രാത്രിമഴ
^^^^^^^^^^
Part 10
ജിത്തു മോനെ എന്നുള്ള ഒരൊറ്റ വിളിയിൽ അലിഞ്ഞില്ലാതായിരുന്നു ദേവിന്റെ നോവുകളൊക്കെ… അത് കൊണ്ടാകണം അതിന് ശേഷം അമ്മ പറഞ്ഞ വാക്കുകൾ ഒന്നും തന്നെ അവന്റെ കാതിൽ പതിഞ്ഞില്ല… അപ്പോഴും അവനൊരു കാര്യം തീരുമാനിച്ചിരിക്കുന്നു…
ഈ സ്വർഗം വിട്ട്,, ദേവ്ജിത്തിനു ആ മണിമാളികയിലേക്ക് ഒരു മടക്കമില്ലെന്ന്…
“അമ്മേ….. “
നാളുകൾക്ക് ശേഷം അവൻ തന്റെ അമ്മയെ സ്നേഹത്തിൽ പൊതിഞ്ഞൊരു വാക്കിനാൽ ചുണ്ടുകൾ ചലിപ്പിച്ചപ്പോൾ തന്റെ ഉദരത്തിൽ ആദ്യം പിറന്നു വീണ കുഞ്ഞിന്റെ നാവിൽ നിന്നാദ്യമായി ‘അമ്മേ’ ന്ന് വിളി കേട്ടൊരു അനുഭൂതിയായിരുന്നു ആ അമ്മയ്ക്ക്…
പരസ്പര സ്നേഹത്തിന്റെ അലയൊലികൾ ശ്വാസനിശ്വാസങ്ങളിലൂടെയും പരിഭവത്തിൽ കോർത്ത വാക്കുകളിലൂടെയും കൈ മാറുമ്പോഴേക്കും അനു ദേവിനരികിൽ നിന്നടർന്നു മാറിയിരുന്നു…
ഇരു കുടുംബക്കാരുടെയും പിണക്കമൊക്കെ തീർന്ന സ്ഥിതിക്ക് ഇനി ദേവേട്ടൻ കല്യാണം കൂടുമല്ലോ എന്ന സന്തോഷത്തിലായിരുന്നു അനു കിടക്കാൻ ചെന്നത്… തനിക്ക് മുന്നെ ആ കുഞ്ഞു കട്ടിലിൽ സ്ഥാനം പിടിച്ചു ഒരു കള്ളച്ചിരിയോടെ കാത്തിരിക്കുകയാണ് ദേവ്….
അനു വന്ന് അവനെ മറികടന്ന് ഭിത്തിയോട് ചേർന്ന് കിടന്നിട്ട് നിമിഷങ്ങൾ പിന്നിട്ടിട്ടും ദേവിന്റെ ഭാഗത്ത് നിന്ന് യാതൊരു അനക്കവും കാണാത്തപ്പോ അവൾ തല ചെരിച്ചു പതിയെ അവനെ നോക്കി…
മുകളിലേക്ക് നോക്കി മലർന്ന് കിടന്നു കൊണ്ട് എന്തോ ആലോചിക്കുകയാണ് ദേവേട്ടൻ .. ചുണ്ടിൽ ഒരു നറു പുഞ്ചിരിയുണ്ട്.. താൻ നോക്കുന്നത് കണ്ടിട്ടില്ല… അത്കൊണ്ട് തന്നെ അനു പതിയെ ഭിത്തിയോട് ചേർന്ന് കിടന്നു…
വയറിലൂടെ ഒരു കൈ വന്നു ചുറ്റി വിരിഞ്ഞപ്പോഴാണ് അനുവിന് മനസ്സിലായത്.. ഞാൻ നോക്കുന്നത് ദേവേട്ടൻ കണ്ടു കാണുമെന്ന്…
“ഒരാഴ്ച പട്ടിണി കിടക്കേണ്ട എന്നെ ഇന്നും പട്ടിണിക്കിടാൻ പാടുണ്ടോ അനു??? “
അവളുടെ ചെവിയിൽ ഒരു കുസൃതി ചിരിയോടെ ദേവ് അത് ചോദിച്ചപ്പോൾ അനു മറുപടി ഒന്നും കൊടുത്തില്ല
“എന്താ ദേവേട്ടന്റെ അനു മോള് മിണ്ടാത്തെ??”
വയറിലുള്ള പിടിത്തം മുറുക്കി ദേവ് ഒന്നൂടെ ചോദിച്ചിട്ടും മറുപടി കൊടുക്കാൻ കഴിയാതെ അനു തന്റെ ഹൃദയമിടിപ്പ് ക്രമാതീതമാക്കാൻ പാട് പെടുകയായിരുന്നു…
“ഈ പെണ്ണ് എന്നെ കൊണ്ട് കടുംകൈ ചെയ്യിക്കും”
എന്നും പറഞ്ഞു കൊണ്ട് ദേവ് അവളെ പൊക്കിയെടുത്തു തന്റെ നെഞ്ചിലേക്കിട്ടു…..
“നീയില്ലാതെ,, നിന്റെ സാമീപ്യമില്ലാതെ എനിക്കിവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആണ് പെണ്ണെ,,, പോകാതിരുന്നൂടെ നിനക്ക്?? “
അവളുടെ മുടിയിഴകളിൽ തലോടി ആർദ്രമായി ദേവ് പറഞ്ഞു തുടങ്ങിയപ്പോൾ എന്ത് മറുപടി കൊടുക്കണമെന്നറിയാതെ അനു കുഴങ്ങി പോയ്..
ചേച്ചിയോട് നാളെ വരാമെന്ന് വാക്ക് പറഞ്ഞു.. ദേവേട്ടനും സമ്മതിച്ചതാണ്.. പക്ഷെ ഇപ്പോ ദേവേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ പോകാതിരുന്നൂടെ എന്ന് തന്റെ മനസ്സും മന്ത്രിക്കുന്നത് പോലെ…
” ഞാൻ ഒരു കാര്യം പറയട്ടെ ദേവേട്ടനോട്… “
എന്നും ചോദിച്ചു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി നീങ്ങി നിരന്ന് ദേവിന്റെ മുഖത്തോടടുത്തു… അവന്റെ താടിയിഴകളിലേക്ക് തന്റെ രണ്ട് കൈകളും കടത്തി വെച്ച് അരുമയായി അവൾ സംസാരിച്ചു തുടങ്ങി..
“ഒരു വർഷമായില്ലേ ദേവേട്ടൻ സ്വന്തം വീട് വിട്ടിട്ട്… എന്നെ എന്റെ വീട്ടിൽ ഇറക്കിയിട്ട് ഇവിടേക്ക് തന്നെ തിരിച്ചു വരാതെ ദേവേട്ടന് അവിടെ ഒരാഴ്ച നിന്നൂടെ?? എന്നിട്ട് കല്യാണം കഴിഞ്ഞു നമുക്കൊരുമിച്ചു ഇവിടേക്ക് വരാം.. അങ്ങനെയാണേൽ ദേവേട്ടന് എപ്പോ വേണേലും എന്നെ വന്ന് കാണാല്ലോ… “
“വേണ്ട പെണ്ണെ,,, എനിക്കിവിടം വിട്ട് പോരാൻ തീരെ മനസ്സില്ല… നീയില്ലെങ്കിലും നിന്നോടൊപ്പമുള്ള ഓർമകളിൽ ഒരാഴ്ച കഴിഞ്ഞു കൂടിക്കോളാം ഇവിടെ ഞാൻ… അത്രത്തോളം എനിക്കാ നാട്ടിലേക്കോ എന്റെ വീട്ടിലേക്കോ പോകാൻ മനസ്സ് പാകമല്ല …. ആരോടും വിരോധം ഉണ്ടായിട്ടല്ല… അതിനൊക്കെ മുകളിൽ ഈ വീടും, അന്തരീക്ഷവും നമ്മുടെ ഓട്ടോയുമൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചു അനു..
പിന്നെ നിനക്ക് അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ഒരു ദിവസം,, ഒരേ ഒരു ദിവസം നിന്നോടൊപ്പം എന്റെ വീട്ടിൽ താമസിക്കാം… അതും അഞ്ജുവിന്റെ കല്യാണം കഴിഞ്ഞാൽ മാത്രം… അതുവരെ എന്നെ നിർബന്ധിക്കല്ലേ പെണ്ണെ,,..”
അവളെ വേദനിപ്പിക്കാതെ ഒരു മറുപടി കൊടുത്തു കൊണ്ട് ദേവ് അവളുടെ നെറുകയിൽ ഒന്ന് ചുണ്ടമർത്തി…
“ഇന്നീ ഹൃദയമിടിപ്പിന്റെ താളം കേട്ട് ഞാൻ ഉറങ്ങിക്കോട്ടെ,, ഇനി ഒരാഴ്ച കേൾക്കാൻ പറ്റില്ലല്ലോ… “
അനു ദേവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു നിർത്തി…
“എന്റെ ഹൃദയമിടിപ്പിന്റെ താളം കേട്ടുറങ്ങാൻ ഞാൻ സമ്മതിക്കണമെങ്കിൽ ഇപ്പോ ഞാൻ തന്നത് പോലെയുള്ള സമ്മാനമൊക്കെ എനിക്ക് തരണം..അങ്ങനെ ആണേൽ നീ ഇവിടെ എന്റെ നെഞ്ചിൽ ചേർന്ന് ഉറങ്ങിക്കോ..”
കുറുമ്പൊടെ ദേവ് അവളെ നോക്കി പറഞ്ഞു തീർന്നതും അവളുടെ അധരങ്ങൾ അവന്റെ ഇരു കവിളിലും പതിഞ്ഞത് ഒരുമിച്ചായിരുന്നു…
“ഇനിയിപ്പോ അമ്മയെ സെറ്റ് ആക്കാൻ സിദ്ധുവേട്ടൻ പറഞ്ഞ ഐഡിയ ഒന്നും വേണ്ടല്ലോ അല്ലെ?? “
അനുവിന്റെ ചോദ്യം കേട്ടതും ദേവ് പൊട്ടിച്ചിരിച്ചു…
“എന്റെ പെണ്ണെ,, നീ ഇപ്പോഴും അവന്റെ വാക്കുകളിൽ കുരുങ്ങി കിടക്കുകയാണോ,,
നമ്മുടെ മനസ്സും ശരീരവും ഒരുപോലെ പ്രണയിക്കുമ്പോൾ ദൈവം നമുക്കറിഞ്ഞു തരുന്ന വരദാനമാണ് മക്കൾ… അല്ലാതെ എന്റെ അമ്മയുടെ പിണക്കം മാറ്റാൻ വെറും യാന്ത്രികമായിട്ട് അങ്ങനെ ഒരു കാര്യം ചെയ്യുന്നതിൽ എനിക്ക് താല്പര്യമില്ല…
പിന്നെ,, ഇപ്പോ മോള് അതിനെ കുറിച്ചൊന്നും ആലോചിക്കാതെ കിടക്കാൻ നോക്ക് ട്ടോ… ആദ്യം നമ്മുടെ അഞ്ജുവിന്റെ വിവാഹം ഒന്ന് കഴിയട്ടെ… അത് കഴിഞ്ഞു വേണം നമുക്കൊരു ജീവിതം തുടങ്ങാൻ.. അതും ഈ കൊച്ചു സ്വർഗത്തിൽ വെച്ച്… ഞാനും നീയും മാത്രം… പിന്നെ നമ്മുടെ കളി ചിരികളും.. “
അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു ദേവ് അന്നത്തെ രാത്രിയിൽ കണ്ണുകൾ ചിമ്മുമ്പോൾ അവനറിഞ്ഞില്ല അവന്റെ ഇടനേഞ്ചോട് ചേർന്ന് കിടക്കുന്ന പെണ്ണിന്റെ മനസ്സിൽ അവനെന്ന ദേവനെ അവൾ എത്രമാത്രം പ്രണയിച്ചിരുന്നു എന്ന്..
പിറ്റേന്ന് രാവിലെ ദേവും അനുവും വീട് പൂട്ടി ഇറങ്ങുമ്പോഴാണ് സിദ്ധു കാറുമായി വന്നത്…
“ഡാ ഞാനുമുണ്ട് നാട്ടിലേക്ക്… ഇവിടെ ഓഫീസിൽ ഒരാഴ്ച ലീവ് പറഞ്ഞിട്ടുണ്ട് ഞാൻ.. നമ്മുടെ അഞ്ജുന്റെ കല്യാണത്തിനല്ലാതെ പിന്നെ ആരുടെ കല്യാണത്തിനാ ലീവ് എടുക്കേണ്ടത്.. “
അത്രയും പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവൻ അനുവിന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ഡിക്കിയിൽ വെച്ചതിന് ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു..
“ഡാ ജിത്തു,, നീ അനുവിനെയും കൊണ്ട് പിറകിലിരുന്നോ… തിരിച്ചു നീ തനിച്ചു ഡ്രൈവ് ചെയ്യേണ്ടതല്ലേ.. “
സിദ്ധു യാതൊരു ഭാവമാറ്റവുമില്ലാതെ സംസാരിക്കുന്നുണ്ട്..
“ഡാ,, അതിന് ഞങ്ങൾ ഓട്ടോയിൽ ആണ് വരുന്നത്… “
ദേവ് ഡ്രൈവിങ് സീറ്റിനരികിലെ ഡോറിനടുത്തു നിന്ന് സിദ്ധുവിനോട് പറഞ്ഞു…
“എന്റെ പൊന്നളിയാ,, അത് ചവിട്ടി നീ നാട്ടിൽ എത്തുമ്പോഴേക്കും അഞ്ജുവിന്റെ കല്യാണം കഴിയും.. അല്ല പിന്നെ.. … നീ ഇപ്പോ ഇതിൽ വന്ന് കയറാൻ നോക്ക്.. “
കൂടുതൽ സംസാരത്തിനു നിൽക്കാതെ അവര് രണ്ടു പേരും കാറിൽ കയറി പിൻസീറ്റിലിരുന്നു…
കാഴ്ചകളെ പിന്നിലാക്കി അതിവേഗം ചലിച്ചു തുടങ്ങിയ ആ വാഹനത്തിന്റെ അമരക്കാരന്റെ മനസ്സ് അപ്പോ ഇന്നലെ രാത്രി പ്ലാൻ ചെയ്ത കാര്യങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു…
ഇല്ല ദേവ്… ഇനിയൊരു മടക്കം നിനക്കീ മണ്ണിലേക്കില്ല… നിഗൂഢമായ ഒരു പുഞ്ചിരി തന്റെ ചുണ്ടുകളിൽ ഒളിപ്പിച്ചു വെച്ച് സിദ്ധു യാത്ര തുടങ്ങുമ്പോൾ തനിക്കെതിരെ കരുക്കൾ നീക്കാൻ ചിലരുണ്ടെന്ന് അറിയാതെ ദേവ് അവന്റെ ലോകത്തായിരുന്നു… തിരിച്ചു ഈ മണ്ണിലേക്ക് വന്ന് അനുവിനോടൊപ്പം തന്റെ സ്വർഗത്തിൽ അവളെ പൂർണമാക്കുന്ന ദിനത്തേയും കാത്തിരിക്കുന്ന പ്രണയനായകൻ മാത്രമായിരുന്നു ദേവ് അപ്പോൾ… തന്റെ ഉള്ളം കയ്യിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്ന പെണ്ണിനെ മാറോട് ചേർത്ത് അവനാ യാത്രയെ മനോഹരമാക്കി…
യാത്രയ്ക്കിടയിൽ അനുവിന് വേണ്ട ഡ്രസ്സ് വാങ്ങാൻ ഒന്ന് രണ്ടു കടകളിൽ കയറി… പലതും സെലക്ട് ചെയ്തതും ബിൽ അടച്ചതുമെല്ലാം സിദ്ധു ആയിരുന്നു… അവനും പലതും വാങ്ങി കൂട്ടുന്നത് കണ്ടു… എന്താണെന്ന് നോക്കാൻ ദേവും പോയില്ല… അനുവിന് വാങ്ങിയതിൽ മിക്കവയും സാരി ആയിരുന്നു… ഞാനും ആഗ്രഹിച്ചിരുന്നു,, അവളെ സാരി അണിഞ്ഞു കാണണമെന്ന്… എന്തായാലും എന്റെ മനസ്സറിഞ്ഞവനാണ് തന്റെ കൂട്ടുകാരൻ എന്ന നിഗമനത്തിൽ അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
നീണ്ട യാത്രയ്ക്ക് ശേഷം അനുവിന്റെ വീട്ട് മുറ്റത്ത് വണ്ടി നിർത്തുമ്പോൾ തെക്കേ തൊടിയിലെ അസ്ഥിത്തറയിലേക്കായിരുന്നു അനു ആദ്യം ചെന്നത്….
കൈകൾ കൂപ്പി കണ്ണടച്ച് അവൾ പലതും പറയുകയായിരുന്നു അവളുടെ അച്ഛനോട്…. അച്ഛൻ ആഗ്രഹിച്ചത് പോലെ എനിക്ക് കിട്ടിയത് ഒരു രാജകുമാരനെ തന്നെയാണ് ട്ടോ… ഞങ്ങളോട് വെറുപ്പ് തോന്നല്ലേ അച്ഛാ… എന്റെ ദേവേട്ടനോട് ഒട്ടും തോന്നല്ലേ… പാവമാ… എന്നെ ജീവനാ… ഞങ്ങളെ അനുഗ്രഹിക്കണേ അച്ഛാ….
“അച്ഛന്റെ അനു മോളെ അനുഗ്രഹിക്കാതിരിക്കാൻ അച്ഛന് പറ്റുമോ?? “
കാതരികിൽ വന്ന് ദേവേട്ടൻ പതിയെ പറഞ്ഞു നിർത്തിയതും ചെമ്പകമരത്തിന്റെ ഇലകളിൽ തട്ടി മന്ദമാരുതൻ അനുവിനെയും ദേവിനെയും തലോടി പോയ്..
“ഞാൻ പറഞ്ഞില്ലേ,, അനു മോളെ അച്ഛൻ അനുഗ്രഹിക്കുമെന്ന്.. “
വീണ്ടും ആ സ്വരം കാതിൽ ഇക്കിളി കൂട്ടിയപ്പോ കള്ള ദേഷ്യത്തോടെ അനു അവനെ നോക്കി കണ്ണുരുട്ടി..
അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി തന്നോട് ചേർത്ത് അവൻ അവിടെ നിന്നും വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി…
അവരുടെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്ന അഞ്ജുവിന്റെയും അമ്മയുടെയും മിഴികൾ നിറഞ്ഞു…
ഒരാൾക്ക് സന്തോഷത്തിന്റെ മിഴിനീർകണങ്ങളാണെങ്കിൽ മറ്റൊരാൾക്ക് അത് നഷ്ടബോധത്തിന്റെതായിരുന്നു…
അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ദേവ് വീടിന് അകത്തേക്ക് നടക്കുമ്പോൾ അഞ്ജു അറിയുകയായിരുന്നു ജിത്തു തന്നിൽ നിന്ന് എത്രത്തോളം അകന്ന് പോയ് എന്ന്…
അനുവിന്റെ നോട്ടം തന്റെ ചേച്ചിയിൽ എത്തി നിന്നപ്പോഴാണ് അവൾ കണ്ടത്,, ദേവേട്ടനെ നോക്കി നിൽക്കുന്ന അഞ്ജുവിനെ…
എന്തോ ആ കാഴ്ച അവളിൽ വേദന നിറച്ചിരുന്നു… ഇപ്പോഴും തനിക്കർഹിക്കാത്തതാണോ തന്റെ ഈ താലി?? എന്നൊരു ചോദ്യം അവളുടെ മനസ്സാക്ഷി വന്ന് ചോദിച്ചപ്പോൾ അവളറിയാതെ തന്നെ കൈവിരലുകൾ ആ താലിയിലുള്ള പിടി മുറുക്കി…
“അധികം മുറുക്കെ പിടിക്കണമെന്നില്ല… ഞാൻ അത് മുറുക്കി തന്നെയാ കെട്ടിയത്..”
തന്റെ തൊട്ട് മുന്നിൽ വന്ന് നിന്ന് ദേവേട്ടൻ അത് പറയുമ്പോൾ മറുത്തൊന്നും പറയാതെ ഞാൻ വീണ്ടും ചേച്ചിയെ നോക്കി… അവിടെ ചേച്ചി ഉണ്ടായിരുന്നില്ല… സിദ്ധുവേട്ടൻ ഹാളിലെ സോഫയിൽ ഇരുന്ന് മൊബൈൽ നോക്കുകയാണ്…
“പേടിയുണ്ടോ എന്റെ അനുവിന്?? നിന്നെ മറന്ന് വീണ്ടും ഞാൻ എന്റെ ആദ്യ പ്രണയത്തെ സ്വീകരിക്കുമെന്ന്..?? “
ദേവിന്റെ ചോദ്യം കേട്ടതും അവൾ ഇല്ല എന്ന അർത്ഥത്തിൽ തല മെല്ലെ ചലിപ്പിച്ചു…
“എന്നാ എനിക്ക് കുടിക്കാൻ എന്തേലും പോയ് എടുത്തിട്ട് വാ പെണ്ണെ,, ഇവിടെ ഇങ്ങനെ അതിഥിയായി നിൽക്കാതെ ഒന്ന് വീട്ടുകാരിയാവാൻ നോക്ക്… ഇല്ലെങ്കിൽ അഞ്ജു കൊണ്ട് വരുന്ന ഡ്രിങ്ക്സ് ഞാൻ കുടിക്കും..”
പറഞ്ഞു തീർന്നതും അഞ്ജു എല്ലാവർക്കുമുള്ള ഡ്രിങ്ക്സ് കയ്യിൽ കൊടുത്തതും ഒരുമിച്ചായിരുന്നു…
“എനിക്ക് ഈ വീട്ടിൽ വെച്ച് ഇവളുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിക്കാനേ യോഗമുള്ളു എന്ന് തോന്നുന്നു… “
അനു കേൾക്കാൻ പാകത്തിൽ ദേവ് പറഞ്ഞു നിർത്തിയപ്പോ അവൾ അതിന് മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…
“അപ്പോ ശരി അഞ്ജു,, ഞങ്ങൾ ഇറങ്ങുവാണ് ട്ടോ… “
സിദ്ധു അതും പറഞ്ഞു കൊണ്ട് വീടിന് വെളിയിലേക്കിറങ്ങി…. അവനെ അനുഗമിച്ചു അഞ്ജുവും അമ്മയും പുറത്തേക്കിറങ്ങി…
ഹാളിൽ ആരുമില്ലെന്ന് കണ്ടതും ദേവ് അനുവിനെ ഇറുകെ പുണർന്നു കൊണ്ട് കണ്ണിലും കവിളിലും മൂക്കിൻ തുമ്പിലും മാറി മാറി ഉമ്മ വേച്ചു… അതും മതിയാകാതെ വന്നു എന്ന് തോന്നിയപ്പോൾ അവളുടെ അധരങ്ങളെ കീഴ്‌പ്പെടുത്തി കൊണ്ട് അവൻ തന്റെ മനസ്സിന്റെ നോവിന് കടിഞ്ഞാണിട്ടു…
“മിസ്സ് ചെയ്യും,, ഒരുപാട്….ഇത് കൂടി ഞാൻ തന്നില്ലെങ്കിൽ ശ്വാസം കിട്ടാതെ പിടഞ്ഞു പോകും ഞാൻ…
പോട്ടെ ഡാ… “
അവളിൽ നിന്നടർന്ന് മാറി കവിളിൽ പതിയെ തട്ടി കൊണ്ട് ദേവ് പറഞ്ഞു നിർത്തി… പതിയെ തന്റെ കാലുകൾ പിന്നോട്ട് ചലിപ്പിക്കുമ്പോഴും അവന്റെ മിഴികൾ അനുവിൽ തന്നെയായിരുന്നു…
രണ്ടടി നടന്നപ്പോഴേക്കും അനു ഓടി വന്ന് അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു മുഖം താഴ്ത്തി അവളുടെ മുഖത്തോട് അടുപ്പിച്ചു…
“പോകാതിരുന്നൂടെ??? എനിക്കെന്തോ പേടി തോന്നുന്നുണ്ട്..”
അത് മാത്രമേ അവൾക്ക് ചോദിക്കാൻ കഴിഞ്ഞുള്ളു… അപ്പോഴേക്കും അമ്മയും അഞ്ജുവും അകത്തേക്ക് കയറി വന്നിരുന്നു.. പുറത്ത് നിന്ന് സിദ്ധുവിന്റെ ഹോണടിയും കേട്ടപ്പോൾ അനു തന്നെ അവനിലുള്ള പിടിത്തം വിട്ടിരുന്നു…
“ഞാൻ കല്യാണത്തിന് വരാം അമ്മേ,, “
എന്ന് മാത്രം പറഞ്ഞു കൊണ്ട് അവൻ അഞ്ജുവിനെ നോക്കി കണ്ണ് കൊണ്ട് യാത്ര പറഞ്ഞു വേഗത്തിൽ വീടിന്റെ പടികളിറങ്ങി….
“ഡാ ജിത്തു,, ഇന്നൊരു ദിവസം നമുക്ക് എന്റെ വീട്ടിൽ കഴിയാം… ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ നീ.. അത്കൊണ്ട് തിരിച്ചു നാളെ മടങ്ങി പോയാൽ മതി… “
സിദ്ധു പറഞ്ഞത് കേട്ടപ്പോൾ ദേവിനും അത് ശരിയാണെന്നു തോന്നി… അത് കൊണ്ട് തന്നെ അവൻ അതിനെ എതിർക്കാൻ പോയില്ല…
എന്തോ അനുവിനെ പിരിഞ്ഞപ്പോ വല്ലാത്ത വേദന ചങ്കിൽ കുത്തുന്നു.. കണ്ണുകൾ നീറുന്നുണ്ട്.. പക്ഷെ കണ്ണീരായി അവ പുറത്തേക്ക് വരുന്നില്ല….
അവളെ കുറിച്ചോർത്തു വണ്ടിയിൽ ഇരുന്നത് കൊണ്ടാകും സിദ്ധുവിന്റെ വീടെത്തിയത് പോലും അറിഞ്ഞില്ല …
കുളി കഴിഞ്ഞു വന്ന് ഫ്രഷ് ആയപ്പോ ഒന്ന് കിടന്നോടാ എന്നും പറഞ്ഞു സിദ്ധു പോയപ്പോൾ പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ ബെഡിലേക്ക് വീണു…..
ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങി പോയതാ ദേവേട്ടൻ…
ഒന്ന് വിളിച്ചിട്ട് എടുക്കുന്നു കൂടിയില്ല..
ചേച്ചിയുടെ കൂടെ കിടക്കാമെന്ന് പറഞ്ഞത് കൊണ്ട് ചേച്ചിയെയും കാത്തു റൂമിൽ ഇരിക്കുമ്പോഴാണ് അനു ദേവിനെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നത്… പക്ഷെ മറുതലയ്ക്കൽ അവൻ നല്ല ഉറക്കിലായിരുന്നു…
തൊട്ടടുത്തു തന്നെ ഫോൺ സൈലന്റ് മോഡിൽ തിളങ്ങി കളിച്ചതൊന്നും ദേവ് അറിഞ്ഞില്ല….
സിദ്ധുവേട്ടനെ വിളിച്ചു അന്വേഷിക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് ചേച്ചി മുറിയിലേക്ക് കയറി വന്നത്..
പിന്നെ ആ ശ്രമം ഉപേക്ഷിച്ചു…
പിന്നെയും ദേവിന്റെ നമ്പറിലേക്ക് കോൾ പോയത് അനു അറിഞ്ഞില്ല… അറിയാതെ കൈ തട്ടി സംഭവിച്ചതായത് കൊണ്ടാകണം അവൾ ഫോൺ ടേബിളിൽ വെച്ച് ചേച്ചിക്കരികിൽ വന്നിരുന്നത്…
“ദേഷ്യമുണ്ടോ എന്റെ ചേച്ചി കുട്ടിക്ക്,, എന്നോടും ദേവേട്ടനോടും…?? “
അഞ്ജുവിന്റെ മടിയിൽ തല വെച്ച് അനു ചോദിച്ചു…
“ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോ ഇല്ല ട്ടോ… “
അവളെ തലോടി അഞ്ജു മറുപടി കൊടുത്തപ്പോൾ അനു ഒന്ന് പുഞ്ചിരിച്ചു..
“ചേച്ചിക്കറിയുമോ ആ മനസ്സ് നിറയെ ചേച്ചി ആയിരുന്നെന്ന്… എത്ര ദിവസം രാത്രി എന്റെ ദേവേട്ടൻ ഉറങ്ങാതിരുന്നിട്ടുണ്ടെന്ന് അറിയുമോ??
ചേച്ചിയെ കുറിച്ചോർത്ത്,, ചേച്ചിയുമായുള്ള പ്രണയ നിമിഷങ്ങൾ ഓർത്ത്..
ഇല്ല അല്ലെ,,, ഒന്നും ചേച്ചിക്കറിയില്ല.. പക്ഷെ എനിക്കറിയാം…
ആ ഹൃദയമിടിപ്പിന്റെ താളം കേട്ടത് കൊണ്ട് തന്നെ ഇപ്പോഴും ഞാൻ പറയുന്നു.. എന്റെ ചേച്ചി കഴിഞ്ഞിട്ടേ ആ മനസ്സിൽ ഞാൻ ഉള്ളൂ… അതിൽ എനിക്ക് പരാതി ഒന്നുമില്ല ട്ടോ…
എന്റെ കഴുത്തിൽ ദേവേട്ടൻ താലി കെട്ടുമ്പോൾ അത് പൂർണ മനസ്സോടെ ആയിരുന്നില്ല… എന്നോടുള്ള സഹതാപം കൊണ്ട് മാത്രമായിരുന്നു അന്നാ താലി എന്റെ കഴുത്തിൽ ചാർത്തിയത്… എന്നെ പാതി വഴിയിൽ ഉപേക്ഷിക്കാതിരിക്കാൻ വേണ്ടി മാത്രം ചെയ്തൊരു പുണ്യം..
പക്ഷെ,,,
ഞാനോ… ഞാൻ….
ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ആ മനുഷ്യനെ….
എന്റെ കഴുത്തിൽ താലി കിട്ടുന്നതിന് മുന്നെ,, ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു… “
അനു പറഞ്ഞു നിർത്തിയതും അഞ്ജു ഒന്ന് ഞെട്ടി…
അതേ സമയം മറുതലയ്ക്കൽ കോൾ അറ്റൻഡ് ചെയ്ത ദേവിന്റെ കാതുകളിൽ ആ വാക്കുകൾ പ്രകമ്പനം സൃഷ്ടിച്ചു…
“നീ എന്താ മോളെ ഈ പറയുന്നത്?? ജിത്തുവിനെ നീ എനിക്ക് മുന്നേ പ്രണയിച്ചിരുന്നോ??”
അഞ്ജു ഒരു തരം വെപ്രാളത്തോടെ ചോദിച്ചപ്പോൾ അനു ഒന്ന് പുഞ്ചിരിച്ചു..
” ഇല്ല ചേച്ചി പെണ്ണെ,, എന്റെ ചേച്ചിയുടെ ചെക്കനെ പ്രണയിക്കാൻ മാത്രമൊന്നും ഈ അനു അധഃപതിച്ചിട്ടില്ല…
എന്റെ സ്ത്രീത്വം കാത്തു സൂക്ഷിച്ച ദേവനോട് ആയിരുന്നു എനിക്ക് പ്രണയം… പക്ഷെ അത് പ്രണയമായിരുന്നില്ല ചേച്ചി… ആരാധന ആയിരുന്നു.. ബഹുമാനം ആയിരുന്നു.. സ്വന്തം വീടിനെയും വീട്ടുകാരെയും മറന്ന്,, നാലു വർഷത്തെ പ്രണയത്തെ മറന്നെന്ന് അഭിനയിച്ചു എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചപ്പോ എനിക്ക് ആ മനുഷ്യനോട് ആരാധന മാത്രമേ ഉണ്ടായിരുന്നുള്ളു..
പക്ഷെ,,,
ദേവേട്ടൻ അരികിൽ വരുമ്പോൾ ഞാൻ അറിയാതെ എന്റെ ഹൃദയം പടാപടാന്ന് ഇടിക്കുന്നത് കണ്ടപ്പോൾ പേടി കൊണ്ടാണെന്നാണ് ഞാൻ ആദ്യം കരുതിയത്…
എന്നാൽ,, ഒരു നിമിഷം ദേവേട്ടൻ എന്റരികിൽ നിന്ന് മാറുമ്പോൾ ആ ഹൃദയമിടിപ്പ് നിലച്ചു പോകുന്നത് പോലെ എനിക്ക് തോന്നും… അത്രയ്ക്ക് ശ്വാസം മുട്ടുന്ന ഒരവസ്ഥ എന്നെ വന്ന് പൊതിഞ്ഞിരുന്നു..
അത് പ്രണയമാണോന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു… കാരണം മനസ്സിൽ നിറയെ ചേച്ചിയും ദേവേട്ടനുമാണ് ഒരുമിക്കേണ്ടവർ എന്ന് ആരോ വിളിച്ചു പറയുംപോലെ തോന്നിയപ്പോൾ ശരിക്കും ഞാൻ മരിച്ചു പോയ് ചേച്ചി…
എന്നെ വിട്ട് ദേവേട്ടൻ പൊയ്ക്കോട്ടേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു.. പക്ഷെ അപ്പോഴും എനിക്ക് വേദന തോന്നിയത് എന്ത് കൊണ്ടാണെന്ന് അറിഞ്ഞില്ല… “
അനു പറയുന്ന വാക്കുകളോരോന്നും ദേവിന്റെ കാതിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി അവൻ യാന്ത്രികമായി എഴുന്നേറ്റു നിന്നു…
താൻ താലി കെട്ടിയ പെണ്ണ്,, എന്നെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് പറഞ്ഞത് ,, ചേച്ചിയുടെ സന്തോഷത്തിനു വേണ്ടി പറഞ്ഞ കള്ളമായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു ദേവ്…
മറുത്തൊന്നും ആലോചിക്കാതെ ദേവ് അനുവിനെ ലക്ഷ്യമാക്കി പോകാൻ ഒരുങ്ങുമ്പോഴാണ് തന്റെ മുഖത്തേക്ക് എന്തോ വന്ന് വീഴുന്നത് അവനറിഞ്ഞത്….
ഇരുട്ട് കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങുമ്പോഴും തൊട്ട് മുന്നിൽ ചിരിച്ചു നിൽക്കുന്ന സിദ്ധുവിനെ അവൻ വ്യക്തമായി കണ്ടിരുന്നു…
(തുടരും )
By Ramsi faiz