറെന്തെങ്കിലും ശബ്ദമാണോ എന്ന് തിരിച്ചറിയാത്ത തരത്തിലൊരെണ്ണം മൂക്കിൽ കൂടെയും വായിൽ കൂടെയും വെളിയിൽ വന്നു..അപ്രതീക്ഷിതമായി കേട്ട ശബ്ദത്തിൽ ഞെട്ടിപ്പോയ ഫോൺ എന്റെ കയ്യിൽ നിന്നും നേരെ കറിച്ചട്ടിയിലേയ്ക്ക് ചാടി.
“പൊന്നീശ്വരോ.. എന്റെ ഫോൺ….എന്റെ ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു…..!!!
മുന്നിൽ കണ്ട കാഴ്ചയിൽ ഞാൻ സ്തംഭിച്ചു പോയി..ആധി കൊണ്ടെന്റെ നെഞ്ചെരിഞ്ഞു..ആദ്യത്തെ അന്ധാളിപ്പ് ഒരൊറ്റ നിമിഷമേ നീണ്ടു നിന്നുള്ളു..തവി കൊണ്ട് ഞാൻ ഫോൺ കോരിയെടുത്തു…തുണി വെച്ച് ഫോണിലുള്ള കറിയൊക്കെ തുടച്ചു നീക്കി…
“ഫോണിന്റെ ഡിസ്പ്ലേയുടെ ഉള്ളിലായി ഏതോ പൂ വിരിഞ്ഞു നിൽക്കുന്നത് പോലൊരു വട്ടം….അല്ലാതെ വേറെ കുഴപ്പമൊന്നും കാണുന്നില്ല…എല്ലാം കാണാൻ പറ്റുന്നുണ്ട്.. കേൾക്കാൻ പറ്റുന്നുണ്ട്..
കറിയിൽ കൂടുതൽ എണ്ണ ഒഴിക്കണ്ടായിരുന്നു……ങ്ഹാ.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ..
വൈകിട്ട് കെട്ടിയോൻ വന്നപ്പോ ഞാനീ കാര്യം പറഞ്ഞു..
“കണക്കായിപ്പോയി.. തിന്നുമ്പോഴും തൂറുമ്പോഴുമൊക്കെ ഫോൺ കയ്യിലിരുന്നില്ലെങ്കിൽ വല്യ കുത്തലല്ലിയോ… ഫോൺ ക്ലോസറ്റിൽ വീഴുമെന്നാ ഞാൻ പ്രതീക്ഷിച്ചത് …
ഹല്ലേ… ഇങ്ങേരുടെ മനസ് ഇത്ര ഇടുങ്ങിയതായിരുന്നോ.. പറയാൻ ചെന്ന എന്നെ പറഞ്ഞാൽ മതി…മനസ് നല്ലതല്ലാത്തത് കൊണ്ടാ ഇങ്ങേർക്കിപ്പോ പണിയില്ലാതെ വീട്ടിൽ ചൊറീം കുത്തിയിരിക്കേണ്ടി വന്നത്….ഞാൻ പിന്നെയൊന്നും മിണ്ടാൻ പോയില്ല..
പിറ്റേന്ന് രാവിലെയായപ്പോ ഡിസ്പ്ലേയുടെ മൂലയിലിരുന്ന പൂവിന്റെ വട്ടത്തിൽ നിന്നും വള്ളിപോലെ താഴോട്ട് കൊറേ വര തൂങ്ങിക്കിടക്കുന്നു.. ഇനിയും കടയിൽ കൊണ്ട് കാണിയ്ക്കാതിരുന്നാൽ വൈകുന്നേരത്തോടെ വള്ളിയിൽ ഇലയും പൂവും കായുമൊക്കെ ഉണ്ടാകുമെന്നെനിക്ക് തോന്നി.. ഫോണും കൊണ്ട് കടയിൽ ചെന്നു…
“ആഹാ.. പുതിയ ടീവി വാങ്ങിച്ചേൽ പിന്നേ ഇങ്ങോട്ടൊന്നും വരുന്നില്ലല്ലോ കൊച്ചേ.. വല്യ ആളായി പോയല്ലിയോ…
കടയിലെ അച്ചായൻ സൗഹൃദം പുതുക്കി..
പണ്ട് വീട്ടിലൊരു ടീവിയുണ്ടായിരുന്നു.. അറിയാതെ നമ്മളൊന്നു സൂക്ഷിച്ചു നോക്കിയാൽ പോലും മിനിട്ടിന് മിനിട്ടിന് കേടാവുന്നൊരു ടീവി.. അച്ചായന്റെ കടയിലാണ് അത് നന്നാക്കിക്കൊണ്ടിരുന്നത്.. ഒടുക്കം ആഴ്ചയിൽ രണ്ട് തവണ വീതം ടീവി നന്നാക്കി അങ്ങേര് മടുത്തു..
ആദ്യമൊക്കെ എവിടെ വെച്ച് കണ്ടാലും വിശേഷം ചോദിക്കുന്ന അച്ചായൻ പിന്നെപ്പിന്നെ ഞങ്ങളെ കാണുമ്പോ ബൈക്ക് സ്പീഡിൽ വിട്ട് പോകാൻ തുടങ്ങി.. അതൊന്നും കാര്യമാക്കാതെ ഞങ്ങള് വീണ്ടും ടീവിയും കൊണ്ട് ചെല്ലുമ്പോ ഇങ്ങേരുടെ ആധാരം അടിച്ചോണ്ട് പോകാൻ ചെല്ലുന്നവരെ നോക്കുന്ന പോലെയാ നമ്മളേ നോക്കുന്നത്..
ഒരു ദിവസം ടീവിയും പൊക്കിപ്പിടിച്ചോണ്ട് ഞാനങ്ങോട്ടു ചെന്നു.. അങ്ങേര് എന്നെയൊന്നു നോക്കിയിട്ട് വേറെയേതോ ടീവി ശരിയാക്കുവാ.. എന്നെ കണ്ടിട്ട് മൈൻഡ് ചെയ്യുന്നില്ല..കുറെ നേരം നിന്നിട്ട് ഞാൻ അകത്തോട്ടു കേറി ടീവി അവിടെ വെച്ചു… ലോകത്തിലുള്ള സകല വെറുപ്പും മുഖത്ത് വരുത്തി അച്ചായൻ എന്റെ ടീവിയിലൊന്നു നോക്കിയിട്ട് ഫോണെടുത്ത് ആരാണ്ടെയോ വിളിച്ചു …
“മോളിക്കുട്ടീ.. നീയാ മാല സജിയുടെ കയ്യിലൊന്ന് കൊടുത്തു വിട്.. ഒരാവശ്യത്തിന് പണയം വെയ്ക്കാനാ..അടുത്ത മാസം ഞാൻ എടുത്തു തരാം..
അങ്ങേര് ഫോൺ വെച്ചിട്ടെന്നെ നോക്കി..
“കൊച്ചേ.. നീയീ ടീവി എടുത്തു വീട്ടിൽ കൊണ്ട് പോ.. ഇനിയിതിനകത്ത് കേടാവാനൊന്നും ബാക്കിയില്ല.. ഇത് നന്നാക്കാനിരുന്ന് പ്രാന്ത് പിടിയ്ക്കാത്തത് എന്റെ ഭാഗ്യം.. പെണ്ണുംപിള്ളയുടെ മാല പണയം വെച്ച് ഞാൻ കുറച്ചു പൈസ തരാം..നീയെനിക്ക് അത് തിരിച്ചു തരണ്ട..ബാക്കി കൂടെ ഒപ്പിച്ച് നീയൊരു പുതിയ ടീവി വാങ്ങിക്ക്..ദൈവത്തെയോർത്ത് നീയീ ടീവിയും കൊണ്ട് ഇങ്ങോട്ട് വരല്ലേ.. ഞാൻ കാല് പിടിക്കാം…
തൊഴുതു പിടിച്ചു നിന്ന് പറയുന്ന അങ്ങേരുടെ സങ്കടം കണ്ട് ഞാൻ ടീവിയുമെടുത്ത് വീട്ടിൽ പോന്നു..
“എനിക്ക് വേണ്ടി അച്ചായൻ മാല പണയം വെക്കണ്ട.. അച്ചായന്റെ മുന്നിൽ ഈ ടീവിയുമായി ഞാനൊരിക്കലും വരില്ല…
ഞങ്ങൾ പിന്നെ വേറൊരു ടീവി വാങ്ങി.. അതിൽ പിന്നേ അച്ചായനെ കണ്ടിട്ടില്ല…ടീവി നന്നാക്കുന്ന കട നിർത്തിയിട്ട് അച്ചായൻ ഇപ്പോ മൊബൈൽ ഷോപ്പ് നടത്തുകയാണ്…
“ഇന്നലെ മുന്നൂറ് രൂപ കൊടുത്തൊരു ചൂര വാങ്ങിച്ചു കറി വെച്ചു.. യൂ ട്യൂബിൽ നോക്കിയാ വെച്ചതേ.. അതിന്റെ റെസിപ്പി നോക്കിക്കൊണ്ട് നിക്കുമ്പോ ഫോൺ പെട്ടെന്ന് കറിയിൽ വീണച്ചായാ.. ഉള്ളിൽ എണ്ണ വീണിട്ടുണ്ട്.. വല്യ ജോലിയൊന്നുമില്ല.. അച്ചായനൊന്നു ശരിയാക്കി താ…
ഞാൻ വിനയത്തോടെ പറഞ്ഞു..
“കറിയിൽ തന്നെയാന്നോ കൊച്ചേ വീണത്…
അച്ചായൻ വിശ്വാസം വരാതെ എന്നെ നോക്കി..
“പിന്നല്ലാതെ…
മുന്നൂറ് രൂപായുടെ ചൂരക്കറിയിൽ വീണ ഫോൺ ഞാൻ അച്ചായന്റെ കയ്യിൽ കൊടുത്തു.. അച്ചായൻ ഫോൺ വാങ്ങി നോക്കി.. പിന്നെയത് മണത്തു നോക്കി..
“എന്തോ മീനാരുന്നെന്നാടി പറഞ്ഞത്…
അങ്ങേരുടെ മുഖത്ത് ചിരി..
“നെത്തോലിയാ. അച്ചായാ…. ഞാൻ വെറുതെ പറഞ്ഞതാ…
ഫോൺ കറിയിൽ വീണ സാഹചര്യം അച്ചായൻ എന്നെക്കൊണ്ട് പറയിപ്പിച്ചു.. കുറെയൊക്കെ വഴക്ക് പറഞ്ഞിട്ട് അങ്ങേര് ഫോൺ ക്ലീൻ ചെയ്തു തന്നു…പൈസയൊന്നും വാങ്ങിയതുമില്ല..
ഫോൺ നന്നാക്കി കയ്യിൽ കിട്ടിയതോടു കൂടി ഞാനൊരു തീരുമാനമെടുത്തു..
“ചോറുണ്ണുമ്പോഴോ, കക്കൂസിൽ പോകുമ്പോഴോ ഞാനിനി ഫോൺ കയ്യിലെടുക്കില്ല.. അഥവാ എടുത്താലും “ഊ ആണ്ടവാ മാമാ ഊ ഊ ആണ്ടവാ മാമാ.. ടക്കണ.. ടക്കണ…ടക്കണ ടും…ടക്കണ.. ടക്കണ.. ടും”…. എന്ന പാട്ട് കേൾക്കുകയോ കാണുകയോ ചെയ്യില്ല..
മരിച്ചു പോയ എന്റെ വല്യമ്മാവൻ സത്യം…..